പൗലൊസ്

പൗലൊസ് (Paul)

ഭൂമിയുടെ അറ്റത്തോളവും തൻ്റെ രക്ഷ ആകേണ്ടതിന്നു കർത്താവ് ജാതികളുടെ വെളിച്ചമാക്കി വെച്ച ജാതികളുടെ അപ്പൊസ്തലനായ പൗലൊസ്. (പ്രവൃ, 13:47; റോമ, 11:13). മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ താൻ അപ്പൊസ്തലത്വം പ്രാപിച്ചത്. (ഗലാ, 1:1; 2:8).

പേരിനർത്ഥം — ചെറിയ

ക്രൈസ്തവ ചരിത്രത്തിൽ അനുപമദ്യുതിയോടെ വിരാജിക്കുന്ന അപൂർവ്വ ജ്യോതിസ്സാണ് അപ്പൊസ്തലനായ പൗലൊസ്. കർത്താവായ യേശുക്രിസ്തുവിനു ശേഷം സഭാചരിത്രത്തിൽ ശക്തമായി മുഴങ്ങിക്കേട്ട ശബ്ദം പൗലൊസിന്റേതാണ്. മിഷണറി പ്രവർത്തനത്തിന്റെ ഉജ്ജ്വല മാതൃകയായ പൗലൊസിലൂടെയാണ് യെഹൂദമതത്തിന്റെ പരിധികളും പരിമിതികളും, പലസ്തീന്റെ അതിരുകളും ലംഘിച്ചുകൊണ്ടു ക്രിസ്തുമതം വിശ്വവ്യാപകമായത്. വിജാതീയരുടെ പ്രധാന അപ്പൊസ്തലനാണ് പൗലൊസ്. പൗലൊസിനെക്കുറിച്ചു പ്രതിപാദിക്കുന്ന ബാഹ്യരേഖകളൊന്നും ലഭിച്ചിട്ടില്ല. ബൈബിളിൽ പ്രത്യേകിച്ച് അപ്പൊസ്തല പ്രവൃത്തികളിലും പൗലൊസിന്റെ ലേഖനങ്ങളിലും ഉള്ള വിവരണങ്ങൾ മാത്രമാണ് നമുക്കവലംബം. ലേഖനങ്ങളിലെ സുചനകളിൽ നിന്നും അപ്പൊസ്തലന്റെ ജീവിതത്തിലെ പല സംഭവങ്ങളും രേഖപ്പെടുത്തിയിട്ടില്ലെന്നു മനസ്സിലാക്കാം. (2കൊരി, 11:24-28).

പേര്: പൗലൊസിന്റെ എബ്രായനാമം ശൗൽ എന്നായിരുന്നു. പൗലൊസ് (ചെറിയ) റോമൻ നാമാണ്. പാഫൊസിൽ വച്ച് ബർയേശു എന്ന കള്ളപ്രവാചകനുമായി ഇടയുന്നതുവരെ അപ്പൊസ്തല പ്രവൃത്തികളിൽ അപ്പൊസ്തലനെ ശൗൽ എന്നു വിളിക്കുന്നു. ഇവിടെ ലൂക്കൊസ് ‘പൗലൊസ് എന്നു പേരുള്ള ശൗൽ’ എന്നു പറയുന്നു. (പ്രവൃ, 13:9). ലേഖനങ്ങളിൽ അദ്ദേഹം സ്വയം ‘പൗലൊസ്’ എന്നു വിളിക്കുന്നു. ഗ്രീക്കുഭാഷയും വിദ്യാഭ്യാസവും ലഭിച്ചവർ യവനനാമത്തിൽ അറിയപ്പെടുന്നതിൽ അഭിമാനിച്ചിരുന്നു. ആ നിലയിൽ അപ്പൊസ്തലനും പൗലൊസ് എന്ന നാമം കൂടി സ്വീകരിച്ചു എന്നാണ് കരുതപ്പെടുന്നത്. ക്രിസ്ത്യാനി ആയ ശേഷം ക്രിസ്തുവിന്റെ ശുശുഷയിൽ ‘ചെറിയവൻ’ എന്നു അറിയപ്പെടാൻ ആഗ്രഹിച്ച് അദ്ദേഹം പ്രസ്തുത അർത്ഥമുള്ള പൗലൊസ് എന്ന പേർ സ്വീകരിച്ചു എന്നു കരുതുന്നവരും ഉണ്ട്. “ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ” (1കൊരി, 15:9) എന്നു അപ്പൊസ്തലൻ തന്നെ പറയുന്നുണ്ട്.

മാനസാന്തരപൂർവ്വകാലം: എബായ (പരീശ) മതം, യവനസംസ്കാരം, റോമൻ പൗരത്വം എന്നിവ പൗലൊസിൽ സമന്വയിച്ചിരുന്നു. മെഡിറ്ററേനിയൻ സമുദ്രത്തിന്റെ വടക്കുകിഴക്കെ മൂലയിൽ സ്ഥിതിചെയ്തിരുന്ന തിരക്കേറിയ ഗ്രേക്കോ-റോമൻ പട്ടണമായ തർസൊസിൽ പൗലൊസ് ജനിച്ചു. പൗലൊസിന്റെ ജനനകാലം വ്യക്തമായറിയാൻ നിവൃത്തിയില്ല. എ.ഡി. 2-ന് അദ്ദേഹം ജനിച്ചു എന്നൊരു പാരമ്പര്യമുണ്ട്. ഫിലേമോൻ 9-ൽ വയസ്സൻ (പ്രെസ്ബ്യൂടീസ്) എന്നു പൗലൊസ് സ്വയം വിളിക്കുന്നു. ഫിലേമോൻ എഴുതുന്ന കാലത്ത് പൗലൊസിനു 60 വയസ്സ് കഴിഞ്ഞിരിക്കണം. ഈ തെളിവുകൾ വച്ചുകൊണ്ടു ക്രിസ്ത്വാബ്ധത്തിന്റെ ആരംഭത്തിൽത്തന്നെ അദ്ദേഹം ജനിച്ചു എന്നു കരുതാം. അനേകം സ്റ്റോയിക്ക് തത്ത്വചിന്തകന്മാരുടെ ജന്മസ്ഥലവും ഒരു പ്രധാന വാണിജ്യകേന്ദ്രവുമായിരുന്നു തർസൊസ്. കമ്പിളി വസ്ത്രനിർമ്മാണത്തിന് ഈ പട്ടണം പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ഇവിടെ നിന്നുമാണ് ചെറുപ്പത്തിൽ പൗലൊസ് കൂടാരപ്പണി പഠിച്ചതു. (പ്രവൃ, 18:3). തർസൊസിൽ ഒരു പ്രസിദ്ധമായ സർവ്വകലാശാല ഉണ്ടായിരുന്നു. പൗലൊസ് ഈ സർവ്വകലാശാലയിൽ പഠിച്ചതായി തെളിവുകൾ ഇല്ല. എങ്കിലും അന്നു നിലവിലിരുന്ന ജീവിതരീതിയും റോമൻ സാമ്രാജ്യത്തിന്റെ വീക്ഷണങ്ങളും മനസ്സിലാക്കുന്നതിനു അദ്ദേഹത്തിൽ ഈ സർവ്വകലാശാല സ്വാധീനം ചെലുത്തിയിരിക്കണം. ഒരു റോമൻ പൗരനായി ജനിച്ചതിന്റെ എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. (പ്രവൃ 22:28). ഈ വിശിഷ്ടപദവി പിതാവിനെങ്ങനെ കിട്ടിയെന്നറിയാൻ പാടില്ല. ഒരു സ്വതന്ത്ര നഗരമായിരുന്നെങ്കിലും തർസൊസിലെ എല്ലാവർക്കും റോമൻ പൗരത്വം ഉണ്ടായിരുന്നില്ല. ആഭ്യന്തര യുദ്ധകാലത്തു കൈസറിന് നല്കിയ സഹായത്തിനു പ്രതിഫലമായി പൗലൊസിന്റെ പിതാവിനോ മറ്റോ കിട്ടിയ ബഹുമതിയായിരിക്കണം റോമൻ പൗരത്വം. പ്രാദേശിക ന്യായാധിപന്മാരുടെ അനീതിക്കെതിരെ ഒരു പരിചയായും ക്രിസ്തീയ വിശ്വാസത്തിന്റെ നില ഉയർത്തിക്കാട്ടുന്നതിന് ഒരായുധമായും റോമൻ പൗരത്വത്തെ എങ്ങനെ ഉപയോഗിക്കണമെന്നു അദ്ദേഹം മനസ്സിലാക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. വിജാതീയരും യെഹൂദന്മാരും തമ്മിലുള്ള വിടവ് നികത്തുന്നതിനു വിജാതീയരോടുണ്ടായിരുന്ന ബന്ധം അദ്ദേഹത്തെ വളരെയധികം സഹായിച്ചു. എന്നാൽ ഇതിൽ പ്രധാനം തന്റെ യെഹൂദ പാരമ്പര്യം ആയിരുന്നു. യെഹൂദനാണെന്നു ഏറ്റു പറയുവാൻ അദ്ദേഹം ലജ്ജിച്ചിരുന്നില്ല. (പ്രവൃ, 21:39, 22:3). യെഹൂദ പാരമ്പര്യത്തിൽ പൗലൊസ് അഭിമാനം കൊണ്ടിരുന്നു. (2കൊരി, 11:22). ജഡപ്രകാരമുള്ള തന്റെ സഹോദരന്മാരോടു അദ്ദേഹത്തിനു അഗാധമായ സ്നേഹം ഉണ്ട്. (റോമ, 9 ::1-2, 10:1). യെഹൂദന്മാരോടുള്ള ഈ വർഗ്ഗസ്നേഹം ഓരോ പട്ടണത്തിലെയും സിനഗോഗുകളിൽ (യെഹൂദന്മാരുടെ പളളി) തന്റെ മിഷണറി പ്രവർത്തനം ഫലപ്രദമായി നടത്തുവാൻ അദ്ദേഹത്തെ സഹായിച്ചു. അവിടെയെല്ലാം തനിക്ക് ധാരാളം ശ്രോതാക്കളെ ലഭിക്കുകയും ചെയ്തു.

യെഹൂദന്മാരിൽ യെഹൂദനായി ജനിച്ച (ഫിലി, 3:5) പരീശപുത്രനായ (പ്രവൃ, 23:6) ശൗൽ വളർന്നത് യാഥാസ്ഥിതിക യെഹൂദമതത്തിലാണ്. യഥാകാലം ഒരു പക്ഷേ പതിമൂന്നാം വയസ്സിൽ തന്നെ അദ്ദേഹം യെരുശലേമിൽ പോയി ഗമാലിയേലിന്റെ കീഴിൽ തന്റെ പഠനം പൂർത്തിയാക്കി. (പ്രവൃ, 22:3, 26:4-5). ന്യായപ്രമാണത്തിൽ വളരെ ശുഷ്കാന്തി കാട്ടിയ ശൗൽ (ഗലാ, 1-14) പഴയനിയമം മാത്രമല്ല പണ്ഡിതന്മാരായ റബ്ബികളുടെ ഉപദേശങ്ങളും സ്വായത്തമാക്കി. ഏകദേശം മുപ്പതുവയസ്സു പ്രായമുള്ള ഒരു ‘ബാല്യക്കാരനായിട്ടാണു’ (പ്രവൃ 7:58) ആദ്യമായി അപ്പൊസ്തല പ്രവൃത്തികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. യെഹൂദമതത്തിലെ സമ്മതനായ ഒരു നായകനായിരുന്നു ശൗൽ. സ്തെഫാനൊസിന്റെ മരണത്തോടെ ആരംഭിച്ച പീഡനത്തിന്റെ നേതൃത്വം ശൗലിനായിരുന്നു. അതിനു കാരണം ക്രിസ്തുമതത്തോടുള്ള അദ്ദേഹത്തിനുള്ള അമിതവിദ്വേഷം തന്നേ. (പ്രവൃ, 7:58, 8,3, 9:1-2). പ്രവൃത്തികൾ 26:10-11-ൽ വിവരിച്ചിരിക്കുന്ന പീഡനം സൂചിപ്പിക്കുന്നതു അദ്ദേഹത്തിന്റെ യെഹൂദമതത്തിലുള്ള ശുഷ്ക്കാന്തിയും മതഭ്രാന്തുമാണ്. യേശുക്രിസ്തുവിനെയും അനുയായികളെയും കുറിച്ചു നല്ലവണ്ണം പഠിച്ച അദ്ദേഹം ക്രിസ്തുമാർഗ്ഗം പരീശമതത്തിന് വലിയ ഭീഷണിയാണെന്നു മനസ്സിലാക്കി. യഹോവയുടെ നാമമഹത്ത്വത്തിനു വേണ്ടി അവരെ നശിപ്പിക്കേണ്ടതാണെന്നു ശൗലിനു ബോദ്ധ്യമായി. (പ്രവൃ, 26:9). ശിശുവായ യേശുവിനെ ഒടുക്കിക്കളവാൻ ഹെരോദാവ് കച്ചകെട്ടി ഇറങ്ങിയതുപോലെ ക്രിസ്തുസഭയെ മുളയിലേ നുള്ളിക്കളയുവാൻ ദൃഢപ്രതിജ്ഞ ചെയ്തു. എന്നാൽ അവിശ്വാസത്താൽ അറിയാതെയായിരുന്നു ഇതെല്ലാം ചെയ്തത്. “മുമ്പേ ഞാൻ ദൂഷകനും ഉപദവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്താൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.” (1തിമൊ, 1:13).

മാനസാന്തരം: ശൗലിന്റെ ആന്തരിക ബോധത്തിനും വികാരത്തിനും വിരുദ്ധമായിരുന്നു ഈ പീഡനം എന്നതിനു സംശയമില്ല. എന്നാൽ അദ്ദേഹം തന്റെ പ്രവൃത്തിയുടെ നീതിയെക്കുറിച്ചു സംശയിച്ചില്ല. വിദേശ പട്ടണങ്ങളിലേക്കുള്ള ക്രിസ്ത്യാനികളുടെ വ്യാപനം അദ്ദേഹത്തിന്റെ രോഷം വർദ്ധിപ്പിക്കുകയും അതു തന്റെ പ്രവർത്തനമണ്ഡലം വിപുലപ്പെടുത്തുവാൻ ഇടയാക്കുകയും ചെയ്തു. ഈ ക്രിസ്തുമത പീഡകൻ മഹാപുരോഹിതനിൽ നിന്നും അധികാരപ്രതവും വാങ്ങി ദമസ്ക്കൊസിനു സമീപിച്ചപ്പോഴാണ് തന്റെ ജീവിതത്തിന്റെ പരിവർത്തനത്തിനു ഇടയാക്കിയ സംഭവം നടന്നതു. ഒരു ദൈവിക ഇടപെടൽ എന്നുമാത്രമേ ഇതിനെക്കുറിച്ചു പറയുവാൻ സാധിക്കുകയുള്ളൂ. ക്രിസ്തുവിന്റെ ദൂതു വാഹകനായി തന്നെ നിയമിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്ത ദൈവിക കൃപയുടെയും ശക്തിയുടെയും പ്രവർത്തനമാണ് ഇതെന്നു ലേഖനങ്ങളിൽ പൗലൊസ് ആവർത്തിച്ചു പറയന്നുണ്ട്. (1കൊരി, 9:16-17, 15:10, ഗലാ, 1:15-16, എഫെ, 3:7-9, 1തിമൊ, 1:12:16). ശൗലിന്റെ മാനസാന്തരത്തക്കുറിച്ചു മുന്നു വിവരണങ്ങൾ അപ്പൊസ്തല പ്രവൃത്തികളിലുണ്ട്. (പ്രവൃ, 9,22,26. അ).

