തല്മൂദ്

തല്മൂദ് (Talmud)

യെഹൂദ വാമൊഴി പാരമ്പര്യങ്ങൾ ക്രോഡീകരിച്ച ഗ്രന്ഥം. ദൈവം സീനായിൽവെച്ച് മോശെയ്ക്ക് ഇതു പറഞ്ഞുകൊടുത്തു എന്നു യെഹൂദന്മാർ വിശ്വസിക്കുന്നു. യഥാർത്ഥത്തിൽ ഇത് യെഹൂദ റബ്ബിമാരുടെ വർഷങ്ങളായുള്ള ജ്ഞാനവചനങ്ങളുടെ ശേഖരമാണ്. തല്മൂദിൻ്റെ എഴുതപ്പെട്ട രണ്ടു വ്യത്യസ്ത പതിപ്പുകളുണ്ട്. ബാബിലോണിയൻ (ബാബ്ലി) അഥവാ ചെറിയത്. പൂർത്തിയാകാത്ത പലസ്തീനിയൻ അഥവാ യെറുഷല്മി.

തല്മൂദ് എന്ന നാലു വ്യഞ്ജനാക്ഷരങ്ങളുള്ള ഒരു സന്നിഗ്ദ്ധ ധാതുവിൽ നിന്നാണ് തല്മൂദ് എന്ന പദത്തെ നിഷ്പാദിപ്പിച്ചിരുന്നത. ലാമാദ് (പഠിക്കുക), ലിമ്മേദ് (പഠിപ്പിക്കുക) എന്നീ ധാതുക്കളിൽ നിന്നു തല്മൂദ് എന്ന പദം രൂപം കൊണ്ടതായി ഇന്നു പൊതുവെ കരുതപ്പെടുന്നുണ്ട്. എസ്രായുടെ കാലം മുതൽ എ.ഡി. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ഉദ്ദേശം ആയിരം വർഷത്തിനിടയ്ക്ക് രൂപം കൊണ്ട ബൈബിൾ വ്യാഖ്യാനങ്ങളും, ചട്ടങ്ങളും, സുഭാഷിതങ്ങളും തലമുദ് ഉൾക്കൊള്ളുന്നു. തല്മൂദ് ആദ്യം വാചിക രൂപത്തിലായിരുന്നു. ലിഖിത ന്യായപ്രമാണത്തിനു പുറമെ, സീനായി പർവ്വതത്തിൽ വച്ച് ദൈവവും മോശയുമായി നടന്ന സംഭാഷണം മുതൽ ഒരു വാചികമായ ന്യായപ്രമാണം തലമുറകളിലേക്കു കൈമാറി വന്നു എന്ന വിശ്വാസത്തിൽ നിന്നു വികാസം പ്രാപിച്ചതാണു് തല്മൂദ്. ഈ വാചിക ന്യായപ്രമാണം ജനത്തിന്റെ ഉള്ളിൽ പ്രതിഷ്ഠിക്കുന്നതിന് ന്യായപ്രമാണ ദാതാവും പ്രവാചകന്മാരും അശ്രാന്ത പരിശ്രമം നടത്തി. പള്ളികളിലും പാഠശാലകളിലും ബൈബിളിനെ അടിസ്ഥാനമാക്കി ഉപദേഷ്ടാക്കന്മാർ നല്കിയ ഉപദേശങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും ആധിക്യം നിമിത്തം അവ സ്മൃതിയിൽ സൂക്ഷിക്കുക പ്രയാസമായപ്പോൾ അവയെ സമാഹരിച്ചു പ്രസാധനം ചെയ്യേണ്ടിവന്നു. തല്മൂദിന്റെ ഉത്ഭവം അങ്ങനെയായിരുന്നു. എബ്രായ പഴയനിയമം കഴിഞ്ഞാൽ യെഹൂദ ജനതയുടെ മേൽ ഏറ്റവും സ്വാധീനം ചെലുത്തിയത് തല്മൂദാണ്. യാഥാസ്ഥിതിക യെഹൂദന്മാർ ജീവിതത്തിൻ്റെയും വിശ്വാസത്തിൻറയും മാനദണ്ഡമായി തല്മൂദിനെ മാനിക്കുന്നു. ഉല്പതിഷ്ണുക്കളായ യെഹൂദന്മാർ തല്മൂദിനെ ആദരണീയമായി കരുതുന്നു എങ്കിലും ആധികാരികമായി അംഗീകരിക്കുന്നില്ല. യെഹൂദന്മാരുടെ പഴയനിയമ വ്യാഖ്യാനരീതി തല്മൂദിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. 

തല്മൂദ് ഒന്നാമതായി ലിഖിത ന്യായപ്രമാണത്തിലെ വിധികളെയും ചട്ടങ്ങളെയും വ്യാഖ്യാനിച്ച് അവയുടെ ഉള്ളടക്കവും വ്യാപ്തിയും വിശദമാക്കുന്നു. വാചിക ന്യായപ്രമാണം കൂടാതെ ലിഖിത ന്യായപ്രമാണം അനുഷ്ഠിക്കാൻ അസാദ്ധ്യമാണ്. ‘വേല’ എന്ന പദത്തിന്റെ വ്യാപ്തി അറിയാതെ ശബ്ബത്തിനെക്കുറിച്ചുള്ള കല്പന അനുസരിക്കുന്നതു പ്രയാസമാണ്. രണ്ടാമതായി ലിഖിത ന്യായപ്രമാണത്തിലെ വിധികളെയും ചട്ടങ്ങളെയും യിസ്രായേലിൻ മാറിവരുന്ന പരിതഃസ്ഥിതികളോടു തല്മൂദ് പൊരുത്തപ്പെടുത്തുന്നു. എസ്രായുടെ കാലത്തെ മഹാസഭയ്ക്ക് ഈ അധികാരം ഉണ്ടെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദത്തിന് അനുകൂലമായി തെളിവുകളൊന്നും ഇല്ല.  

മിദ്രാഷും മിഷ്ണയും: തല്മൂദിന്റെ പൂർവ്വ വർത്തികളായിരുന്നു മിദ്രാഷും മിഷ്ണയും. ‘അന്വേഷിച്ചു കണ്ടെത്തുക, പരിശോധന കഴിക്കുക’ എന്നീ അർത്ഥങ്ങളുള്ള ‘ദാറാഷ്’ എന്ന എബായ ധാതുവിൽ നിന്നാണ് മിദ്രാഷിന്റെ നിഷ്പത്തി. ഉപരിതലത്തിൽ ദൃശ്യമല്ലാത്ത ഒരാശയം അഥവാ ചിന്ത കണ്ടെത്തുക എന്നർത്ഥം. ബൈബിൾ പാഠം വിശദമാക്കുമ്പോൾ നിയമപരമായ ഉപദേശം ഉരുത്തിരിയുകയാണെങ്കിൽ അതു മിദ്രാഷ് ഹലഖാഹ് ആണ്; നിയമപരമല്ലാത്തതും, നൈതികവും ഭക്തി പ്രധാനവും ആയ ഉപദേശം രൂപം കൊണ്ടാൽ അത് മിദ്രാഷ് ഹഗ്ഗദാഹ് ആണ്. ബി.സി. 444-ലെ മഹാസഭായോഗത്തിൽ ന്യായപ്രമാണം പരസ്യമായി വായിച്ചപ്പോൾ എസ്രായും കൂട്ടരും മിദ്രാഷ് മാതൃകയിലുള്ള വ്യാഖ്യാനരീതിയാണ് പിന്തുടർന്നത്. എസ്രായെ തുടർന്നു വന്ന ശാസ്ത്രിമാർ (സോഫെറീം) മിദ്രാഷ് രീതിയെ പിൻപറ്റി. ബി.സി. 270-ൽ ശാസ്ത്രിമാരുടെ പ്രവർത്തനം അവസാനിച്ചു. പിന്നീട് അഞ്ചു ജോടി ഗുരുക്കന്മാർ (സുഗോത്) ഉദയം ചെയ്തു. അവരിൽ ഏറ്റവും മഹാന്മാരും അന്ത്യന്മാരുമാണ് ഷമ്മായിയും ഹില്ലേലും (ബി.സി. ഒന്നാം ശതകത്തിൻറെ അന്ത്യം) ഗുരുക്കന്മാരുടെ (സുഗോത്) ഒരു പുതിയ അദ്ധ്യാപന രീതി ഉടലെടുത്തു. മിദ്രാഷ് രീതിക്കു വിരുദ്ധമായി തിരുവെഴുത്തുകളെ പരാമർശിക്കാതെ അവർ വാചിക ന്യായപ്രമാണം പഠിപ്പിച്ചു. ഏതു വിഷയവും പഠിപ്പിക്കാനുള്ള സാദ്ധ്യത അങ്ങനെ ഉരുത്തിരിഞ്ഞു. വാചികമായ ന്യായപ്രമാണത്തെ ഖണ്ഡിക്കുവാൻ ലിഖിത ന്യായപ്രമാണ പാഠത്തെ സദൂക്യർ ഉപയോഗപ്പെടുത്തിയതാണ് അതിനു പ്രധാന കാരണം. ആവർത്തനം കൊണ്ടാണ് വാചിക ന്യായപ്രമാണം നിലനിന്നത്. അതിനാൽ പുതിയ അദ്ധ്യാപനരീതിക്കു മിഷ്ണ (ആവർത്തനം) എന്ന പേർ ലഭിച്ചു. ഷമ്മായിയുടെയും ഹില്ലേലിന്റെയും കാലത്തു തന്നെ മിഷണയുടെ സമാഹൃതരൂപം ഉണ്ടായിരുന്നു. അക്കിബാ റബ്ബിയും മിഷ്ണ സമാഹരിച്ചിട്ടുണ്ട്. ഇവയെ പ്രയോജനപ്പെടുത്തി പ്രഭു എന്ന അപരനാമത്തിൽ അറിയപ്പെട്ട യെഹൂദാ റബ്ബി മിഷ്ണയെ സമാഹരിച്ചു. ഈ മിഷ്ണ ജനസമ്മതി നേടുകയും പലസ്തീനിലെയും ബാബിലോണിലെയും പാഠശാലകളിൽ പലനൂറ്റാണ്ടുകൾ പാഠപുസ്തകമായി തുടരുകയും ചെയ്തു. നിയമങ്ങൾക്ക് എ.ഡി. 200-500 കാലയളവിൽ റബ്ബിമാർ നല്കിയി വ്യാഖ്യാനങ്ങൾ ഗെമറ (പൂർത്തീകരണം) എന്ന പേരിലറിയപ്പെട്ടു. മിഷണയും ഗെമറയും കൂടിച്ചേർന്നതാണ് തല്മൂദ്.

തല്മൂദിൻ്റെ വിഭാഗങ്ങൾ: തല്മൂദിനെ വിഭാഗിച്ചിരിക്കുന്നത് മൂന്നു തത്വങ്ങളിലാണ്. 1. വിഷയം, 2. ബെബിളിലെ ക്രമം, 3. സംഖ്യ തുടങ്ങിയ കൃത്രിമ ഉപാധികൾ. തല്മൂദിന് ആറുവിഭാഗങ്ങൾ (സെദാറീം) ഉണ്ട് . ഓരോ വിഭാഗത്തെയും ലേഖനങ്ങൾ (മസ്സെഖ്തോത്) ആയി തിരിച്ചു. അറുപത്തിമൂന്നു ലേഖനങ്ങളുണ്ട്. ലേഖനത്ത അദ്ധ്യായങ്ങൾ (പെറാക്കീം) ആയി വിഭജിച്ചിട്ടുണ്ട്.

1. സെറായീം — വിത്തുകൾ (Seeds): കാർഷിക നിയമങ്ങൾ. ഭൂമി കൃഷി ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ അനുഷ്ഠിക്കേണ്ട മതപരമായ കർത്തവ്യങ്ങളും, കാർഷികോത്പന്നങ്ങളിൽ നിന്നു പുരോഹിതനും, ലേവ്യനും, ദരിദ്രനും കൊടുക്കേണ്ട വിഹിതത്തെക്കുറിച്ചുള്ള കല്പനകളും ഉൾക്കൊള്ളുന്നു.

2. മൊ എദ് — പെരുനാളുകൾ (festivals): ശബ്ബത്തു, ഉത്സവങ്ങൾ, ഉപവാസങ്ങൾ എന്നിവയെക്കുറിച്ചുള്ള നിയമങ്ങൾ. ഉത്സവങ്ങൾക്ക് അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഉണ്ട്. 

3. നാഷീം — സ്ത്രീകൾ (women): വിവാഹം, വിവാഹമോചനം, ദേവരവിവാഹം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങൾ; നാസീർ വതത്തിന്റെ വിധികൾ.

4. നെസിക്കിൽ — നഷ്ടപരിഹാരം (fines): പൗരസംബന്ധമായ നിയമങ്ങൾ, ശിക്ഷാനിയമങ്ങൾ, വാണിജ്യ ഇടപാടുകൾ, റബ്ബിമാരുടെ സുഭാഷിതങ്ങൾ. 

5. കൊദഷീം — വിശുദ്ധ വസ്തുക്കൾ (consecrated things): വിശുദ്ധമന്ദിരം, യാഗാർപ്പണങ്ങൾ ആദ്യജാതൻ എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങൾ. ഹെരോദാവിൻറ ദൈവാലയത്തെക്കുറിച്ചുള്ള വർണ്ണനയും ഉണ്ട്. 

6. ഗൊഹൊറൊത് — ശുദ്ധീകരണം (purifications): കാർമ്മികമായ ശുദ്ധിയും അശുദ്ധിയും, ശുദ്ധാശുദ്ധ വ്യക്തികൾ വിശുദ്ധീകരണം.

രണ്ടുപാഠങ്ങൾ: സംക്ഷിപ്ത, വ്യക്തത, സമഗ്രത എന്നീ ഗുണങ്ങൾ മിഷ്ണയ്ക്കുണ്ട്. പലസ്തീനിലെയും ബാബിലോണിലെയും റബ്ബിമാരുടെ വിദ്യാകേന്ദ്രങ്ങളിൽ മിഷ്ണ പാഠ്യവിഷയമായി. തൽഫലമായി മിഷയ്ക്ക് പലസ്തീന്യൻ പാഠവും ബാബിലോന്യൻ പാഠവും നിലവിൽ വന്നു. ഈ പഠനകേന്ദ്രങ്ങളിൽ നടന്ന ചർച്ച ന്യായപ്രമാണ പഠനത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അതാണ് തല്മൂദ് എന്നറിയപ്പെട്ടത്. തല്മൂദിലെ ചർച്ചകൾ അധികവും സംവാദരീതിയിലാണ്. ചോദ്യം അവതരിപ്പിക്കുകയും മറുപടി ആരായുകയും ചെയ്യുകയായിരുന്നു. നിലവിലുള്ള തല്മൂദ് മിഷ്ണയുടെ മൂന്നിൽ രണ്ടു ഭാഗത്തിന്റെ വ്യാഖ്യാനമാണ്. 

പലസ്തീനിയൻ തലമൂദിന് യെറുഷല്മി എന്നും പേരുണ്ട്. തിബെര്യാസ്. കൈസര്യ, സെഫോറിസ് എന്നീ വിദ്യാകേന്ദ്രങ്ങളാണ് പലസ്തീനിയൻ തല്മൂദിനു ജന്മം നല്കിയത്. ആദ്യത്തെ നാലു വിഭാഗങ്ങൾക്കു മാത്രമേ പലസ്തീനിയൻ തല്മൂദിൽ ഗെമറ ഉള്ളു. പാശ്ചാത്യ അരാമ്യ ഭാഷയിലാണു രചന. എ.ഡി. മൂന്നും നാലും നൂറ്റാണ്ടുകളിൽ പലസ്തീനിലെ യെഹൂദന്മാർ റോമൻ ഭരണാധികാരികളുടെ കഠിന പീഡനത്തിനു വിധേയരായി. അക്കാലത്തു ധൃതിയിൽ സമാഹരിച്ചതുകൊണ്ടു പലസ്തീനിയൻ തല്മൂദ് അപൂർണ്ണമായിപ്പോയി. ബാബിലോന്യൻ തല്മൂദ് പൌരസ്ത്യ അരാമ്യയിലാണ് രചിക്കപ്പെട്ടത്. യെഹൂദാറബ്ബിയുടെ മിഷണയെ അടിസ്ഥാനമാക്കി ബാബിലോന്യൻ കേന്ദ്രങ്ങളിൽ നടന്ന ചർച്ചകളാണ് ഈ തലമൂദിലെ ഉള്ളടക്കം. ബാബിലോന്യൻ തല്മൂദിൻറ ഉത്പത്തിക്കു ഹേതുഭൂതനായ അബ്ബാ അറികാ (Abba Arika) യെഹൂദാ റബിയുടെ കീഴിൽ മിഷ്ണ അഭ്യസിച്ച വ്യക്തിയാണ്. 

ഗെമറകൾ: യഹൂദമതത്തിലെ വാചിക നിയമങ്ങളുടെ കച്ചിക്കുറുക്കിയ സംഗ്രമായ മിഷ്ണ അതിന്റെ സംക്ഷിപ്തതയ്ക്കു പേരെടുത്തിരിക്കുന്നു. വിശദീകരണങ്ങളും കഥാഖ്യാനങ്ങളും അതിൽ തികച്ചും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിഷയ പ്രതിപാദനത്തിൽ ഇതിനു നേർവിപരീതമായ സമീപനം പിന്തുടരുന്ന ഗെമറകൾ എഴുതപ്പെട്ടിരിക്കുന്നത് അരമായ ഭാഷയിലാണ്. മിഷ്ണയിലെ വിടവുകൾ ദീർഘമായ വിശദീകരണങ്ങളും ഉദാഹരണങ്ങളും കൊണ്ട് നികത്താൻ ഗെമറകൾ ശ്രമിക്കുന്നു. ഇടക്ക് അവ കാടുകയറുന്നതായിപ്പോലും തോന്നാം. മിഷ്ണയുടെ ഉള്ളടക്കം മിക്കവാറും, നിയമാവതരണം എന്നു പറയാവുന്ന ‘ഹലഖ’ (Halakha) ആണെങ്കിൽ, മതനിയമങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത ചർച്ചകളും, കഥകളും ചേർന്ന ‘ഹഗ്ഗദ്ദ’ (Haggada) കൂടി ചേർന്നതാണ് ഗെമാറകൾ.

മനുഷ്യജീവിതത്തേയും മനുഷ്യാവസ്ഥയെ തന്നേയും സംബന്ധിച്ച് തീവ്രസംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യഹൂദമനീഷിമാർ ഗെമറകളിൽ പ്രത്യക്ഷപ്പെടുന്നു.

“രണ്ടരവർഷക്കാലം ഷമ്മായി ഭവനവും ഹില്ലേൽ ഭവനവും തർക്കിച്ചുകൊണ്ടിരുന്നു: മനുഷ്യന് സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടാതിരിക്കുകയായിരുന്നു ഭേദം എന്നു ഷമ്മായി ഭവനം വാദിച്ചു; സൃഷ്ടിക്കപ്പെടാതെ ഇരിക്കുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടുന്നതാണു നല്ലതെന്നു ഹില്ലേൽ ഭവനവും. ഒടുവിൽ അഭിപ്രായസമന്വയത്തിനു ശ്രമിച്ച അവർ ഈ നിഗമനത്തിൽ എത്തിച്ചേർന്നു: സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടാതിരിക്കുന്നതാണ് മനുഷ്യനു നന്ന്; എങ്കിലും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇനി അവൻ സ്വന്തം ചെയ്തികൾ ശ്രദ്ധിക്കട്ടെ.” (Talmud Eruvin 13b)

ദൈനംദിനജീവിതവുമായി തീവ്രബന്ധമുള്ള കഥകളും ഉദാഹരണങ്ങളും ഈ ചർച്ചകളിൽ കടന്നു വരുന്നു. രണ്ടുശിഷ്യന്മാരുടെ അഭിരുചികൾക്കിടയിൽ വിഷമിച്ച ഒരു റബ്ബി തന്റെ നില ഒരിടത്ത് ഇങ്ങനെ വിശദീകരിക്കുന്നു: “റബ്ബിമാരായ അമ്മിയും അസ്സിയും, റബ്ബി ഐസക്കിനൊപ്പം ഇരിക്കുമ്പോൾ, അവരിൽ ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: ‘ഗുരു ഞങ്ങളോട് ചില നിയമകാര്യങ്ങൾ പറയുമോ?’ അപ്പോൾ അപരൻ പറഞ്ഞു: ‘ഗുരു ഞങ്ങൾക്ക് വല്ല ഗുണപാഠകഥകളും പറഞ്ഞു തരുമോ?’ അദ്ദേഹം നിയമം പറഞ്ഞപ്പോൾ ഒരുവന് അപ്രീതിയുണ്ടായി, ഗുണപാഠകഥകൾ അപരനേയും അപ്രീതിപ്പെടുത്തി. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: ‘ഇതെന്തു സ്ഥിതിയെന്നു വിശദീകരിക്കാൻ ഞാൻ ഒരു ഉപമ പറയട്ടെ? ചെറുപ്പക്കാരിയും വൃദ്ധയുമായി രണ്ടു ഭാര്യമാരുണ്ടായിരുന്ന ഒരുത്തന്റെ സ്ഥിതി തന്നെ. ചെറുപ്പക്കാരി അയാളുടെ നരച്ച മുടി പിഴുതു മാറ്റി; വൃദ്ധ കറുത്ത മുടിയും. അങ്ങനെ അയാളുടെ തലയിൽ മുടിയേ ഇല്ലാതായി.” (Babylonian Talmud: Tractate Baba Kamma 60b).

മേൽപ്പറഞ്ഞ സവിശേഷതകൾ ഗെമറകളെ കേവലം ശുഷ്കപാഠം എന്നതിനു പകരം ഒരു ജനതയുടേയും അവരുടെ ജീവിതത്തിന്റേയും മിഴിവുറ്റ ചിത്രമാക്കി മാറ്റിയിരിക്കുന്നു. ഗെമാറകളിൽ, വായനക്കാരന് വലിയ മനുഷ്യരുടെ സ്വകാര്യജീവിതത്തിന്റെ എത്തിനോട്ടത്തിനു പോലും അവസരം കിട്ടുന്നു.

ലിഖിതരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്ന തല്മൂദ് മഹാപീഡനം അനുഭവിച്ചു തുടങ്ങി. ഹദ്രിയൻ (117-138) തുടങ്ങിയ റോമാ ചക്രവർത്തിമാരും പാർസ്യ രാജാക്കന്മാരും ന്യായപ്രമാണപഠനം വിലക്കി. മദ്ധ്യയുഗത്തിൽ തല്മൂദിനെ അഗ്നിക്കിരയാക്കി. ക്രിസ്ത്യാനികളായിത്തീർന്ന യെഹൂദന്മാരായിരുന്നു ഇതിനു പിന്നിൽ. നിക്കൊളാസ് ദോനിൻ തല്മൂദിനെതിരെ അവതരിപ്പിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോപ്പ് ഗ്രിഗറി രണ്ടാമൻ തല്മൂദ് കണ്ടുകെട്ടാൻ കല്പ്പന പുറപ്പെടുവിച്ചു. 1242 ജൂൺ മാസത്തിൽ ഇരുപത്തിനാലു വണ്ടി ഗ്രന്ഥങ്ങൾ കൊണ്ടുവന്നു; പാരീസിൽ വച്ചു പരസ്യമായി ചുട്ടു. റ്യൂഹ്ലിൻ്റെ (1453-1522) കാലം വരെ ഈ ദഹനം തുടർന്നു. യെഹൂദന്മാരോടുള്ള വൈരം തല്മൂദിനെ നശിപ്പിക്കുവാൻ അടുത്തകാലം വരെയും ശത്രുക്കളെ പ്രേരിപ്പിച്ചു. പ്രാഥമിക പാഠശാല മുതലുള്ള യെഹൂദ വിദ്യാഭ്യാസത്തിൽ തല്മൂദിന് പ്രധാന സ്ഥാനമുണ്ട്. 

