ബർശബാ

ബർശബാ (Barsaba)

പേരിനർത്ഥം – ശബാസിന്റെ മകൻ

യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്കു ഒരാളെ തിരഞ്ഞെടുക്കുന്നതിനു നിറുത്തിയ സ്ഥാനാർത്ഥികളിൽ ഒരാൾ. (പ്രവൃ, 1:23). ചീട്ടു വീണത് മത്ഥിയാസിനാണ്. ബർശബായുടെ യഥാർത്ഥ നാമം യോസേഫാണ്. യുസ്തൊസ് എന്ന മറുപേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.

ബർശബാസ്

ബർശബാസ് (Barsabas)

പേരിനർത്ഥം – ശബാസിന്റെ മകൻ

യെരുശലേം സമ്മേളനത്തിന്റെ തീരുമാനം അന്ത്യാക്കാസഭയെ അറിയിക്കുവാൻ തിരഞ്ഞെടുത്തവരിൽ ഒരാളാണ് ബർശബാസ് എന്ന യൂദാ. മറ്റൊരാൾ ശീലാസായിരുന്നു. (പ്രവൃ, 15:22). അയാൾ പൗലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിൽ ചെന്നു അവരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു. യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.” (പ്രവൃ, 15:32).

ബർസില്ലായി

ബർസില്ലായി (Barzillai)

പേരിനർത്ഥം – ഉരുക്കു മനുഷ്യൻ

രോഗെലീമിൽ പാർത്തിരുന്ന ഒരു ഗിലെയാദ്യൻ. ബർസില്ലായി വൃദ്ധനും സമ്പന്നനുമായിരുന്നു. അബ്ശാലോമിനെ ഭയന്ന് യെരൂശലേം വിട്ടോടിപ്പോയ ദാവീദ് യോർദ്ദാൻ കടന്ന് മഹനയീമിൽ എത്തി. അവിടെവച്ച് ബർസില്ലായിയും കൂട്ടരും ദാവീദിനു ആവശ്യമായ വിഭവങ്ങൾ നല്കി സഹായിച്ചു. (2ശമൂ, 17:27,28). രാജാവു മടങ്ങിവന്നപ്പോൾ ബർസില്ലായി യോർദ്ദാൻ കടവുവരെ രാജാവിനെ പിന്തുടർന്നു. യെരൂശലേമിലേക്കു വരുവാൻ ദാവീദ് ക്ഷണിച്ചെങ്കിലും പ്രായാധിക്യം നിമിത്തം ബർസില്ലായി ക്ഷണം സ്വീകരിച്ചില്ല. (2ശമൂ, 19:31-40). അപ്പോൾ ബർസില്ലായിക്ക് എൺപതു വയസ്സ് പ്രായമുണ്ടായിരുന്നു. രാജാവിന്റെ ദയ ലഭിക്കേണ്ടതിനു ബർസില്ലായി പുത്രനായ കിംഹാമിനെ ശുപാർശ ചെയ്തു. ബർസില്ലായിയുടെ മക്കളോടു കരുണ കാണിക്കണമെന്ന് ദാവീദ് തന്റെ മരണശയ്യയിൽ ശലോമോനോടു ആവശ്യപ്പെട്ടു. (1രാജാ, 2:7).

ബർത്തിമായി

ബർത്തിമായി (Bartimaeus)

