Category Archives: Uncategorized

മലാഖി

മലാഖിയുടെ പുസ്തകം (Book of Malachi)

ചെറിയ പ്രവാചകന്മാരിൽ ഒരാളായ മലാഖി പഴയനിയമത്തിലെ ഒടുവിലത്തെ പ്രവാപകനാണ്. പഴയനിയമത്തിലെ അവസാന പുസ്തകം മലാഖിയുടെ പ്രവചനമാണ്. ഈ പുസ്തകത്തിനു പുറമെ നിന്നും പ്രവാചകനെപ്പറ്റി ഒരു വിവരവും ലഭ്യമല്ല. ‘എന്റെ ദൂതൻ’ എന്നാണ് പേരിനർത്ഥം. പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമായ സെപ്റ്റ്വജിന്റിൽ മലാഖി എന്ന പേരിനെ സാമാന്യനാമമായി പരിഗണിച്ചു ‘എന്റെ ദൂതൻ’ എന്നു തർജ്ജമ ചെയ്തു. “എന്റെ ദൂതൻ മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട് എന്നാണ് സെപ്റ്റ്വജിന്റിലെ ശീർഷകം. (1:1). അതിന്റെ ചുവടുപിടിച്ചു പല പണ്ഡിതന്മാരും മലാഖി പ്രവചനം അജ്ഞാത കർതൃകമാണെന്നു വാദിക്കുന്നു. പ്രവചന പുസ്തകങ്ങൾ എഴുത്തുകാരുടെ പേരുകളിൽ അറിയപ്പെടുന്നതു കൊണ്ടു മലാഖിയും എഴുത്തുകാരന്റെ പേരായി കരുതുകയാണു യുക്തം. യോനാഥാൻ ബെൻ ഉസ്സീയേലിന്റെ തർഗും മലാഖി എസ്രാ ആണെന്നു കരുതുന്നു. 

 എഴുതിയ കാലം: ഹഗ്ഗായി, സെഖര്യാവു എന്നീ പ്രവാചകന്മാർക്കു ശേഷമാണ് മലാഖിയുടെ കാലം. ദൈവാലയത്തിന്റെ പണി പൂർത്തിയായി, ദൈവാലയത്തിൽ യാഗങ്ങൾ അർപ്പിക്കുന്നു. 1:7-10, 3:8, 1:8-ൽ പേർഷ്യൻ ദേശാധിപതിയെക്കുറിച്ചുള്ള സൂചനയുണ്ട്. ബി.സി. അഞ്ചാം നൂറ്റാണ്ടാണ് കാലമെന്ന് അതു ചൂണ്ടിക്കാണിക്കുന്നു. മിശ്രവിവാഹം നടന്നു വന്നിരുന്നു. (2:10-12). യാഗം അർപ്പിക്കുന്നതിൽ അവർ ഒരു ശ്രദ്ധയും കാണിച്ചില്ല. (1:7). ദശാംശകല്പന അവഗണിച്ചു. (3:8-10). നെഹെമ്യാവ് തിരുത്തുവാൻ ശ്രമിച്ച തെറ്റുകളെയാണ് മലാഖി കുറ്റപ്പെടുത്തുന്നത്. യെരുശലേമിൽ നിന്നും നെഹെമ്യാവ് പാർസി രാജ്യത്തിന്റെ തലസ്ഥാനമായ ശൂശൻ രാജധാനിയിലേക്കു മടങ്ങിപ്പോയ ശേഷം ആയിരിക്കണം ഈ ദോഷങ്ങളെല്ലാം വീണ്ടും പ്രത്യക്ഷപ്പെട്ടത്. അതിനാൽ മലാഖിയുടെ പ്രവചനകാലം നെഹെമ്യാവ് പാർസി രാജധാനിയിലേക്കു പോയ ഇടക്കാലമായിരിക്കണം. അതു ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം ആണ്. 

പുസ്തകത്തിന്റെ ഐക്യം: മലാഖി പ്രവചനത്തിന്റെ ഐക്യത്തെക്കുറിച്ചു വിമർശകർക്കു പൊതുവെ അഭിപ്രായൈക്യമുണ്ട്. 2:11-12 പ്രക്ഷിപ്തമായി കരുതുന്നവരുണ്ട്. 4:4-6 വരെയുള്ള ഭാഗം 3:1-ന്റെ വ്യാഖ്യാനമായി കരുതപ്പെടുന്നു. ഇതു പില്ക്കാലത്ത് ചേർത്ത വ്യാഖ്യാനമായി കരുതപ്പെടുന്നു. മലാഖി പ്രവചനത്തിന്റെ കാനോനികവും ഉപദേശപരവുമായ അധികാരത്തെ പുതിയനിയമം അംഗീകരിക്കുന്നു: (മലാ, 4:5+6 — മത്താ, 11:10,14, 17:11-12, മർക്കൊ, 9:10-11, ലൂക്കൊ, 1:17. മലാ, 3:1 — മത്താ, 11:10, മർക്കൊ, 1:2. മലാ, 1:2-3 — റോമ, 9:13). 

പ്രവചനത്തിന്റെ ശൈലി: ചോദ്യോത്തര രീതിയിലാണ് പ്രവചനം അവതരിപ്പിച്ചിട്ടുളളത്. ആദ്യമായി കുറ്റാരോപണം നടത്തുന്നു. അനന്തരം പ്രശ്നം ഉന്നയിച്ച് ഒടുവിൽ ഒരു മറുപടികൊണ്ടു ചോദ്യം ഖണ്ഡിച്ച് കുറ്റാരോപണം സ്ഥിരീകരിക്കും. ഇങ്ങനെയുളള ഏഴു പ്രശ്നോത്തരി ഇതിലുണ്ട്. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ‘നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു’ — കുറ്റാരോപണം; ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ — ചോദ്യം; ‘യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ’ — കുറ്റ സ്ഥിരീകരണം. (മലാ, 1:7). സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്ന പ്രസ്താവന 20 പ്രാവശ്യം ഈ ലഘു പ്രവചനത്തിലുണ്ട്. 

പ്രധാന വാക്യങ്ങൾ: 1. “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.” മലാഖി 1:6.

2. “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” മലാഖി 3:1.

3. “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.” മലാഖി 3:6.

ബാഹ്യരേഖ: 1. മുഖവുര; ദൈവത്തിനു യിസ്രായേലിനോടുള്ള സ്നേഹം: 1:1-5 .

2. പുരോഹിതന്മാരുടെ പാപങ്ങൾക്കെതിരെയുളള താക്കീത്: 1:6-2:9.

3. ജനത്തോടുള്ള മുന്നറിയിപ്പ്: 2:10-4:3.

a ഒന്നാമത്തെ താക്കീത്; ദ്രോഹത്തിന്നെതിരെ: 2:10-16.

b. രണ്ടാമത്തെ താക്കീത്; ന്യായവിധി: 2:17-3:6.

c. മൂന്നാമത്തെ താക്കീത്; മാനസാന്തരത്തിന്: 3:7-12.

d. നാലാമത്തെ താക്കീത്; ദൈവത്തിന്റെ ശിക്ഷാവിധി: 3:13-4:3.

4. ഉപദേശം: 4:4-6.

a. ന്യായപ്രമാണം അനുസരിക്കുക: 4:4.

b. മശീഹയുടെ പുനരാഗമനം: 4:5-6.

മശീഹയുടെ ആഗമനം മുന്നറിയിച്ചുകൊണ്ടു പ്രവചനം അവസാനിക്കുന്നു. യിസ്രായേലിന്റെ കർത്താവും നിയമ ദൂതനുമായവൻ മന്ദിരത്തിലേക്കു വരുമെന്നും അവൻ്റെ വഴി ഒരുക്കേണ്ടതിനു ദൈവം തന്റെ ദൂതനെ അയയ്ക്കുമെന്നും മലാഖി പ്രവചിച്ചു. (3:1-8). നിയമദൂതൻ യിസ്രായേലിനെ ശുദ്ധീകരിക്കുകയും ന്യായം വിധിക്കകയം ചെയ്യും. യഹോവയ്ക്കു പ്രസാദകരമായ യാഗം അവർ കഴിക്കും. യഹോവയുടെ നാൾ വരുന്നതിനു മുമ്പ് ഏലീയാ പ്രവാചകനെ അയയ്ക്കും. അവൻ വന്നു നിരപ്പിന്റെ ശുശ്രൂഷ നടത്തും. യഹോവയുടെ രണ്ടു സാക്ഷികളായി ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും പരാമർശിച്ചു കൊണ്ടു പ്രവചനം അവസാനിക്കുന്നു. പ്രവചനത്തിന്റെ അന്ത്യവാക്ക് എബ്രായയിൽ ശാപം (സംഹാരശപഥം) ആണ്. പഴയനിയമ പ്രവാചകന്മാരിൽ ഒടുവിലത്തെ ശബ്ദമാണ് മലാഖിയുടേത്. തുടർന്നു 400 വർഷത്തിന്റെ നീണ്ട നിശബ്ദതയാണ്. അനന്തരം യെഹൂദ്യ മരുഭൂമിയിൽ യോഹന്നാൻ സ്നാപകനിലൂടെ പ്രവാചക ശബ്ദം നാം കേൾക്കുന്നു.

പൂർണ്ണവിഷയം

യെഹൂദന്മാര്‍ ദൈവത്തിന്റെ സ്നേഹത്തെ ചോദ്യം ചെയ്യുന്നു 1:1-2
ഏദോനമിനെതിരായ ദൈവത്തിന്റെ ന്യായവിധി 1:3-5
യെഹൂദന്മാർ ദൈവത്തോട് ബഹുമാനമില്ലാതെ പെരുമാറുന്നത് 1:6-9
യെഹൂദന്മാരുടെ വിശുദ്ധിയില്ലാത്ത ആരാധന 1:10-14
ദൈവത്തോടുള്ള യെഹൂദന്മാരുടെ അവിശ്വസ്തത 2:1-9
ദൈവത്തിന്റെ കല്പന ലംഘിക്കുകയും, ആലയം മലിനപ്പെടുത്തുകയും ചെയ്യുന്നു 2:10-12
വിവാഹബന്ധത്തിൽ ജനങ്ങളുടെ അവിശ്വസ്തത 2:13-16
ദൈവത്തിന് ദുഃഖം ഉളവാക്കുന്ന ജനങ്ങളുടെ വാക്കുകൾ 2:17
യോഹന്നാൻ സ്നാപകന്റെയും യേശുക്രിസ്തുവിന്റെയും വരവിനെ സംബന്ധിച്ചും അവരുടെ പ്രവർത്തികളും 3:1-7
ദൈവനീതി നടപ്പാകും ദൈവത്തിങ്കലേക്ക് തിരിയുന്നതിനുള്ള ആഹ്വാനം 3:5-7
ജനം ദൈവത്തെ തോല്പിക്കുന്നു, പിഴ നൽകുന്നു 3:8-12
ജനങ്ങളുടെ വാക്കിൽ വെളിപ്പെടുന്ന ദുരഹങ്കാരം 3:13-15
യഹോവാഭക്തന്മാരുടെ വാക്കുകൾ ദൈവം കേൾക്കുന്നു 3:16-18
യഹോവയുടെ ദിവസം 4:1-3
യഹോവയുടെ ദിവസത്തിന് മുമ്പ് ഏലിയാവിന്റെ വരവ് 4:4-6

സെഖര്യാവ്

സെഖര്യാവിന്റെ പുസ്തകം (Book of Zechariah)

പഴയനിയമത്തിൽ മുപ്പത്തെട്ടാമത്തെ പുസ്തകവും ചെറു പ്രവാചകന്മാരിൽ പതിനൊന്നാമത്തതും. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു. സെപ്റ്റ്വജിന്റിലും ലത്തീൻ വുൾഗാത്തയിലും സഖറിയാസ് എന്നാണ് പേര്. യെഹൂദന്മാരുടെ ഇടയിൽ വളരെയധികം പ്രചാരമുള്ള പേരുകളിലൊന്നാണിത്. ബൈബിളിൽ കുറഞ്ഞതു മുപ്പതു പേർ ഈ പേരിലറിയപ്പെടുന്നു. ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനാണു സെഖര്യാവ്. (1:1). സെരുബ്ബാബേലിനോടൊപ്പം ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന ഒരു പുരോഹിത കുടുംബത്തിന്റെ തലവനായിരുന്നു സെഖര്യാവ്. (നെഹെ, 12:4,16). പ്രവാസത്തിൽനിന്നും മടങ്ങിവന്ന് ഇരുപതുവർഷം കഴിഞ്ഞിട്ടും ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിൽ ജനം ശ്രദ്ധലുത്തിയില്ല. ഈ നിർണ്ണായക സമയത്താണ് ദൈവം ഹഗ്ഗായി പ്രവാചകനെയും സെഖര്യാ പ്രവാചകനെയും എഴുന്നേല്പിച്ചത്. 

ഗ്രന്ഥകർത്താവും കാലവും: ഹഗ്ഗായി പ്രവാചകനെപ്പോലെ സെഖര്യാവും പ്രവാചകശുശ്രൂഷ ആരംഭിക്കുന്ന കാലത്ത് ഒരു യുവാവായിരുന്നു. ഹഗ്ഗായിയുടെ ശുശ്രൂഷ അവസാനിച്ചു രണ്ടു മാസത്തിനു ശേഷമാണ് സെഖര്യാവിന്റെ ശുശ്രൂഷ ആരംഭിച്ചത്. ഹഗ്ഗായിയുടെ പ്രവർത്തനം വെറും നാലുമാസമായിരുന്നു. എന്നാൽ സെഖര്യാവു രണ്ടു വർഷത്തോളം പ്രവചിച്ചു. (1:1, 7:1). ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാമാണ്ടിൽ ആരംഭിച്ച പ്രവചനശുശ്രൂഷ ദാര്യാവേശിന്റെ വാഴ്ചയുടെ നാലാം വർഷം വരെ നീണ്ടു നിന്നു. ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാരുടെ പ്രാത്സാഹനം മൂലം ദൈവാലയത്തിന്റെ പണി ബി.സി. 516-ൽ പൂർത്തിയായി. തന്മൂലം ബി.സി. 516-വരെ എങ്കിലും സെഖര്യാവു പ്രവചിച്ചതായി കരുതപ്പെടുന്നു. (എസ്രാ, 6:15).