കുറിപ്പുകൾ: എ.ഡി. 69-70-ൽ റോമിനെതിരെ നടന്ന യഹുദരുടെ ആദ്യകലാപത്തിന്റെ താൽമുദിലെ വിവരണത്തിൽ നായകസ്ഥാനം നൽകപ്പെട്ടിരിക്കുന്നത്, റബ്ബാൻ യോഹാനാൻ ബെൻ സക്കായ് എന്നയാൾക്കാണ്. കലാപകാരികൾ കൈയ്യടക്കിയിരുന്ന യെരുശലേമിൽ നിന്ന് ശത്രുപാളയത്തിലേക്ക് പലായനം ചെയ്ത്, റോമൻ സേനാധിപൻ വെസ്പേഷ്യന്റെ മേൽക്കോയ്മ അംഗീകരിക്കുകയാണ് ബെൻ സക്കായ് ചെയ്തത്. യെരുശലേമിന്റെ പതനത്തെ തുടർന്ന് യഹൂദ വേദപഠനത്തിന്റെ കേന്ദ്രമായിത്തീർന്ന യാംനിയയിലെ വിദ്യാപീഠത്തിന്റെ സ്ഥാപകൻ ബെൻ സക്കായ് ആയിരുന്നെന്ന് പറയപ്പെടുന്നു. യഹൂദകലാപകാരികളെ തല്മുദ്, റബ്ബിമാരുടെ ഉപദേശത്തിനു ചെവികൊടുക്കാതെ എടുത്തു ചാടി, മുഴുവൻ സമൂഹത്തേയും അപകടപ്പെടുത്തിയ ഉന്മത്തന്മാരായും ചിത്രീകരിച്ചു.

തിരുനാളുകളെ സംബന്ധിച്ച താൽമുദ് നിബന്ധമായ ബെറ്റ്സായുടെ തുടക്കത്തിലെ ഈ ഭാഗം ഇതിനെ ഉദാഹരിക്കുന്നു: “തിരുനാൾ ദിനത്തിൽ ഇട്ട കോഴിമുട്ട, ആ ദിവസം ഭക്ഷിക്കാമെന്ന് ഷമ്മായിയുടെ അനുയായികൾ പറയുന്നു. എന്നാൽ ഹില്ലേലിന്റെ ശിഷ്യന്മാരുടെ അഭിപ്രായം അത് ഭക്ഷിച്ചു കൂടെന്നാണ്.” (കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറങ്ങൾ 428-32).

“പത്തളവ് ജ്ഞാനം ലോകത്തിലെത്തി. അതിൽ ഒൻപതളവുകൾ ഇസ്രായേലിന്റെ നിയമത്തിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി. പത്തളവ് സൗന്ദര്യം ലോകത്തിലെത്തി. അതിൽ ഒൻപതളവ് യെരുശലേമിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി എന്നു താൽമുദ്.” (H Polano, The Talmud Selections: Translated from the Original, പുറം 303).

തടുക്കുന്നവൻ

തടുക്കുന്നവൻ (restrains)

“അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം.” (2തെസ്സ, 2:7). തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയശേഷം അധർമ്മമൂർത്തി പ്രത്യക്ഷപ്പെടുകയും കർത്താവിന്റെ നാൾ ആരംഭിക്കുകയും ചെയ്യും. ‘തടുക്കുന്നവൻ’ ആര് അഥവാ എന്താണ്?. 

I. റോമാസാമ്രാജ്യം: പൌലൊസിന്റെ വീക്ഷണത്തിലുണ്ടായിരുന്നതു റോമാസാമ്രാജ്യമാണ്; പക്ഷേ അതു തുറന്നു പറയുവാൻ മടിച്ചു  ‘തടുക്കുന്നവൻ’ എന്നു പറഞ്ഞു. റോമാസാമ്രാജ്യം മുഴുവൻ നിലനിന്ന വ്യവസ്ഥിതമായ നിയമവും നീതിയും അധർമ്മത്തെയും അധർമ്മ മൂർത്തിയെയും നിയന്ത്രിച്ചു. അലക്സാണ്ടർ, റീസ് തുടങ്ങിയവരുടെ അഭിപ്രായം ഇതാണ്. 

II. മാനുഷിക സർക്കാരും നിയമവും: മുമ്പു പറഞ്ഞതിനോടു ബന്ധപ്പെട്ട വാദഗതി. “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവു മില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. (റോമ, 13:1). ഇതിൽ നിന്നും സർക്കാരുകളും നിയമ വ്യവസ്ഥകളുമാണ് തടുക്കുന്നവൻ എന്നു വ്യാഖ്യാനിക്കുന്നു. 

III. സാത്താൻ: അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയെ തടഞ്ഞു നിറുത്തുന്നത് സാത്താനാണ്. ഈ വാദത്തിനു മറുപടി ക്രിസ്തുവിന്റെ വാക്കുകൾ തന്നെയാണ്. “ഒരു വീടു തന്നിൽ തന്നെ ഛിദിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല. സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദിച്ചു എങ്കിൽ അവനു നിലനില്ക്കാൻ കഴിവില്ല; അവന്റെ അവസാനം വന്നു.” (മർക്കൊ, 3:25,26). മാത്രവുമല്ല, തടുക്കുന്നവൻ മാറ്റപ്പെടുന്നതോടുകൂടി സാത്താന്യ പ്രവർത്തനം രൂക്ഷമാവുകയാണ്, കുറയുകയല്ല.

IV. സഭ: വിശ്വാസികൾ ഉപ്പും വെളിച്ചവുമാണ്. വർത്തമാനകാലത്ത് അധർമ്മത്തിൻ്റെ പൂർണ്ണമായ പ്രത്യക്ഷതയെ തടയുന്ന ഒരു മാധ്യമമായി ദൈവം സഭയെ ഉപയോഗിക്കുന്നു. എന്നാൽ ശക്തിയോടെ തടയുന്നവൻ വിശ്വാസിയല്ല; വിശ്വാസിയെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവത്രേ. (യോഹ, 16:7; 1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിലല്ലാതെ സഭയ്ക്കോ, സർക്കാരുകൾക്കോ സാത്താന്റെ ശക്തിയെയോ പരിപാടികളെയോ ചെറുക്കാനാവില്ല. 

V. പരിശുദ്ധാത്മാവ്: തടുക്കുന്നവൻ പരിശുദ്ധാത്മാവെന്നതിന്റെ തെളിവുകൾ:

1. തടുക്കുന്നവനെ കുറിച്ചുള്ള വിവരണം പരിശുദ്ധാത്മാവിനു മാത്രമേ ചേരുകയുള്ളു. 

2. അധർമ്മമൂർത്തി ആളത്തമാണ് (Personality). അവന്റെ പ്രവർത്തന മണ്ഡലത്തിൽ ആത്മീയലോകം ഉൾക്കൊള്ളുന്നു. അതിനാൽ തടുക്കുന്നവനും ഒരാളത്തവും ആത്മീയ സത്തയുമായിരിക്കണം. 

3. നിവർത്തിക്കേണ്ടതെല്ലാം പൂർത്തീകരിക്കേണ്ടതിന് തടുക്കുന്നവൻ അധർമ്മ മൂർത്തിയെക്കാളും, അധർമ്മമൂർത്തിയെ ബലപ്പെടുത്തുന്ന സാത്താനെക്കാളും ശക്തനായിരിക്കണം. ഈ യുഗം മുഴുവൻ അധർമ്മം തടുത്തു നിറുത്തുന്നതിന് തടുക്കുന്നവൻ നിത്യനായിരിക്കണം. പാപത്തിന്റെ കൂത്തരങ്ങ് ലോകം മുഴുവനാണ്. അതിനാൽ തടുക്കുന്നവൻ ദിക്കാലാതിവർത്തി ആയിരിക്കണം. 

4. ഇതു പരിശുദ്ധാത്മാവിന്റെ യുഗമാണ്. സഭായുഗം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടുകൂടി ആരംഭിച്ചു; പരിശുദ്ധാത്മാവ് മാറുന്നതോടുകൂടി അവസാനിക്കും. പഴയ നിയമകാലത്ത് പരിശുദ്ധാത്മാവ് ഭൂമിയിൽ വസിക്കാതിരുന്നിട്ടും അധർമ്മത്തെ തടയത്തക്കവണ്ണം സ്വാധീനം ചെലുത്തിയിരുന്നു.

ജ്ഞാനസാഹിത്യം

ജ്ഞാനസാഹിത്യം (Wisdom Literature) 

എബ്രായ മതസംസ്കാരത്തിൽ നിന്നുടലെടുത്ത ഒരു വിഭാഗം രചനകൾ ജ്ഞാനസാഹിത്യം എന്ന പേരിൽ അറിയപ്പെട്ടു. കാനോനിക തിരുവെഴുത്തുകളിലെ സദൃശവാക്യങ്ങൾ, ഇയ്യോബ്. സഭാപ്രസംഗി. ചില സങ്കീർത്തനങ്ങൾ (19, 37, 104, 107, 147, 148) എന്നിവയും അകാനോനിക ഗ്രന്ഥങ്ങളിലെ പ്രഭാഷകൻ, ശലോമോന്റെ വിജ്ഞാനം തുടങ്ങിയവയും ജ്ഞാനസാഹിത്യ സഞ്ചയത്തിൽ ഉൾപ്പെടുന്നു. വിവേകികളുടെയും ജ്ഞാനികളുടെയും തലമുറകളിലൂടെയുള്ള നിരീക്ഷണങ്ങളും നീതിമൊഴികളും ഈ പുസ്തകങ്ങളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് എബ്രായരുടെ ധാർമ്മിക പാരമ്പര്യത്തെ പാലൂട്ടി വളർത്തി. 

പഴഞ്ചൊല്ലുകൾ: പഴഞ്ചൊല്ലുകൾ എല്ലാ ജനതകൾക്കും എല്ലാകാലത്തും ഉണ്ട്. യിസ്രായേലിലും പൗരാണിക കാലം മുതൽക്കേ ഇമ്മാതിരി പഴഞ്ചൊല്ലുകൾ കാണാം. യഥാ മാതാ തഥാ പുതി (യെഹെ, 16:44), ദുഷ്ടത ദുഷ്ടനിൽ നിന്നു പുറപ്പെടുന്നു (1ശമൂ, 24:13), വൈദ്യാ നിന്നെത്തന്നേ സൗഖ്യമാക്കുക (ലൂക്കൊ, 4:23) തുടങ്ങിയ പഴഞ്ചൊല്ലുകൾ യിസ്രായേലിൽ സുപരിചിതമായിരുന്നു. തലമുറകൾ കൈമാറിയ ആഴമേറിയ സത്യങ്ങളാണവ. 

സദൃശവാക്യങ്ങൾ: ജ്ഞാനസാഹിത്യത്തിൽ ഏറ്റവും പഴക്കമുള്ളതും ദീർഘതരവും ആയ രചനയാണ് സദൃശവാക്യങ്ങൾ. ശലോമോനു മുമ്പുളള ജ്ഞാനികളുടെ വാക്യങ്ങൾ ഇതിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്. “ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.” (സദൃ, 25:1). യുവാക്കന്മാർക്കു ജീവിതവിജയം നേടാനും, എല്ലാ കെണിയും അപകടങ്ങളും ഒഴിഞ്ഞു മാറാനും ഉദ്ദേശിക്കപ്പെട്ടതാണിത്. ലോകത്തിന്റെ നൈതികക്രമം മനസ്സിലാക്കുകയും ആ ക്രമത്തോടനുരൂപപ്പെട്ടു അതിന്റെ ഗുണങ്ങൾ സ്വായത്തമാക്കുകയും ചെയ്യേണ്ടതാണ്. മനുഷ്യൻ വിവേകപൂർവ്വം പെരുമാറണം. ജീവിതത്തിൽ അർഹമായതു അവനു ലഭിക്കും. ജ്ഞാനത്തിന്റെ ഗുണങ്ങൾ ഇന്ദ്രിയ നിഗ്രഹത്തിൻറ മൂല്യം, നല്ല ഭാര്യയുടെ മേന്മ, മനുഷ്യ പ്രകൃതിയെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾ, മനോഹരമായ അലങ്കാരപ്രയോഗങ്ങൾ എന്നിവ സദൃശവാക്യങ്ങളിലുണ്ട്. 

ഇയ്യോബ്: ജ്ഞാനസാഹിത്യത്തിലെ ഉത്തമവും ഉദാത്തവുമായ കൃതിയാണ് ഇയ്യോബ്. കാവ്യാത്മകത്വം, ഗാംഭീര്യം, ഓജസ്സ്, അഗാധത എന്നിവയിൽ അതിന്റെ സ്ഥാനം അദ്വിതീയമാണ്. ലോകസാഹിത്യത്തിൽത്തന്നെ ഉത്തമസ്ഥാനം അലങ്കരിക്കുന്ന വിശിഷ്ടകൃതിയാണത്.സംവാദ രൂപത്തിലാണ് രചന. പ്രധാന കഥാപാത്രം ഇയ്യോബാണ്. ഇയ്യോബിനോടൊപ്പം സംഭാഷണത്തിൽ പങ്കുകൊളളുന്ന മൂന്നു സുഹൃത്തുക്കളുണ്ട്. അവർ മൂന്നുപേരും പൗരസ്ത്യരാണ്. സെപ്റ്റജിന്റിൽ ഇവർ മൂന്നുപേരും രാജാക്കന്മാരാണെന്നു പറഞ്ഞിരിക്കുന്നു. ഓരോരുത്തരുടെയും ചിന്ത ഓരോ പ്രഭാഷണമായി മാറുന്നു. ഇതിലെ അന്തിമവാക്ക് ദൈവത്തിന്റേതാണ്. ദൈവിക കരുതലിനെ ഗ്രന്ഥകാരൻ നിഷേധിക്കുന്നില്ല. ദൈവിക നീതിയെക്കുറിച്ചുള്ള സാധാരണ ഗണിതത്തെയാണ് അദ്ദേഹം നിഷേധിക്കുന്നത്. ഇയ്യോബിൻ്റെ മുന്നു സുഹൃത്തുക്കളുടെയും പ്രഭാഷണങ്ങൾ ദൈവിക നീതിയെക്കുറിച്ചുള്ള സാമാന്യധാരണ വ്യക്തമാക്കുന്നു. 

സഭാപ്രസംഗി: സഭാപ്രസംഗി ശലോമോൻ എഴുതി എന്നാണ് ആന്തരികമായ തെളിവുകൾ കാണിക്കുന്നത്. നീതിമാൻ പ്രതിഫലം പ്രാപിക്കാതെയും ദുഷ്ടൻ ശിക്ഷ കൂടാതെയും കടന്നുപോകുന്നു എന്ന വ്യാജോപദേശത്തെ ഖണ്ഡിക്കുകയാണ് ഈ ഗ്രന്ഥം. ഇതിനെ ബൈബിൾ കാനോനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും എതിരഭിപ്രായമാണ് ഉണ്ടായിരുന്നത്. സ്വഗത വൈരുദ്ധ്യങ്ങളുള്ള ഈ ഗ്രന്ഥം ദൈവിക വെളിപ്പാടല്ലെന്നും ഒരു മനുഷ്യന്റെ അഭിപ്രായം മാത്രമാണെന്നും വാദിക്കപ്പെട്ടു. പരീക്ഷണ വിധേയമാകാത്ത ഒന്നിനെയും താൻ വിശ്വസിച്ചിട്ടില്ലെന്നാണ് സഭാപ്രസംഗി പറയുന്നത്. മാനദണ്ഡങ്ങൾ ഒന്നും കണക്കാക്കാതെ കൺമുമ്പിൽ കണ്ടവയെ മാത്രം സിദ്ധാന്തവത്ക്കരിക്കുകയാണ് സഭാപ്രസംഗി. ജീവിതത്തിലെ അല്പനാളുകളിൽ മനുഷ്യൻ ചെയ്യേണ്ടതെന്താണെന്നു കണ്ടുപിടിക്കുകയായിരുന്നു. ജ്ഞാനവും ഭ്രാന്തും ഭോഷത്വവും മനസ്സിലാക്കുവാൻ ശ്രമിച്ചിട്ട് എല്ലാം മായയും വൃഥാ പ്രയത്നവും എന്നു മനസ്സിലാക്കി. (1:14). ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ലെന്നു അറിഞ്ഞു. (3:12). എല്ലാറ്റിലും മിതത്വം എന്ന നിഗമനത്തിൽ സഭാപ്രസംഗി എത്തിച്ചേർന്നു. (7:16-18). ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തും എന്ന ബോധം സഭാപ്രസംഗിയുടെ ചിന്തയ്ക്കു കടിഞ്ഞാണിടുന്നു. ചില സങ്കീർത്തനങ്ങളും ജ്ഞാനസാഹിത്യത്തിന്റെ സ്വഭാവം പ്രദർശിപ്പിക്കുന്നുണ്ട്. ദൈവം നീതിമാനു പ്രതിഫലവും ദുഷ്ടനു ശിക്ഷയും നല്കുന്നു എന്നു സങ്കീർത്തനങ്ങൾ വ്യക്തമാക്കുന്നു. (സങ്കീ, 1, 34, 37). എഴുപത്തിമൂന്നാം സങ്കീർത്തനം ഇയ്യോബിന്റെ പുസ്തകത്തിനു സാധർമ്മ്യം വഹിക്കുന്നു.

ജീവവൃക്ഷം

ജീവവൃക്ഷം (Tree of life) 

ജീവവൃക്ഷത്തെക്കുറിച്ചു ഉല്പത്തിയിൽ മൂന്നും (2:9; 3:22; 3:24), സദൃശവാക്യങ്ങളിൽ നാലും (3:18; 11:30; 13:12; 15:4), വെളിപ്പാടിൽ മൂന്നും (2:7; 22:2; 22:19) പരാമർശങ്ങളുണ്ട്. ഏദെൻ തോട്ടത്തിലെ അത്ഭുതകരങ്ങളായ രണ്ടു വൃക്ഷങ്ങളായിരുന്നു ജീവവൃക്ഷവും നന്മ തിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷവും. (ഉല്പ, 2:9). നന്മതിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചതോടുകൂടി മനുഷ്യൻ പാപത്തിൽ വീഴുകയും തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. മനുഷ്യനെ തോട്ടത്തിൽനിന്ന് പുറത്താക്കിയതു ജീവവൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു അമർത്ത്യത നേടാതിരിക്കാൻ വേണ്ടിയായിരുന്നു. (3:22). മനുഷ്യന് ജീവവൃക്ഷ ഫലം പ്രാപ്യമായിരുന്നു എങ്കിൽ നേരത്തെതന്നെ അത് ഭക്ഷിച്ച് അമർത്ത്യനായിക്കൂടേ എന്ന പ്രശ്നം അവശേഷിക്കുന്നു. 

ജീവവൃക്ഷം, അതിന്റെ ഫലം, ഇല എന്നിവയെക്കുറിച്ച് ബൈബിളിൽ പറയുന്നു. ആദാമോ ഹവ്വയോ അതു ഭക്ഷിച്ചില്ല. ഭക്ഷിക്കാവുന്നതും അതിലൂടെ മരണം കൂടാതെയിരിക്കാവുന്നതുമായ ജീവവൃക്ഷത്തിന്റെ ഫലത്തെക്കാൾ ഹവ്വ കാമ്യമായി കണ്ടത് വിലക്കപ്പെട്ട വൃക്ഷഫലമായിരുന്നു. ഇതുപോലുള്ള വൃക്ഷങ്ങൾ സഹസ്രാബ്ദഭൂമിയിലും ഉണ്ടായിരിക്കുമെന്നു യെഹെസ്ക്കേൽ പ്രവചിച്ചിട്ടുണ്ട്. (47:7, 12). പുതിയ ഭൂമിയിൽ നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം വളരുന്നു. പന്ത്രണ്ടു മാസവും പന്ത്രണ്ടുവിധം ഫലം കായ്ക്കുമെന്നാണ് കാണുന്നത്. വൃക്ഷത്തിന്റെ ഇല ജാതികൾക്ക് രോഗശാന്തി നല്കും. (വെളി, 22:1-2). എഫെസൊസ് സഭയ്ക്കുള്ള ദൂതിൽ ജയിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുളള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണു വാഗ്ദാനം. (വെളി, 2:7). ദൈവത്തിന്റെ പറുദീസ മൂന്നാം സ്വർഗ്ഗമാണ്. (2കൊരി, 12:2-3). അവിടെയുള്ള ജീവവൃക്ഷത്തിന്റെ ഫലമാണ് ഇവിടെ വാഗ്ദാനം ചെയ്തിരിക്കുന്നത്. സദൃശവാക്യങ്ങളിൽ വിവേകത്തെയും (3:18), ഇച്ഛാനിവൃത്തിയെയും (13:12), നാവിന്റെ ശാന്തതയെയും (15:4) ജീവവൃക്ഷമായി പറയുന്നു. നീതിമാന് ജീവവൃക്ഷം പ്രതിഫലമാണ്. (സദൃ, 11:30).

ജീവപുസ്തകം

ജീവപുസ്തകം (The Book of Life)

പ്രാചീനകാലത്ത് വംശാവലി രേഖകൾ സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. (നെഹെ, 7:5, 64; 12:22, 23). വിവിധ ആവശ്യങ്ങൾക്കായി പൗരന്മാരുടെ സംഖ്യയും എടുത്തിരുന്നു. (യിരെ, 22:30; യെഹെ, 13:9). ഇതുപോലൊരു പുസ്തകം ദൈവവും സൂക്ഷിക്കുന്നതായി ബൈബിളിൽ പറയുന്നു. എല്ലാ മനുഷ്യരുടെയും പേർ അതിലുണ്ട്. “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീ, 139:16). ജീവപുസ്തകത്തിൽ നിന്നും പേർ നീക്കപ്പെടുന്നത് അകാലമരണത്തിനു കാരണമാണ്. “എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിൻ്റെ പുസ്തകത്തിൽ നിന്നു എന്റെ പേർ മായിച്ചു കളയേണമേ. യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവൻ്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽ നിന്നു മായിച്ചുകളയും.” (പുറ, 32:32,33). “ജീവന്റെ പുസ്തകത്തിൽ നിന്നും അവരെ മായിച്ചു കളയേണമേ; നീതിമാന്മാരോടു കൂടെ അവരെ എഴുതരുതേ.” (സങ്കീ, 69:28). 

പുതിയനിയമത്തിൽ നിത്യജീവനെ അവകാശമാക്കുന്ന നീതിമാന്മാരുടെ പേരുകൾ ഉൾക്കൊള്ളുന്നതാണ് ജീവപുസ്തകം. (ഫിലി, 4:3; വെളി, 3:5). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകം എന്നു അതിനെ വിളിക്കുന്നു. (വെളി, 13:8; 21:27). തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ലോകസ്ഥാപനം മുതൽ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നു എന്നു ക്രിസ്തു പറഞ്ഞതിന്റെ ആശയവും ഇതാണ്. (ലൂക്കൊ, 10:20). ജീവപുസ്തകത്തിൽ പേർ ഇല്ലാതിരിക്കുന്നതു രണ്ടാം മരണമാണ്. (വെളി, 20:15). അന്ത്യന്യായവിധിയിൽ ജീവപുസ്തകത്തിൽ പേരെഴുതി കാണാത്തവരെ തീപ്പൊയ്കയിൽ തള്ളിയിടും. (വെളി, 20:12, 15). കഷ്ടകാലത്തിനു ശേഷം പുസ്തകത്തിൽ പേരെഴുതി കാണുന്ന ഏവനും രക്ഷ പാപിക്കും. (ദാനീ, 12:1). “യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും” എന്നതിനു ‘ജീവനോടെ ശേഷിക്കുന്ന ഏവനും’ എന്ന അർത്ഥമേ ഉള്ളൂ. എന്നാൽ തർഗും ഇതിനെ നിത്യജീവൻ എന്നു വ്യാഖ്യാനിക്കുന്നു.