തന്നെ പ്രതിബന്ധിച്ച അമാനുഷ ശക്തി “താൻ ഉപദ്രവിക്കുന്ന യേശു ആണെന്നു” അറിഞ്ഞപ്പോൾ ശൗൽ പെട്ടെന്നു തന്റെ തെറ്റു മനസ്സിലാക്കുകയും ദൈവത്തിനു പൂർണ്ണമായി കീഴടങ്ങുകയും ചെയ്തു. വേദനയുടെയും മനഃശോധനയുടെയും ദൈവവുമായുള്ള ഇടപെടലിന്റെയും ദിവസങ്ങളായിരുന്നു അന്ധതയിലുള്ള മൂന്നു ദിവസത്തെ ഉപവാസം. ദമസ്ക്കൊസിലെ അനന്യാസ് ശൗലിന്റെ പരിവർത്തനാനുഭവത്തെ പൂർത്തിയാക്കുകയും ദൈവിക നിയോഗത്തെ ശൗലിന് അനാവരണം ചെയ്തു കൊടുക്കുകയും ചെയ്തു. ദമസ്ക്കൊസിലെ ക്രിസ്തീയ കൂട്ടായയിലേക്കുള്ള വാതിൽ ശൗലിനു തുറന്നു കൊടുത്തു. മുൻകാല ജീവിതത്തെക്കുറിച്ച് പൗലൊസ് പില്ക്കാലത്ത് ഓർക്കുമ്പോൾ എങ്ങനെയാണ് ദൈവം ഭാവിവേലയ്ക്കായി തന്നെ തിരഞ്ഞെടുത്തതെന്നു അദ്ദേഹം വ്യക്തമായി മനസ്സിലാക്കി. (ഗലാ, 1:15-16).

ആദ്യകാല പ്രവർത്തനങ്ങൾ: ഈ പുതിയ ശിഷ്യൻ താമസംവിനാ യേശു തന്നെ ദൈവപുത്രൻ എന്നു ദമസ്ക്കൊസിലുള്ള യെഹൂദന്മാരുടെ പള്ളികളിൽ വിളിച്ചറിയിച്ചു തുടങ്ങി. (പ്രവൃ, 9:20-22). അദ്ദേഹത്തിന്റെ ഈ പ്രവർത്തനം യെഹൂദന്മാരിൽ ഭീതി ഉളവാക്കി. പൗലൊസിന്റെ അറേബ്യാ സന്ദർശനത്തെക്കുറിച്ച് ഗലാത്യർ 1-17-ൽ സൂചിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്ഥാനം പ്രവൃത്തികൾ 9-22-നും 23-നും ഇടയിലാണ്. ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം സുവിശേഷം പ്രസംഗിക്കാനായിരുന്നുവോ എന്നു വ്യക്തമാക്കിയിട്ടില്ല. തനിക്കു ലഭിച്ച പുതിയ വെളിപ്പാടിന്റെ വെളിച്ചത്തിൽ തന്റെ വിശ്വാസത്തെ പുനരാലോചന ചെയ്യാൻ വേണ്ടിയാകാം. ഗലാത്യർ 1:18-ന്റെ വെളിച്ചത്തിൽ മൂന്നുവർഷം അവിടെ താമസിച്ചു. എന്നു കരുതപ്പെടുന്നു. മുന്നു പുർണ്ണവർഷമോ ഒരു വർഷവും രണ്ടർദ്ധവർഷവുമോ ആകാം. തന്റെ ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചകൾ ഉറപ്പാക്കിക്കൊണ്ടാണ് അദ്ദേഹം അവിടെനിന്നും ദമസ്തക്കൊസിലേക്കു മടങ്ങിയത്. ദമസ്ക്കൊസിൽ എത്തിയപ്പോൾ പൗലൊസിന്റെ ആവേശപൂർവ്വമായ പ്രസംഗം നിമിത്തം യെഹൂദന്മാർ അദ്ദേഹത്തെ കൊല്ലുവാൻ തക്കം നോക്കി. ശിഷ്യന്മാർ രാത്രിയിൽ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിൽ വഴി ഇറക്കിവിട്ടു. അങ്ങനെ പൗലൊസ് അവിടെ നിന്നും രക്ഷപ്പെട്ടു. (പ്രവൃ, 9:23:25, ഗലാ, 1:17, 2കൊരി, 11-32-33). മാനസാന്തരത്തിന് മൂന്നു വർഷത്തിനു ശേഷം പത്രൊസുമായി പരിചയപ്പെടേണ്ടതിന് അദ്ദേഹം യെരൂശലേമിൽ തിരികെ വന്നു. (ഗലാ, 1:18). യെരുശലേമിലെ വിശ്വാസികൾ പൗലൊസിനെ സംശയത്തോടെ വീക്ഷിച്ചു. എന്നാൽ ബർന്നബാസ് തങ്ങളോടൊപ്പം അദ്ദേഹത്തെ സ്വീകരിച്ചു. (പ്രവൃ, 9:26:28). ഹെല്ലനിസ്റ്റിക് യെഹൂദന്മാരോടുള്ള അദ്ദേഹത്തിന്റെ ധൈര്യം നിറഞ്ഞ സാക്ഷ്യം കഠിനശത്രുത്വം ഉളവാക്കിയതിനാൽ തന്റെ സന്ദർശനം പതിനഞ്ചു ദിവസമായി ചുരുക്കേണ്ടിവന്നു. (ഗലാ, 1:18). ഒരു ദർശനത്തിൽ യെരൂശലേം വിട്ടുപോകാനായി കർത്താവ് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും (പ്രവൃ, 22:17-21) അദ്ദേഹത്തെ തർസൊസിലേക്കു അയയ്ക്കുകയും ചെയ്തു. (പ്രവൃ, 9:30). അവിടെ ചില വർഷങ്ങൾ അറിയപ്പെടാതെ പാർത്തു. അദ്ദേഹം ചില സുവിശേഷ പ്രവർത്തനങ്ങൾ അവിടെ നടത്തിയതായി ഗലാത്യർ 1:21-23-ൽ സൂചിപ്പിക്കുന്നു. പക്ഷേ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. 2കൊരിന്ത്യർ 11:24-26-ൽ കാണുന്ന പല സംഭവങ്ങളും ഇക്കാലത്തു നടന്നതായി ചില പണ്ഡിതന്മാർ അഭ്യൂഹിക്കുന്നു.

കൊർന്നേല്യാസിന്റെ ഭവനത്തിൽ വച്ച് സുവിശേഷത്തിന്റെ വാതിൽ യെഹൂദേതരർക്കായി തുറന്നതിനു ശേഷം ഉടൻതന്നെ സുറിയയിലെ അന്ത്യൊക്യയിൽ ഒരു വിജാതീയസഭ രൂപംകൊണ്ടു. ഈ സഭയിലെ ഉണർവ്വിന്റെ മേൽനോട്ടം വഹിക്കാൻ ബർന്നബാസിനെ പ്രത്യേക ദൗത്യവുമായി അയച്ചു. ഒരു സഹായി വേണമെന്നു മനസ്സിലാക്കി ബർന്നബാസ് ശൗലിനെ അന്ത്യൊക്ക്യയിലേക്കു കൊണ്ടുവന്നു. ഒരു വർഷം നടന്ന തീവ്രമായ പഠിപ്പിക്കൽ പട്ടണത്തിൽ ശക്തിയായ സ്വാധീനം ചെലുത്തുകയും തൽഫലമായി അന്ത്യാക്യയിൽ വച്ച് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്ന പേര് ലഭിക്കുകയും ചെയ്തു. (പ്രവൃ, 11:20-26). ആ കാലത്ത് യെരുശലേമിൽനിന്നും ചില പ്രവാചകന്മാർ അന്ത്യൊക്യ സന്ദർശിച്ചു. അവരിലൊരാളായ അഗബൊസ് വരാൻപോകുന്ന ക്ഷാമത്തെക്കുറിച്ചു പ്രവചിച്ചു. ഉടൻതന്നെ അന്ത്യൊക്ക്യാ സഭ ഒരു ധർമ്മശേഖരം നടത്തുകയും അതു യെരൂശലേമിലെ മുപ്പന്മാർക്കു ശൗലിന്റെയും ബർന്നബാസിന്റെയും കയ്യിൽ കൊടുത്തയയ്ക്കുകയും ചെയ്തു. (പ്രവൃ 11:27). മാനസാന്തരത്തിനുശേഷം ശൗലിന്റെ യെരുശലേമിലേക്കുള്ള രണ്ടാമത്തെ യാത്രയാണ് ഇത്. ചില പണ്ഡിതന്മാർ ഈ യാത്രയെ ഗലാത്യർ 2:1-10-നോടു ബന്ധിപ്പിക്കുന്നു. എന്നാൽ പരിച്ഛേദനത്തെക്കുറിച്ചു സഭയിലുണ്ടായ വലിയ ആശയസംഘർഷത്തിന്റെ യാതൊരു സൂചനയും പ്രവൃത്തികൾ 11,12 അദ്ധ്യായങ്ങളിൽ ഇല്ല.

മിഷണറി യാത്രകൾ: പരിശുദ്ധാത്മാവിന്റെ നിർദ്ദേശത്തിൽ ബർന്നബാസിനെയും ശൗലിനെയും വേലയ്ക്കു വേർതിരിച്ചു. അങ്ങനെ വിജാതീയരുടെ ഇടയ്ക്കുള്ള പ്രവർത്തനം സഭ ഉത്ഘാടനം ചെയ്തു. (പ്രവൃ, 13:1-3).

ഒന്നാം മിഷണറി യാത്ര: കുപ്രൊസിലെ യെഹൂദന്മാരുടെ ഇടയിൽ പ്രവർത്തിച്ചുകൊണ്ടു എ.ഡി. 46/47-ൽ പൗലൊസ് തന്റെ ഒന്നാമത്തെ മിഷണറി പ്രവർത്തനം ആരംഭിച്ചു. അവർ സലമിസിൽ ചെന്നു യെഹൂദന്മാരുടെ പളളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടുണ്ടായിരുന്നു. പാഫൊസിൽ വച്ച് എലിമാസ് എന്ന വിദ്വാൻ പൗലൊസിനെ എതിർത്തു. പൗലൊസ് അവന്റെ വ്യാജം വെളിപ്പെടുത്തുകയും അവനെ ശപിച്ച് കുരുടനാക്കുകയും ചെയ്തു. ഇതുകണ്ട് സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതി കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. പൗലൊസ് മിഷണറി സംഘത്തിന്റെ സ്വീകാര്യനായ നേതാവായിത്തീർന്നു. ഏഷ്യാമൈനറിലെ തെക്കൻതീരത്തെ പംഫുല്യയിലെ പെർഗ്ഗയിലേക്കു മിഷ്ണറി സംഘം ചെന്നു. ഇവിടെ വച്ച് അവരുടെ അനുചരൻ ബർന്നബാസിന്റെ മച്ചുനനായ മർക്കൊസ് (കൊലൊ, 4:10) അവരെ വെടിഞ്ഞു യെരുശലേമിലേക്കു മടങ്ങിപ്പോന്നു. (പ്രവൃ, 13:13). ഈ പ്രവൃത്തിയെ നീതീകരിക്കാൻ സാധിക്കാത്തതായി പൗലൊസ് കരുതി. (പ്രവൃ, 15:37). മിഷണറിമാർ പിസിദ്യയിലെ അന്ത്യൊക്യയിൽ എത്തിച്ചേർന്നപ്പോൾ അവിടെയുള്ള പള്ളികൾ അവർക്കായി തുറന്നു കൊടുത്തു. ആദ്യമായി അദ്ദേഹം അഭിസംബോധനം ചെയ്ത യെഹൂദരും ദൈവത്തെ ഭയക്കുന്ന യെഹൂദേതരരും ഉൾപ്പെട്ട സദസ്സിനെക്കുറിച്ചു അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (പ്രവൃ,13:16-41). പൗലൊസ് നല്കിയ ദൂത് നല്ല മതിപ്പുളവാക്കുകയും അടുത്ത ശബ്ബത്തിലും ദുതു നല്കുവാൻ അവർ അപേക്ഷിക്കുകയും ചെയ്തു. അടുത്ത ശബ്ബത്തിൽ പ്രധാനമായും യെഹൂദേതരർ ഉൾപ്പെട്ട ഒരു വലിയ ജനക്കൂട്ടം പളളിയിലേക്കു പ്രവഹിക്കുന്നതു കണ്ടപ്പോൾ യെഹൂദ നേതാക്കന്മാർക്കു അസൂയയും എതിർപ്പും ഉണ്ടായി. അതിന്റെ ഫലമായി അവർ സുവിശേഷവുമായി ജാതികളിലേക്കു തിരിയുന്നുവെന്നു പൗലൊസ് പ്രഖ്യാപിച്ചു. പിസിദ്യയിലെ അന്ത്യൊക്യയിൽ സ്ഥാപിച്ച സഭയിൽ പ്രധാനമായും വിജാതീയരാണ് ഉണ്ടായിരുന്നത്. (പ്രവൃ, 13:42-52). യെഹൂദന്മാരുടെ ശക്തിയേറിയ എതിർപ്പുകാരണം അവർ അന്ത്യൊക്ക്യയ്ക്ക് തെക്കുകിഴക്കുളള ഇക്കോന്യയിലേക്കു പോകുകയും അവിടെ സഭ വ്യാപിക്കുകയും ചെയ്തു. ഇക്കോന്യയിൽ ഉണ്ടായ ഭീഷണിയുടെ ഫലമായി അവർ ലുക്കവോന്യയിലേക്കു പോയി. ലുസ്ത്രയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. ജന്മനാ മുടന്തനായ ഒരു മനുഷ്യനെ സുഖപ്പെടുത്തിയപ്പോൾ ദേവന്മാർ മനുഷ്യരുപത്തിൽ ഇറങ്ങിവന്നിരിക്കുന്നു എന്നു പുരുഷാരം ലുക്കവോന്യഭാഷയിൽ വിളിച്ചുപറഞ്ഞു. അവർ ബർന്നബാസിനു ഇന്ദ്രൻ എന്നും പൗലൊസിനു ബുധൻ എന്നും പേർ വിളിച്ചു. കൂടാതെ അവർ മിഷണറിമാർക്കു യാഗംകഴിക്കുവാൻ ഒരുങ്ങി. എന്നാൽ പൗലൊസ് അതിനെ എതിർക്കുകയും തടയുകയും ചെയ്തു. (പ്രവൃ, 14:15-17). ഈ സമയത്താണ് തിമൊഥയൊസ് മാനസാന്തരപ്പെട്ടത്. അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും വന്ന മതഭ്രാന്തന്മാരായ ചില യെഹൂദന്മാർ ബഹുദൈവ വിശ്വാസികളെ മിഷണറിമാർക്കു എതിരെ ഇളക്കി വിട്ടു. തുടർന്നുണ്ടായ കലഹത്തിൽ അവർ പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചു എന്നു വിചാരിച്ച് അദ്ദേഹത്തെ പട്ടണത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. എന്നാൽ ശിഷ്യന്മാർ ചുറ്റും നിന്നു ശുശ്രൂഷിച്ചതിനാൽ പൗലൊസിനു ബോധം ലഭിച്ചു. അദ്ദേഹം പട്ടണത്തിൽ വീണ്ടും പ്രവേശിക്കുകയും പിറ്റേദിവസം ദെർബ്ബയിലേക്കു പോകുകയും ചെയ്തു. അവിടെയുള്ള പ്രവർത്തനത്തിനുശേഷം അവർ വിശ്വാസികളെ ഒരുമിപ്പിച്ച് സഭകൾ രൂപീകരിക്കുന്നതിനും അവയ്ക്ക് മുപ്പന്മാരെ നിയമിക്കുന്നതിനുമായി പോയി. (പ്രവൃ, 14:1-23). അതിനുശേഷം അവർ സുറിയയിലെ അന്ത്യാക്യയിൽ തിരികെവന്നു വിജാതീയരോടു സുവിശേഷം അറിയിക്കുന്നതിന് ദൈവം എങ്ങനെ വാതിൽ തുറന്നുവെന്ന സഭയെ അറിയിച്ചു. (പ്രവൃ, 14:27).

