ആദാം മുതൽ ദാവീദിൻ്റെ പുത്രനായ നാഥാനിലൂടെ അമ്മയായ മറിയവഴി എഴുപത്താഞ്ചാമത്തെ തലമുറ ക്രിസ്തുവിൽ എത്തുന്നു. ദാവീദിന്റെ പുത്രനായ ശലോമോനിലൂടെ വളർത്തച്ഛനായ യോസേഫ് വഴി അറുപത്തിനാലാമത്തെ തലമുറയാണ് യേശുക്രിസ്തു. (1ദിന, 1-3 അ, മത്താ, 1:1-16, ലൂക്കോ, 3:23-38).
ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട്, സഭ വഷളായിപ്പോകുമോ എന്നുള്ള പൗലൊസിൻ്റെ ആശങ്കപോലെ, ദൈവസഭ സ്ഥാപിതമായി ഏകദേശം മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉപായിയായ സർപ്പത്താൽ ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ത്രിത്വം. തെളിവുകൾ നോക്കാം:
ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ ഇപ്രകാരം കാണാം: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” (ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147)
ആദ്യഭാഗം: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ/ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?
അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു അസന്ദിദ്ധമായി തെളിയുന്നു.
അതായത്, നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ “സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം” ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിലെ വിശ്വസപ്രമാണത്തിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ മറ്റൊരു സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുറപ്പെടുന്നതായി” പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിനെ ദൈവമായി അംഗീകരിച്ചത്. ഒരു സത്യദൈവത്തിൽ മറ്റൊരു സത്യദൈവം ജനിച്ചു എന്നും മറ്റൊരു സത്യദൈവം പുറപ്പെട്ടു എന്നും പറഞ്ഞാൽ എങ്ങനെയിരിക്കും?
ഈ ഉപദേശത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ: മേല്പറഞ്ഞ രണ്ടു സുനഹദോസിലും ഇന്നുകാണുന്ന ത്രിത്വോപദേശം പൂർണ്ണമായി ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്നാണ് ത്രിത്വവിശ്വാസം പറയുന്നത്. എന്നാൽ പരിശുദ്ധാത്മാവ് ❝പിതാവിൽനിന്ന് പുറപ്പെടുന്നു❞ എന്നു മാത്രമേ കോൺസ്റ്റാൻ്റിനോപ്പിളിൽ തീരുമാനിച്ചിരുന്നുന്നുള്ളൂ. (പരിശുദ്ധാത്മാവിനെ എങ്ങനെ ഉത്ഭവിപ്പിക്കണം എന്നത് തീരുമാനിക്കുന്നത് സുനഹദോസാണല്ലോ?) ❝പുത്രനിൽനിന്ന് എന്നുകൂടി❞ എന്ന് ചേർക്കാത്തത് വിവാദമായിരുന്നു. അതാണ്, ❝ഫിലിയോക്ക് (Filioque) വിവാദം❞ എന്നറിയപ്പെടുന്നത്. ❝പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാടു❞ എന്നും അറിയപ്പെടുന്നു. ഫിലിയോക്ക് എന്ന ലാറ്റിൻ പദത്തിന് ❝പുത്രനിൽ നിന്നും❞ (and from the Son) എന്നാണ്. പിന്നെയും ഏകദേശം 1000-ലേറെ വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയശേഷം, എ.ഡി. 1431-1445-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ചാണ് പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്ന് ഔദ്യോഗികമായി അംഗീകരിച്ചത്.
ഈ വിശ്വാസത്തിൻ്റെ വൈകല്യം കാണുക: ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മറ്റൊരു സത്യദൈവം. എത്ര മനോഹരമായ ദുരുപദേശം! ഇതൊക്കെ ബൈബിളിൽ എങ്ങനാനും ഉള്ളതാണോ? എന്നിട്ട്, അനുയായികളുടെ മസ്തിഷ്ക പ്രക്ഷാളനം (brainwash) നടത്തി തങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന പച്ചക്കള്ളം ഉപായത്താൽ വിശ്വസിപ്പിക്കുന്നു.
ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല: യഹോവയായ ഏകദൈവത്തിനോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, പഴയനിയമത്തിലെ മശീഹമാർക്കോ, ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ, പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയായ യിസ്രായേൽ ജനത്തിനോ ഇങ്ങനെയോരു ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല:
യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9)
ദൈവത്തിൻ്റെ ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – God alone – യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവമെന്നും (pater ton monon alethinon theon – Father, the only true God – യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only – മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ മാത്രം/ഒരുത്തൻ മാത്രം എന്നത്ഥമുള്ള യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.
പഴയനിയമത്തിലെ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമത്തിലെ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; സങ്കീ, 40:5; ശെശ, 37;16,20)
ഭക്തന്മാർ: യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമത്തിലെ ഭക്തന്മാർ പറയുന്നു: (നെഹെ, 9:6; ഇയ്യോ, 9:8)
അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6)
യിസ്രായേൽ ജനം: “ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.” (ഹോശ, 13:4-5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14).
വഷളായിപ്പോയ കാന്ത: നിഖ്യാസുനഹദോസിനു് മുമ്പും പിമ്പുമുള്ള സഭയുടെ ആത്മീയവും ധാർമ്മികവുമാ നിലവാരം പരിശോധിച്ചാൽ; പൗലൊസ് പറഞ്ഞ നിർമ്മല കന്യകയെയും വഷളായിപ്പോയ കന്യകയെയും വേർതിരിച്ച് കാണാൻ കഴിയും. “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ടു.” (2യോഹ, 1:9). ക്രിസ്തുവിൻ്റെ ഉപദേശത്തിൽ നിലനില്ക്കാതെ വഷളായിപ്പോയ (വ്യഭിചാരിണി) കാന്തയാണ് ട്രിനിറ്റി.
ത്രിത്വവിശ്വാസം ഉത്ഭവിച്ച വഴി: പുത്രൻ പിതാവിൻ്റെ സൃഷ്ടിയാണെന്ന് പഠിപ്പിച്ച പാഷാണ്ഡകനായ അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ (എ.ഡി. 272 – 337) നേതൃത്വത്തിൽ ബിഥുന്യയിലെ നിഖ്യായിൽ ചേർന്ന സുനഹദോസ്, അതേ ഉപദേശത്തെ വെള്ളപൂശി എടുത്തതാണ് ത്രിത്വോപദേശം. അറിയൂസ് സൃഷ്ടിച്ച പുത്രനെ നിഖ്യായിലൂടെ ശവപിതാക്കന്മാർ ജനിപ്പിച്ചെടുത്തു. ദൈവത്തിൻ്റെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടാണ് ക്രിസ്തു എന്ന് ബൈബിൾ അസന്ദിദ്ധമായി വ്യക്തമാക്കുമ്പോൾ (1തിമൊ, 3:14-16. ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10), ദൈവം ജനിപ്പിച്ച മറ്റൊരു ദൈവമാണ് ക്രിസ്തു എന്ന് പഠിപ്പിക്കുന്ന ഉപദേശം ദൈവികമോ? [കാണുക: ദൈവഭക്തിയുടെ മർമ്മം]
സത്യത്തിൽ ഇതൊക്കെ ദുരുപദേശമല്ല; ശപിക്കപ്പെട്ട ഉപദേശമാണ്: “ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുൻപറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” (ഗലാ, 1:8-9).
സാത്താൻ്റെ തന്ത്രം: ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ സത്യസഭയ്ക്ക് സമാന്തരമായി സാത്താൻ തുടങ്ങിയ വ്യാജസഭയാണ് ത്രിത്വസഭ.
ത്രിത്വോപദേശം പിൽക്കാലത്ത് ഉണ്ടാക്കിയതാണെന്നതിന് വേറെയും തെളിവുണ്ട്: ❝ബഹുദൈവ വിശ്വാസത്തിനെതിരായി പരിശുദ്ധാത്മാവ് വേദത്തിൽ എഴുതിയിട്ടുള്ള ‘ദൈവം ഒരുവൻ’ മുതലായ വേദവാക്യങ്ങളാണെന്നു കാണാം: (ആവ, 6:4; യെശ, 45:5 ,6; 1രാജാ, 8:59; മലാ, 2:10; മർക്കോ 10:18 മുതലായവ നോക്കുക). ഈ സൂക്തങ്ങൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ള പ്രസ്താവനകളെന്നല്ലാതെ, ത്രിയേകവിശ്വാസത്തെ തകർപ്പാൻ പ്രയോഗിച്ചിട്ടുള്ളവയല്ല. കാരണം, വാക്യങ്ങൾ എഴുതി വളരെനാൾ കഴിഞ്ഞ ശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ [ത്രിത്വപ്രബോധിക, അദ്ധ്യായം 3, പേജ് 44]. ❝വാക്യങ്ങൾ എഴുതി അഥവാ, ബൈബിൾ എഴുതി❞ വളരെക്കാലം കഴിഞ്ഞശേഷമാണ് ❝ത്രിയേകത്വം❞ ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്. ഏത് ക്രൈസ്വരുടെ? ക്രിസ്തുവിൻ്റെ അനുയായികളുടെയല്ല; ത്രിമൂർത്തി ക്രൈസ്തവരുടെ!
പുത്രനു പിതാവിനോടു സത്താസമത്വം ഉണ്ടന്നാണ് ഈ ഉപദേശം പറയുന്നത്: എന്നാൽ ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) താൻ മനുഷ്യനാണെന്നും പുത്രൻ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്:(യോഹ, 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). സ്രഷ്ടാവായ യഹോവ മനുഷ്യനല്ല; ദൈവമാണ്. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ പുത്രൻ ദൈവമല്ല യോഹ, 17:3{; അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയുടെ മൂത്തപുത്രനായി (ലൂക്കൊ, 2:7) പരിശുദ്ധാവിനാൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15 ). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ദൈവത്തിന് മറുവിലയായി തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണ്: (1തിമൊ, 2:5-6; എബ്രാ, 9:14. ഒ.നോ: റോമ, 5:15; 1കൊരി, 15:21). വചനത്തിൽ സ്ഫടികസ്ഫുടമായി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നവർ ആരെയാണ് സേവിക്കുന്നത്?
പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: 1. “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). 2. “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29) 3. “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19) 4. “പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26) 5. “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.” (യോഹ, 5:30) 6. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (8:28) 7. “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49) 8. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50) 9. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10) 10. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36) 11. “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊ, 10:18) 12. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17).
മേല്പറഞ്ഞതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, പിതാവ് എൻ്റെ ദൈവം എന്നൊക്കെ പുത്രൻ പറയുമായിരുന്നോ? പിതാവ് ഉപദേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, ഏത് വകയിലാണ് പിതാവിനോട് പത്രന് സത്താസമത്വം ഉണ്ടാകുന്നത്? പുത്രനെ കള്ളനാക്കുന്ന ഉപദേശമാണ് ത്രിത്വം. അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. പിതാവ് എന്നെക്കാൾ വലിയവനാണെന്ന് ക്രിസ്തുതന്നെ ഖണ്ഡിതമായി പറയുമ്പോൾ, അവനെ ദൈവത്തോട് സമനായ ദൈവം ആക്കുന്നവർ ഉപായിയായ സർപ്പത്തിൻ്റെ അനുയായി അല്ലതെ ആരാണ്? പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.
യേശുവിൻ്റെ പന്ത്രണ്ട് വയസ്സു മുതൽ മുപ്പത് വയസ്സു വരെയുള്ള കാലത്തെക്കുറിച്ച് ബൈബിളിൽ വിവരങ്ങളൊന്നും ഇല്ലെന്നാണ് അനേകർ കരുതുന്നത്. അതിനാൽ, യേശുവിൻ്റെ അജ്ഞാത വർഷങ്ങൾ എന്നപേരിൽ പലരും അനേകം നുണക്കഥകൾ മെനഞ്ഞെടുത്തിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ, നിക്കോളസ് നൊട്ടൊവിച്ച് (Nicolas Notivitch) എന്ന റഷ്യൻ യാത്രികൻ രചിച്ച, യേശുക്രിസ്തുവിന്റെ അജ്ഞാത ജീവിതം (The Unknown Life of Jesus Christ) എന്ന കൃതിയിലൂടെയാണ്, യേശുവിന്റെ ഇന്ത്യാ ജീവിതത്തെക്കുറിച്ചുള്ള നുണക്കഥയ്ക്ക് ഏറെ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത്. ഇന്ത്യയിലെത്തിയ നൊട്ടൊവിച്ച് കാലൊടിഞ്ഞ് ബുദ്ധാശ്രമത്തിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ, യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ചുള്ള ബുദ്ധമത ലിഖിതങ്ങൾ വായിച്ചു കേട്ടെന്നാണ് ആ കഥ,. തുടർന്ന് താൻ നാട്ടിൽ പോയി 1890-ൽ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. അടുത്തത്, ലെവി. എച്ച്, ഡൗലിംഗ് 1908-ൽ പ്രസിദ്ധീകരിച്ച, യേശുക്രിസ്തുവിന്റെ അക്വേറിയൻ സുവിശേഷം (The Aquarian Gospel of Jesus Christ) എന്ന ഗ്രന്ഥമാണ്. അതിൽ പറയുന്നത്, യേശു തന്റെ അജ്ഞാത വർഷങ്ങളിൽ ഇന്ത്യ, ടിബറ്റ്, പേർഷ്യ, അസ്സീറിയ, ഗ്രീസ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായാണ്. ബൈബിൾ തുറന്നുപോലും നോക്കാത്തവർക്കേ ഇങ്ങനെയുള്ള നുണകൾ പ്രചരിപ്പിക്കാൻ സാധിക്കയുള്ളു. യേശുവിൻ്റെ പന്ത്രണ്ടു വയസ്സുമുതൽ മുപ്പതു വയസ്സു വരെയുള്ള കാലത്തെ വളരെയേറെ വിവരങ്ങൾ ഇല്ലെങ്കിലും, ഒരു സത്യാന്വേഷകനു ഗ്രഹിക്കാൻ വേണ്ടതിലും അധികം തെളിവുകൾ ബൈബിളിലുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം:
ഒന്നാമത്തെ തെളിവ്: യേശുവിൻ്റെ അമ്മയായ മറിയ യും വളർത്തച്ഛനായ യോസേഫും നസറെത്ത് പട്ടണ നിവാസികളായിരുന്നു. (ലൂക്കൊ, 1:26; 2:4). യേശു ബേത്ത്ലഹേമിൽ ജനിച്ചശേഷം, ന്യായപ്രമാണപ്രകാരമുള്ള യാഗങ്ങളൊക്കെ അർപ്പിച്ചനന്തരം, മിസ്രയീമ്യ വാസവും കഴിഞ്ഞ്, അവർ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് തന്നെയാണ് മടങ്ങിപ്പോയത്. (മത്താ, 2:22), ലൂക്കൊ, 2:39). പിന്നെ, യേശു പന്ത്രണ്ടാം വയസ്സിൽ അമ്മയപ്പന്മാരോടൊപ്പം ദൈവാലയത്തിൽ പോയശേഷം, നസറെത്തിലേക്ക് മടങ്ങിവന്ന് അവർക്ക് കീഴടങ്ങിയിരുന്നു എന്നാണ് വായിക്കുന്നത്. “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു.” (ലൂക്കൊ, 2:51). തുടർന്ന്, ലൂക്കൊസ് എഴുതിയിരിക്കുന്നത്: “യേശുവോ, ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു” എന്നാണ്. (ലൂക്കൊ, 2:52). ഒന്നാമത്തെ തെളിവ് ഈ വേദഭാഗത്ത് ഉണ്ട്. നസറെത്തിൽ വന്നു അപ്പനുമമ്മയ്ക്കും കീഴടങ്ങിയിരുന്ന യേശു, ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് നസറെത്തിൽ തന്നെയാണല്ലോ? അവൻ വളർന്നത്, നസറെത്തിലാണെന്ന് ചരിത്രകാരനായ ലൂക്കൊസ് കൃത്യമായി എഴുതിവെച്ചിട്ടുമുണ്ട്. യോർദ്ദാനിലെ സ്നാനം കഴിഞ്ഞശേഷം, അവൻ സ്വന്തപട്ടണത്തിൽ മടങ്ങിയെത്തിയതിനെ, “അവൻ വളർന്ന നസറെത്തിൽ വന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 4:16). അവൻ വളർന്ന നസെത്തിൽ വന്നു എന്ന് പറഞ്ഞാൽ, അവൻ നസറെത്തിൽ തന്നെയാണ് വളർന്ന് വലുതായത് എന്നാണല്ലോ? ദേശാന്തരിയായി എവിടെയെങ്കിലും സഞ്ചരിച്ചവൻ, നസറെത്തിലെ മനുഷ്യരുടെ കൃപയനുഭവിച്ച്, നസറെത്തിൽ വളർന്നു എന്ന് പറയുമോ? ഇതാണ്, യേശുവിൻ്റെ അജ്ഞാതവർഷ കുതുകികൾക്കുള്ള ആദ്യത്തെ പ്രഹരം.
രണ്ടാമത്തെ തെളിവ്: യേശുവിനെ, നസറായൻ (മത്താ, 2:22), നസറായനായ യേശു (മത്താ, 26ൻ്റ°:71), നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു (മത്താ, 21:11), യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ (യോഹ, 1:45) എന്നിങ്ങനെ വിളിച്ചിരിക്കുന്നത് കാണാം. ഈ പ്രയോഗങ്ങളെല്ലാം യേശു നസറെത്തിലെ സ്ഥിര താമസക്കാരനായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ദേശാന്തരിയായി നടന്നിട്ട് മുപ്പതാമത്തെ വയസ്സിൽ മാത്രം തിരിച്ചുവന്ന ഒരാളെ നസറെത്ത് നിവാസിയെന്ന് ആരും വിളിക്കില്ല,. മാത്രമല്ല, താൻ പരസ്യ ശുശ്രൂഷയ്ക്ക് മുമ്പായി സ്നാനം ഏല്പാൻ വന്നത് നസറെത്തിൽ നിന്നാണെന്നും പറഞ്ഞിട്ടുണ്ട്. (മർക്കൊ, 1:9). അപ്പോൾ, അവൻ നസറെത്തിൽത്തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമാണല്ലോ?
മൂന്നാമത്തെ തെളിവ്: “ഇവൻ മറിയയുടെ മകനും യാക്കോബ്; യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മർക്കൊ, 6:3). യേശുവിൻ്റെ വായിൽനിന്നുവന്ന ജ്ഞാനത്തിൻ്റെ വാക്കുകളും അവൻ ചെയ്ത വീര്യപ്രവൃത്തികളും കണ്ടപ്പോൾ, യെഹൂദന്മാർ അത്ഭുതത്തോടെ ചോദിക്കുകയാണ്, ഈ ആശാരിപ്പണിക്കാരനും ഇവൻ്റെ സഹോദരീ സഹോദരന്മാരും നമ്മോടുകൂടെ ഉള്ളതല്ലേ, പിന്നെ, ഈ കഴിവുകളൊക്കെ ഇവനു എവിടുന്ന് കിട്ടി. (മർക്കൊ, 6:2). യേശു നസറെത്തിൽ ആശാരിപ്പണി ചെയ്യുകയായിരുന്നു എന്ന് ഈ വേദഭാഗത്തുനിന്ന് വ്യക്തമായി മനസ്സിലാക്കാം. അവൻ മറുനാട്ടിൽ എവിടെയെങ്കിലും പോയിരുന്നെങ്കിൽ, ഇവൻ തച്ചനല്ലയോ എന്ന ചോദ്യവും, ഇവനു ഈ കഴിവുകൾ എവിടുനിന്ന് കിട്ടിയെന്ന ആശ്ചര്യവും അസ്ഥാനത്താണ്. അതായത്, അവൻ മറുനാട്ടിൽ എവിടെയെങ്കിലും പോയിരുന്നെങ്കിൽ, ജ്ഞാനവും കഴിവുകളും അവിടെനിന്ന് സമ്പാദിച്ചതാണെന്ന് അവർ പറയുമായിരുന്നു. മാത്രമല്ല. അവനെ തച്ചനെന്ന് അവർ വിളിക്കയുമില്ലായിരുന്നു. അതിനാൽ, യേശു നസറെത്തിൽ അവരുടെ ഇടയിൽ ആശാരിപ്പണി ചെയ്തുവന്നിരുന്നവനാണ് എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.