ജീവൻ

ജീവൻ (Life)

എബ്രായയിൽ ജീവനെക്കുറിക്കുന്ന രണ്ടു പ്രധാന പദങ്ങളുണ്ട്: ‘ഹയ്യീ, നെഫെഷ്. ജീവിതകാലം (1രാജാ, 4:21), ജീവിതത്തിന്റെ വൈകാരികവും മാനസികവുമായ നില (ഉല്പ, 27:46) എന്നീ അർത്ഥങ്ങളിൽ ഹയ്യീ പ്രയോഗിച്ചിട്ടുണ്ട്. സാക്ഷാൽ ജീവൻ ഭൗതികമായ ആണ്മയെ മാത്രമല്ല, ദൈവപ്രസാദത്തെയും, തൽഫലമായി ലഭിക്കുന്ന ആത്മികഭൗമിക ശുഭാവസ്ഥയെയും വ്യഞ്ജിപ്പിക്കുന്നു. (ആവ, 30:15-20). മനുഷ്യനും മൃഗത്തിനുമുള്ള വൈയക്തിക ജീവനെ വിവക്ഷിക്കുകയാണ് നെഫെഷ്. ശ്വാസവും സ്വത്വവും അതുൾക്കൊള്ളുന്നു. മനുഷ്യനും മൃഗങ്ങളും ജീവനുള്ള ജന്തുക്കളാണ്. ജീവവാചികളായ രണ്ടു പദങ്ങളും ചേർന്നതാണ് നെഫെഷ് ഹയ്യീ (ജീവനുള്ള ദേഹി, ജീവജന്തു: ഉല്പ, 2:7, 19) നെഫെഷിനു രക്തവുമായി അടുത്തബന്ധമുണ്ട്. (ലേവ്യ, 17:1-14). മനുഷ്യൻ ഭൗതികജീവൻ ഭൗതികവും അഭൗതികവുമായ അംശങ്ങളുടെ സംഗ്രഥനമാണ്. പുതിയനിയമത്തിൽ പ്രധാനമായും മൂന്നു ഗ്രീക്കു പദങ്ങളാണ് ജീവനു പകരം നില്ക്കുന്നത്: സോയീ, ബയോസ്, പ്സ്യൂഖീ. മരണത്തിന്റെ വിപര്യായമായ ഭൗതിക ജീവനാണ് ‘സോയീ’. ഈ ആശയം പുതിയനിയമത്തിൽ വിരളമാണ്: (റോമ, 8:38; 1കൊരി, 3:22; ഫിലി, 1:20; അപ്പൊ, 17:25). ലൂക്കൊസ് 16:25-ൽ ‘സോയീ’ ആയുഷ്ക്കാലമാണ്. ദൈവത്തിൽ നിന്നു ലഭിക്കുന്നതും ക്രിസ്തുവിലൂടെ ദൈവത്തിങ്കലേക്കു വരുന്നവരുടെ അവകാശവും ആയ ജീവനാണ് സോയീ. പുതിയനിയമത്തിൽ അധികസ്ഥാനങ്ങളിലും ഭൂമിയിലെ വർത്തമാനകാല ജീവിതത്തിൻ്റെ ചുറ്റുപാടുകളെ വിവക്ഷിക്കുകയാണ് ‘ബയൊസ്.’ (1തിമൊ, 2:1; 2തിമൊ, 2:4). നെഫെഷിനു സമാനമായ ‘പ്സ്യൂഖി’ ഒരു സവിശേഷവ്യക്തിയുടെ ജീവനു പ്രാതിനിധ്യം വഹിക്കുന്നു: (മത്താ, 2:20; 6:25; മർക്കൊ, 10:45). “തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എൻ്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.” (മത്താ, 10:39).

ആണ്മ അഥവാ സ്വത്വത്തെക്കുറിക്കുന്ന നെഫെഷ് മനുഷ്യർക്കും മൃഗങ്ങൾക്കും ഉണ്ടു:  (ലേവ്യ, 21:11; ഇയ്യോ, 12:10; വെളി, 8:9). മരിക്കുന്നത് പ്രാണനെ അഥവാ ജീവനെ വിടുന്നതും, വീണ്ടും ജീവിക്കുന്നത് പ്രാണൻ മടങ്ങി വരുന്നതുമാണ്: (യിരെ, 15:9; 1രാജാ, 17:21). ജീവനും ആത്മാവും സമാന്തരമാണ്; തന്മൂലം ജീവൻ നഷ്ടപ്പെടുക എന്നതിന് ആത്മാവു നഷ്ടപ്പെടുക എന്നു പറയും. (ഇയ്യോ, 2:4). ഒരാളുടെ ശ്വാസം അല്ലെങ്കിൽ ആത്മാവു നഷ്ടപ്പെടുന്നതാണ് മരണം: (ഇയ്യോ, 27:3; സങ്കീ, 104:29). ആത്മാവ് അഥവാ ശ്വാസം വീണ്ടും ലഭിക്കുകയണ് ജീവൻ പ്രാപിക്കൽ: (ലൂക്കൊ, 8:55; വെളി, 11:11). പഴയനിയമ വീക്ഷണമനുസരിച്ച് ജീവൻ പ്രാപിച്ച ശരീരമാണ് മനുഷ്യൻ. ആത്മാവ് ദേഹത്തോടും ദേഹിയോടും ബന്ധപ്പെട്ടിരിക്കുന്നു: (സങ്കീ, 63:1; മത്താ, 6:25).  

ജീവന്റെ ഉറവിടം: ജീവന്റെ ഉറവിടവും ഉടയവനും ദൈവമാണ്. ദൈവാത്മാവ് ജീവൻ പ്രദാനം ചെയ്യുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുളള ദേഹിയായി തീർന്നു. (ഉല്പ, 2:17). “തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു; നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു.” (സങ്കീ, 104:29, 30). ദൈവം ജീവനുള്ള ദൈവമാണ്: (ആവ, 5:26; യോശു, 3:10; 1ശമു, 17:26; 2രാജാ, 19:4; മത്താ, 26:63; അപ്പൊ, 14:15; റോമ, 9:26; എബ്രാ, 3:12; 9:14; 10:31; 12:22; വെളി, 7:2)/. പറുദീസയിലെ ജീവവൃക്ഷത്തിന്റെ നിയന്ത്രണം ദൈവത്തിന്റെ കരങ്ങളിലാണ്.  (ഉല്പ, 2:17; സദൃ, 3:18; 11:30; 13:12; വെളി, 2:7; 22:2, 4). അതു ജീവന്റെ ഉടമ ദൈവമാണെന്നു വ്യക്തമാക്കുന്നു. സർവ്വ ജീവജന്തുക്കൾക്കും ജീവൻ ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്. അതുകൊണ്ട് എല്ലാ ജീവനും സാധർമ്മ്യമുണ്ട്. മാത്രമല്ല, ജീവികൾക്കെല്ലാം ദൈവകൃപയാൽ സ്രഷ്ടാവുമായി ബന്ധപ്പെടാൻ കഴിയുന്നു: (ഇയ്യോ, 12:10; സങ്കീ, 104:30; യെശ, 42:5). ദൈവം തന്റെ ശ്വാസം എടുക്കുമ്പോൾ ജീവികളൊക്കെയും ചാകുന്നു: (ഇയ്യോ, 4:9; 34:14; സങ്കീ, 104:29; യെശ, 37:17). 

ജീവൻ ദൈവത്തിന്റെ വകയാണ്. തന്മൂലം സ്വന്തം ജീവനെയോ, അന്യന്റെ ജീവനെയോ നശിപ്പിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനില്ല: (പുറ, 20:13 ; ആവ, 5:17). നരബലി ദൈവം ആവശ്യപ്പെടുന്നില്ല. (ഉല്പ, 22). ജീവൻ്റെ അധിഷ്ഠാനം രക്തമാണ്. തന്മൂലം രക്തം വർജ്ജിക്കേണ്ടതാണ്: (ഉല്പ, 9:4; ലേവ്യ, 3:17; 17:10; ആവ, 12:23). ഹൃദയമാണ് ജീവൻ ഉത്ഭവസ്ഥാനം. (സദൃ, 4:23). സകല ജീവനെയും ദൈവം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. (സങ്കീ, 145:15). വ്യഭിചാരം തുടങ്ങിയ കുറ്റങ്ങൾക്കു മരണശിക്ഷ ദൈവം വിധിച്ചു: (ലേവ്യ, 20:10; ആവ, 22:22). ജീവൻ നശിപ്പിക്കുന്നതിൽ ദൈവത്തിനുള്ള താത്പര്യമല്ല, പ്രത്യുത ഈവിധം പാപങ്ങളുടെ നേർക്കുള്ള ദൈവത്തിന്റെ കഠിനമായ വെറുപ്പും അവ ഒരിക്കലും ഉണ്ടാകരുതെന്നുള്ള ദൈവത്തിന്റെ ആഗ്രഹവുമാണ് മരണശിക്ഷയ്ക്ക് പിന്നിൽ.

ജീവിക്കുന്ന ദൈവം: ജാതികൾ ഭജിക്കുന്ന വിഗ്രഹങ്ങളിൽ നിന്നു സത്യദൈവത്തെ വേർതിരിച്ചു കാണിക്കുന്ന പ്രയോഗമാണ് ജീവനുള്ള ദൈവം. യഹോവയുടെ പേരിലുള്ള ആണ ഈ സത്യം വെളിപ്പെടുത്തുന്നു. യഹോവയാണ = യഹോവ ജീവിക്കുന്നപ്രകാരം. യഹോവ സ്വന്തം നാമത്തിൽ ശപഥം ചെയ്യുന്നു; എന്നാണ. (സംഖ്യാ, 14:21, 28; ആവ, 32:40). യഹോവയുടെ നാമത്തിൽ (യഹോവയാണ) സത്യം ചെയ്യുന്നു: (ന്യായാ, 8:19; രൂത്ത്, 3:13; 1ശമൂ, 14:39; 19:6; യിരെ, 5:2). വിഗ്രഹങ്ങൾക്കു ദൈവത്തോടു ഒരു സാധർമ്മ്യവുമില്ല. വിഗ്രഹങ്ങൾ ജീവനില്ലാത്തവയാണ്. “അവക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല, ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല, മുക്കുണ്ടെങ്കിലും മണക്കുന്നില്ല, കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല, കാലുണ്ടെങ്കിലും നടക്കുന്നില്ല.” (സങ്കീ, 115:5-7. ഒ.നോ: സങ്കീ, 135:15-17; യെശ, 44:9-20; യിരെ, 10:8-10, 14). സകല ജീവൻ്റെയും സഷ്ടാവും പരിപാലകനും ദൈവമാണ്. ജീവജലത്തിന്റെ ഉറവയായ ദൈവം (യിരെ, 17:13; സങ്കീ, 36:9) മനുഷ്യനു ശ്വാസം നല്കുകയും അവനെ മരണത്തിന്റെ അധികാരത്തിൽ നിന്നു വിടുവിച്ച് ജീവൻ്റെ മാർഗ്ഗത്തിലേക്കു നയിക്കുകയും ചെയ്യുന്നു: (ഉല്പ, 2:7; സങ്കീ, 16:11; സദൃ, 5:6). മനുഷ്യനെ ജീവിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതു ദൈവം തന്നെ: (ഉല്പ, 6:17; ആവ, 32:39; ന്യായാ, 13:3, 23: 1ശമൂ, 2:6; 2രാജാ, 5:7). 

ജീവനുവേണ്ടി മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നു. മനുഷ്യന്റെ ശ്വാസം അഥവാ ആത്മാവ് ദൈവത്തിന്റെ ശ്വാസമെന്നും ദൈവത്തിന്റെ ആത്മാവെന്നും വിളിക്കപ്പെടുന്നു: (ഇയ്യോ, 27:3; 33:4; യെശ, 42:5; ഉല്പ, 6:35). ഭൗതിക ജീവനുപോലും ആധാരമായിരിക്കുന്നതു യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന വചനം ആണെന്നു യിസ്രായേല്യരെ പഠിപ്പിക്കുന്നതിനു വേണ്ടി അവർക്കു മരുഭൂമിയിൽ മന്നാ കൊടുത്തു. (ആവ, 8:3; മത്താ, 4:4). ദൈവം ശ്വാസം നല്കുകയും മനുഷ്യൻ ജീവിക്കുകയും ചെയ്യുന്നു: (ഉല്പ, 2:7; വെളി, 11:11). ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുക്കുമ്പോൾ സകല ജഡവും നശിക്കുന്നു; മനുഷ്യൻ പൊടിയിലേക്കു മടങ്ങുന്നു: (ഇയ്യോ, 34:14; സഭാ, 12:7; സങ്കീ, 90:3; 104:29). യഹോവയുടെ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരുന്നാൽ  ജീവൻ സുഭ്രദമാണ്. (1ശമൂ, 25:29). ജീവൻ ദൈവദത്തമാകയാൽ ജീവനും മരണവും വിപര്യായങ്ങളാണ്. യഹോവയോടുള്ള അനുസരണയിലോ അനുസരണക്കേടിലോ സ്ഥിതി ചെയ്യുകയാണ് അനുഗ്രഹവും, ജീവനും, ദൗർഭാഗ്യവും മരണവും. (ആവ, 30:15; ന്യായാ, 2:18). പാപത്തിന്മേലുള്ള ന്യായവിധിയാണ് സാർവ്വത്രിക മരണം. അനുസരണക്കേടിനാൽ മനുഷ്യൻ ജീവവൃക്ഷ സാമീപ്യത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ജീവിച്ചിരിക്കേണ്ടതിനു നന്മ ചെയ്യേണ്ടതാണ്. നീതി ജീവനിലേക്കും തിന്മ മരണത്തിലേക്കും നയിക്കുന്നു: (സങ്കീ, 73:17; സദൃ, 11:19; ആമോ, 5:14; സദൃ, 5:23; ഹബ, 2:4).

ജീവിക്കുന്ന യഹോവയായ ദൈവം മരണത്തിന്മേൽ വാഴുന്നു. സൗഖ്യം നല്കുക (2രാജാ, 5:7, 14), മരിച്ചവരെ ഉയിർപ്പിക്കുക (1രാജാ, 17:20; 2രാജാ, 4:16, 33), യിസ്രായലിനെ ജാതിയായി ഉയിർപ്പിക്കുക (ഹോശേ, 13:14; യെഹ, 37), മച്ചിയായവൾക്കു സന്താനം നല്കുക (ഉല്പ, 17:15; ന്യായാ, 13:2; 1ശമൂ, 1:19) എന്നിവ മരണത്തിന്മേലുള്ള ദൈവത്തിന്റെ അധികാരത്തെ വ്യക്തമാക്കുന്നു. ഞാൻ അബ്രാഹാമിന്റെ ദൈവം എന്നു യഹോവ മോശെയോടു പറഞ്ഞു. അബ്രാഹാം പാതാളത്തിലാണ്. ദൈവം ജീവനുള്ളവരുടെ ദൈവമാണ്. അവനു പാതാളവുമായി ബന്ധമില്ല. ഇതിൽനിന്നു ദൈവം അബ്രാഹാമിനെ പാതാളത്തിൽ നിന്നു ഉയിർപ്പിക്കുമെന്നു അനുമാനിക്കേണ്ടതാണ്.  

മരണത്തിനു അധീനമായ ജീവൻ: തന്റെ ജീവനുവേണ്ടി മറുവില കൊടുക്കാൻ മനുഷ്യനു കഴിയുകയില്ല. (ഇയ്യോ, 2:4; മർക്കൊ . 8:37). ജീവവൃക്ഷത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നിഷ്ക്കാസിതനായ മനുഷ്യൻ (ഉല്പ, 3:24) നിരന്തരം മരണഭീതിയിൽ ആണ്. (എബാ, 2:15). മനുഷ്യന്റെ ജീവൻ ക്ഷണഭംഗുരമാണ്. മനുഷ്യൻ പ്രഭാതത്തിലെ മഞ്ഞുപോലെ അല്പായുസ്സുളളവനും ക്ഷണികനും, രാവിലെ മുളച്ചു വരുന്ന പുല്ലിനു സദൃശനും ആണ്: (സങ്കീ, 39:4; 90:5; 102:11; 103:15; യെശ, 40:6,7; 1പത്രൊ, 1:24). ജീവൻ ആവിയാണ്. (യാക്കോ, 4:14). മരണം കാണാതിരിക്കുന്ന മനുഷ്യനില്ല. (സങ്കീ, 89:48). ജീവിതം സ്വപ്നസദൃശമാണ്. (ഇയ്യോ, 20:8). മനുഷ്യന്റെ ആയുസ്സ് നിഴൽ (1ദിന, 29:15; ഇയ്യോ, 8:9; 14:2; സങ്കീ, 39:6; 102:23; 144:4; സഭാ, 6:12; 8:18), മേഘം (ഇയ്യോ, 7:9), ശ്വാസം (ഇയ്യോ, 7:7, 16), പുവ് (ഇയ്യോ, 14:2; സങ്കീ, 103:15; യെശ, 40:6) എന്നിവ പോലെയാണ്. മനുഷ്യന് തന്റെ ആയുഷ്ക്കാലത്തെ കുട്ടാനോ കുറയ്ക്കുവാനോ കഴിയുകയില്ല. (മത്താ, 6:27; ലൂക്കൊ, 12:25; യാക്കോ, 4:15). പൊടിയിൽ നിന്നെടുക്കപ്പെട്ട മനുഷ്യൻ പൊടിയിലേക്കു മടങ്ങിപ്പോകുന്നു. (ഉല്പ, 3:19; സങ്കീ, 103:14). അകാലമരണം പാപത്തിന്റെ ശിക്ഷയായി കരുതപ്പെട്ടിരുന്നു. (ഇയ്യോ, 8:13; 15:32; 22:16). രോഗം, ശത്രു, ദു:ഖം എന്നിവയിൽ നിന്നുള്ള വിടുതലിനെ മരണത്തിൽ നിന്നുള്ള വിടുതലായി കണക്കാക്കി. രോഗവും പീഡയും പാതാളത്തിലെ അനുഭവത്തിനു സദൃശമാണ്: (സംഖ്യാ, 21:8; സങ്കീ, 30:3). ആദാമും ഹവ്വയും അനുസരണക്കേടു കാണിച്ചപ്പോൾ മരിച്ചു. (ഉല്പ, 2:17). ദൈവത്തിൻ്റെ അപ്രീതിക്കു പാത്രമായ അബീമേലെക്ക് ‘മരിച്ച മനുഷ്യൻ’ ആയി. (ഉല്പ, 20:3). യോനാ മത്സ്യത്തിനുള്ളിൽ ഇരുന്നത് പാതാളത്തിൽ ആയതിനു സമാനമാണ്. (യോനാ, 2:2). 

വിവേകികൾക്കു ദീർഘായുസ്സു ലഭിക്കുന്നു. (സദൃ, 3:16). ദീർഘായുസ്സു ദൈവത്തിന്റെ ദാനമാണ്. (ആവ, 5:16. ‘ജീവൻ’ നല്ല ജീവിതം എന്ന ആശയം വ്യഞ്ജിപ്പിക്കുന്നു. “ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.” (ആവ, 30:15). ‘രാജാവു നീണാൾ വാഴട്ടെ’ (1ശമൂ, 10:24) എന്ന ശൈലി കേവലം ആയുർ ദൈർഘ്യത്തെയല്ല; പ്രത്യുത, സമാധാനത്തിന്റെയും സമൃദ്ധിയുടെയും വിവേകത്തിന്റെയും ജീവിതത്തെയാണ് വിവക്ഷിക്കുന്നത്. നീതിമാന്മാരുടെ വാർദ്ധക്യത്തിലെ മരണവും കാലസമ്പൂർണതയും ഒരനുഗ്രഹമാണ്. അബ്രാഹാമിന്റെ മരണത്തെക്കുറിച്ചു ഇപ്രകാരമാണ് പറഞ്ഞിട്ടുളളത്: “അബ്രാഹാം വിയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു; തന്റെ ജനത്തോടു ചേർന്നു. (ഉല്പ, 25:8).  

മനുഷ്യജീവൻ മരണത്തിനധീനമാണ്. “ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളൂ?” (സങ്കീ, 89:48). മണ്ണുകൊണ്ടു മെനയപ്പെട്ടവനാണ് മനുഷ്യൻ; അവൻ്റെ ശ്വാസം തിരികെ ദൈവത്തിങ്കലേക്കു പോകും. മനുഷ്യൻ മരിക്കുകയും പൊടിയിലേക്കു മടങ്ങുകയും ചെയ്യും. (ഉല്പ, 3:19; ഇയ്യോ, 10:9; സങ്കീ, 144:4; സഭാ, 12:7). മരണത്തോടുകൂടി വ്യക്തിപരമായ ജീവൻ അവസാനിക്കുകയും വൈയക്തികമായ ആണ്മ ജീവനുള്ളവരുടെ ദേശത്തു നിന്നു ചോദിക്കപ്പെടുകയും ചെയ്യും. (സങ്കീ, 52:5; യിരെ, 11:19). വീണ്ടും ശേഖരിക്കുവാൻ കഴിയാതെ തറയിൽ ഒഴിച്ചുകളഞ്ഞ വെള്ളം പോലെയാണ് മനുഷ്യൻ്റെ അവസാനം. (2ശമൂ, 14:14). മരണത്തിൽ പിതാക്കന്മാരോടു അഥവാ സ്വന്തം ജനത്തോടു ചേരുന്നു. (ഉല്പ, 25:8; 37:35; ആവ, 31:16). ദൈവം ജീവനുള്ളവരുടെ ദൈവമാണ്. അതിനാൽ മരിച്ചവനെങ്കിലും ദൈവത്തോടു ബന്ധമുള്ള ഒരുവനെ ജീവിക്കുന്നവനെന്നു പറയാം. (ലൂക്കൊ, 20:38). എന്നാൽ ദൈവത്തിന്റെ ജീവനിൽ നിന്നും അകന്ന ജീവൻ ജീവനല്ല. (എഫെ, 4:18; ലൂക്കൊ, 9:60; റോമ, 8:10; 1യോഹ, 3:14). ജീവൻ എന്നു വിളിക്കപ്പെട്ടാലും ഈ ജീവൻ യഥാർത്ഥ ജീവനിൽ നിന്നു വ്യത്യസ്തവും (1കൊരി, 15:19; 1തിമൊ, 6:19) യുഗാന്ത്യ ജിവനോടുള്ള ബന്ധത്തിൽ മാത്രം അർത്ഥമുള്ളതുമാണ്. (ഗലാ, 2:2; ഫിലി, 1:22; 1തിമൊ, 4:8). 