യെരുശലേം സമ്മേളനം: ധാരാളം വിജാതീയർ സഭയിലേക്കു വന്നപ്പോൾ ഉണ്ടായ സംഘർഷത്തിന്റെ ഫലമായി യെരുശലേം സമ്മേളനം കുടി. (പ്രവൃ, 15, ഗലാ, 2:1:10). ഈ പ്രസ്ഥാനം സഭയിലെ പരീശപക്ഷത്തിനു ഉത്കണ്ഠയും എതിർപ്പും ഉളവാക്കി. യെഹൂദ്യയിൽ നിന്നും ചില ആളുകൾ അന്ത്യൊക്യയിലേക്കു വരികയും പരിച്ഛേദന ഏല്ക്കാത്ത പക്ഷം രക്ഷ ലഭിക്കുകയില്ല എന്നു സഹോദരന്മാരെ പഠിപ്പിക്കുകയും ചെയ്തു. വിശ്വാസത്താലുള്ള നീതീകരണം എന്ന പൗലൊസിന്റെ ഉപദേശത്തിനു എതിരായിരുന്നു ഇത്. പത്രൊസ് അന്ത്യാക്യയിൽ വന്നപ്പോൾ ജാതികളോടുകൂടെ ഭക്ഷിച്ചു പോന്നു. എന്നാൽ ചില യെഹൂദസഹോദരന്മാർ വന്നപ്പോൾ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പത്രൊസ് ജാതികളിൽനിന്നും മാറിനിന്നു. തന്മൂലം പൗലൊസ് പത്രൊസിനെ എല്ലാവരുടെയും മുമ്പിൽ വെച്ചു കുറ്റപ്പെടുത്തി. വിവാദഗ്രസ്തമായ ഈ പ്രശ്നം യെരുശലേമിലെ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും മുമ്പിൽ അവതരിപ്പിക്കുവാൻ പൗലൊസിനെയും ബർന്നബാസിനെയും മറ്റു ചിലരെയും യെരുശലേമിലേക്ക് അയച്ചു. പ്രശ്നത്തെക്കുറിച്ചു വേണ്ടുവോളം ചർച്ച നടത്തിയതിനുശേഷം ഈ സമ്മേളനം യെഹൂദവാദികളുടെ അഭിപ്രായത്തെ നിരാകരിക്കുകയും യെഹൂദേതര വിശ്വാസികളിൽ ന്യായപ്രമാണം അടിച്ചേല്പിക്കുന്നതു നിഷേധിക്കുകയും ഇടർച്ചയായ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കുവാൻ അവരോടു അപേക്ഷിക്കുകയും ചെയ്തു. (പ്രവൃ, 15:20,28). ഒരു ലേഖനത്തിൽ തീരുമാനം സമാഹരിച്ചിട്ട് യുദയുടെയും ശീലാസിന്റെ കയ്യിൽ അന്ത്യൊക്ക്യയിലേക്കു കൊടുത്തയച്ചു. പൗലൊസും ബർന്നബാസും അന്ത്യാക്ക്യയിൽ പ്രവർത്തനം തുടർന്നു. ഈ കാലത്താണു ഗലാത്യർ 2:11-21-ലെ സംഭവം നടന്നത്. യെഹൂദാ വിശ്വാസികൾക്കു ന്യായമാണത്തോടുള്ള ബന്ധം എന്താണെന്നു യെരൂശലേം സമ്മേളനം വ്യക്തമാക്കിയില്ല. യാക്കോബ് പ്രതിനിധാനം ചെയ്ത യെഹൂദക്രിസ്ത്യാനികൾ രക്ഷയ്ക്കായിട്ടല്ല, അവർ യെഹൂദാവിശ്വാസികൾ ആയതുകൊണ്ടു മാത്രം ഒരു ജീവിത ശൈലി എന്ന നിലയിൽ മോശീയ ന്യായപ്രമാണം അനുസരിച്ചു പോന്നു.

രണ്ടാം മിഷണറിയാത്ര: മർക്കൊസ് എന്ന യോഹന്നാനെക്കുറിച്ചുള്ള ഉഗ്രവാദത്തിൽ പൗലൊസും ബർന്നബാസും തമ്മിൽ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനോടൊപ്പം കുപ്രാസിലേക്കു പോയി. പൗലൊസ് ശീലാസിനെ തിരഞ്ഞെടുത്തു ഗലാത്യയിലെ സഭകളെ വീണ്ടും സന്ദർശിച്ചു. (പ്രവൃ, 15:36-41). ലുസ്ത്രയിൽ വച്ചു തിമൊഥയൊസിനെ പൗലൊസ് മിഷണറി സംഘത്തിൽ ചേർത്തു. യെഹൂദന്മാരുടെ ഇടയിൽ പ്രവർത്തിക്കുന്നതിനുവേണ്ടി അവനെ പരിച്ഛേദനം കഴിപ്പിച്ചു. ആസ്യയിലും ബിഥുന്യയിലും പോകുവാൻ ആത്മാവ് അവരെ സമ്മതിച്ചില്ല. ത്രോവാസിൽ വച്ച് രാത്രിയിൽ ഒരു മക്കദോന്യൻ അരികെനിന്നു കടന്നുവന്നു തങ്ങളെ സഹായിക്കണം എന്നു അപേക്ഷിക്കുന്ന ഒരു ദർശനം പൗലൊസ് കണ്ടു. അതനുസരിച്ചു് അവർ മക്കദോന്യയ്ക്കു പുറപ്പെട്ടു. (പ്രവൃ, 16:9-12). ഇതിനുശേഷം ‘അവർ’ എന്നതിനുപകരം ‘ഞങ്ങൾ’ എന്നാണ് ലൂക്കൊസ് എതുന്നത്. മക്കദോന്യയ്ക്കു പോയവരോടൊപ്പം ലൂക്കൊസും ഉണ്ടായിരുന്നു എന്നതാണ് ‘ഞങ്ങൾ’ എന്ന ആഖ്യാനം സൂചിപ്പിക്കുന്നത്. അവർ ത്രോവാസിൽ നിന്നും സമൊത്രാക്കയിലേക്കും പിറ്റെദിവസം നവപൊലിക്കും അനന്തരം ഫിലിപ്പിയിലേക്കും ചെന്നു. ഫിലിപ്പിയിലെ ആദ്യത്തെ ക്രിസ്ത്യാനി ആയ തുയത്തൈര പട്ടണക്കാരിയായ ലുദിയാ ആയിരുന്നു. ദൈവഭക്തയായ അവൾ രക്താംബരം വില്ക്കുന്നവളായിരുന്നു. അവളും കുടുംബവും സ്നാനം ഏറ്റു. തുടർന്നു ഭൂതാവേശത്തിൽ ലക്ഷണം പറഞ്ഞു യജമാനന്മാർക്കു ലാഭം വരുത്തിയിരുന്ന ഒരു ബാല്യക്കാരത്തിയെ പൗലൊസ് സൗഖ്യമാക്കി. തങ്ങളുടെ ആദായം നഷ്ടപ്പെട്ടതിൽ ക്രുദ്ധരായി അവളുടെ യജമാനന്മാർ പൗലൊസിനെയും ശീലാസിനെയും അധിപതികളുടെ മുമ്പിൽ കൊണ്ടുവന്നു. അധിപതികൾ അവരെ അടിച്ചശേഷം തടവിലാക്കി. അർദ്ധരാത്രി പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ സ്തുതിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം ഇളകി, വാതിലുകൾ തുറന്നു. തടവുകാർ രക്ഷപ്പെട്ടു എന്നു കരുതി കാരാഗൃഹപ്രമാണി ആത്മഹത്യയ്ക്കൊരുങ്ങി. പൗലൊസ് അവനെ സമാധാനപ്പെടുത്തി. തുടർന്നു കാരാഗൃഹപ്രമാണിയും കുടുംബവും മാനസാന്തരപ്പെട്ടു സ്നാനം ഏറ്റു. അവർ റോമാപൗരന്മാർ എന്നറിഞ്ഞപ്പോൾ അധിപതികൾ ഭയപ്പെട്ടു അവരോടു നല്ലവാക്കു പറഞ്ഞ് പട്ടണം വിട്ടുപോകുവാൻ അപേക്ഷിച്ചു. (പ്രവൃ, 16:13:40).

ലൂക്കൊസിനെ ഫിലിപ്പിയിൽ വിട്ടിട്ട് പൗലൊസും ശീലാസും തെസ്സലൊനീക്കയിൽ ചെന്ന് യെഹൂദന്മാരുടെ പളളിയിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നു ശബ്ബത്തിൽ പൗലൊസ് തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. അനേകം യവനന്മാരും മാന്യസ്ത്രീകളും വിശ്വസിച്ചു. യെഹൂദന്മാർ ഇളക്കിവിട്ട കലഹം നിമിത്തം അവർ ബെരോവയ്ക്കു പോയി. ബെരോവയിലെ പ്രവർത്തനം ഫലപ്രദമായിരുന്നു. തെസ്സലൊനീക്യയിലെ പുരുഷന്മാർ ഇവിടെയും വന്നു കലാപം ഉണ്ടാക്കിയപ്പോൾ ശീലാസും തിമൊഥയൊസും അവിടെ താമസിച്ചിട്ട് പൗലൊസിനെ അഥേനയിലേക്കു പറഞ്ഞയച്ചു. (പ്രവൃ, 17:1-15). തിമൊഥയൊസും ശീലാസും അഥേനയിലേക്കു വന്നു. (1തെസ്സ, 3:1-2). തിമൊഥയൊസിനെ തെസ്സലോനീക്യയിലേക്കും ശീലാസിനെ ഫിലിപ്പിയിലേക്കും അയച്ചു. (ഫിലി, 4:15, 2കൊരി, 11:9).

അഥേനയിലെ ബിംബങ്ങളെ കണ്ട് ഹൃദയത്തിൽ ചൂടുപിടിച്ച് പളളികളിലും ദിവസേന ചന്തസ്ഥലത്തും പൗലൊസ് പ്രസംഗിച്ചു. അഥേനയിലെ തത്വജ്ഞാനികൾ തന്റെ ഉപദേശത്തിന്റെ വിശദീകരണം നല്കുവാൻ പൗലൊസിനോടു ആവശ്യപ്പെട്ടു. ബഹുദൈവവിശ്വാസികളായ തത്വജ്ഞാനികളുടെ മുമ്പിൽ അരയോപഗക്കുന്നിൽ വച്ചു പൗലൊസ് നടത്തിയ പ്രസംഗം നയപരമായ ഒന്നായിരുന്നു. (പ്രവൃ, 17:22-31). പൗലൊസ് പുനരുത്ഥാനത്തെക്കുറിച്ചു പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു; ചിലർ വിശ്വസിച്ചു. എന്നാൽ ഇവിടത്തെ പ്രവർത്തനം നിരാശാജനകമായിരുന്നു. ചിലർ മാത്രം വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയോനുസ്യോസും ദമരിസ് എന്ന സ്ത്രീയും മറ്റുചിലരും ഉണ്ടായിരുന്നു. (പ്രവൃ, 17:34). വാണിജ്യ പട്ടണമായ കൊരിന്തിലെ പ്രവർത്തനം വിജയകരമായിരുന്നു. അതു പതിനെട്ടു മാസം നീണ്ടുനിന്നു. (പ്രവൃ, 18-1-17). അടുത്തകാലത്തായി റോമിൽ നിന്നും പുറത്താക്കപ്പെട്ട് അക്വിലാസ്, പിസ്കില്ല എന്നിവരോടൊപ്പം പൗലൊസ് താമസിച്ചു കൂടാരപ്പണി ചെയ്യുകയും അവിടെയുള്ള പള്ളികളിൽ പ്രസംഗിക്കുകയും ചെയ്തു. അഥേനയിലെ അനുഭവങ്ങളിൽ പൗലൊസ് നിരാശനായിരുന്നു. എന്നാൽ തിമൊഥയൊസും ശീലാസും മക്കെദോന്യയിൽ നിന്നു വന്നപ്പോൾ അദ്ദേഹം കൂടുതൽ ഊർജ്ജസ്വലനായി പ്രവർത്തിക്കാൻ തുടങ്ങി. (പ്രവൃ, 18-5). തെസ്സലൊനീക്യരെ കുറിച്ചുളള തിമൊഥയൊസിന്റെ വാർത്ത ആണ് 1തെസ്സലൊനീക്യർ എഴുതുവാൻ ഇടയാക്കിയത്. (1തെസ്സ, 3:1-2). ചില മാസങ്ങൾക്കുശേഷം കൂടുതൽ വിവരങ്ങൾ ലഭിച്ചതിനാൽ 2തെസ്സലൊനീക്യർ എഴുതി. തെസ്സലൊനീക്യയിലേക്കു തിരിച്ചുവരാൻ കഴിയാത്തതുകൊണ്ടാണ് വിശ്വാസികളുടെ ആവശ്യത്തിനായി ഈ രണ്ടു ലേഖനങ്ങളും എഴുതിയത്. കൊരിന്തിൽ വച്ചാണ് ഗലാത്യലേഖനവും എഴുതിയതെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഇവിടെ വിജാതീയരുടെ ഇടയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി ഒരു വലിയ സഭ രൂപം കൊണ്ടു. സഭാജനങ്ങളിലധികവും സമൂഹത്തിൽ താണനിലയിൽ ഉള്ളവരായിരുന്നു. എ.ഡി. 52-ൽ പുതിയ ദേശാധിപതിയായി ഗല്ലിയോൻ വന്നപ്പോൾ പൗലൊസ് നിയമവിരുദ്ധമായ മതം പഠിപ്പിക്കുന്നുവെന്നു യെഹൂദന്മാർ കുറ്റപ്പെടുത്തി. ഗല്ലിയോൻ അതു തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനം ക്രിസ്തുമതത്തിന് സർക്കാരിന്റെ മൗനസമ്മതം നേടിക്കൊടുത്തു.