നാലാമത്തെ തെളിവ്: ദൈവത്തിൻ്റെ ക്രിസ്തു, കന്യകയായ മറിയയിൽ ഒരു തച്ചൻ്റെ മകനായിട്ടാണ് ജനിച്ചത്. (മത്താ, 13:55). വിശേഷാൽ, അവനും ഒരു തച്ചൻ ആയിരുന്നു. (മർക്കൊ, 6:3). മാത്രമല്ല. യേശു യോസേഫിൻ്റെയും മറിയയുടെയും ആദ്യജാതൻ ആയിരുന്നു. (ലൂക്കൊ, 2:7,23. ഒ.നോ: മത്താ, 1:25). അവൻ അവരുടെ ആദ്യജാതൻ ആയതുകൊണ്ടാണ്, മറിയയുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ അവനെ ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതനുള്ള കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24). ആദ്യജാതൻ എന്ന പ്രയോഗം അനന്തര ജാതന്മാരെ കുറിക്കുന്നു. അഥവാ, യേശുവിനെക്കൂടാതെ അവർക്ക് മറ്റു മക്കളും ഉണ്ടെന്നുള്ളതിൻ്റെ തെളിവാണ് ആദ്യജാതനെന്ന പ്രയോഗം. യേശുവിനെ കൂടാതെ, യോസേഫിനും മറിയയ്ക്കും കുറഞ്ഞത് ആറു മക്കളെങ്കിലുമുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നുമുണ്ട്: “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ, ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? (മത്താ, 13:55 56; മർക്കൊ, 6:3). യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ മാത്രമേ വളർത്തച്ഛനായ യോസേഫിനെക്കുറിച്ച് പറയുന്നുള്ളു. (ലൂക്കൊ, 2:42-50). യേശുവിൻ്റെ ചെറുപ്രായത്തിൽത്തന്നെ യോസേഫ് മരിച്ചിരുന്നോ അറിയില്ല,. എന്തായാലും യേശു ശുശ്രൂഷ ആരംഭിക്കുന്ന സമയത്തൊന്നും യോസേഫ് ജീവിച്ചിരിപ്പില്ല. ന്യായപ്രമാണപ്രകാരം ആദ്യജാതനു പല ഉത്തരവാദിത്വങ്ങളും ഉണ്ട്. ആദ്യജാതൻ കുടുംബത്തിൻ്റെ തലവനാണ്. അതിനാൽ, പിതാവിൻ്റെ അധികാരം പോലെ ഇളയ സഹോദരങ്ങളുടെ മേൽ അവന് അധികാരവും ഉത്തരവാദിത്വവുമുണ്ട്. കുടുംബത്തലവൻ എന്ന നിലയിൽ അവൻ അമ്മയെ മരണംവരെയും, സഹോദരിമാരെ വിവാഹംവരെയും സംരക്ഷിക്കണം. അപ്പൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, മൂത്തമകനെന്ന നിലയിലുള്ള തൻ്റെ ധാർമ്മികവും കാർമികവുമായ ഉത്തരവാദിത്വങ്ങളിൽ നിന്ന്, തനിക്ക് ഒരിക്കലും മാറി നില്ക്കാൻ പറ്റില്ല,. താൻ ക്രൂശിൽ മരിക്കുന്നതിനു മുമ്പായി തൻ്റെ അമ്മയെ പ്രിയശിഷ്യനായ യോഹന്നാൻ്റെ കരങ്ങളിൽ ഏല്പിച്ചത്, ഇതിനോട് ചേർത്ത് ചിന്തിക്കുക. (യോഹ, 19:26-27). മരണസമയത്തുപോലും തൻ്റെ അമ്മയോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിക്കാഞ്ഞവൻ, തൻ്റെ യൗവ്വനപ്രായത്തിൽ അമ്മയെയും സഹോദരങ്ങളെയും നോക്കാതെ, ദേശാന്തരിയായി പോകുമോ? ന്യായപ്രമാണത്തിൽ വള്ളിക്കോ, പുള്ളിക്കോ മാറ്റം വരുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതാണ് എളുപ്പമെന്ന് പഠിപ്പിച്ചവൻ, ന്യായപ്രമാണത്തിനു വിരുദ്ധമായി ആദ്യജാതൻ്റെ ഉത്തരവാദിത്വം നിവൃത്തിക്കാതിരിക്കുമോ? അതിനാൽ, നസറെത്തിൽനിന്ന് അവനു തൻ്റെ അമ്മയെയും സഹോദരങ്ങളെയും വിട്ട് എവിടെയും പോകാൻ കഴിയില്ലെന്ന് വ്യക്തമാണല്ലോ?
അഞ്ചാമത്തെതെളിവ്: യേശുവിന് ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനം ഏല്ക്കുകയും, പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അവനെ അഭിഷേകം ചെയ്യുകയും ചെയ്തു. (ലൂക്കൊ, 3:21-23). പ്രവൃ, 10:38). അനന്തരം, മരുഭൂമിയിലെ പരീക്ഷയ്ക്കുശേഷം യേശു ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു. (ലൂക്കൊ, 4:1,14). പിന്നെ വായിക്കുന്നത്, “അവൻ വളർന്ന നസറെത്തിൽ വന്നു, ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു” എന്നാണ്. (ലൂക്കൊ, 4:16). ഈ വേദഭാഗം ശ്രദ്ധിക്കണം: പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു. പന്ത്രണ്ട് വയസ്സുമുതൽ മുപ്പത് വയസ്സുവരെ യേശു ഇന്ത്യയിലോ, മറ്റെവിടെയെങ്കിലുമോ ആയിരുന്നെങ്കിൽ, നസറെത്തിലെ സിനഗോഗിൽ പതിവുപോലെ അഥവാ, എല്ലാ ശബ്ബത്തുകളിലും ന്യായപ്രമാണം പാരായണം ചെയ്യാൻ അവനു കഴിയുമായിരുന്നോ? ഇനി, എന്തുകൊണ്ടായിരിക്കും യേശു പതിവുപോലെ ന്യായപ്രമാണം വായിക്കാൻ എഴുന്നേറ്റുനിന്നു എന്ന് ചരിത്രകാരനായ ലൂക്കൊസ് പറഞ്ഞത്? അതായത്, നസറെത്തിലെ സിനഗോഗിൽ പതിവായി ന്യായപ്രമാണം വായിച്ചിരുന്ന ഹസ്സാൻ ആയിരുന്നു യേശുവെന്ന് മനസ്സിലാക്കാം. സിനഗോഗിൽ ന്യായപ്രമാണം വായിക്കുന്നവരെയാണ് ഹസ്സാൻ എന്ന് വിളിക്കുന്നത്. ന്യായപ്രമാണം ശ്രുതിമധുരമായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവരെയാണ് ഹസ്സാൻ ആക്കിയിരുന്നത്. ഹസ്സാൻ ആകാനുള്ള യോഗ്യതകളെക്കുറിച്ചു യെഹൂദാ സർവ്വവിജ്ഞാനകോശത്തിൽ പറഞ്ഞിട്ടുണ്ട്. ന്യായപ്രമാണത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും പ്രാർത്ഥനയുടെ ആവശ്യക തയെക്കുറിച്ചും ആഴമായ അറിവും, ആലപിക്കാൻ മനോഹരമായ ഒരു ശബ്ദവുമാണ് പ്രധാനമായും വേണ്ടത്. യേശുവിന് ഈ യോഗ്യതകളെല്ലാം ഉണ്ടായിരുന്നു എന്ന് ബൈബിൾ വ്യക്തമാക്കുന്നു. യേശു പന്ത്രണ്ടാം വയസ്സിൽ തന്നെ ദൈവാലയത്തിൽ വെച്ച് ഉപദേഷ്ടാക്കന്മാരുടെ മുമ്പിൽ ന്യായപ്രമാണത്തിലുള്ള തൻ്റെ പ്രാവീണ്യം തെളിയിക്കുകയും, അവരെ വിസ്മയിപ്പിക്കുകയും ചെയ്തതാണ്. (ലൂക്കൊസ് 2:46-47). യേശുവിൻ്റെ വായിൽനിന്നു പുറപ്പെട്ട ജ്ഞാനം കേട്ടിട്ട്, യെഹൂദന്മാർ അതിശയിച്ചത് മുകളിൽ നാം ചിന്തിച്ചതാണ്. (മർക്കൊ, 6:2). ന്യായപ്രമാണത്തിൻ്റെ വക്താക്കളെന്ന് അവകാശപ്പെട്ടിരുന്ന പരീശന്മാർപോലും യേശുവിൻ്റെ ചോദ്യത്തിനു മുമ്പിൽ പകച്ചുപോയിട്ടുണ്ട്. (മത്താ, 22:41-45). പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചു താൻ പഠിപ്പിക്കുകയും, രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും, രാത്രിമുഴുവനും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപെട്ടു എന്നും വായിക്കുന്നുണ്ട്. (ലൂക്കൊ, 4:22). അതൊക്കെ, യേശു തന്നെയാണ് അക്കാലത്ത് നസറെത്തിലെ പള്ളിയിൽ പതിവായി ന്യായപ്രമാണം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവുകളാണ്.
അതായത്, യേശു തൻ്റെ ജനനം മുതൽ യിസ്രായേലിൽത്തന്നെ ഉണ്ടായിരുന്നു. മുപ്പത് വയസ്സുവരെ ആഴ്ചയിൽ ആറുദിവസം താൻ മരപ്പണി ചെയ്ത് അമ്മയെയും സഹോദരങ്ങളെയും പോറ്റുകയും, ഏഴാംനാൾ ശബ്ബത്തിൽ ദൈവവേലയിൽ മുഴുകുകയും ചെയ്തിരുന്നു എന്ന് ബൈബിളിൽനിന്ന് സ്ഫടിക സ്ഫുടം മനസ്സിലാക്കാം. അതിനാൽ, യേശുവിൻ്റെ അജ്ഞാതവർഷം തേടിയലഞ്ഞ സാറന്മാര് ക്ഷമിക്കണം. നിങ്ങളുടെ മണ്ടൻ കണ്ടുപിടുത്തങ്ങൾ കയ്യിൽത്തന്നെ ഇരിക്കട്ടെ. യേശു യിസ്രായേൽവിട്ട് എവിടെയും പോയിട്ടില്ല എന്നതിന് ബൈബിളിൽത്തന്നെ വ്യക്തമായ തെളിവുണ്ടെന്ന് മനസ്സിലായല്ലോ? അതായത്, അജ്ഞാതവർഷം എന്നൊന്ന് യേശുവിൻ്റെ ജീവിതത്തിലില്ല. അതിനാൽ, യേശുവിൻ്റെ അജ്ഞാത വർഷംതേടി ഇനിയാരും മഞ്ഞുകൊള്ളുകയും വേണ്ട,. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
യെഹൂദമതത്തെ പിന്തുടരുന്ന യെഹൂദേതരരാണ് യെഹൂദ മതാനുസാരികൾ. പുതിയനിയമത്തിൽ മൂന്നു സ്ഥാനങ്ങളിൽ ഈ പ്രയോഗമുണ്ട്. (പ്രവൃ, 2:10; 6:5; 13:43). പ്രൊസീല്യുടൊസ് (നവാഗതൻ) എന്ന ഗ്രീക്കു പദത്തെയാണ് യെഹൂദമതാനുസാരി എന്നു തർജ്ജമ ചെയ്തിട്ടുള്ളതാ. ഗേർ (പരദേശി) എന്ന എബ്രായപദത്തിന് സെപ്റ്റ്വജിന്റിൽ നല്കിയിട്ടുള്ള പരിഭാഷ പ്രൊസീല്യുടൊസ് എന്നത്രേ. പരദേശത്തു നിന്നു വന്നു താമസിക്കുന്നവൻ ആണു പരദേശി. (പുറ, 20:10; ആവ, 5:14). യഹോവ അബാഹാമിനോടു നിയമം ചെയ്തതുമുതൽ അബാഹാമിന്റെ സന്തതി അഥവാ യിസ്രായേൽ യഹോവയ്ക്ക് ഒരു പ്രത്യേക ജനമായി. മോശെയുടെ ന്യായപ്രമാണമനുസരിച്ചുള്ള പൗരാവകാശങ്ങൾ ലഭിക്കാത്ത പരദേശികൾ എല്ലാ കാലത്തും യിസ്രായേലിൽ ഉണ്ടായിരുന്നു. പരദേശികൾക്കു ചില ആനുകൂല്യങ്ങൾ ന്യായപ്രമാണം നല്കി. യിസ്രായേലിനു നല്കിയ മതനിയമങ്ങളിൽ ചിലതു അനുസരിക്കുവാൻ അവർ ബാദ്ധ്യസ്ഥരായിരുന്നു. യഹോവയുടെ നാമം ദുഷിക്കുക (ലേവ്യ, 24:16), വിഗ്രഹാരാധന നടത്തുക (ലേവ്യ, 20:2), മ്ലേച്ഛത പ്രവർത്തിക്കുക (ലേവ്യ, 18:26), ശബ്ബത്തു നാളിൽ വേല ചെയ്യുക (പുറ, 20:10), പെസഹയ്ക്ക് പുളിപ്പുള്ള അപ്പം ഭക്ഷിക്കുക (പുറ, 12:19), രക്തം ഭക്ഷിക്കുക, തനിയെ ചത്തതോ വന്യമൃഗങ്ങൾ കൊന്നതോ ആയ മൃഗങ്ങളുടെ മാംസം തിന്നുക എന്നിവ അവർ ചെയ്യാൻ പാടില്ല. (ലേവ്യ, 17:10, 15). ഇങ്ങനെയുള്ള പരദേശികൾ പരിച്ഛേദനം സ്വീകരിച്ചാൽ അവർക്കു യിസ്രായേൽ പൗരന്മാരാകാം. അതോടുകൂടി ന്യായപ്രമാണം മുഴുവൻ അനുസരിക്കാനുള്ള ബാധ്യത അവർക്കുണ്ടാകും. ഉടമ്പടി ബദ്ധജനമായ യിസ്രായേല്യർക്കുള്ള എല്ലാ അനുഗ്രഹങ്ങൾക്കും അവർ അവകാശികളാകും. (പുറ, 12:48,49). എന്നാൽ അമ്മോന്യരെയും മോവാബ്യരെയും പത്താം തലമുറ വരെ യിസ്രായേൽ സഭയിൽ പ്രവേശിപ്പിക്കുവാൻ പാടില്ല. ഏദോമ്യരുടെ മൂന്നാം തലമുറയ്ക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം. (ആവ, 23:3, 8). മിസ്രയീമിൽ നിന്നു മടങ്ങിവന്ന യിസ്രായേല്യരോടു കാണിച്ച ശത്രുതയാണ് അതിനു കാരണം. യിസ്രായേൽജനം കനാനിൽ പ്രവേശിച്ച കാലത്തു യെഹൂദ മതാനുസാരികളിൽ പ്രസിദ്ധർ കേന്യരായിരുന്നു. (ന്യായാ, 1:16).
കനാൻ ആക്രമണത്തിനു ശേഷമുള്ള ചുറ്റുപാടുകൾ മതപരിവർത്തനത്തിനു അനുകൂലമായിരുന്നില്ല. ഗിബെയോന്യർ മാത്രമാണു മതപരിവർത്തനത്തിനു വിധേയരായി കാണപ്പെടുന്നത്. (യോശു, 9:16, മു). ഗിബെയോന്യരുടെ സ്ഥിതി അടിമകളുടേതായിരുന്നു. ദാവീദിന്റെയും ശലോമോന്റെയും കാലത്തു പരദേശികൾ ഊഴിയവേലക്കാരുടെ നിലയിലായി. (2ദിന, 2:17,18). പ്രവാചകന്മാർ അവരോടനുകമ്പ കാണിച്ചു. വിജാതീയരിൽ നിന്നും ഒരു ഗണ്യമായ വിഭാഗം യെഹൂദമതത്തിലേക്കു ആകർഷിക്കപ്പെട്ടു. തല്മുദിൽ യെഹൂദ മതാനുസാരികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: പടിക്കലെ യെഹൂദ മതാനുസാരികളും (വിജാതീയ പരദേശികൾ), നീതിമാന്മാരായ യെഹൂദ മതാനുസാരികളും. ഇവരിൽ ഒന്നാംഗണം വിജാതീയരായ പരദേശികളാണ്. യെഹൂദന്മാരുടെ ഇടയിൽ പാർക്കുന്ന ഇവർ ആറു കാര്യങ്ങൾ ചെയ്യുവാൻ പാടില്ല. 1. വിഗ്രഹാരാധന; 2. ദൈവദൂഷണം; 3. രക്തച്ചൊരിച്ചിൽ; 4. അശുദ്ധി; 5. മോഷണം; 6. രക്തത്തോടുകൂടിയ മാംസ ഭക്ഷണം; 7. പൂർണ്ണമായ അനുസരണം കാട്ടണം. രണ്ടാം ഗണത്തിലുള്ളവർ ഉടമ്പടിയുമായി ബന്ധപ്പെട്ടവരാണ്. ന്യായപ്രമാണ കല്പനകൾ മുഴുവൻ പാലിക്കണം. യെഹൂദമത പ്രവേശനത്തിനു പുരുഷന്മാർ പരിച്ഛേദനവും സ്നാനവും സ്വീകരിക്കുകയും യാഗം നടത്തുകയും വേണം; സ്ത്രീകൾക്കാകട്ടെ സ്നാനവും യാഗവും മതി. സ്നാനം കാർമ്മികമായ കഴുകലാണ്.
ജനനാൽ യെഹൂദന്മാരായവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും യെഹൂദ മതാനുസാരികൾക്കും നല്കണമെന്നു മിദ്രാഷിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പല റബ്ബിമാർക്കും എതിരഭിപ്രായമാണുള്ളത്. മോശമായ പശ്ചാത്തലം നിമിത്തം പാപം ചെയ്യുവാനുള്ള വാസന യെഹൂദ മതാനുസാരിക്കു കൂടുതലാണെന്നു ബാബിലോണിയൻ തല്മൂദ് പറയുന്നു. യെഹൂദ മതാനുസാരികളെ യിസ്രായേലിന്റെ ചർമ്മത്തിലെ വ്രണമായി തല്മൂദ് കണക്കാക്കുന്നു. യെഹൂദമതം മൗലികമായി മിഷണറിമതമല്ല. വേർപാട് യെഹൂദമതത്തിന്റെ പ്രത്യേകതയാണ്. യെഹൂദന്മാർക്കുള്ള ആനുകൂല്യങ്ങൾ യെഹൂദ മതാനുസാരികൾക്കു ഒരിക്കലും ലഭിച്ചിരുന്നില്ല. യെഹൂദന്മാരല്ലാത്ത സത്യദൈവ ആരാധകരെക്കുറിച്ചുള്ള പരാമർശങ്ങൾ പഴയ നിയമത്തിലുണ്ടാ. ഇയ്യോബ്, രൂത്ത്, രാഹാബ്, നയമാൻ, ഹിത്യനായ ഊരീയാവ്, യോനയുടെ കാലത്തു മാനസാന്തരപ്പെട്ട നീനെവേക്കാർ, എസ്ഥറിന്റെ കാലത്തു മതപരിവർത്തനം ചെയ്യപ്പെട്ടവർ മുതലായവർ.