മനുഷ്യരും മൃഗങ്ങളും ദുഷ്ടന്മാരും ജ്ഞാനികളും വിഡ്ഢികളും മരിക്കുന്നു. (ഇയ്യോ, 3:3; സങ്കീ, 49; സഭാ, 2:14). “മനുഷ്യർക്കു ഭവിക്കുന്നതു മുഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നു തന്നെ, അതു മരിക്കുന്നതു പോലെ അവനും മരിക്കുന്നു. രണ്ടിനും ശ്വാസം ഒന്നത്ര; മനുഷ്യനു മൃഗത്തേക്കാൾ വിശേഷയില്ല; സകലവും മായയല്ലോ. (സഭാ, 3:19). ആരെക്കുറിച്ചുമുള്ള ചിന്തയോ ഓർമ്മയോ ഇല്ലാത്തതും ഉറക്കം, വിശ്രമം, ഇരുട്ട്, നിശബ്ദത എന്നിവയോടുകൂടിയതും ആയ ഒരവസ്ഥയാണിത്. (ഈയ്യാ, 3:15, 17:13, സങ്കീ, 6:5; സഭാ, 9:5, 10). ഈ അവസ്ഥയിൽ നിന്ന് ഒരാൾക്കു മടങ്ങിവരാനോ ദൈവത്ത സ്തുതിക്കുവാനോ കഴിയുകയില്ല. (2ശമൂ, 12:23; ഇയ്യോ, 7:9, സങ്കീ, 30:9; യെശ, 38:53). പാതാളത്തിന്റെ വർണ്ണന ഒരു വലിയ ശവക്കുഴിയുടെ ചിത്രമാണ് പലപ്പോഴും പ്രദാനം ചെയ്യുന്നത്. കൃമി, പുഴു തുടങ്ങിയ ക്ഷുദ്രകീടങ്ങളോടൊപ്പം മൃതന്മാർ തുടരുന്നു. (യെശ, 14:11). അവിടെ നിന്ന് ഒരാളിൻ്റെ രൂപത്തെ വിളിച്ചു വരുത്താവുന്നതാണ്. (1ശമൂ, 18:33). അർത്ഥസമ്പൂർണ്ണമായ അസ്തിത്വത്തിന്റെ അന്ത്യമാണ് പാതാളം. മനുഷ്യജീവൻ്റെ ഈ സമാപ്തി സഭാപ്രസംഗിയുടെ പല്ലവി ഉരുവിടാൻ നമ്മ പ്രേരിപ്പിക്കുന്നു: “ഹാ മായ, മായ, സകലവും മായ അത്രേ.” (സഭാ, 12:8). മരണാനന്തര ജീവിതത്തിന് പഴയനിയമം പ്രതീക്ഷാനിർഭരമായ ഒരുത്തരം നല്കുന്നു. അതു മനുഷ്യന്റെ പ്രകൃതിയിലല്ല ജീവിക്കുന്ന ദൈവത്തിൻ്റെ ശക്തിയിലത്രേ നിലകൊള്ളുന്നത്. 

സർവ്വജീവനും ആസന്നമായ ന്യായവിധിയിൻ കീഴിലാണ്. തന്മൂലം ഒരു പുതുയുഗത്തിന്റെ ജീവൻ അനുഭവിക്കാനുളള തീരുമാനം ഓരോ വ്യക്തിയും എടുത്തേ തീരു. യോഹന്നാൻ സ്നാപകനും അപ്പൊസ്തലന്മാരും ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്ന് ആഹ്വാനം ചെയ്തതു അതുകൊണ്ടാണ്. അപമാനകരമായ വധശിക്ഷയിൻ കീഴിലായിരിക്കുന്ന കുറ്റവാളികൾ പ്രത്യേക പാപികളല്ല. “അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങളെല്ലാവരും അങ്ങനെതന്നെ നശിച്ചു പോകും” (ലൂക്കൊ, 13:3) എന്നു ക്രിസ്തു വ്യക്തമാക്കി. ദൈവപ്രസാദത്തിന്റെ അടയാളമായി സമൃദ്ധിയെ കരുതുവാനും നിവൃത്തിയില്ല. സമൃദ്ധിയിൽ പുളച്ച് അഹങ്കരിക്കുന്നവനോടു ദൈവം പറയുകയാണ്; “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും.” (ലുക്കൊ, 12:20). ഈ ന്യായവിധി ക്രിസ്തുവിന്റെ പ്രത്യക്ഷത, പുനരുത്ഥാനം രണ്ടാം മരണം എന്നിങ്ങനെ യുഗാന്ത്യ സമാപ്തിയിലേക്കു വിരൽ ചൂണ്ടുന്നു. രണ്ടാം മരണത്തിൽ ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിക്കും. (മത്താ, 10:28). പുനരുത്ഥാനജീവനിൽ നിന്ന് (സോയീ) വ്യതിരിക്തമായ ദേഹിജീവൻ (പ്സ്യൂഖീ) ന്യായവിധിക്കു വിധേയമായ ആദാമ്യ ജീവനാണ്. ഈ ആദാമ്യ ജീവൻ പുനരുത്ഥാന ജീവൻ (സോയീ) പ്രാപിച്ചില്ലെങ്കിൽ നാശവിധേയമാണ്. (യോഹ, 3:16). 

മരണത്തിന്റെ ശിക്ഷാവിധി യേശുക്രിസ്തുവിൽ നിവൃത്തിയായി. പാപമായി തീർന്നവനും ആത്മാവിനെ സ്വമേധയാ പാതാളത്തിന് ഏല്പിച്ചു കൊടുത്തവനും ആയ ഒടുക്കത്തെ ആദാം ലോകത്തിനു പുനരുത്ഥാന ജീവൻ നല്കി: (മർക്കൊ, 10:45; 14:34; യോഹ, 10:15; 2കൊരി, 5:21; യെശ, 53:6, 10; പ്രവൃ, 8:32, 33; 1പത്രൊ, 2:24). ക്രിസ്തു തന്റെ ആത്മാവിനെ പാതാളത്തിനു വിട്ടുകൊടുത്തില്ല. പുനരുത്ഥാനത്തിൽ ക്രിസ്തു തന്റെ ആത്മാവിനെ തിരികെ പ്രാപിച്ചു. (പ്രവൃ, 2:31; യോഹ, 10:17). നാശരഹിതമായ ജീവന്റെ ശക്തിയാൽ അവൻ ജീവൻ നല്കുന്ന ആത്മാവായിത്തീർന്നു, തനിക്ക് ഇഷ്ടമുള്ളവർക്കൊക്കെയും പുനരുത്ഥാന ജീവൻ നല്കുന്നു. ഇങ്ങനെ മനുഷ്യാത്മാവിന്റെ മരണഭീഷണി ക്രിസ്തു എന്നേക്കുമായി നീക്കിക്കളഞ്ഞു: (എബാ, 7:3; 1കൊരി, 15:45; എഫെ, 4:8; യോഹ, 5:21; 17:2). തന്മൂലം മനുഷ്യൻ തന്റെ ജീവനെ നഷ്ടപ്പെടുത്തേണ്ടതില്ല. സ്വന്തം ജീവനെ സ്നേഹിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ അവനതു നഷ്ടമാകും. എന്നാൽ ക്രിസ്തുവിനു വേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സഹോദരന്മാർക്കു വേണ്ടിയോ ജീവൻ ത്യജിക്കുമെങ്കിൽ പുനരുത്ഥാനജീവനിൽ അതു തിരികെ പ്രാപിക്കും: (മർക്കൊ, 8:35; യോഹ, 12:25; 1യോഹ, 3:16; 2കൊരി, 12:15; ഫിലി, 2:30; വെളി, 12:11). ഒരു പാപിയെ മാനസാന്തരപ്പെടുത്തുക എന്നതിന്റെ അർത്ഥം ഒരാത്മാവിനെ മരണത്തിൽ നിന്നു രക്ഷിക്കുക എന്നാണ്: (എബ്രാ, 10:39; യാക്കോ, 1:21; 5:20; 1പത്രൊ, 1:9). മരണം ക്രിസ്തുവിലുള്ള താത്ക്കാലിക നിദ്രയായി മാറ്റപ്പെടും: (1തെസ്സ, 4:14; മർക്കൊ, 5:39; യോഹ, 11:11). തന്മൂലം ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ ഒരിക്കലും യഥാർത്ഥ മരണം ആസ്വദിക്കയില്ല. (യോഹ, 8:51; 10:28; 11:26).

പുനരുത്ഥാന ജീവൻ: പഴയനിയമത്തിലെ നല്ല ജീവൻ പുതിയനിയമത്തിൽ പുതു ജീവൻ അഥവാ പുനരുത്ഥാന ജീവൻ (സോയീ) ആയി മാറുന്നു. സാക്ഷാൽ ജീവൻ പുനരുത്ഥാന ജീവനായതു കൊണ്ടു അതിനെ കേവലം ജീവനെന്നു വിളിക്കുന്നു: (പ്രവൃ, 5:20; 11:18; റോമ, 5:17; 2പത്രൊ, 1:3; 1യോഹ, 5:16). പ്രകാശം (യോഹ, 8:12), മഹത്വം (1പത്രൊ, 5:1, 4; യാക്കോ, 1:12), മാനം (റോമ, 2:7), സമൃദ്ധി (യോഹ, 10:10), അക്ഷയത (2തിമൊ, 1:10), പുനരുത്ഥാനം (യോഹ, 6:40; 11:25), നിത്യജീവൻ, ദൈവരാജ്യം (കൊലൊ, 1:13; മത്താ, 25), വിശുദ്ധി (റോമ, 6:22), സന്തോഷം (1തെസ്സ, 2:19), ആത്മാവ് (യോഹ, 6:63; 1കൊരി, 15:45), അനശ്വരത (എബ്രാ, 7:16; 1പത്രൊ, 1:23) എന്നിവയുമായി ജീവൻ ബന്ധപ്പെട്ടിരിക്കുന്നു. അന്ധകാരം (കൊലൊ, 1:13), അപമാനം (റോമ, 2:7), മരണം (1യോഹ, 3:14), നശ്വരത (2കൊരി, 5:4), നാശം (മത്താ, 7:13; ഗലാ, 6:8), ന്യായവിധി (യോഹ, 5:29), ക്രോധം (റോമ, 2:8; യോഹ, 3:36), നിത്യദണ്ഡനം (മത്താ, 25:46) എന്നിവ ജീവൻറ വിരുദ്ധ കോടിയിലാണ്. അമർത്ത്യതയുള്ളവനും തന്നിൽ തന്നെ ജീവനുള്ളവനും (1തിമൊ, 6:16; യോഹ, 5:26) എന്നേക്കും ജീവിക്കുന്നവനുമായ ദൈവത്തിന്റെ ജീവനാണ് ജീവൻ. (റോമ, 5:21; വെളി, 4:9(. ദൈവത്തിന്റെ ഈ ജീവൻ ക്രിസ്തുവിൽ പ്രത്യക്ഷമായി. ക്രിസ്തു തന്റെ ശിഷ്യന്മാർക്കു പുനരുത്ഥാന ജീവന്റെ ഉറപ്പും (മർക്കൊ, 8:34; 9:41; 10:29; മത്താ, 25:46), അതു നല്കുന്നതിനുള്ള തന്റെ അധികാരത്തിനു തെളിവും നല്കി. സൗഖ്യമാക്കുക എന്നത് ആത്മരക്ഷ മാത്രമല്ല ഭൗതിക ജീവൻ്റെ രക്ഷയും ഉൾക്കൊള്ളുന്നു. (ലൂക്കൊ, 6:9; മർക്കൊ, 5:23). ക്രിസ്തു മരിച്ചവരെ ജീവിപ്പിച്ചു. (മർക്കൊ, 5:39; ലൂക്കൊ, 7:14). 

പുനരുത്ഥാന ജീവന്റെ സവിശേഷതകൾ: 1. പുനരുത്ഥാനജീവൻ ക്രിസ്തുവിൽ അധിഷ്ഠിതമാണ്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ അമർത്യജീവൻ ചരിത്രതലത്തിൽ സാക്ഷാത്കരിക്കപ്പെട്ടു. ക്രിസ്തുവിന്റെ പുനരുത്ഥാനം എല്ലാ പുനരുത്ഥാനത്തിനും അധിഷ്ഠാനമായിത്തീർന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ മാത്രമേ മറ്റു പുനരുത്ഥാനങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ: (1കൊരി, 15; കൊലൊ, 3:4; 1യോഹ, 3:2). യേശുക്രിസ്തുവിന്റെ സ്വരൂപത്തിലാണ് പുനരുത്ഥാനജീവൻ വെളിപ്പെട്ടത്. (റോമ, 8:29). ജീവിപ്പിക്കുന്ന ആത്മാവായിത്തീർന്ന യേശുക്രിസ്തുവിൽ മനുഷ്യന്റെ സാക്ഷാൽ ജീവൻ അടിസ്ഥാനപ്പെട്ടിരിക്കുന്നു. (1കൊരി, 15:45). സുവിശേഷ പ്രഖ്യാപനത്തിന്റെ സാരം മരിച്ചവൻ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്നതത്ര: (പ്രവൃ, 2:31; 1കൊരി, 15:3; വെളി, 1:5, 18). അഴിഞ്ഞുപോകാത്ത ജീവന്റെ അധികാരത്താൽ അവൻ ലോകത്തിനു ജീവൻ പ്രദാനം ചെയ്യുന്നു. (എബാ, 7:15; യോഹ, 6:33). മരിച്ചവരിൽ നിന്നും ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ല എങ്കിൽ പാപങ്ങൾ ക്ഷമിക്കപ്പെട്ടിട്ടില്ല. ക്രിസ്തുവിൽ നിദ്രകൊണ്ടവർ നശിച്ചു, മാത്രമല്ല, ക്രിസ്തുവിൽ പ്രത്യാശവച്ചവർ കേവലം അരിഷ്ടന്മാരായി. (1കൊരി, 15:18, 32). എന്നാൽ ക്രിസ്തു ഉയിർത്തെഴുന്നേറ്റു, പാതാളത്തിന്റെ താക്കോലുകൾ അവന്റെ കൈവശമുണ്ട്. പാതാളത്തിന് ക്രിസ്തുവിനെ കീഴടക്കുവാൻ സാധിച്ചില്ല. മാത്രമല്ല, പാതാളഗോപുരങ്ങൾ ക്രിസ്തുസഭയെ ജയിക്കയുമില്ല. (വെളി, 1:18; മത്താ, 16:18). മാനസാന്തരം, വിശ്വാസം, സ്നാനം എന്നിവയിലൂടെ ക്രിസ്തുവിന്റെ ജീവൻ വിശ്വാസിക്കു ലഭിക്കുന്നു. (പ്രവൃ, 11:18; യോഹ, 3:16; 11:25; റോമ, 6:4). അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും (റോമ, 5:10) എന്ന് പൗലൊസ് അപ്പൊസ്തലൻ അത്ഭുതപ്പെടുന്നു. ദൈവത്തിൽനിന്നുള്ള പുതിയ ജീവൻ കൃപയും പാപത്തിന്റെ മാരകത്വവും മനുഷ്യനു കാട്ടിക്കൊടുക്കുവാൻ ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളിൽ ദൈവം മനുഷ്യലോകത്തിലേക്കു കടന്നു വന്നു. ക്രിസ്തു സത്യദൈവവും നിത്യജീവനും (1യോഹ, 5:20; യോഹ, 1:4; 14:6), ജീവനായകനും (പ്രവൃ, 3:14) ആണ്. പിതാവും പുത്രനായ ക്രിസ്തുവിന് തന്നിൽ തന്നെ ജീവൻ നല്കി. (യോഹ, 5:26(. ക്രിസ്തു പുനരുത്ഥാനവും ജീവനും ജീവൻ്റെ അപ്പവുമാണ്. (യോഹ, 11:25; 6:35). ക്രിസ്തുവിന്റെ വചനങ്ങൾ ആത്മാവും ജീവനും ആണ്. (യോഹ, 6:63). തൻ്റെ പുനരുത്ഥാനത്തിൽ ക്രിസ്തു ജീവനുള്ളവരുടെയും മരിച്ചവരുടെയും കർത്താവും ന്യായാധിപനുമായി. (മത്താ, 25:31; മർക്കൊ, 14:62; യോഹ, 5:27; പ്രവൃ, 4:1; വെളി, 10:42; 17:31; 14:9; 2തിമൊ, 11:18).

2. പുനരുത്ഥാനജീവന്റെ മേൽ മനുഷ്യനധികാരമില്ല. ആദാമ്യജീവൻ അഥവാ പ്രാകൃത ജീവൻ നല്കിയത് ദൈവമാണ്. അതുപോലെ പുനരുത്ഥാനജീവൻ നല്കുന്നതും ദൈവമാണ്. അതിന്മേൽ ഏതെങ്കിലും വിധത്തിലുളള നിയന്ത്രണമോ അധികാരമോ മനുഷ്യനില്ല. മനുഷ്യന് അതിനെ സ്വായത്തമാക്കുകയോ അതിൽ പ്രവേശിക്കുകയോ അതിനെ സ്വീകരിക്കുയോ ചെയ്യാം. (മർക്കൊ, 9:43; 10:17, 30; തീത്താ, 3:6). സുവിശേഷത്തെ തിരസ്ക്കരിച്ചുകൊണ്ട് നിത്യജീവന് അയോഗ്യനാണെന്നു ഒരുവന് സ്വയം വിധിക്കാം. (പ്രവൃ, 13:46). പരിശുദ്ധാത്മാവിവിനാൽ നിത്യജീവനായുള്ള പ്രവർത്തനങ്ങൾ അവനു ചെയ്യാം. (മർക്കൊ, 10:17; റോമ, 2:7). വിശ്വാസത്താൽ ക്രിസ്തുവിനോടുള്ള ബന്ധത്തിൽ മാത്രമേ അതു സാദ്ധ്യമാകുകയുള്ളൂ. (റോമ, 1:17; യോഹ, 20:31). ദൈവം തനിക്ക് ഇഷ്ടമുള്ളവർക്കു ജീവൻ നല്കുന്നു. (യോഹ, 1:13; 5:21). അവർ ജീവന്നായി മുൻ നിയമിക്കപ്പെട്ടവരും ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേരു എഴുതപ്പെട്ടവരുമാണ്. (പ്രവൃ, 13:48; റോമ, 9:11; ഫിലി, 4:3; വെളി, 17:8; 20:12). 

3. പുനരുത്ഥാനജീവൻ അവിനാശിയാണ്: പുനരുത്ഥാനജീവൻ നാശവിധേയമല്ല. അളവില്ലാത്ത ജീവൻ്റെ ശക്തിയാലാണ് വിശ്വാസിക്കതു ലഭിക്കുന്നത്. ദൈവമന്ദിരം ഈ ഭൂമിയിൽ പണിയപ്പെടുന്നത് ജീവനുള്ള കല്ലുകളാലാണ്. വിശ്വാസികൾ ജീവനുള്ള കല്ലുകളാണ്. (1പത്രൊ, 2:4,5). ദൈവിക ശുശ്രൂഷയിൽ വിശ്വാസികൾ തങ്ങളെത്തന്നെ ജീവനുളള യാഗമായി സമർപ്പിക്കുന്നു. (റോമ, 12:1). ഈ ജീവനു നിരന്തരം ഭീഷണി ഉയർത്തുന്ന മൂന്നു ശത്രുക്കളുണ്ടു്: പിശാച്, ജഡം, മരണം. ഭൗമികമായ ഒരു ശക്തിക്കും പുതുജീവനെ ഇല്ലായ്മ ചെയ്യുവാൻ കഴിയുകയില്ല. (മത്താ, 10:28; ലൂക്കൊ, 12:4,5; 1യോഹ, 3:10). പിശാച് അതിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ക്രിസ്തുവിന്റെ ശക്തിയാൽ പിശാചിനെ ജയിക്കാം. (റോമ, 8:37-39). ഭൗതികമരണം ഒരു വ്യക്തിയുടെ അസ്തിത്വത്തെ അവസാനിപ്പിക്കാം. (ലൂക്കൊ, 23:46; യോഹ, 19:30; പ്രവൃ, 7:59). എന്നാൽ പുനരുത്ഥാന ജീവൻ പ്രാപിച്ചവർ മരണത്തോടുകൂടി അവസാനിക്കുന്നില്ല. ഒരിക്കലും അവസാനിക്കാത്ത അളവറ്റ ജീവനാണ് പുനരുത്ഥാന ജീവൻ.  

4. പുനരുത്ഥാനജീവൻ വർത്തമാനകാല അവകാശമാണ്. ഇപ്പോൾ ഇവിടെവച്ചുതന്നെ ഒരു വിശ്വാസി പുനരുത്ഥാന ജീവൻ അനുഭവിക്കുന്നു. മാനസാന്തരത്തിൽ അവൻ മരണത്തിൽനിന്നു ജീവനിലേക്കു കടക്കുന്നു. (1യോഹ, 3:14; യോഹ, 5:24; എഫെ, 2:1). പുതിയ ജീവന്റെ അനുഗ്രഹങ്ങളെല്ലാം മാനസാന്തരത്തോടു കൂടി ലഭിച്ചു കഴിഞ്ഞതായി അതായതു, ഭൂതകാലത്തിലാണ് പല സ്ഥാനങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു, ജീവനിലേക്കു ഉയിർപ്പിക്കപ്പെട്ടു, ക്രിസ്തുവിന്റെ രാജ്യത്തിൽ ആക്കപ്പെട്ടു; തേജസ്കരിക്കപ്പെട്ടു, സ്വർഗ്ഗത്തിൽ ഇരുത്തപ്പെട്ടു എന്നീ പ്രസ്താവനകൾ ശ്രദ്ധാർഹങ്ങളാണ്. (റോമ, 8:30; ഗലാ, 2:20; എഫെ, 2:5; കൊലൊ, 1:13). ഭാവികാല ജീവന്റെ അച്ചാരമായി പരിശുദ്ധാത്മാവിനെ നല്കിയിരിക്കുന്നു. (2കൊരി, 5:5). ക്രിസ്തുവിന്റെ പുനരാഗമനത്തിൽ സംഭവിക്കുന്ന തേജസ്കരണത്തോടു കൂടിയാണ് പുനരുത്ഥാന ജീവന്റെ പൂർണ്ണാനുഭവം പ്രാപിക്കുന്നത്. അക്ഷയതയും അമർത്ത്യതയും അതോടുകൂടി ജീവന്റെ നിത്യഭാവമായി മാറും. ഇന്നു മാനസികമായ പുതുക്കത്തിലും നൈതികമായ പരിവർത്തനത്തിലുമാണ് പുനരുത്ഥാനജീവനെ സാക്ഷാത്കരിക്കുന്നത്. ദേഹി അതിന്റെ മർത്യഭാവത്തിൽ മരണത്തിനു വിധേയമാണ്. ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ മാത്രമാണ് മരണം നീങ്ങി ജയം വരുന്നതും പാതാളത്തിന്റെ അധികാരം ഉന്മൂലനം ചെയ്യപ്പെടുന്നതും. (1കൊരി, 15:26, 52; 2കൊരി, 5:4). അനേകം സഹോദരന്മാരിൽ ആദ്യജാതനും മരിച്ചവരുടെയിടയിൽ നിന്ന് ആദ്യഫലമായി ഉയിർത്തെഴുന്നേറ്റവനും ആയ യേശുക്രിസ്തുവിൽ മാത്രമാണ് ഇന്നു ജയം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. (റോമ, 8:29; 1കൊരി, 15:20). 