ഒന്നരവർഷം കൊരിന്തിൽ പാർത്തശേഷം പൗലൊസ് അക്വിലാസിനെയും പ്രിസ്കില്ലയെയും കൂട്ടിക്കൊണ്ടു അവിടെനിന്നും സുറിയയിലേക്കു പോയി. പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ എത്തുകയായിരുന്നു പൗലൊസിന്റെ ലക്ഷ്യം. (പ്രവൃ, 20:16). എഫെസൊസ് വഴിയായിരുന്നു യെരുശലേമിലേക്കുള്ള യാത്ര. അക്വിലാസിനെയും പിസ്കില്ലയെയും എഫെസൊസിൽ വിട്ടു. എഫെസൊസിലെ പള്ളികളിൽ അപ്പൊസ്തലൻ പ്രസംഗിച്ചു. എഫെസൊസിൽ നിന്നും കൈസര്യവഴി യെരുശലേമിലേക്കു ചെന്നു. അവിടത്തെ സഭയെ വന്ദനം ചെയ്തിട്ടു അന്ത്യൊക്യയിലേക്കു പോയി. (പ്രവൃ, 18-18-22). അന്ത്യൊക്ക്യയിൽ നിന്നുള്ള പൗലൊസിന്റെ വിടവാങ്ങൽ മൂന്നാമത്തെ മിഷണറി യാത്രയുടെ ആരംഭം കുറിക്കുന്നു.

മൂന്നാം മിഷണറിയാത്ര: ഗലാത്യയിലെയും ഫ്രുഗ്യയിലെയും ശിഷ്യന്മാരെ ശക്തിപ്പെടുത്തിയിട്ട് മൂന്നുവർഷം നീണ്ടുനിന്ന ഫലവത്തായ ഒരു പ്രവർത്തനം എഫെസൊസിൽ ആരംഭിച്ചു. (പ്രവൃ, 19:1-41, 20:31). മൂന്നുമാസം പള്ളികളിൽ പ്രസംഗിച്ചു. എതിർപ്പു വർദ്ധിച്ചപ്പോൾ പള്ളിവിട്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി പ്രസംഗം കേന്ദ്രീകരിച്ചുകൊണ്ട് രണ്ടു വർഷം വിജാതീയരുടെ ഇടയിൽ പ്രവർത്തിച്ചു. അസാധാരണ അത്ഭുതങ്ങൾ (പ്രവൃ, 19:11-12) മന്ത്രവാദികളുടെ മേലുള്ള വിജയങ്ങൾ (പ്രവൃ,19:13-19) അർത്തെമിസ് ദേവീപൂജക്കെതിരെയുള്ള ആക്രമണങ്ങൾ (പ്രവൃ, 19:23-27) എന്നിവ ഇവിടത്തെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു. കച്ചവടം, മതം, ഉല്ലാസം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങൾക്കായി എഫെസൊസിൽ വന്ന പലരും സുവിശേഷവുമായി ബന്ധപ്പെട്ടു. അവർ ക്രിസ്ത്യാനികൾ ആകുകയും അവരിലുടെ സുവിശേഷം വ്യാപിക്കുകയും ചെയ്തു. (പ്രവൃ, 19:10). ഇവിടെ പ്രവർത്തനത്തിന് വളരെയധികം വിഘ്നങ്ങളുണ്ടായി. (പ്രവൃ, 20:19, 1കൊരി, 15:32). ദെമേത്രിയൊസ് എന്ന തട്ടാൻ നടത്തിയ വിപ്ലവം എഫെസൊസിൽ പൗലൊസിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാൻ കാരണമായി. (പ്രവൃ, 19:23:20:1).

യെഹൂദ്യയിലെ വിശുദ്ധന്മാർക്കായി വിജാതീയ സഭകളിൽ നിന്നു ഒരു ധർമ്മശേഖരം എഫെസൊസിൽ വച്ച് പൗലൊസ് ആരംഭിച്ചു. (1കൊരി, 16:1-4). ഈ ശേഖരം എത്തിക്കുന്നതോടു കൂടി പൗലൊസിന്റെ കിഴക്കൻ പ്രദേശത്തെ പ്രവർത്തനം സമാപ്തമായി. റോം സന്ദർശിക്കുവാനും റോമിൽ നിന്നും പെയിനിലേക്കു (റോമ, 15:22-29) പോകുവാനും നിശ്ചയിച്ച് പൗലൊസ് റോമിലേക്കു പോകുവാൻ ഒരുങ്ങി. (പ്രവൃ, 19:21). കൊരിന്തുസഭയിലെ പല പ്രശ്നങ്ങളാലും പൗലൊസ് എഫെസൊസിൽ വച്ച് ഉത്കണ്ഠാകുലനായി. ഇപ്പോൾ നഷ്ടപ്പെട്ടിട്ടുള്ള ഒരു ലേഖനത്തിൽ (1കൊരി, 5:9) ബഹു ദൈവവിശ്വാസികളോടു കൊരിന്തു സഭയിലുള്ളവരുടെ ബന്ധം സംബന്ധിച്ചുള്ള ഉപദേശം പൗലൊസ് നല്കി. അദ്ദേഹം കൊരിന്തിൽ ഒരു ചുരുങ്ങിയ സന്ദർശനം നടത്തുകയും ചെയ്തു. (2കൊരി, 12:14). കൊരിന്തുസഭയിൽ നിന്നും ഒരു സംഘം എഴുത്തുമായി വന്നതാണു 1കൊരിന്ത്യർ എഴുതുവാനുണ്ടായ കാരണം. (1കൊരി, 16:17-18, 7-1). ഈ ലേഖനത്തിൽ പൗലൊസ് സഭയിൽ നിരന്തര ശല്യമായിരിക്കുന്ന ദോഷങ്ങളെക്കുറിച്ചു പറയുന്നു. തീത്തൊസിനെ ത്രൊവാസിൽ വച്ചു പൗലൊസിനെ കാണുവാനായി ക്രമീകരിച്ചു കൊരിന്തിലേക്കു അയച്ചിരുന്നു. ത്രോവാസിൽ പൗലൊസിനു വാതിൽ തുറന്നു; എന്നാൽ തീത്തോസിന്റെ അഭാവം കാരണം അദ്ദേഹം മക്കെദോന്യയിലേക്കു പോയി. മക്കെദോന്യയിൽ വച്ചു തീത്തോസിനെ കണ്ടുമുട്ടിയപ്പോൾ തീത്തോസിന്റെ വിവിരണം പൗലൊസിനു ആശ്വാസം പകർന്നു. അതിന്റെ വെളിച്ചത്തിൽ 2കൊരിന്ത്യർ എഴുതി. (2കൊരി, 2:12-13, 7:5-16). ഈ ലേഖനം കൊരിന്തിലേക്കു തീത്തോസിന്റെ കൈവശം കൊടുത്തയച്ചു. (2കൊരി, 8:6,16-18). മക്കദോന്യയിൽ ജനങ്ങളെ പ്രബോധിപ്പിച്ചിട്ട് പൗലൊസ് മൂന്നു മാസക്കാലം കൊരിന്തിൽ താമസിച്ചു. (പ്രവൃ, 20:2-3). അദ്ദേഹത്തിന്റെ സന്ദർശനത്തിന് അവരെ ഒരുക്കുന്നതിനും സ്പാന്യയിലെ പ്രവർത്തനത്തിന് അവരുടെ സഹായം ഉറപ്പാക്കുന്നതിനും വേണ്ടി ഇവിടെവച്ച് പൗലൊസ് അപ്പൊസ്തലൻ റോമർക്കു ലേഖനം എഴുതി. (റോമ, 15:22-29, 16:1,23).

ധർമ്മശേഖരം കൊരിന്തിൽ നിന്നും യെരുശലേമിലേക്കു നേരിട്ടു കൊണ്ടുവരുന്ന പദ്ധതി റദ്ദാക്കി. പൗലൊസിനെ കൊല്ലാനുള്ള ഗൂഢശ്രമം മനസ്സിലാക്കിയതാണു കാരണം. പകരം പെസഹയ്ക്കു ശേഷം ലൂക്കൊസിനെ ഫിലിപ്പിയിൽ വിട്ടിട്ട് മക്കദോന്യവഴിയായി അദ്ദേഹം പോയി. (പ്രവൃ, 20:3-6). സഭ തിരഞ്ഞെടുത്ത സഹപ്രവർത്തകർ യാത്രയിൽ ത്രോവാസിൽ അവരെ കാത്തുനിന്നു. ഇവിടെ അവർ തിരക്കേറിയതും സംഭവബഹുലവുമായ ഒരു രാത്രി കഴിച്ചുകൂട്ടി. ഇവിടെവെച്ചു പൗലൊസ് മരിച്ച യൂത്തിക്കൊസിനെ ജീവിപ്പിച്ചു. (അപ്പൊ, 20:7-12). പെന്തെക്കൊസ്തുനാൾ യെരൂശലേമിൽ എത്തുവാൻ പ്രതീക്ഷിച്ചിരന്നതുകൊണ്ടു തന്നെ കാണുന്നതിനായി എഫെസൊസിലെ മുപ്പന്മാരെ മിലെത്താസിലേക്കു വിളിച്ചു. അദ്ദേഹത്തിന്റെ അവസാന യാത്രാസമയത്ത് പല ശക്തിയായ നിർദ്ദേശങ്ങളും ഭാവിയെക്കുറിച്ചു മുന്നറിയിപ്പുകളും അവർക്കു നല്കി. കൂടാതെ പുർവ്വാനുഭവങ്ങൾ അനുസ്മരിച്ചു. (പ്രവൃ, 20:18-35). യെരുശലേമിൽ പൗലൊസിനെ കാത്തിരിക്കുന്ന ദുരന്തം ഓർത്ത് അങ്ങോട്ടു പോകരുതെന്നു പൗലൊസിനു മുന്നറിയിപ്പ് ആവർത്തിച്ചു നല്കി. (പ്രവൃ, 21:1-16). എന്നാൽ തന്റെ കർത്താവിനും സഭയ്ക്കും വേണ്ടി എന്തും സഹിക്കാൻ തയ്യാറായി അദ്ദേഹം യെരുശലേമിലേക്കു പോയി.

തടവുകാരനായ പൗലൊസ്: മാനസാന്തരശേഷം പൗലൊസിന്റെ അഞ്ചാം യെരുശലേം സന്ദർശനമാണിത്. യാക്കോബും മൂപ്പന്മാരും സന്തോഷത്തോടെ യെരൂശലേമിൽ പൗലൊസിനെ സ്വീകരിച്ചു എങ്കിലും മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കുവാൻ പ്രവാസികളായ യെഹൂദന്മാരെ പഠിപ്പിക്കുന്നു എന്ന് വിവരം ലഭിച്ചതുകൊണ്ടു പൗലൊസിന്റെ സാന്നിദ്ധ്യം സഭയിൽ സംഘർഷം ഉളവാക്കി. ഈ വാർത്തകളെ ഉദാസീനമാക്കുന്നതിന് തനിക്കു ന്യായപ്രമാണത്തോടു യാതൊരു വെറുപ്പും ഇല്ല എന്നു തെളിയിക്കുന്നതിനായി ഒരു പദ്ധതി അവർ നിർദ്ദേശിച്ചു. പൗലൊസ് അവരുടെ അഭ്യർത്ഥന അക്രമം ഒഴിവാക്കുന്നതിനു വേണ്ടി സ്വീകരിച്ചു. യെഹൂദ്യവിശ്വാസികൾ ഇതിൽ തൃപ്തിപ്പെട്ടു. എന്നാൽ ഇതു പൗലൊസിന്റെ ബന്ധനത്തിനു കാരണമായി. ആസ്യയിൽ നിന്നുള്ള ചില യെഹൂദന്മാർ പൗലൊസിനെ ദൈവാലയത്തിൽ കണ്ടപ്പോൾ ആലയത്തെ അദ്ദേഹം അശുദ്ധമാക്കുന്നുവെന്നു ആരോപിച്ചു ബഹളം ഉണ്ടാക്കി. റോമൻ ശതാധിപന്മാരും പട്ടാളക്കാരും ഉള്ള ജനക്കുടത്തിൽനിന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ട പൗലൊസ് കോട്ടവാതിലിൽ നിന്നു പ്രസംഗിക്കുവാനുള്ള അനുമതി വാങ്ങി. പ്രസംഗത്തിലൂടെ യെഹൂദന്മാരോടുള്ള തന്റെ സ്നേഹം തെളിയിച്ചു. തന്നെ ജാതികളുടെ ഇടയിൽ പ്രവർത്തിക്കാനായി ദൈവം അയച്ചിരിക്കുന്നു എന്നു പറഞ്ഞതുവരെ ജനങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു. അതിനുശേഷം അവർ കലാപം ഉണ്ടാക്കുവാൻ തുടങ്ങി. താൻ റോമൻ പൗരൻ എന്നു സൂചിപ്പിച്ചതുകൊണ്ടു ചമ്മട്ടിയിൽ നിന്നും രക്ഷനേടി. പിറ്റേദിവസം പൗലൊസിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു നല്കുവാനുള്ള സഹസ്രാധിപന്റെ പ്രയത്നങ്ങൾ നിഷ്ഫലമായി. ആ രാത്രിയിൽ കർത്താവു പൗലൊസിനു പ്രത്യക്ഷപ്പെടുകയും റോമിലേക്കു പോകുവാൻ കല്പ്പിക്കുകയും ചെയ്തു. ഒരു വിഭാഗം ആൾക്കാർ പൗലൊസിനെ കൊല്ലുവാൻ ശ്രമിക്കുന്നു എന്നറിഞ്ഞു ദേശാധിപതി പൗലൊസിനെ ഒരു വലിയ സംരക്ഷക സംഘത്തോടൊപ്പം കൈസര്യയിലേക്കയച്ചു. (പ്രവൃ, 23:17-35).

പൗലൊസിനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നു കൈസര്യയിൽ ഫേലിക്സിനു മുമ്പാകെ നടത്തിയ വിചാരണയിൽ നിന്നും ഫേലിക്സിനു മനസ്സിലായി. എന്നാൽ യെഹൂദന്മാരുമായി ഒരു ശത്രുത്വം ഉണ്ടാക്കണ്ട എന്നു കരുതി അദ്ദേഹം തീരുമാനം മാറ്റിവച്ചു. ഫേലിക്സസിന്റെയും തന്റെ യെഹൂദഭാര്യയായ ദ്രുസില്ലയുടെയും മുമ്പാകെ ക്രിസ്തീയ വിശ്വാസം വിശദമാക്കുവാൻ പൗലൊസിനോടു ആവശ്യപ്പെട്ടു. അപ്പോൾ പൗലൊസ് നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെ പറ്റി ധൈര്യമായി പറഞ്ഞു. ഭയപരവശനായ ഫേലിക്സ് പൗലൊസിനെ പറഞ്ഞയക്കുകയും കൈക്കൂലി കൊടുത്തു. രക്ഷപ്പെടുവാനുള്ള അവസരം പൗലൊസിനു നല്കുകയും ചെയ്തു. എന്നാൽ പൗലൊസ് കൈക്കൂലി കൊടുക്കാത്തതുകൊണ്ടു ദേശാധിപതിയായി ഫെസ്തൊസ് വരുന്നതുവരെ പൗലൊസിനെ രണ്ടുവർഷം തടവിൽ സൂക്ഷിച്ചു. രണ്ടുവർഷത്തിനു ശേഷം ഫേലിക്സിനെ റോമിലേക്കു വിളിച്ചപ്പോൾ അയാൾ പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി. (പ്രവൃ, 24:1-27). ഫെസ്തൊസ് പുതിയ ദേശാധിപതിയായി വന്നപ്പോൾ യെഹൂദനേതാക്കന്മാർ വീണ്ടും പൗലൊസിനെതിരെ അന്യായം ബോധിപ്പിച്ചു. ഒരു പുതിയ ദേശാധിപതിയിൽ നിന്നും തനിക്കു നീതി ലഭിക്കുകയില്ല എന്നു മനസ്സിലാക്കിയ പൗലൊസ് തന്റെ റോമൻ പൗരത്വം ചൂണ്ടിക്കാണിച്ചു കൈസറെ അഭയം ചൊല്ലി. (പ്രവൃ, 25:1-12). ഹെരോദ് അഗ്രിപ്പാവും സഹോദരി ബെർന്നിക്കയും ഫെസ്തൊസിനെ സന്ദർശിക്കുവാൻ വന്നപ്പോൾ ഫെസ്തൊസ് പൗലൊസിന്റെ കാര്യം അഗിപ്പാവിനോടു പറഞ്ഞു. യെഹൂദന്മാരുടെ കാര്യങ്ങളിൽ വിദഗ്ദ്ധനായിരുന്നു അദ്ദേഹം. പിറ്റേദിവസം രാജകീയസദസ്സിനു മുമ്പാകെ പൗലൊസ് തന്റെ നിലയെക്കുറിച്ചും, അഗ്രിപ്പാവിനെ ക്രിസ്തുവിലേക്കു നയിക്കുന്നതിനുമായി ഒരു പ്രസംഗം നടത്തി. അഗിപ്പാവ് പൗലൊസിന്റെ നിരപരാധിത്വത്തെ ഫെസ്തൊസിന്റെ മുമ്പിൽ തുറന്നു പ്രഖ്യാപിച്ചു. (പ്രവൃ, 25:13-26:32).

എ.ഡി. 61-ലെ ശരത്കാലത്ത് യൂലിയൊസ് എന്ന ശതാധിപനോടൊപാപം പൗലൊസിനെ റോമിലേക്കു അയച്ചു. ലൂക്കൊസും അരിസ്തർഹൊസും അവരോടൊപ്പം ഉണ്ടായിരുന്നു. കാലാവസ്ഥ മോശമായതിനാൽ കപ്പലിനു യാത്ര ചെയ്യാൻ സാധിക്കാത്തതുകൊണ്ടു മുറയിൽ വച്ചു ഇറ്റലിയിലേക്കു പോകുന്ന ഒരു അലക്സാണ്ട്രിയൻ കപ്പലിൽ അവർ കയറി. പതിനാലു ദിവസം കപ്പൽ ഈശാനമൂലൻ കാറ്റിൽ ഉലഞ്ഞു. മെലിത്ത ദ്വീപിൽ വച്ച് കപ്പൽ പൂർണ്ണമായി നശിച്ചു. ആൾക്കാർ രക്ഷപ്പെട്ടു മെലിത്തയിൽ മൂന്നു മാസം താമസിച്ചു. ദ്വീപുനിവാസികൾ അവരോടു അസാധാരണമായ ദയ കാണിച്ചു. തന്റെ കയ്യിൽ തൂങ്ങിയ അണലിയെ പൗലൊസ് കുടഞ്ഞുകളഞ്ഞു. പുബ്ളിയൊസിന്റെ അപ്പനെ അപ്പൊസ്തലൻ സൗഖ്യമാക്കി. പല രോഗികളും പൗലൊസിന്റെ അടുക്കൽ വന്നു സുഖം പ്രാപിച്ചു. അനന്തരം അശ്വനിചിഹ്നമുള്ള അലെക്സാണ്ട്രിയ കപ്പലിൽ റോമിലേക്കു പോയി. റോമിൽ തന്റെ കാവലായ പടയാളിയോടൊപ്പം സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ താമസിച്ചു. വീട്ടിൽ വരുന്നവരോടു സുവിശേഷം അറിയിക്കാനുള്ള സ്വാതന്ത്യം അപ്പൊസ്തലനു ലഭിച്ചു. കാരാഗൃഹലേഖനങ്ങളായ കൊലൊസ്യർ, ഫിലേമോൻ, എഫെസ്യർ, ഫിലിപ്പിയർ എന്നിവ ഈ സമയത്ത് എഴുതിയതാണ്. ഈ കാലത്ത് അദ്ദേഹത്തിന് എഴുതുന്നതിനും ധ്യാനിക്കുന്നതിനുമുള്ള അവസരം ധാരാളം ലഭിച്ചു.

അവസാന വർഷങ്ങൾ: പൗലൊസിന്റെ വിടുതലിനെക്കുറിച്ചുള്ള ചോദ്യത്തിന് അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും ഉത്തരം ലഭിക്കുന്നില്ല. രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിട്ടയച്ചു എന്നു വിശ്വസിക്കുന്നതിന് ബലമായ തെളിവുകൾ ഉണ്ട്. റോമാ സർക്കാരിന്റെ സൗഹാർദ്ദപരമായ സമീപനം ഈ നിഗമനത്തെ അനുകൂലിക്കുകയും, കാരാഗൃഹലേഖനങ്ങൾ ഇതു പ്രതീക്ഷിക്കുകയും ഇടയലേഖനങ്ങൾ ആവശ്യപ്പെടുകയും പാരമ്പര്യം അതു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തനങ്ങൾ കുറച്ചെല്ലാം ഇടയലേഖനങ്ങളിലെ സാന്ദർഭികമായ പ്രതിപാദ്യങ്ങളിൽ നിന്നും അനുമാനിക്കാം. ഇവയുടെ ഉള്ളടക്കത്തിൽ നിന്നും 1തിമൊഥയൊസും തീത്തൊസും നീറോയുടെ പീഡനം തുടങ്ങുന്നതിനു മുമ്പു എഴുതിയതാണെന്നു വ്യക്തമായി മനസ്സിലാക്കാം. എ.ഡി. 64-ൽ അദ്ദേഹം സ്വതന്ത്രനായി. അതിനുശേഷം കിഴക്കൻ പ്രദേശങ്ങളിലേക്കു പോകുകയും എഫെസൊസ് സന്ദർശിക്കുകയും ചെയ്തിട്ട് തിമൊഥയൊസിനെ അവിടെ ആക്കിയശേഷം പൗലൊസ് മക്കദോന്യയിലേക്കു പോയി. 1തിമൊ, 1:4). അദ്ദേഹം തീത്തോസിനെ ക്രേത്തയിലെ മിഷണറി പ്രവർത്തനം പൂർത്തിയാക്കുന്നതിന് അവിടെ പാർപ്പിക്കുകയും നിക്കൊപ്പൊലിസിൽ മഞ്ഞുകാലം കഴിച്ചുകൂട്ടേണ്ട പദ്ധതികളെക്കുറിച്ചു തീത്തൊസിനു എഴുതുകയും ചെയ്തു. (തീത്താ, 1:5, 3:12). നിക്കൊപ്പൊലിസിൽ നിന്നും അദ്ദേഹം സ്പെയിനിലേക്കു പോയിരിക്കണം. എ.ഡി. 64-ൽ നീറോയുടെ പീഡനം പൊട്ടിപ്പുറപ്പെട്ട സമയത്തു പൗലൊസ് അവിടെ പ്രവർത്തിച്ചിരുന്നു. ഒരു ദുഷ്പ്രവൃത്തിക്കാരനെപ്പോലെ പൗലൊസിനെ വീണ്ടും റോമിൽ തടവുകാരൻ ആക്കിയതായി 2തിമൊഥയൊസിൽ കാണുന്നു. (1:16-17, 2:9). സഹപ്രവർത്തകരിൽ അധികം പേരും പൗലൊസിനെ വിട്ടുപോയി; ലൂക്കൊസ് മാത്രം കൂടെയുണ്ടായിരുന്നു. (2തിമൊ, 4:11). കോടതിയിൽ ആദ്യമായി അദ്ദേഹം വന്നപ്പോൾ പെട്ടെന്നുള്ള ശിക്ഷയിൽ നിന്നും ഒഴിവായി. (2പിമൊ, 4:17). വിചാരണയുടെ രണ്ടാം ഘട്ടത്തിനായി അദ്ദേഹത്തെ കാരാഗൃഹത്തിൽ സൂക്ഷിച്ചു. അടുത്ത് ശീതകാലത്തിനു മുമ്പു് തീർപ്പുണ്ടാക്കുകയില്ലെന്നു പൗലൊസിനറിയാമായിരുന്നു. (2തിമൊ, 4:21). തിമൊഥയൊസിനു എഴുതുമ്പോൾ സ്വതന്ത്രനാകും എന്നുള്ള ഒരു പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു രക്തസാക്ഷിയുടെ കൃതാർത്ഥതയോടും പ്രത്യാശയോടും കൂടെ അപ്പൊസ്തലൻ എഴുതി. “ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ലപോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കും കൂടെ.” (2തിമൊ,4:6-8). ലൂക്കൊസിന്റെ സാന്നിദ്ധ്യം പൗലൊസിനെ ആശ്വസിപ്പിച്ചു. ഒട്ടും ലജ്ജിക്കാതെ ഒനേസിഫൊരൊസ് റോമയിൽ എത്തിയ ഉടനെ പൗലൊസിനെ തിരഞ്ഞു അടുക്കലെത്തി. (2തിമൊ, 1:16-18). ശീതകാലത്തിനു മുമ്പു തന്റെ അടുക്കലെത്തുവാൻ പൗലൊസ് തിമൊഥയൊസിനോടാവശ്യപ്പെട്ടു. (2തിമൊ, 4:21). ഈ അന്തിമാഭിലാഷം നിറവേറ്റാൻ തിമൊഥയാസിനു കഴിഞ്ഞുവോ എന്നറിയില്ല.

പൗലൊസിൻ്റെ സ്വഭാവം: പൗലൊസിന്റെ ബഹുമുഖ വ്യക്തിപ്രഭാവം ചിത്രീകരണ വിധേയമല്ല. ജീവിതവും പ്രവൃത്തികളും അപഗ്രഥിച്ചാണു ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു മനസ്സിലാക്കുന്നത്. പൗലൊസിന്റെ ജീവിതത്തിലെ ഏതംശം നോക്കിയാലും അതു പരകോടിയിലാണ് പ്രത്യക്ഷപ്പെടുന്നത്. എത്ര എരിവോടുകൂടിയാണോ യഹോവയുടെ നാമമഹത്വത്തിനുവേണ്ടി ക്രിസ്ത്യാനികളെ നശിപ്പിക്കുവാൻ ശ്രമിച്ചത് അതേ എരിവോടു കൂടിത്തന്നെയാണു മാനസാന്തരത്തിനുശേഷം ക്രിസ്തുമതവ്യാപനത്തിനും ക്രിസ്തുവിനും വേണ്ടി സ്വയം ഏല്പിച്ചു കൊടുത്തത്. അക്ഷീണമായ പ്രയത്നവും പതറാത്ത ലക്ഷ്യവും സഹിഷ്ണുതയോടു കൂടിയ കഷ്ടാനുഭവവും അചഞ്ചലമായ ധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിർവ്യാജവിശ്വാസവും അദ്ദേഹത്തെ ഒരുന്നത വ്യക്തിയാക്കി മാറ്റുന്നു.