പേരിനർത്ഥം – തിമായിയുടെ പുത്രൻ

യെരീഹോ പട്ടണത്തിനു പുറത്തു വഴിയരികിൽ ഇരുന്ന ഒരു കുരുടൻ. (മർക്കൊ, 10:46-52). നസറായനായ യേശു കടന്നു പോകുന്നതറിഞ്ഞ് ‘ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ’ എന്നു നിലവിളിച്ചു. യേശു അവനു അത്ഭുതസൗഖ്യം നല്കി. കാഴ്ച പ്രാപിച്ച അവൻ യേശുവിനെ അനുഗമിച്ചു. യെരുശലേമിലേക്കുളള ഒടുക്കത്തെ യാത്രയിൽ യേശു യെരീഹോ വിടുമ്പോഴാണ് ഈ സംഭവം നടന്നത്. വ്യത്യാസങ്ങളോടെ മറ്റു സമവീക്ഷണ സുവിശേഷങ്ങളിലും ഈ സംഭവം ആഖ്യാനം ചെയ്തിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ (20:29-34) രണ്ടു കുരുടന്മാരുണ്ട്. യേശു യെരീഹോ പട്ടണത്തിനു സമീപിച്ചപ്പോഴാണ് ഈ അത്ഭുതം ചെയ്തതെന്ന് ലുക്കൊസ് (18:35-43) രേഖപ്പെടുത്തുന്നു. മത്തായിയും മർക്കൊസും പഴയ യെരീഹോവിനെയും ലൂക്കൊസ് പുതിയ യെരീഹോവിനെയും ആയിരിക്കണം പരാമർശിക്കുന്നത്. പഴയ യെരീഹോവിനു തെക്കാണ് പുതിയ യെരീഹോ. മർക്കൊസ് മാത്രമേ കുരുടന്റെ പേർ പറയുന്നുള്ളൂ.

ഫ്ളെഗോൻ

ഫ്ളെഗോൻ (Phlegon)

പേരിനർത്ഥം – ദഹനം

റോമിലെ ഒരു ക്രിസ്ത്യാനി. പൗലൊസ് ഇയാൾക്കും വന്ദനം ചൊല്ലി. “അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:14). എഴുപതു ശിഷ്യന്മാരിലൊരാളായിരുന്ന ഫ്ളെഗോൻ മാരത്തോണിലെ ബിഷപ്പായിരുന്നു എന്നു പ്സ്യൂഡോ-ഹിപ്പോലിറ്റസ് (Pseudo-Hippolytus) പറയുന്നുണ്ട്.

ഫൊർത്തുനാതൊസ്

ഫൊർത്തുനാതൊസ് (Fortunatus)

പേരിനർത്ഥം – ഭാഗ്യവാൻ

കൊരിന്ത് സഭയിലെ ഒരംഗം. കൊരിന്തിൽ നിന്നും സ്തെഫനാസ്, ഫൊർത്തുനാതൊസ്, അഖായിക്കൊസ് എന്നിവർ എഫെസൊസിൽ ചെന്നു പൗലൊസിനെ സന്ദർശിച്ചു. അവരുടെ സന്ദർശനം പൗലൊസിനെ സന്തോഷിപ്പിച്ചു. (1കൊരി, 16:17). സ്തെഫനാസിന്റെ ഭവനക്കാരെ പൗലൊസ് സ്നാനപ്പെടുത്തിയതായി പറയുന്നു. (1കൊരി, 1:16). പ്രസ്തുത കുടുംബത്തിൽ ഉൾപ്പെട്ടവരായിരുന്നിരിക്കണം ഫൊർത്തുനാതൊസും അഖായിക്കൊസും. കൊരിന്ത്യർക്കു ക്ലെമന്റെഴുതിയ ഒന്നാം ലേഖനത്തിന്റെ ഒടുവിലുള്ള ഫൊർത്തുനാതൊസും ഇയാളും ഒരാളായിക്കൂടെന്നില്ല.

ഫേലിക്സ്

ഫേലിക്സ് (Felix)

പേരിനർത്ഥം – സന്തോഷം

കുമാനുസിന്റെ പിൻഗാമിയായി എ.ഡി 52-60 വരെ യെഹൂദയിലെ ദേശാധിപതിയായിരുന്നു. യെരൂശലേമിൽ പൗലൊസ് ബന്ധനസ്ഥനാകുകയും ഫേലിക്സിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുകയും ചെയ്തു. നീറോ ചക്രവർത്തി ഫെലിക്സിനെ മടക്കിവിളിച്ചപ്പോൾ പൗലൊസിനെ കാരാഗൃഹത്തിൽ വിട്ടിട്ടു പോയി. (പ്രവൃ, 23:24-24:27).