പുസ്തകത്തിന്റെ ഐക്യം: ആദ്യത്തെ എട്ടദ്ധ്യായങ്ങൾ സെഖര്യാ പ്രവാചകന്റേതാണെന്നു ഒട്ടുമിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. ദർശനങ്ങളുടെ സ്വീകർത്താവിനെയും പ്രവചനത്തിന്റെ കർത്താവിനെയും തമ്മിൽ വേർപെടുത്താനൊരു വിഫലശ്രമം ചിലർ നടത്തി. 9-14 അദ്ധ്യായങ്ങൾ സെഖര്യാ പ്രവാചകന്റെ രചന അല്ലെന്നു അവർ കരുതി. സെഖര്യാവ് 11:12-നെ മത്തായി 27:9-ൽ ഉദ്ധരിച്ചശേഷം അതു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ മുമ്പു തന്നേ സെഖര്യാവ് 9-14 അദ്ധ്യായങ്ങളുടെ കർത്തൃത്വത്തെക്കുറിച്ചു അനിശ്ചിതത്വം നിലനിന്നിരുന്നതിനു തെളിവായി പ്രതിവാദികൾ ഇതു ചൂണ്ടിക്കാണിക്കുന്നു. പ്രവാസപൂർവ്വകാലത്തോ, സെഖര്യാ പ്രവാചകനു വളരെ പിന്നീടോ പ്രസ്തുതഭാഗം എഴുതപ്പെട്ടു എന്നതാണ് അവരുടെ ധാരണ. 1-8 അദ്ധ്യായങ്ങളിൽ സെഖര്യാവിനെ എഴുത്തുകാരനായി പറഞ്ഞിട്ടുണ്ട്. എന്നാൽ അനന്തരഭാഗത്ത് അതിന്റെ സൂചനയൊന്നുമില്ല. അതിനാൽ ദർശനങ്ങളുടെ സെഖര്യാവും (1-8 അ) പ്രവചനങ്ങളുടെ സെഖര്യാവും (9-14 അ) ഭിന്നരാണെന്നു വാദിക്കപ്പെടുന്നു. പ്രധാനവാദ മുഖങ്ങൾ: (1) രണ്ടു ഭാഗങ്ങളുടെയും ചുറ്റുപാടുകൾ തമ്മിലുള്ള വ്യത്യാസം. ഒന്നാം ഭാഗത്ത് പ്രത്യാശയും വാഗ്ദാനങ്ങളും നിറഞ്ഞുനില്ക്കുന്നു; രണ്ടാമത്തേതിലാകട്ടെ ദുഷിച്ച നേതൃത്വവും ആക്രമണഭീഷണിയും. ദൈവാലയത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ചു ഒരു സൂചനയുമില്ല. (2) 9:13-ൽ ഗ്രീസിനെ ഒരു പ്രധാനശക്തിയായി പറയുന്നു. എന്നാൽ സെഖര്യാവിന്റെ കാലത്ത് പേർഷ്യ ആയിരുന്നു പ്രധാന ശക്തി. (3) 13-ാം അദ്ധ്യായത്തിൽ പ്രവചനത്തെക്കുറിച്ചു മോശമായ ധാരണയാണ് കാണുന്നത്. സെഖര്യാ പ്രവചനത്തിലെ രണ്ടുഭാഗങ്ങളും പ്രവാചകന്റെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലാണ് എഴുതപ്പെട്ടത്. പ്രവാചകന്റെ വാർദ്ധക്യത്തിലെ രചനയായിരിക്കണം 9-14 അദ്ധ്യായങ്ങൾ. അതു ചുറ്റുപാടുകളുടെ വ്യത്യാസത്തിനു ഹേതുവായി. സെഖര്യാവിനു വളരെ മുമ്പു തന്നെ ഗ്രീസിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. (യെശ, 66:19, യെഹെ, 27:13,19). മാത്രവുമല്ല, ബി.സി. 520 മുതൽ ഏഷ്യാമൈനറിലെ ഗ്രേക്കർ ദാര്യാവേശ് രാജാവിനു നിരന്തരശല്യമായിരുന്നു. പ്രവചനം തുച്ഛീകരിക്കാൻ ഒരിക്കലും ഒരു പ്രവാചകനു കഴിയുകയില്ല. അപ്രകാരം 13-ാം അദ്ധ്യായത്തെ മനസ്സിലാക്കുന്നതു തന്നെ തെറ്റാണ്. യെഹൂദ്യപാരമ്പര്യം അനുസരിച്ചു പ്രവചനം മുഴുവൻ എഴുതിയ ഏകവ്യക്തി സെഖര്യാവ് തന്നേ. ആന്തരികമായ തെളിവുകളും ഈ നിഗമനത്തെ സാധുവാക്കുന്നു. രണ്ടു ഭാഗങ്ങൾക്കും തമ്മിലുള്ള ചില ബന്ധങ്ങൾ ശ്രദ്ധേയങ്ങളാണ്. അനുതാപത്തിന്റെയും ശുദ്ധീകരണത്തിന്റെയും ആവശ്യകത (1:4, 3:3,4,9, 5:1-11, 7:5-9, 9:7, 12:10, 13:1,9), യെരൂശലേമിന്റെ ഔൽകൃഷ്ട്യം (1:16,17, 2:11,12, 12:6, 14:9), യിസ്രായേൽ ജനത്തിന്റെ മടങ്ങിവരവ് (2:6,10, 8:7-8, 9:12,10:6-12), യിസ്രായേലിന്റെ ശത്രുക്കൾ കീഴടങ്ങുന്നത് (1:21, 12,14 അ), അവരുടെ പരിവർത്തനം (2:11, 8:20-23, 9:7, 14:16-19) എന്നിവ നോക്കുക. പ്രവചനത്തിന്റെ രണ്ടുഭാഗങ്ങളിലും യിസ്രായേൽ രാജാവിനെക്കുറിച്ചുള്ള ഒരു സൂചനയുമില്ല. എന്നാൽ യിസ്രായേലിന്റെ സാക്ഷാൽ ഭരണകർത്താവ് മശീഹയാണെന്ന പ്രസ്താവന ഇരുഭാഗത്തുമുണ്ട്. (6:12, 9:9). ശൈലിയിലും ചില സാമ്യങ്ങൾ ദൃശ്യമാണ്, ഉദാ: രണ്ട് എന്ന സംഖ്യയോടുള്ള ആഭിമുഖ്യം (4:3, 5:9, 6:1, 11:7, 13:8), സംബോധനാ വിഭക്തിയുടെ പ്രയോഗം (2:7,10, 3:2,8, 4:7, 9:9,13, 11:1-2, 13:7) ‘പോക്കുവരത്തു’ എന്ന പ്രയോഗം (7:14, 9:8). പോക്കുവരത്ത് എന്ന ശൈലി പഴയനിയമത്തിൽ മറ്റൊരേടത്തും കാണുന്നില്ല. യഹോവയുടെ അരുളപ്പാടെന്ന പ്രയോഗം പ്രവചനത്തിൽ ഇരുഭാഗത്തുമായി 16 തവണ കാണാം. കൂടാതെ സൈന്യങ്ങളുടെ യഹോവ എന്ന ശൈലി (4:10, 8:6, 9:8) ഇരുഭാഗത്തുമുണ്ട്. ചുരുക്കത്തിൽ സെഖര്യാ പ്രവചനത്തിന്റെ ഏകത്വം തള്ളിക്കളയാവുന്ന പ്രമേയമല്ല. സെഖര്യാ പ്രവചനത്തെയും തുടർന്നുവരുന്ന മലാഖി പ്രവചനത്തെയും പരസ്പരം ബന്ധിപ്പിച്ചുള്ള ഒരു വാദഗതിയും ഉയർന്നു വന്നിട്ടുണ്ട്. സെഖര്യാവ് 9:1, 12:1, മലാഖി 1:1 എന്നീ മൂന്നു വാക്യങ്ങളുടെ പ്രാരംഭത്തിലും ‘പ്രവാചകം’ എന്ന ശീർഷകം കാണുന്നു. തന്മൂലം സെഖര്യാവ് 9-14 അദ്ധ്യായങ്ങളും മലാഖി പ്രവചനവും ഒന്നായിരുന്നുവെന്നും ചെറു പ്രവാചകന്മാരുടെ എണ്ണം 12 ആക്കാൻ വേണ്ടി മലാഖി പ്രവചനം തിരിച്ചു എന്നും ഒരു വാദഗതി ഉണ്ട്. കഴമ്പുള്ള ഒരു വാദഗതിയല്ല ഇത്. യെശയ്യാ പ്രവചനത്തിലും ഏതദ്വിധ പ്രയോഗം (പ്രവാചകം) ഉണ്ട്. പക്ഷേ അതു കർതൃത്വനിഷേധത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മലാഖി പ്രവചനം മേല്പറഞ്ഞവിധം വേർതിരിക്കപ്പെട്ടതാണെങ്കിൽ അതൊരു വ്യക്തിയുടെ പേരിൽ ആരോപിക്കപ്പെട്ടു എന്നതു അത്ഭുതമായിരിക്കുന്നു. വെളിപ്പാടു സ്വഭാവത്തിലുള്ള രചനകളെ മക്കാബ്യ കാലഘട്ടവുമായി ബന്ധിപ്പിക്കുന്ന ചിന്താഗതിയാണ് ലിബറൽ ചിന്തകന്മാർക്കുള്ളത്. അതിന്റെ പശ്ചാത്തലത്തിലാണു സെഖര്യാവ് 9-14 അദ്ധ്യായങ്ങൾ മറ്റൊരു ഗ്രന്ഥകാരനിൽ ആരോപിക്കുന്നത്.

സവിശേഷതകൾ: 1. പഴയനിയമത്തിലെ പുസ്തകങ്ങളിൽ വച്ചു ഏറ്റവുമധികം മശീഹാപരമായ പുസ്തകമാണിത്. 14 അദ്ധ്യായങ്ങളിലും മശീഹയെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം.

2. അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ പ്രവചനങ്ങൾ ഇതിലുണ്ട്.

3. യിസ്രായേൽ ചരിത്രത്തിലെ പ്രവാചക പൌരോഹിത്യ ദൗത്യങ്ങളുടെ മിളനം ഈ പ്രവചനത്തിൽ കാണാം. 

4. ഇതിലെ ദർശനങ്ങളും പ്രതീകാത്മകമായ ഭാഷയും ദാനീയേൽ പ്രവചനത്തോടും വെളിപ്പാടിനോടും സാജാത്യം പുലർത്തുന്നു. വ്യക്തിപരമായ ജീവിതത്തിൽ സെഖര്യാവു പുരോഹിതനും പ്രവാചകനുമായിരുന്നു. ഇതു ക്രിസ്തുവിന്റെ പ്രവാചകപൗരോഹിത്യ പദവികളെ ഓർപ്പിക്കുന്നു. 

മശീഹയെ സംബന്ധിക്കുന്ന വ്യക്തമായ പ്രവചനങ്ങൾ സെഖര്യാവിലുണ്ട്. അവയുടെ നിറവേറൽ പുതിയനിയമത്തിൽ കാണാം. ക്രിസ്തുവിന്റെ താഴ്ചയിലുള്ള വരവ് (9:9, 13:7 — മത്താ, 21:5, 26:31,56), നിയമരക്തത്താൽ യിസായേലിനെ യഥാസ്ഥാപനം ചെയ്യുന്നതു് (9:11 — മർക്കൊ, 14;24), ചിതറി അലഞ്ഞു നടക്കുന്ന ആടുകൾക്കു ഇടയനായിരിക്കുന്നത് (10:2 — മത്താ, 9:36), ഒറ്റിക്കൊടുപ്പെടുന്നതും ത്യജിക്കപ്പെടുന്നതും (11:12-13 — മത്താ, 26:15, 27:9-10), മശീഹ കുത്തപ്പെടുന്നതും വെട്ടപ്പെടുന്നതും (12:10, 13:7 — മത്താ, 26:31,56, യോഹ, 19:37), യിസ്രായേലിനെ വിടുവിക്കുന്നതിനു വേണ്ടി തേജസ്സിൽ മടങ്ങിവരുന്നത് (14:1-6 -+ മത്താ, 24:30-31, വെളി, 19:15), സമാധാനത്തിലും നീതിയിലും രാജാവായി വാഴുന്നത് (9:9-10, 14:9,16 — വെളി, 11:15), എന്നേക്കുമായി തന്റെ മഹത്വരാജ്യം സ്ഥാപിക്കുന്നത് (14:6-19 — വെളി, 11:15, 21:24-26, 22:1-5) എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. 

പ്രധാന വാക്യങ്ങൾ: 1. “ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” സെഖർയ്യാവു 1:3.

2. “ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” സെഖർയ്യാവു 7:13.

3. “സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.” സെഖർയ്യാവു 9:9.

4. “മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.” സെഖർയ്യാവു 13:9.

രൂപരേഖ: I. കാലസൂചനയോടു കൂടിയ പ്രവചനങ്ങൾ: 1:1-8:23.

A. മുഖവുര: 1:1-6.

B. എട്ടു രാതി ദർശനങ്ങളുടെ പരമ്പര: 1:7-6:8.

1. കൊഴുന്തുകളുടെ ഇടയിലെ അശ്വാരുഢൻ: 1:7-17.

2. നാലു കൊമ്പുകളുടെയും നാലു കൊല്ലന്മാരുടെയും ദർശനം: 1:18-21. (2:1-4 എബ്രായയിൽ). 

3. യെരുശലേമിനെ അളക്കുവാൻ അളവുനൂൽ പിടിച്ച പുരുഷൻ: 2:1-13. (2:5-17 എബ്രായയിൽ). 

4. മഹാപുരോഹിതനായ യോശുവയുടെ ശുദ്ധീകരണം: 3:1-10.

5. വിളക്കുതണ്ടും രണ്ടു ഒലിവുവൃക്ഷങ്ങളും: 4:1-14-6.

6. പാറിപ്പോകുന്ന ചുരുൾ: 5:1-4.

7. ഏഫയിലെ സ്ത്രീ: 5:5:11. 

8. നാലു രഥത്തിന്റെ ദർശനം: 6:1-8. 

