മീഖായാൽ

മീഖായേൽ (Michael)

പേരിനർത്ഥം – യഹോവയെപ്പോലെ ആരുള്ളൂ

ബൈബിളിൽ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള രണ്ടു ദൂതന്മാരുണ്ട്; ഗ്രബീയേലും മീഖായേലും. മീഖായേലിനെക്കുറിച്ച് അഞ്ചു പരാമർശങ്ങൾ ഉണ്ട്. (ദാനീ, 10:13, 21; 12:1; യൂദാ, 9; വെളി, 12:7). മീഖായേൽ പ്രധാനദൂതനാണ്. (യൂദാ, 9). 1തെസ്സലൊനീക്യർ 4:16-ൽ പ്രധാന ദൂതൻ എന്നു മാത്രമേയുള്ളൂ. ദാനീയേൽ പ്രവചനത്തിൽ (12:1) ‘മഹാപ്രഭുവായ മീഖായേൽ’ എന്നും ‘പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ’ (10:13) എന്നും കാണുന്നു. മീഖായേലിനെ പ്രത്യക്ഷമായി പറഞ്ഞിട്ടുള്ള മൂന്നുഭാഗങ്ങളിലും വലിയ അധികാരമുള്ളവനായി ചിത്രീകരിച്ചിരിക്കുന്നു. പ്രധാന ദൂതനു യിസ്രായേലിനോടു ഒരു പ്രത്യേക ബന്ധമുണ്ട്. യിസ്രായേലിനെ രക്ഷിക്കുവാനായി മീഖായേൽ തുണ നില്ക്കുന്നു. (ദാനീ, 12:1). മോശെയുടെ ശരീരത്തിനുവേണ്ടി സാത്താനോടു വാദിക്കുമ്പോൾ സാത്താനെതിരെ ഒരു ദൂഷണവിധിപോലും മീഖായേൽ ഉച്ചരിച്ചില്ല; പ്രത്യുത, കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു മാത്രം പറഞ്ഞു. (യൂദാ, 9). സ്വർഗ്ഗീയ സൈന്യങ്ങളുടെ അധിപനായിരുന്നുകൊണ്ടു സാത്താനും ദൂതന്മാർക്കും എതിരെ യുദ്ധം ചെയ്ത് മീഖായേൽ വിജയം നേടും. (വെളി, 12:7-12). ക്രിസ്തുവിന്റെ പുനരാഗമനത്തിൽ പ്രധാനദൂതന്റെ ശബ്ദം കേൾക്കും. (1തെസ്സ, 4:16). സാത്താനെപ്പോലെ കെരൂബുകളുടെ ഗണത്തിൽപ്പെട്ടവനായിരിക്കണം മീഖായേൽ. എങ്കിൽ ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടി ദൈവസന്നിധി വിട്ടുപോകുന്ന ഒരേയൊരു കെരുബ് മീഖായേലാണ്. പില്ക്കാല യെഹൂദചിന്ത മീഖായേലിനെ ഷെഖീനയോടു സാദൃശ്യപ്പെടുത്തുന്നു.

മീഖാവ്

മീഖാവ് (Micah)

പേരിനർത്ഥം – യഹോവയെപ്പോലെ ആരുണ്ട്?