അന്തോണിയസ് ക്ലൗദ്യൊസ് എന്ന പേരോടു കൂടിയ ഫെലിക്സും സഹോദരനായ പല്ലാസും അടിമകളായിരുന്നു. രാജപ്രീതി നേടിയ ഇവരെ ക്ലൗദ്രൊസ് കൈസർ സ്വതന്ത്രരാക്കി. കുമാനുസിനെ നാടുകടത്തിയപ്പോൾ ഫെലിക്സിനെ യെഹൂദ്യയിലെ ദേശാധിപതിയായി നിയമിച്ചു. ചക്രവർത്തി അയാൾക്കു അനേകം സൈനിക ബഹുമതികൾ കൊടുത്തതായി സ്യൂട്ടോണിയസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെലിക്സ് മൂന്നു രാജകീയ പ്രഭ്വിമാരെ വിവാഹം കഴിച്ചു എന്നും സ്യൂട്ടോണിയസ് പറയുന്നു. ഫേലിക്സിന്റെ ഒരു ഭാര്യ അഗിപ്പാ രണ്ടാമന്റെ സഹോദരിയായ ദ്രുസില്ലയാണ്. ഭർത്താവായ അസിസൂസിൽ നിന്നും വേർപെടുത്തിയ ശേഷമാണ് ദ്രുസില്ലയെ ഫെലിക്സ് വിവാഹം കഴിച്ചത്. അവർക്കു ജനിച്ച പുത്രന്റെ പേർ അഗ്രിപ്പാ എന്നായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യ ആന്റണിയുടെയും ക്ലിയോപാട്രയുടെയും ചെറുമകൾ ആയിരുന്നു. മൂന്നാമത്തെ ഭാര്യയെക്കുറിച്ചു വിവരമൊന്നുമില്ല. മനസ്തോഭം കൂടാതെ ഏതു ദുഷ്ടതയും പ്രവർത്തിക്കുവാൻ തനിക്കു കഴിയുമെന്നു ഫെലിക്സ് വിശ്വസിച്ചിരുന്നതായി റോമൻ ചരിത്രകാരനായ താസിറ്റസ് (Tacitus) എഴുതുന്നു. യെഹൂദ്യയിൽ ദേശാധിപതിയായിരുന്ന കാലത്ത് രാജകീയാധികാരം പ്രയോഗിച്ചു അടിമയുടെ മനോഭാവത്തോടുകൂടി സർവ്വ വിധത്തിലുള്ള ക്രൂരതയും വിഷയലമ്പടത്വവും ഫേലിക്സ് കാട്ടി. കട്ടാരക്കാർ എന്നറിയപ്പെടുന്ന കൊള്ളക്കാരെ വശത്താക്കി മഹാപുരോഹിതനായ യോനാഥാനെ കൊലപ്പെടുത്തി. പൗലൊസ് ഫെലിക്സിനോടു സംസാരിക്കുമ്പോൾ ദ്രുസില്ല ഒപ്പമുണ്ടായിരുന്നു. (പ്രവൃ, 24:25). ഫേലിക്സിന്റെ മറ്റൊരു ഭാര്യയായ മറ്റൊരു ദ്രുസില്ലയെക്കുറിച്ചു താസിറ്റസ് പറഞ്ഞിട്ടുണ്ട്.