ദേശാന്തരഗമനം ചെയ്തപ്പോഴും യെഹൂദന്മാർ തങ്ങളുടെ ഏകദൈവവിശ്വാസം ഉപേക്ഷിച്ചില്ല. അനേകർ ഈ ഏക ദൈവവിശ്വാസത്തിലേക്കു ആകർഷിക്കപ്പെട്ടു. വിജാതീയരെ സത്യദൈവാരാധനയിലേക്കു കൂട്ടിവരുത്തുകയാണ് യിസായേലിന്റെ ദൗത്യം. യെശയ്യാപ്രവാചകൻ ഈ സത്യം വ്യക്തമാക്കിയിട്ടുണ്ട്. വിജാതീയർ തങ്ങളുടെ തെറ്റു മനസ്സിലാക്കി വിഗ്രഹാരാധന ഉപേക്ഷിച്ചു യഹോവയുടെ ആരാധനയിലേക്കു ഒഴുകിയെത്തും. സകല ജാതികളും മനം തിരിഞ്ഞു യഹോവയുടെ നാമം നിമിത്തം യെരുശലേമിൽ വരും. (യെശ, 2:2-4; 19:18-25; 44:5; 45:23; 65:16; യിരെ, 3:17; 4:2; 12:16; സെഫ, 3:9; സെഖ, 8:20-23; 9:7; 14:16-19). യുഗാന്തസ്വഭാവമുള്ള ഈ കൂട്ടായ മാനസാന്തരം യിസ്രായേലിന്റെ പ്രയത്നം കൊണ്ടല്ല നടക്കുന്നത്. അന്യജാതിക്കാരുടെ പ്രാർത്ഥനയും കേട്ടു ഉത്തരമരുളണമെന്നു ദൈവാലയപ്രതിഷ്ഠയ്ക്കു ശലോമോൻ ചെയ്ത പ്രാർത്ഥനയിൽ അപേക്ഷിച്ചു. (1രാജാ, 8:41-43). ഒരു വിദേശിയുടെ ഭാഗികമായ മതപരിവർത്തനമാണ് അരാമ്യനായ നയമാനിൽ കാണുന്നത്. വിദേശത്തു വച്ചു യിസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്നതിലുള്ള വിഘ്നം നയിമാന്റെ ചരിത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (1രാജാ, 5:15, 19). ജാതികളുടെ ഇടയിൽ യഹോവയുടെ നാമം മഹത്വപ്പെടുന്നതിനെക്കുറിച്ചു മലാഖി രേഖപ്പെടുത്തി. “സൂര്യന്റെ ഉദയം മുതൽ അസ്തമനം വരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിനു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചു വരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാ, 1:11).
പ്രവാസാനന്തരകാലത്തു ധാരാളം പരദേശികൾ യെഹൂദ മതാനുസാരികളായി. മിശ്രവിവാഹം വളരെയധികം ദോഷം ചെയ്തതുകൊണ്ടു അതൊഴിവാക്കുവാൻ എസ്രായുടെ കാലത്തു നടന്ന ശ്രമം പ്രഖ്യാതമാണ്. (എസ്രാ, 9-10; നെഹെ, 13). എസ്രാ നെഹെമ്യാമാരുടെ കാലത്തു നടന്ന വിജാതീയ വിവാഹനിരാസത്തിന്റെ നേർക്കുള്ള എതിർപ്പായിട്ടാണ് രൂത്തിന്റെ പുസ്തകം കണക്കാക്കപ്പെടുന്നത്. യിസ്രായേലിലെ ഏറ്റവും വലിയ രാജാവായ ദാവീദിന്റെ വല്യമ്മയായിത്തീർന്ന ഒരു അന്യജാതിക്കാരിയായ വിധവയുടെ കദനകഥയാണത്. ദേശീയവും മതപരവുമായ ഘടകങ്ങൾ ഇവിടെ സമ്മേളിക്കുന്നു. “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത്, 1:16). ശത്രുക്കളോടു പ്രതികാരം ചെയ്യുവാനുള്ള കല്പന മൊർദ്ദെഖായി നേടിയപ്പോൾ യെഹൂദന്മാരെക്കുറിച്ചുള്ള ഭയം വിജാതീയരെ ബാധിച്ചു. തന്മൂലം അവർ പലരും യെഹൂദന്മാരായിത്തീർന്നു. (എസ്ഥേ, 8:17). എസ്ഥേറിന്റെ കാലത്തു നടന്ന ഈ മതംമാറ്റം യഥാർത്ഥത്തിൽ ഉള്ളതായിരുന്നില്ല. എസ്ഥേറിന്റെ പുസ്തകത്തിലെ യെഹൂദ മതാവലംബികൾ യിസ്രായേലിന്റെ ദൈവത്തോടല്ല, മറിച്ചു യെഹൂദാജനത്തോടാണു ചേർന്നത്. എസ്ഥേറിന്റെ പുസ്തകത്തിൽ ദൈവത്തെക്കുറിച്ചുള്ള പരാമർശമില്ല. ഹെരോദാവു ഏദോമ്യരിൽ നിന്നുള്ള യെഹൂദ മതാവലംബിയായിരുന്നു. ഹെരോദാവിന്റെ കുടുംബവും സന്തതികളും മിശ്രവിവാഹത്തിൽ ഏർപ്പെട്ടപ്പോൾ മതപരിവർത്തനം നിർബന്ധിച്ചിരുന്നു.
ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ യെഹൂദന്മാർ റോമിൽ കുടിപാർപ്പുകാരായി ഉണ്ടായിരുന്നു. റോമിലെ യെഹൂദന്മാർ തീവ്രമായ മതപരിവർത്തനത്തിലേർപ്പെട്ടു. അവരുടെ അസഹിഷ്ണുത നിമിത്തം പ്രധാനപ്രവർത്തകരെ ബി.സി. 139-ൽ സർക്കാർ പുറത്താക്കി. മിസ്രയീമിലും കുറേനയിലും ധാരാളം യെഹൂദേതരർ യെഹൂദന്മാരുടെ ജീവിതരീതി അനുകരിച്ചു. അലക്സാണ്ട്രിയയിൽ യെഹൂദന്മാർക്കു പരിമിതമായ സ്വയം ഭരണം പോലും ലഭിച്ചു. ചിതറിപ്പാർത്ത യെഹൂദന്മാർ ശബ്ബത്തും പെരുന്നാളുകളും ആചരിക്കുകയും പരിച്ഛേദനം കഴിക്കുകയും ഭക്ഷണനിയമങ്ങൾ പാലിക്കുകയും പന്നി മാംസം വർജ്ജിക്കുകയും ചെയ്തു. യെരുശലേമിനോടും ദൈവാലയത്തോടും അവർക്കു ദൃഢബന്ധമുണ്ടായിരുന്നു. ലോകമെങ്ങുമുള്ള യെഹൂദന്മാർ വർഷംതോറും അരശേക്കെൽ ദൈവാലയത്തിനു നല്കുകയും പെരുന്നാളുകളിൽ യെരുശലേമിൽ തീർത്ഥയാത്ര പോകുകയും ചെയ്തു. യെഹൂദന്മാരുടെ ഈ ജീവിതരീതിയും സദാചാരപരതയും വിജാതീയരെ ആകർഷിച്ചു. ദാർശനികന്മാരുടെ സിദ്ധാന്തങ്ങളിലും ബഹുദേവതകളിലും വിശ്വാസം നഷ്ടപ്പെട്ട ഗ്രേക്കർ യെഹൂദ മതത്തിന്റെ ഏകദൈവത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തി. യെഹൂദന്മാരുടെ വിഗ്രഹാരാധനാവിരോധം അവരെ വശീകരിച്ചു. യെഹൂദനു തന്റെ വൈശിഷ്ട്യത്തെക്കുറിച്ചു ഉത്തമ ബോധമുണ്ടായിരുന്നു. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു ലഭിച്ചതു കൊണ്ടു കുരുടർക്കു വഴി കാട്ടുന്നവൻ, ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠി പ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവ് എന്നിങ്ങനെ യെഹൂദൻ സ്വയം അഭിമാനിച്ചിരുന്നു. (റോമ, 2:19,20).
അലക്സാണ്ട്രിയയിൽ യെഹൂദ മതപ്രചാരണം തീവ്രമായിരുന്നു. പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തത് വിജാതീയരുടെ ഇടയിൽ മതപ്രചാരണത്തിനു സഹായകമായി. പള്ളികൾ എല്ലാവർക്കുമായി തുറക്കപ്പെട്ടു. ഗ്രീക്കിലുള്ള തിരുവെഴുത്തുകളുടെ പാരായണവും പ്രഭാഷണങ്ങളും യെഹൂദേതരർ കേട്ടു. “മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചു വരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.” (പ്രവൃ, 15:21). മതപ്രചാരണത്തിനു വേണ്ടി ധാരാളം കൃതികൾ ഗ്രീക്കിലുണ്ടായി. വിജാതീയർ പൂർണ്ണ യെഹൂദന്മാരായി തീരുന്നതിനു പരിച്ഛേദനം ഉൾപ്പെടെ എല്ലാ കാർമ്മിക നിയമങ്ങളും അനുസരിക്കണമായിരുന്നു. അനേകം പേർ യെഹൂദമതത്തിന്റെ ദൈവശാസ്ത്രപരവും ധാർമ്മികവുമായ ഉപദേശങ്ങൾ അനുസരിക്കുകയും പള്ളിയിൽ പോകുകയും ചില ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു എങ്കിലും പരിച്ഛേദനത്തിനു വിധേയപ്പെട്ടിരുന്നില്ല. അവരെ ദൈവഭക്തന്മാർ എന്നും ദൈവാരാധകർ എന്നും വിളിച്ചിരുന്നു. പ്രവൃത്തികൾ 13:16, 26, 43 എന്നീ വാക്യങ്ങളുടെ അടിസ്ഥാനത്തിൽ ദൈവഭക്തനും യെഹൂദമതാനുസാരിയും പര്യായങ്ങളായി കണക്കാക്കുന്നവരുണ്ട്. പിസിദ്യായിലെ അന്ത്യൊക്ക്യയിലെ പള്ളിയിൽ ഉണ്ടായിരുന്ന ശ്രോതാക്കളെ ‘യിസായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളാരേ’ എന്നു പൗലൊസ് സംബോധന ചെയ്തു. 26-ാം വാക്യത്തിൽ ‘സഹോദരന്മാരേ, അബ്രാഹാം വംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ’ എന്നും ഇതേ കേൾവിക്കാരെ 43-ാം വാക്യത്തിൽ യെഹൂദന്മാരും ഭക്തിയുള്ള യെഹൂദ മതാനുസാരികളും എന്നും പറഞ്ഞിരിക്കുന്നു. മേല്പറഞ്ഞ രണ്ടു പ്രയോഗങ്ങളും പര്യായങ്ങൾ എന്നതിനു തെളിവാണിത്. തീത്തൊസ് യുസ്തൊസിനെ ദൈവഭക്തനെന്നു വിളിച്ചിരിക്കുന്നു. (പ്രവൃ,18:7). എന്നാൽ ഇയാൾ അഗ്രചർമ്മിയും യെഹൂദേതരനുമായിരുന്നു. (പ്രവൃ, 18:7). അഗ്രചർമ്മികളായ ദൈവഭക്തന്മാർ പൗലൊസിനു സഹോദരന്മാരായിരുന്നു. എന്നാൽ അവരെ പൂർണ്ണ യെഹൂദന്മാരായോ അബ്രാഹാമിന്റെ മക്കളായോ യെഹൂദ പ്രമാണികൾ കണക്കാക്കിയിരുന്നില്ല. ദൈവഭക്തന്മാരും യഥാർത്ഥ യെഹൂദ മതാനുസാരികളും തമ്മിൽലുള്ള വ്യത്യാസം യെശയ്യാവ് 44:5-ൽ കാണാം. “ഞാൻ യഹോവെക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ; യഹോവെക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.”
ഇത്താലിക പട്ടാളത്തിലെ ശതാധിപനായ കൊർണേല്യാസ് പരിച്ഛേദനം സ്വീകരിക്കാത്ത വിദേശിയായിരുന്നു. യെഹൂദന്മാർ അയാളോടു ബന്ധപ്പെടുകയില്ല. (പ്രവൃ, 10:28; 11:3). അയാൾ ദൈവഭക്തനായിരുന്നു. (പ്രവൃ, 10:2, 22). കഫർന്നഹൂമിലെ ഈ ശതാധിപൻ യെഹൂദജാതിയെ സ്നേഹിക്കുകയും അവർക്കു ഒരു പള്ളി പണിതു കൊടുക്കുകയും ചെയ്തു. ദൈവഭക്തനെന്നു അയാളെക്കുറിച്ചു പറഞ്ഞിട്ടില്ലെങ്കിലും അയാൾ ആ ഗണത്തിലുൾപ്പെട്ടവനാണ്. (ലൂക്കോ, 7:2-10). മതപരമായ കാര്യങ്ങളിൽ യെഹൂദനും യെഹൂദേതരനും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതാണ്, ‘നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ’ എന്ന ശതാധിപന്റെ പ്രസ്താവന. “യിസ്രായേലിൽ കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല” എന്ന യേശുവിന്റെ വാക്കുകളിൽ അയാൾ യെഹൂദമതാനുസാരി ആയിരുന്നില്ല എന്നു മനസ്സിലാക്കാം. പുർണ്ണ യെഹൂദമതാനുസാരികൾ യിസ്രായേലിന്റെ ഭാഗമാണ്. പെന്തെകൊസ്തു നാളിൽ എത്തിച്ചേർന്നവരിൽ ജന്മനായെഹൂദന്മാരും യെഹൂദമതാനുസാരികളും ഉണ്ടായിരുന്നു. (പ്രവൃ, 2:10). തെസ്സലൊനീക്യയിൽ പൗലൊസിന്റെ ഭാഷണം കേട്ടു ക്രിസ്തുവിൽ വിശ്വസിച്ചവരിൽ ഭക്തിയുള്ള യവനന്മാർ ഉണ്ടായിരുന്നു. (പ്രവൃ, 17:4). അഥേനയിൽ പൗലൊസ് പള്ളിയിൽ വച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും സംഭാഷിച്ചു. (പ്രവൃ, 17:17). യെഹൂദ മതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവരിൽ അധികവും സ്ത്രീകളായിരുന്നു. ധാരാളം കുലീനസ്ത്രീകൾ അവരിലുൾപ്പെട്ടിരുന്നു. അതിനു കാരണം പരിച്ഛേദനം സ്ത്രീകൾക്ക് ആവശ്യമില്ലെന്നതു തന്നെ.
പരിച്ഛേദനവാദികളുടെ സ്വാധീനം നിമിത്തം യെരുശലേം സഭയിലെ ക്രിസ്ത്യാനികൾ അഗ്രചർമ്മികളോടു പരമ്പരാഗതമായ മനോഭാവമാണു പുലർത്തിയിരുന്നത്. യെരൂശലേം സമ്മേളനം ഈ പ്രശ്നത്തിൽ ഒരു തീർപ്പുണ്ടാക്കി. ജാതികളിൽ നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസം മുട്ടിച്ചത്ത്ത്, രക്തം എന്നിവ വർദ്ധിച്ചാൽ മതി എന്നു തീരുമാനിക്കുകയും അതു അന്ത്യൊക്ക്യയിലെ വിശ്വാസികളെ എഴുതി അറിയിക്കുകയും ചെയ്തു. (പ്രവൃ, 15:20-29; 21:25; ലേവ്യ, 17:10, 18:30; സെഖ, 9:7). പൗലൊസും പത്രൊസും തമ്മിൽ വേലസ്ഥലം വിഭജിക്കുവാനുണ്ടായ കാരണവും അതായിരുന്നു. പൗലൊസ് അഗ്രചർമ്മികളുടെ ഇടയിലും പത്രൊസ് പരിച്ഛേദനക്കാരുടെ ഇടയിലും പ്രവർത്തിച്ചു. (ഗലാ, 2:3-10). യെഹൂദവൽകരണ വാദികൾക്ക് തീത്തൊസിന്റെ സാന്നിദ്ധ്യം പ്രയാസമുണ്ടാക്കി എങ്കിലും തീത്തൊസിനെ പരിച്ഛേദനം കഴിച്ചില്ല. (ഗലാ, 2:3-5). ഏഷ്യാമൈനറിലെ യെഹൂദന്മാർക്കു സ്വീകാര്യനാകുവാൻ വേണ്ടി മാത്രമാണ് തിമൊഥയൊസിനെ പരിച്ഛേദനം കഴിച്ചത്. തിമൊഥയൊസിന്റെ അമ്മ യെഹൂദ സ്ത്രീയും അപ്പൻ യവനനുമായിരുന്നു. (പ്രവൃ, 16:1-4). പൗലൊസിന്റെ ശുശ്രൂഷകളിൽ മുഴുവൻ പരിച്ഛേദനം ഒരു പ്രശ്നമായിരുന്നു. അതിനു പൗലൊസ് നല്കിയ വ്യക്തമായ മറുപടി: “ക്രിസ്തു യേശുവിൽ പരിച്ഛേദനയല്ല, അഗ്രചർമ്മവുമല്ല, സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.” (ഗലാ, 5:6). ക്രിസ്തുമതത്തിന്റെ പ്രാതിഭാസികമായ വളർച്ചയ്ക്ക് വഴിയൊരുക്കിയതിൽ ഒരു പങ്കു യെഹൂദന്മാരുടെ മതപരിവർത്തന ശ്രമങ്ങൾക്കുണ്ട്. എന്നാൽ ന്യായപ്രമാണത്തിന്റെ പൂർണ്ണമായ അനുസരണവും പരിച്ഛേദനയും നിർബന്ധമാക്കുക നിമിത്തം ഈ രംഗത്തു അവർക്കു പരിമിതമായ വിജയമേ ലഭിച്ചുള്ളൂ. പൗലൊസ് അപ്പൊസ്തലൻ കാർമ്മികമായ നിയമങ്ങളെ മുഴുവൻ ഉപേക്ഷിച്ചു സ്നാനം മാത്രമേ ഊന്നിപ്പറഞ്ഞുള്ളൂ. പരിച്ഛേദനം ഏല്ക്കാത്ത യെഹൂദ മതാനുഭാവികളിൽ നിന്നായിരുന്നു ധാരാളം പേർ ക്രിസ്തുമാർഗ്ഗം സ്വീകരിച്ചത്. പരിച്ഛേദനം ഏറ്റവരും ക്രിസ്ത്യാനികളായി. ക്രിസ്ത്യാനികൾ ആകുന്നതിനു പരിച്ഛേദനം നിർബ്ബന്ധമാക്കിയിരുന്നു എങ്കിൽ സഭയുടെ വളർച്ച അപ്പോൾ തന്നെ നിശ്ചലമായേനേ.