C. യോശുവയുടെ കിരീടധാരണവും പ്രതീകാർത്ഥവും: 6:9-15.

D. ഉപവാസത്തിന്റെ പ്രശ്നം: 7:1-8:23.

II. കാലസൂചന നല്കിയിട്ടില്ലാത്ത പ്രവചനങ്ങൾ: 9:1-14:21.

1. വിജാതീയ ശത്രുക്കളുടെ ന്യായവിധിയും സമാധാന പ്രഭുവിന്റെ ആഗമനവും: 9:1-17.

2. തിരഞ്ഞെടുക്കപ്പെട്ട ആട്ടിൻകൂട്ടത്തിന്റെ ശേഖരണം: 10:1-12.

3. നല്ല ഇടയനും വ്യാജ ഇടയനും: 11:1-17.

4. യുഗാന്ത്യസംഭവങ്ങൾ: 12:1-13:6.

5. യിസ്രായേലിന്റെ ശുദ്ധീകരണവും യെരുശലേമിന്റെ ഭാവി മഹത്വവും: 13:7-14:21.

പൂർണ്ണവിഷയം

ജനത്തോടുള്ള ആദ്യത്തെ പ്രബോധനം 1:2-6
എട്ട് ദര്‍ശനങ്ങൾ 1:7—6:8
ഒരു മനുഷ്യനും കുതിരകളും കൊഴുന്തു മരങ്ങളുടെ ഇടയിൽ 1:8-17
നാല് കൊമ്പുകൾ 1:18-21
കൈയ്യിൽ അളവുനൂലുമായി ഒരു മനുഷ്യൻ 2:1-13
മഹാപുരോഹിതൻ യോശുവയ്ക്കു സംഭവിക്കുന്ന മാറ്റം 3:1-10
ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനം 3:8-10
സ്വര്‍ണ്ണവിളക്കുതണ്ട്, ഒലിവ് മരങ്ങൾ 4:1-14
പറക്കുന്ന ചുരുൾ 5:1-4
കുട്ടയിൽ ഇരിക്കുന്ന സ്ത്രീ 5:5-11
നാല് രഥങ്ങൾ 6:1-8
മഹാപുരോഹിതനൊരു കിരീടം ക്രിസ്തുവിന്റെ ആഗമനം 6:9-15
യഥാർത്ഥ ഭക്തി കേവലം ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമാണ്, അനുസരണക്കേടിന്റെ ഫലം 7:1-14
ജനത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ തീരുമാനം, ജനം പെരുമാറേണ്ട രീതി 8:1-17
സന്തോഷത്തിന്റെ ഉത്സവങ്ങൾ ആകുന്ന ഉപവാസദിനങ്ങൾ 8:18-23
അയൽരാജ്യങ്ങളുടെ നാശം, കര്‍ത്താവായ ക്രിസ്തുവിന്റെ വരവ്, ക്രിസ്തു നൽകുന്ന സമാധാനം 9:1-10
യിസ്രായേൽ ജനത്തിന്റെ വിജയം 9:11-17
ദൈവം ജനത്തെ അന്യദേവന്മാരിൽ നിന്നും വഞ്ചകരായ നേതാക്കളിൽ നിന്നും വിമോചിപ്പിക്കുന്നു, സന്തോഷം നൽകുന്നു 10:1-8
ദൈവം തന്റെ ചിതറിപ്പോയ ജനത്തെ ശേഖരിക്കും 10:9-12
ആടുകളെ സംബന്ധിച്ച് വിചാരമില്ലാത്ത ഇടയന്മാര്‍ 11:1-11
30 വെള്ളിക്കാശിനെക്കുറിച്ചുള്ള പ്രവചനം 11:12-14
ആടുകളെ പീഢിപ്പിക്കുന്ന ഇടയൻ 11:15-17
അന്ത്യനാളുകളിൽ പ്രശ്നങ്ങളുടെ കേന്ദ്രമായിത്തീരുന്ന യെരൂശലേം, യെരുശലേമിന്റെ വിമോചനം 12:1-9
യിസ്രായേലിന്റെ അനുതാപവും ക്രിസ്തുവിനെക്കുറിച്ചുള്ള വിലാപവും 12:10-13
യിസ്രായേലിന്റെ ശുദ്ധീകരണം 13:1-5
കൈകളിലെ മുറിവുകൾ 13:8-9
യഹോവയുടെ ദിവസം, ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുന്നത് 14:1-11
യുഗാന്ത്യത്തിലെ യുദ്ധം 14:12-15
യെരൂശലേമിന്റെ ശോഭനഭാവി 14:20-21

ഹഗ്ഗായി

ഹഗ്ഗായിയുടെ പുസ്തകം (Book of Haggai)

പഴയനിയമത്തിലെ മുപ്പത്തിഏഴാമത്തെ പുസ്തകം; ചെറുപ്രവാചകന്മാരിൽ പത്താമത്തേതും. പുസ്തകം പ്രവാചകന്റെ പേരിൽ അറിയപ്പെടുന്നു. പ്രവാസാനന്തര പ്രവാചകന്മാരായ മൂന്നു പേരുടെയും (ഹഗ്ഗായി, സെഖര്യാവു, മലാഖി) രചനകളിൽ എറ്റവും ചെറുതു ഹഗ്ഗായിയുടേതാണ്. ഇതിനു രണ്ടദ്ധ്യായവും 38 വാക്യവും ആണുള്ളത്.

പശ്ചാത്തലവും കാലവും: ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നതിനു ശേഷം രണ്ടാം ദൈവാലയത്തിനു അടിസ്ഥാനമിട്ടു. തുടർന്ന് പതിനാറു വർഷത്തോളം ദൈവാലയത്തിന്റെ പണി നിറുത്തിവയ്ക്കുവാൻ ജനം പ്രേരിപ്പിക്കപ്പെട്ടു. ദൈവാലയത്തിന്റെ പണിയിൽ അവർ വിമുഖരായി. സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തന്നെയും ജനം തട്ടുള്ള വീടുകൾ നിർമ്മിച്ച് പാർക്കുവാൻ തുടങ്ങി. (1:4). യെഹൂദന്മാരുടെ സുഹൃത്തും ദൈവകൃപ ലഭിച്ചവനുമായ കോരെശ് രാജാവു ബി.സി. 529-ൽ മരിച്ചു. തുടർന്നു എസ്രാ 4:6-ൽ അഹശ്വേരോശ് എന്നു പേർ പറഞ്ഞിട്ടുള്ള കാംബിസസ് ബി.സി. 529 മുതൽ 522 വരെ ഭരിച്ചു. അദ്ദേഹത്തെ തുടർന്നു പ്ന്യൂഡോ സ്മർദിസ് ഏഴു മാസം ഭരിച്ചു. അനന്തരം രാജാവായ ദാര്യാവേശ് ഹിസ്റ്റാസ്പെസ് ആണ് ഹഗ്ഗായിയിലും സെഖര്യാവിലും (എസ്രാ, 4-6) എസായിലും പരാമൃഷ്ടനായ ദാര്യാവേശ്. ദൈവാലയം പണിയുന്നതിന് അദ്ദേഹം യെഹൂദന്മാരെ സഹായിച്ചു.      

ദാര്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടിൽ ഹഗ്ഗായി പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. ഇത് ബി.സി. 520-ലാണ്. ഈ പുസ്തകത്തിന്റെ ഉള്ളടക്കമായ നാലു ചെറിയ സന്ദേശങ്ങളുടെയും കാലം കൊടുത്തിട്ടുണ്ട്. വെറും മൂന്നു മാസവും ഇരുപത്തിമൂന്നു ദിവസവും കൊണ്ടാണ് ഈ സന്ദേശങ്ങൾ നല്കിയത്. ഈ ചുരുങ്ങിയ സമയംകൊണ്ടു ജനത്തിനു പ്രചോദനം നല്കുവാനും ദൈവാലയത്തിന്റെ പണി അവരെകൊണ്ടു പൂർത്തിയാക്കുവാനും പ്രവാചകനു കഴിഞ്ഞു. ഹഗ്ഗായി പ്രവാചകന്റെ ശുശ്രൂഷയുടെ അവസാനമാസം സെഖര്യാവും ഹഗ്ഗായിയെ സഹായിച്ചു. (സെഖ, 1:1-6). ബി.സി. 520 സെപ്തംബർ ഒന്നാം തീയതിയാണ് പ്രവാചകനിലൂടെ കർത്താവു സംസാരിച്ചത്. ദൈവാലയത്തിന്റെ പണി അവഗണിച്ചതിന്റെ ശിക്ഷ കാലാവസ്ഥാമാറ്റത്തിലൂടെ വെളിപ്പെടുമെന്നു പ്രവാചകൻ പ്രസ്താവിച്ചു. ജനത്തിന്റെ നായകന്മാർ ദൈവവചനം കേട്ടനുസരിക്കുകയും ദൈവാലയത്തിന്റെ പണി സെപ്തംബർ 24-ാം തീയതി ആരംഭിക്കുകയും ചെയ്തു. (1:15). ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവ ഉറപ്പു നല്കി. (1:13). രണ്ടാമത്തെ സന്ദേശം ഒരു മാസത്തിനുശേഷമാണ്. ഈ ദൈവാലയത്തിന്റെ പൂർവ്വ മഹത്വത്തോടു തങ്ങളുടെ പണിയെ തുലനം ചെയ്യുകയും അതിൽ നിരുത്സാഹം തോന്നുകയും ചെയ്തു. അതിനാലാണ് ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലത്തേതിലും വലുതായിരിക്കും എന്നു യഹോവ അരുളിച്ചെയ്തത്. (2:9). ഈ സന്ദേശം നല്കിയത് ഒക്ടോബർ 21-നാണ്. ബി.സി. 520 ഡിസംബർ 24-നാണ് മൂന്നാമത്തെയും നാലാമത്തെയും സന്ദേശങ്ങൾ ലഭിച്ചത്. (2:10,20). 

 പ്രധാന വാക്യങ്ങൾ: 1. “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?” ഹഗ്ഗായി 1:4.

2. “ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.” ഹഗ്ഗായി 1:5,6.

3. “ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” ഹഗ്ഗായി 2:9.

രൂപരേഖ: 1. ദൈവാലയത്തിന്റെ പണി പൂർത്തിയാക്കാനുള്ള ആഹ്വാനം: 1:1-15.

2. ദൈവാലയം മഹത്വപൂർണ്ണമാക്കാനുള്ള മശീഹയുടെ ആഗമനം: 2:1-9.

3. ദൈവാലയപ്പണി പൂർത്തിയാക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹം: 2:10-19.

4. ജാതീയ ലോകശക്തിയുടെ നാശം: 2:20-23.

പൂർണ്ണവിഷയം

നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ കഴിയാത്തതിന് ജനം പറഞ്ഞ ന്യായങ്ങൾ, അവര്‍ക്കു വരുന്ന നഷ്ടം 1:2-11
ജനം ശ്രദ്ധിക്കുകയും ദൈവത്തെ ആദരിക്കുകയും ചെയ്യുന്നു 1:12.
ദൈവത്തിന്റെ വാഗ്ദത്തം, പുനര്‍നിര്‍മ്മാണം തുടരുന്നു 1:13-15
ദൈവം നേതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു 2:1-5
ദൈവം എല്ലാ രാജ്യങ്ങളെയും ഇളക്കും, ദേവാലയത്തിന് വലിയ മഹത്വം നൽകും 2:6-9
പാപപ്രവൃത്തികൾ അശുദ്ധിയുളവാക്കുന്നു 2:10-14
ജനങ്ങളുടെ അഭിവൃദ്ധി മാഞ്ഞുപോയി 2:15-19
ജാതികളുടെ മേൽ ദൈവത്തിന്റെ ന്യായവിധി 2:20-22
സെരൂബ്ബാബേലിന് വാഗ്ദത്തം നൽകിയ അനുഗ്രഹങ്ങൾ 2:23

സെഫന്യാവ്

സെഫന്യാവിന്റെ പുസ്തകം (Book of Zephaniah)

പഴയനിയമത്തിലെ മുപ്പത്താറാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ ഒമ്പതാമത്തേതും. ഗ്രന്ഥം എഴുത്തുകാരന്റെ പേരിൽ അറിയപ്പെടുന്നു. യെഹൂദയുടെ എഴുപതുവർഷത്തെ ബാബേൽ പ്രവാസത്തിനു മുമ്പു അവസാനം എഴുതപ്പെട്ട പുസ്തകമാണ് ഇത്. നാലു തലമുകളുടെ പാരമ്പര്യം പ്രവാചകൻ രേഖപ്പെടുത്തുന്നു. ഹിസ്ക്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കുശിയുടെ മകനാണ് സെഫന്യാവ് (1:1). യോശീയാവിന്റെ ഭരണകാലത്താണു് (ബി.സി. 639-608) പ്രവചിച്ചത്. സെഫന്യാവിന് രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. അമര്യാവും മനശ്ശെ രാജാവും സഹോദരന്മാരാണ്. 

ചരിത്രപശ്ചാത്തലം: ഹിസ്ക്കീയാരാജാവിന്റെ മരണശേഷം യെഹൂദയിലെ മതവിശ്വാസം ക്ഷയിച്ചു. ഹിസ്ക്കീയാവു നശിപ്പിച്ച ബാലിന്റെ ബലിപീഠങ്ങളെ പുത്രനായ മനശ്ശെ പുതുക്കിപ്പണിതു. (2ദിന, 33:1-11). മതവിശ്വാസം ബാഹ്യപരതയിൽ ഒതുങ്ങി. ആഹാസ് രാജാവിന്റെ കാലത്ത് വിഗ്രഹാരാധന പുനർജ്ജീവൻ പ്രാപിച്ചു. ബി.സി. 632-ൽ സിതിയർ അശ്ശൂരിനെ നശിപ്പിച്ചു. അങ്ങനെ അശ്ശൂരിന്റെ ഭീഷണിയിൽ നിന്നു മുക്തമായ യെഹൂദയിൽ യോശീയാവിന്റെ നവീകരണത്തിനു അനുകൂലമായ സാഹചര്യം സംജാതമായി. സിതിയർ ഒരിക്കലും യിസ്രായേലിനെ ആക്രമിച്ചതായി കാണുന്നില്ല. സിതിയരുടെ ആക്രമണത്തിന്റെ കാഠിന്യം യഹോവയുടെ ക്രോധം വരച്ചു കാണിക്കാൻ പ്രവാചകനു ഒരു പശ്ചാത്തലമായി. യഹോവയുടെ ദിവസവും വരാൻ പോകുന്ന വീണ്ടെടുപ്പുമാണ് പ്രവചനത്തിലെ മുഖ്യപ്രമേയം. തിരഞ്ഞെടുക്കപ്പെട്ട ജനം എന്നതുകൊണ്ട് നീതിമാനായ ദൈവത്തിന്റെ ന്യായവിധിയിൽ നിന്നു യെഹൂദാ ഒഴിവാക്കപ്പെടുകയില്ല. 