പൗലൊസിനെ യെരുശലേമിൽ വച്ചു ബന്ധിച്ചശേഷം കൈസര്യയിൽ ഫെലിക്സിന്റെ അടുക്കലേക്കു അയച്ചു. വാദികൾ എത്തുന്നതുവരെ പൗലൊസിനെ അഞ്ചുദിവസം ഹെരോദാവിന്റെ ആസ്ഥാനത്തിൽ സൂക്ഷിച്ചു. അഞ്ചു ദിവസത്തിനു ശേഷം മഹാപുരോഹിതനായ അനന്യാസ് വ്യവഹാരജ്ഞനായ തെർത്തുല്ലൊസിനോടും മൂപ്പന്മാരോടും കൂടെ എത്തി. തെർത്തുല്ലൊസ് ഇപ്രകാരം പറഞ്ഞു: “രാജശീ ഫെലിക്സേ, നീ മുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ നന്ദിയോടും കൂടെ അംഗീകരിക്കുന്നു.” (അപ്പൊ, 24:3). തുടർന്നു തെർത്തുല്ലൊസ് മൂന്നു കുറ്റങ്ങളാണ് പ്രധാനമായും പൗലൊസിന്റെ മേൽ ആരോപിച്ചത്: 1. പൗലൊസ് ഒരു ബാധയാണ്. 2. നസറായമതത്തിനു മുമ്പനും യെഹൂദന്മാരുടെ ഇടയിൽ കലഹം ഉണ്ടാക്കുന്നവനുമാണ്. 3. ദൈവാലയം തീണ്ടിക്കാൻ അഥവാ അശുദ്ധമാക്കുവാൻ ശ്രമിച്ചു. (പ്രവൃ, 24:5,6). ന്യായപ്രമാണം അനുസരിച്ചു വിസ്തരിക്കപ്പെടേണ്ടതിനു പൗലൊസിനെ തങ്ങളെ ഏല്പിക്കുവാൻ ഫെലിക്സിനെ പ്രേരിപ്പിക്കാൻ കരുതിക്കൂട്ടിയായിരുന്നു ഈ കുറ്റാരോപണം. അപ്രകാരം ഏല്പിച്ചിരുന്നുവെങ്കിൽ പൗലൊസിന്റെ വധം സുസാദ്ധ്യമാകുമായിരുന്നു. തുടർന്നു ഫെലിക്സ് പൗലൊസിനു സംസാരിക്കുവാൻ അനുവാദം കൊടുത്തു. ഈ ജാതിക്കു നീ അനേക സംവത്സരമായി ന്യായാധിപതിയായിരിക്കുന്നു എന്ന മുഖവുരയോടു കൂടി തെർത്തുല്ലൊസിന്റെ വാദമുഖങ്ങളെ ഒന്നൊന്നായി പൗലൊസ് ഖണ്ഡിച്ചു. ഈ മാർഗ്ഗത്തെക്കുറിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്നിട്ടും ലൂസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെകാര്യം തീർച്ചപ്പെടുത്തുമെന്നു പറഞ്ഞു അവധിവച്ചു. പൗലൊസിനെ സൂക്ഷിക്കേണ്ടതിനു ശതാധിപനെ ഏല്പിച്ചു. (പ്രവൃ, 24:10-23). ചില നാളുകൾക്കുശേഷം ഭാര്യ ദ്രുസില്ലയുമായി ഫെലിക്സ് വന്നു. പൗലൊസ് അവരുടെ മുന്നിൽ പ്രസംഗിച്ചു. നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപരവശനായി. തൽക്കാലം പോകാം എന്നു പറഞ്ഞു ഒരു തീരുമാനമെടുക്കാതെ പൗലൊസിനെ വിട്ടേച്ചു പോയി. മോചനത്തിനുവേണ്ടി പൗലൊസ് ദ്രവ്യം കൊടുക്കുമെന്നു കരുതി പലപ്രാവശ്യം പൗലൊസിനെ വരുത്തി അവനോടു സംസാരിച്ചു. അഭിലാഷം സാധിക്കാത്തതുകൊണ്ടു രണ്ടുവർഷം പൗലൊസിനെ തടവിൽ വച്ചു. (പ്രവൃ, 24:27).

യെഹൂദ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വഷളായി. കൈസര്യയിലെ തെരുവുകളിൽ പ്രക്ഷുബ്ധരംഗങ്ങൾ അരങ്ങേറി. ഫെലിക്സിനെ റോമിലേക്കു മടക്കി വിളിച്ചു. തങ്ങളുടെ കുറ്റാരോപണങ്ങളുമായി യെഹൂദന്മാർ അയാൾക്കു പിന്നാലെ പോയി. സഹോദരനായ പല്ലാസിന്റെ സ്വാധീനം കൊണ്ടു മാത്രമാണ് ശിക്ഷയിൽ നിന്നു ഫേലിക്സ് രക്ഷപെട്ടത്.