പഴയനിയമ മതത്തിൽ നിന്നും വ്യത്യസ്തമാണ് യെഹൂദ മതം. ഒരു വിശ്വാസപ്രമാണം എന്നതിലേറെ അതൊരു ജീവിതശൈലിയാണ്. ബി.സി 587-ൽ യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടതിനു ശേഷം ആവിർഭവിച്ച എല്ലാ യെഹൂദ്യമതങ്ങളെയും കുറിക്കുവാൻ ഈ പദം പ്രയോഗിക്കാറുണ്ട്. അബ്രാഹാമിന്റെ കാലം മുതൽ യെഹൂദ മതചരിത്രം കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ അതു പശ്ചാത്തലം മാത്രം. ബാബിലോന്യ പ്രവാസത്തോടു കടിയാണു യെഹൂദമതത്തിന്റെ ആരംഭം. എ.ഡി. 70 (യെരുശലേം ദൈവാലയത്തിന്റെ നാശം) വരെ പഴയനിയമ ധാരണകളുടെ വിശദീകരണമോ വിശേഷീകരണമോ ആയ കാര്യങ്ങളെക്കുറിക്കുവാൻ ഈ പദം പ്രയോഗിച്ചു. യെഹൂദമതം പൂർണ്ണരൂപത്തിൽ പ്രത്യക്ഷപ്പെട്ടതു എ.ഡി 70-നു ശേഷമാണ്. എ.ഡി 500-ഓടു കൂടി യെഹൂദമതം പൂർണ്ണ വികാസത്തിലെത്തി. എ.ഡി 200-ൽ മിഷ്ണയുടെ പൂർത്തീകരണത്തോടു കൂടി യെഹൂദമതത്തിന്റെ രൂപഭാവങ്ങൾ നിർവചിക്കപ്പെട്ടു.
യോശീയാ രാജാവിന്റെ നവീകരണത്തിൽ (ഉച്ചാവസ്ഥ ബി.സി. 621-ൽ) യാഗാർപ്പണം യെരൂശലേമിൽ മാത്രമായി പരിമിതപ്പെടുത്തിയതും, ബി.സി. 587-ലെ ദൈവാലയനാശവും, ബാബേൽ പ്രവാസവും യെഹൂദന്മാരുടെ മതവീക്ഷണത്തിൽ മൗലികമായ മാറ്റം വരുത്തി. യെരുശലേം യെഹൂദമതത്തിന്റെ കേന്ദ്രസ്ഥാനമായി നിലനിന്നുവെങ്കിലും 80 ശതമാനം പേർക്കും അതു പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. അതിനുള്ള പരിഹാരങ്ങളിൽ ഒന്നായിരുന്നു ന്യായപ്രമാണാചരണം യെഹൂദന്മാർക്കെല്ലാം കർശനമാക്കിയത്. ന്യായപ്രമാണാചരണത്തിനു ഒരു പുതിയമാർഗ്ഗം എസ്രാ തുറന്നു. ആ നിലയ്ക്ക് എസ്രാ യെഹൂദമതത്തിന്റെ പിതാവായി. (Father of Judaism). പുരോഹിതന്മാരും മറ്റുചിലരും എസ്രായുടെ പ്രവൃത്തിയെ എതിർത്തു. അന്ത്യൊക്കസ് എപ്പിഫാനസിന്റെ കാലത്തോടുകൂടി (ബി.സി. 175-163) ഇവർ യവനീകരണവാദികളുടെ നായകന്മാരായി മാറി.
യെഹൂദമതത്തിന്റെ അടുത്ത നാഴികക്കല്ല് പ്രധാന പുരോഹിതന്മാരുടെ യവനീകരണവും അതിനെത്തുടർന്നു ജേതാക്കളായിത്തീർന്ന ഹാശ്മോന്യൻ പുരോഹിത രാജാക്കന്മാരുടെ അപചയവുമായിരുന്നു. ദൈവാലയാരാധന ഭക്തന്മാരെ സംബന്ധിച്ചിടത്തോളം വെറും കടമയായി മാറി. കുമ്രാൻ സമുഹം ദൈവാലയത്തോടു പരാങ്മുഖരായി. ദൈവം ഇടപെട്ടു ദുഷ്ടപുരോഹിതന്മാരിൽ നിന്നു ദൈവാലയത്തെ മോചിപ്പിക്കുന്നതു അവർ കാത്തിരുന്നു. പരീശന്മാർ ആരാധനയ്ക്ക് പള്ളികളെ (സിനഗോഗ്) ആശ്രയിക്കുകയും ന്യായപ്രമാണത്തിൽ നിന്നു ദൈവഹിതം മനസ്സിലാക്കുകയും ചെയ്തു. തത്ഫലമായി ക്രിസ്തുവിന്റെ കാലത്തു നുറുകണക്കിനു പള്ളികൾ യെരുശലേമിൽതന്നെ ഉണ്ടായിരുന്നു. എ.ഡി. 70-ൽ സംഭവിച്ച യെരുശലേം ദൈവാലയത്തിന്റെ നാശം പരീശന്മാർക്കു സ്തംഭന വിഷയമായിരുന്നു. അന്ത്യൊക്കസ് എപ്പിഫാനസിന്റെ കാലം തൊട്ടുള്ള മ്ളേച്ഛത നിമിത്തം ഈ നാശത്തിനു അവർ ഒരുങ്ങിയിരുന്നു. വളരെ വേഗം അവരുടെ മതം സിനഗോഗിനെ കേന്ദ്രീകരിച്ചു. അതു പുതിയ ചുറ്റുപാടുകളുമായി ഇണങ്ങി. എ.ഡി. 90 മാണ്ടോടുകൂടി റബ്ബിമാർ വിമതർ എന്നു കണ്ടവരെ സിനഗോഗിൽ നിന്നു ഒഴിവാക്കി. അവരിൽ യെഹൂദാ കിസ്ത്യാനികളും ഉൾപ്പെട്ടു. എ.ഡി. 200-നടുപ്പിച്ചു ഒരു കഠിനസംഘട്ടനത്തിനു ശേഷം ദൈവശാസ്ത്രപഠനമൊന്നും ഇല്ലാത്ത സാധാരണജനത്തെ ഈ മാറ്റത്തോടു പൊരുത്തപ്പെടുത്തി. പരീശന്മാർ ദുർബ്ബല വിഭാഗമായിരുന്നുവെങ്കിലും അവരുടെ വീക്ഷണങ്ങൾ വിജയം നേടി. അവർക്കു പൊതുസമ്മതി ലഭിച്ചിരുന്നില്ലെങ്കിലും പ്രവാസാനന്തര രംഗത്തു അവരുടെ വീക്ഷണം പഴയനിയമത്തിന്റെ സയുക്തികമായ വിശദീകരണമായി കാണപ്പെട്ടു.
ഉപദേശങ്ങൾ: പുതിയനിയമ കാലത്തു ക്രിസ്തുവിനും പൗലൊസിനും യെഹൂദമതത്തോടുണ്ടായ വാദപ്രതിവാദങ്ങൾ പ്രസിദ്ധമാണ്. ഇരുകൂട്ടരും ഒരേ തിരുവെഴുത്തുകളെ (പഴയനിയമം) ആണ് സ്വീകരിച്ചത്. ഉപരിതല സ്പർശിയായിരുന്നുവെങ്കിൽ തന്നെയും അവർ ഏതാണ്ട് ഒരേ വിധത്തിലായിരുന്നു പഴയനിയമത്തെ വ്യാഖ്യാനിച്ചത്. ക്രിസ്തുവിന്റെയും ആദിമ റബ്ബിമാരുടെയും ഉപദേശങ്ങൾ തമ്മിൽ അസാധാരണമായ സാജാത്വം ഉണ്ടായിരുന്നു. കുമ്രാൻ കൈയെഴുത്തു പ്രതികളുടെ കണ്ടുപിടിത്തത്തോടുകൂടി പുതിയനിയമത്തിലുള്ള യവനസ്വാധീനം തുച്ഛമാണെന്നു തെളിഞ്ഞു. യെഹൂദമതത്തിലെ ഉപദേശങ്ങൾ പഴയനിയമത്തിൽ നിന്നോ യാഥാസ്ഥിതിക ക്രിസ്തു മാർഗ്ഗത്തിൽ നിന്നോ അധികം വ്യതിചലിച്ചിരുന്നില്ല. വിജയശ്രീലാളിതമായ ക്രിസ്തുമതത്തിന്റെ മുമ്പിൽ നിലനില്പിനുവേണ്ടി യെഹൂദമതത്തിനു ദീർഘകാലം പൊരുതേണ്ടിവന്നു. ഇതിനിടയ്ക്കു പല കാര്യങ്ങളിലും അവരുടെ ഊന്നൽ മാറ്റേണ്ടിവന്നു.
ക്രിസ്ത്യാനികൾക്കുള്ളതുപോലെ യെഹൂദമതത്തിനും വിശ്വാസപ്രമാണമുണ്ട്. അവരുടെ വിശ്വാസത്തിന്റെ സാരാംശം ആരാധനയിലൂടെ വെളിപ്പെടുന്നു. യെഹൂദൻ ദൈവശാസ്ത്രം പ്രാർത്ഥിക്കുന്നു എന്നു പറയാറുണ്ട്. മാറ്റത്തിനു വിധേയമാകാത്ത പ്രാർത്ഥനാപാരമ്പര്യം സംപ്രേഷണം ചെയ്യുകയാണു യെഹൂദന്മാരുടെ പ്രാർത്ഥനാപ്പുസ്തകം. യെഹൂദമതോപദേശത്തിലെ പ്രധാനകാര്യങ്ങളെല്ലാം അതിലുണ്ട്. ആ പ്രാർത്ഥന ഉരുവിടുന്ന യെഹൂദൻ തന്റെ വിശ്വാസം പ്രഖ്യാപിക്കുകയാണ്. വിശ്വാസത്തിന്റെ അടിസ്ഥാന പ്രമേയം ദൈവത്തിന്റെ ഏകത്വമാണ്. അതിനെ ‘ഷേമാ’ (കേൾക്കുക) എന്നു വിളിക്കുന്നു. “യിസായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യെഹുദ വിശ്വാസത്തിന്റെ സംക്ഷേപം പലരും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ റബ്ബി മോഷേബെൻ മൈമോൻ (1135-1204) എഴുതിയ 13 ഖണ്ഡങ്ങൾ അടങ്ങിയ വിശ്വാസപ്രമാണമാണ് പ്രാധാന്യത്തിലേക്കു വന്നത്. അവ:-
1. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, മാത്രമാണ് സർവ്വ സൃഷ്ടിയുടെയും സ്രഷ്ടാവും നായകനും എന്നും സർവ്വ വസ്തുക്കളെയും അവൻ തനിയെ നിർമ്മിച്ചുവെന്നും നിർമ്മിക്കുന്നുവെന്നും നിർമ്മിക്കുമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
2. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, ഏകത്വമാണെന്നും ഒരു വിധത്തിലും അവന്റെ ഏകത്വത്തിനു തുല്യമായ ഏകത്വം ഇല്ലെന്നും ആയിരുന്നവനും ആയിരിക്കുന്നവനും ആകുന്നവനും ആയ അവൻ മാത്രമാണു നമ്മുടെ ദൈവമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
3. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, ഒരു ദേഹം (ദേഹ സഹിതൻ) അല്ലെന്നും ദേഹത്തെ സംബന്ധിക്കുന്ന സർവ്വ പരിച്ഛദങ്ങളിൽ നിന്നും അവൻ മുക്തനാണെന്നും യാതൊരു വിധത്തിലുള്ള രൂപവും അവനില്ലെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
4. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, ആദ്യനും അന്ത്യനുമാണെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
5. സഷ്ടാവിനോടു, അവൻ വാഴ്ത്തപ്പെടട്ടെ, അവനോടുമാത്രം പ്രാർത്ഥിക്കുന്നതു ശരിയാണെന്നും അവനോടൊഴികെ മറ്റാരോടും പ്രാർത്ഥിക്കുന്നതു ശരിയല്ലെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
6. പ്രവാചകവാക്കുകളെല്ലാം സത്യമാണെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
7. ഞങ്ങളുടെ മഹാഉപദേഷ്ടാവായ മോശെയുടെ, അവൻ സ്വസ്ഥതയിൽ വിശ്രമിക്കട്ടെ, പ്രവചനം സത്യമാണെന്നും മോശക്കു മുമ്പും പിമ്പും വന്ന പ്രവാചകന്മാർക്കെല്ലാം മോശെ പിതാവാണെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
8. ഇപ്പോൾ ഞങ്ങളുടെ കൈവശത്തിലുള്ള തോറാ (ന്യായപ്രമാണം) മുഴുവൻ ഞങ്ങളുടെ ഉപദേഷ്ടാവായ മോശെക്കു, അവൻ സ്വസ്ഥതയിൽ വിശ്രമിക്കട്ടെ, നല്കിയതു തന്നെയാണെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
9. ഈ തോറാ ഒരിക്കലും മാറ്റപ്പെടുകയില്ലെന്നും സ്രഷ്ടാവിൽ നിന്നും, അവൻ വാഴ്ത്തപ്പെടട്ടെ, മറ്റൊരു തോറാ ഉണ്ടാകയില്ലെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
10. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു (സങ്കീ, 33:15) എന്നെഴുതിയിരിക്കുന്നതുപോലെ മനുഷ്യരുടെ എല്ലാ ചിന്തകളും പ്രവൃത്തികളും സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, അറിയുന്നുവെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
11. തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു സഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, പ്രതിഫലം നല്കുന്നുവെന്നും തൻ കല്പനകൾ ലംഘിക്കുന്നവനെ ശിക്ഷിക്കുന്നുവെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
12. മശീഹ (മഷീയാഹ്) വരുമെന്നും അവൻ താമസിച്ചാലും ദിനംപ്രതി ഞാൻ അവനായി കാത്തിരിക്കുമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
13. സ്രഷ്ടാവിനു, അവൻ വാഴ്ത്തപ്പെടട്ടെ, പ്രസാദമായ കാലത്തു മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുമെന്നും അവന്റെ കീർത്തി എന്നും എന്നേക്കും ഉന്നതമായിരിക്കുമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
യിസ്രായേൽ: യിസ്രായേലിന്റെ അസ്തിത്വവും വിളിയും യെഹൂദമതത്തിന്റെ അടിസ്ഥാനപ്രമേയമാണ്. യിസ്രായേല്യസഭയിലെ അംഗത്വത്തിനടിസ്ഥാനം ജനനമാണ്. മതപരിവർത്തനം സ്വീകാര്യമാണെങ്കിലും സാധാരണമല്ല. സ്വാഭാവികേന യെഹൂദമതം മിഷണറിമതമല്ല. പരിച്ഛേദനം, സ്നാനം, യാഗാർപ്പണം എന്നിവയിലൂടെ ഒരുവൻ ദൈവജനത്തോടു ചേരുന്നു. ശേഷിപ്പ് എന്ന പഴയനിയമ ഉപദേശം അവർക്കറിയാം ഏന്നതിനെക്കുറിച്ചു തെളിവൊന്നുമില്ല. വരാനുള്ള ലോകത്തിൽ എല്ലാ യിസ്രായേല്യനും പങ്കുണ്ട്. എന്നാൽ വിശ്വാസത്യാഗിക്ക് അതു അനുഭവിക്കാൻ സാധ്യമല്ല. യിസ്രായേല്യർ എല്ലാവരും സഹോദരന്മാരാണ്. ന്യായപ്രമാണത്തെക്കുറിച്ചുള്ള അറിവും ന്യായപ്രമാണ ആചരണവുമാണ് ദൈവസന്നിധിയിൽ ഒരുവന്റ സ്ഥാനം നിർണ്ണയിക്കുന്നത്. തന്മൂലം സിനഗോഗിലെ ശുശ്രൂഷകളിൽ നേതൃത്വത്തിനുള്ള യോഗ്യത ഭക്തിയും, അറിവും, പ്രാപ്പിയുമാണ്. റബ്ബിമാർ പുരോഹിതന്മാരോ, ശുശ്രൂഷകന്മാരോ അല്ല; പഠിപ്പിക്കുവാൻ കഴിയുമാറു തോറാ പഠിച്ചവരും അംഗീകരിക്കപ്പെട്ട റബ്ബിമാരുടെ അംഗീകാരം ലഭിച്ചവരുമാണവർ. ഭർത്താക്കന്മാരുടെ അധികാരത്തിനു വിധേയരും ന്യായപ്രമാണത്തിലെ ചില നിർദ്ദേശങ്ങൾ നിർവ്വഹിക്കാൻ കഴിയാത്തവരും ആയതുകൊണ്ടു സ്ത്രീകൾ പുരുഷന്മാർക്കു തുല്യരായി കണക്കാക്കപ്പെടുന്നില്ല.
തോറാ (ന്യായപ്രമാണം): പ്രവാചകപുസ്തകങ്ങളുടെ അധികാരത്തെ സദൂക്യർ അംഗീകരിച്ചില്ല. എന്നാൽ കുമ്രാൻസമൂഹം അവയ്ക്ക് ഉന്നതമായ സ്ഥാനം നൽകി. ദൈവഹിതത്തിന്റെ സമ്പൂർണ്ണവും അന്തിമവും ആയ വെളിപ്പാടായി തോറയെരും (പഞ്ചഗ്രന്ഥം), അവയുടെ ദൈവനിശ്വസ്ത വ്യാഖ്യാനങ്ങളായി പ്രവചനങ്ങളെയും പരീശന്മാർ കണ്ടു. മോശെയുടെ അധികാരത്തിൽ ആശ്രയിക്കാതെ സ്വന്തം അധികാരത്തിൽ ഊന്നിയതുകൊണ്ടാണ് അവർ ക്രിസ്തുവിനെ നിരസിക്കുകയും ക്രിസ്തുവിനോടു അടയാളം ആവശ്യപ്പെടുകയും ചെയ്തത്. രാഷ്ട്രീയമായി ജൈത്രയാത്ര നടത്തിയ സഭയുടെ മുമ്പിൽ നിലനില്പിനുവേണ്ടി ക്രിസ്തുവിനുള്ള സ്ഥാനം തോറയ്ക്ക് നല്കുവാൻ റബ്ബിമാർ ശ്രമിച്ചു. പ്രപഞ്ചത്തിൽ ഉന്നതസ്ഥാനം തോറയ്ക്കു നല്കുക മാത്രമല്ല, പ്രപഞ്ച സൃഷ്ടിക്കു മുമ്പുതന്നെ തോറാ ഉണ്ടായിരുന്നുവെന്നു സിദ്ധാന്തിക്കുകയും ചെയ്തു. യെഹൂദന്മാർ ന്യായപ്രമാണത്തെ ദൈവവും ദൈവത്തെ ഒരു ന്യായപ്രമാണവും ആക്കിമാറ്റി. പാപത്തിന്റെ ഭയങ്കരത്വം വെളിപ്പെടുത്താൻ വേണ്ടി ന്യായപ്രമാണം ലംഘനം നിമിത്തം കൂട്ടിച്ചേർത്തതാണെന്ന പൗലൊസിന്റെ ഉപദേശം യാഥാസ്ഥിതിക യെഹൂദനു അരോചകമായിരുന്നു.
ന്യായപ്രമാണത്തിൻ്റെ (തോറാ) അനുസരണം യെഹൂദന്റെ വ്യക്തിപരമായ താത്പര്യമാകുകയും, അതിലെ ചട്ടങ്ങൾ ജീവിതത്തിന്റെ സർവ്വതലങ്ങളെയും സ്പർശിക്കുകയും ചെയ്താൽ യിസ്രായേലിനുള്ളിൽ ഐക്യം സംജാതമാകും. അതിനു തോറയുടെ വ്യാഖ്യാനതത്വങ്ങളിൽ ഏകത്വം ഉണ്ടാകണം. കൈകഴുകൾ പോലെ പല കീഴ്വഴക്കങ്ങളും മോശെയോളം പഴക്കമുള്ള സമ്പ്രദായങ്ങളാണ്. ഈ തത്വങ്ങൾ വാചിക ന്യായപ്രമാണത്തിൽ ഉൾപ്പെടുന്നു. ലിഖിത ന്യായപ്രമാണത്തിനു തുല്യമായ അധികാരം വാചിക ന്യായപ്രമാണത്തിനുണ്ട്. കാരണം വാചിക ന്യായമാണം കൂടാതെ ലിഖിത ന്യായപ്രമാണം മനസ്സിലാക്കാൻ സാധ്യമല്ല. ലിഖിത ന്യായപ്രമാണത്തിൽ 613 കല്പനകളുണ്ട്; 248 വിധായകവും 365 നിഷേധവും. പുതിയ ചട്ടങ്ങളുണ്ടാക്കി ഇവയെ സംരക്ഷിച്ചു. അവയെ പ്രമാണിക്കുന്നതു മൗലികന്യായപ്രമാണം പ്രമാണിക്കുന്നതിനു സമാനമാണ്. വാചിക ന്യായപ്രമാണം പൂർത്തിയായതായി പരിഗണിക്കാനാവില്ല. ചുറ്റുപാടുകളുടെ മാറ്റത്തിനു ആനുസരിച്ചു ന്യായപ്രമാണത്തിന്റെ പ്രയുക്തി മാറണമല്ലോ. തലാമൂദിലും മിദ്രാഷിലും അതിന്റെ രൂപം എറെക്കുറെ നിർണ്ണീതമായിത്തീർന്നു.