മീഖായാവ് എന്ന പേരിന്റെ ചുരുങ്ങിയരൂപം. എഫ്രയീം മലനാട്ടിൽ ജീവിച്ചിരുന്ന ഒരു പുരുഷൻ. കാലം ബി.സി. 14-ാം നൂറ്റാണ്ട്. അവൻ അമ്മയുടെ 1100 ശേക്കെൽ വെള്ളി മോഷ്ടിച്ചു. അമ്മ ശപഥം ചെയ്തതു കേട്ടു ഭയപ്പെട്ടു കുറ്റം ഏറ്റുപറഞ്ഞ് വെള്ളിപ്പണം അമ്മയ്ക്കു മടക്കിക്കൊടുത്തു. അതിൽ 200 ശേക്കെൽ വെള്ളി ഉപയോഗിച്ചു അവൾ തട്ടാനെക്കൊണ്ടു കൊത്തുപണിയും വാർപ്പു പണിയുമായി ഒരു വിഗ്രഹം നിർമ്മിച്ചു. മീഖാവിനു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു. അതിൽ ഈ വിഗ്രഹം പ്രതിഷ്ഠിക്കുകയും പുത്രന്മാരിൽ ഒരുത്തനെ പുരോഹിതനായി കരപൂരണം കഴിക്കുകയും ചെയ്തു. തരം കിട്ടുന്നേടത്ത് പാർപ്പാൻ പോയ ഒരു ലേവ്യൻ മീഖാവിന്റെ അടുക്കലെത്തി. മീഖാവ് അയാളെ പുരോഹിതനായി നിയമിച്ചു. ലയീശിൽ പാർക്കാൻ വേണ്ടി ദാന്യർ ഒരുങ്ങുകയായിരുന്നു. അവരിൽ അഞ്ചുപേർ ദേശം ഒറ്റുനോക്കുവാൻ പുറപ്പെട്ടു എഫ്രയീം മലനാട്ടിൽ എത്തി. അവർ മീഖാവിന്റെ വീട്ടിൽ രാപാർത്തു. ലേവ്യനായ പുരോഹിതനോടു അവർ തങ്ങളുടെ യാത്രയെക്കുറിച്ചു ചോദിച്ചു. യാത്ര ശുഭമാണെന്നു പുരോഹിതൻ പറഞ്ഞു. ലയീശ് ഒറ്റുനോക്കി ദേശം നല്ലതു എന്നു കണ്ട ശേഷം അവർ മടങ്ങിവന്നു. അനന്തരം ലയീശിൽ കുടിപാർക്കാൻ പോയ 600 പേർ മീഖാവിന്റെ വീട്ടിൽ വന്നു ഗൃഹബിംബം എടുത്തു പുരോഹിതനെയും കൂട്ടിക്കൊണ്ടു പോയി. മീഖാവും കൂട്ടരും അവരെ പിന്തുടർന്നു. എന്നാൽ അവർ തന്നിലും ബലവാന്മാരെന്നു കണ്ട് മീഖാവു മടങ്ങിപ്പോന്നു. (ന്യായാ, 17, 18 അ).

മെഥൂശലഹ്

മെഥൂശലഹ് (Methuselah)

പേരിനർത്ഥം – അസ്ത്ര പുരുഷൻ

ശേത്തിന്റെ വംശപാരമ്പര്യത്തിൽ ഹാനോക്കിന്റെ പുത്രനും നോഹയുടെ പിതാമഹനും. (ഉല്പ, 5:21,22). മെഥൂശലഹിന്റെ ആയുഷ്ക്കാലം 969 വർഷമായിരുന്നു. ബൈബിളിലെ വ്യക്തികളിൽ ഏറ്റവും കൂടുതൽ വർഷം ജീവിച്ചിരുന്നതു മെഥൂശലഹ് ആണ്. (ഉല്പ, 5:27). മെഥൂശലാ (Methusala) മെഥുശലഹിന്റെ ഗ്രീക്കുരൂപമാണ് പുതിയനിയമത്തിൽ ഉള്ളത്. (ലൂക്കൊ, 3:37).

മെഫീബോശെത്ത്

മെഫീബോശെത്ത് (Mephibosheth)

പേരിനർത്ഥം – ലജ്ജാനാശകൻ

ഈ പേരിന്റെ ആദ്യ രൂപം മെരീബ്ബാൽ എന്നായിരുന്നു. (1ദിന, 8:34; 9:40). പില്ക്കാലത്തു വിജാതീയ ദേവനായ ബാലിന്റെ നാമം ഉച്ചരിക്കാതിരിക്കുവാൻ വേണ്ടി ബാലിന്റെ സ്ഥാനത്തു ബോശെത്ത് (ലജ്ജ) കൂട്ടിച്ചേർത്തു. ബൈബിളിൽ രണ്ടു പേർ ഇപ്പേരിൽ അറിയപ്പെടുന്നു:

മെഫീബോശെത്ത്

ശൗൽ രാജാവിനു വെപ്പാട്ടിയായ രിസ്പായിൽ ജനിച്ച മകൻ. ഗിബെയോന്യർക്കു ശൗലിനോടുണ്ടായിരുന്ന കുടിപ്പക പോക്കുവാൻ ശൗലിന്റെ കുടുംബാംഗങ്ങളായ ഏഴുപേരെ ദാവീദ് അവരുടെ കയ്യിൽ ഏല്പ്പിച്ചു. ഈ ഏഴു പേരിൽ രിസ്പയുടെ മക്കളായ അർമ്മോനിയും മെഫീബോശെത്തും ഉണ്ടായിരുന്നു. ഗിബെയോന്യർ ഏഴുപേരെയും തൂക്കിക്കൊന്നു. (2ശമൂ, 21:4-9. കാലം ഏകദേശം 996 ബി.സി.

മെഫീബോശെത്ത്

ശൗൽ രാജാവിന്റെ പുത്രനായ യോനാഥാന്റെ പുത്രൻ. പിതാവും പിതാമഹനും ഗിൽബോവാ പർവ്വതത്തിൽ വച്ചു യുദ്ധത്തിൽ മരിച്ചപ്പോൾ മെഫീബോശെത്തിനു അഞ്ചു വയസ്സായിരുന്നു. അക്കാലത്തു ധാത്രിയുടെ സംരക്ഷണത്തിലായിരുന്നു പൈതൽ. ദുരന്തത്തെക്കുറിച്ചുളള വാർത്ത രാജഗൃഹത്തിലെത്തിയപ്പോൾ ധാത്രി കുഞ്ഞിനെയും എടുത്തുകൊണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അവളുടെ ധൃതിയിൽ കുഞ്ഞു വീണു രണ്ടുകാലും മുടന്തനായി. (2ശമൂ, 4:4). ഈ അപകടത്തിനുശേഷം മെഫീബോശെത്ത് ലോദെബാരിൽ ഗാദ്യനായ മാഖീരിന്റെ വീട്ടിൽ കഴിയുകയായിരുന്നു. ദാവീദ് രാജാവായപ്പോൾ യോനാഥാൻ നിമിത്തം മെഫീബോശെത്തിനോടു ദയ കാട്ടി, അവനെയും അവന്റെ മകൻ മീഖയെയും കൊട്ടാരത്തിൽ വരുത്തി. ശൗലിന്റെ സമ്പത്തു മുഴുവൻ മെഫീബോശെത്തിനു നല്കി. അവനുവേണ്ടി നിലം കൃഷിചെയ്യുവാൻ സീബയെ ഏല്പിച്ചു. അബ്ശാലോമിന്റെ വിപ്ലവത്തിൽ ദാവീദിനു രാജധാനി വിട്ടു ഓടിപ്പോകേണ്ടിവന്നു. അപ്പോഴുള്ള മെഫീബോശെത്തിന്റെ പെരുമാറ്റത്തെക്കുറിച്ചു പരസ്പരവിരുദ്ധമായ രണ്ടു വിവരണങ്ങൾ ഉണ്ട്. സീബ മെഫീബോശെത്തിൽ നന്ദികേടു ആരോപിച്ചു. തന്മൂലം മെഫീബോശെത്തിന്റെ സമ്പത്തു മുഴുവൻ രാജാവു സീബയ്ക്കു നല്കി. (2ശമൂ, 16:1-4).ചില ദിവസങ്ങൾക്കു ശേഷം മെഫീബോശെത്ത് ദാവീദിനെ കണ്ട് സംഭവം വ്യക്തമാക്കി. ദാവീദിനോടൊപ്പം ഓടിപ്പോകുവാൻ താൻ ആഗ്രഹിച്ചിട്ടും സീബ തന്നെ വഞ്ചിച്ചു എന്നു മെഫീബോശെത്ത് പറഞ്ഞു. ദാവീദ് അതു വിശ്വസിച്ചു എന്നു തോന്നുന്നു. നിലം രണ്ടുപേരുമായി പകുത്തു അനുഭവിക്കുവാൻ രാജാവു കല്പിച്ചു. അതിനു മറുപടിയായി മെഫീബോശെത്ത് ഇപ്രകാരം പറഞ്ഞു. “അല്ല; അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ.” (ശമൂ, 19:30).