ഫെസ്തൊസ്

ഫെസ്തൊസ് (Festus)

പേരിനർത്ഥം – ആഘോഷം

ഫേലിക്സിനുശേഷം യെഹൂദയെ ഭരിച്ച റോമൻ ദേശാധിപതിയാണ് പൊർക്ക്യുസ് ഫെസ്തൊസ്. നീറോ ചക്രവർത്തിയാണ് ഫെസ്തൊസിനെ നിയമിച്ചത്. കൈസര്യയിലെത്തി മൂന്നു ദിവസത്തിനുശേഷം ഫെഹാതൊസ് യെരൂശലേമിലേക്കു ചെന്നു. മഹാപുരോഹിതനും യെഹൂദന്മാരുടെ പ്രമാണിമാരും പൗലൊസിന് എതിരെയുള്ള കുറ്റം ബോധിപ്പിച്ചു. പൗലൊസിനെ യെരൂശലേമിലേക്കു കൊണ്ടുവരുവാൻ (ന്യായാധിപസംഘത്തിന്റെ മുമ്പിൽ വിചാരണ ചെയ്യുവാൻ വേണ്ടിയാകണം) അനുവദിക്കണമെന്നു അവർ ഫെസ്തൊസിനോട് അപേക്ഷിച്ചു. വഴിയിൽ വച്ച് പൗലൊസിനെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഫെസ്തൊസ് അനുവാദം നല്കിയില്ല. കൈസര്യയിൽ വന്നു അന്യായം ബോധിപ്പിക്കുവാൻ ഫെസ്തൊസ് യെഹൂദന്മാരോടു കല്പിച്ചു. എട്ടോ പത്തോ ദിവസത്തിനു ശേഷം പൗലൊസിനെ ഫെസ്തോസിന്റെ മുമ്പിൽ കൊണ്ടുവന്നു. യെരൂശലേമിൽ പോകുവാൻ താൽപര്യം ഉണ്ടോ എന്നു ഫെസ്തൊസ് ചോദിച്ചു. എന്നാൽ അതിനു സമ്മതിക്കാതെ റോമാപൗരൻ എന്ന നിലയിൽ പൗലൊസ് കൈസറെ അഭയം ചൊല്ലി. അതിനാൽ പൗലൊസിനെ റോമയിലേക്കയക്കുവാൻ തീരുമാനിച്ചു. അഗ്രിപ്പാ രാജാവും സഹോദരി ബർന്നീക്കയും കൈസര്യയിൽ സന്ദർശനത്തിനെത്തി. ഫെസ്തൊസ് പൗലൊസിന്റെ കാര്യം അഗ്രിപ്പായെ അറിയിക്കുകയും പൗലൊസിനെ അവരുടെ മുമ്പിൽ കൊണ്ടുവരികയും ചെയ്തു. പൗലൊസ് അവരുടെ മുമ്പിൽ ഒരു പ്രഭാഷണം നടത്തി. പൗലൊസ് നിരപരാധി എന്നു തെളിഞ്ഞു എങ്കിലും കൈസരെ അഭയം ചൊല്ലിയതു നിമിത്തം റോമിലേക്കു അയച്ചു. ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ തന്നെ രണ്ടു വർഷത്തിനുശേഷം ഫെസ്തൊസ് മരിച്ചു. ഒരു പണ്ഡിതനും നീതിമാനുമായ ഭരണാധികാരിയായിരുന്നു ഫെസ്തൊസ് എന്നു ജൊസീഫസ് പറയുന്നു. (പ്രവൃ, 24:27-26:32).

ഫിനെഹാസ്

ഫീനെഹാസ് (Phinehas)