തല്മൂദിനു രണ്ടു ഭാഗങ്ങളുണ്ട്. ആദ്യഭാഗമായ ‘മിഷ്ണാ’ (ആവർത്തനം) സമാഹരിച്ചതു റബ്ബി യെഹൂദാ ഹനാസി (എ.ഡി 200) ആണ്. രണ്ടാം ഭാഗമായ ‘ഗെമറ’ മിഷായുടെ വിശദമായ വ്യാഖ്യാനമാണ്. ആദിമ യെഹുദമതത്തിലേക്കു അതു വെളിച്ചം വീശുന്നു. അതിന്റെ ദീർഘമായ ബാബിലോന്യൻ പാഠം (തല്മൂദ് ബാബ്ലി) എ.ഡി 500-ൽ പൂർത്തിയായി; അപൂർണ്ണമായ പലസ്തീനിയൻ പാഠം ഒരു നൂറ്റാണ്ടു മുമ്പും. തോറയുടെ പ്രദാനം പരമമായ കൃപാദാനവും അതിനെ പ്രമാണിക്കുന്നത് സ്നേഹത്തിന്റെ പ്രതികരണവുമായി യെഹൂദന്മാർ കണക്കാക്കുന്നു.
ദൈവം: ദൈവത്തെക്കുറിച്ചുള്ള ഉപദേശം പഴയനിയമ വെളിപ്പാടിൽ നിന്നും വ്യതിചലിക്കുന്നില്ലെന്നു റബ്ബിമാരുടെ സൂക്തങ്ങളിൽ നിന്നും വ്യക്തമാണ്. യിസ്രായേലിനോടു ഉടമ്പടി ചെയ്യുകയും, അവർക്കു ന്യായപ്രമാണം (തോറാ) വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്ത ഏകദൈവത്തിൽ യെഹൂദന്മാർ വിശ്വസിക്കുന്നു. യഹോവ എന്ന വിശുദ്ധനാമം ആദരാധിക്യം നിമിത്തം യെഹൂദന്മാർ ഉച്ചരിക്കാറില്ല. യോദ്, ഹേ, വാവ്, ഹേ എന്ന ചതുരക്ഷരിയാണു യഹോവ. യോദ് എന്ന എബ്രായ അക്ഷരം ഭാവികാലത്തെയും (യിഹ്യേ=ആകും), ഹേ എന്നതു ഭൂതകാലത്തെയും (ഹയാ=ആയിരുന്നു), നാലാമത്തെ അക്ഷരമായ ഹേ വർത്തമാനകാലത്തെയും (ഹോവേ=ആകുന്നു ) സൂചിപ്പിക്കുന്നു. വാവ് എന്ന മൂന്നാമത്തെ അക്ഷരത്തിനു ‘ഉം’ എന്നർത്ഥം. തോറയിൽ ‘യഹോവ’ വരുന്ന സ്ഥാനങ്ങളിൽ യോദ് ഹേ വാവ് ഹേ എന്നോ, ഹഷേം (തിരുനാമം) എന്നോ, അദോനായ് (ഞങ്ങളുടെ നാഥൻ) എന്നോ വായിക്കുന്നു. യഹോവ എന്ന സംജ്ഞയുടെ ശരിയായ ഉച്ചാരണം നഷ്ടപ്പെട്ടുപോയി എന്നും മശീഹ പ്രത്യക്ഷപ്പെടുമ്പോൾ തങ്ങൾക്കതു പഠിക്കാൻ കഴിയുമെന്നും യെഹൂദന്മാർ വിശ്വസിക്കുന്നു. ക്രൈസ്തവ ത്രിത്വ വാദത്തിനെതിരായി ഏകദൈവവാദം അവർ സ്വീകരിച്ചു. ദൈവത്തിലെ വിഭിന്ന ആളത്തങ്ങളെ അവർ അംഗീകരിച്ചില്ല. ദൈവം സർവ്വാതിശായി ആയതുകൊണ്ടു ജഡധാരണം അസാദ്ധ്യമാണ്. ദൈവം മനുഷ്യനാകുന്നില്ല, മനുഷ്യനു ദൈവമാകാൻ കഴിയുകയുമില്ല. ദൈവം മനുഷ്യനല്ല, ദൈവത്തിനും മനുഷ്യനും ഇടയ്ക്കു മദ്ധ്യവർത്തികളും ഇല്ല. ദൈവത്തോടു പ്രത്യക്ഷബന്ധം പുലർത്താനുള്ള അവസരം എല്ലാവർക്കും ഒന്നുപോലെ ഉണ്ട്. യെഹൂദന്മാരുടെ ഈ വിശ്വാസം ദൈവത്തെ അജ്ഞയമായ ഒരു ദാർശനികതത്ത്വമാക്കി മാറ്റി. യിസ്രായേൽ ദൈവത്തോടു നിരപ്പു പ്രാപിക്കണമെന്ന ധാരണ യെഹുദമതത്തിലില്ല.
മശീഹ: മശീഹയെക്കുറിച്ചു വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നു. എ.ഡി. 200-വരെ മശീഹയിൽ പ്രകൃത്യതീതമായൊന്നും അവർ ദർശിച്ചിരുന്നില്ല. വിദേശപീഡനത്തിൽ നിന്നു മശീഹ യിസ്രായേലിനെ വീണ്ടെടുത്തു, തോറയുടെ അനുഷ്ഠാനം പ്രാബല്യത്തിൽ വരുത്തും എന്ന ധാരണയാണുണ്ടായിരുന്നത്. തോറയെ മശീഹ പരിഷ്ക്കരിക്കുമെന്ന വിശ്വാസം ആദ്യകാലത്തുണ്ടായിരുന്നു. എന്നാൽ ക്രിസ്തുവിനെയും ന്യായപ്രമാണത്തെയും കുറിച്ചുള്ള ക്രൈസ്തവോപദേശത്തെ അഭിമുഖീകരിച്ചപ്പോൾ പ്രസ്തുത ധാരണയെ അവർ ക്രമേണ ഉപേക്ഷിച്ചു.
അന്ത്യകാലത്തു യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട രാജാവാണ് മശീഹ. മശീഹയുടെ വരവോടുകൂടി ദൈവരാജ്യം ഭൂമിയിൽ സംജാതമാകും. ന്യായപ്രമാണം അനുസരിക്കുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കും. അവരാണ് സാക്ഷാൽ യിസ്രായേൽ. ജാതികളുടെ പീഡനങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും യിസ്രായേൽ വിമുക്തരാകും. അന്നു യിസ്രായേലിനും സകലജാതികൾക്കും സമാധാനം ഉണ്ടാകും. സമാധാനം സ്ഥാപിക്കുന്നതോടു കൂടി മശീഹയുടെ വേല പൂർത്തിയാകും; ദൈവം രാജാവാകും. (സെഖ, 14:9). ദേശീയമായ കഷ്ടതയുടെ കാലത്തു വിമോചനത്തിനുവേണ്ടി യെഹൂദന്മാർ മശീഹയെ പ്രതീക്ഷിച്ചു. യെരുശലേം ദൈവാലയത്തിന്റെ നാശത്തിനു ശേഷം ‘ബാർകൊഖ്ബായെ’ മശീഹയായി കരുതി. അദ്ദേഹം മൂന്നുവർഷം സ്വാതന്ത്യത്തിനുവേണ്ടി പൊരുതിയതു അന്ത്യയുദ്ധമായി കരുതി. എന്നാൽ ആ യുദ്ധം എ.ഡി. 135-ൽ യെഹൂദന്മാരുടെ ദയനീയ പരാജയത്തിൽ കലാശിച്ചു. 17-ാം നൂറ്റാണ്ടിൽ പുർവ്വയൂറോപ്പിലെ കഠിന പീഡയിൽ ‘സബ്ബത്തായ് സെവി’ സ്വയം മശീഹയായി അവതരിച്ചു. മശീഹാബ്ദം എന്നറിയപ്പെട്ട 1666-ൽ തടവുകാരനായ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. ഇതു യെഹുദന്മാർക്കു നിരാശയ്ക്കു കാരണമായി. ഇമ്മാതിരി അനുഭവങ്ങൾ നിമിത്തം വ്യക്തിയല്ല, യിസ്രായേൽ ജാതിയാണു മശീഹ എന്നു പലരും ചിന്തിച്ചു തുടങ്ങി.
പുനരുത്ഥാനം: മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉപദേശം പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ ലോകവും (ഒലാം ഹ-സെഹ്), ഭാവിലോകവും (ഒലാം ഹ-ബാ) തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാക്കി. മശീഹയുടെ നാളുകളുടെ ദൈർഘ്യം പരിമിതമായയും, അതു രണ്ടു യുഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതായും കരുതി. ഭാവിലോകം (ഒലാം ഹ-ബാ) സ്വർഗ്ഗീയമല്ല, ഭൗമികമാണ്. ക്രിസ്തുമതത്തിന്റെയും യവന ദർശനത്തിന്റെയും സ്വാധീനത്തിൽ പില്ക്കാലത്തു യെഹൂദമതം ആത്മാവിന്റെ അമർത്ത്യതയെ അംഗീകരിച്ചു. മരണാനന്തര ജീവിതത്തിനു ദേഹസഹിതമായ പുനരുത്ഥാനം ആവശ്യമാണെന്നതു പഴയനിയമത്തിന്റെ ഉപദേശമാണ്.
മനുഷ്യൻ: മൂലപാപം (Original sin) എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. പാപം മനുഷ്യനെ വികലമാക്കിയെങ്കിലും അവന്റെ ദൈവസാദൃശ്യത്തെ നശിപ്പിച്ചില്ല. മനുഷ്യനിൽ ദൈവികസ്ഫുലിംഗം ഉണ്ട്. ദൈവസൃഷ്ടിയായ മനുഷ്യനിൽ മൗലിക സുകൃതം ഉണ്ട്. തോറാ നല്കിയതു ദൈവകൃപയുടെ പ്രവൃത്തിയാണ്. തോറ ലഭിച്ച മനുഷ്യൻ അതിനെ സ്വന്തരക്ഷയ്ക്കു ഉപയോഗിക്കണം. മനുഷ്യനെ രക്ഷിക്കുവാൻ ദൈവം ജഡം ധരിക്കേണ്ട ആവശ്യമില്ല.
യെഹൂദൻ എബ്രായയിൽ ‘യെഹൂദി’ ആണ്; ഗ്രീക്കിൽ ‘യൂഡയൊസും.’ യിരെമ്യാവിന്റെ കാലത്തിനു മുമ്പു പഴയനിയമത്തിൽ യെഹൂദൻ എന്ന പ്രയോഗമില്ല. യെഹൂദൻ എന്ന പദത്തിന്റെ മൗലികമായ അർത്ഥം യെഹൂദാഗോത്രജൻ അഥവാ യെഹൂദാരാജ്യത്തിലെ (ബെന്യാമീൻ, യെഹൂദാ) പ്രജ എന്നത്രേ. (2രാജാ, 16:6; 25:25). പില്ക്കാലത്തു യെഹൂദൻ എന്ന പദത്തിനു അർത്ഥവ്യാപ്തി ലഭിച്ചു. പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയ എബ്രായരെ മുഴുവൻ അതുൾക്കൊണ്ടു. ബാബേൽ പ്രവാസത്തിൽനിന്നും മടങ്ങിവന്നവർ അധികവും യെഹൂദാഗോത്രത്തിൽ നിന്നുള്ളവരായിരുന്നു. മാത്രവുമല്ല, പൗരാണിക യിസ്രായേലിന്റെ ചരിത്രപരമായ പ്രാതിനിധ്യസ്വഭാവം യെഹൂദയ്ക്കുണ്ടായിരുന്നു. അതിനാൽ ലോകമെങ്ങുമുള്ള എബായരെക്കുറിക്കുവാൻ യെഹൂദൻ എന്ന സംജ്ഞ പ്രയുക്തമായി. (എസ്ഥ, 2:5; മത്താ, 2:2). ഹിസ്കീയാ രാജാവിന്റെ കാലം മുതൽ യെഹൂദയിലെ ഭാഷ യെഹൂദാഭാഷ അഥവാ യെഹൂദ്യ ഭാഷ എന്നറിയപ്പെട്ടു. (2രാജാ, 18:26, 28; നെഹെ, 13:24; യെശ, 36:11, 13). സുവിശേഷങ്ങളിൽ യെഹൂദന്മാർ (ബഹുവചനത്തിൽ) യിസ്രായേല്യരാണ്. പുതിയ നിയമത്തിൽ യെഹൂദന്മാരെയും (യിസ്രായേല്യർ) ജാതികളെയും വേർതിരിച്ചു കാണിക്കുന്നുണ്ട്. (മർക്കൊ, 7:3; യോഹ, 2:6; പ്രവൃ, 10:28). യെഹൂദകഥകളെയും (തീത്തൊ, 1:14), യെഹൂദ മതത്തെയുംക്കുറിച്ചു പൗലൊസ് പരാമർശിക്കുന്നുണ്ട്. (ഗലാ, 1:13, 14).
49. ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും. (1കൊരി, 1:19) <×> (29:14).
50. ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. (1കൊരി, 2:9) <×> (64:4).
‘ദൈവത്തിന്റെ പോരാളി’ എന്നർത്ഥം. തിരുവെഴുത്തുകളിൽ ‘യിസ്രായേൽ’ എന്ന നാമത്തിനു നാലു അർത്ഥതലങ്ങളുണ്ട്. 1. യിസ്ഹാക്കിന്റെ പുത്രനായ യാക്കോബ് എന്ന വ്യക്തി. 2. യാക്കോബിന്റെ സന്തതികളായ പന്ത്രണ്ടു ഗോത്രങ്ങൾ. 3. അവിഭക്ത യിസ്രായേൽ. 4. വിഭക്ത യിസ്രായേൽ.
പെനീയേലിൽ വച്ച് യാക്കോബ് ഒരു രാത്രി ദൈവദൂതനുമായി മല്ലുപിടിച്ചു. അതിൽ യാക്കോബ് ജയിച്ചു. അതിന്റെ ഫലമായി “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു യഹോവ പറഞ്ഞു. (ഉല്പ, 32:28). ബേഥേലിൽ വച്ച് യഹോവ വീണ്ടും യാക്കോബിനെ സന്ദർശിച്ചു പറഞ്ഞു; “നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നേ പേരാകേണം എന്നു കല്പിച്ചു അവനു യിസ്രായേൽ എന്നു പേരിട്ടു.” (ഉല്പ, 35:10). അതിനുശേഷം യാക്കോബിനു പകരം യിസ്രായേൽ എന്ന പേര് പഴയനിയമത്തിൽ പ്രചുരമായി പ്രയോഗിച്ചിരിക്കുന്നതു കാണാം. യാക്കോബിന്റെ പ്രന്തണ്ടു പുത്രന്മാരും അക്ഷരാർത്ഥത്തിൽ യിസ്രായേലിന്റെ പുത്രന്മാർ ആണ്. (ഉല്പ, 42:5; 45:21). യാക്കോബിന്റെ പിൻഗാമികൾ യിസ്രായേൽ മക്കൾ (ബെനേ യിസായേൽ) എന്നറിയപ്പെട്ടു. (ഉല്പ, 46:8). യിസ്രായേലിന്റെ പന്ത്രണ്ടു മക്കളിൽ ആരംഭിച്ച ആ രാഷ്ട്രം ‘യിസായേൽ’ (ഉല്പ, 34:7), ‘യിസ്രായേൽ ജനം’ (പുറ, 1:9), ‘യിസ്രായേൽ (12) ഗോത്രങ്ങൾ’ (ഉല്പ, 49:16, 28), ‘യിസ്രായേൽ മക്കൾ’ (ഉല്പ, 32:32) എന്നീ പേരുകളിൽ അറിയിപ്പെട്ടു. ഈജിപ്റ്റിലെ രാജാവായ മെറെൻപ്തായുടെ ലിഖിതമാണ് യിസ്രായേൽ എന്ന രാഷ്ട്രത്തെക്കുറിച്ചു ആദ്യമായി പരാമർശിച്ചിട്ടുള്ള ബാഹ്യരേഖ, ബി.സി. 1230-ലേതാണത്. അടുത്ത പരാമർശം അശ്ശൂർ രാജാവായ ശല്മനേസർ മൂന്നാമന്റെ ലിഖിതത്തിലാണ്. (853 ബി.സി). യിസ്രായേൽ രാജാവായ ആഹാബിനെക്കുറിച്ച് അതിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രശസ്തി ശിലയിൽ (830 ബി.സി) അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്, ‘യിസായേൽ എന്നേക്കുമായി നശിച്ചു.’
യിസ്രായേലിന്റെ ആരംഭം: യിസ്രായേലിന്റെ ചരിത്രാരംഭം ഈജിപ്റ്റിൽ നിന്നുള്ള പുറപ്പാടു മുതലാണ്. കനാൻ ദേശത്തു ഭയങ്കരമായ ക്ഷാമം ബാധിച്ചപ്പോൾ ഇടയന്മാരായിരുന്ന അവരുടെ പൂർവ്വപിതാക്കന്മാർ ഭക്ഷണപദാർത്ഥങ്ങൾക്കായി ഈജിപ്റ്റിലേക്കു വരികയും ഗോശെൻ ദേശത്തു പാർപ്പുറപ്പിക്കുകയും ചെയ്തു. ഉദ്ദേശം പത്തു തലമുറകൾ കൊണ്ട് യിസ്രായേൽ മക്കൾ പുരുഷന്മാർ മാത്രം ആറുലക്ഷം ഉൾക്കൊള്ളുന്ന മഹാസമുഹമായി വർദ്ധിച്ചു. (പുറ, 12:37; സംഖ്യാ, 1:46). ഇവരുടെ അമിതമായ വർദ്ധനവു ഭരണാധികാരികളുടെ അസൂയയ്ക്കും ഭയത്തിനും കാരണമായി. അവർ യിസ്രായേല്യരെ വളരെയധികം പീഡിപ്പിക്കുകയും അവരെക്കൊണ്ടു ഊഴിയവേല ചെയ്യിപ്പിക്കുകയും ചെയ്തു. യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു. ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമം ഓർത്തു. (പുറ, 2:24-25). ദൈവം കത്തുന്ന മുൾപ്പടർപ്പിൽ മോശെക്കു പ്രത്യക്ഷനായി യിസ്രായേൽ ജനത്തെ മോചിപ്പിക്കുവാൻ മോശെയെ നിയോഗിച്ചു. (പുറ, 3:10). പത്തു ബാധകളിലൊടുവിലത്തേതായ കടിഞ്ഞൂൽ സംഹാരത്തിനു ശേഷമാണു കഠിനഹൃദയനായ ഫറവോൻ യിസ്രായേൽ മക്കളെ വിട്ടയച്ചത്. പുറപ്പാടിന്റെ 480-ാം വർഷത്തിലാണ് ശലോമോൻ ദൈവാലയം പണിയുവാൻ തുടങ്ങിയത്. അത് ബി.സി. 966-ലായിരുന്നു. (1രാജാ, 6:1). ഈ കണക്കനുസരിച്ച് പുറപ്പാട് സു. 1446 ബി.സി.യിലായിരിക്കണം.