5. പുതുജീവൻ പാപത്തെ പൂർണ്ണമായി അതിജീവിച്ചതല്ല. ആത്മീയമായ ബലഹീനത ഈ ജീവനു ബാധകമാണ്. ആത്മാവ് ഒരുക്കമുളളതും ജഡം ബലഹീനവുമാണ്. (മത്താ, 26:41; മർക്കൊ, 14:38; റോമ, 7:18). പുതുജീവൻ പ്രാപിച്ചു എങ്കിലും നാം ലോകത്തിന്റെ പരിമിതികൾക്കു വിധേയമാണ്. വിശ്വാസിയുടെ പാപപ്രവൃത്തികൾക്കും അവിശ്വാസിയുടെ പാപപൂർണ്ണതയ്ക്കും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. പാപി ദൈവത്തിനു വേണ്ടി ജീവിക്കുക എന്നതു മനഃപൂർവ്വം നിരസിക്കുന്നു. കാലികമായ പരാജയങ്ങൾ വിശ്വാസിക്കു നേരിടുമെങ്കിലും നിരപ്പുപ്രാപിച്ചു ദൈവവുമായുള്ള ബന്ധത്തിൽ അവൻ മുന്നോട്ടു പോകും. യേശുവിന്റെ ശിഷ്യന്മാർതന്നെ പലപ്പോഴും തെറ്റിപ്പോയതു നമുക്കറിയാം. എന്നാൽ അവർ അനുതപിച്ച് ക്രിസ്തുവിൻറ ശുശ്രൂഷയിൽ ഭാഗഭാ ക്കുകളായി.

6. പുനരുത്ഥാനജീവൻ വൈയക്തിക ജീവനാണ്. പുനരുത്ഥാന ജീവൻ ‘എന്റെ ജീവനാണ്.’ സ്വത്വം ഒരിക്കലും നഷ്ടപ്പെടുന്നില്ല. എല്ലാവരും ദൈവത്തിനു ജീവിച്ചിരിക്കുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. (ലൂക്കൊ, 20:38). ദൈവപുത്രനായിരിക്കുക എന്നതിന് പുനരുത്ഥാന പുത്രനായിരിക്കുക എന്നർത്ഥം. സാകല്യമനുഷ്യന്റെ ജീവനാണു പുനരുത്ഥാനജീവൻ. (ലൂക്കൊ, 24:39; യോഹ, 5:28; 1കൊരി, 15; ഫിലി, 3:21; വെളി, 20:13). അത് ക്രിസ്തുവിനോടു കൂടെ ആയിരിക്കു ന്നതും (യോഹ, 14:3; കൊലൊ, 3:4; 1തെസ്സ, 4:17), ദൈവത്തിന്റെ പൂർണ്ണദർശനം പ്രാപിക്കുന്നതും (1കൊരി, 13:12; 1യോഹ, 3:2) ആണ്. “അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി മരണം ഉണ്ടാകയില്ല.” (വെളി, 22:3,4; 21:5).

ആശിർവാദത്തിലെ ത്രിത്വം

“കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.” (2കൊരി, 13:14)

പൗലൊസിൻ്റെ ആശിർവാദത്തിൽ യേശുക്രിസ്തു, ദൈവം, പരിശുദ്ധാത്മാവ് എന്നിങ്ങനെ വേർതിരിച്ചു പറഞ്ഞിരിക്കയാൽ, ദൈവം മൂന്നു വ്യക്തികളാണെന്നും അത് ത്രിത്വത്തിന് തെളിവാണെന്നും പണ്ഡിതന്മാർ പഠിപ്പിക്കുന്നു. ആദ്യംതന്നെ ത്രിത്വവഞ്ചന തുറന്നുകാട്ടിയശേഷം, എന്തുകൊണ്ടാണ് ദൈവത്തെയും യേശുക്രിസ്തുവിനെയും പിരിശുദ്ധാത്മാവിനെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നതെന്ന് നമുക്കുനോക്കാം.

ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ നോക്കാം: അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) സ്വഭാവം ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) വചനത്തിലുള്ളത്: (യോഹ, 5:44). ബൈബിൾ വെളിപ്പെടുത്തുന്നത് ഒരേയൊരു ദൈവത്തെയാണ്: (μόνος θεός – Mónos Theós – The only God). എന്നാൽ ത്രിത്വത്തിന് ദൈവം ഒരുത്തനല്ല; മൂന്നുപേരാണ്. ദൈവം ഒരുത്തനാകട്ടെ, മൂന്നുപേരാകട്ടെ; ദൈവത്തിന് സാഹചര്യങ്ങൾക്ക് അനുസരിച്ച് തൻ്റെ പ്രകൃതിക്ക് മാറ്റം വരില്ല; മാറ്റം വരാൻ പാടില്ല. അതായത്, ദൈവം മാറ്റമില്ലാത്തവനാകയാൽ, തൻ്റെ സാക്ഷാൽ പ്രകൃതി ഒന്നായാലും മൂന്നായാലും താനതിൽ സ്ഥിരതയുള്ളവൻ ആയിരിക്കും. ചിലപ്പോൾ ഏകനും മറ്റുചിലപ്പോൾ ത്രിത്വവും ആകാൻ കഴില്ല. തൻ്റെ സ്വഭാവത്തിലും സ്വരൂപത്തിലും താൻ എല്ലായ്പ്പോഴും സ്ഥിരതയുള്ളവൻ ആയതുകൊണ്ടാണ് അവൻ ദൈവം ആകുന്നത്. ഇനി, മേല്പഞ്ഞ വാക്യത്തിലുള്ളത് ആരൊക്കെയാണ് ഉള്ളതെന്ന് നോക്കാം. യേശുക്രിസ്തു, ദൈവം, പരിശുദ്ധാത്മാവ്. ത്രിത്വത്തിന് ദൈവം ഒരുത്തനല്ല; മൂന്നു വ്യക്തികളാണ്. അപ്പോൾ, യേശുക്രിസ്തു, ത്രിത്വമായ ദൈവം അഥവാ, മൂന്നു വ്യക്തികൾ, പിന്നെ പരിശുദ്ധാത്മാവ്. ആകെ എത്രയായി? ആകെ അഞ്ചു വ്യക്തികൾ. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പിതാവ് മാത്രമാണ്: (മത്താ, 4:10; 24:36; യോഹ, 5:44; 17:3; 1കൊരി, 8:6; എഫെ, 4:6). ത്രിത്വം അത് അംഗീകരിക്കാതെയാണ് ദൈവം ത്രിത്വമാണെന്ന് പറയുന്നത്. ദൈവം ത്രിത്വമാണെങ്കിൽ, എല്ലായ്പ്പോഴും ത്രിത്വംതന്നെ ആയിരിക്കും. ദൈവം ഒരുത്തൻ മാത്രമാണെന്ന് പഠിപ്പിക്കുന്ന ബൈബിൾ വിശ്വസിച്ചാൽ; ഏകസത്യദൈവവും ആ ദൈവത്തിൻ്റെ രണ്ടു വെളിപ്പാടുകളുമാണ് (manifestations) ആ വാക്യത്തിലുള്ളത്. ബൈബിൾ വിരുദ്ധ ഉപദേശമായ ത്രിത്വവിശ്വാസം അംഗീകരിച്ചാൽ, മുകളിലുള്ള വാക്യത്തിൽ മൂന്നു വ്യക്തികളല്ല; അഞ്ചു വ്യക്തികളുണ്ട്. തന്മൂലം, ആ വാക്യം ത്രിത്വത്തിന് തെളിവല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

മേല്പറഞ്ഞ ആശിർവാദത്തിൽ മൂന്നു വ്യക്തികളുണ്ടെന്നാണ് ത്രിത്വവ്യാഖാനം. ആശിർവാദം അതുമാത്രമല്ലല്ലോ ബൈബിളിലുള്ളത്: “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:4,5). പൗലൊസിൻ്റെ ആശിർവാദത്തിൽ മൂന്നു വ്യക്തികളാണ് ഉള്ളതെങ്കിൽ, യോഹന്നാൻ്റെ ആശിർവാദത്തിൽ എത്ര വ്യക്തികളുണ്ട്: ഇരിക്കുന്നവൻ ഇരുന്നവൻ വരുന്നവൻ = പിതാവ്, ഏഴ് ആത്മാവ്, യേശുക്രിസ്തു. എത്ര വ്യക്തികളായി ഒൻപത് വ്യക്തികൾ. കൊരിന്ത്യരിലുള്ളത് ത്രിത്വമാണെങ്കിൽ, വെളിപ്പാടിലുള്ളത് നവദൈവമാണെന്ന് ത്രിത്വപണ്ഡിതന്മാർ സമ്മതിക്കുമോ? ഏഴാത്മാവിനെ ത്രിത്വത്തിൽ എങ്ങനെ കൊള്ളിക്കും? ദൈവത്തിൻ്റെ ഏഴു ആത്മാക്കൾ (seven Spirits of God) എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (3:1; 4:5; 5:6). ദൈവത്തിൻ്റെ ഏഴാത്മാക്കൾ ഒരു ആത്മാവാണെന്നു ഒരിടത്തും പറഞ്ഞിട്ടുമില്ല. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറയുന്നവർ ദൈവത്തിൻ്റെ ഏഴാത്മാവ് ഏഴ് വ്യക്തികളല്ലെന്ന് ഏത് കാരണത്താൽ പറയും?

വെളിപ്പാടിലെ ഏഴ് ആത്മാവിനോടുള്ള ബന്ധത്തിൽ ചില വ്യാഖ്യാനങ്ങൾ നിലവിലുണ്ട്; അതും നമുക്കു നോക്കാം: 

1. ഏഴ് ദീപങ്ങൾ: “സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.” (വെളി, 4:5). ഏഴ് ആത്മാക്കൾ ഏഴ് ദീപങ്ങളാണെന്നല്ല; കത്തിജ്വലിച്ചുകൊണ്ടിരുന്ന ഏഴ് ദീപങ്ങൻ ഏഴ് ആത്മാക്കൾ ആകുന്നു എന്നാണ് ഈ വാക്യത്തിലുള്ളത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ നിന്നു വാക്യം ചേർക്കുന്നു: “സിംഹാസനത്തില്‍ നിന്നു മിന്നല്‍പ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍. അവ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാകുന്നു.” യോഹന്നാൻ അപ്പൊസ്തലൻ  സ്വർഗ്ഗത്തിൽ കണ്ട ദൈവാത്മാവിൻ്റെ വെളിപ്പാടാണത്. ദൈവാത്മാവ് അദൃശ്യമാകായാൽ യോഹന്നാൻ കണ്ടത് കത്തിജ്വലിക്കുന്ന ഏഴ് ദീപങ്ങളായാണ്. അത് ഏഴാത്മാക്കളാകുന്നു എന്നു യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു. ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും പരിശുദ്ധാത്മാവിനെ കണ്ടതോർക്കുക: (പ്രവൃ, 2:3). “ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ” എന്നു ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: (വെളി, 3:1). സിഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിൻ്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4). അത് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവാല്ലാതെ, ഏഴ് ദീപങ്ങൾ ആയിരുന്നെങ്കിൽ; ദീപങ്ങളുടെ ആശിർവാദമാണോ അഥവാ ദീപങ്ങളിൽ നിന്നുള്ള കൃപയും സമാധാനവുമാണോ യോഹന്നാൻ സഭയ്ക്ക് ആശംസിക്കുന്നത്???… ത്രിത്വവ്യാഖ്യാനം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നു.

2. ഏഴ് സഭകൾ: “എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.” (വെളി, 1:20). ഈ വാക്യത്തിൽ, “ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു” എന്നു പറഞ്ഞിരിക്കയാലാണ്; സിംഹാസനത്തിനു മുമ്പിലുള്ള ഏഴ് ആത്മാവ് ഏഴ് സഭകളാണെന്നു കരുതുന്നത്. ഒന്നാമത്, ഇവിടെ പറയുന്ന നിലവിളക്കിനു പരിശുദ്ധാത്മാവുമായി എന്തെങ്കിലും ബന്ധമുള്ളതായി ബൈബിൾ പറയുന്നില്ല. രണ്ടാമത്, യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കത്തിജ്വലിക്കുന്ന ഏഴ് ദീപങ്ങളുമായി ഇവിടെ പറഞ്ഞിരിക്കുന്ന നിലവിളക്കിനും യാതൊരു ബന്ധവുമില്ല. നിലവിളക്കു ഗ്രീക്കിൽ ലിക്നിയ (lychnia – candlesticks) ആണ്. ദീപങ്ങൾ ഗ്രീക്കിൽ ലാമ്പസ് (lampas – lamps) ആണ്. ഇനി, ഏഴാത്മാവ് ഏഴ് സഭയാണെന്നു വ്യാഖ്യാനിച്ചാലുള്ള കുഴപ്പം എന്താണെന്നറിയാമോ? ഒന്നാമത്, യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്ക്, ആ ഏഴ് സഭകളുടെ ആശിർവാദം തന്നെയാണ് നല്കുന്നതെന്നു സമ്മതിക്കണം. അത് അതിൽത്തന്നെ മഹാദുരുപദേശമാകും: (വെളി, 1:4,5). രണ്ടാമത്, യോഹന്നാൻ്റെ ആശിർവാദം പിതാവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യേശുക്രിസ്തുവിൽ നിന്നുമാണ്: (വെളി, 1:4,5). ഏഴ് ആത്മാവ് ഏഴ് സഭകളാണെന്നു വ്യാഖ്യാനിച്ചാൽ; പിതാവിൽനിന്നും ഏഴ് സഭകളിൽ നിന്നും യേശുക്രിസ്തുവിൽ നിന്നുമാണ് ആശിർവാദം. അപ്പോൾ ആസ്യയിലെ ഏഴ് സഭകൾ ത്രിത്വത്തിൻ്റെ ഭാഗമാകണം. അത് അതിനെക്കാൾ മാരണ ഉപദേശമാകും. 

3. ഏഴ് പൂർണ്ണതയെ കുറിക്കുന്നു: ദൈവശാസ്ത്രപ്രകാരം ഏഴ് ഒരു പൂർണ്ണസംഖ്യയാണ്. അതിനാൽ, ‘ഏഴ് ആത്മാവു’ എന്ന പ്രയോഗം ആത്മാവിൻ്റെ പൂർണ്ണതയെ കുറിക്കുന്നു എന്നതാണ് മറ്റൊരു വ്യാഖ്യാനം. മൂന്നു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായാൽ അത് ശരിയാണ്: ഒന്ന്; ഏഴ് ആത്മാവെന്ന പ്രയോഗം പൂർണ്ണതയെ കുറിക്കുന്നതാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? രണ്ട്; വെളിപ്പാടിൽ പറയുന്ന ഏഴാത്മാവാണ് പൂർണ്ണമായ ആത്മാവെങ്കിൽ ഉല്പത്തി മുതൽ യൂദാവരെ കാണുന്ന ദൈവത്തിൻ്റെ ആത്മാവ് അഥവാ പരിശുദ്ധാത്മാവ് അപൂർണ്ണനായിരുന്നോ? പുത്രൻ്റെ ഒരു പ്രസ്താവനയുണ്ട്: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32). ഈ പരിശുദ്ധാത്മാവ് അപൂർണ്ണനായിരുന്നെന്ന് സമ്മതിച്ചാൽ, വെളിപ്പാടിലെ ഏഴാത്മാവ് പൂർണ്ണതയെയാണ് കുറിക്കുന്നത്. മൂന്ന്; ത്രിത്വത്തിന് ദൈവം ഒരുവനല്ല; സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ ഒരുവനാണ് പരിശുദ്ധാത്മാവ്. അപ്പോൾ ത്രിത്വത്തിലെ ഒരു വ്യക്തിയായ ആത്മാവിനു മാത്രം പ്രത്യേകമായൊരു പൂർണ്ണത ഉണ്ടായാൽ മതിയോ? മറ്റു രണ്ടു വ്യക്തികൾക്കും ആ പൂർണ്ണത വേണ്ടേ? ഉദാ: ഏഴ് പിതാവ്, ഏഴ് പുത്രൻ എന്നൊക്കെയും പറയേണ്ടതല്ലേ? ഈ വ്യാഖ്യാനപ്രകാരം ത്രിത്വത്തിലെ പരിശുദ്ധാത്മാവ് മാത്രമാണ് പൂർണ്ണൻ; മറ്റു രണ്ടുപേരും അപൂർണ്ണരാണ്. നാല്; ഇനി, ട്രിനിറ്റിയുടെ വ്യാഖ്യാനംപോലെ, ഏഴാത്മാവ് എന്ന പ്രയോഗം ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കുന്നതാണെങ്കിൽ, പിതാവിൽനിന്നും ഏഴാത്മാവിൽനിന്നും യേശുക്രിസ്തുവിൽനിന്നും അപ്പൊസ്തലൻ കൃപയും സമാധാനവും ആശംസിക്കുമോ? അതായത്, ദൈവത്തിൻ്റെ പൂർണ്ണതയെ കുറിക്കുന്ന പ്രയോഗത്തെ, പിതാവിൽനിന്നും പുത്രനിൽനിന്നും വേർതിരിച്ചു പറയുമോ? അത് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന നിങ്ങളുടെ ദൈവത്തിൻ്റെ പൂർണ്ണതയല്ലേ? ഇങ്ങനെയുള്ള വെളിവില്ലാത്ത വ്യാഖ്യാനങ്ങൾ കൊണ്ടാണ് ഏകദൈവത്തിൻ്റെ അനേകം വെളിപ്പാടുകളെ ത്രിത്വം മൂന്നു വ്യക്തിയാക്കി മാറ്റുന്നത്.

4. ഏഴുകൾ: വെളിപ്പാട് പുസ്തകത്തിൽ ഏഴു ആത്മാവിനെക്കുറിച്ചു മാത്രമല്ല പറയുന്നത്; അനേകം ഏഴുകൾ കാണാം: ഏഴു സഭകൾ (1:4), 2. ഏഴു ആത്മാക്കൾ (1:4), 3. ഏഴു പൊൻനിലവിളക്കുകൾ (1:13), 4. ഏഴു നക്ഷത്രങ്ങൾ (1:15), 5. ഏഴു നിലവിളക്കുകൾ (1:20), 6. ഏഴു ദീപങ്ങൾ (4:5), 7. ഏഴു മുദ്രകൾ (5:1), 8. ഏഴു കൊമ്പുകൾ (5:6), 9. ഏഴു കണ്ണുകൾ (5:6), 10. ഏഴു ദൂതന്മാർ (8:2), 11. ഏഴു കാഹളങ്ങൾ (8:2), 12. ഏഴു ഇടികൾ (10:3), 13. ഏഴു ഇടിനാദങ്ങൾ (10:4), 14. ഏഴു തലകൾ (12:3), 15. ഏഴു രാജമുടികൾ (12:3), 16. ഏഴു ബാധകൾ (15:1), 17. ഏഴു പൊൻകലശങ്ങൾ (15:7), 18. ഏഴു ക്രോധകലശങ്ങൾ (16:1), 19. ഏഴു മലകൾ (17:9), 20. ഏഴു രാജാക്കന്മാർ (17:10). ഏഴു ആത്മാക്കൾ ഏഴുപേരല്ല, ഒരു പരിശുദ്ധാത്മാവിൻ്റെ പൂർണ്ണതയെ കുറിക്കുന്നതാണെന്ന് പറയുന്നവർ; ഏഴു സഭകൾ ഏഴു വ്യത്യസ്ത സഭകളല്ല, ഒരു സഭയുടെ പൂർണ്ണതയെയാണ് ഏഴുസഭയെന്ന് പറയുമോ? ഏഴു നക്ഷത്രങ്ങൾ ഏഴു വ്യത്യസ്ത നക്ഷത്രങ്ങളല്ല, ഒരു നക്ഷത്രത്തിൻ്റെ പൂർണ്ണതയാണ് ഏഴ് നക്ഷത്രമെന്ന് പറയുമോ? ഏഴു മുദ്രകൾ ഏഴു മുദ്രകളല്ല, ഒരു മുദ്രയുടെ പൂർണ്ണതയാണ് ഏഴു മുദ്രകളെന്നു പറയുമോ? ഏഴു ദൂതന്മാൻ ഏഴു ദൂതന്മാരല്ല, ഒരു ദൂതൻ്റെ പൂർണ്ണതയാണ് ഏഴു ദൂതന്മാരെന്ന് പറയുമോ? ഏഴു ബാധകൾ പൂർണ്ണമായ ഒരു ബാധയാണെന്നും ഏഴ് ക്രോധകലശങ്ങൾ പൂർണ്ണമായ ഒരു ക്രോധകലശമാണെന്നും ഏഴു മലകൾ പൂർണ്ണമായ ഒരു മലയാണെന്നും ഏഴു രാജാക്കന്മാർ പൂർണ്ണനായ ഒരു രാജാവാണെന്നും നിങ്ങൾ സമ്മതിക്കുമോ???… വചനത്തെ വ്യാഖ്യാനിക്കേണ്ടത് വെളിവുകേടുകൊണ്ടല്ല; വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ.

5. ആത്മാവിൻ്റെ സുകൃതങ്ങൾ: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.” (യെശ, 11:2). ഏഴാത്മാവ് എന്നതിൻ്റെ വ്യാഖ്യാനമാമായിട്ട് ഈ വാക്യം ചിലർ എടുത്തുകാണിക്കാറുണ്ട്. അതായത്, ആത്മാവിൻ്റെ സുകൃതങ്ങൾ അഥവാ നല്ല ദാനങ്ങളെയാണ് വെളിപ്പാടിൽ ഏഴ് ആത്മാവെന്നു വിവക്ഷിക്കുന്നതെന്ന് സാരം. ഒന്നാമത്, ഈ വാക്യത്തിൽ ഏഴ് സൂകൃതങ്ങൾ പറഞ്ഞിട്ടില്ല; ജ്ഞാനം, വിവേകം, ആലോചന, ബലം, പരിജ്ഞാനം, യഹോവാഭക്തി തുടങ്ങി ആറെണ്ണമാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്, ഏഴാത്മാവെന്നത് ആത്മാവിൻ്റെ സുകൃതങ്ങാണെന്നു വ്യാഖ്യാനിക്കണമെങ്കിൽ ആത്മാവിൻ്റെ ഏഴ് സുകൃതങ്ങൾ മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുണ്ടാകാൻ പാടുള്ളു. നമുക്കുനോക്കാം: 1. ആലോചനയുടെ ആത്മാവ് (യെശ, 11:2). 2. കൃപയുടെ ആത്മാവ് (എബ്രാ, 10:29). 3. ജീവൻ്റെ ആത്മാവ് (റോമ, 8:2). 4. ജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2). 5. ദഹനത്തിൻ്റെ ആത്മാവ് (യെശ, 4:3). 6. നല്ല ആത്മാവ് (നെഹെ, 9:20). 7 ന്യായത്തിൻ്റെ ആത്മാവ് (യെശ, 28:6). 8. ന്യായവിധിയുടെ ആത്മാവ് (യെശ, 4:3). 9. പരിജ്ഞാനത്തിൻ്റെ ആത്മാവ് (യെശ, 11:2). 10. ബലത്തിൻ്റെ ആത്മാവ് (യെശ, 11:2). 11. മനസ്സൊരുക്കമുള്ള ആത്മാവ് (സങ്കീ, 51:12). 12. മഹത്വത്തിൻ്റെ ആത്മാവ് (1പത്രൊ, 4:14). 12. യാചനയുടെ ആത്മാവ് (സെഖ, 12:10). 13. വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവ് (എഫെ, 1:14). 14. വിവേകത്തിന്റെ ആത്മാവ് (യെശ, 11:2). 15. വിശുദ്ധിയുടെ ആത്മാവ് (റോമ, 1:5). 16. വിശ്വാസത്തിൻ്റെ ആത്മാവ് (2കൊരി, 4:13). 17. വെളിപ്പാടിൻ്റെ ആത്മാവ് (എബെ, 1:17). 18. ശക്തിയുടെ ആത്മാവ് (2തിമൊ, 1:7). 19. സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:16). 19. സുബോധത്തിൻ്റെ ആത്മാവ് (2തിമൊ, 1:7). 20. സൗമ്യതയുടെ ആത്മാവ് (ഗലാ, 6:1). 21. സ്ഥിരമായോരാത്മാവ് (സങ്കീ, 51:10). 22. സ്നേഹത്തിൻ്റെ ആത്മാവ് (2തിമൊ, 1:7) തുടങ്ങിയവ. ഇനി, മുപ്പതോളം കൃപാവരങ്ങൾ വേറെയുമുണ്ട്.  അതിനാൽ, ത്രിത്വത്തിൻ്റെ ദുർവ്യാഖ്യാനങ്ങളൊന്നും ബൈബിളിന് യോജിക്കില്ല.