മല്ക്കീസേദെക്

മല്ക്കീസേദെക് (Melchizedek)

പേരിനർത്ഥം – നീതിയുടെ രാജാവ്

ശാലേം (യെരൂശലേം) രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനും ആയിരുന്നു മലക്കീസേദെക്. (ഉല്പ, 14:18). കെദൊർലായൊമെരിനെയും കൂട്ടരെയും തോല്പിച്ചു മടങ്ങിവന്ന അബ്രാഹാമിനെ മലക്കീസേദെക് എതിരേറ്റു വന്നു അനുഗ്രഹിച്ചു. ക്ഷീണിച്ചുവന്ന പോരാളികൾക്കു അപ്പവും വീഞ്ഞും നല്കി. അബ്രാഹാം അവനു സകലത്തിലും ദശാംശം കൊടുത്തു. (ഉല്പ, 14:18-20). വംശാവലിയോ ചരിത്രമോ പറയപ്പെടാത്ത ഒരു പുരോഹിതൻ പ്രത്യക്ഷപ്പെട്ട് വിശ്വാസികളുടെ പിതാവായ അബ്രാഹാമിനെ അനുഗ്രഹിച്ചു. മലക്കീസേദെക്കിന്റെ ദൈവിക പൗരോഹിത്യത്തിന്റെ അംഗീകരണമാണ് ദശാംശം നല്കൽ. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ മല്ക്കീസേദെക്കിന്റെ മുമ്പിൽ അബ്രാഹാം അത്യുന്നതദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തു. (ഉല്പ, 14:18, 23). ദാവീദ് മശീഹയെക്കുറിച്ചു നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു പറഞ്ഞിരിക്കുന്നു. (സങ്കീ, 110:4). എബ്രായലേഖന കർത്താവ് ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടു ക്രിസ്തു അഹരോന്യക്രമപ്രകാരമല്ല, പ്രത്യുത, മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതൻ ആയിരിക്കുന്നു എന്നു സ്ഥാപിക്കുന്നു. (എബ്രാ, 5:6, 10).

ക്രിസ്തുവിനു നിഴലാണ് മല്ക്കീസേദെക്. ഇരുവരും ലേവ്യ പൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. അവർ അബ്രാഹാമിനെക്കാളും ശ്രേഷ്ഠരാണ്. അവരുടെ ആരംഭവും അവസാനവും അജ്ഞാതമാണ്; അതായത് അവയെക്കുറിച്ചുള്ള രേഖകൾ ഇല്ല. അവർ പുരോഹിതന്മാർ മാത്രമല്ല നീതിയുടെയും സമാധാനത്തിന്റെയും രാജാക്കന്മാരും ആണ്. പിതാവില്ല, മാതാവില്ല, വംശാവലിയില്ല (എബ്രാ, 7:3) എന്നത് ഇവ ഉൾക്കൊള്ളുന്ന പൗരോഹിത്യവംശാവലി രേഖകളിൽ അവരുടെ പേർ ഇല്ലെന്നതാണ്. മല്ക്കീസേദെക്ക് കൊണ്ടുവന്ന അപ്പവും വീഞ്ഞും കർത്തൃമേശയിൽ ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കുന്ന സ്മാരക പദാർത്ഥങ്ങളാണ്. മരണംനിമിത്തം അഹരോന്യ പൗരോഹിത്യം ഇടയ്ക്ക് മുറിഞ്ഞിരുന്നു. എന്നാൽ സ്വജനത്തിനു വേണ്ടി പക്ഷവാദം ചെയ്യാൻ ക്രിസ്തു സദാ ജീവിക്കുന്നു. സഹസ്രാബ്ദ രാജ്യത്തിൽ ക്രിസ്തു പുരോഹിതനും രാജാവും ആയിരിക്കും. മഹാപുരോഹിതനായ യോശുവയെ കീരിടം ധരിപ്പിച്ചുകൊണ്ടു സെഖര്യാ പ്രവാചകൻ (6:9-15) ഇതു പ്രതീകാത്മകമായി ചിത്രീകരിച്ചു. മുളയായ (Branch) മശീഹ സിംഹാസനത്തിൽ ഇരുന്നുവാഴും. “അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.” (സെഖ, 6:13).