പൗലൊസ് സ്വന്തം ലേഖനങ്ങളിൽ തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിൽ നിന്നും, അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും ആണ് നാം പൗലൊസിനെക്കുറിച്ചു മനസ്സിലാക്കുന്നത്. വെളിപ്പാടിന്റെ ആധിക്യത്താൽ അനുഗൃഹീതനും ഉറക്കിളപ്പു്, പട്ടിണി, ശീതം തുടങ്ങിയവയാൽ നിരന്തരം പീഡിതനും ആയ ഒരു മനുഷ്യന്റെ ചിത്രം പൗലൊസിൽ തെളിഞ്ഞു കാണാം. ‘പൗലൊസിന്റെ നടപടികൾ’ എന്ന അപ്പൊക്രിഫാഗ്രന്ഥത്തിൽ പൗലൊസിന്റെ കായവർണ്ണനയുണ്ട്. “ചെറിയ ശരീരം, കഷണ്ടിത്തല, വളഞ്ഞു ബലമേറിയ കാലുകൾ, ചേർന്നിരിക്കുന്ന കൺപോളകൾ” എന്നിങ്ങനെ പോകുന്നു ആ വർണ്ണന. ഇതു ശരിയോ തെറ്റോ ആകാം. താൻ സഹിച്ച കഷ്ടതകളിൽ നിന്നും കരുത്തുറ്റ ഒരു ശരീരത്തിന്റെ ഉടമയായിരുന്നു പൗലൊസെന്നു ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. (2കൊരി, 11:23-28). ശാരീരികമായി പൗലൊസ് ദുർബ്ബലനും ഭാഷണം നിന്ദ്യവും ആയിരുന്നു എന്നു ചിലർ പറഞ്ഞു. (2കൊരി, 10:10). ആത്മീയ പ്രവർത്തനങ്ങളിൽ ഗൗരവവും ജാഗ്രതയും പുലർത്തിയ അദ്ദേഹം സ്വന്തമായി തൊഴിൽ ചെയ്തു ജീവിച്ചു. മറ്റു മനുഷ്യരെക്കാൾ അധികം കഷ്ടം സഹിച്ചു. കഷ്ടം അനുഭവിക്കുന്നത് വരമായി കരുതി. (ഫിലി, 1:29). ജഡത്തിലെ ഒരു ശൂലം നിരന്തരം അദ്ദേഹത്തെ പീഡിപ്പിച്ചു. (2കൊരി, 12:7). അതു വേദനാപൂർണ്ണമായ ഏതോ രോഗമോ ബലഹീനതയോ ആയിരിക്കണം. എന്തു രോഗമാണെന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങൾ നിലവിലുണ്ടു. തലവേദന, ചെവി വേദന, സംഭാഷണവൈകല്യം, കാഴ്ചയ്ക്കുള്ള പ്രയാസം, പിത്തോന്മാദം , മലമ്പനി എന്നിങ്ങനെ പല രോഗങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ബലഹീനനെന്നു തോന്നുമ്പോഴെല്ലാം താൻ ദൈവശക്തിയിൽ ആശ്രയിച്ചു. (2കൊരി, 12:9-10, ഫിലി, 4:12-13 ).

പൗലൊസിൻ്റെ അന്ത്യം: പൗലൊസിന്റെ അന്ത്യവിസ്താരത്തെപ്പറ്റി നമുക്ക് ഒരു വിവരവുമില്ല. തീവെയ്പും രാജ്യദ്രോഹവുമാണ് ആരോപണം എന്നു വിചാരിക്കാം. പൗലൊസ് വധശിക്ഷയ്ക്കു വിധിക്കപ്പെടുകയായിരുന്നു. റോമാ പൗരനായിരുന്നതുകൊണ്ട് ക്രൂശീകരണം ഒഴിവാക്കപ്പെട്ടു. എ.ഡി. 67 ജൂൺ 29-ാം തീയതിയാണ് പൗലൊസിനെ ശിരച്ഛേദം ചെയ്തത് എന്നാണു പാരമ്പര്യം. മാമെർട്ടിൻ തടവറയിൽനിന്നു പൗലൊസിനെ പടയാളികൾ കൊലക്കളത്തിലേക്കു കൊണ്ടുപോയി. ഒരുകൂട്ടം ആളുകളും ഒത്തുകൂടി. റോമൻ നഗരം വിട്ട് ഓസ്റ്റിയയ്ക്കുള്ള വഴിയേ സെസ്റ്റിയയിസിന്റെ പിരമിഡും കടന്ന് അവർ പോയി. ഓസ്റ്റിയൻ റോഡ് വളരെ തിരക്കുള്ളതാണ്. കച്ചവടക്കാരും പട്ടാളക്കാരും അടിമകളും എന്നുതുടങ്ങി വിവിധതരം ആളുകൾ സഞ്ചരിക്കുന്ന റോഡ്. കൊലയ്ക്കുവേണ്ടി ആനയിക്കപ്പെടുന്ന ആ കൊച്ചു മനുഷ്യനെ അവർ ഒന്നു നോക്കാതിരിക്കായില്ല. പൗലോസാകട്ടെ, “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലായിടത്തും ഞങ്ങളെക്കൊണ്ടു പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം’ (2കൊരി, 2:14) എന്നു പറഞ്ഞുകൊണ്ടാണ് നടന്നത് എന്നു വിചാരിക്കാം. മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ട തനിക്ക്, അവിടെ കണ്ട കാഴ്ചകൾ അപ്പോൾ തന്റെ മനസ്സിൽ ഓടിയെത്താതിരിക്കുകയില്ല. ദമസ്ക്കൊസ് റോഡിൽ മദ്ധ്യാഹ്നത്തിൽ കണ്ട ദൈവപുത്രനെ ഉൾക്കണ്ണാൽ കണ്ടുകൊണ്ടായിരുന്നു ആ നടപ്പ് എന്നുള്ളതിനും സംശയം വേണ്ടാ. “നാമെല്ലാവരും നിദ്രകൊള്ളുകയില്ല” (1കൊരി, 15:52) എന്നു കൊരിന്ത്യരോടു പറഞ്ഞപ്പോൾ ആ “എല്ലാവരിലും” താൻ ഉൾപ്പെടുകയില്ല എന്ന് പൗലോസ് അന്ന് അറിഞ്ഞിരുന്നില്ല; എന്നാൽ ഇപ്പോൾ മനസ്സിലായി.

ഓസ്റ്റിയൻ റോഡിൽ മൂന്നാം മൈലിൽ ഇന്ന് ട്രിഫോന്റേൻ (Tre Fontaane) എന്നറിയപ്പെടുന്ന സ്ഥലത്ത് അവർ നിന്നു. തടവുകാരൻ മുട്ടുകുത്താൻ ശതാധിപൻ ആജ്ഞാപിച്ചു. ആരാച്ചാരുടെ വാൾ ഒരു നിമിഷം വെട്ടിത്തിളങ്ങിയപ്പോൾ മഹാനായ അപ്പോസ്തലനും വേദശാസ്ത്രജ്ഞനും പ്രവാചകനുമായ പൗലോസിന്റെ ശിരസ്സ് നിലത്തുവീണുരുണ്ടു. പിടയുന്ന കബന്ധത്തിൽനിന്ന് തർസൊസിലെ ശൗൽ വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെയായി. ‘ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല’ എന്നു തെളിയിച്ചുകൊണ്ട് ആ ജീവിതം ഇവിടെ അവസാനിച്ചു എങ്കിലും ‘മരിച്ചശേഷവും സംസാരിച്ചുകൊണ്ടിരിക്കുന്ന’ ഒരു ജീവിതമായി, ലക്ഷോപലക്ഷങ്ങൾക്ക് മാർഗ്ഗദർശകവും ആവേശവുമായി അത് ഇന്നും ഇരിക്കുന്നു. അന്ത്യകാഹളത്തിങ്കൽ ‘ഹേ, മരണമേ, നിന്റെ ജയമെവിടെ’ എന്നു ചോദിക്കാൻ മഹാനായ അപ്പൊസ്തലൻ എഴുന്നേറ്റു വരും.

മത്ഥിയാസ്

മത്ഥിയാസ് (Matthias)

ഈസ്കര്യോത്താ യൂദാ ഒഴിഞ്ഞുപോയ സ്ഥാനത്തേക്ക് അപ്പൊസ്തലന്മാർ തിരഞ്ഞെടുത്തവൻ: “ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (പ്രവൃ, 1:26).

പേരിനർത്ഥം — യഹോവയുടെ ദാനം

മത്ഥിയാസ്, മത്തായി എന്നീ പേരുകൾ ‘മത്ഥഥ്യാവ്’ എന്ന പേരിന്റെ രൂപഭേദങ്ങളാണ്. ഈസ്കര്യോത്ത യുദയ്ക്കു പകരം മത്ഥിയാസ് അപ്പൊസ്തലനായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം നൂറ്റി ഇരുപതുപേരുടെ സംഘം കൂടിയിരുന്നപ്പോൾ യൂദയ്ക്ക് പകരം ഒരാളെ തിരഞ്ഞെടുക്കേണ്ട ആവശ്യവും തിരഞ്ഞടുക്കപ്പെടേണ്ട വ്യക്തിയുടെ യോഗ്യതകളും പത്രൊസ് വിശദമാക്കി. അതനുസരിച്ചു യുസ്തൊസ് എന്നു മറു പേരുളള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു. ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു. (അപ്പൊ, 1:12-26). ദൈവഹിതം അനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്. മത്ഥിയാസിനെക്കുറിച്ചു മറ്റൊന്നും തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ യേശു അയച്ച എഴുപതു പേരിലൊരാളായിരുന്നു മത്ഥിയാസ് എന്നു എവുസെബിയൂസ് തന്റെ സഭാചരിത്രത്തിൽ പറയുന്നു.

യൂദാ

യൂദാ (Judas)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2, 4; മർക്കൊ, 3:19; ലൂക്കൊ, 6:16).

പേരിനർത്ഥം — സ്തുതി

യൂദാ ഈസ്കര്യോത്താവ് യേശുവിന്റെ പ്രന്തണ്ടു ശിഷ്യന്മാരിൽ ഒരുവനാണ്. ശിമോൻ ഈസ്കരോത്താവിന്റെ മകൻ. (യോഹ, 6:71, 13:26). കർത്താവ് യൂദയെ വിളിക്കുന്നതിനു മുമ്പുള്ള അവന്റെ ജീവിതത്തെക്കുറിച്ചു ഒരറിവുമില്ല. സമവീക്ഷണ സുവിശേഷങ്ങളിൽ കൊടുത്തിട്ടുള്ള പ്രന്തണ്ടു അപ്പൊസ്തലന്മാരുടെ പട്ടികയിൽ യൂദയുടെ പേര് ഒടുവിലാണ് കാണപ്പെടുന്നതു. (മത്താ, 10:4, മർക്കൊ, 3:19, ലൂക്കൊ, 6:16). യൂദയുടെ പേർ പറയുമ്പോഴെല്ലാം യേശുവിനെ കാണിച്ചുകൊടുത്ത (മർക്കൊ, 3:19, മത്താ, 10:4) ദ്രോഹിയായിത്തീർന്ന (ലൂക്കൊ, 6:16) എന്നീ വിശേഷണങ്ങൾ ചേർത്തിരിക്കുന്നതു കാണാം. കെര്യോത്ത് ഗ്രാമവാസി എന്നാണ് ഈസ്കര്യോത്താവ് എന്ന വാക്കിന്റെ അർത്ഥം. അപ്പൊസ്തലിക ഗണത്തിൽ യൂദയായിരുന്നു പണസഞ്ചി സൂക്ഷിപ്പുകാരൻ. (യോഹ, 13:29). അപ്പൊസ്തലന്മാർ ചുറ്റി സഞ്ചരിക്കുമ്പോൾ പണവും വഴിപാടുകളും സ്വീകരിക്കുകയും ദരിദ്രർക്കു വിതരണം ചെയ്യുകയും പതിവായിരുന്നു. അവയുടെ ചുമതലക്കാരൻ യൂദാ ഈസ്കര്യോത്താവായിരുന്നു. പണം കൂടുതൽ കൈവശം വന്നപ്പോൾ യൂദാ ധനമോഹിയും അവിശ്വസ്തനും കള്ളനും ആയിത്തീർന്നു. (യോഹ, 12:4-6).

സുവിശേഷ സംഭവങ്ങളുടെ അന്ത്യരംഗങ്ങളിൽ യൂദായുടെ വഞ്ചന നിഴലിടുന്നതു കാണാം. വിലയേറിയ സ്വച്ഛജടാമാംസിതൈലം കൊണ്ടു കർത്താവിന്റെ പാദത്തെ അഭിഷേകം ചെയ്ത മറിയയുടെ പ്രവൃത്തിയെ യൂദാ വിമർശിച്ചു. (യോഹ, 12:3-5). അവളുടെ പ്രവൃത്തിയുടെ മഹിമയെ യേശു പുകഴ്ത്തിയെങ്കിലും അതു മനസ്സിലാക്കുവാനുള്ള മനോഭാവം യൂദയ്ക്കുണ്ടായിരുന്നില്ല. ആ തെലം വിറ്റു പണസ്സഞ്ചി വീർപ്പിക്കുന്നതിലായിരുന്നു യൂദയുടെ നോട്ടം. ദരിദ്രർക്കു വേണ്ടിയുള്ള വാദമെന്ന നിലയ്ക്കാണ് യൂദാ മറിയയുടെ പ്രവൃത്തിയെ വിമർശിച്ചത്. ബേഥാന്യയിലെ ഈ സംഭവത്തെത്തുടർന്നു യൂദാ കർത്താവിനെ ഒറ്റിക്കൊടുക്കുവാനായി മഹാപുരോഹിതന്മാരുടെ അടുക്കലേക്കു പോയി. (മത്താ, 26:14-16, മർക്കൊ, 14:10-11, ലൂക്കൊ, 22:3-6). യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു യേശു മുൻകൂട്ടി അറിയുകയും പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. (യോഹ, 6:70-71). യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു എന്തുതരും എന്നു ചോദിച്ചു. അവർ അവനു മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. (മത്താ, 26:15, ഒ.നോ. സെഖ, 11:12, പുറ, 21:32). യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു അനുകൂലമായ സന്ദർഭം യൂദാ കാത്തിരിക്കുകയായിരുന്നു. അന്ത്യ അത്താഴത്തിനായി യേശുവും ശിഷ്യന്മാരും മാളികമുറിയിൽ കൂടിയിരുന്ന സന്ധ്യയ്ക്കു യൂദായ്ക്ക് സന്ദർഭം ലഭിച്ചു. (മർക്കൊ, 14:17-18). അത്താഴ സമയത്തു യൂദാ തന്നെ കാണിച്ചു കൊടുക്കുന്നതിനെക്കുറിച്ചു യേശു വ്യക്തമാക്കി. യേശുവിന്റെ കയ്യിൽ നിന്നു അപ്പ ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ യുദായിൽ കടന്നു. (യോഹ, 13:27). ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി. (യോഹ, 13:30). യേശുക്രിസ്തു ഗത്ത്ശെമനയിൽ അന്നു രാത്രി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പടയാളികളെത്തി. ചുംബനത്താൽ യുദാ യേശുവിനെ കാണിച്ചുകൊടുത്തു. (മത്താ, 26:41-49, മർക്കൊ, 18:-5 ). “യൂദയേ, മനുഷ്യപുത്രനെ ചുംബനം കൊണ്ടോ കാണിച്ചുകൊടുക്കുന്നത്” എന്നു യേശു ചോദിച്ചു. (ലൂക്കൊ, 22:48). യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു കണ്ടപ്പോൾ യുദാ അനുതപിച്ചു . മഹാപുരോഹിതന്മാരുടെ അടുക്കൽ മടങ്ങിവന്നു അവൻ തന്റെ കുറ്റം ഏറ്റുപറഞ്ഞു മുപ്പതു വെള്ളിക്കാശ് മടക്കിക്കൊടുത്തു. അവർ സ്വീകരിക്കാത്തതു കൊണ്ടു ആ വെള്ളിക്കാശ് മന്ദിരത്തിലെറിഞ്ഞ് ശേഷം അവൻ തൂങ്ങിച്ചത്തു. (മത്താ, 27:3-5). യൂദാ നാശയോഗ്യനായിരുന്നു. (യോഹ, 17:12). അവന്റെ അന്ത്യം അത്യന്തം ദാരുണമായിരുന്നു. “അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.” (പ്രവൃ, 1:18). “തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയി”. (അപ്പൊ, 1:24).