ത്രിത്വത്തിന് തെളിവായിട്ട് അവർ എടുക്കുന്ന അനേകം വേദഭാഗങ്ങൾ വേറെയുമുണ്ട്: (മത്താ, 28:19; ലൂക്കോ, 1:35; 3:22; യോഹ, 14:16; പ്രവൃ, 2:33; 7:55; 10:38; 11:17; 20 :28; റോമ, 8:11; 14:17; 1കൊരി, 12:4-6; 2കൊരി, 1:21,22; ഗലാ, 3:11-14; 4:6; എഫെ, 2:18; 3:14 -17; 4:4-6; 2തെസ്സ, 2:13; തീത്തൊ, 3:6,7; എബ്രാ, 2:3,4; 6:4-6: 1പത്രൊ, 1:2; യൂദ, 20,21). ഈ വാക്യങ്ങളുടെ എല്ലാം പൊരുൾ തിരിച്ചാൽ ത്രിത്വത്തിന്റെ തലയിൽത്തന്നെ എല്ലാം ഇടിത്തീപോലെ വീഴും. ഉദാഹരണത്തിന് ആദ്യത്തെ വാക്യമായ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം:” (മത്താ, 28:19). ഇത് ത്രിത്വത്തിന് തെളിവായി എടുക്കുന്നത് മറ്റൊരു പ്രധാനവാക്യമാണ്. യേശു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ നേരിട്ട് കല്പിച്ചത് ത്രിത്വക്കാരോടല്ല; അപ്പൊസ്തലന്മാരോടാണ്. യേശു പറഞ്ഞതിന്റെ അർത്ഥം എന്താണെന്നറിയാൻ അവർ എങ്ങനെ സ്നാനം കഴിപ്പിച്ചു എന്നു നോക്കിയാൽപ്പോരെ? യേശുക്രിസ്തു അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞകാര്യം അവർക്കു മനസ്സിലായതിലധികം മറ്റാർക്കെങ്കിലും മനസ്സിലാകുമോ? അപ്പൊസ്തലന്മാർ യേശുക്രിസ്തുവിന്റെ നാമത്തിലല്ലാതെ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന അഭിധാനങ്ങളിൽ ഒരിടത്തും സ്നാനം കഴിപ്പിച്ചിട്ടില്ല: (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുകൊണ്ടിരിപ്പിൻ” എന്ന് പൗലോസും പറഞ്ഞിരിക്കുന്നു: (കൊലൊ, 3:17). വാക്കും ക്രിയയും ചേർന്ന് വരുന്ന ശുശ്രൂഷയാണ് സ്നാനം. : (പ്രവൃ, 2:1-54).അപ്പോൾ യേശുവിന്റെ കല്പന ലംഘിക്കാൻ ആത്മാവ് അവരെ അനുവദിക്കുമോ? ഇനിയും, അപ്പൊസ്തലന്മാർ യേശുവിനെയും പരിശുദ്ധാത്മാവനെയും ധിക്കരിച്ചുകൊണ്ടാണ് സ്നാനം കഴിപ്പിച്ചതെന്ന് വിശ്വസിക്കുന്നവർ അവരെഴുതിയ പുതിയനിയമം വിശ്വസിക്കാൻ യാതൊരാവശ്യവുമുല്ല; വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. ദൈവം ഏകവ്യക്തിയും ആ ദൈവത്തിൻറെ മൂന്നു വെളിപ്പാടുകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നതിന് തെളിവ് ആ വാക്യത്തിൽത്തന്നെയുണ്ട്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ” എന്നു പറഞ്ഞശേഷം അടുത്ത ഭാഗത്തു പറയുന്നു: “ഞങ്ങളോ” എന്നല്ല; “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ് പറഞ്ഞത്: (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യക്തിയായിരുന്നെങ്കിൽ “ഞാനോ എന്നല്ല, ഞങ്ങളോ ലോകാവസാനത്തോളം കൂടെയുണ്ടെന്നു പറയുമായിരുന്നു. അടുത്തത്;പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യക്തിയായിരുന്നെങ്കിൽ അവിടെ “നാമം അഥവാ ഒനോമ” എന്ന ഏകവചനമല്ല, “നാമങ്ങൾ അഥവാ ഒരുമട്ട” എന്ന ബഹുവചനം വരുമായിരുന്നു. ഇതുപോലെയുള്ള ദുർവ്യാഖ്യാനം കൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നു സത്യസന്തമായി തെളിയിക്കാൻ ഒരു വാക്യംപോലും ബൈബിളിലില്ല. [കൂടുതലറിയാൻ കാണുക: ഏകദൈവവും പ്രത്യക്ഷതകളും , പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം, സ്നാനം ഏല്ക്കേണ്ട നാമം]

ഏകസത്യദൈവം: അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്: (യെശ, 45:15; യിരെ, 23:23,24; യോഹ, 1:18; 4:24; 17:3; കൊലൊ, 1:15; 1തിമൊ, 1:17; 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിരിക്കുന്നു: (1തിമൊ,6:16). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന മോണോസ് തെയോസിൻ്റെ സാക്ഷാൽ പ്രകൃതി. അദൃശ്യനായ ഏകദൈവത്തെ ആർക്കും കാണാൻ സാധിക്കയില്ല. ആ ദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. 

ദൈവത്തിന് സ്വർഗ്ഗത്തിൽ നിത്യമായൊരു പ്രത്യക്ഷതയുണ്ട്. സിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഒരു സ്വർഗ്ഗീയശരീരത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ ഭക്തന്മാർ പലരും കണ്ടിട്ടുണ്ട്: (1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10; വെളി, 4:1-8). ആ സസ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചത്. “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു” എന്നു മനുഷ്യനായിരുന്ന യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായി യോഹന്നാനും കണ്ടു: (വെളി, 4:8). അദൃശ്യനായ ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവം അദൃശ്യനായ ആത്മാവായിട്ടും അനേകം പ്രാവശ്യം പ്രത്യക്ഷമായിട്ടുണ്ട്. മൂന്നു സന്ദർഭങ്ങളിൽ ആത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 3:22, പ്രവൃ, 2:3; വെളി, 4:5) വചനമായിട്ടും (1ശമൂ, 3:23) വസ്തുക്കളായിട്ടും (അഗ്നിസ്തംഭം, മേഘസ്തംഭം, തേജസ്സ്) വ്യക്തികളായിട്ടും (മനുഷ്യർ) പലനിലകളിൽ പ്രത്യക്ഷനായതിൻ്റെ തെളിവുകൾ ബൈബിളിലുണ്ട്: 

അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ അറുപതിലേറെ പ്രത്യക്ഷതകൾ (manifestations) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകൾ കാണിക്കാം:

1. പഴയനിയമഭക്തന്മാർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട പിതാവായ യഹോവ. മീഖായവും (1രാജാ, 22:19) യെശയ്യാവും (6:1-5) യെഹെസ്ക്കേലും (1:26-28) ദാനീയേലും (7:9,10) സ്വർഗ്ഗത്തിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ‘ദൂതന്മാർ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു’ എന്നു മനുഷ്യനായ യേശു പറഞ്ഞത് ഇതാണ്: (മത്താ, 18:11). ഇതു മാത്രമാണ് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷത. ഈ ദൈവം ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നതായി യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (വെളി, 4:8).

2. മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു മനുഷ്യനായി വെളിപ്പെട്ടു ആറേഴുനാഴിക അവനോടുകൂടെ പാർത്ത്, ഭക്ഷണപാനീയങ്ങൾ കഴിച്ചു അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയ മനുഷ്യൻ: (ഉല്പ,18:1-8). അവിടെ വെളിപ്പെട്ട മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവ ആയിരുന്നെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (18:1-19:1).

3. വചനമായുള്ള വെളിപ്പാട്: ശമൂവേലിനു നാലുപ്രാവശ്യം വചനം അഥവാ ശബ്ദമായി ദൈവം വെളിപ്പെട്ടിട്ടുണ്ട്: (1ശമൂ, 3:23; 147:19. ഒ.നോ: പുറ, 3:4-6). അത് ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3;  2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3). കാലസമ്പൂർണ്ണത വന്നപ്പോൾ ‘ജഡമായിത്തീർന്നു’ എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം ഇതാണ്: (1:10; ഗലാ, 4:4).

4. ജഡത്തിൽ വെളിപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:16; 1പത്രൊ, 1:20). ക്രൂശിൽ മരിച്ചത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്: (യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ദൈവത്തിന് മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും ത്രിത്വത്തിനില്ല.

5. ദൈവമായ യേശുക്രിസ്തു: (യോഹ, 20:28; തീത്തൊ, 2:12).

6. സകല സത്യത്തിലും വഴി നടത്തുന്ന അദൃശ്യനായ പരിശുദ്ധാത്മാവ്: (യോഹ, 16:13). ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും (പ്രവൃ, 2:3) ജ്വലിച്ചുകൊണ്ടിരിക്കുന്ന ഏഴ് ദീപങ്ങളായി യോഹന്നാനും കണ്ടിട്ടുണ്ട്: (വെളി, 4:5).

7. ദൈവത്തിൻ്റെ ഏഴ് ആത്മാവ്: (വെളി, 1:4; 3:1; 4:5). ദൈവസിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിൻ്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4).

8. മനുഷ്യപുത്രനോടു സദൃശ്യനായി മഹാതേജസ്സോടെ പത്മോസിൽ യേഹാന്നാനു വെളിപ്പെട്ട യേശുക്രിസ്തു: (വെളി, 1:12-18).

9. സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന കുഞ്ഞാട്: (വെളി, 5:6,12; 6:1; 7:17). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്: (വെളി, 13:8). യേശുക്രിസ്തു കാലസമ്പൂർണ്ണതയിലാണ് ക്രൂശിക്കപ്പെട്ടത്: (ഗലാ, 4:4).

ദൈവത്തിൻ്റെ വെളിപ്പാടുകളെ ഒന്നു, രണ്ടു, മൂന്നു, നാലു എന്നിങ്ങനെ എണ്ണിയാൽ, ദൈവം ത്രിത്വത്തിലും ചതുർത്വത്തിലുമൊന്നും നില്ക്കില്ല. നമുക്കൊന്നു കൂട്ടിനോക്കാം: 1+1+1+1+1+1+1+7+1+=15. അദൃശ്യനായ ഏകദൈവത്തെയും കൂട്ടിയാൽ 16 വ്യക്തികളായി. മേല്പറഞ്ഞതിൽ ആരെങ്കിലും വ്യക്തികളല്ലെന്ന് ത്രിത്വത്തിന് പറയാൻ പറ്റുമോ? അദൃശ്യനായ ഏകദൈവത്തിന് (monos theos) അനേകം പ്രത്യക്ഷതകളുണ്ട്. അതിനെ ഒന്നു, രണ്ട്, മൂന്ന് എന്നിങ്ങനെ എങ്ങനെ എണ്ണിയാൽ മൂന്നിലും മുപ്പതിലും ഒതുങ്ങില്ല. അഗ്നിസ്തംഭത്തിലും മേഘസ്തംഭത്തിത്തിലും തേജസ്സിലുമൊക്കെ ദൈവം വെളിപ്പെട്ടിട്ടുണ്ട്. ത്രിത്വക്കാർ ഒന്നാഞ്ഞുപിടിച്ചാൽ മുപ്പത്തിമുക്കോടി ദൈവങ്ങളാക്കാം. ഓരോരോ കൾട്ട് ഉപദേശങ്ങൾ! 

ദൈവം ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ ഉപദേശം. എന്നാൽ, ബൈബിളിൽ ദൈവത്തെ പടിപടിയായിട്ടാണ് വെളിപ്പാടുത്തിയിരിക്കുന്നത് (prograceive revelation), അതുകൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ അധികമായി പറഞ്ഞിരിക്കുന്നതെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ആ വ്യാജവാദം തരിമ്പും തലനില്ക്കുന്നതല്ലെന്ന് കാണാൻ കഴിയും. പഴയനിയമത്തിലെ ദൈവം: ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). തെളിവുകൾ താഴെ: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

പഴയനിയമത്തിൽ കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19;  നെഹെ, 9:6; യെശ, 37:16; 37:20). 

പുതിയനയമത്തിലെ ദൈവം: ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ മോണോസ് തെയോസ്’ (monos theos – μόνος Θεός – The only God) ആണ്. പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുയേശുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3) തുടങ്ങിയവ. ദൈവം ഒരുത്തൻ മാത്രമാണെന്ന ക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം.

അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ! ത്രിത്വത്തിൻ്റെ വ്യാജംപോലെ prograceive revelation ആണെങ്കിൽ പുതിയനിയമത്തിൽ ദൈവം ത്രിത്വമാണെന്ന് കാണണ്ടേ? പ്രത്യുത, monos കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഏറ്റവും ശക്തമായി പറഞ്ഞിരിക്കുന്നത് ക്രിസ്തുവും അപ്പൊസ്തലന്മാരുമാണ്. [prograceive revelation എന്നതുകൊണ്ട് ത്രിത്വക്കാർ എന്താണ് ഉദ്ദേശിക്കുന്നത്? ഏകദൈവം കാലക്രമേണ ത്രിത്വമായെന്നോ? അതോ, ത്രിത്വദൈവം താൻ ഏകദൈവമാണെന്ന് ആദ്യം നുണപറഞ്ഞു; പിന്നെ പതുക്കെപതുക്കെ തൻ്റെ യഥാർത്ഥ പ്രകൃതി വെളിപ്പെടുത്തിയെന്നോ?]

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യന്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിന്റെ കുറ്റം സ്രഷ്ടാവായ തൻറെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കോ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കോ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കോ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ജഡത്തിൽ പ്രത്യക്ഷനായവൻ തന്റെ പ്രവൃത്തി പൂർത്തിയാക്കി അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി അഥവാ ആ പ്രത്യക്ഷശരീരം പിന്നെ ഉണ്ടാകുകയുമില്ല: (എബ്രാ, 10:5). അല്ലാതെ, ദൈവം ത്രിത്വവും ചതുർത്വവുമൊന്നുമല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കാണുക:

ഏകദൈവവും പ്രത്യക്ഷതകളും

ഏകസത്യദൈവം

ജലപ്രളയം

ജലപ്രളയം (Flood) 

നോഹയുടെ കാലത്ത് നോഹയെയും കുടുംബത്തെയും തിരഞ്ഞെടുക്കപ്പെട്ട പക്ഷിമൃഗാദികളെയും ഒഴിവാക്കിക്കൊണ്ടു സർവ്വഭൂമിയെയും ദൈവം ജലപ്രളയത്താൽ നശിപ്പിച്ചു. (ഉല്പ, 6-8 അ). ജലപ്രളയത്തെ കുറിക്കുന്ന ‘മബൂൽ’ എന്ന എബായപദത്തിന്റെ നിഷ്പത്തി അജ്ഞാതമാണ്. ജലപ്രളയ വിവരണത്തിനു വെളിയിൽ ഈ പദം പ്രയോഗിച്ചിട്ടുള്ളത് സങ്കീർത്തനം 29:10-ൽ മാത്രമാണ്. ‘യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു.’ സെപ്റ്റജിന്റിൽ ഈ പദത്തെ ‘കററാക്ലുസ്മൊസ്’ എന്ന ഗ്രീക്കുപദം കൊണ്ടാണ് ഭാഷാന്തരം ചെയ്തിട്ടുളളത്. ഇതേപദം തന്നെയാണ് പുതിയനിയമത്തിലും ജലപ്രളയത്തിന് ഉപയോഗിച്ചിട്ടുള്ളത്. (മത്താ, 24:38-39, ലൂക്കോ, 17:27, 2പത്രൊ, 2:25). 

ജലപ്രളയത്തിന്റെ കാരണം: ഭൂമിയിൽ ജലപ്രളയം ഉണ്ടായതിനു കാരണം പാപത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധിയാണ് “ഭൂമിയിൽ മനുഷ്യൻ ദുഷ്ടത വലിയതെന്നും അവൻ്റെ ഹൃദയവിചാരങ്ങളുടെ നിരപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളത് എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിനു ദു:ഖമായി.” (ഉല്പ, 6:5-6). മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് ദൈവം അനുതപിക്കുമാറു മനുഷ്യൻ വഷളനായി. ക്രിസ്തുവിന്റെ പുനരാഗമനത്തിലെ ന്യായവിധിയുമായും (മത്താ, 24:39), സൊദോമിന്റെയും ഗൊമൊറയുടെയും നാശവുമായും ബന്ധപ്പെടുത്തി ജലപ്രളയത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. (ലൂക്കോ, 17:27-29, 2പത്രൊ, 2:5-6). 

ജലപ്രളയം എന്ന പ്രതിഭാസം: ജലപ്രളയം കൊണ്ടു ഭൂമിയെ നശിപ്പിക്കുവാൻ തീരുമാനിച്ചിട്ടും ദൈവം120 വർഷം ദീർഘക്ഷമ കാണിച്ചു. (ഉല്പ, 6:3, 1പത്രൊ, 3:20). ഈ കാലയളവിൽ ഒരു പെട്ടകം നിർമ്മിക്കുവാൻ ദൈവം നോഹയോടു കല്പിച്ചു. പെട്ടകനിർമ്മാണത്തിൻ്റെ വിശദവിവരങ്ങൾ എല്ലാം യഹോവ തന്നെ നല്കി. കൂടാതെ നോഹയോടൊരു നിയമം ചെയ്യുമെന്നു യഹോവ മുന്നറിയിച്ചു. (6:18). നോഹയും ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരുമായി എട്ടു പേർ പെട്ടകത്തിൽ സംരക്ഷിക്കപ്പെട്ടു. (ഉല്പ, 6:18, 7:7,13, 2പത്രൊ, 2:5). സകല ജീവികളിൽ നിന്നും ആണും പെണ്ണുമായി ഈരണ്ടു വീതവും (പക്ഷികൾ, മൃഗങ്ങൾ, ഇഴജാതികൾ എന്നിവ: ഉല്പ, 6:19-20, 7:8-9,14-15) ശുദ്ധിയുള്ളവയിൽ നിന്ന് ആണും പെണ്ണുമായി ഏഴേഴും (ഉല്പ, 7:2-3) പെട്ടകത്തിൽ സംരക്ഷിക്കപ്പെട്ടു. ഇവയ്ക്കാവശ്യമായ ഭക്ഷണവും പെട്ടകത്തിൽ സജ്ജമാക്കി. നോഹയും കുടുംബവും പെട്ടകത്തിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ യഹോവ വാതിൽ അടച്ച് ഭദ്രമാക്കി; വെള്ളം തുറന്നു വിട്ടു.

ജലത്തിൻ്റെ ഉറവിടം: പ്രളയ ജലത്തിന്റെ സംഭരണം, വ്യാപനം എന്നിവയെക്കുറിച്ചു ഹസ്വമായ വിവരണമേ ബൈബിളിൽ നല്കിയിട്ടുള്ളൂ. ആഴിയുടെ ഉവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു എന്നിങ്ങനെ രൂപകഭാഷയിലാണ് വെള്ളത്തിന്റെ ഉറവിടത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്: (ഉല്പ, 7:4,11-12). ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നത് വർഷപാതത്തെ കാണിക്കുന്നു. ആഴിയുടെ ഉറവുകളും പിളർന്നു. ‘തെഹോം’ എന്ന എബ്രായ പദത്തെയാണ് ആഴി എന്നു ഭാഷാന്തരം ചെയ്തിട്ടുള്ളത്. ഉല്പത്തി 1:2-ൽ പ്രയോഗിച്ചിരിക്കുന്നതും ‘തെഹോം’ ആണ്. സമുദ്രത്തിൽ നിന്നോ ശുദ്ധജല ഉറവുകളിൽ നിന്നോ അഥവാ ഇവ രണ്ടിൽ നിന്നുമോ പുറപ്പെട്ട വെള്ളത്തെ ആയിരിക്കണം ഉറവകൾ എന്ന പ്രയോഗം വിവക്ഷിക്കുന്നത്. ആഴിയുടെ ഉറവുകൾ ഒക്കെയും തുറന്നു എന്നതിൽ സമുദ്രം ഭൂമിയെ കടന്നാക്രമിച്ചു എന്ന ധ്വനിയുണ്ട്. സൃഷ്ടിയുടെ കാലം മുതൽ ജലപ്രളയകാലംവരെ ഏതോ രൂപത്തിലുള്ള ഒരു ജലവിതാനം ഭൂമിയെ ചുറ്റിയിരുന്നു എന്ന് ഒരഭ്യൂഹമുണ്ട്. നീരാവിയോ മഞ്ഞാ ആയിരിക്കാം ഈ വിതാനം. അങ്ങനെയൊരു വിതാനം ഭൂമിയെ ചുറ്റിയിരുന്നു എങ്കിൽ അതു ഭൂമിയിലേക്കു നീങ്ങിയതു ദീർഘമായ മഴയ്ക്ക് കാരണമായിരിക്കണം. യെഹെസ്ക്കേൽ പ്രവചനത്തിലെ ഭയങ്കരമായൊരു പളങ്കു പോലെയുള്ള വിതാനം ഈ ഹിമവിതാനത്തെ സൂചിപ്പിക്കുന്നവെന്ന് ഒരു ചിന്താഗതിയുണ്ട്. “ജീവികളുടെ തലക്കുമീതെ ഭയങ്കരമായോരു പളുങ്കു പോലെയുളള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലക്കുമീതെ വിരിഞ്ഞിരുന്നു.” (യെഹേ, 1:22). പക്ഷേ ഈ വാദവും സംശയാതീതമായി തെളിയിക്കാവുന്നതല്ല. ശാസ്ത്രീയമായി വിശദീകരിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും പ്രളയം ഉണ്ടാകുവാൻ ദൈവം ഒരത്ഭുതം പ്രവർത്തിച്ചു എന്നതിന് സംശയമില്ല. 

പ്രളയത്തിന്റെ വ്യാപ്തി: ജലപ്രളയത്തെപ്പറ്റിയുള്ള വിവരണത്തിൽ അധികം അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് അതിന്റെ വ്യാപ്തിയിലാണ്. പ്രളയം സാർവ്വത്രികമായിരുന്നു എന്ന് പാരമ്പര്യമായി പല വ്യാഖ്യാതാക്കളും കരുതുന്നു. ഏറ്റവും ഉയരമുള്ള പർവ്വതനിരകൾ ഉൾപ്പെടെ ഭൂമിയെ പ്രളയജലം ആവരണം ചെയ്തു.  “വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുളള ഉയർന്ന പർവ്വതങ്ങളൊക്കെയും മുടിപ്പോയി.” (ഉല്പ, 7:19). മനുഷ്യൻ (6:7, 7:21), മൃഗം, ഇഴജാതി, പക്ഷികൾ (6:7,13,17,7:21-22) തുടങ്ങിയവ ഉൾപ്പെടെ സർവ്വജഡത്തെയും തുടച്ചുമാറ്റുമെന്നു യഹോവ പറഞ്ഞു. കൂടാതെ ഭൂചരജഡമൊക്കെയും മുക്കിൽ ജീവശ്വാസം ഉള്ളതൊക്കെയും ചത്തുപോയി എന്നു സ്പഷ്ടമാക്കിയിട്ടുമുണ്ട്. (7:21). ജലപ്രളയം സത്യമായിരുന്നു എന്ന് യേശുവും (മത്താ, 24:38-39, ലൂക്കോ, 17:27), പത്രൊസും (2പത്രൊ, 2:5, 3:6) വ്യക്തമാക്കിയിട്ടുണ്ട്. ജലപ്രളയം പ്രാദേശികമായിരുന്നില്ല, സാർവ്വത്രികമായിരുന്നു എന്നുള്ളതും വ്യക്തമാണ്. ജലപ്രളയം പ്രാദേശികമായിരുന്നു എങ്കിൽ നോഹയെയും കുടുംബത്തെയും സംരക്ഷിക്കുവാൻ ഒരു പെട്ടകത്തിന്റെ ആവശ്യം ഇല്ലായിരുന്നു. കുടുംബത്തോടും മൃഗങ്ങളോടും ഒപ്പം നോഹയെ മറ്റൊരു സ്ഥലത്തു മാറ്റിപ്പാർപ്പിച്ചാൽ മതിയായിരുന്നു.  