പ്രധാന വാക്യങ്ങൾ: 1. “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.” സെഫന്യാവു 1:18.

2. “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” സെഫന്യാവു 2:3.

3. “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.” സെഫന്യാവു 3:17.

രൂപരേഖ: 1. മുഖവുര: 1:1.

2. ന്യായവിധി; യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ: 1:2-2:3. 

3. ന്യായവിധി; ചുറ്റുമുള്ള ജാതികളുടെ മേൽ: 2:4-15.

4. യെരൂശലേമിന്റെ ന്യായവിധി: 3:1-7.

5. ജാതികളുടെ ന്യായവിധി: 3:8-13. 

6. യെഹൂദയിലെ ശേഷിപ്പിന്റെ അനുഗ്രഹം: 3:14-20.

പൂർണ്ണവിഷയം

യെഹൂദയുടെ മേൽ ആസന്നമായ ശിക്ഷയും
സര്‍വ്വഭൂമിയുടെ മേലുള്ള ന്യായവിധിയും 1:2-6
യഹോവയുടെ ദിനത്തിൽ വരുന്ന നാശം 1:7-8
ന്യായവിധിക്ക് മുൻപ് ദൈവത്തിങ്കലേക്ക് തിരിയുന്നതിനുള്ള ആഹ്വാനം 2:1-3
യെഹൂദയുടെ ചുറ്റുമുള്ള രാജ്യങ്ങളുടെ മേൽ വരുന്ന ശിക്ഷ 2:4-15
ഫെലിസ്ത്യരുടെ മേലുള്ള ശിക്ഷ 2:4-7
മോവാബ്, അമ്മോൻ ഇവരുടെ മേലുള്ള ശിക്ഷ 2:8-11
കൂശിന്റെ മേലുള്ള ശിക്ഷ 2:12
അശ്ശൂരിന്റെ മേലുള്ള ശിക്ഷ 2:13-15
യെരൂശലേമിൽ ചെയ്ത ദുഷ്പ്രവൃത്തികൾക്കുള്ള ശിക്ഷ 3:1-5
മറ്റുരാജ്യങ്ങളുടെ മേലുള്ള ദൈവശിക്ഷ 3:6-9
സ്വന്തദേശത്തിലേക്ക് തിരിച്ച് വന്ന ശേഷമുള്ള യെഹൂദന്മാരുടെ ഭാവി 3:10-13
യിസ്രായേൽ ഗൃഹത്തിന്മേൽ വരുന്ന അനുഗ്രഹങ്ങൾ 3:14-20

ഹബക്കൂക്

ഹബക്കൂകിന്റെ പുസ്തകം (Book of Habakkuk)

പഴയനിയമത്തിലെ മുപ്പത്തി അഞ്ചാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ എട്ടാമത്തേതും. എഴുത്തുകാരന്റെ പേരിലാണു പുസ്തകം അറിയപ്പെടുന്നത്. ഈ പ്രവചനത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഒഴികെ പ്രവാചകനെക്കുറിച്ചു മറ്റൊരറിവും ലഭ്യമല്ല. 

പ്രവചനത്തിന്റെ കാലം: ബി.സി. 605-ൽ കർക്കെമീശ് യുദ്ധത്തിൽ വച്ചു നെബുഖദ്നേസർ ഈജിപ്റ്റിനെ തോല്പ്പിച്ചു. അതോടുകൂടി കല്ദയ സാമ്രാജ്യം പ്രാബല്യം പ്രാപിച്ചു. ബി.സി. 605-നു മുമ്പു ഹബക്കുക് പ്രവചിച്ചിരിക്കാനിടയില്ല. പ്രവചനത്തിലെ കല്ദയ പരാമർശമാണ് കാരണം. നെബൂഖദ്നേസർ യെരുശലേം കീഴടക്കുന്നതു ബി.സി. 587-ലാണ്. തന്മൂലം ബി.സി. 605-നും 587-നും ഇടയ്ക്കാണു പ്രവചനത്തിന്റെ രചനാകാലം. ഈ കാലനിർണ്ണയത്തെ യാഥാസ്ഥിതികരും ഉൽപതിഷ്ണുക്കളും അംഗീകരിക്കുന്നുണ്ട്. എന്നാൽ രചനാ കാലത്തെയും പുസ്തകത്തിന്റെ ഐക്യത്തെയും നിഷേധിക്കുന്നവരും ഇല്ലാതില്ല. മൂന്നാം അദ്ധ്യായത്തിലെ സങ്കീർത്തനം പുസ്തകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു ശൈലിയിൽ ഭിന്നിച്ചുനില്ക്കുന്നു. ഹബക്കൂക്കിന്റെ കർതൃത്വത്തെ നിഷേധിക്കുവാൻ അതു മതിയായ കാരണമല്ല. മൂന്നാമദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഹബക്കുക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം എന്നു പറഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും അദ്ധ്യായങ്ങൾ പ്രവചനവും മൂന്നാമദ്ധ്യായം പ്രവാചകന്റെ പ്രാർത്ഥനാഗീതവുമാണ്. 

പ്രവചനത്തിലെ സന്ദേശം: യെഹൂദാജനത്തിന്റെ പാപവും സാഹസവും എന്തുകൊണ്ടു ശിക്ഷിക്കപ്പെടുന്നില്ല എന്ന പ്രശ്നം പ്രവാചകൻ ഉന്നയിക്കുന്നു. (1:2-4). യെഹൂദയെ ശിക്ഷിക്കുന്നതിനു കല്ദയരെ (ബാബിലോന്യരെ) അയയ്ക്കുമെന്നു ദൈവം മറുപടി നല്കുന്നു. (1:5-11). ദുഷ്ടന്മാരായ കല്ദയരെക്കൊണ്ടു നീതിമാനായ ദൈവം യെഹൂദയെ ശിക്ഷിക്കുന്നതു എങ്ങനെ എന്ന ന്യായമായ ചോദ്യം പ്രവാചകൻ ചോദിക്കുന്നു. വിശ്വാസത്യാഗി ആയെങ്കിലും യെഹുദ കല്ദയരെക്കാൾ മെച്ചമാണ്. (1:12-17). കല്ദയർ ശിക്ഷിക്കപ്പെടാതെ പോകയില്ലെന്നു ദൈവം ഉറപ്പു നല്കുന്നു. (2:1-20). ഈ ദേശീയ ദുരന്തത്തിൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (2:4). ഈ പ്രസ്താവന പുതിയനിയമ എഴുത്തുകാർക്കും, നവീകരണ കർത്താക്കൾക്കും ഏറെ പ്രിയങ്കരമായിരുന്നു. പുതിയനിയമത്തിൽ റോമർ 1:17, ഗലാത്യർ 3:11, എബ്രായർ 10:38 എന്നിവിടങ്ങളിൽ പ്രസ്തുതവാക്യം ഉദ്ധരിച്ചിട്ടുണ്ട്. മൂന്നാമദ്ധ്യായം ഹബക്കൂക് പ്രവാചകന്റെ പ്രാർത്ഥനാഗീതമാണ്. (3:1). ഹൃദയസ്പർശിയായ പ്രാർത്ഥനാ ഗീതമാണിത്. ദൈവത്തിന്റെ പ്രത്യക്ഷതയുടെ ഒരു മനോഹരവർണ്ണനയാണു 3:2-15-ൽ. ദൈവത്തിലുള്ള ആശ്രയവും വിശ്വാസവും രേഖപ്പെടുത്തിക്കൊണ്ടു (3:17-19) പ്രവചനം അവസാനിക്കുന്നു. 

പ്രധാന വാക്യങ്ങൾ: 1. “യഹോവേ, എത്രത്തോളം ഞാൻ അയ്യം വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?” ഹബക്കൂക്‍ 1:2.

2. “ജാതികളുടെ ഇടയിൽ ദൃഷ്ടിവെച്ചു നോക്കുവിൻ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിൻ! ഞാൻ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കയില്ല.” ഹബക്കൂക്‍ 1:5.

3. “എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.” ഹബക്കൂക്‍ 1:12.

4. “എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.” ഹബക്കൂക്‍ 2:20.

5. “യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.” ഹബക്കൂക്‍ 3:2.

6. “യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.” ഹബക്കൂക്‍ 3:19.

ബാഹ്യരേഖ: 1. ഹബക്കുകിന്റെ ഒന്നാമത്തെ പരാതി; പാപം ശിക്ഷിക്കപ്പെടുന്നില്ല: 1:1-4.

2. ദൈവത്തിൽ നിന്നുള്ള മറുപടി; കല്ദയരെക്കൊണ്ട് യെഹൂദയെ ശിക്ഷിക്കും: 1:5-11. 

3. ഹബക്കൂകിന്റെ രണ്ടാമത്തെ പരാതി; ദുഷ്ടന്മാരായ കല്ദയർ ശിക്ഷിക്കപ്പെടാതെ പോകുന്നു: 1:12-2:1.

4. ദൈവത്തിൽ നിന്നുള്ള മറുപടി; കല്ദയർ ശിക്ഷ തെറ്റി ഒഴിയുകയില്ല: 2:2-20.

5. പ്രവാചകന്റെ പ്രാർത്ഥനാഗീതം: 3:1-19. ഇത് ഒരു ഭാവഗീതമാണ്. സങ്കീർത്തനങ്ങൾക്കു വെളിയിൽ ‘സേലാ’ പ്രയോഗിച്ചിട്ടുള്ള ഒരേ ഒരു ഭാഗം ഇതത്രേ.

പൂർണ്ണവിഷയം

യെഹൂദയുടെ ദുഷ്പ്രവൃത്തികളിൽ പ്രവാചകൻ അപകടസൂചന കാണുന്നു 1:1-4
ദൈവത്തിന്റെ ഉത്തരം, ജനത്തെ ശിക്ഷിക്കുന്നതിന് ബാബിലോണിനെ കൊണ്ടുവരുന്നു 1:5-11.
പ്രവാചകന്റെ ചോദ്യം എന്തുകൊണ്ട് ബാബിലോണിനെ നിയോഗിക്കുന്നു 1:12-17
ദൈവത്തിന്റെ ഉദ്ദേശ്യം നിവൃത്തിയാകുന്നത് 2:1-4
അഹങ്കാരികളും ക്രൂരന്മാരും ആയവരുടെ മേലുള്ള ശിക്ഷ 2:5-20
ഒരു സ്തോത്ര സങ്കീര്‍ത്തനം 3:1-19
ദൈവത്തിന്റെ അനുകമ്പ, മഹത്വം 3:1-6
രാജ്യങ്ങളുടെ മേലുള്ള ദൈവ കോപം 3:16-19
ഏതു സാഹചര്യത്തിലും ദൈവത്തിലുള്ള പ്രവാചകന്റെ വിശ്വാസവും സന്തോഷവും 3:16-19

നഹൂം

നഹൂമിന്റെ പുസ്തകം (Book of Nahum)

പഴയനിയമത്തിലെ മുപ്പത്തിനാലാമത്തെ പുസ്തകം; ചെറു പ്രവാചകന്മാരിൽ ഏഴാമത്തേതും. അശ്ശൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നീനെവേ. നീനെവേയുടെ നാശമാണ് പ്രവചനത്തിലെ പ്രതിപാദ്യം. സെഫന്യാവു, ഹബക്കുക്ക്, യിരെമ്യാവു എന്നീ പ്രവാചകന്മാരുടെ സമകാലികനായിരുന്നു നഹും. ലോകശക്തിയായിരുന്ന അശ്ശൂരിനു ലഭിച്ച ശിക്ഷയായിട്ടാണ് നീനെവേയുടെ നാശത്തെ പ്രവാചകൻ കാണുന്നത്. ബി.സി. 612-ൽ മേദ്യനായ സ്യാക്സാരെസ് ബാബേലിലെ നെബോപൊലാസറുമായി കൂട്ടുചേർന്നു നീനെവേയെ നശിപ്പിച്ചു. 

ഗ്രന്ഥകർത്താവും കാലവും: എല്ക്കോശ്യനായ നഹൂം ആണ് ഗ്രന്ഥകർത്താവ്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ചിലർ പ്രവചനത്തിലെ 1:2-2:2 നഹൂമിന്റെ രചനയല്ലെന്നു വാദിച്ചു. 1:2-10 ഒരക്ഷരമാലാ കീർത്തനമാണ്. ഇത് ഒരു പ്രവാസാനന്തര കവിതയാണെന്നും നഹൂമിന്റെ പ്രവചനത്തോടു ആരോ കുട്ടിച്ചേർത്തതാണെന്നും ചിലർ കരുതി. ഈ കുട്ടിച്ചേർക്കൽ ബി.സി. 300-നടുത്തു നടന്നു എന്നാണ് ഫൈഫറുടെ വാദം. പുസ്തകത്തിന്റെ പ്രാവചനിക സ്വഭാവത്തെ നിഷേധിച്ച അദ്ദേഹം നീനെവേയുടെ പതനത്തെക്കുറിച്ചു നഹൂം എഴുതിയ കവിത പ്രവചനമായി തെറ്റിദ്ധരിക്കപ്പെട്ടു എന്നു വാദിച്ചു . എന്നാൽ ഈ വാദം മതിയായ തെളിവുകളുടെ അഭാവത്തിൽ തിരസ്കരിക്കപ്പെട്ടു. നഹൂമിന്റെ കാലത്തെക്കുറിച്ചു മനസ്സിലാക്കാനുള്ള സൂചന പ്രവചനത്തിലുണ്ട്. മിസ്രയീമിലെ നോ-അമ്മോൻ പട്ടണം (തീബ്സ്) നശിച്ചതായി നഹൂം രേഖപ്പെടുത്തിയിട്ടുണ്ട്. (3:8-10). അശ്ശൂർ രാജാവായിരുന്ന അശ്ശൂർ ബനിപ്പാളാണ് ബി.സി. 661-ൽ ഈ പട്ടണം നശിപ്പിച്ചതു. തന്മൂലം പ്രവാചകന്റെ കാലം അതിനു ശേഷമാണ്. നീനെവേയുടെ നാശം ബി.സി. 612-ൽ ആയിരുന്നു. ഈ സംഭവം ഭാവികമായിട്ടാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. ഇതിൽ നിന്നും ബി.സി. ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യമാണു പ്രവചനത്തിന്റെ രചനാകാലം എന്നു കരുതാം. 