മല്ക്കൊസ്

മല്ക്കൊസ് (Malchus)

പേരിനർത്ഥം – രാജാവ്

മെലെക് എന്ന എബ്രായപദത്തിൽ നിന്നുണ്ടായ ഗ്രീക്കുരൂപം. മഹാപുരോഹിതന്റെ (കയ്യഫാവ്) ദാസനാണ് മല്ക്കൊസ്. മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരും പട്ടാളവും യേശുവിനെ ബന്ധിക്കുവാൻ ഗെത്ത്ശെമന തോട്ടത്തിൽ വന്നു. യൂദാ യേശുവിനെ ചുംബനം കൊണ്ടു കാണിച്ചുകൊടുത്തു. യേശുവിന്റെ മേൽ അവർ കൈവച്ചപ്പോൾ പത്രൊസ് വാളെടുത്തു മഹാപുരോഹിതന്റെ ദാസനെ വെട്ടി. അവന്റെ വലതു കാത് അറ്റുപോയി. യേശു അവന്റെ കാതിനെ സൗഖ്യമാക്കി. നാലു സുവിശേഷങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. (മത്താ, 26:51-54; മർക്കൊ, 14:47; ലൂക്കൊ, 22:50-51; യോഹ, 18:10). ദാസന്റെ പേരും വെട്ടിയ അപ്പൊസ്തലന്റെ പേരും യോഹന്നാൻ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. മഹാപുരോഹിതനായ കയ്യഫാവിന്റെ ഭവനവുമായി നല്ല പരിചയം യോഹന്നാനുണ്ടായിരുന്നു. (യോഹ, 18:15). അതിനാലാണ് ദാസന്റെ പേർ ഗ്രഹിക്കാൻ കഴിഞ്ഞത്. ദാസന്റെ കാത് സൗഖ്യമാക്കിയ വിവരം ലൂക്കൊസ് മാത്രമേ പറഞ്ഞിട്ടുള്ളൂ.

മാനോഹ

മാനോഹ (Manoah)

പേരിനർത്ഥം – വിശ്രമം

സോരഹിലെ ദാന്യനായ ശിംശോന്റെ പിതാവ്. (ന്യായാ, 13:2). മാനോഹയുടെ ഭാര്യ മച്ചിയായിരുന്നു. ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു അവർക്കു ഒരു മകൻ ജനിക്കുമെന്നും അവൻ ഗർഭം മുതൽ ദൈവത്തിനു നാസീറായിരിക്കുമെന്നും മുൻകൂട്ടി അറിയിച്ചു. (ന്യായാ, 13:2-21). ഒരു ഫെലിസ്ത്യകന്യകയെ വിവാഹം ചെയ്യുന്നതിൽ നിന്നും ശിംശോനെ പിന്തിരിപ്പിക്കുവാൻ മാനോഹ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ശിംശോന്റെ മരണത്തിനു മുമ്പ് മാനോഹ മരിച്ചു. (ന്യായാ, 16:31).

മിദ്യാൻ

മിദ്യാൻ (Midian)

പേരിനർത്ഥം – കലമ്പൽ

അബ്രാഹാമിനു കെതൂറയിൽ ജനിച്ച നാലാമത്തെ പുത്രനാണ് മിദ്യാൻ. അബ്രാഹാമിന്റെ ജീവിതകാലത്തു കെതൂറയുടെ മക്കൾക്കു ദാനങ്ങൾ കൊടുത്തു കിഴക്കോട്ടു പറഞ്ഞയച്ചു. അവരിൽ മിദ്യാൻ ഉൾപ്പെട്ടിരുന്നു. മിദ്യാനിൽ നിന്നുത്ഭവിച്ച ജനതയ്ക്ക് മിദ്യാൻ എന്നും മിദ്യാന്യർ എന്നും പറഞ്ഞു വരുന്നു. (ഉല്പ, 25:1-6; 1ദിന, 1:32).