പേരിനർത്ഥം – പിച്ചളയുടെ വായ

ഇതൊരു മിസയീമ്യനാമമാണ്. അഹരോന്റെ പുത്രനായ എലെയാസാരിനു പൂതിയാലിന്റെ പുത്രിയിൽ ജനിച്ച പുത്രൻ. (പുറ, 6:25). പിതാവിനു ശേഷം ഇയാൾ മഹാപുരോഹിതനായി. യിസ്രായേല്യർ യോർദാനു കിഴക്കുള്ള ശിത്തീമിൽ താമസിക്കുന്ന കാലത്തു മോവാബ്യ സ്ത്രീകളുമായി പരസംഗം ചെയ്യുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തു. യഹോവയുടെ കോപം യിസ്രായേലിന്റെ മേൽ ജ്വലിച്ചു. ദോഷം പ്രവർത്തിക്കുന്നവരെ കൊല്ലുവാൻ യഹോവ കല്പിച്ചു. ഒരു യിസ്രായേല്യൻ ഒരു മിദ്യാന്യസ്ത്രീയെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടു വരുന്നതു ഫീനെഹാസ് കണ്ടു. ഒരു കുന്തം എടുത്തു യിസ്രായേലിന്റെ അന്തഃപുരത്തിലേക്കു ചെന്നു ഫീനെഹാസ് ഇരുവരെയും കുത്തിക്കൊന്നു. ബാധ യിസ്രായേൽ മക്കളെ വിട്ടുപോയി, തൽഫലമായി ഫീനെഹാസിനു നിത്യപൗരോഹിത്യം ദൈവം വാഗ്ദാനം ചെയ്തു. (സംഖ്യാ, 25:1-15). മിദ്യാന്യരെ നശിപ്പിക്കുവാൻ പോയ സൈന്യത്തോടൊപ്പം പുരോഹിതൻ എന്ന നിലയിൽ ഫീനെഹാസും പോയി. (സംഖ്യാ, 31:6). യോർദ്ദാന്റെ കിഴക്കെക്കരയിൽ പാർത്തിരുന്ന രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും സ്വന്തമായി ഒരു യാഗപീഠം പണിതു. ഈ യാഗപീഠം സംബന്ധിച്ചുണ്ടായ തർക്കത്തിൽ മാദ്ധ്യസ്ഥം വഹിച്ചത് ഫീനെഹാസ് ആയിരുന്നു. (യോശു, 22:13-32). ദേശം വിഭാഗിച്ചപ്പോൾ എഫ്രയീം മലയിൽ ഒരു കുന്നു ഫീനെഹാസിനു അവകാശമായി കൊടുത്തു. പിതാവായ എലെയാസരിനെ ഈ കുന്നിൽ അടക്കി. (യോശു, 24:33). ഫീനെഹാസ് കോരഹ്യരുടെ അധിപനായിരുന്നു. (1ദിന, 9:20). എലെയാസരിനു ശേഷം മഹാപുരോഹിതനായി. ബെന്യാമീന്യരുടെ യുദ്ധകാലത്ത് ദൈവഹിതം അറിയിച്ചത് ഫീനെഹാസ് ആയിരുന്നു. (ന്യായാ, 20:28). ഫീനെഹാസിന്റെ ശവകുടീരം നാബ്ലസിനു ആറു കിലോമീറ്റർ തെക്കുകിഴക്കുളള അവെർത്തായിൽ ഉണ്ട്.

ഫീനെഹാസ്

മഹാപുരോഹിതനായ ഏലിയുടെ രണ്ടുപുത്രന്മാരിൽ ഇളയവൻ. (1ശമൂ, 1:3; 2:34; 4:4,11, 17, 19; 14:3). അവർ നീചന്മാരും യഹോവയെ വെറുത്തവരും യാഗത്തെ ആദരിക്കാത്തവരും ആയിരുന്നു. (1ശമൂ, 2:12-17). ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ സഹോദരനോടൊപ്പം ഫീനെഹാസും കൊല്ലപ്പെടുകയും യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. (1ശമൂ, 4:11, 19). ഇയാളുടെ ഒരു പൗത്രൻ ശൗലിന്റെ ഭരണകാലത്തു പുരോഹിതനായിരുന്നു. (1ശമൂ, 14:3).

ഫിലൊലൊഗൊസ്

ഫിലൊലൊഗൊസ് (Philologus)

പേരിനർത്ഥം – ഭാഷണപ്രിയൻ

റോമിലെ ഒരു ക്രിസ്ത്യാനി. റോമാലേഖനത്തിൽ പൗലൊസ് ഇയാൾക്കു വന്ദനം പറയുന്നു. ‘ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:15).