പ്രതിപാദ്യം: പ്രവചനത്തിലെ പ്രധാന വിഷയം നീനെവേയുടെ നാശമാണ്. യോനാ പ്രവാചകന്റെ പ്രസംഗം കേട്ടു അനുതപിച്ചവരാണ് അവിടെയുള്ളത്. പാപത്തിലേക്കു വീണ്ടും തിരിഞ്ഞ ജനത്തിനു ശിക്ഷമാത്രമേ ശേഷിക്കുന്നുള്ളു. അശ്ശൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായ നീനെവേ കോട്ടകളാലും ഗോപുരങ്ങളാലും സംരക്ഷിക്കപ്പെട്ടിരുന്നു. വ്യാജവും അപഹാരവും നിറഞ്ഞ നീനെവേ രക്തപാതകങ്ങളുടെ പട്ടണമാണ്. ഈ നീനെവേയുടെ നാശത്തെക്കുറിച്ചുള്ള നഹൂമിന്റെ പ്രവചനം എസ്സർ-ഹദോന്റെ കാലത്ത് നിറവേറി. (3:1-4). ബാബിലോന്യരുടെയും മറ്റും സഹായത്തോടുകൂടി മേദ്യർ പട്ടണത്തെ നിരോധിക്കുകയും ചുറ്റുമുള്ള കോട്ടകൾ നശിപ്പിക്കുകയും ചെയ്തു. (3:12). ടൈഗ്രീസ് നദി കരകവിഞ്ഞൊഴുകുകയും കോട്ടയുടെ ദ്വാരങ്ങൾ വഴി വെള്ളം പട്ടണത്തിൽ നിറയുകയും ചെയ്തു. നഗരത്തിന്റെ നാശം മനസ്സിലാക്കിയ രാജാവ് തീയിൽ ചാടി മരിച്ചു. (3:15-19). പട്ടണത്തെ ശത്രുക്കൾ കൊള്ളയടിച്ചു. തിരിച്ചറിയുന്നതിന് ഒന്നും ശേഷിപ്പിക്കാതെ മഹാനഗരം അപ്രത്യക്ഷമായി. പ്രവചനം ആരംഭിക്കുന്നത് ദൈവത്തിന്റെ മഹത്വ പ്രകീർത്തനത്തോടു കൂടിയാണ്. ദുഷ്ടന്മാരുടെ മേൽ ദൈവം ന്യായവിധി നടത്തുകയും തന്നിൽ ആശ്രയിക്കുന്നവരോടു കരുണ കാണിക്കുകയും ചെയ്യുന്നു. (1:1-2:2). ഈ ഗീതത്തിന് അക്ഷരമാലാ സങ്കീർത്തനത്തിന്റെ രൂപം ഉണ്ട്. ആലെഫ് മുതൽ ലാമെദ് വരെ അക്ഷരമാലാക്രമം കാണാം. അതിന് രണ്ടാം വാക്യത്തിന്റെ രണ്ടാംഭാഗം ഒമ്പതാം വാക്യത്തിനു ശേഷം ചേർക്കുകയും ഒമ്പതാം വാക്യത്തിലെ കാര്യങ്ങൾ പുനഃക്രമീകരിക്കുകയും വേണം. മുഴുവൻ അദ്ധ്യായത്തെയും അക്ഷരമാലാ ക്രമത്തിൽ വിന്യസിക്കുവാനും പലരും ശ്രമിച്ചു എങ്കിലും സാധിച്ചില്ല. നീനെവേയുടെ നിരോധവും നാശവും രണ്ടാമദ്ധ്യായത്തിൽ പ്രവചിക്കുന്നു. നീനെവേയ്ക്കെതിരെ കയറിവരുന്ന സംഹാരകൻ മേദ്യരാണ്. (2:1). അവർ നദിയുടെ ജലപ്രവാഹം നിയന്ത്രിക്കുന്ന ചീപ്പുകൾ തുറന്നുവിട്ടു നഗരത്തിൽ ജലപ്രളയം സൃഷ്ടിച്ചാണു പട്ടണത്തെ കീഴടക്കിയതു. (2:6). മൂന്നാമദ്ധ്യായത്തിൽ നീനെവേയുടെ നാശത്തിന്റെ കാരണം വ്യക്തമാക്കുന്നു. നീനെവേയുടെ അതിക്രമത്തെ നോ-അമ്മോന്റെ (ഈജിപ്റ്റിലെ തീബ്സ് നഗരം) അതിക്രമത്തോടു താരതമ്യപ്പെടുത്തുന്നു. (3:8-10). മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ ഭാഗധേയത്തെയും നിയന്ത്രിക്കുന്നത് യഹോവയായ ദൈവമാണെന്ന് പ്രവാചകൻ പ്രൗഢവും ഉജ്ജ്വലവുമായ ഭാഷയിൽ ഈ ചെറിയ പ്രവചനത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.” നഹൂം 1:7.

2. “ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.” നഹൂം 1:15.

3. “ഞാൻ നിന്റെ നേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന്നു ഇരയായ്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” നഹൂം 2:13.

4. “നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?” നഹൂം 3:19.

ബാഹ്യരേഖ: 1. ന്യായാധിപതിയായ ദൈവത്തിന്റെ സ്വഭാവം: 1:1-8.

2. നിനവേയ്ക്കുള്ള ശിക്ഷാവിധിയുടെ ഉറപ്പ്: 1:9-15.

3. നിനവേയുടെ ഉപരോധം സംബന്ധിച്ചുള്ള വിവരണം: 2:1-12.

4. പട്ടണം നശിപ്പിക്കുവാനുള്ള ദൈവത്തിന്റെ തിരുമാനം: 2:13-3:19.

മീഖാ

മീഖായുടെ പുസ്തകം (Book of Micah)

പഴയനിയമത്തിലെ മുപ്പത്തിമൂന്നാമത്തെ പുസ്തകവും, ചെറിയ പ്രവാചകന്മാരിൽ ആറാമതുമാണ് മീഖാ പ്രവചനം. ഗ്രാമീണ ചുറ്റുപാടുകളിൽ നിന്നും വന്ന പ്രവാചകന് യെഹൂദയിലെയും യിസ്രായേലിലെയും നഗരജീവിതത്തിന്റെ ദോഷങ്ങൾ നല്ലവണ്ണം അറിയാം. ശമര്യയുടെയും (1:5-7) പ്രത്യേകിച്ചു യെഹൂദയുടെയും (1:9-16) പാപം നിമിത്തം അവർക്കു സംഭവിക്കുവാൻ പോകുന്ന ന്യായവിധിയുടെ കാഠിന്യം അറിയിക്കുകയാണു പ്രവാചകൻ. ഒപ്പം തന്റെ ജനത്തിനുള്ള ആത്യന്തികമായ അനുഗ്രഹവും, മശീഹയുടെ വരവും വാഴ്ചയും പ്രവചിച്ചു. യഥാർത്ഥ ദൈവഭക്തിയുടെ മൂന്നു കാര്യങ്ങൾ പ്രവാചകൻ ചൂണ്ടിക്കാണിച്ചു. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:8).

ഗ്രന്ഥകർത്താവും കാലവും: ഗ്രന്ഥകർത്താവായ മീഖായുടെ പേരിലാണു പുസ്തകം അറിയപ്പെടുന്നത്. മീഖായാവ് എന്ന പേരിന്റെ സങ്കുചിത രൂപമാണു മീഖാ. യിരെമ്യാപവചനത്തിൽ മീഖായെ മീഖായാവു എന്നു പറഞ്ഞിട്ടുണ്ട്. പ്രവചന ശുശ്രൂഷയ്ക്കു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞു. (3:8). യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തായിരുന്നു മീഖാ പ്രവചിച്ചത്. യിരെമ്യാപ്രവാചകൻ മീഖാ 3:12 ഉദ്ധരിച്ചുകൊണ്ടു അതു മീഖായാവു പ്രവചിച്ചതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (യിരെ, 26:18). യിരെമ്യാവിനു തൊട്ടുമുമ്പാണ് മീഖാപ്രവചനത്തിന്റെ കാലം. ശമര്യയുടെ നാശത്തിനു മുമ്പും പിമ്പും മീഖാ പ്രവചിച്ചു.

പ്രവചനത്തിന്റെ ഐക്യം: ചില നിരൂപകന്മാർ മീഖാപ്രവചനത്തിന്റെ ഐക്യം നിഷേധിച്ചിട്ടുണ്ട്. അവരിൽ പ്രമുഖനാണ് റോബർട്ട് ഫൈഫർ. ആദ്യത്തെ മുന്നദ്ധ്യായങ്ങൾ മീഖയുടേതാണെന്നും 4:1-5:15 പ്രക്ഷിപ്തമാണെന്നും 61-7:6 പില്ക്കാലത്തുള്ള അജ്ഞാതനാമാവായ പ്രവാചകന്റേതാണെന്നും 7:7-20 ഒരു പ്രസാധകന്റെ അനുബന്ധമാണെന്നും അദ്ദേഹം വാദിച്ചു. ‘കേൾപ്പിൻ’ എന്ന പ്രയോഗം പ്രവചനത്തിന്റെ ഐക്യത്തിനു നിദർശനമാണ്. പ്രവചനം മുഴുവൻ ഒരെഴുത്തുകാരന്റേതാണെന്ന് ഈ പ്രയോഗം വ്യക്തമാക്കുന്നു. (1:2, 3:1, 6:1). മീഖായുടെ കാലത്തുള്ള എഴുത്തുകൾക്കു സാധർമ്മ്യം വഹിക്കുന്ന ഭാഗങ്ങൾ 4-7 വരെയുള്ള അദ്ധ്യായങ്ങളിലുണ്ട്. പുസ്തകത്തിലെ പ്രമേയം ശ്ലഥം എന്നു വാദിക്കുന്നവരുണ്ട്. നീണ്ട കാലയളവിലും വ്യത്യസ്ത ചുറ്റുപാടുകളിലും ഉള്ള ഭാഷണങ്ങളാകയാൽ സംവിധാനശൈഥില്യം സ്വാഭാവികമെന്നേ പറയേണ്ടു. ലളിതവും ശക്തവുമായ ഭാഷയിലാണ് പ്രവചനത്തിന്റെ രചന. അലങ്കാര പ്രയോഗപാടവം മീഖാ പ്രവചനത്തിൽ കാണാം. (1:4,6, 3:2,3,6, 4:6-8, 6:10,11). പദലീല ഒന്നാമദ്ധ്യായത്തിൽ വേണ്ടുവോളമുണ്ട്. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? എന്നിങ്ങനെ പ്രശ്നഛലവും പ്രയോഗിക്കുന്നുണ്ട്. (1:5, 2:7, 4:9).

ഉദ്ദേശ്യം: യിസായേലിലെയും യെഹൂദയിലെയും നഗരജീവിതത്തിലെ ക്രമക്കേടുകൾക്കെതിരെ പ്രവാചകൻ ശബ്ദം ഉയർത്തി. സമ്പന്നരായ ഭൂവുടമകൾ ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ന്യായപ്രമാണം നടപ്പിലാക്കേണ്ടവർ അതു ചെയ്യുന്നില്ല. (3:10). എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്മാരായ ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ തന്നെ മീഖയും ദൈവികപ്രകൃതിയുടെ സാന്മാർഗ്ഗികതയും നീതിയും ഊന്നിപ്പറഞ്ഞു. മറ്റുള്ളവരുടെ സമ്പത്തു വ്യാജമാർഗ്ഗങ്ങളിലൂടെ കരസ്ഥമാക്കിയവർക്കു ദൈവിക ശിക്ഷയുടെ താക്കീതു നല്കി. കുറ്റം ചെയ്ത സ്വജനത്തെ ശിക്ഷിക്കുവാൻ ദൈവം ജാതീയരാഷ്ട്രങ്ങളെ ഉപയോഗിക്കുമെന്നു ആമോസ്, ഹോശേയ, യെശയ്യാവ് എന്നിവരെപ്പോലെ മീഖയും വ്യക്തമാക്കി. ശമര്യയുടെയും യിസ്രായേലിന്റെയും നാശത്തെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (1:6-9, 3:12).

സഹസാബ വാഴ്ചയെ സംബന്ധിക്കുന്ന പ്രവചനം മീഖയിലുണ്ട്. (4:1-8). ഈ ഭാഗം യെശയ്യാവ് 2:1-4-നു സദൃശമാണ്. മീഖാ യെശയ്യാവിനെ ഉദ്ധരിക്കുകയാണോ, മറിച്ചാണോ അതോ രണ്ടുപേരും മറ്റൊരു അരുളപ്പാടു ഉദ്ധരിക്കുകയാണോ എന്നു സംശയിക്കുന്നവരുണ്ട്. എന്നാൽ യെശയ്യാവ് 2:1-ലെ യെശയ്യാവ് ദർശിച്ച വചനം എന്നത് ഈ പ്രവചനങ്ങൾ സ്വത്രന്തമാണെന്നതു വ്യക്തമാക്കുന്നു. മശീഹയുടെ ആഗമനത്തെക്കുറിച്ചുള്ള പ്രവചനം മീഖാ നല്കി. ബേത്ലേഹെം എഫ്രാത്തയിൽ ക്രിസ്തു ജനിക്കുമെന്നു പ്രവചിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവവും പുനരാഗമനവും അനന്തരസംഭവങ്ങളും മുന്നറിയിച്ചു. (5:1,5-15). യാക്കോബിലെ ശേഷിപ്പു രക്ഷാകരമായ കൃപ അനുഭവിക്കുന്നതിനു മുമ്പു വിഗ്രഹാരാധനയും സർവ്വ സാമൂഹിക ദോഷങ്ങളും ദേശത്തുനിന്നും ഉന്മൂലനം ചെയ്യപ്പെടും. (5:12-15). സാർവ്വജനീനമായ ആരാധന നടപ്പിൽ വരും. ആ സമാധാനപൂർണ്ണമായ സുവർണ്ണയുഗത്തിൽ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും. (4:1:4). 

