കൊരിന്ത് (Corinth)
പേരിനർത്ഥം – അമിതതൃപ്തി വരുത്തുക
പ്രാചീന ഗ്രീസിലെ പഴക്കം ചെന്നതും പ്രമുഖവും ആയ പട്ടണങ്ങളിലൊന്ന്. പെലപ്പൊണസസിനും (Peleponnesus) മദ്ധ്യഗ്രീസിനും ഇടയ്ക്കുള്ള ഭൂസന്ധിയുടെ പടിഞ്ഞാറെ അറ്റത്താണ് പട്ടണത്തിന്റെ കിടപ്പ്. കൊരിന്തിൽ രണ്ടു തുറമുഖങ്ങളുണ്ടായിരുന്നു; കൊരിന്ത്യൻ ഉൾക്കടലിൽ 2.5 കി.മീറ്റർ പടിഞ്ഞാറായി കിടക്കുന്ന ലെഖേയമും (Lechaeum), 14 കി.മീറ്റർ കിഴക്കു സാറോണിക് ഉൾക്കടലിൽ (Saronic gulf) കിടക്കുന്ന കെംക്രെയയും. കൊരിന്ത് തന്മൂലം വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും (പ്രത്യേകിച്ചു കളിമൺപാത്രം) ഒരു കേന്ദ്രമായി മാറി. യുദ്ധതന്ത്രപ്രധാനമായ ഈ പട്ടണം അക്രോകൊരിന്തിന്റെ ഉത്തര പാർശ്വത്തിലായിരുന്നു. കൊരിന്ത് പട്ടണത്തിൽനിന്നു 457 മീറ്ററും സമുദ്രനിരപ്പിൽ നിന്നു് 566 മീറ്ററും ഉയരമുള്ളതും ചെങ്കുത്തും പരന്ന മുകൾപരപ്പുള്ളതും ആയ പാറക്കെട്ടുകളോടു കൂടിയ കുന്നാണ് അക്രോകൊരിന്ത് (Acro Corinth). ഒരു തെളിഞ്ഞ പകലിൽ ഈ കുന്നിൽ നിന്നു നോക്കിയാൽ 64 കി.മീറ്റർ അകലെക്കിടക്കുന്ന ആഥൻസിലെ അക്രൊപൊലിസ് കാണാം. രതിദേവതയായ ആഫ്രോഡൈറ്റിയുടെ ഒരു ക്ഷേത്രം ഈ കുന്നിൽ ഉണ്ടായിരുന്നു. ദുർന്നടപ്പിനു പട്ടണം പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
കൊരിന്തിന്റെ പ്രാരംഭചരിത്രം അവ്യക്തമാണ്. ബി.സി. 7-ാം നൂറ്റാണ്ടിൽ വളർന്നുകൊണ്ടിരുന്ന ഒരു പട്ടണമായിരുന്നു ഇത്. ബി.സി. 4-ാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ കൊരിന്ത് മാസിഡോണിയൻ ആധിപത്യത്തിലായിരുന്നു. ബി.സി. 196-ൽ റോമിന്റെ കീഴിൽ സ്വതന്ത്രമായി. ഒരു സ്വതന്ത്രമായ നഗരരാഷ്ട്രം എന്ന നിലയിൽ മറ്റുനഗരങ്ങളോടൊപ്പം അഖായ (Achaean) സഖ്യത്തിൽ ചേർന്നു റോമിനെ എതിർത്തു. റോമൻ കോൺസലായ മുമ്മിയുസ് (Mummius) പട്ടണത്തെ നശിപ്പിക്കുകയും പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിമകളായി വിലക്കുകയും ചെയ്തു. ബി.സി. 46-ൽ ജൂലിയസ് സീസർ പട്ടണം പുതുക്കിപ്പണിതു ഒരു റോമൻ കോളനിയാക്കി. അഗസ്റ്റസ് സീസർ കൊരിന്തിനെ പുതിയ പ്രവിശ്യയായ അഖായയുടെ തലസ്ഥാനമാക്കി.
കൊരിന്തിന്റെ ഉച്ചാവസ്ഥയിൽ രണ്ടുലക്ഷം സ്വതന്ത്രരും ഇരട്ടി അടിമകളും ഉണ്ടായിരുന്നു. പൗലൊസിന്റെ കാലത്ത് ഒരു അന്തർദ്ദേശീയ നഗരമായിരുന്നു കൊരിന്ത്. പലദേശത്തു നിന്നുള്ളവരും പലവർഗ്ഗത്തിലുള്ളവരും കൊരിന്തിൽ ഉണ്ടായിരുന്നു. ഗ്രീക്കുകാരെക്കൂടാതെ ഒരു നല്ലവിഭാഗം ഇറ്റലിക്കാരും ഉണ്ടായിരുന്നു. കൊരിന്തിലെ പല ശിഷ്യന്മാരുടെയും പേരുകൾ ലത്തീനാണ്. യുസ്തൊസ് (Justus), തെർതൊസ് (Tertius), ക്വർത്താസ് (Quartus), ഗായൊസ് (Gaius), ക്രിസ്പൊസ് (Crispus), ഫൊർത്തുനാതൊസ് (Fortunatus), അഖായിക്കൊസ് (Achaicus) ഇവ നോക്കുക. (അപ്പൊ, 18:7; റോമ,’16:22,23; 1കൊരി, 1:14; 16:17). അസംഖ്യം യെഹൂദന്മാർ അവിടെ പാർപ്പുറപ്പിക്കുകയും ഒരു സിനഗോഗ് സ്ഥാപിക്കുകയും ചെയ്തു. (പ്രവൃ, 18:4).
രണ്ടാം മിഷണറിയാത്രയിൽ പൗലൊസ് 18 മാസം കൊരിന്തിൽ വസിച്ചു. (പ്രവൃ, 18:58). ഈ സംഭവത്തിൻ്റെ കാലനിർണ്ണയം ചെയ്യുവാൻ സഹായിക്കുന്ന ഒരു ലിഖിതം ഡൽഫിയിൽ നിന്നും കിട്ടിയിട്ടുണ്ട് . അതിൽനിന്നും ദേശാധിപതിയായി എ.ഡി. 51-52-ൽ ഗല്ലിയോൻ കൊരിന്തിൽ എത്തിയെന്നു മനസ്സിലാക്കാം. (പ്രവൃ, 18:12-17). അദ്ദേഹത്തിന്റെ ന്യായാസനവും (പ്രവൃ, 18:12), അങ്ങാടിയും (1കൊരി, 10:25) തിരിച്ചറിഞ്ഞിട്ടുണ്ട്. രംഗസ്ഥലത്തിൻ്റെ അടുത്തുനിന്നും ലഭിച്ചിട്ടുളള ലിഖിതത്തിൽ ഒരു എരസ്തൊസിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇതു റോമർ 16:23-ൽ പറഞ്ഞിട്ടുള്ള ഭണ്ഡാരവിചാരകൻ എരസ്തൊസ് ആയിരിക്കണം. പൗലൊസ് കൊരിന്തിലെ സഭയ്ക്ക് രണ്ടു ലേഖനങ്ങൾ എഴുതി.