ജലപ്രളയത്തിൻ്റെ അവസാനം: ദൈവം നോഹയെ ഓർത്തു; വെള്ളം ക്രമമായി ഇറങ്ങുമാറാക്കി. പെട്ടകം അരരാത്ത് (ഉറാർട്ടു) പർവ്വതത്തിൽ ഉറച്ചു. പെട്ടകത്തിൽ നിന്നു പുറത്തിറങ്ങുന്നതു സുരക്ഷിതമാണോ എന്നറിയാൻ വേണ്ടി നോഹ മലങ്കാക്കയെ പുറത്തുവിട്ടു. (8:7). അനന്തരം ഒരു പ്രാവിനെ വിട്ടു. അതു പെട്ടകത്തിലേക്കു മടങ്ങി വന്നു. രണ്ടാം പ്രാവശ്യം പുറത്തുവിട്ടപ്പോൾ പ്രാവ് ഒരു പച്ച ഒലിവിലയുമായി മടങ്ങിവന്നു. ഒലിവുമരങ്ങൾ വളരുന്ന താഴ്വരവരെയും ഉണങ്ങി എന്നു നോഹയ്ക്ക് മനസ്സിലായി. (8:8-11). മൂന്നാമത്തെ പ്രാവശ്യം പ്രാവിനെ പുറത്തുവിട്ടപ്പോൾ അതു മടങ്ങി വന്നില്ല. (8:12). ദൈവം കല്പിച്ചതനുസരിച്ച് നോഹ പെട്ടകത്തിൽ നിന്നും പുറത്തുവന്നു. ശുദ്ധിയുള്ള മൃഗങ്ങളിലും പക്ഷികളിലും ചിലത് എടുത്ത് നോഹ യഹോവയ്ക്ക് ഹോമയാഗം അർപ്പിച്ചു. അതിന്റെ സൌരഭ്യവാസന മണത്തപ്പോൾ ഇനി പ്രളയജലത്താൽ ഭൂമിയെ നശിപ്പിക്കയില്ലെന്നു യഹോവ സത്യം ചെയ്തു. (8:21-22, യെശ, 54:9). നോഹയെയും പുത്രന്മാരെയും ദൈവം അനുഗ്രഹിച്ചു. (9:1). തുടർന്നു ദൈവം നോഹയോടു നിയമം ചെയ്യുകയും നിയമത്തിന്റെ അടയാളമായി തന്റെ വില്ലു മേഘത്തിൽ വയ്ക്കുകയും ചെയ്തു. (9:1-17.

ജലപ്രളയത്തിന്റെ കാലയളവ്: ജലപ്രളയത്തിൻറ കാലയളവു് 371 ദിവസമാണ്. നോഹയുടെ ആയുസ്സിന്റെ അറുന്നൂറാം വർഷം രണ്ടാം മാസം പതിനേഴാം തീയതി നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം ആരംഭിക്കുകയും ചെയ്തു. നോഹയുടെ ആയുസ്സിൻറ 601-ാം വർഷം രണ്ടാം മാസം 27-ാം തീയതി ഭൂമി ഉണങ്ങി. (ഉല്പ, 8:13-14). ഒരു മാസത്തിന് മുപ്പതുദിവസം വച്ചു കണക്കുകൂട്ടുമ്പോൾ 371 ദിവസം എന്നു കിട്ടും. 

മഴ പെയ്തു: (7:12) 40 ദിവസം 

വെള്ളം പൊങ്ങിക്കൊണ്ടിരുന്നു: (7:24) 110 ദിവസം.

വെള്ളം കുറഞ്ഞു: (8:5) 74 ദിവസം.

മലങ്കാക്കയെ പുറത്തു വിട്ടു: (8:6-7) 40 ദിവസത്തിനു ശേഷം. 

പ്രാവിനെ പുറത്തു വിട്ടു: (8:8) 7 ദിവസത്തിനു ശേഷം.

പ്രാവിനെ രണ്ടാമതു പുറത്തു വിട്ടു: (8:10) 7 ദിവസത്തിനു ശേഷം.

പ്രാവിനെ മൂന്നാമതു പുറത്തുവിട്ടു: (8:12) 7 ദിവസത്തിനു ശേഷം.

പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി: (8:13) 29 ദിവസത്തിനു ശേഷം. 

ഭൂമി ഉണങ്ങി: (8:14) 57 ദിവസത്തിനു ശേഷം.

ആകെ 371 ദിവസം

പ്രളയകഥകൾ: പൗരാണിക ജനവർഗ്ഗങ്ങളുടെ ഇടയിൽ ഒരു പ്രളയത്തെക്കുറിച്ചുള്ള പാരമ്പര്യം പ്രബലമായി കാണപ്പെടുന്നുണ്ട്. പേരുകളും പശ്ചാത്തലങ്ങളും വിഭിന്നങ്ങളാണെങ്കിലും ഇതിവൃത്തം ഏറെക്കുറെ സമാനമാണ്. ഈ കഥ വാമൊഴിയിലൂടെ കൈമാറി ഒടുവിൽ വരമൊഴിയിൽ ആലേഖനം ചെയ്യപ്പെട്ടു. സുമേരിയയിലെ രാജാക്കന്മാരുടെ പട്ടികയിൽ എട്ടു പ്രളയപൂർവ്വ രാജാക്കന്മാർക്കു ശേഷം ‘അനന്തരം പ്രളയജലം ഭൂമിയെ മുടി’ എന്ന പ്രസ്താവന കാണാം. അതിനുശേഷമാണ് പ്രളയാനന്തര രാജാക്കന്മാരുടെ പട്ടിക നല്കുന്നത്. പൌരാണിക നിപ്പൂറിൽ നിന്നും ലഭിച്ച കളിമൺ ഫലകത്തിലെ പ്രളയകഥയാണ് ഏറ്റവും പ്രാചീനം. ഈ കഥയിലെ നായകൻ ‘സിയുസൂദ’യാണ്. പ്രളയത്തെക്കുറിച്ചുള്ള വിവരണം ദേവന്മാർ സിയുസുദയ്ക്ക് നല്കി. ജലപ്രളയം തുടങ്ങിക്കഴിഞ്ഞപ്പോൾ സിയുസുദ ഒരു വലിയ കപ്പലിൽ സഞ്ചരിക്കുകയായിരുന്നു. ഏഴുരാവും ഏഴുപകലും പ്രളയജലം ദേശത്തെ ആവരണം ചെയ്തു. കപ്പൽ പെരുവെളളത്തിന്മീതെ കൊടുങ്കാററുകളിൽ അലഞ്ഞുലഞ്ഞു. സൂര്യദേവൻ ഉദിച്ചു ആകാശത്തിലും ഭൂമിയിലും പ്രകാശം ചൊരിഞ്ഞു. സിയുസുദ കപ്പലിന്റെ പാർശ്വത്തിൽ ഒരു സുഷിരമുണ്ടാക്കി; സൂര്യദേവന്റെ മുമ്പിൽ നമസ്കരിച്ചു മൃഗങ്ങളെ ബലികഴിച്ചു. ഒടുവിൽ ദേവന്മാർ സിയുസുദയ്ക്കു അമരത്വം നല്കി പറുദീസയിലേക്കു കൂട്ടിക്കൊണ്ടു പോയി. 

ബാബിലോണിയൻ പ്രളയകഥയാണു ബൈബിളിലെ വിവരണത്തോടടുത്തു നില്ക്കുന്നത്. ഗിൽഗമേഷ് പുരാണത്തിലെ 17-ാം പുസ്തകം പ്രളയകഥയാണ്. കളിമൺ ഫലകങ്ങൾ 1853-ൽ കണ്ടെടുത്തു എങ്കിലും അവ വായിക്കാൻ കഴിഞ്ഞതു് 1872-ലാണ്. ബൈബിളിലെ നോഹയുടെ സ്ഥാനത്ത് ഉറ്റ്നാപിഷ്ടീം ആണ് നായകൻ. അമർത്ത്യതയെക്കുറിച്ച് ആരാഞ്ഞു നടന്ന ഗില്ഗമേഷ് അമരനായിത്തീർന്ന ഉറ്റ്നാപിഷ്ടീമിനെ കണ്ടു; അമർത്യതയെക്കുറിച്ചു ചോദിച്ചു. ജലപ്രളയത്തിലൂടെ കടന്നു പോയതിന്റെ ഫലമായി ദേവന്മാർ തനിക്കു അമരത്വം നല്കിയതായി ഉറ്റ്നാപിഷ്ടീം പറഞ്ഞു. ജലപ്രളയംകൊണ്ടു ഭൂമിയെ നശിപ്പിക്കാൻ ദേവന്മാർ നിശ്ചയിച്ചു. ദേവന്മാരുടെ നിർദ്ദേശമനുസരിച്ച് ഉറ്റ്നാപിഷ്ടീം ഒരു വലിയ നൌക നിർമ്മിച്ച് അകത്തും പുറത്തും കീൽ തേച്ചു. തന്റെ കുടുംബം, ശില്പികൾ, മൃഗങ്ങൾ, സ്വർണ്ണം, വെള്ളി, നാവികൻ എല്ലാം കപ്പലിൽ കടന്നു. ജലപ്രളയം കണ്ടു ദേവന്മാർ പോലും കരഞ്ഞുപോയി. ആറുരാത്രിയും ആറുപകലും കൊടുങ്കാറ്റു ചീറിയടിച്ചു. ഏഴാംദിവസം പ്രളയം നിലച്ചു. മനുഷ്യവർഗ്ഗം മുഴുവൻ കളിമണ്ണായി മാറി. ദേശം മുഴുവൻ സമനിരപ്പായി. കപ്പൽ നിസിർ (Nisir) മലയിൽ ഉറച്ചു. നായകൻ പക്ഷികളെ പുറത്തു വിട്ടു. ഏഴാം ദിവസം പ്രാവിനെ പുറത്തു വിട്ടു; അതു മടങ്ങിവന്നു. അനന്തരം മീവൽപക്ഷിയെ വിട്ടു; അതും മടങ്ങിവന്നു. ഒടുവിൽ മലങ്കാക്കയെ വിട്ടു; അതു മടങ്ങിവന്നില്ല. തുടർന്നു ഉറ്റ്നാപിഷ്ടീം യാഗങ്ങൾ കഴിച്ചപ്പോൾ സൌരഭ്യവാസന മണത്ത് ദേവന്മാർ അർപ്പകൻ്റെ ചുറ്റും കൂടി. ഉറ്റ്നാപിഷ്ടീമിനും ഭാര്യയ്ക്കും അമരത്വം നല്കി ദേവന്മാർക്കു സദൃശരാക്കി. 

ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രളയകഥ ഇപ്രകാരമാണ്: ഒരിക്കൽ വൈവസ്വതമനു സ്നാനം ചെയ്യുന്നതിനായി കൃതമാലാനദിയിൽ ഇറങ്ങി. ഉടനെ ഒരു ചെറിയ മത്സ്യം മനുവിനോടിങ്ങനെ പറഞ്ഞു; “രാജാവേ എനിക്കു വലിയ മത്സ്യങ്ങളെ ഭയമാണ്. അങ്ങ് എന്നെ ഉപേക്ഷിച്ചു പോകരുത്.” രാജാവ് അനുകമ്പയോടുകൂടി മത്സ്യത്തെ എടുത്തു ഒരു മൺകുടത്തിൽ സൂക്ഷിച്ചു. അനുക്ഷണം വളർന്നുകൊണ്ടിരുന്ന മത്സ്യത്തെ കുടം നിറഞ്ഞപ്പോൾ വലിയ പാത്രത്തിലും പാത്രം നിറഞ്ഞപ്പോൾ കുളത്തിലും, കുളം നിറഞ്ഞപ്പോൾ അതിന്റെ അപേക്ഷപ്രകാരം ഗംഗയിലും നിക്ഷേപിച്ചു. ചില ദിവസങ്ങൾക്കുള്ളിൽ മത്സ്യം ഗംഗാനദിയിലും കൊള്ളാതെയായി. ഒടുവിൽ മത്സ്യം രാജാവിനോടു പറഞ്ഞു; “രാജാവേ ഏഴുദിവസത്തിനുള്ളിൽ ഒരു മഹാപ്രളയം സംഭവിക്കും. ഒരു തോണി നിർമ്മിച്ച് സപ്തർഷികളെയും കയറ്റി അങ്ങു രക്ഷപ്പെടുക. ഞാൻ അങ്ങയെ സഹായിക്കാം.” മത്സ്യം പറഞ്ഞതുപോലെ രാജാവു ചെയ്തു. ഏഴുദിവസത്തിനകം ഘോരമാരി തുടങ്ങി. ലോകം മുഴുവൻ പ്രളയത്തിൽ മുങ്ങി. മത്സ്യത്തിന്റെ തലയിൽ മുളച്ച കൊമ്പിൽ മനു തോണിയെ ബന്ധിച്ചു. മത്സ്യം തോണിയുമായി ഹിമാലയ ശൃംഗത്തിലെത്തി. തോണിയെ പർവ്വതശൃംഗത്തിൽ ബന്ധിച്ചു. ഘോരമാരി അവസാനിച്ചപ്പോൾ മനുവും സപ്തർഷികളും ഒഴികെ സമസ്തവും നശിച്ചു. ഭൂമിയെ മുഴുവൻ ഗ്രസിച്ച ഒരു പ്രളയത്തിന്റെ സ്മരണ പൌരാണിക ജനവർഗ്ഗങ്ങൾക്കുണ്ടായിരുന്നു. ഇത് ജലപ്രളയത്തിന്റെ ഉൺമയ്ക്ക് തെളിവാണ്. ഏകദൈവ വിശ്വാസം ബൈബിളിലെ പ്രളയ വിവരണത്തിന് സുഭദ്രമായ അടിസ്ഥാനം നല്കുന്നുണ്ട്. മെസൊപ്പൊട്ടേമിയയിലെ ഊർ, കീശ്, വാർക്കാ, ഫാറാ എന്നീ പ്രദേശങ്ങളിൽ നടത്തിയ ഖനനങ്ങൾ വലിയ വെള്ളപ്പൊക്കങ്ങളുടെ തെളിവുകൾ നല്കി. എന്നാൽ അവ ഏകകാലത്തു സംഭവിച്ചവയല്ല. പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾ മാത്രമായിരുന്നു അവ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ജലപ്രളയം സാർവ്വത്രികമാണ്. ജലപ്രളയത്തിനു ശേഷം നോഹയോടു ദൈവം ചെയ്ത നിയമത്തിൽ പ്രകൃതിയുടെ ക്രമം വ്യവസ്ഥാപനം ചെയ്തു. (8:22). രക്തം കൂടാതെ മാംസം ഭക്ഷിക്കുവാനുളള കല്പന ദൈവം നല്കി. കൊലപാതകിക്ക് വധശിക്ഷ നല്കുവാനുള്ള അവകാശം മാനുഷഭരണത്തിൻ കീഴിലായി. (9:6). പ്രളയശേഷം മനുഷ്യായുസ്സ് അനുക്രമമായി കുറഞ്ഞു തുടങ്ങി.

കാണുക:👇

നോഹയുടെ പെട്ടകം

ജഡരക്തങ്ങൾ

ജഡരക്തങ്ങൾ (flesh and blood) 

ജഡരക്തങ്ങൾ എന്ന പ്രയോഗത്തിനു രണ്ടു പ്രധാന അർത്ഥങ്ങളുണ്ട്: ഒന്നാമതായി, അതു മനുഷ്യനെ സൂചിപ്പിക്കുന്നു. മനുഷ്യനു സമാന്തരമായി ജഡരക്തങ്ങൾ എന്ന പ്രയോഗം നാം ആദ്യം കാണുന്നത് യേശുവിന്റെ വാക്കുകളിലാണ്. “യേശു അവനോടു: ബർയോനാ ശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയത:” (മത്താ, 16:17. ക്രിസ്തു പറഞ്ഞ കാലത്തെക്കാളും എഴുതപ്പെട്ട കാലം കണക്കാക്കുകയാണെങ്കിൽ മനുഷ്യനു പകരം ജഡരക്തങ്ങൾ എന്ന പ്രയോഗം ആദ്യം കാണുന്നത് അപ്പൊസ്തലനായ പൌലൊസിന്റെ എഴുത്തുകളിലാണ്. ജഡരക്തങ്ങൾ എന്നതിനെ മാംസരക്തങ്ങൾ എന്നാണ് സത്യവേദപുത്തിൽ പരിഭാഷപ്പെടുത്തിയിട്ടുളളതു: (ഗലാ, 1:16). പൗലൊസ് എഴുതുകയാണ്; ‘നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങ ളോടല്ല’ (എഫെ, 6:12). രണ്ടാമതായി, ജഡരക്തങ്ങൾ ഭൌതിക ശരീരത്തെക്കുറിക്കുന്നു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിൻ്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു:” (എബ്രാ, 2:14). 1കൊരിന്ത്യർ 15:50-ലും ജഡരക്തങ്ങൾ ഭൗതികശരീരത്തെ കുറിക്കുന്നു. (സ.വേ.പു.ത്തിൽ മാംസരക്തങ്ങൾ). ജഡം മനുഷ്യൻ്റെ ഭൗമികാംശമാണ്. എല്ലാ രാഗമോഹങ്ങളും ജഡത്തിൽനിന്നു ഉത്ഭവിക്കുന്നു. സാധാരണ മനുഷ്യൻ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്യുന്നു: (എഫെ, 2:3). ക്രിസ്തുയേശുവിനുളളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടെ ക്രൂശിച്ചിരിക്കുന്നു: (ഗലാ, 5:24). പാപപ്രവൃത്തികൾ ജഡത്തിന്റെ പ്രവൃത്തികളാണ്: (ഗലാ, 5:19-21). ജഡജ്ഞാനം ലൗകികജ്ഞാനമാണ്: (2കൊരി, 1:12). ജഡത്തിന്റെ ബലഹീനതകളോടുകൂടിയ ശരീരമാണ് ജഡശരീരം: (കൊലൊ, 1:22; 2:1). 

അപ്പൊസ്തലനായ പൗലൊസ് ജഡത്തിന്റെ ആശയത്തെ വ്യക്തമായി അവതരിപ്പിക്കുന്നു. അകത്തെ മനുഷ്യൻ മുന്നായിട്ടുളള അപഗ്രഥനത്തിൽ ഇതു സ്പഷ്ടമാണ്. (റോമ, 7:25). ആളത്തത്തിന് മൂന്നു ഘടകങ്ങൾ ഉണ്ട്. (1) ബുദ്ധി: ഇത് ദൈവിക ന്യായപ്രമാണത്തിന്റെ അധിഷ്ഠാനമാണ്. (2) ജഡം: ഇതിൽനിന്ന് പ്രമാണരഹിതമായ മോഹം ഉടലെടുക്കുന്നു. (3) ഇച്ഛാശക്തിയെ നിയന്ത്രിക്കുന്ന അഹം: ദൈവത്തിന്റെ ന്യായപ്രമാണത്തെയും ജഡത്തിൻ്റെ അഭിലാഷങ്ങളെയും തമ്മിൽ തിരഞ്ഞെടുക്കേണ്ടത് ഇച്ഛാശക്തിയാണ്. മോഹത്തിന്റെ ഇരിപ്പിടമായി പൗലൊസ് ജഡത്തെ അന്യത്ര വിശദമാക്കുന്നുണ്ട്. “ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു . ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ:” (ഗലാ, 5:16,17). പൗലൊസിന്റെ പക്ഷത്തിൽ മനുഷ്യൻ ജഡത്തിന്റെ ബന്ധനത്തിലാണ് ക്രിസ്തുവിലൂടെയുള്ള ദൈവകൃപയാൽ മാത്രമേ ഈ ബന്ധനത്തിൽ നിന്നും മനുഷ്യനു വിടുതലുള്ളൂ.

ജന്തുലോകം III

പുള്ള് (night hawk)

യെഹൂദന് ഭക്ഷ്യയോഗ്യമല്ലാത്ത ഒരു പക്ഷി. (ലേവ്യ, 11:16; ആവ, 14:15). പരുന്തിന്റെ വർഗ്ഗത്തിലുള്ള ഒരു പക്ഷിയാണ് പുള്ള്. 

പുഴു (Worm)  

ചെറുതും, കനം കുറഞ്ഞതും അവയവങ്ങളില്ലാത്തതും ആയ ഇഴയുന്ന മൃദുശരീരികളാണ് പുഴുക്കൾ. ബൈബിളിലെ പ്രയോഗങ്ങളിലധികവും ശലഭപ്രാണികളുടെ ലാർവയെ കുറിക്കുന്നു. യെശയ്യാവ് 51:8-ലെ  സാസ് തുണികളെ നശിപ്പിക്കുന്ന പാറ്റയുടെയോ, ഇരട്ടവാലന്റെയോ ലാർവയാണ്. തോലേയാഹ് (കടിക്കുന്നതു) ഇല ഭക്ഷിക്കുന്ന ശലഭങ്ങളുടെ ലാർവയായിരിക്കണം. (ആവ, 28:39; യോനാ, 4:7). റിമ്മാഹ് (ചീഞ്ഞത്) ശവം തീനി പുഴുക്കളാണ്. (ഇയ്യോ, 25:6; യെശ, 14:11). എന്റെ ദേഹം പുഴു ഉടുത്തിരിക്കുന്നു (ഇയ്യോ, 7:5) എന്നത് ഇയ്യോബിന്റെ വ്രണംനിറഞ്ഞ അവസ്ഥയെയോ, വ്രണങ്ങളിൽ ഈച്ച നിറഞ്ഞതിനെയോ വിവക്ഷിക്കുന്നു. ക്രിസ്തു ഉപദേശിച്ചു; “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” (മത്താ, 6:19-20). 

പൂച്ച (cat)

പലസ്തീനിൽ രണ്ടിനം കാട്ടുപൂച്ചകളുണ്ട്. മാത്രവുമല്ല, വീടുകളിൽ പൂച്ചകളെ ധാരാളമായി വളർത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ അപ്പൊക്രഫയിലൊഴികെ ബൈബിളിലൊരിടത്തും പൂച്ചയെക്കുറിച്ചുള്ള സൂചനകളില്ല.

പെരിച്ചാഴി (weasel)  

ഒരിനം വലിയ എലി. വലിപ്പമുള്ള ഈ വലിയ എലിക്ക് കറുപ്പെന്നു തോന്നുന്ന ഇരുണ്ട തവിട്ടുനിറവും കട്ടിയുള്ള രോമങ്ങളുമുണ്ട്. കാലുകളും വാലും കറുത്തനിറവും ശരീരത്തിന്റെ അടിവശം മറ്റുഭാഗങ്ങളേക്കാൾ അൽപ്പം മാത്രം ചാരനിറമുള്ളതും ആയതിനാൽ ശരീരമാകെ ഇരുണ്ടിരിക്കും. തുരവൻ, തുരപ്പനെലി എന്നീ പേരുകളും പെരിച്ചാഴിക്കുണ്ട്. (ലേവ്യ, 11:29). 