മോശെയുടെ നേതൃത്വത്തിൽ അവർ ഈജിപ്റ്റിൽ നിന്നും വളരെ കഷ്ടതകൾ സഹിച്ച് പദയാത്ര ചെയ്തു വാഗ്ദത്ത നാട്ടിലെത്തി. യാത്രാമദ്ധ്യേ സീനായി പർവ്വതത്തിൽ വച്ച് അവർ യഹോവയുമായി കൂടുതൽ അടുത്തു. അപ്പോൾ യഹോവയെ യിസ്രായേൽ ജനത പൂർണ്ണമായി അംഗീകരിച്ചു. യഹോവ യിസ്രായേലുമായി നിയമം ചെയ്തു. അവർക്കു വാഗ്ദത്തം നല്കി. “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:5,6). സീനായി പർവ്വത്തിൽ വച്ച് ‘പത്തു കല്പനകൾ’ യിസ്രായേൽ മക്കൾക്കു നല്കി. അന്യദേവന്മാർക്ക് അസ്തിത്വം ഉണ്ടോ ഇല്ലയോ എന്നത് മോശെയുടെയോ അനുയായികളുടെയാ ചിന്തയിൽ സ്ഥാനം പിടിച്ചില്ല. യഹോവയെ പരമോന്നത ദൈവമായി അവർ അംഗീകരിച്ചുകഴിഞ്ഞു. ഇതിനെ ഏകദൈവവിശ്വാസം എന്നു വിളിക്കുന്നു. മോശെ യിസ്രായേലിന്റെ ആദ്യത്തെ നിയമദാതാവു മാത്രമായിരുന്നില്ല. അദ്ദേഹം ഒരു പ്രവാചകനും പുരോഹിതനും രാജാവും ആയിരുന്നു. ജനത്തിന്റെ വ്യവഹാരങ്ങളിൽ മോശെ തീർപ്പു കല്പിച്ചു. മതതത്വങ്ങൾ അവർക്കു വ്യാഖ്യാനിച്ചു മനസ്സിലാക്കിക്കൊടുത്തു. മോശെയുടെ മരണശേഷം അവർ പഴയ അടിമകളെപ്പോലെ ആയിരുന്നില്ല. കനാൻദേശം കീഴടക്കാനും താമസിക്കാനും ശക്തിയാർജ്ജിച്ച ഒരു സൈന്യമായി അവർ മാറിക്കഴിഞ്ഞു.
യിസ്രായേൽ ജനത കനാൻ ദേശത്ത് എത്തുന്നതിനു മുൻപുതന്നെ അവരുടെ പ്രന്തണ്ടു ഗോത്രങ്ങളും ഒരു സഖ്യത്തിലേർപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ ഉടമ്പടിബദ്ധ ഐക്യത്തിന്റെ അടയാളമാണ് നിയമപെട്ടകം. അവർ ഒരിടത്തു താവളമടിക്കുമ്പോൾ സമാഗമനകൂടാരം പാളയത്തിനു മദ്ധ്യത്തിലായിരിക്കും. നിയമപ്പെട്ടകം സമാഗമനകൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്തു സൂക്ഷിച്ചിരുന്നു. കേന്യർ, കെനിസ്യർ, യെരഹ്മെല്യർ മുതലായവരുമായി യിസ്രായേല്യർക്ക് ബന്ധം ഉണ്ടായിരുന്നു. പില്ക്കാലത്തു ഇവരെല്ലാം യെഹൂദാഗോത്രവുമായി ഇഴുകിച്ചേർന്നു. യിസ്രായേല്യർ തലമുറ തലമുറകളായി അമാലേക്യരുമായി ശത്രുതയിലാണ്. ഒരിടത്തു സ്ഥിരമായി താമസിച്ചു കൃഷിചെയ്ത് ജീവിക്കുന്ന കനാന്യരോടുള്ള സഖ്യതയും നാടോടികളായ ഇടയന്മാരോടുള്ള സഖ്യതയും തമ്മിൽ വ്യത്യാസമുണ്ട്. കനാന്യരുടെ കാമപൂരിതമായി അനുഷ്ഠാനങ്ങളോടു കൂടിയ പ്രകൃതിപൂജ യഹോവയുടെ ആരാധനയ്ക്ക് എതിരാണ്.
മരുഭൂമി പ്രയാണകാലത്തു ‘കാദേശ് ബർന്നേയ’ ആയിരുന്നു അവരുടെ കേന്ദ്രം. ആ പ്രദേശം അവരുടെ വിശുദ്ധമന്ദിര സ്ഥാനവും (പേര് അതു വ്യക്തമാക്കുന്നു) പരാതികൾ കേട്ട് വിധി കല്പിക്കുന്ന സ്ഥലവും (അന്യനാമമായ എൻമിഷ്പാത്ത്) ആയിരുന്നു. അവർ കാദേശ് ബർന്നേയയിൽ നിന്നും യാത്ര തിരിച്ചപ്പോൾ അവരിൽ കുറച്ചുപേർ വടക്കു മധ്യനെഗീവീലേക്കു കടന്നു. എന്നാൽ അധികം പേരും ചാവുകടലിന്റെ തെക്കു കിഴക്കു ഭാഗത്തേക്കു ഏദോമ്യർ, അമ്മോന്യർ, മോവാബ്യർ എന്നിവരുടെ അതിരിലൂടെ കടന്നുപോയി. അകലെ വടക്കു അമോര്യ രാജാക്കന്മാരായ സീഹോന്റെയും ഓഗിന്റെയും സാമ്രാജ്യങ്ങൾ സ്ഥിതിചെയ്തിരുന്നു. സീഹോനും ഓഗും യിസ്രായേല്യരെ എതിർത്തു. എന്നാൽ യിസ്രായേല്യർ അവരെ തോല്പിച്ചു അവരുടെ പ്രദേശങ്ങൾ പിടിച്ചെടുത്തു. ഈ പ്രദേശങ്ങൾ പില്ക്കാലത്ത് രൂബേൻ, ഗാദ്, പൂർവ്വ മനശ്ശെ എന്നീ പേരുകളിലറിയപ്പെട്ടു. യോർദ്ദാൻ കടക്കുന്നതിനു മുമ്പുതന്നെ യിസ്രായേല്യ സമൂഹത്തിലൊരു ഭാഗം കർഷകരായി മാറിക്കഴിഞ്ഞു. (സംഖ്യാ, 32). ശേഷിച്ച ഗോത്രങ്ങൾക്കു പശ്ചിമ കനാൻ വിഭജിച്ചു നല്കാനുള്ള ക്രമീകരണം മോശൈ ചെയ്തു. (സംഖ്യാ, 33-34). ഇക്കാലത്ത് യിസ്രായേലിനെ ശപിക്കാൻ ബിലെയാമിനെ കൊണ്ടുവന്നപ്പോൾ ബിലെയാം യിസ്രായേലിനെ അനുഗ്രഹിക്കുകയും മശീഹയുടെ ആഗമനത്തെ മുന്നറിയിക്കുകയും ചെയ്തു. “ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽ നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽ നിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.” (സംഖ്യാ, 24:17). അനന്തരം മോശെ തന്റെ പിൻഗാമിയായി യോശുവയെ അഭിഷേകം ചെയ്തു. (സംഖ്യാ, 27:33). നെബോ പർവ്വതത്തിൽ പിസ്ഗാ മുകളിൽ കയറി വാഗ്ദത്തദേശം കണ്ടശേഷം മോശെ മരിച്ചു. യഹോവ അവനെ അടക്കി. (ആവ, 34:5,6).
കനാൻ ആക്രമണം: യിസ്രായേല്യർ യോർദ്ദാൻ കടന്നതിനുശേഷം യെരീഹോ മതിൽ നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം അവർ ആ പ്രദേശത്തിന്റെ ഹൃദയഭാഗത്തേക്കു ചെന്നു. കോട്ടകൾ ഓരോന്നായി അവരുടെ മുമ്പിൽ വീണു. ഈജിപ്റ്റ് കനാന്യരെ സഹായിക്കുവാനുള്ള ഒരു നിലയിലായിരുന്നില്ല. പടിഞ്ഞാറെ തീരത്തുള്ള ഒരു റോഡു മാത്രമെ ഈജിപ്റ്റിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല, ഫെലിസ്ത്യർ ഈ പ്രദേശത്തു ഈജിപ്ഷ്യൻ ശക്തിയുടെ വളർച്ചയ്ക്ക് വിഘ്നമായി നിലകൊണ്ടു. ദക്ഷിണഭാഗത്ത് ഗിബെയോൻ കീഴടങ്ങുകയും തന്ത്രപൂർവ്വം നാശം ഒഴിവാക്കുകയും ചെയ്തു. (യോശു, 9:15). ഇതിൽ പ്രകോപിതരായ അഞ്ചു രാജാക്കന്മാർ യെരൂശലേം രാജാവിന്റെ നേതൃത്വത്തിൽ യിസ്രായേല്യരുടെ തെക്കു ഭാഗത്തേക്കുള്ള നീക്കത്തെ തടഞ്ഞു. തെക്കുള്ള ഗിബെയോന്യരും ഹിവ്യരും യിസ്രായേല്യർക്കു കീഴടങ്ങിയിരുന്നു. യിസ്രായേല്യർ ഈ അഞ്ചു പേരടങ്ങുന്ന സഖ്യത്തെ ബേത്ത്-ഹോരെനിൽ വച്ചു തോല്പിക്കുകയും തെക്കു ഭാഗത്തേക്കുള്ള പാത ആക്രമണകാരികൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. കനാന്യരുടെ തേർപ്പട ഇവരെ തടഞ്ഞുവെങ്കിലും അവർ വേഗം മധ്യദക്ഷിണ മലമ്പ്രദേശങ്ങളും ജെസ്രീൽ സമഭൂമിക്കു വടക്കുള്ള ഗലീലാ പ്രദേശങ്ങളും കീഴടക്കി. യിസ്രായേലിൽ മെഡിറ്ററേനിയൻ മുതൽ യോർദ്ദാൻ വരെയുള്ള കോട്ടകൾ വടക്കുഭാഗത്തു താമസിച്ചിരുന്ന യിസായേല്യ ഗോത്രങ്ങളെ മദ്ധ്യ കനാനിലെ ഗോത്രക്കാരിൽ നിന്നും ഒറ്റപ്പെടുത്തിക്കളഞ്ഞു. ഇരുനൂറു വർഷങ്ങളായി കനാന്യരുടെ അധികാരത്തിലിരുന്ന യെഹൂദയെ യെരുശലേം കോട്ട കെട്ടി മധ്യഭാഗത്തുള്ള ഗോത്രക്കാരിൽ നിന്നും അകറ്റി. യിസ്രായേലിലെ പട്ടാള മേധാവികൾക്കെതിരെ വടക്കും മധ്യഭാഗത്തുള്ളതുമായ ഗോത്രക്കാർ തിരിഞ്ഞു. അവിടെ യുദ്ധം ഉണ്ടായി; പെട്ടെന്നു ഒരു കൊടുങ്കാറ്റടിച്ചു ജലം പൊങ്ങിയതു കൊണ്ട് കനാന്യരുടെ രഥപ്പടയ്ക്ക് യുദ്ധം ചെയ്യാനായില്ല. അങ്ങനെ യിസ്രായേല്യർ കീശോൻ യുദ്ധത്തിൽ വിജയം കൈവരിച്ചു. വടക്കും മധ്യഭാഗത്തും ഉള്ള ഗോത്രക്കാർക്ക് വീണ്ടും വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. എന്നാൽ യെഹൂദ മറ്റുള്ള ഗോത്രങ്ങളിൽ നിന്നും അകന്നു കിടന്നതുകൊണ്ട് അവരെ ഇതൊന്നും ബാധിച്ചില്ല.
ന്യായാധിപന്മാർ: കനാന്യരെ പൂർണ്ണമായി നീക്കിക്കളയണം എന്നു യഹോവ യിസ്രായേല്യരോടു കല്പിച്ചിരുന്നു. (ആവ, 7:2). അതനുസരിച്ചു യെഹൂദാമക്കൾ യെരുശലേമിനോടു യുദ്ധം ചെയ്ത നഗരം തീയിട്ടു ചുട്ടുകളഞ്ഞു. (ന്യായാ, 1:8). എഫ്രയീമും പശ്ചിമ മനശ്ശെയും ബേഥേലിനെ നശിപ്പിച്ചു. (ന്യായാ, 1:25). യിസ്രായേല്യർ കനാന്യരെ ഒഴിപ്പിക്കാതെ തങ്ങളുടെ ഇടയിൽ പാർക്കാൻ അനുവദിച്ചു. തത്ഫലമായി യിസ്രായേലിനു പരാജയം നേരിട്ടു തുടങ്ങി. ദാന്യരെ അമോര്യർ താഴ്വരയിലേക്കിറങ്ങാൻ സമ്മതിക്കാതെ മലനാട്ടിൽ ഒതുക്കിക്കളഞ്ഞു. (ന്യായാ, 1:27-34). യഹോവയെ വിട്ടകന്നു അന്യദൈവങ്ങളെ സേവിച്ച യിസ്രായേൽ ജനത്തെ ജാതികൾ ഞെരുക്കി; കവർച്ചക്കാർ അവരെ കൊള്ളയടിച്ചു. ഈ ഘട്ടത്തിൽ അവരെ രക്ഷിക്കാൻ ദൈവം ന്യായാധിപന്മാരെ എഴുന്നേല്പിച്ചു. പതിനാലു ന്യായാധിപന്മാരുടെ കാലം (ന്യായാധിപന്മാരിൽ പ്രന്തണ്ടും 1ശമുവേലിൽ ഏലിയും ശമുവേലും) യിസ്രായേലിന്റെ പിന്മാറ്റത്തിന്റെയും പുന:സ്ഥാപനത്തിന്റെയും കാലമായിരുന്നു.
ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേലിനെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ജാതികൾ അനേകമാണ്. പലസ്തീനു വടക്കുള്ള ഹിത്യരും, തെക്കുള്ള മിസ്രയീമ്യരും യിസ്രായേൽ മക്കളെ കഷ്ടപ്പെടുത്തി. യിസ്രായേലിനുണ്ടായ ആദ്യപീഡനം മെസൊപൊത്താമ്യയിലെ രാജാവായി ‘കുശൻ രിശാഥയീമിൽ’ നിന്നായിരുന്നു. ഒത്നീയേൽ കുശൻ രിശാഥയീമിനെ തോല്പിച്ചു. തുടർന്നു നാല്പതു വർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:8-11). മോവാബു രാജാവായ എഗ്ലോനെ യിസ്രായേല്യർ പതിനെട്ടു വർഷം സേവിച്ചു. ഏഹൂദ് മോവാബ്യരിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചു. തുടർന്നു ദേശത്തിനു എൺപതു വർഷം സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:12-30). സഞ്ചാരജാതികളായ മിദ്യാന്യരും അമാലേക്യരും യിസ്രായേലിനെ കൊള്ളയടിച്ചു. അവരിൽ നിന്ന് യിസ്രായേലിനെ രക്ഷിച്ചതു ഗിദെയോനായിരുന്നു. (ന്യായാ, 6;1-8:35). ഗിദെയോന്റെ മകനായ അബീമേലെക്കു യിസ്രായേലിൽ രാജാവാകാൻ ശ്രമം നടത്തി. തുടർന്നുണ്ടായ കുഴപ്പത്തിൽ നിന്നു മോചനം നല്കിയതു തോലയും യായീരും ആയിരുന്നു. യിസ്രായേൽമക്കൾ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. ദൈവം അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു. അമ്മോന്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും ഉള്ളവരായിരുന്നു. യിഫ്താഹ് അമ്മോന്യരിൽ നിന്നും യിസ്രായേലിനെ വിടുവിച്ചു.
യിസായേല്യ സ്വാതന്ത്യത്തിനു കഠിനമായ എതിർപ്പു നേരിടേണ്ടി വന്നതു പടിഞ്ഞാറുഭാഗത്തു നിന്നായിരുന്നു. യിസ്രായേല്യർ യോർദ്ദാൻ കടന്നു വളരെക്കാലം കഴിയുന്നതിനു മുൻപ് ഏജിയൻ ദ്വീപിൽ നിന്നും തീരദേശത്തു നിന്നും സമുദ്രജനത കൂട്ടമായി കനാന്റെ പടിഞ്ഞാറെ തീരത്ത് താമസമുറപ്പിക്കുകയും അഞ്ച് നഗരരാഷ്ട്രങ്ങൾ രൂപികരിക്കുകയും ചെയ്തു. അവ അസ്തോദ്, അസ്ക്കെലോൻ, എക്രോൻ, ഗസ്സ, ഗത്ത് എന്നിവയായിരുന്നു. ഈ ഫെലിസ്ത്യർ കനാന്യരുമായി വിവാഹത്തിലേർപ്പെടുകയും ഭാഷയിലും മതത്തിലും അവർ പെട്ടെന്നു കനാന്യരാവുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ സൈനിക കാര്യങ്ങളിലും മറ്റും അവർ തങ്ങളുടെ മാതൃരാജ്യത്തിന്റെ നിയമങ്ങളെ പിൻതുടർന്നു. പഞ്ചനഗരത്തിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞശേഷം അവർ തങ്ങളുടെ അധികാരം യിസ്രായേലിന്റെ കൈവശത്തുള്ള പ്രദേശത്തു കൂടെ വ്യാപിപ്പിക്കുവാൻ ശ്രമിച്ചു. യിസ്രായേല്യർ സൈനിക ബലത്തിൽ പിന്നോക്കമായിരുന്നു. ഫെലിസ്ത്യർക്ക് ഇരുമ്പായുധങ്ങൾ നിർമ്മിക്കാൻ അറിയാമായിരുന്നു. അത് അവരുടെ കുത്തകയായി നിലനിന്നു. യിസ്രായേല്യർ കൃഷി ചെയ്യുന്നതിനു ഇരുമ്പായുധങ്ങൾ ഉപയോഗിക്കുമ്പോൾ ഫെലിസ്ത്യർ പറയുമായിരുന്നു; “നിങ്ങൾ ഞങ്ങളുടെ കൊല്ലന്മാരുടെ അടുക്കൽ ആയുധങ്ങൾ മൂർച്ച കൂട്ടാനായി വരേണ്ടിവരും.” യിസ്രായേല്യർക്കു ആയുധങ്ങൾ മൂർച്ചകൂട്ടാനറിഞ്ഞുകൂടായിരുന്നു.