ശിമോൻ

ശിമോൻ (Simon)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: എരിവുകാരനായ ശിമോൻ.” (മത്താ, 10:2, 4; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — കേട്ടു

യേശുക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. ശിമോൻ (മത്താ, 10:4), കനാന്യനായ ശിമോൻ (മർക്കൊ, 3:18), എരിവുകാരനായ ശിമോൻ (ലൂക്കൊ,6:15, അപ്പൊ, 1:13) എന്നിങ്ങനെ ഈ ശിമോൻ അറിയപ്പെടുന്നു. കനാൻ നിവാസി എന്ന അർത്ഥത്തിലല്ല ഇവിടത്തെ കനാന്യപ്രയോഗം. പില്ക്കാലത്തു എരിവുകാർ എന്നറിയപ്പെട്ട വിഭാഗത്തിലുൾപ്പെട്ടവൻ കനാന്യൻ എന്നറിയപ്പെട്ടിരുന്നു. പ്രസ്തുത സംഘവുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരിക്കണം. ഈ അപ്പൊസ്തലനെക്കുറിച്ചു കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

ശിമോൻ്റെ പില്ക്കാല പ്രവർത്തനങ്ങളെക്കുറിച്ച് അബദിയാസ് എന്ന ഒരാൾ എഴുതിയ ‘അപ്പൊസ്തലന്മാരുടെ ചരിത്രം’ (History of the Apostles) എന്ന ഗ്രന്ഥത്തിൽ ശിമോനും യൂദായും ഒരുമിച്ചു പേർഷ്യയിൽ സുവിശേഷം പ്രസംഗിച്ചു എന്നു കാണുന്നു. അവിടെ രണ്ടു മാന്ത്രികന്മാർ അവർക്ക് എതിരാളികളായിത്തീർന്നു. ശിമോന്റെയും യൂദായുടെയും ജ്ഞാനവും ശക്തിയും മൂലം മാന്ത്രികരെ തോല്പിച്ചു. അപ്പോൾ ഈ മാന്ത്രികരെ കൊന്നുകളവാൻ അവിടത്തെ രാജാവ് കല്പിച്ചു. എന്നാൽ അപ്പൊസ്തലന്മാർ അതിനു സമ്മതിച്ചില്ല. മാന്ത്രികരാകട്ടെ ദേശത്തെല്ലാം നടന്ന് അപ്പൊസ്തലന്മാർക്ക് എതിരായി അപവാദപ്രചരണം നടത്തി. ഒടുവിൽ അപ്പൊസ്തലന്മാർ ‘സുവാനീർ’ എന്നൊരു പട്ടണത്തിൽ എത്തി. ജനങ്ങൾ അവരെ പിടിച്ചു തങ്ങളുടെ ക്ഷേത്രത്തിൽ കൊണ്ടുപോയി. ദേവന്മാർക്കു യാഗം കഴിക്കയോ മരണം വരിക്കയോ ഏതു വേണമെന്നു തീരുമാനിക്കാൻ ആവശ്യപ്പെട്ടു. യേശു നമ്മെ വിളിക്കുന്നു എന്നു യുദാ ശിമോനോടു പറഞ്ഞു. ഞാനും മാലാഖമാരുടെ നടുവിൽ യേശുവിനെ കാണുന്നു എന്നു ശിമോൻ പറഞ്ഞു. വേഗം പൊയ്ക്കൊൾക, ക്ഷേത്രം നിലംപതിക്കയും ജനങ്ങൾ മുഴുവൻ ചാവുകയും ചെയ്യുമെന്നു പറഞ്ഞു. അരുതേ, ഇവരിൽ ചിലർകൂടി മാനസാന്തരപ്പെടുവാൻ അവസരം കൊടുക്കണമെന്നു ശിമോൻ പറഞ്ഞു . അവർ ഓടി രക്ഷപെടുവാൻ ഇഷ്ടപ്പെട്ടില്ല. അപ്പോൾ ജനങ്ങൾ അവരെ പിടിച്ചു കൊന്നുകളഞ്ഞു. അങ്ങനെ ശിമോനും യൂദായും ഒരുമിച്ചു രക്തസാക്ഷിമരണം വരിച്ചു എന്നു പറയപ്പെടുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74-ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു ചരിത്രവുമുണ്ട്.

ശിമോൻ എരിവുകാരനായിരുന്നു എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെരോദാവ് മരിക്കുന്നതിനു മുമ്പ് തന്റെ രാജ്യം തന്റെ മൂന്നുമക്കൾക്കായി വിഭജിച്ചുകൊടുത്തു. വടക്കുകിഴക്കു ഭാഗത്തുള്ള ഇതുര്യാതൃക്കോനിത്ത പ്രദേശം ഫിലിപ്പോസിനും ഗലീല ഹെരോദാ അന്തിപ്പാസിനും യെഹൂദ്യയും ശമര്യയും അർക്കലയോസിനും ലഭിച്ചു . ഈ വിഭജനത്തിന് റോമാ ഗവൺമെന്റിന്റെ അംഗീകാരം ആവശ്യമായിരുന്നു. അതു ലഭിക്കുന്നതിന് മുമ്പുതന്നെ ഗലീലയിലെ യുദാസ് എന്നൊരുവന്റെ നേതൃത്വത്തിൽ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു (പ്രവൃ, 5:36-37). ഈ വിഭജനം റോമാക്കാർ അംഗീകരിച്ചു എങ്കിലും അർക്കലയോസ് അപ്രാപ്തനായ ഭരണകർത്താവ് ആയിരുന്നതിനാൽ, യെഹൂദ്യയും ശമര്യയും റോമാ ഗവൺമെന്റിന്റെ നേരിട്ടുള്ള ഭരണത്തിലായിത്തീർന്നു. സാധാരണ പതിവനുസരിച്ചു പുതിയ പ്രവിശ്യയിൽ നല്ല ഭരണ സംവിധാനം ഏർപ്പെടുത്തുന്നതിനും നികുതിപിരിവു മുതലായ കാര്യങ്ങൾ ക്രമപ്പെടുത്തുവാനുമായി ജനസംഖ്യ കണക്കെടുക്കുന്നതിന് ഗവർമെന്റ് ഉത്തരവിട്ടു (ലൂക്കൊ, 2:1-3). ഉടനെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഒരു യെഹൂദന് ദൈവം മാത്രമാണ് രാജാവ്. കരമോ കപ്പമോ മറ്റാർക്കും കൊടുക്കുന്നതിനെ യെഹൂദൻ അംഗീകരിക്കയില്ല. അങ്ങനെ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിന് യുദാ നേതൃത്വം നല്കി. എന്നാൽ റോമാ ഗവർമെന്റ് അതിനെ നിഷ്കരുണം അടിച്ചമർത്തുകയും യൂദാസ് കൊല്ലപ്പെടുകയും ചെയ്തു. വളരെ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ ഈ വിപ്ലവത്തിന്റെ ഫലമായിട്ടാണ് ‘എരിവുകാർ’ എന്നൊരു പാർട്ടി രൂപം പ്രാപിച്ചത്. അവർ യെഹൂദ ന്യായപ്രമാണം സംബന്ധിച്ചു നല്ല തീഷ്ണതയുള്ളവരും വിദേശമേധാവിത്വത്തെ ശക്തിയോടെ എതിർക്കുന്നവരുമായിരുന്നു. ഇങ്ങനെയുള്ള ഒരു പാർട്ടിക്കു സാധാരണ വന്നുചേരാവുന്ന വിപത്ത് ഇവർക്കും ഉണ്ടായി. അങ്ങനെ എരിവുകാരുടെ പാർട്ടി കാലക്രമേണ കൊള്ളയും കൊലയും നടത്തി റോമാഭരണത്തെ എല്ലാവിധത്തിലും എതിർക്കുന്ന ഒരു ഭീകരപ്രസ്ഥാനമായി മാറി. യേശു വിളിക്കുന്നതിനു മുമ്പ് ശിമോനും ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. കാര്യസാധ്യത്തിനു വേണ്ടി എതിരാളികളെ കൊല ചെയ്യാൻ മടിക്കാത്ത എരിവുകാരനായ ശിമോൻ മറ്റുള്ളവർക്കു വേണ്ടി സ്വന്തജീവനെ ബലികഴിക്കുവാൻ തയ്യാറായി.

തദ്ദായി

തദ്ദായി (Thaddaeus)

പേരിനർത്ഥം — വിശാലഹൃദയൻ

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ. തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല.

പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.

ചെറിയ യാക്കോബ്

ചെറിയ യാക്കോബ് (James)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: അല്ഫായുടെ മകൻ യാക്കോബ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:16; പ്രവൃ, 1:13).

പേരിനർത്ഥം — ഉപായി

പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായ ചെറിയ യാക്കോബ് അല്ഫായിയുടെ മകനാണ്. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കൊ, 6:15 ,അപ്പൊ, 1:13). യാക്കോബിന്റെ അമ്മയുടെ പേര് മറിയ എന്നായിരുന്നു. (മർക്കൊ, 15:40, 16:1). ചില വാക്യങ്ങളുടെ വെളിച്ചത്തിൽ യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയാണ് ഈ മറിയ എന്നു ചിലർ കരുതുന്നു. (യോഹ, 19:25, മത്താ, 27:56). മറ്റേ യാക്കോബിനെക്കാൾ പ്രായത്തിലോ വലിപ്പത്തിലോ ചെറുതായിരുന്നതു കൊണ്ടായിരിക്കണം ചെറിയ യാക്കോബ് എന്നു അറിയപ്പെട്ടത്. (മർക്കൊ, 15:40). യാക്കോബിന് രണ്ടു സഹോദരന്മാരുണ്ട്; യൂദായും, യോസയും. (മത്താ, 27:56, ലൂക്കൊ, 6:16). അല്ഫായി മക്കളിലാതെ മരിച്ചുവെന്നും യോസേഫ് അയാളുടെ ഭാര്യയെ പരിഗ്രഹിച്ചുവെന്നും ചിന്തിക്കുന്നവരുണ്ട്. അപ്രകാരം ജനിച്ച യാക്കോബ് നിയമപരമായി അല്ഫായിയുടെ പുത്രനും യേശുവിന്റെ അർദ്ധസഹോദരനുമാണ്. 94-ാം വയസിൽ യാക്കോബിനെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

മത്തായി

മത്തായി (Matthew)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ചുങ്കക്കാരൻ മത്തായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — യഹോവയുടെ ദാനം

മത്ഥഥ്യാവ് എന്ന പേരിന്റെ സംഗൃഹീതരൂപമാണ് മത്തായി. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾ. അല്ഫായിയുടെ മകനായ ലേവിയാണ് മത്തായി എന്നു അറിയപ്പെട്ടത്. (മർക്കൊ, 2:14; ലൂക്കൊ, 5:27-29; മത്താ, 10:3, മർക്കൊ, 3:18 ; ലൂക്കോ, 6:15, പ്രവൃ, 1:13). കഫർന്നഹൂമിൽ പാർത്തിരുന്ന മത്തായി ഒരു ചുങ്കക്കാരനായിരുന്നു . അക്കാലത്ത് ഗെന്നേസരത്ത് തടാകത്തിനു ചുറ്റും ധാരാളം ആൾപാർപ്പുണ്ടായിരുന്നു. സമുദ്രഗതാഗതവും വാണിജ്യവും കൊണ്ടു ആ പ്രദേശം സമ്പന്നമായിരുന്നു. റോമാ സർക്കാർ അവിടെ ഒരു ചുങ്കസ്ഥലം ഏർപ്പെടുത്തി, ചുങ്കം പിരിവുകാരനായി മത്തായിയെ നിയോഗിച്ചു. ചുങ്കസ്ഥലത്തിരിക്കുമ്പോഴാണ് യേശു അവനെ വിളിച്ചത്. ഉടൻതന്നെ മത്തായി എഴുന്നേറ്റു യേശുവിനെ അനുഗമിച്ചു. (മത്താ, 9:9, മർക്കൊ, 2:14, ലൂക്കൊ, 5:27-28). തുടർന്ന് മത്തായി വീട്ടിൽ യേശുവിനു വിരുന്നു നല്കി. (ലൂക്കൊ, 5:29, മത്താ, 9:10, മർക്കൊ, 2:15). അനേകം ചുങ്കക്കാരും പാപികളും ഈ വിരുന്നിൽ പങ്കുകൊണ്ടു. (മത്താ, 9:10). അതിനുശേഷം മത്തായിയെക്കുറിച്ചുള്ള പരാമർശം ഒരിടത്തു മാത്രമേയുള്ളു. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം മാളികമുറിയിൽ കാത്തിരുന്നവരുടെ കൂട്ടത്തിൽ മത്തായി ഉണ്ടായിരുന്നു. (പ്രവൃ, 1:13). പുതിയനിയമത്തിലെ ആദ്യത്തെ പുസ്തകം മത്തായി എഴുതിയ സുവിശേഷമാണ്. ചുങ്കക്കാരനായിരുന്ന മത്തായി യേശുവിന്റെ ശിഷ്യനായിത്തീരുന്നത്, രൂപാന്തരപ്പെടുത്തുന്ന ദൈവകൃപയുടെ ഉത്തമ ദൃഷ്ടാന്തമാണ്. മത്തായി എഴുതിയ സുവിശേഷം ക്രൈസ്തവസഭയുടെ അതിശ്രഷ്ഠമായ സമ്പത്താണെന്നുള്ളതിന് സംശയമില്ല.