പെരുഞാറ (stork)  

കുഞ്ഞുങ്ങളോടു വളരെ അനുകമ്പയുള്ള പക്ഷി. ദയയുള്ളത് അഥവാ, അനുകമ്പയുള്ളത് എന്നത്രേ എബ്രായപദത്തിനർത്ഥം. രണ്ടിനം പെരുഞാറകളുണ്ട്; വെള്ളയും കറുപ്പും. പലസ്തീനിൽ കാണപ്പെടുന്നത് കറുത്തതാണ്. ഇതു വിശുദ്ധിയില്ലാത്ത പക്ഷിയാണ്. അവ ശൂന്യശിഷ്ടങ്ങളുടെ ഇടയിൽ കൂടു കെട്ടുന്നു. കറുത്ത പെരുഞാറകൾ വൃക്ഷങ്ങളിലും കൂടുവെക്കാറുണ്ട്. (സങ്കീ, 140:17). ദേശാടനം ചെയ്യുന്ന പക്ഷിയാണു പെരുഞാറ. വേനൽക്കാലത്ത് ആകാശത്തിൽ വളരെ ഉയർന്ന് ഉത്തരയൂറോപ്പിലേക്കു പറക്കുന്നു. (യിരെ, 8:7). പറക്കുമ്പോൾ കാറ്റിന്റെ ശബ്ദത്തിനു സമാനമായ ശബ്ദം പുറപ്പെടുവിക്കും. (സെഖ, 5:9). 

പേൻ (lice) 

ഉപദ്രവകാരിയാണു പേൻ . മിസ്രയീമിലെ ബാധകളിലൊന്നായിരുന്നു പേൻ (മലയാളം ബൈബിൾ ചെള്ളെന്നു വിവർത്തനം ചെയ്യുന്നു). (പുറ, 8:16-18; സങ്കീ, 105:31).പേനിന്റെ ശല്യത്തിൽനിന്നു രക്ഷ നേടുന്നതിനു മുഹമ്മദീയർ തല മുണ്ഡനം ചെയ്യുകയും ശരീരഭാഗങ്ങളിൽ മുടി വളരാതിരിക്കാനുള്ള ലേപനങ്ങൾ പുരട്ടുകയും ചെയ്യും. ഈ കീഴ്വഴക്കം ലഭിച്ചതു മിസ്രയീമിലെ (ഈജിപ്ത്) പുരോഹിതന്മാരിൽനിന്നുമാണ്. 

പ്രാവ് (dove)  

പലസ്തീനിൽ നാലുതരത്തിലുള്ള പ്രാവുകളുണ്ട്. അറബിയിൽ ഇവയെല്ലാം ‘ഹമാം’ എന്ന ഒരേ പേരിലറിയപ്പെടുന്നു. പ്രാവുകൾ പാറയുടെ പിളർപ്പിലോ പൊത്തുകളിലോ കൂടുവയ്ക്കുന്നു. (ഉത്ത, 2:14; യിരെ, 48:28; യെഹെ, 7:16). അവ വൃക്ഷങ്ങളിലും കൂടുകെട്ടുന്നു. പ്രാവു കപടമില്ലാത്ത പക്ഷിയാണ്. (മത്താ, 10:16). നിഷ്കളങ്കതയുടെ പ്രതീകമാണ്. ഉത്തമഗീതത്തിൽ മണവാട്ടിയെ സംബോധന ചെയ്യുന്നതു പ്രാവേ എന്നാണ്. സ്നാനസമയത്ത് ദൈവാത്മാവ് യേശുവിന്റെ മേൽ അവരോഹണം ചെയ്തും പ്രാവിന്റെ രൂപത്തിലായിരുന്നു. (മത്താ, 3:16). പ്രാവിനെ യാഗം കഴിച്ചിരുന്നു. (ഉല്പ, 15:9; ലേവ്യ, 12:6-8; ലൂക്കൊ, 2:24; മർക്കൊ, 11:15; യോഹ, 2:14, 16). പ്രാവ് സുന്ദരവും സൗമ്യവും ആണ്. (ഹോശേ, 11:11; ഉത്ത, 1:15; 4:1). പ്രാവ് വിദൂരങ്ങളിൽ പറന്നു പോകാറുണ്ട്. (സങ്കീ, 55:6-8). പലസ്തീന്റെ ചില ഭാഗങ്ങളിൽ കാട്ടുപ്രാവിനെ അധികമായി കാണാം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വളർത്തു പ്രാവുകളുമുണ്ട്. വളരെ പ്രാചീന കാലം മുതൽക്കേ പ്രാവിനെ ഇണക്കി വളർത്തിവന്നിരുന്നു. യാഗത്തിനു സ്വീകാര്യമായതുകൊണ്ടു അവ ശുദ്ധിയുള്ളവയും ഭക്ഷ്യയോഗ്യവും ആണ്.

മയിൽ (peacock)  

തോകൈ എന്ന തമിഴ് വാക്കിൽനിന്നു വന്നതാണ് തുക്കി എന്ന എബ്രായപദം. പഴയനിയമത്തിൽ രണ്ടിടത്ത് മയിലിന്റെ പരാമർശമുണ്ട്. (1രാജാ, 10:22; 2ദിന, 9:21). ശലോമോൻ ഇറക്കുമതി ചെയ്ത ദന്തം, കുരങ്ങുകൾ ഇവയുടെ പേരുകൾ ഭാരതീയമാണ്. അതുപോലെതന്നെ തുക്കിയും. മയിൽ ഭാരതത്തിൽ സുലഭമായി കാണപ്പെടുന്നു. 

മാൻ (deer)

ഇരട്ടക്കുളമ്പുള്ള അയവിറക്കുന്ന മൃഗങ്ങളിൽ ഒരു പ്രധാന ഇനമാണ് മാൻ. ശാഖോപശാഖകളോടുകൂടിയ കൊമ്പുകൾ ഇവയുടെ പ്രത്യേകതയാണ്. പുല്ലും പച്ചിലകളുമാണ് പ്രധാന ഭക്ഷണം. പലസ്തീനിൽ കാണപ്പെടുന്ന പ്രധാന ഇനങ്ങളാണ് കലമാൻ, പുള്ളിമാൻ, കടമാൻ, ചെറുമാൻ എന്നിവ. (ആവ, 14:35). പലസ്തീനിലെ കൃഷ്ണമൃഗങ്ങളിൽ വച്ചേറ്റവും ചെറുതാണ് കലമാൻ. എഴുപതു സെന്റീമീറ്റർ പൊക്കമേ വരൂ. ഒരിക്കൽ വംശനാശത്തെ അഭിമുഖീകരിച്ച് ഇവയെ പ്രത്യേകം സംരക്ഷിക്കയാൽ ഇന്നു യെഹൂദ്യയിലെ കുന്നുകളിലും മദ്ധ്യസമതലങ്ങളിലും മരുഭൂമിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലും കാണാം. അഴകിനും വേഗതയ്ക്കും പേരു കേട്ടവയാണു കലമാനുകൾ. പെൺമാനിനെ പേടമാൻ എന്നു പറയും. നിരുപദ്രവിയായ ഈ മൃഗത്തെ ഭക്ഷിക്കുവാൻ യെഹൂദന് അനുവാദമുണ്ട്. (ആവ, 12:15; 14:35). ഭക്ഷണാർത്ഥം കലമാൻ വേട്ടയാടപ്പെട്ടിരുന്നു. എബ്രായ പെൺകുട്ടികൾക്കു പേടമാനിന്റെ പേരു സാധാരണമാണ്. (പ്രവൃ, 9:36). തബീഥ പേടമാനിന്റെ അരാമ്യരൂപവും ഡോർക്കസ് ഗ്രീക്കു രൂപവുമാണ്. മനോഹരമായ അലങ്കാര പ്രയോഗത്തിനു കവികൾ മാനുകളെ സ്വീകരിക്കാറുണ്ട്. (സദൃ, 5:19; ഉത്ത, 2:9, 17). 

മീൻ (fish)  

പലസ്തീനിലെ പ്രധാന തൊഴിൽ മീൻപിടിത്തമാണ്. മീൻ ഒരു പ്രധാന ഭക്ഷണപദാർത്ഥവുമാണ്. എന്നാൽ ഒരു മത്സ്യത്തിന്റെ പേരുപോലും ബൈബിളിൽ കൊടുത്തിട്ടില്ല. ഗ്രീക്കു ഭാഷയിൽ മത്സ്യങ്ങളുടെ നാനൂറിലധികം പേരുകളുണ്ട്. മീനിനെക്കുറിച്ചുള്ള പരാമർശം തിരുവെഴുത്തുകളിൽ അങ്ങിങ്ങുണ്ട്. ചിറകും ചെതുമ്പലും ഉള്ള മീനുകൾ ശുദ്ധിയുള്ളവയാണ്. (ലേവ്യ, 11:9-12; ആവ, 14:9-10). യോനാപ്രവാചകനെ വിഴുങ്ങിയ ജന്തുവിനെ മഹാമത്സ്യം എന്നു വിളിക്കുന്നു. (യോനാ 1:17). പത്രൊസ് ദ്വിദ്രഹ്മപ്പണം കണ്ടെത്തിയ മീന് വലിയ വായുള്ളതാണ്. (മത്താ, 17:27). ഗലീലാക്കടലിലെ ഒരു മത്സ്യത്തെ പത്രോസിന്റെ പേരുമായി (ക്രോമിസ് സിമോണിസ്) ബന്ധിച്ചാണ് വിളിക്കുന്നത്. ഗലീലാക്കടലിൽ ഇരുപത്തിനാലിനം മത്സ്യങ്ങളുണ്ട്. മത്സ്യം ധാരാളമുള്ള നാടാണ് ഈജിപ്റ്റ്. (സംഖ്യാ, 11:5). ഗലീലാക്കടലിലും (ലൂക്കൊ, 5:6), സോരിലും (നെഹെ, 13:16) മത്സ്യം സമൃദ്ധമാണ്. ചാവുകടലിൽ മീൻ വളരുന്നില്ല. എന്നാൽ, സഹസാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങളിലൊന്നായി ചാവുകടൽ മീൻകൊണ്ടു നിറയും. (യെഹെ, 47:10. പ്രാചീനകാലത്ത് മീനിനെ ആരാധിച്ചിരുന്നു. ദാഗോൻ ഫെലിസ്ത്യരുടെ മത്സ്യദേവനാണ്. 

മീവൽപ്പക്ഷി (swallow)  

മീവൽപ്പക്ഷിയെന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള എബ്രായ വാക്കുകൾ പ്രസ്തുത പക്ഷിയെത്തന്നെയാണോ സൂചിപ്പിക്കുന്നതെന്നു സംശയമാണ്. പഴയനിയമത്തിലെ നാലു ഭാഗങ്ങളിൽ ‘മീവൽപ്പക്ഷി’ ഉണ്ട്. (സങ്കീ, 84:3; സദൃ, 26:2; യെശ, 38:14; യിരെ, 8:7). ‘ദെറോർ’ എന്ന എബ്രായപദത്തിന് സ്വാതന്ത്ര്യം എന്നർത്ഥം. സ്വതന്ത്രമായി സഞ്ചരിക്കുന്ന പക്ഷി എന്ന അർത്ഥത്തിലും (സങ്കീ, 84:3; സദൃ, 26:2), പറപ്പിന്റെ സൂചനയും (സദൃ, 26:2), കൂടുകെട്ടുന്നതിന്റെ പരാമർശവും (സങ്കീ, 84:3) ‘മീവൽപ്പക്ഷി’ എന്ന ധാരണയെ ഉറപ്പാക്കുന്നു.  

മുയൽ (hare)  

ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. നാലിനം മുയലുകൾ പലസ്തീനിലുണ്ട്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ്‌ മനുഷ്യർ വളർത്തുന്നത്. ശുദ്ധിയില്ലാത്ത മൃഗങ്ങളുടെ പട്ടികയിൽ മാത്രമാണ് മുയലിനെ നാം കാണുന്നതു. (ലേവ്യ, 11:6; ആവ, 14:7).

മൂർഖൻ (asp)

ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒരിനം. (ആവ, 32:33). കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.

മ്ലാവ് (fallow deer)  

സാംബർ വിഭാഗത്തിൽപെട്ട മാൻ. ഇവയുടെ കൊമ്പുകൾക്ക് മുമ്മൂന്ന് ശിഖരങ്ങളുണ്ട്. ചെളിക്കുഴികളിലിറങ്ങി വിഹരിക്കുന്ന സ്വഭാവം മ്ലാവുകൾക്കുണ്ട്. യെഹൂദനു മ്ലാവിറച്ചി ഭക്ഷിക്കാനനുവാദമുണ്ട്. (1രാജാ, 4:23). 

വെട്ടുക്കിളിൽ (locust)  

ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഷഡ്പദപ്രാണികളിൽ വച്ചേറ്റവും പ്രധാനമാണ് വെട്ടുക്കിളി. അമ്പത്താറോളം പരാമർശങ്ങളുണ്ട്. എട്ട് എബ്രായ പദങ്ങളും ഒരു ഗ്രീക്കു പദവും വെട്ടുക്കിളിയെ കുറിക്കുന്നതിനു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പൗരാണിക എബ്രായർക്കു വെട്ടുക്കിളി നാശകാരിയും അതേസമയം നല്ല ഭക്ഷണപദാർത്ഥവും ആയിരുന്നു. ശുദ്ധിയുള്ളവയായി കണക്കാക്കപ്പെട്ടിരുന്ന ഒരേയൊരു ഷഡ്പദപ്രാണിയതേ ഇത്. “എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം. ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.” (ലേവ്യ, 11:21-22). 

വെട്ടുക്കിളികൾ പറ്റമായി സഞ്ചരിക്കുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്നതിനു വെട്ടുക്കിളികൾക്കു പ്രത്യേകം വ്യവസ്ഥയും ക്രമവും ഒന്നും തന്നെയില്ല. ഏറിയ കൂറും കാറ്റിന്റെ ഗതിയാണു പ്രമാണം. ‘കിഴക്കൻ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.’ (പുറ, 10:13). പെൺ വെട്ടുക്കിളി മണ്ണിനടിയിൽ ധാരാളം മുട്ട ഇടുന്നു. സാധാരണ ഷഡ്പദ പ്രാണികളെപ്പോലെ ഇവ മൂന്നു ദശകളെ (മുട്ട, പുഴു, ശലഭം) തരണം ചെയ്യുന്നില്ല. മുട്ട വിരിയുമ്പോൾ അതിനു വെട്ടുക്കിളിയുടെ രൂപം ഉണ്ടായിരിക്കും. ചിറകുകൾ കാണുകയില്ലെന്നേ ഉള്ളു. പ്രായപൂർത്തി എത്താത്തവയെ തുള്ളൻ എന്നു വിളിക്കും. വെട്ടുക്കിളികൾ സസ്യഭുക്കുകളാണ്. അവ സസ്യങ്ങൾക്കു ഭീമമായ നാശം വരുത്തുന്നു. 1889-ൽ ചെങ്കടൽ കടന്ന് ഒരു വെട്ടുക്കിളി സമൂഹം അയ്യായിരം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചതായി കണക്കാക്കിയിട്ടുണ്ട്. വെട്ടുക്കിളിബാധ ദൈവികശിക്ഷയാണ്. മിസ്രയീമിനെ പീഡിപ്പിച്ച എട്ടാമത്തെ ബാധ വെട്ടുക്കിളിയായിരുന്നു. 

വേഴാമ്പൽ (pelican)  

പലസ്തീനിൽ പ്രത്യേകിച്ചും ഗലീലാ തടാകത്തിനടുത്ത് കൂട്ടം കൂട്ടമായി വേഴാമ്പൽ പറക്കുന്നതു കാണാം. വേഴാമ്പലിനെയാണോ എബ്രായമൂലത്തിൽ പറഞ്ഞിട്ടുള്ളത് എന്നതിനെക്കുറിച്ചു പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായൈക്യമില്ല . ലേവ്യർ 11:18; ആവ, 14:17; സങ്കീ, 102:6; യെശ, 34:11; സെഫ, 2:14 എന്നിവിടങ്ങളിൽ വേഴാമ്പൽ ആയിരിക്കണം പ്രസ്തുതം. കാത്തത് എന്ന എബ്രായപദത്തിനു ഛർദ്ദിക്കുന്നവൻ എന്നർത്ഥം. വേഴാമ്പൽ ശുദ്ധിയില്ലാത്ത പക്ഷിയാണ്. (ലേവ്യ, 11:18; ആവ, 14:17). വേഴാമ്പൽ ശൂന്യസ്ഥലങ്ങളിൽ കാണപ്പെടുന്നു. (സങ്കീ, 102:6; യെശ 34:11; സെഫ, 2:14). പലസ്തീനിൽ രണ്ടിനം വേഴാമ്പലുകളുണ്ട്. വേഴാമ്പലിന്റെ ചുണ്ടു നീണ്ടതാണ്. മീനാണധികവും ഭക്ഷിക്കുക. വയറു വീർത്തു കഴിയുമ്പോൾ ഏതെങ്കിലും ഏകാന്ത സ്ഥലത്തേക്കു പറന്നുപോകുന്നു. അവിടെ നെഞ്ചിനു മുകളിൽ വയറുചേർത്തുവച്ചുകൊണ്ട് മണിക്കൂറുകളോ ദിവസങ്ങളോ അതായതു വീണ്ടും വിശക്കുന്നതുവരെ ഒരേ നിലയിൽ നില്ക്കും. വിശക്കുമ്പോൾ വീണ്ടും മീൻ പിടിക്കുന്നതിന് ഇറങ്ങിത്തിരിക്കും. 

സർപ്പം (serpent)

ബൈബിളിലെ സർപ്പത്തെക്കുറിച്ചുള്ള പ്രസ്താവനകൾ പലതും ചില പൗരാണിക ജീവികളെ കുറിക്കുന്നവയാണ്. ആമോസ് 9:3-ലെ സർപ്പം സമുദ്രത്തിലെ ഏതോ ഭയാനക ജീവി ആയിരിക്കണം. “വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും” (യെശ27:1) എന്ന വാക്യത്തിലെ സർപ്പപരാമർശങ്ങളും ഇയ്യോബ് 26:13ലെ വിദ്രുതസർപ്പവും മേൽപറഞ്ഞ മാതിരിയുള്ളവയാണ്. മൂർഖൻ  asp) ഉഗ്രവിഷമുള്ള സർപ്പമാണ്. ഇന്നു പലസ്തീനിൽ ഇവ വിളമാണ്. (ആവ, 32:33; ഇയ്യോ, 20:14, 16; സങ്കീ, 58:4; 91:13; യെശ, 11:8). എബ്രായയിൽ സർപ്പത്തിന് എട്ടു വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒന്നൊഴികെ മറ്റുള്ളവ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ല. 

മനുഷ്യനെ ദൈവത്തിൽ നിന്നകറ്റാൻ വേണ്ടി സാത്താൻ വാഹനമായി വന്ന പാമ്പ് എല്ലാ കാട്ടുജന്തുക്കളിലും വച്ചു കൗശലമേറിയതായിരുന്നു. ‘സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചു’ (2കൊരി, 11:3) എന്നു പൗലൊസ് അപ്പൊസ്തലൻ പറയുകയുണ്ടായി. തൻമൂലം ഉരസ്സുകൊണ്ടു ഗമിക്കുന്നതിനു പാമ്പു ശപിക്കപ്പെട്ടു. (ഉല്പ, 3:14). തിരുവെഴുത്തുകളിൽ പാമ്പു വഞ്ചനയുടെ പ്രതീകമാണ്. (മത്താ, 23:33). ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചിനെ പഴയ പാമ്പ് എന്നു വെളിപ്പാടിൽ വിളിക്കുന്നു. (വെളി, 12:9, 14-15; 20:2). മരുഭൂമിയിൽ യഹോവ അഗ്നിസർപ്പങ്ങളെ അയച്ചു യിസ്രായേൽ മക്കളെ ശിക്ഷിച്ചു. അവയുടെ കടി നിമിത്തം വളരെ ജനം മരിച്ചു. (സംഖ്യാ, 21:4-9). അഗ്നിസർപ്പങ്ങളുടെ കടിയിൽനിന്നും രക്ഷപ്പെടുന്നതിനായി ഒരു താമസർപ്പത്തെ നിർമ്മിച്ചു കൊടിമരത്തിൽ തൂക്കി. പ്രസ്തുത താമസർപ്പത്തെ നോക്കിയ കടിയേറ്റവർ ആരും മരിച്ചില്ല. 

സിംഹം (lion)  

ഒരു കാലത്തു മദ്ധ്യപൂർവ്വദേശം, പേർഷ്യ, ഗ്രീസ് എന്നിവിടങ്ങളിൽ സിംഹങ്ങളെ കണ്ടിരുന്നു. മാംസഭുക്കുകളിൽ ബൈബിൾ നാടുകളിൽ നിന്ന് അപ്രത്യക്ഷമായ ഒരേയൊരു മൃഗം സിംഹമാണ്. പലസ്തീനിലെ ഒടുവിലത്തെ സിംഹം മെഗിദ്ദോയ്ക്കടുത്തുവച്ചു എ.ഡി. 13-ാം നൂററാണ്ടിൽ കൊല്ലപ്പെട്ടു. എ.ഡി. 1900 വരെ പേർഷ്യയിൽ സിംഹം ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ സിറിയ (അരാം), ഇറാക്ക് എന്നീ രാജ്യങ്ങളിൽ നിന്നും സിംഹം അപ്രത്യക്ഷമായി. എബ്രായ ബൈബിളിൽ സിംഹത്തിന് ഒൻപതോളം പേരുകൾ ഉണ്ട്. ഇവ ആൺസിംഹത്തെയും പെൺസിംഹത്തെയും സിംഹക്കുട്ടികളെയും കുറിക്കുന്നവയാണ്. ഈ പദസമുച്ചയത്തിൽ നിന്നും വേദനാടുകളിൽ സിംഹം സുലഭമായിരുന്നുവെന്ന് അനുമാനിക്കാം. ബൈബിളിലെ സിംഹപരാമർശങ്ങളിലധികവും അതിന്റെ ശക്തിയെയും രാജകീയ സ്വഭാവത്തെയും വ്യക്തമാക്കുന്ന ആലങ്കാരിക പ്രയോഗങ്ങളാണ്. കർത്താവായ യേശുക്രിസ്തു യെഹൂദയിലെ സിംഹം ആണ്. (വെളി, 5:5). യിസ്രായേലിന്റെ ആദ്യന്യായാധിപതിയായ ഒത്നീയേലിന്റെ പേരിനർത്ഥം ‘ദൈവത്തിന്റെ സിംഹം’ എന്നാണ്. സാത്താന്റെ ശക്തിയെ കുറിക്കുവാൻ പത്രൊസ് അപ്പൊസ്തലൻ സാത്താനെ അലറുന്ന സിംഹം എന്നു വിളിക്കുന്നു. (1പത്രൊ, 5:8). സിംഹങ്ങളധികവും ഗുഹകളിലോ കൂടുകളിലോ ആയിരുന്നു സൂക്ഷിക്കപ്പെട്ടുവന്നത്. ദാനീയേലിനെ സിംഹഗുഹയിലിട്ട ചരിത്രം സുവിദിതമാണല്ലോ.

<— Previous Page