ജെസ്രീൽ മുതൽ യോർദ്ദാൻ വരെ ഫെലിസ്ത്യർ തങ്ങളുടെ സാമാജ്യം വികസിപ്പിച്ചു. അവരുടെ അധികാരം യിസ്രായേല്യരുടെ അസ്തിത്വത്തിനു ഭീഷണിയായില്ലങ്കിലും അവരുടെ ദേശീയതയെ ബാധിച്ചു. എഫ്രയീമിലെ ശീലോവിലായിരുന്നു വിശുദ്ധമന്ദിരം. അവിടെ നിയമപ്പെട്ടകം സൂക്ഷിച്ചിരുന്നു. അഹരോന്റെ വംശാവലിയിൽപ്പെട്ടവർ ഇവിടെ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചിരുന്നു. ഫെലിസ്ത്യരോട് യുദ്ധം ഉണ്ടായപ്പോൾ യിസ്രായേല്യർ വിജയത്തിനായി നിയമപ്പെട്ടകം കൊണ്ടുവന്നു. ഈ യുദ്ധത്തിൽ ഏലിയും പുത്രന്മാരും മരിച്ചു. നിയമപ്പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുക്കുകയും ശീലോവും വിശുദ്ധമന്ദിരവും നശിപ്പിക്കുകയും ചെയ്തു. പൗരോഹിത്യം തുടച്ചു നീക്കപ്പെട്ടു (സു. 1050 ബി.സി). യിസ്രായേൽ ഗോത്രങ്ങളെ ഒരുമിച്ചു നിറുത്തിയിരുന്ന ദൃശ്യബന്ധങ്ങളെല്ലാം അപ്രത്യക്ഷമായി; അതോടൊപ്പം അവരുടെ രാഷ്ട്രീയ ഐക്യവും. എന്നാൽ യിസ്രായേലിന്റെ ഏറ്റവും വലിയ നായകനായ ശമൂവേലിന്റെ ഇടപെടൽ മൂലം അവരുടെ രാഷ്ട്രീയ ഐക്യം കൂടുതൽ കരുത്തുറ്റതായിത്തീർന്നു. മോശയെപ്പോലെ ശമൂവേലും ഒരു പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്നു. അദ്ദേഹം യിസ്രായേൽ ജനത്തെ യഹോവയോടടുപ്പിച്ചു. ഏബനേസറിൽ വച്ചു നടന്ന രണ്ടാമത്തെ യുദ്ധത്തിൽ ശമുവേൽ പ്രവാചകൻ ഫെലിസ്ത്യരെ നിശ്ശേഷം പരാജയപ്പെടുത്തി. (1ശമൂ, 7:6-13). അനന്തരം ശമൂവേൽ പ്രവാചകൻ ന്യായാധിപന്റെ അധികാരങ്ങൾ പലതും അഴിമതിക്കാരായ പുത്രന്മാർക്കു നല്കി. (1ശമൂ, 8:3). വീണ്ടും ഫെലിസ്ത്യർ ക്രൂരന്മാരായി രംഗപ്രവേശം ചെയ്തു. അവർ അസംഘടിതരായ യിസ്രായേൽ ജനത്തെ കീഴടക്കാൻ ശ്രമിച്ചു.
ഐക്യയിസ്രായേൽ: ശമൂവേൽ പ്രവാചകൻ വൃദ്ധനായപ്പോൾ അനന്തരാവകാശിയെ കുറിച്ചുള്ള പ്രശ്നമുയർന്നു. ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. തങ്ങളുടെ യുദ്ധം ചെയ്യേണ്ടതിനു മറ്റു ജാതികൾക്കുള്ളതുപോലെ ഒരു രാജാവിനെ അവർ ആവശ്യപ്പെട്ടു. (1ശമൂ, 8:5, 20). ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുവാൻ യഹോവ ശമൂവേലിനെ അധികാരപ്പെടുത്തി. (1ശമൂ, 8:22; 10:10). ശൗലിന്റെ രാജത്വ സ്ഥീരീകരണത്തിനു മൂന്നു ഘട്ടങ്ങളുണ്ടായിരുന്നു. 1. ശമൂവേൽ പ്രവാചകൻ സ്വകാര്യമായി ശൗലിനെ അഭിഷേകം ചെയ്യുകയും ദൈവത്തിന്റെ ആത്മാവു അവന്റെ മേൽ വരികയും ചെയ്തു. (1ശമൂ, 10:10). 2. മിസ്പയിൽ വച്ചു ശൗലിനെ പരസ്യമായി തിരഞ്ഞെടുത്തു. (1ശമൂ, 10:24). 3. അമ്മോന്യരുടെ ആക്രമണത്തിൽ നിന്നും യാബേശ്-ഗിലെയാദിനെ മോചിപ്പിച്ചതിനുശേഷം ഗില്ഗാലിൽ വച്ചു ശൗലിന്റെ രാജത്വം പൊതുജന സമക്ഷം സ്ഥീരീകരിക്കപ്പെട്ടു. (1ശമൂ, 11). ശൗലിന്റെ നാല്പതു വർഷത്തെ ഭരണത്തിൽ പ്രധാനപ്രശ്നം ഫെലിസ്ത്യരായിരുന്നു. ശമൂവേലിന്റെ പാത പിൻതുടർന്നപ്പോൾ ശൗൽ എല്ലായിടത്തും വിജയം വരിച്ചു. ബെന്യാമീനിലെ ഗിബെയയായിരുന്നു തലസ്ഥാനം. അവിടെനിന്നും ശത്രുക്കളെയെല്ലാം തുരത്തി വീരപരാക്രമം കാട്ടി. (1ശമൂ, 14:47,48). യിസ്രായേലിന്റെ അജയ്യ ശത്രുക്കളായിരുന്ന അമാലേക്യരെ നശിപ്പിക്കണമെന്നു കല്പന കൊടുത്തിട്ടും ശൗൽ അനുസരിക്കാതെ അവരുടെ രാജാവിനെയും ദൈവത്തിനു വഴിപാടു അർപ്പിക്കാനെന്ന വ്യാജേന കൊള്ളയിലെ വിശിഷ്ടവസ്തുക്കളെയും കേടു കൂടാതെ സൂക്ഷിച്ചു. ‘അനുസരിക്കുന്നതു യാഗത്തേക്കാളും നല്ലതു’ എന്നു ശമൂവേൽ വ്യക്തമാക്കി. (1ശമൂ, 15:22). അനുസരണക്കേടു മൂലം രാജത്വത്തിൽ നിന്നും ശൗൽ നിഷ്ക്കാസിതനായി. യിശ്ശായീ പുത്രനായ ദാവീദിനെ ശമൂവേൽ പ്രവാചകൻ രഹസ്യമായി യിസ്രായേൽ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16:13). അഭിഷേകം ചെയ്യപ്പെടുമ്പോൾ ദാവീദിനു പതിനഞ്ചു വയസ്സിനടുത്തു പ്രായമേയുള്ളൂ. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ ജയിച്ചതോടുകൂടി ദാവീദു പരക്കെ അറിയപ്പെട്ടു. ശൗലിന്റെ അസൂയ നിമിത്തം കൊട്ടാരം വിട്ടു പോകേണ്ടിവന്ന ദാവീദ് യുദ്ധങ്ങളിൽ പ്രഖ്യാതനായി. രാജാവിന്റെ വൈരം നിമിത്തം ദാവീദും കൂട്ടരും പ്രവാസികളായി. യെഹൂദയിൽ അവർ നിയമ ഭ്രഷ്ടരായി. ഒടുവിൽ ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ശൗൽ ദാവീദിനെ പിന്തുടരുന്ന കാലത്തു ഫെലിസ്ത്യർ യിസ്രായേലിന്റെ മേൽ മൂന്നാമതു ഒരാക്രമണത്തിനു വട്ടം കൂട്ടുകയായിരുന്നു. ബി.സി. 1010-ൽ ഗിൽബോവാ പർവ്വതത്തിൽ വച്ചു നടന്ന യുദ്ധത്തിൽ ശൗൽ ആത്മഹത്യ ചെയ്തു.
ശൗലിന്റെ മരണത്തെക്കുറിച്ചറിഞ്ഞ ദാവീദ് ഹെബ്രാനിൽ പോയി. അവിടെവെച്ചു ദാവീദ് യെഹൂദാ ഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. (2ശമൂ, 2:4). എന്നാൽ ശൗലിന്റെ അനുകൂലികൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ വടക്കും കിഴക്കുമുള്ള ഗോത്രങ്ങൾക്കു രാജാവാക്കി. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ദാവീദ് വിജയിച്ചു. ഹെബ്രോനിൽവച്ചു ദാവീദിനെ യിസ്രായേൽ ഗോത്രങ്ങളെല്ലാം രാജാവായി അംഗീകരിച്ചു. യിസ്രായേലിൽ നിന്നു ഫെലിസ്ത്യരെ തോല്പിച്ചോടിച്ചതു ദാവീദായിരുന്നു. ദാവീദ് യിസ്രായേലിനു രാജാവായി എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ വന്നു ദാവീദിനെ പിടിപ്പാൻ ശ്രമിച്ചു. ബാൽ-പെരാസീമിൽ വച്ചു ദാവീദ് അവരെ തോല്പിച്ചു. വീണ്ടും ദാവീദ് ഫെലിസ്ത്യരെ തോല്പിക്കുകയും അവരുടെ ഗത്ത് പിടിച്ചെടുക്കുകയും ചെയ്തു. ഭരണത്തിന്റെ ഏഴാം വർഷത്തിൽ ദാവീദ് യെരൂശലേം പിടിച്ചടക്കി തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി. യെരുശലേം ഒരു മതകേന്ദ്രമായി മാറി. പ്രവാസത്തിൽ നിന്നും നിയമപെട്ടകം തിരികെക്കൊണ്ടു വന്നു സീയോൻ മലയിലെ ആലയത്തിൽ സ്ഥാപിച്ചു.
കനാൻ ദേശത്തു യിസ്രായേലിന്റെ സ്വാതന്ത്ര്യവും അധികാരവും സ്ഥാപിച്ചശേഷം ദാവീദ് പല പ്രദേശങ്ങളും കീഴടക്കി. ദാവീദിന്റെ സാമ്രാജ്യം ഈജിപ്തിന്റെ അതിർത്തി മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചിരുന്നു. യെരുശലേമിൽ യഹോവയ്ക്ക് ഒരു മന്ദിരം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. അധികം രക്തം ചിന്തിയതു കൊണ്ടു ദൈവാലയം പണിയുവാനുള്ള അധികാരം ദാവീദിനു നല്കിയില്ല. “യഹോവ നിനക്കൊരു ഗൃഹം ഉണ്ടാക്കുമെന്നു” പ്രവാചകൻ ദാവീദിനെ അറിയിച്ചു. (2ശമൂ, 7:11). ദാവീദിന്റെ സന്തതി സ്ഥിരപ്പെടുകയും അവൻ ആലയം പണിയുകയും ചെയ്യുമെന്നു ഉറപ്പു നല്കി. (2ശമൂ, 7:13,14). ദാവീദിന്റെ പില്ക്കാല ജീവിതം ശോഭനമായിരുന്നില്ല. വ്യഭിചാരം, കൊലപാതകം തുടങ്ങിയ പാപങ്ങൾക്കു വിധേയനായ അദ്ദേഹം പുത്രന്മാരെ നിയന്ത്രിച്ചില്ല. ഇവയുടെയൊക്കെയും ഫലം ദാവീദ് അനുഭവിച്ചു. അബ്ശാലോമിന്റെ മത്സരം ഉത്തര യിസ്രായേലും ദക്ഷിണ യെഹൂദയും തമ്മിലുള്ള വൈരം വളർത്തി. (2ശമൂ, 19:41-43). വളരെ വിസ്തൃതമായ സാമ്രാജ്യമാണു ദാവീദ് പുത്രനായ ശലോമോനു കൈമാറിയത്.
രക്തച്ചൊരിച്ചിലോടു കൂടിയാണ് ശലോമോൻ സിംഹാസനത്തിൽ സ്ഥിരപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ വാഴ്ചക്കാലം സമാധാനപൂർണ്ണവും സംസ്കാരസമ്പന്നവും ആഡംബരഭരവുമായിരുന്നു. നാല്പതു വർഷത്തെ ഭരണത്തിൽ ഒരു യുദ്ധമാണു് ശലോമോനു ചെയ്യേണ്ടിവന്നത്. (2ദിന, 8:3). ഈജിപ്റ്റിലെ ഫറവോനുമായി വിവാഹ ബന്ധത്തിലൂടെ സഖ്യതനേടി. (1രാജാ, 3:1). അനുപമമായ ജ്ഞാനത്തിനു പ്രഖ്യാതി നേടിയ ശലോമോൻ സദൃശവാക്യങ്ങളും സഭാപ്രസംഗിയും ഉത്തമഗീതവും മറ്റനേകം കൃതികളും രചിച്ചു. ദാവീദ് സംഭരിച്ചു വച്ചിരുന്ന വസ്തുക്കളുപയോഗിച്ചു മനോഹരമായ യെരുശലേം ദൈവാലയം പണിതു. ദൈവാലയനിർമ്മാണത്തിനും മറ്റു വികസനപദ്ധതികൾക്കും കൊട്ടാരത്തിലെ നിത്യ ചെലവുകൾക്കുമായി രാജ്യത്തു ഭാരിച്ച നികുതി ചുമത്തുകയും നിർബ്ബന്ധമായ ഊഴിയവേല ഏർപ്പെടുത്തുകയും ചെയ്തു. നികുതിപിരിവിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സാമ്രാജ്യത്തെ 12 ഭരണപരമായ ജില്ലകളായി തിരിച്ചു. നികുതിഭാരം ജനത്തിനു അസഹ്യമായിത്തീർന്നു. ഭരണകാലത്തിന്റെ ഒടുവിൽ ശലോമോനു കീഴടങ്ങിയിരുന്ന പല രാഷ്ട്രങ്ങളും സ്വത്രന്തമായി. ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ആധിക്യം (700 കുലീന പതികൾ + 300 വെപ്പാട്ടികൾ) ശലോമോന്റെ ആത്മിക തകർച്ചയ്ക്ക് കാരണമായി. കൂടിക്കലർച്ച അരുതെന്നു യഹോവ കല്പിച്ചിരുന്ന പരജാതീയരിൽ നിന്നായിരുന്നു ഇവരിലധികവും. ഇക്കാരണത്താൽ ശലോമോന്റെ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുമെന്നു യഹോവ അരുളിച്ചെയ്തു. (1രാജാ, 11:8-12). ബി.സി. 930-ൽ ശലോമോൻ മരിച്ചു. രാജത്വം ഉറപ്പിക്കുവാൻ രെഹബെയാം ശെഖേമിലേക്കു ചെന്നു. ശലോമോന്റെ സേച്ഛാധിപത്യത്തിൽ നിന്നുള്ള വിടുതൽ ജനം ആവശ്യപ്പെട്ടു. രെഹബെയാം അതു നിരസിച്ചപ്പോൾ വടക്കുള്ള പത്തു ഗോത്രങ്ങൾ വേർപെട്ടു എഫ്രയീമ്യനായ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ രാജ്യമായിത്തീർന്നു. (1രാജാ, 12:4). അങ്ങനെ യിസ്രായേൽ തെക്ക് യെഹൂദാ എന്ന പേരിലും വടക്കു യിസ്രായേൽ എന്ന പേരിലും രണ്ടു രാജ്യങ്ങളായി. ദാവീദിന്റെയും ശലോമോന്റെയും പിൻഗാമികൾ യെരുശലേം തലസ്ഥാനമാക്കി യെഹൂദാ ഭരിച്ചു.
വിഭക്തയിസായേൽ: യിസ്രായേലിലെ പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ എന്നും തെക്കുള്ള രണ്ടു ഗോത്രങ്ങൾ (യെഹൂദയും ബെന്യാമീനും) യെഹൂദയെന്നും അറിയപ്പെട്ടു. യെഹൂദ മൂന്നുറ്റി അമ്പതോളം വർഷം (സു. 931-586 ബി.സി) നിലനിന്നു. ദാവീദിന്റെ വംശമാണു യെഹൂദയെ ഭരിച്ചത്. ഭൂവിസ്തൃതി, ഫലപുഷ്ടി, വിദേശവാണിജ്യ ബന്ധങ്ങൾ എന്നിവകളാൽ അനുഗൃഹീതമായിരുന്നു ഉത്തരയിസ്രായേൽ. എന്നാൽ സമ്പത്തിന്റെ ആധിക്യം അവരെ യഹോവയിൽ നിന്നകറ്റി. ഭരണത്തിന്റെ അസ്ഥിരതയായിരുന്നു യിസ്രായേലിനെ ബാധിച്ച ഏറ്റവും വലിയ പ്രശ്നം. വെറും 210 വർഷം (സു. 931-722 ബി.സി) നിലനിന്ന യിസ്രായേലിനെ ഭരിച്ചതു ഒമ്പതു രാജവംശങ്ങളാണ്. പത്തൊമ്പതു രാജാക്കന്മാർ യിസ്രായേലിനെ ഭരിച്ചപ്പോൾ ഇരുപതു രാജാക്കന്മാരാണ് യെഹൂദയെ ഭരിച്ചത്. ഒരു നല്ല രാജാവിനെ എടുത്തു കാണിക്കുവാൻ യിസ്രായേലിൽ ഇല്ലെന്നു തന്നെ പറയാം. ഏറ്റവുമധികം ദുഷ്ടത പ്രവർത്തിച്ച രാജാവായി ചിരപ്രതിഷ്ഠ നേടിയ നാമം ആഹാബിന്റേതാണ്.
വിഭക്ത യിസ്രായേലിന്റെ സ്ഥാപകനായ യൊരോബെയാം ദാനിനെയും (വടക്കെ അറ്റം) ബേഥേലിനെയും (യെഹുദയുടെ അതിരിനടുത്ത്) ദേശീയ പ്രാധാന്യമുള്ള വിശുദ്ധമന്ദിര സ്ഥാനങ്ങളാക്കി മാറ്റി. ബേഥേലിലും ദാനിലും യൊരോബെയാം രണ്ടു സ്വർണ്ണ കാളക്കുട്ടികളെ ഉണ്ടാക്കി പ്രതിഷ്ഠിക്കുകയും യഹോവയ്ക്കു പകരം അവയെ ആരാധിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. യഹോവയുടെ അദൃശ്യ സിംഹാസനത്തിന്റെ ദൃശ്യപാദങ്ങളായിട്ടാണു ഈ കാളക്കുട്ടികളെ വിഭാവനം ചെയ്തത്. യെരുശലേം ദൈവാലയത്തിലെ സ്വർണ്ണ കെരൂബുകളുടെ സ്ഥാനമായിരുന്നു ഇവയ്ക്ക്. യൊരോബെയാമിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ മിസ്രയീമ്യർ ശീശക്കിന്റെ നേതൃത്വത്തിൽ രണ്ടു എബ്രായ സാമ്രാജ്യങ്ങളെയും ആക്രമിച്ചു. തെക്കുഭാഗത്തുള്ള യെഹൂദയാണ് ഏറെ പീഡിപ്പിക്കപ്പെട്ടതാ. അതിനാൽ ദാവീദ് വംശം തങ്ങൾക്കു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരികെ പിടിച്ചെടുക്കുമെന്നു യിസ്രായേല്യർക്കു ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു. അനന്തരം യൊരോബെയാം രെഹബെയാമിന്റെ പുത്രനായ അബീയാമിനെ ആക്രമിച്ചു. യെഹൂദ്യർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയം പ്രാപിച്ചു. (2ദിന, 13:18). എന്നാൽ ഉത്തര ഭാഗത്തു നിന്നു ഒരു കഠിനഭീഷണി ഉയർന്നു. ശലോമോന്റെ വാഴ്ചക്കാലത്തു സ്ഥാപിതമായ ദമ്മേശെക്കിലെ അരാമ്യ സാമ്രാജ്യമായിരുന്നു ആ ഭീഷണി. അവർ യിസ്രായേലിന്റെ പ്രദേശങ്ങൾ ആക്രമിക്കാൻ തുടങ്ങി. അരാമും യിസ്രായേലും തമ്മിൽ നൂറുവർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ തുടക്കം ഇതായിരുന്നു. ഈ യുദ്ധം യിസ്രായേലിനെ നിരാശയിലാഴ്ത്തി.