മത്തായിയുടെ ജീവിതാവസാനത്തെപ്പറ്റി ബൈബിളിലില്ല. എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു എന്നൊരു ചരിത്രമുണ്ട്. കൂടാതെ പല ഐതിഹ്യങ്ങൾ ഉണ്ട്; പേർഷ്യ, പാർഥിയ, മക്കെദോന്യ എന്നീ പ്രദേശങ്ങളിലൊക്കെയും സവിശേഷം പ്രസംഗിച്ചു എന്നു പറയുന്നു. ‘അന്തയാസിന്റെയും മത്തായിയുടെയും പ്രവ്യത്തികൾ’ എന്ന കൃതിയിൽ (Acts Andrew and Mathew) വിശ്വസനീയമെന്നു പറയാൻ പാടില്ലാത്ത ഐതിങ്ങൾ ഉണ്ട്. മത്തായി ഏതോ ഒരു ദേശത്ത് നരഭോജികളുടെ ഇടയിൽ സുവിശേഷം പ്രസംഗിച്ചുപോലും! അവിടെ അദ്ദേഹം അത്ഭുതങ്ങൾ പ്രവർത്തിച്ചു. അതിൽ അസൂയപൂണ്ട് രാജാവ് അവനെ തടവിലക്കി. അതേത്തുടർന്ന് കൊട്ടാരത്തിൽ അഗ്നിജ്വാല കാണപ്പെട്ടുവെന്നും, ഒടുവിൽ തീ തുപ്പുന്ന നാഗമായി രാജാവിനെ ആക്രമിച്ചു എന്നും പറയപ്പെപ്പെടുന്നു. തൽഫലമായി രാജാവ് മാനസാന്തരപ്പെട്ട് ഒരു ക്രൈസ്തവ പുരോഹിതനായിത്തീർന്നു എന്നും പറയുന്നു. മത്തായി അധികം താമസിയാതെ മരിച്ചു എന്നും രണ്ടു മാലാഖമാർ അപ്പൊസ്തലൻ്റെ ആത്മാവിനെ സ്വർഗത്തിലേക്ക് ആനയിച്ചു എന്നുമാണ് ആ കഥ. അതല്ല മത്തായിക്കു സ്വാഭാവിക മരണമാണുണ്ടായതെന്നാണ് മറ്റൊരു കഥ.

തോമാസ്

തോമാസ് (Thomas)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തോമസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — ഇരട്ട

യേശുക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരിൽ ഒരുവൻ. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കോ, 6:15). ഇരട്ട എന്നാണ് തോമാസ് എന്ന പേരിന്നർത്ഥം. ഇരട്ടയിൽ ഒറ്റ സഹോദരനോ സഹോദരിയോ എന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ചുള്ള തെളിവുകളൊന്നും പുതിയനിയമത്തിലില്ല. യോഹന്നാൻ 11:16, 20:24, 21:2 എന്നീ വാക്യങ്ങളിൽ ദിദിമോസ് എന്ന തോമാസ് എന്നാണ് പയോഗം. തോമാസ് എന്ന എബ്രായപദത്തിന്റെ ഗ്രീക്കു രൂപമാണ് ദിദിമോസ്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലും തോമാസിൻ്റെ വിളിയെക്കുറിച്ചുളള രേഖ മാത്രമേയുളളു. തോമാസിനക്കുറിച്ച് നമുക്കു ലഭിക്കുന്ന ശിഷ്ടകാര്യങ്ങൾ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ്. ലാസർ മരിച്ചശേഷം യേശു ബേഥാന്യയ്ക്കു പോകുന്ന കാര്യം പറഞ്ഞപ്പോൾ അപകടം മണത്ത് തോമാസ്. ‘അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക’ എന്നു സഹശിഷ്യന്മാരോടു പറഞ്ഞു. (യോഹ, 11:16). അന്ത്യഅത്താഴത്തിൽ തന്റെ വേർപാടിനെക്കുറിച്ചു യേശു പറയുകയായിരുന്നു: ഉടൻ തോമാസ് പറഞ്ഞു; “കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും. (യോഹ, 14:35).

പുനരുത്ഥാനത്തിനു ശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമാസ് ഇല്ലായിരുന്നു. ഈ സംഭവം മററു ശിഷ്യന്മാർ വിവരിച്ചപ്പോൾ നേരിൽ കണ്ടല്ലാതെ, ക്രിസ്തുവിന്റെ പുനരുത്ഥാനം താൻ വിശ്വസിക്കയില്ലെന്നു തോമാസ് ശഠിച്ചു. എട്ടു ദിവസത്തിനുശേഷം ശിഷ്യന്മാർ അകത്തു കൂടി വാതിൽ അടച്ചിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ പ്രത്യക്ഷപ്പെട്ടു. തന്നെ തൊട്ടുനോക്കി വിശ്വസിക്കുന്നതിനു തോമാസിനോട് യേശു പറഞ്ഞു. സംശയം മാറിയ തോമാസ് ‘എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളാവ’ എന്നു ഏറ്റു പറഞ്ഞു. യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. (യോഹ, 20:24-29). ഈ സംഭവത്തിൽ നിന്നാണ് സംശായാലുവായ ശിഷ്യൻ എന്ന വിശേഷണം തോമാസിനു ലഭിച്ചത്. അനന്തരം തോമാസിനെക്കുറിച്ചു രണ്ടു പരാമർശങ്ങൾ മാത്രമേയുളളു. ഗലീല കടൽക്കരയിൽ ആറു ശിഷ്യന്മാരോടൊപ്പം തോമാസും ഉണ്ടായിരുന്നു. (യോഹ, 20:2). യേശുവിന്റെ സ്വർഗ്ഗാരോഹണ ശേഷം മാളികമുറിയിൽ ഒരുമനപ്പെട്ടു പ്രാർത്ഥിച്ചുകൊണ്ടിരുന്നവരുടെ കൂട്ടത്തിൽ തോമാസ് ഉണ്ടായിരുന്നു. (പ്രവൃ, 1:13). വിശ്വാസത്തിൽ മന്ദനും വിഷാദമഗ്നനും ദോഷൈകദൃക്കും ആയിരുന്നു തോമാസ്. പരസ്പരബന്ധമില്ലാത്ത പാരമ്പര്യങ്ങൾ തോമാസിനെക്കുറിച്ച് നിലവിലുണ്ട്. കൂടുതൽ പ്രാചീനമായ പാരമ്പര്യമനുസരിച്ച് പാർത്ഥ്യ അഥവാ പേർഷ്യയിൽ അദ്ദേഹം സുവിശേഷം പ്രചരിപ്പിച്ചു, എഡെസ്സയിൽ അടക്കപ്പെട്ടു. ‘തോമാസിന്റെ നടപടി’ അനുസരിച്ച് സുവിശേഷ പ്രവർത്തനത്തിനായി അപ്പൊസ്തലന്മാർ ചീട്ടിട്ട് ഭൂമിയെ പന്ത്രണ്ടായി വിഭാഗിച്ചു. തോമാസിന് ഇൻഡ്യ ലഭിച്ചു. ഗുണ്ടഫർ രാജാവിനെയും മറ്റു പ്രമുഖ വ്യക്തികളെയും അദ്ദേഹം ക്രിസ്ത്യാനികളാക്കുകയും ഒടുവിൽ രക്തസാക്ഷിയായി മരിക്കുകയും ചെയ്തു. അപ്പൊസ്തലൻ കൊടുങ്ങല്ലൂർ വഴി കേരളത്തിൽ പ്രവേശിച്ചു എന്നും മദ്രാസിനടുത്ത് പറങ്കിമലയിൽ വച്ച് കൊല്ലപ്പെട്ടു എന്നും മൈലാപൂരിൽ അടക്കപ്പെട്ടു എന്നും ഒരു ഐതീഹ്യം ഉണ്ട്. തോമാസ് അപ്പൊസ്തലൻ കേരളത്തിൽ വന്നു എന്നു തെളിയിക്കാൻ ചരിത്രപരമായ രേഖകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ബർത്തൊലൊമായി

ബർത്തൊലൊമായി (Bartholomew)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ബർത്തൊലൊമായി.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — തൊലൊമായിയുടെ മകൻ

യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾ. (മത്താ, 10:3, മർക്കോ, 3:18, ലൂക്കൊ, 6:14, പ്രവൃ, 1:13). യോഹന്നാന്റെ സുവിശേഷത്തിൽ പറയപ്പെട്ടിട്ടുള്ള (145-51, 21:2) നഥനയേലും ബർത്തൊലൊമായിയും ഒരാൾ തന്നെയാണ്. യോഹന്നാൻ മാത്രമാണ് നഥനയേൽ എന്ന പേരു പറയുന്നത്; എന്നാൽ ബർത്തൊലൊമായിയെ കുറിച്ച് മിണ്ടുന്നില്ല. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങളിൽ അതേ സ്ഥാനത്ത് ബർത്തൊലൈാമായി എന്നാണ് പറയുന്നത്. മാത്രമല്ല, നഥനയേൽ എന്ന പേർ അവയിൽ കാണുന്നുമില്ല. കൂടാതെ, ബർത്തൊലൊമായി എന്നത് ഒരു പേരല്ല; പിതാവിന്റെ പേരിനെ അടിസ്ഥാനമാക്കിയുളള അപരനാമമാണ് ബർത്തൊലൊമായി. സ്വന്തം പേർ നഥനയേൽ എന്നാണ്. അപ്പൊസ്തലന്മാരുടെ നാലു പട്ടികകളിലും ഫിലിപ്പൊസ്, ബർത്താലാമായി എന്നീ പേരുകൾ ഒരുമിച്ചാണ് കാണുന്നത്. അതുപോലെ യോഹന്നാൻ സുവിശേഷത്തിൽ ഫിലിപ്പൊസിനെയും നഥനയേലിനെയും ഒരുമിച്ചാണു പറഞ്ഞിട്ടുള്ളത്. ഇക്കാരണങ്ങളാൽ ബർത്താലാമായിയും നഥനയേലും ഒരാൾ തന്നെയാണെന്ന് സ്പഷ്ടമാണ്. ഫിലിപ്പോസാണ് നഥനയേലിനെ യേശുവിൻ്റെ അടുക്കൽ കൊണ്ടുവന്നത്. “നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല” എന്നു അവനെക്കുറിച്ചു പറഞ്ഞു. നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: “ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരം പറഞ്ഞു. നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 1:47-49).

ബർത്തൊലൊമായി ഫിലിപ്പോസിനോടു കൂടെ ഫ്രുഗ്യയിലും ഹെയ്റാപൊലിസിലും സുവിശേഷം പ്രസംഗിച്ചു എന്നും, ഫിലിപ്പോസ് അവിടെ രക്തസാക്ഷിയായി മരിച്ചു എന്നും, ബർത്തൊലൊമായി അവിടെനിന്നും അർമീനിയായിൽ പോയി സുവിശേഷം പ്രസംഗിച്ച് ഒരു സഭ സ്ഥാപിച്ചുവെന്നും ഒരു പാരമ്പര്യമുണ്ട്. അർമീനിയായിലെ ക്രിസ്ത്യാനികൾ അതു വിശ്വസിക്കയും ചെയ്യുന്നു. മറ്റൊരു പാരമ്പര്യം; ബർത്തൊലൊമായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തൊലൊമായിയെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

ഫിലിപ്പൊസ്

ഫിലിപ്പൊസ് (Philip)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഫിലിപ്പൊസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — അശ്വസ്നേഹി

യേശുവിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. വിശേഷാൽ യേശു തന്നെ അനുഗമിക്കാൻ പറഞ്ഞ ആദ്യശിഷ്യനാണ് ഫിലിപ്പൊസ്. (യോഹ, 1:43). അപ്പൊസ്തലന്മാരുടെ പട്ടികയിൽ അഞ്ചാമതായി പറയപ്പെട്ടിരിക്കുന്നു. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കോ, 6:14,അപ്പൊ, 1:13). ഗലീലയിലെ ബേത്ത്സയിദയാണ് സ്വദേശം. (യോഹ, 1:44, 12:21). ഫിലിപ്പോസിനെക്കുറിച്ചു ചുരുങ്ങിയ വിവരണം മാത്രമേ തിരുവെഴുത്തുകളിലുള്ളൂ. അന്ത്രെയാസ് സഹോദരനായ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. പിറ്റേദിവസം ഗലീലയിലേക്ക് പുറപ്പെടുമ്പോൾ തന്നെ അനുഗമിക്കുന്നതിന് യേശു ഫിലിപ്പോസിനോടു പറഞ്ഞു. (യോഹ . 1:41-43). യേശുവിനെ അനുഗമിച്ച ഫിലിപ്പോസ് ആദ്യം ചെയ്തതു നഥനയേലിനെ യേശുവിങ്കലേക്കു നയിക്കുകയായിരുന്നു. “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; വന്നു കാൺക എന്നു ഫിലിപ്പോസ് നഥനയേലിനോടു പറഞ്ഞു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു. നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.” (യോഹ, 45-47).

തിബര്യാസ് കടല്ക്കരയിൽ വച്ചു അയ്യായിരം പേരെ പോഷിപ്പിക്കുന്നതിനു മുന്നോടിയായി ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങുമെന്നു ഫിലിപ്പൊസിനെ പരീക്ഷിച്ചു യേശു ചോദിച്ചു. (യോഹ, 6:5-7). ക്രിസ്തുവിന്റെ ഈ ചോദ്യത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ട്. ഒന്ന്; ഭക്ഷണം നല്കുന്നതിന്റെ ചുമതല ഫിലിപ്പോസിനു നല്കിയിരുന്നു. രണ്ട്; ഫിലിപ്പോസ് വിശ്വാസത്തിൽ ബലഹീനനായിരുന്നു. ഫിലിപ്പോസിന്റെ ഉത്തരം രണ്ടു നിഗമനങ്ങളെയും സാധുവാക്കുന്നു. “ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല.” യെരുശലേമിൽ വച്ചു ചില യവനന്മാർ ഫിലിപ്പോസിന്റെ അടുക്കൽ വന്നു തങ്ങൾക്കു യേശുവിനെ കാണുവാൻ താൽപര്യം ഉണ്ടു എന്നു ഫിലിപ്പൊസിനോടു പറഞ്ഞു. ഫിലിപ്പോസ് അന്ത്രെയാസിനോട് ആലോചിച്ചശേഷം രണ്ടുപേരും കൂടെ ചെന്നാണ് ഇക്കാര്യം യേശുവിനെ അറിയിച്ചത്. (യോഹ, 12:21-22). മാളികമുറിയിലെ പ്രഭാഷണസമയത്ത് “ഫിലിപ്പൊസ് യേശുവിനോടു കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8-10). യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ ശേഷം യെരൂശലേമിലെ മാളികമുറിയിൽ പ്രാർത്ഥനയ്ക്ക് കൂടിയിരുന്ന പതിനൊരുവരുടെ കൂട്ടത്തിൽ ഫിലിപ്പോസും ഉണ്ടായിരുന്നു. (അപ്പൊ, 1:13). ഒരു പാരമ്പര്യമനുസരിച്ചു ഫ്രുഗ്യയിൽ സുവിശേഷ പ്രചാരണം നടത്തിയ അപ്പൊസ്തലൻ ഹെയ്റാപൊലിസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54-ൽ തൂക്കിക്കൊല്ലുകയും ചെയ്തു.