മാമോൻ

മാമോൻ (mammon)

സമ്പത്ത് എന്നർത്ഥമുള്ള അരാമ്യ പദമാണ് മാമോൻ. (മത്താ, 6:24; ലൂക്കൊ, 16:9, 11, 13). പഴയനിയമത്തിൽ ഈ പദമില്ല. തർഗുമിലും തൽമൂദിലും കാണുന്നു. വാച്യാർഥം ധനം, പണം എന്നൊക്കെയാണെങ്കിലും മനുഷ്യഹൃദയത്തെ വശീകരിച്ച് മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്ന ലൗകിക സമ്പത്താണ് വിവക്ഷിതം. ‘അനീതിയുള്ള മാമോൻ’ എന്ന പ്രയോഗം സമ്പത്തു മൂലമുണ്ടാകുന്ന ദോഷങ്ങളുടെ പര്യായമായി ക്രിസ്തുവിന്റെ കാലത്തിനു മുമ്പുതന്നെ പ്രയോഗത്തിൽ വന്നു. അരാമ്യ തർഗുമുകളിൽ ധനം അഥവാ ലാഭം എന്ന അർത്ഥത്തിൽ മാമോൻ പ്രയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ദേവതയുടെ പേരായി മാമോൻ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവില്ല.

ക്രിസ്തു മാത്രമാണ് ഈ ശബ്ദം പ്രയോഗിച്ചിട്ടുള്ളത്. അനീതിയുള്ള കാര്യവിചാരകന്റെ ഉപമയുടെ വിശദീകരണമായിട്ടാണ് മൂന്നുപ്രാവശ്യം മാമോൻ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ‘അനീതിയുള്ള മാമോന്റെ’ ഉപയോഗത്തിൽ ശിഷ്യന്മാർക്കു ബുദ്ധിയും ദീർഘവീക്ഷണവും ഉണ്ടായിരിക്കണം. അനീതിയുള്ള കാര്യവിചാരകനോളമെങ്കിലും ധനവിനിയോഗത്തിൽ അവർ വിവേകം കാണിക്കേണ്ടതാണ്. ഭൗമിക സമ്പത്തുകളെ ദുർവ്യയം ചെയ്യുന്നവർക്കു സാക്ഷാൽ സമ്പത്തു കൈകാര്യം ചെയ്യുവാൻ കഴിയുകയില്ല; അവരെ അതു ഭരമേൽപ്പിക്കുകയുമില്ല. ദൈവത്തിൽ നിന്ന് അന്യമായ ഒരു ജീവിതലക്ഷ്യമായി ക്രിസ്തു മാമോനെ ചിത്രീകരിച്ചു. (മത്താ, 6:24). “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും’ (ലൂക്കൊ, 16:9) എന്ന ഭാഗം അൽപ്പം ദുർഗ്രഹമാണ്. ധനത്തെ മാർഗ്ഗമായി ഉപയോഗിക്കാമെന്നും എന്നാൽ അതു ഒരിക്കലും ലക്ഷ്യത്തിനു പകരമാവില്ലെന്നും കർത്താവിന്റെ വാക്കുകളിൽ ധ്വനിക്കുന്നതായി ചിലർ പറയുന്നു.

മനായേൻ

മനായേൻ (Manaen)

പേരിനർത്ഥം – ആശ്വാസപ്രദൻ

മെനഹെംഎന്ന എബ്രായനാമത്തിന്റെ ഗ്രീക്കുരൂപമാണ് മനായേൻ. ഇടപ്രഭുവായ ഹെരോദാവോടു (ഹെരോദാ അന്തിപ്പാസ്) കൂടെ വളർന്ന മനായേൻ പൗലൊസ്, ബർന്നബാസ് എന്നിവരോടൊപ്പം പ്രവാചകനും ഉപദേഷ്ടാവും അന്ത്യൊക്ക്യ സഭയിലെ നായകനും ആയിത്തീർന്നു. (പ്രവൃ, 13:1).