രാജവംശത്തിലുണ്ടായ മാറ്റങ്ങളും മറ്റു വിപ്ലവങ്ങളും യിസ്രായേല്യരുടെ സുരക്ഷ വിഷമത്തിലാക്കി. ഒമ്രിയും (880 ബി.സി), യേഹൂവും (841 ബി.സി) സ്ഥാപിച്ച രണ്ടു രാജവംശങ്ങൾ മാത്രമാണ് രണ്ടു തലമുറയിലധികം നിലനിന്നത്. യൊരോബെയാമിന്റെ മകൻ അധികാരം ഏറ്റെടുത്തതിന് അടുത്തവർഷം അദ്ദേഹത്തിന്റെ പട്ടാള മേധാവിയായ ബയെശ നാദാബിനെ വധിച്ചു. ബയെശ ഇരുപതു വർഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ മകനും യൊരോബെയാമിന്റെ മകനെപ്പോലെ മരിച്ചു. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ഒമ്രി വിജയിയായി.
ഒമ്രി ശമര്യയെ പുതിയ തലസ്ഥാനമാക്കി ഭരണം തുടങ്ങി. ചാവുകടലിനു കിഴക്കുള്ള മോവാബിനെ കീഴടക്കി ഒമ്രി തന്റെ നില ഭദ്രമാക്കി. ഫിനീഷ്യയുമായി സാമ്പത്തിക ബന്ധത്തിലേർപ്പെട്ടു. ഒമ്രിയുടെ മകൻ ആഹാബ് ഫിനീഷ്യൻ രാജകുമാരിയായ ഈസേബലിനെ വിവാഹം കഴിച്ചു. അയാൾ യെഹൂദയുമായി സൗഹൃദം പുലർത്തി. ഒമ്രിയുടെ രാജവംശം നിലനിന്ന കാലം മുഴുവനും അവർക്കു തമ്മിൽ ശത്രുത്വം ഇല്ലാതിരുന്നു. ഫിനീഷ്യയുമായുള്ള ബന്ധം വാണിജ്യപരമായ പല നേട്ടങ്ങൾക്കും കാരണമായി. എന്നാൽ അതു യിസ്രായേലിൽ ബാൽ വിഗ്രഹാരാധന വളർത്തി. അതിനു പ്രധാന പങ്കു വഹിച്ചതാ ആഹാബിന്റെ ഭാര്യയായ ഈസേബൈൽ ആയിരുന്നു. ഇക്കാലത്തു യഹോവയുടെ ആരാധനയ്ക്കു വേണ്ടി ജീവന്മരണപോരാട്ടം നടത്തിയ നേതാവായിരുന്നു ഏലീയാ പ്രവാചകൻ. ഒമ്രിയുടെ രാജവംശത്തിനു വരാനിരുന്ന നാശത്തെക്കുറിച്ചു അദ്ദേഹം മുന്നറിയിപ്പു നല്കി. ഒമ്രിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കാലത്തു ദമ്മേശെക്കുമായുള്ള യുദ്ധം തുടർന്നു. അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമന്റെ ആക്രമണത്തെ ചെറുത്തുനില്ക്കാനായി ആഹാബിന്റെ കാലത്തു യിസ്രായേലിലെയും ദമ്മേശെക്കിലെയും മറ്റു അയൽ രാജ്യങ്ങളിലെയും രാജാക്കന്മാർ ഒരു സൈനികസഖ്യം രൂപീകരിച്ചു. ഓറന്റീസിലെ കാർക്കാർ എന്ന സ്ഥലത്തു വച്ചുണ്ടായ യുദ്ധത്തിൽ (ബി.സി. 853) അശ്ശൂർ രാജാവിനെ അവർ തോല്പ്പിച്ചു. പിന്നീടു 12 വർഷം അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളെ ആക്രമിച്ചില്ല. എന്നാൽ അശ്ശൂർ രാജാവു പിന്മാറിയപ്പോൾ ഇവരുടെ സഖ്യം തകരുകയും യിസ്രായേലും ദമ്മേശെക്കും തമ്മിലുള്ള ശത്രുത്വം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. യെഹോശാഫാത്ത് രാജാവു ആഹാബിന്റെ പുത്രിയായ അഥല്യയെ തന്റെ മകനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ഇതു യഹോവയ്ക്കു പ്രസാദമായിരുന്നില്ല. (1ദിന, 19:2). രാമോത്ത്-ഗിലെയാദിൽ വച്ചു ആഹാബിന്റെ പക്ഷം ചേർന്നുള്ള യുദ്ധത്തിൽ യെഹോശാഫാത്ത് മരിക്കേണ്ടിയിരുന്നു. (1രാജാ, 22:32-35). അഹസ്യാവിനോടു സഖ്യം ചെയ്തതുകൊണ്ടു യെഹോശാഫാത്തിന്റെ കപ്പൽപ്പണികൾ തകർന്നു. (2ദിന, 20:35-37). മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. (2രാജാ, 1:1). യേഹൂവിന്റെ കാലത്തുണ്ടായ വിപ്ലവത്തിൽ (841 ബി.സി) യേഹൂ ഒമ്രിയുടെ ഭവനക്കാരെയെല്ലാം കൊന്നൊടുക്കി.
യെഹൂദയിലെ യുവരാജാവായ അഹസ്യാവിനെയും യേഹൂ കൊന്നു. (2രാജാ, 9:27). മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ അഥല്യ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു അധികാരം പിടിച്ചെടുത്തു. (2രാജാ, 11:1). ഒമ്ഷിയുടെ കുടുംബത്തോടു യാതൊരു സ്നേഹവുമില്ലാത്ത പ്രവാചകഗണങ്ങൾ യേഹുവിന്റെ വിപ്ലവത്തെ പിന്താങ്ങി. എന്നാൽ ഈ വിപ്ലവം യിസ്രായേലിനെ ക്ഷയിപ്പിച്ചു. യേഹൂവിന്റെ രാജവംശത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ നാല്പതു വർഷം യിസ്രായേൽ ജനത വളരെ കഷ്ടതകൾ സഹിച്ചു. അരാമ്യർ യിസ്രായേലിന്റെ യോർദ്ദാനക്കരെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു; വടക്കൻ പ്രദേശങ്ങളും ആക്രമിച്ചു. അവർ യിസ്രായേൽ ആക്രമിക്കുകയും മെഡിറ്ററേനിയൻ സമുദ്രതീരത്തു കൂടി തെക്കുഭാഗത്തു വരെ എത്തുകയും ചെയ്തു. അശ്ശൂർ രാജാവായ അദാദ്-നിരാരി മൂന്നാമൻ സിറിയ ആക്രമിച്ചു ദമ്മേശെക്ക് കൊള്ളയടിച്ചു. ഇതു യിസ്രായേലിനു ആശ്വാസമായി. (2രാജാ, 13:5). ദമ്മേശെക്കിൽ നിന്നും യിസ്രായേലിനു മോചനം കിട്ടിയപ്പോൾ തങ്ങൾക്കു നഷ്ടപ്പെട്ട പല പ്രദേശങ്ങളും യിസ്രായേല്യർ അരാമ്യരിൽ നിന്നും തിരികെ പിടിച്ചു. ഈ കാലമത്രയും യഹോവയിലുള്ള വിശ്വാസത്തിൽ എലീശാപ്രവാചകൻ പതറാതെ നിന്നു. എലീശയുടെ മരണശയ്യയിൽ യിസ്രായേൽ രാജാവു അദ്ദേഹത്തെ സംബോധനം ചെയ്തതു ഇപ്രകാരമായിരുന്നു. “യിസായേലിന്റെ തേരും തേരാളികളുമായുള്ളാവേ.” (2രാജാ, 13:14). അരാമ്യരുടെ മേൽ യിസ്രായേൽ ജനത വിജയം കരസ്ഥമാക്കുമെന്നു പ്രവചിച്ചു കൊണ്ടാണു എലീശാ പ്രവാചകൻ മരിച്ചത്.
ബി.സി. എട്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ യേഹൂവിന്റെ വംശത്തിലെ നാലാമത്തെ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തു (782-753) യിസ്രായേൽ വീണ്ടും അഭിവൃദ്ധി പ്രാപിച്ചു. ഇക്കാലത്തു യെഹൂദാ ഭരിച്ചിരുന്നതു ഉസ്സീയാവായിരുന്നു. രണ്ടു രാജ്യങ്ങളും മുപ്പതു വർഷം സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞു. വിദേശീയാക്രമണത്തിൽ നിന്നും ഇരുരാജ്യങ്ങളും മുക്തമായി. ഇരുപത്തിമൂന്നാം രാജവംശത്തിൻ കീഴിൽ ഈജിപ്റ്റ് നിദ്രാണമായി. അശ്ശൂരിന്റെ ആക്രമണത്തിൽ ക്ഷയിച്ച ദമ്മേശെക്കിനു പുതിയ ആക്രമണങ്ങൾ നടത്താനുള്ള കഴിവു നഷ്ടപ്പെട്ടു. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അശ്ശൂരിനു തങ്ങളുടെ അധികാരം അടിച്ചേല്പിക്കാൻ ശക്തി ഇല്ലാതെയായി. ഈ ചുറ്റുപാടിൽ യൊരോബെയാം രണ്ടാമൻ സാമ്രാജ്യം വികസിപ്പിക്കുകയും രാഷ്ട്രസമ്പത്തു വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സമ്പത്തു കൂടുതലായും കേന്ദ്രീകരിച്ചതു അവിടത്തെ വലിയ വ്യാപാരികളുടെയും ഭൂവുടമകളുടെയും കൈകളിലായിരുന്നു. ആദ്യകാലത്തു തങ്ങളുടെ കൈവശമുണ്ടായിരുന്ന കുറച്ചു ഭൂമി കൃഷി ചെയ്ത് ജീവിച്ചിരുന്നവർക്കു പില്ക്കാലത്തു ഭൂവുടമകളുടെ അടിമകളാകേണ്ടി വന്നു. ഭൂവുടമകളും അടിമകളും തമ്മിലുള്ള വ്യത്യാസം ചോദ്യം ചെയ്തുകൊണ്ടു ആമോസ്, ഹോശേയ എന്നീ പ്രവാചകന്മാർ മുന്നോട്ടു വന്നു. യഹോവയുടെ ദിവസത്തിൽ ആസന്നമായ ന്യായവിധിയെക്കുറിച്ചു ആമോസ് പ്രവചിച്ചു. (5:18). യിസ്രായേല്യർ പ്രവാസികളായി അശ്ശൂരിലേക്കു പോകുമെന്നു ഹോശേയ പ്രവചിച്ചു. (10:6). എന്നാൽ ഭാവിയിൽ അവർ തിരിഞ്ഞു യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. മശീഹയുടെ വാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (ഹോശേ, 2:20; 3:5).
ബി.സി. 752-ൽ യൊരോബെയാമിന്റെ പുത്രൻ കൊല്ലപ്പെട്ടു. കൊലയും വിപ്ലവവും കാരണം ബി.സി. 745-ൽ യേഹൂവിന്റെ വംശം നശിച്ചു. അതേ വർഷം തിഗ്ലത്ത് പിലേസ്സർ മൂന്നാമൻ (പൂൽ) അശ്ശൂർ രാജാവായി. അദ്ദേഹം പല പ്രദേശങ്ങളും കീഴടക്കി. ബി.സി. 733-ൽ യിസ്രായേലിന്റെ ഉത്തരഗോത്രങ്ങളെ അദ്ദേഹം ബദ്ധരാക്കിക്കൊണ്ടു പോയി. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താണു് (740-732) ഇതു സംഭവിച്ചത്. (2രാജാ, 15:29). യിസ്രായേൽ രാജാവായ മെനഹേം തിഗ്ലത്ത്-പിലേസ്സറിനു കപ്പം കൊടുത്തു. എന്നാൽ പേക്കഹ് (736-732 ബി.സി) അശ്ശൂരിനെതിരായ നയമാണു പിന്തുടർന്നത്. ഈ ഉദ്ദേശ്യത്തോടുകൂടി പേക്കഹ് ദമ്മേശെക്കുമായി അടുപ്പത്തിലായി. തിഗ്ലത്ത്-പിലേസ്സർ ദമ്മേശെക്ക് കീഴടക്കുകയും അവിടത്തെ രാജവാഴ്ചയെ ഉന്മൂലനം ചെയ്യുകയും അവരുടെ ദേശം അശ്ശൂർ സാമ്രാജ്യത്തിന്റെ പ്രവിശ്യയാക്കി മാറ്റുകയും ചെയ്തു. യിസ്രായേലിന്റെ ഉത്തരഭാഗവും യോർദ്ദാനക്കരെയുള്ള പ്രദേശങ്ങളും വേർപെടുത്തി അശ്ശൂർ പ്രവിശ്യകളാക്കി. അവിടെയുണ്ടായിരുന്ന ഭൂരിഭാഗം ജനത്തെയും അവിടെനിന്നും മാറ്റുകയും അശ്ശൂരിൽ നിന്നും ജനത്തെ കൊണ്ടുവന്നു ഈ പ്രദേശങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. യിസ്രായേലിലെ ഒടുവിലത്തെ രാജാവായ ഹോശേയ മിസ്രയീമ്യ പ്രേരണയ്ക്കു വിധേയപ്പെട്ടു കപ്പം നിർത്തലാക്കി. അശ്ശൂർ രാജാവു അയാളെ തടവിലാക്കി. മൂന്നു വർഷത്തെ നിരോധനത്തിനു ശേഷം ബി.സി. 722-ൽ ശമര്യ അശ്ശൂരിനു കീഴടങ്ങി. ശമര്യ ഒരു അശ്ശൂർ പ്രവിശ്യയുടെ തലസ്ഥാനമായി. അശ്ശൂർ രാജാവായ സർഗ്ഗാൻ രണ്ടാമൻ 27290 പേരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:3-7). യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചു നടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു. യഹോവ യിസായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാ ഗോത്രമല്ലാതെ ആരും ശേഷിച്ചില്ല. (2രാജാ, 17:8, 18).
യാക്കോബിന്റെ എട്ടാമത്തെ പുത്രൻ. ലേയയുടെ ദാസി സില്പാ പ്രസവിച്ച രണ്ടാമത്തെ പുത്രനാണ് ആശേർ. ആ കുഞ്ഞിനെ തന്റേതായി അംഗീകരിച്ചുകൊണ്ടു ലേയ പറഞ്ഞു “ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതി എന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.” (ഉല്പ, 30:13). യോസേഫിനെ വില്ക്കുന്നതിൽ ആശേർ മറ്റു സഹോദരന്മാരോടൊപ്പം നിന്നു. (ഉല്പ, 37:27). ക്ഷാമകാലത്തു ധാന്യം വാങ്ങുവാൻ സഹോദരന്മാരോടൊപ്പം മിസ്രയീമിലേക്കു പോയി. (ഉല്പ, 42:3). യാക്കോബിന്റെ കുടുംബം മുഴുവൻ മിസ്രയീമിലേക്കു പോയപ്പോൾ ആശേരിന് നാലു പുത്രന്മാരും ഒരു പുതിയും ഉണ്ടായിരുന്നു. (ഉല്പ, 46:17). യാക്കോബു നല്കിയ അനുഗ്രഹത്തിൽ ആശേരിന്റെ കാർഷികഫലസമൃദ്ധിയെ ഭംഗ്യന്തരേണ ചിത്രീകരിച്ചു. (ഉല്പ, 49:20).
ആശേർഗോത്രം: ആശേരിൽനിന്നു ആശേർ ഗോത്രം ഉത്ഭവിച്ചു. (ഉല്പ, 46:17; സംഖ്യാ, 26:44-47; 1ദിന, 7:30-40). സംഖ്യാബലത്തിൽ ആശേർ ഒരു വലിയ ഗോത്രമായിരുന്നു. പുറപ്പാടിനുശേഷം ആദ്യം ജനസംഖ്യയെടുത്തപ്പോൾ ആശേരിലെ യോദ്ധാക്കൾ 41,500 ആയിരുന്നു. (സംഖ്യാ, 1:41). രണ്ടാമതു ജനസംഖ്യയെടുത്തപ്പോൾ അത് 53,400 ആയി ഉയർന്നു. (സംഖ്യാ, 26:47). ജനസംഖ്യയിൽ ഗോത്രം ഒമ്പതാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തി. മരുഭൂമി യാത്രയിൽ സമാഗമനകൂടാരത്തിന്റെ ഉത്തരഭാഗത്ത് ദാനിന്റെയും നഫ്താലിയുടെയും ഇടയ്ക്കായിരുന്നു ആശേരിന്റെ സ്ഥാനം. (സംഖ്യാ, 2:27). കനാൻദേശം വിജിച്ചപ്പോൾ കർമ്മേലിന്റെ അറ്റം മുതൽ സീദോൻ വരെയുള്ള തീരപ്രദേശം ആശേരിന് അവകാശമായി ലഭിച്ചു. (യോശു, 19:24-31). ഏറ്റവും ഫലപുഷ്ടിയുള്ള ഈ പ്രദേശം ഗോതമ്പ്, എണ്ണ, വീഞ്ഞ് എന്നിവയാൽ അനുഗൃഹീതമായിരുന്നു. ഐശ്വര്യവും ഭക്ഷണസമൃദ്ധിയും അനുഭവിക്കുക നിമിത്തം ആശേര്യർ കാലാന്തരത്തിൽ സുഖകാംക്ഷികളായി മാറി. തദ്ദേശ നിവാസികളെ നീക്കിക്കളയുവാൻ അവർക്കു കഴിഞ്ഞില്ല. ദേശനിവാസികളായ കനാന്യരുടെ ഇടയിൽ അവർ പാർത്തു. (ന്യായാ, 1:31-32). സീസെരയ്ക്കെതിരെയുള്ള യുദ്ധോദ്യമത്തിൽ മറ്റു ഗോത്രങ്ങൾ ഒന്നിച്ചപ്പോൾ “ആശേർ സമുദ്രതീരത്തു അനങ്ങാതിരുന്നു, തുറമുഖങ്ങൾക്കകത്തു പാർത്തുകൊണ്ടിരുന്നു” എന്നു ദെബോര കുറ്റപ്പെടുത്തി. (ന്യായാ, 5:17). മിദ്യാന്യരോടുള്ള യുദ്ധത്തിൽ ഗിദെയോന്റെ പിമ്പിൽ അവർ അണിനിരന്നു. (ന്യായാ, 7:23). യിസ്രായേലിന്റെ സിംഹാസനത്തിന്മേൽ ദാവീദിന്റെ അവകാശം ഉറപ്പിക്കുവാനായി ആശേർ ഗോത്രം 40,000 സമർത്ഥരായ യോദ്ധാക്കളെ അയച്ചുകൊടുത്തു. (1ദിന, 12:36). ദാവീദിന്റെ വാഴ്ചക്കാലത്തു ആശർ ഗോത്രത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഗോത്രത്തലവന്മാരുടെ പട്ടികയിൽനിന്നും ആശർഗോത്രം ഒഴിവാക്കപ്പെട്ടു. (1ദിന, 27:16-22). എടുത്തുപറയാവുന്ന ഒരു പരാക്രമിയോ ന്യായാധിപനോ ആശേരിൽ നിന്നുദയം ചെയ്തു കാണുന്നില്ല. ശിശുവായ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ ദൈവത്തെ സ്തുതിക്കുകയും പ്രവചിക്കുകയും ചെയ്ത ഹന്നാ എന്ന പ്രവാചിക ആശേർ ഗോത്രത്തിൽ ഉള്ളവളായിരുന്നു. (ലൂക്കൊ, 2:36-38). ഭാവിയിൽ രക്ഷയ്ക്കായി മുദ്രയിടപ്പെടുന്നവരിൽ ആ ഗോത്രവും ഉൾപ്പെടുന്നു. (വെളി, 7:36).