ആറും ഏഴും അദ്ധ്യായങ്ങളിൽ ഒരു നിയമവ്യവഹാരത്തിന്റെ സാദൃശ്യം കാണാം. യഹോവ വാദിയും, യിസ്രായേൽ പ്രതിയുമാണ്. മിസ്രയീമിൽ നിന്നുള്ള വീണ്ടെടുപ്പും ആരാധനയുടെ അർത്ഥവും മറന്ന യിസായേൽ തങ്ങളുടെ പാപവഴികൾ മാത്രം ഓർക്കുകയാണ്. തന്മൂലം യിസായേലിനോടു ദൈവം കോപിച്ചിരിക്കുന്നു. എന്നാൽ അവർ യഹോവയിങ്കലേക്കു നോക്കുകയും പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവിന്റെ വരവിനായി വാഞ്ഛിക്കുകയും ചെയ്യും. യിമ്ലയുടെ മകൻ മീഖായാവിന്റെ അന്തിമവചനത്തോടെ ആരംഭിച്ച പ്രവചനം (സകല ജാതികളുമായുള്ളാരേ, കേട്ടു കൊൾവിൻ: (1രാജാ, 22:28, മീഖാ, 1:2) സ്വന്തം നാമത്തിന്റെ സാർത്ഥകത ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിന്നോടു സമനായ ദൈവം ആരുള്ളൂ. (7:18).

പ്രധാന വാക്യങ്ങൾ: 1. “സകലജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവു, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നേ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.” മീഖാ 1:2.

2. “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” മീഖാ 5:2.

3. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” മീഖാ 6:8.

4. “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.” മീഖാ 7:18.

ഉള്ളടക്കം: I. ന്യായവിധി: 1:1-2:13. 

1. ശമര്യയുടെ മേൽ: 1:1-8. 

2. യെഹൂദയുടെ മേൽ: 1:9-16.

3. പീഡകരുടെ മേൽ: 2:1-11.

4. ശേഷിപ്പിന്മേൽ കരുണാവർഷം: 2:12-13.

II. മശീഹയുടെ രാജ്യത്തെക്കുറിച്ചുള്ള പ്രവചനം: 3:1-5:15.

1. പ്രാരംഭ ന്യായവിധികൾ: 3:1-12. 

2. രാജ്യത്തിന്റെ സ്വഭാവം: 4:1-13. 

3. രാജാവിന്റെ ഒന്നാംവരവും തിരസ്കരണവും: 5:1-3.

4. രാജാവിന്റെ (മശീഹ) പുനരാഗമനം: 5:4-15.

III. ദൈവിക വ്യവഹാരവും അന്തിമ കരുണയും: 6:1-7:20 

1. ജനത്തിന്റെ ദുഷ്ടത: 6:1-7:6.

2. പ്രവാചകന്റെ മാദ്ധ്യസ്ഥ്യം: 7:7-20.

പൂർണ്ണവിഷയം

ദുഷ്പ്രവൃത്തിക്കാരുടെമേൽ ദൈവം ന്യായവിധി നടത്തും 1:2-5
ദൈവം ശമര്യയുടെ മേലും വിഗ്രഹങ്ങളുടെ മേലും നാശം വരുത്തും 1:5-7
അശ്ശൂര്‍ സൈന്യത്തിന്റെ ഭാവി ആക്രമണത്തെക്കുറിച്ചുള്ള ഒരു വിലാപം 1:5-7
യിസ്രായേലിൽ ശേഷിച്ചവരുടെ നല്ലഭാവി 2:12-13
ദുഷ്ടന്മാരായ നേതാക്കൾക്കും, കള്ളപ്രവാചകന്മാര്‍ക്കും നൽകുന്ന മുന്നറിയിപ്പ് 3:1-7
മീഖായും വ്യാജപ്രവാചകന്മാരും തമ്മിലുള്ള വ്യത്യാസം 3:7-8
രാജാക്കന്മാരുടെയും, പുരോഹിതന്മാരുടെയും, പ്രവാചന്മാരുടെയും ദുഷ്ടത നിമിത്തം വരുന്ന യെരൂശലേമിന്റെ സര്‍വ്വനാശം 3:9-12
സര്‍വ്വലോകവും ഭരിക്കുന്ന ദൈവരാജ്യം 4:1-8
കഷ്ടതയും പ്രവാസകാലവും അവസാനിക്കും, സമൃദ്ധി തിരികെ വരും 4:9-13
ഭാവി ഭരണാധികാരി ബെത്‌ലഹേമിൽ ജനിക്കും 5:1-5
വിഗ്രഹാരാധനയിൽ നിന്നും വിമോചിക്കപ്പെടുന്ന യിസ്രായേൽ ശത്രുക്കളെ കീഴടക്കും 5:7-15
തന്റെ ജനത്തിന്റെ മേൽ ദൈവം കുറ്റം ചുമത്തുന്നു 6:1-5
ന്യായത്തോടും കരുണയോടും പ്രവര്‍ത്തിക്കുന്നു 6:6-8
ദൈവത്തിന്റെ കുറ്റംചുമത്തൽ തുടരുന്നു 6:9-16
ജനങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് പ്രവാചകന്റെ വിലാപം 7:7-9
യെരൂശലേമിന്റെ ഭാവി നന്മ 7:10-13
ദൈവം തന്റെ ജനത്തിന്റെ പാപം ക്ഷമിച്ച്, എന്നെന്നേക്കുമായി അവയെ മറന്ന്, ജനത്തോട് സ്നേഹപൂര്‍വ്വം ഇടപെടുന്നു 7:14-20.

യോനാ

യോനായുടെ പുസ്തകം (Book of Jonah)

പഴയനിയമത്തിലെ മുപ്പത്തിരണ്ടാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ അഞ്ചാമത്തേതും. എഴുത്തുകാരന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. ദൈവത്തിനു വിജാതീയരോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന പുസ്തകമാണിത്. മറ്റു പ്രവചന പുസ്തകങ്ങളിൽ നിന്നും ഇതിനു പ്രകടമായ വ്യത്യാസമുണ്ട്. പ്രവാചകന്റെ ചരിത്രമാണ് ഇതിലധികവും; പ്രവചനം അല്പവും. ചില വിമർശകന്മാർ ഈ പുസ്തകത്തെ വെറും സാങ്കല്പികമായി കരുതുന്നു. എന്നാൽ ക്രിസ്തു ഇതിന്റെ ചരിത്രസാധുതയെ അംഗീകരിച്ചു. യോനായുടെ ചരിത്രം ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങൾക്കു നിഴലാണ്. (മത്താ, 12:40-41). യോനായുടെ ചരിത്രത്തിനു സമസ്ഥാനീയമായി ക്രിസ്തു ശലോമോൻ രാജാവിന്റെയും ശൈബാ രാജ്ഞിയുടെയും കാര്യം പ്രസ്താവിക്കുകയുണ്ടായി. ശലോമോന്റെയും ശൈബാ രാജ്ഞിയുടെയും ചരിത്രം വാസ്തവമായിരിക്കുന്നതു പോലെ യോനയുടെ ചരിത്രവും വാസ്തവമാണ്. 

ഗ്രന്ഥകർത്താവും കാലവും: എഴുത്തുകാരനെക്കുറിച്ചു ഈ പുസ്തകം യാതൊരു സുചനയും നല്കുന്നില്ല. യോനാ തന്നെ എഴുതിയതായിരിക്കണം ഇത്; എന്നാൽ പുസ്തകം ഒരിടത്തും ഉത്തമപുരുഷ സർവ്വനാമം ഉപയോഗിക്കുന്നില്ല എന്നതു പ്രസ്താവ്യമാണ്. നീനെവേ ഉന്മൂലമാകും (3:4) എന്ന സൂചന 8-ാം നൂറ്റാണ്ടിനു ശേഷമായിരിക്കും ഇതിന്റെ രചന എന്നു കാണിക്കുന്നു. നീനെവേ ബി.സി. 612-ൽ നശിപ്പിക്കപ്പെട്ടു. യോനാ അല്ല ഇതെഴുതിയതെങ്കിൽ പിന്നെ ആരാണ് ഇതിന്റെ എഴുത്തുകാരൻ എന്നു പറയുവാൻ ആർക്കും കഴിയുകയില്ല. ഈ പുസ്തകത്തിൽ കാണപ്പെടുന്ന സാർവ്വ ലൗകിക ചിന്താഗതി എസ്രായുടെ കാലശേഷം യെഹൂദന്മാർക്കുണ്ടായ അതിരുകടന്ന ദേശീയബോധത്തിനു എതിരെയുള്ള പ്രതിഷേധമായി പല പണ്ഡിതന്മാരും കരുതുന്നു. എന്നാൽ സാർവ്വലൗകിക ചിന്താഗതി എട്ടാം നൂറ്റാണ്ടിൽ തന്നെ പ്രവാചകന്മാരുടെ എഴുത്തുകളിൽ ദൃശ്യമാണ്. (ഉദാ; യെശ, 2:2). 

ഗ്രന്ഥത്തിന്റെ ഏകത്വം: പുസ്തകത്തിന്റെ ഏകത്വം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം അദ്ധ്യായത്തിലെ സങ്കീർത്തനം പ്രക്ഷിപ്തമാണെന്ന ഒരു വാദമുണ്ട്. 2:1-നു ശേഷം 2:10-നു സ്വാഭാവികമായ തുടർച്ചയുണ്ടെന്നും ഇടയ്ക്കുള്ള സങ്കീർത്തനം (2:2-9) തന്മൂലം പ്രക്ഷിപ്തമാണെന്നുമാണു അഭിപ്രായപ്പെടുന്നത്. ഇന്നു ഈ വാദത്തിനു അത പ്രസക്തിയില്ല. ആ സ്ഥാനത്ത് സങ്കീർത്തനം അപ്രസക്തമാണെന്നു പറയുവാൻ കാരണവും കാണുന്നില്ല. ഈ സങ്കീർത്തനം ഗ്രന്ഥകർത്താവു സ്വയം രചിച്ചതല്ലെങ്കിൽ തന്നെയും സന്ദർഭത്തിനു അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുത്തു കൂട്ടിച്ചേർത്തു എന്നു കരുതുന്നതിലും അപാകതയൊന്നുമില്ല.

ഉദ്ദേശ്യം: യോനായുടെ പ്രവചനത്തിന്റെ ഉദ്ദേശ്യം ധർമ്മോദ്ബോധനമാണെന്നു പൊതുവെ കരുതപ്പെടുന്നു. വെല്ലുവിളിക്കുന്ന ഒരു ചോദ്യത്തോടെയാണു പുസ്തകം അവസാനിക്കുന്നത്. (യോനാ, 4:11, ലൂക്കൊ, 10:36 ഒ.നോ). യെഹൂദമതത്തിന്റെ സങ്കുചിതത്വത്തിനെതിരെയുള്ള എതിർപ്പു, മിഷണറി പ്രവർത്തനങ്ങൾക്കുള്ള വെല്ലുവിളി, അന്യരാജ്യങ്ങൾക്കെതിരെയുള്ള പൂർവ്വകാലപ്രവാചക വെളിപ്പാടുകളുടെ സാഫല്യമില്ലായ്മയ്ക്കുള്ള വിശദീകരണം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. പുസ്തകം രചിച്ച ചുറ്റുപാടുകൾ അറിയാതെ ഒരു തീരുമാനത്തിലെത്തുക സാദ്ധ്യമല്ല. ദൈവത്തിന്റെ സ്നേഹത്തെയും, സാർവ്വതികാധികാരത്തെയും, കരുണയെയും യോനാപ്രവചനം ഊന്നിപ്പറയുന്നു എന്ന വസ്തുത നിഷേധിക്കാവുന്നതല്ല. 

വ്യാഖ്യാനഭേദങ്ങൾ: പുസ്തകത്തിന്റെ സ്വഭാവത്തെക്കുറിച്ചു വളരെയേറെ അഭിപ്രായഭേദങ്ങളുണ്ട്. പുരാണകഥ, ദൃഷ്ടാന്തകഥ, ഉപമ, ചരിത്രം എന്നിങ്ങനെ പല രീതികളിലാണ് പണ്ഡിതന്മാർ യോനാപ്രവചനത്തെ മനസ്സിലാക്കുന്നത്. യോനായുടെ കഥ ഉപമയായി മനസ്സിലാക്കുന്നവർ ദാവീദിനോടു നാഥാൻ പ്രവാചകൻ പറഞ്ഞ ദൃഷ്ടാന്തത്തോടും (2ശമു, 12:1) കർത്താവു പറഞ്ഞ നല്ല ശമര്യന്റെ ഉപമയോടും (ലൂക്കൊ, 10:30) അതിനെ സാമ്യപ്പെടുത്തുന്നു. എന്നാൽ ഈ കഥയുടെ ദൈർഘ്യം ഉമ്മയുടെ സ്വരൂപത്തിനു ചേരുന്നതല്ല. പുസ്തകത്തിന്റെ ആശയവുമായി ഒത്തിണങ്ങുന്നതാണ് ചരിത്രപരമായ വ്യാഖ്യാനം. ഉപമയിലെ കഥാപാത്രങ്ങൾ അജ്ഞാത നാമാക്കളാണ്. അമിത്ഥായിയുടെ മകനായ യോനാ ഒരു ചരിത്ര പുരുഷനാണ്. യെഹൂദ പാരമ്പര്യവും നമ്മുടെ കർത്താവും യോനായുടെ കഥയെ ചരിത്രമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന അത്ഭുതം, നീനെവേയ്ക്കാരോപിച്ചിരിക്കുന്ന അമിത വലുപ്പം, നീനെവേയിലെ രാജാവും പ്രജകളും ഒരു എബ്രായപ്രവാചകനെ ശ്രദ്ധിക്കുക, മാത്രമല്ല മാനസാന്തരപ്പെട്ടു എന്ന പ്രസ്താവന, ആവണക്കിന്റെ അപ്രതീക്ഷിതമായ വളർച്ച എന്നിവ ചരിത്രപരമായ വ്യാഖ്യാനത്തിനു വിഘ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന കഥയും ആവണക്കിന്റെ വളർച്ചയും അത്ഭുതങ്ങൾ തന്നെയാണ്. എന്നാൽ യോനായെ മത്സ്യം വിഴുങ്ങിയതുപോലുള്ള സംഭവങ്ങൾ ആധുനികകാലത്തു അപൂർവ്വമായെങ്കിലും അറിയപ്പെട്ടിട്ടുണ്ട്. നീനെവേയുടെ വലിപ്പം (യോനാ, 3:3) പട്ടണത്തെക്കാൾ വിശാലമായ പ്രദേശത്തെ ഉൾക്കൊള്ളുവാൻ ഉദ്ദേശിച്ചുള്ളതാകണം. 3:6-ൽ നീനെവേ രാജാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിൽ നിന്നു അതു വ്യക്തമാണ്. മറ്റു പഴയനിയമ എഴുത്തുകാർ അശ്ശൂർ രാജാക്കന്മാരെക്കുറിച്ചാണു പറഞ്ഞിട്ടുള്ളത്. അശ്ശൂരിന്റെ ഒടുവിലത്തെ തലസ്ഥാനമാണ് നീനെവേ. തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ (745) സ്ഥാനാരോഹണത്തിനു മുമ്പു അശ്ശൂരിന്റെ മോശമായ ചുറ്റുപാടിൽ വരാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള എബ്രായ പ്രവാചകന്റെ മുന്നറിയിപ്പു ജനം കേൾക്കുക സ്വാഭാവികമാണ്. ബഹുദൈവവിശ്വാസം പുലർത്തുന്ന മതമായിരുന്നു അവരുടേത്. അതിനാൽ അജ്ഞാതവും അന്യവുമായ ദൈവത്തോടു ഇടയാതിരിക്കുവാൻ അവർ ശ്രമിച്ചിരിക്കണം. ആകെക്കൂടി ചരിത്രപരമായ വ്യാഖ്യാനം അസാധുവാണെന്നു വിധിക്കുക എളുപ്പമല്ല. 

പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.” യോനാ 1:3.

2. “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.” യോനാ 1:17.

3. “ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.” യോനാ 2:2.

4. “അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.” യോനാ 3:10.

ബാഹ്യരേഖ: 1. യോനയുടെ അനുസരണക്കേടും അനന്തരഫലവും: അ 1. 

2. മത്സ്യത്തിന്റെ വയറ്റിനകത്തു യോനയുടെ പ്രാർത്ഥന: അ 2. 

3. യോനയുടെ പ്രസംഗവും പട്ടണത്തിന്റെ മാനസാന്തരവും: അ 3.

4. യോനയുടെ ആവലാതി: അ 4.

പൂർണ്ണവിഷയം

ദൈവം യോനായ്ക്കു നൽകിയ
ആജ്ഞ, യോനായുടെ യാത്ര 1:1-3
കൊടുങ്കാറ്റ് 1:4-7
താൻ ആരെന്ന് യോനാ ഏറ്റുപറയുന്നു 1:8-12
മത്സ്യത്തിന്റെ ഉദരത്തിൽ വച്ച് യോനാ പ്രാര്‍ത്ഥിക്കുന്നത് 2:1-10
നീനെവേയിൽ യോനാ ദൈവത്തിന്റെ സന്ദേശം പ്രസിദ്ധപ്പെടുത്തുന്നു 3:1-5
രാജാവ് അനുതപിക്കുകയും തന്റെ ജനങ്ങൾ അനുതപിക്കുന്നതിന്
ആവശ്യപ്പെടുകയും ചെയ്യുന്നു 3:6-9
ദൈവം താൻ പ്രഖ്യാപിച്ച അനര്‍ത്ഥത്തെക്കുറിച്ച് അനുതപിക്കുന്നു 3:10
ദൈവത്തിന്റെ കരുണയെക്കുറിച്ച് യോനാ കോപിക്കുന്നു 4:1-4
സസ്യവും പുഴുവും 4:5-8
ദൈവം യോനായെ ശാസിക്കുന്നു 4:9-11

ഓബദ്യാവ്

ഓബദ്യാവിന്റെ പുസ്തകം (Book of Obadiah)

പഴയനിയമത്തിലെ മപ്പത്തിയൊന്നാമത്തെ പുസ്തകവും, ഏറ്റവും ചെറിയ പുസ്തകമാണ് ഓബദ്യാവ്. എബ്രായ ബൈബിളിൽ പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ആമോസിനും യോനയ്ക്കുമിടയ്ക്ക് നാലാമതായി ചേർത്തിട്ടുണ്ട്. മലയാളത്തിലും ഇതു തന്നെയാണ് ക്രമം. എന്നാൽ സെപ്റ്റാജിന്റിൽ അഞ്ചാമതാണ് ഓബദ്യാവിന്റെ സ്ഥാനം; യോവേലിനു ശേഷവും യോനയ്ക്കു മുമ്പും. 

ചരിത്ര പശ്ചാത്തലം: ആഹാബിന്റെ കാലത്ത് ഓബദ്യാവു ജീവിച്ചിരുന്നതായി ബാബിലോണിയൻ തലമൂദ് പറയുന്നു. ആഹാബിന്റെ ഗ്യഹവിചാരകനായ ഓബദ്യാവിനെയാണ് പ്രവചന കർത്താവായി അവർ കണ്ടത്. എബ്രായ ബൈബിളിലെ പുസ്തകങ്ങളുടെ ക്രമമനുസരിച്ച് പ്രവാസപൂർവ്വ പ്രവാചകന്മാരുടെ ഗണത്തിൽ ഓബദ്യാവിനെ ഉൾപ്പെടുത്തിയിരിക്കുന്നു. ‘കീൽ’ തുടങ്ങിയ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഓബദ്യാ പ്രവചനത്തിന്റെ പശ്ചാത്തലം യെഹോരാമിന്റെ വാഴ്ചക്കാലത്തു അറേബ്യരും ഫെലിസ്ത്യരും യെഹൂദയുടെമേൽ നടത്തിയ ആക്രമണമാണ്. (2ദിന, 21:16-17, യോവേ, 3:3-6, ആമോ, 1:6). അക്കാലത്ത് ഏദോമ്യർ യെഹൂദയോട് ശത്രുത്വം പുലർത്തിയിരുന്നു. (2രാജാ, 8:20-22, 2ദിന, 21:8-20). ആമോസ് പ്രവാചകനും യിരെമ്യാ പ്രവാചകനും ഓബദ്യാവിന്റെ പ്രവചനത്തോട് അടുപ്പം കാണിക്കുന്നുണ്ട്. ആഹാസ് രാജാവിന്റെ കാലത്തുണ്ടായ ഏദോമ്യ ആക്രമണമാണ് (2ദിന, 28:17) പ്രവചനത്തിന്റെ പശ്ചാത്തലമെന്നു ഡേവിസ് തുടങ്ങിയവർ വാദിക്കുന്നു.  

അധികം പണ്ഡിതന്മാരും പ്രവചനത്തിന്റെ പശ്ചാത്തലം നെബുഖദ്നേസറിന്റെ യെരുശലേം ആക്രമണം ആണെന്നു കരുതുന്നു. ബി.സി. 587-ൽ കല്ദയർ യെരൂശലേം പിടിച്ചടക്കി. ഈ സംഭവത്തിന്റെ വ്യക്തമായ ചിത്രം ഓബദ്യാവ് 11-14-ൽ ഉണ്ട്.. ഏദോമ്യർ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുള്ള യെരുശലേം ആക്രമണം ഇതൊന്നു മാത്രമാണ്. (സങ്കീ, 137:7). യെരൂശലേമിന്റെ പതനത്തിൽ സംഭവിച്ച കഷ്ടതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം ഈ പ്രവചനത്തിലുണ്ട്. ഓബദ്യാവിന്റെ ഉത്തരഭാഗം പ്രവാസാനന്തരപശ്ചാത്തലം ചൂണ്ടിക്കാണിക്കുന്നതായി കരുതുന്നവരുണ്ട്. ഏദോമ്യർ സ്വദേശത്തു നിന്ന് ഭ്രഷ്ടരാക്കപ്പെട്ടതായി ഏഴാം വാക്യം സൂചിപ്പിക്കുന്നു. യെരൂശലേമിന്റെ പതനത്തിനു ശേഷം അറബികളുടെ സമ്മർദ്ദംമൂലം ഏദോമ്യർ നെഗീവിലേക്കു കടന്നു. ഈ പ്രദേശം തുടർന്നു ഇദമ്യ എന്നറിയപ്പെട്ടു. ഒരു ജാതി എന്ന നിലയിൽ ഭാവിയിൽ ഏദോമ്യർ തുടച്ചുനീക്കപ്പെടുന്നതിനെ 8-10 വാക്യങ്ങൾ കാണിക്കുന്നു. മക്കാബിയരുടെ കാലത്താണ് ഈ പ്രവചനം പൂർണ്ണമായും നിറവേറിയത്. 19-20 വാക്യങ്ങളിൽ പറഞ്ഞിട്ടുള്ളതനുസരിച്ചു യെഹൂദന്മാരുടെ കൈവശത്തുള്ള പ്രദേശം യെരുശലേമിനു ചുറ്റും ഉള്ളതാണ്. ഈ പ്രവചനത്തിൽ വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒടുവിലത്തെ കാലം അഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യമാണ്. ഇത് മാലാഖി പ്രവചനത്തിന്റെ കാലമാണ്. 

മറ്റു പ്രവചനങ്ങളോടുള്ള സാമ്യം: ഏദോമിന്റെ ന്യായവിധിയും നാശവുമാണ് ഓബദ്യാ പ്രവചനത്തിന്റെ പ്രമേയം. ഏദോമിന്റെ നാശം മുന്നറിയിച്ചിട്ടുള്ള മറ്റു പ്രവചന ഭാഗങ്ങൾ താഴെപ്പറയുന്നവയാണ്. (യെശ, 34:5-17, 63:1-6, യിരെ, 49:7-22, വിലാ, 4:2-22, യെഹെ, 26:12-14, യോവേ, 3:19, ആമോ, 1:11-12). ഓബദ്യാവ് 1-9-നും യിരെമ്യാവ് 49:7-22-നും തമ്മിൽ ഏറെ സാമ്യമുണ്ട്. ഓബദ്യാവിലെ ക്രമം യിരെമ്യാവിലെ ക്രമത്തെക്കാൾ മെച്ചമാണ്. ഓബദ്യാവിലെ ഭാഷ ശക്തവും സംക്ഷിപ്തിവുമാണ്. യിരെമ്യാവിൽ വിപുലീകരണം വിഷയത്തിന്റെ തീവതയെ ലഘുവാക്കുന്നു. ഈ രണ്ടു പ്രവചനങ്ങൾക്കും തമ്മിലുള്ള സാമ്യത്തിനു കാരണം ഒരു പൂർവ്വപ്രവചനത്തിൽ നിന്നു പൊതുവായ അംശങ്ങൾ ഓബദ്യാവും യിരെമ്യാവും ആദാനം ചെയ്തതാണെന്നു ‘ഈവാൾഡു’ (Ewald) ചൂണ്ടിക്കാണിക്കുന്നു. ഓബദ്യാവു വളരെക്കുറച്ചു മാറ്റങ്ങളോടുകൂടി പ്രാക്പ്രവചനത്തെ സ്വീകരിച്ചപ്പോൾ യിരെമ്യാവു സേച്ഛാനുസാരം അതിനെ മാറ്റി. എന്നാൽ യിരെമ്യാവു ഓബദ്യാവിനെയോ, ഓബദ്യാവു യിരെമ്യാവിനെയോ ഉപജീവിച്ചു എന്നു കരുതുന്നവരും കുറവല്ല. ഓബദ്യാ പ്രവചനത്തിലും യോവേൽ പ്രവചനത്തിലും കാണപ്പെടുന്ന ചില പൊതു ശൈലികളുണ്ട്. (ഓബ, 10=യോവേ, 3:19, ഓബ, 11=യോവേ, 3:3, ഓബ, 15=യോവേ, 1:15, 2:1,3:4,7,14, ഓബ, 18=യോവേ, 3:8). ‘യഹോവ അരുളിചെയ്തതു പോലെ’ എന്ന പ്രയോഗത്തിലൂടെ താൻ ഓബദ്യാവ് 17 ഉദ്ധരിക്കുകയാണെന്ന് യോവേൽ 2:32 സൂചിപ്പിക്കുകയാകണം. ഇതിൽ നിന്നും യോവേലിന്റെ മുൻഗാമിയാണ് ഓബദ്യാവെന്നും ഓബദ്യാവു യോവേലിനെ സ്വാധീനിച്ചു എന്നും മനസ്സിലാക്കാവുന്നതാണ്.

തന്റെ വാക്കുകൾ ദൈവത്തിന്റെ അരുളപ്പാടാണെന്ന്  പ്രവാചകൻ നാലുപ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. (1,4,8,18). ഈ പ്രവചനത്തിന്റെ പ്രധാനസന്ദേശം ദൈവിക ന്യായവിധിയാണ്. ജാതികളെ ദൈവം വിധിക്കുന്നു. ശിക്ഷ അനുഭവിക്കുന്ന യിസ്രായേലിനു നേരെ കാട്ടിയ ക്രൂരതയ്ക്ക് ഏദോം ശിക്ഷിക്കപ്പെടണം. ഒടുവിലായി എല്ലാ ജാതികളെയും യഹോവയുടെ നാളിൽ യഹോവ ന്യായം വിധിക്കും. (15). രാജത്വം യഹോവയ്ക്ക് ആകും. (ഓബ, 21, വെളി, 11:15). ചരിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവരാജ്യസ്ഥാപനമാണ്.

പ്രധാന വാക്യങ്ങൾ: 1. “നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.” ഓബദ്യാവു 1:4.

2. “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.” ഓബദ്യാവു 1:12.

3. “സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.” ഓബദ്യാവു 1:15.

ഉള്ളടക്കം: 1. ഏദോമിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനം: 1-9. 

2.ഏദോമിന്മേലുള്ള ശിക്ഷാവിധിക്കു കാരണം: 10-14. 

3. ഏദോമിന്മേലും മറ്റു ജാതികളുടെമേലും ഉള്ള ശിക്ഷാവിധി: 15-16. 

4. യിസ്രായേലിന്റെ യഥാസ്ഥാപനം: 17-21.

ആമോസ്

ആമോസിൻ്റെ പുസ്തകം (Book of Amos)

പഴയനിയമത്തിലെ മുപ്പതാമത്തെ പുസ്തകം. പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവനാണ് ആമോസ്. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14). 

എഴുതിയ കാലം: ആദ്യമായി പ്രവചനം രേഖപ്പെടുത്തിയത് ആമോസാണ്. ബി.സി. എട്ടാം ശതകത്തിന്റെ ദ്വിതീയ പാദമാണ് കാലം. യെഹൂദാരാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെയും കാലത്തായിരുന്നു ആമോസിന്റെ പ്രവർത്തനം. (1:1). യിസ്രായേൽ യെഹൂദാ രാജാക്കന്മാരുടെ ഭരണകാലങ്ങളെ കുറിച്ച് വേണ്ടുവോളം അഭിപ്രായഭേദങ്ങളുണ്ട്. ഉസ്സീയാരാജാവിന്റെ 52 വർഷത്തെ നീണ്ട വാഴ്ച 792 ബി.സി.യിൽ ആരംഭിച്ചു എന്നും 740 ബി.സി.യിൽ അദ്ദേഹം മരിച്ചു എന്നും കരുതപ്പെടുന്നു. ഉസ്സീയാവു കുഷ്ഠരോഗിയായപ്പോൾ (ബി.സി. 750) പുത്രനായ യോഥാം സഹഭരണാധിപനായി. യൊരോബെയാം രണ്ടാമന്റെ . ഭരണകാലം ബി.സി. 793-753 ആയിരിക്കണം. ഈ രണ്ടു രാജാക്കന്മാരും ഒരേകാലത്തു വളരെക്കാലം ഭരിച്ചിരുന്നതുകൊണ്ട് അതിൽ നിന്നും പ്രവചനകാലം ഗണിച്ചെടുക്കുന്നതു പ്രയാസമാണ്. ഒരു ഭൂകമ്പത്തിന് രണ്ടുവർഷം മുമ്പായിരുന്നു ആമോസിന്റെ പരസ്യശു ശൂഷയുടെ ആരംഭം. ഭൂകമ്പത്തിന്റെ കാലം രേഖപ്പെടുത്തിയിട്ടില്ല. ഉസ്സീയാവിന്റെ കാലത്തുണ്ടായ ഭൂകമ്പത്തെക്കുറിച്ചു സെഖര്യാ പ്രവാചകനും (14:5) പ്രസ്താവിക്കുന്നതുകൊണ്ട് അതൊരു പ്രധാന സംഭവമായിരുന്നു എന്നു മനസ്സിലാക്കാം. ബി.സി. 763-ാം വർഷം ജൂൺമാസം 15-ാം തീയതി ഒരു പൂർണ്ണസൂര്യഗ്രഹണം നടന്നതായി കാണുന്നു. ആമോസ് 4:13 സൂര്യഗ്രഹണത്തോടൊപ്പം നടന്ന ഭൂകമ്പത്തെ സൂചിപ്പിക്കുന്നതായി സി.റ്റി. ഫ്രാൻസിസ്കോ തന്റെ പഴയനിയമ പ്രവേശികയിൽ പറയുന്നു. എങ്കിൽ പ്രവചനാരംഭം ബി.സി. 765 ആണെന്നു വരും. ഉസ്സീയാവു ആലയത്തിൽ കടന്നു ധൂപം കാട്ടുവാൻ ഒരുങ്ങിയപ്പോഴാണ് ഭൂകമ്പം നടന്നതെന്ന് ജൊസീഫസ് പറയുന്നു. അപ്പോൾ തന്നെ രാജാവിനെ കുഷ്ഠം ബാധിച്ചു . നിർഭാഗ്യവശാൽ സൂര്യഗ്രഹണം ബി.സി. 763-ലും, യോഥാം ഭരണം ആരംഭിച്ചത് ബി.സി. 750-ലും ആണ്. തന്മൂലം കൃത്യമായ കാലഗണനം അല്പം ബുദ്ധിമുട്ടുള്ളതാണ്. 

പ്രവചനത്തിന്റെ ആധികാരികത: പ്രവചനത്തിന്റെ ദൈവികാധികാരത്തെ പുതിയനിയമം ഉറപ്പിക്കുന്നു. ന്യായാധിപസംഘത്തിനു മുമ്പാകെ സ്തെഫാനൊസ് ചെയ്ത പ്രസംഗത്തിൽ (പ്രവൃ, 7:42-43) ആമോസ് 5:25-27 ഉദ്ധരിച്ചു. യെരുശലേം സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ (പ്രവൃ 15:16) യാക്കോബ് ആമോസ് 9:11 ഉദ്ധരിച്ചു. ആമോസ് 1:9-12, 2:4-5,13, 5:8, 9:5,6,11-15 എന്നീ ഭാഗങ്ങളൊഴികെ ആമോസ് പ്രവചനത്തിന്റെ ഐക്യം മിക്കവാറും എല്ലാവരും അംഗീകരിക്കുന്നുണ്ട്. മേല്പ്പറഞ്ഞ ഭാഗങ്ങൾ പില്ക്കാലത്തെ കൂട്ടിച്ചേർക്കലുകളാണെന്നു ചിലർ കരുതുന്നു. യിസ്രായേൽ മതത്തിന്റെ വികാസത്തെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങളാണ് അതിന്നടിസ്ഥാനം. ഉദാഹരണമായി ഓസ്റ്റർലീയും റോബിൻസനും ആമോസ് 9:11-12 പ്രവാസകാലത്ത് എഴുതപ്പെട്ടതാണെന്നു വാദിക്കുന്നു. ദാവീദിന്റെ കൂടാരം വീണുപോയതിനെക്കുറിച്ചുള്ള പരാമർശമാണ് അതിനടിസ്ഥാനം. എന്നാൽ ദാവീദിന്റെ കൂടാരം വീണുപോയെന്നു പ്രവാചകൻ പറയുന്നതിനു കാരണം ദാവീദിന്റെ കാലത്തു അതിനുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടതാണു; അല്ലാതെ, ബാബേൽ പ്രവാസത്തെ സൂചിപ്പിക്കുകയല്ല.

ശൈലി: ”ശുദ്ധമായ എബ്രായശൈലിയുടെ മകുടോദാഹരണം” എന്നാണ് ആമോസിന്റെ പുസ്തകത്തെ റോബർട്ട്സൻ സ്മിത്ത് വിശേഷിപ്പിക്കുന്നത്. ശൈലിയുടെ ലാളിത്യം അതിന്റെ മുഖമുദ്രയാണ്. പൂർണ്ണമായ സംഗ്രഥനവും, ഉചിതമായ പദവിന്യാസവും, മൌലികമായ അലങ്കാരപ്രയോഗങ്ങളും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ലക്ഷ്യസാദ്ധ്യത്തിനായി പ്രവാചകൻ പദ്യവും ഗദ്യവും പ്രയോജനപ്പെടുത്തി. സന്ദേശം വ്യക്തമാക്കാനായി എല്ലാവിധ അലങ്കാരങ്ങളും പ്രയോഗിച്ചു. യിസായേൽ സംസ്കാരത്തിൽ നിന്നും ലഭ്യമായ വായ്മൊഴി സാഹിത്യത്തിന്റെ സമസ്ത സിദ്ധികളും പ്രയോഗിക്കുന്നതിനു ആമോസിനുള്ള സാമർത്ഥ്യം അദ്ദേഹത്തിന്റെ ഭാഷണങ്ങളിൽ കാണാം. കടങ്കഥകളിലും, ഉപമകളിലും, നാട്ടിലെ പഴഞ്ചൊല്ലുകളിലും വെളിപ്പെടുന്ന സംഭാഷണ ശൈലികളെ അദ്ദേഹം സ്വീകരിച്ചു. അധികം രൂപകങ്ങളും ഇടയൻ, കർഷകൻ എന്നീ നിലകളിൽ ഗ്രാമീണജീവിത നിരീക്ഷണത്തിൽ നിന്നും സ്വായത്തമാക്കിയവയാണ്. (1:3, 2:13, 3:12, 4:1, 9:9). തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായിരുന്നെങ്കിലും ആമോസ് അനഭ്യസ്തനായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” ആമോസ് 2:4.

2. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” ആമോസ് 3:7.

3. “അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.” ആമോസ് 9:14,15.

ഉള്ളടക്കം: ക്രമീകൃതമായ രീതിയിൽ സൂക്ഷ്മതയോടെ രചിച്ച ഒരു ഗ്രന്ഥമാണിത്. ഓരോ ചെറിയ മുഖവുരയോടും ഉപസംഹാരത്തോടും കൂടെ മൂന്ന് വിഭാഗങ്ങളാണ് ഈ പ്രവചനത്തിലുള്ളത്. ഒന്ന്; എട്ടുജാതികളുടെ മേൽ ശിക്ഷാവിധിയുടെ പ്രഖ്യാപനം. രണ്ട്; യിസ്രായേലിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള മൂന്നു പ്രഭാഷണങ്ങൾ. മൂന്ന്; തിരഞ്ഞെടുക്കപ്പെട്ട ജാതിയുടെ മേൽ വരാൻ പോകുന്ന ശിക്ഷയുടെ അനിവാര്യത വെളിപ്പെടുത്തുന്ന അഞ്ചു ദർശനങ്ങൾ.    

I. മുഖവുര: 1:1-2.

II. ന്യായവിധി ജാതികളുടെ മേൽ: 1:3-2:16 

1. സിറിയ: 1:3-5.

2. ഫെലിസ്ത്യർ: 1:6-8.

3. ഫിനീഷ്യ: 1:9-10. 

4. ഏദോം: 1:11-12. 

5. അമ്മോൻ: 1:13-15.

6. മോവാബ്: 2:1-3.

7. യെഹൂദാ: 2:4-5. 

8. യിസായേൽ: 2:6-16. 

III. യിസായേലിന്റെ അതിക്രമവും ശിക്ഷയും: 3:1-6:14. 

1. ഒന്നാം പ്രഭാഷണം: 3:1-15. 

2. രണ്ടാം പ്രഭാഷണം: 4:1-13. 

3. മൂന്നാം പ്രഭാഷണം: 5 :1-6:14. 

IV. പ്രവാചകന്റെ ദർശനങ്ങൾ: 7:1-9:10. 

1.. വെട്ടുക്കിളികളാലുള്ള നാശം: 7:1-3. 

2. അഗ്നിശിക്ഷ: 7:4-6. 

3. തുക്കുകട്ട: 7:7-9.

4. അമസ്യാവിന്റെ എതിർപ്പ്: 7:10-17.

5. ഗ്രീഷ്മകാലഫലക്കൊട്ട: 8:1-14.

6. ബേഥേലിലെ യാഗപീഠം: 9 :1-10. 

V. ഉപസംഹാരം: 9:11-15.

1. മശീഹയുടെ വരവും ഭൌമികവാഴ്ചയും: 9:11-12.

2. മശീഹയുടെ വാഴ്ചയിലെ സമൃദ്ധി: 9;13.

3. യിസ്രായേലിന്റെ യഥാസ്ഥാപനം: 9:14-15.

പൂർണ്ണവിഷയം

പ്രവാചകൻ തന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
ദേശത്തിന്റെ അവസ്ഥ 1:1-2
ദൈവം ന്യായവിധി പ്രഖ്യാപിക്കുന്നു 1:3—2:3
ദമ്മേശേക്കിന്റെ മേലുള്ള ന്യായവിധി 1:3-5
ഫെലിസ്ത്യരുടെ മേലുള്ള ന്യായവിധി1:6-8
സോരിന്റെ മേലുള്ള ന്യായവിധി1:9 10
ഏദോമിന്റെ മേലുള്ള ന്യായവിധി 1:11 12
അമോന്യര്‍ക്കുള്ള ന്യായവിധി 1:13-15
മോവാബിന്റെ മേലുള്ള ന്യായവിധി 2:1-3
യെഹൂദയുടെ മേലുള്ള ന്യായവിധി 2:4 5
വടക്കെ രാജ്യമായ യിസ്രായേലിന്റെ മേലുള്ള ന്യായവിധി2:6-12
പദവിയും ഉത്തരവാദിത്വവും 3:1-3
ദൈവം പ്രവാചകനിലൂടെ സംസാരിക്കുന്നു 3:4-8
യിസ്രായേൽ ദരിദ്രരെ പീഡിപ്പിക്കുന്നു……
യിസ്രായേൽ ജനത്തിന്റെ സുഖഭോഗ ജീവിതം 3:9-15
യിസ്രായേലിന്റെ സമ്പത്ത്, വഷളായ
ആരാധനാ രീതി, വരാനിരിക്കുന്ന ശിക്ഷാവിധി 4:1-5
മുൻ ശിക്ഷകൾ, നല്ല ഫലം കണ്ടില്ല 4:5-13
വിലാപം, അനുതപിക്കുന്നതിനുള്ള ആഹ്വാനം 5:1-6
ദൈവത്തെ അന്വേഷിക്കുക, ജീവിക്കുക 5:4-6
ദരിദ്രരെ ചൂഷണം ചെയ്ത് നേടിയ സമ്പത്ത് നശിക്കും 5:7-13 ദൈവത്തെ അന്വേഷിക്കുക, അല്ലെങ്കിൽ
വീഥികളിൽ വിലാപം കേൾക്കും 5:14-17
“യഹോവയുടെ ദിവസം” – പ്രകാശമില്ലാതെ അന്ധതമസ്സ് 5:18-20
യിസ്രായേലിന്റെ മതപരമായ
ചടങ്ങുകളെക്കുറിച്ചുള്ള വിമര്‍ശനം 5:20-27
ഇസ്രായേലിന്റെ ഗർവ്വും അഹങ്കാരവും 6:1-14
യിസ്രായേലിന്റെ മേൽ വരുന്ന അത്യാഹിതത്തെ
സംബന്ധിച്ചുള്ള ദര്‍ശനം 7:1-9
അമസ്യാവിന് വരുന്ന നാശം 7:10-17
ദര്‍ശനങ്ങൾ 8:1—9:10
കൊട്ട നിറയെ ഫലങ്ങൾ 8:1-14
ബഥേലിലെ മന്ദിരത്തിന് വന്ന നാശം 9:1-10
ഭാവിയിൽ യിസ്രായേലിന്റെ യഥാസ്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം 9:11-15