Category Archives: Uncategorized

നിക്കൊപ്പൊലിസ്

നിക്കൊപ്പൊലിസ് (Nicopolis)

പേരിനർത്ഥം — വിജയനഗരം

എപ്പിറസിലെ ഒരു പ്രാചീന നഗരം. ആക്ടിയം ഉൾക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. ബി.സി. 31 സെപ്റ്റംബറിൽ അഗസ്റ്റസ് സീസർ മാർക്ക് ആന്റണിയുടെ മേൽ നേടിയ നിർണ്ണായകമായ വിജയത്തിന്റെ സ്മാരകമായി യുദ്ധത്തിന്റെ തലേന്ന് പാളയം അടിച്ച പ്രദേശത്ത് സ്ഥാപിച്ചതാണ് ഈ ‘വിജയനഗരം.’ ക്ഷയോന്മുഖങ്ങളായ ഗ്രീക്കുനഗരങ്ങളിൽ നിന്ന് പൗരന്മാരെ കൊണ്ടുവന്ന് പ്രശസ്തമായ ഒരു റോമൻകോളണി സൃഷ്ടിക്കുകയാണ് അഗസ്റ്റസ് ചെയ്തത്. അഞ്ചുവർഷം കൂടുമ്പോൾ ഒരു വലിയ ഉത്സവം സംഘടിപ്പിക്കുവാനും ഏർപ്പാടാക്കി: ഒളിമ്പിയൻ, പൈത്തിയൻ, ഇസ്ത്മിയൻ, നെമിയൻ ഉത്സവങ്ങളോടൊപ്പം അഞ്ചാമതൊരുത്സവം. അങ്ങനെ ഗ്രീസിന്റെ പശ്ചിമതീരത്തെ പ്രമുഖകേന്ദ്രം ആയിരുന്നു പൗലോസിന്റെ കാലത്തെ നിക്കൊപ്പൊലീസ്. അതുവരെ എത്തിച്ചേരാതിരുന്ന ഒരു പ്രദേശത്ത് സുവിശേഷം പ്രചരിപ്പിക്കുക അപ്പൊസ്തോലന്റെ ലക്ഷ്യം ആയിരുന്നിരിക്കാം. നിക്കൊപ്പൊലിസ് എന്ന പേരിൽ അനേകം നഗരങ്ങൾ ഉണ്ടെങ്കിലും പൗലൊസിനു ശീതകാലം മുഴുവൻ കഴിക്കുവാൻ സാദ്ധ്യതയുള്ള ഒരു പട്ടണമായി ഇതു മാത്രമേ ഉള്ളു. (തീത്തൊ, 3:12). തീത്തോസിനോടൊപ്പം അല്പകാലം ചെലവഴിക്കുന്നതിന് നിക്കൊപ്പൊലിസ് തിരഞ്ഞെടുക്കാൻ ഭൂമിശാസ്ത്രപരമായ കാരണവുമുണ്ട്. എപ്പിറസിൽ സുവിശേഷഘോഷണം നടത്താൻ ഇതൊരു നല്ല താവളമാണ്. നിക്കൊപ്പൊലീസ് പിന്നീട് ക്ഷയിച്ചു. 362-ൽ ജൂലിയൻ പുനരുദ്ധരിച്ചു; വീണ്ടും നാശം. തുടർന്ന് ജസ്റ്റിനിയൻ പുനർനിർമാണം നടത്തി. ഇപ്പോൾ ‘പ്രവേസ’ എന്ന നഗരം നിൽക്കുന്ന സ്ഥലം.

നസറെത്ത്

നസറെത്ത് (Nazareth)

പേരിനർത്ഥം — കാവൽക്കാരൻ

യോസേഫും മറിയയും പാർത്തിരുന്ന ഗലീലയിലെ ഒരു പട്ടണം. മുപ്പതു വയസ്സു വരെയും ക്രിസ്തു ഇവിടെ പാർത്തു. (ലൂക്കൊ, 2:39; 4:16, 28-30). അതിനാൽ യേശു നസറായൻ എന്നു വിളിക്കപ്പെട്ടു. നസറെത്തിനെക്കുറിച്ചു പഴയനിയമത്തിലോ അപ്പോക്രിഫയിലോ തല്മൂദിലോ ജൊസീഫസിന്റെ കൃതികളിലോ പരാമർശമില്ല. പുതിയനിയമ കാലംവരെ ഈ പ്രദേശം യിസ്രായേല്യരുടെ അധിവാസത്തിനു വെളിയിലായിരുന്നു. യെഹൂദന്മാർ ഗലീലയെ അവജ്ഞയോടെയാണ് വീക്ഷിച്ചിരുന്നത്. (യോഹ, 1:46). ലെബാനോൻ പർവ്വതനിരയിലെ ചുണ്ണാമ്പു കുന്നുകളുടെ ഇടയിലുള്ള ഉയർന്ന താഴ്വരയിലാണ് നസറെത്ത്. ഈ താഴ്വര സമുദ്രനിരപ്പിൽ നിന്നു 370 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്തും കിഴക്കു ഭാഗത്തും തൂക്കായ കുന്നുകളാണ്. യേശുവിനെ നസറായനെന്നു വിളിക്കുന്ന അനേകം ഭാഗങ്ങൾ ഉണ്ട്. എന്നാൽ ക്രിസ്ത്യാനികളെ ഒരിക്കൽ മാത്രമേ നസറായമതക്കാർ എന്നു വിളിച്ചിട്ടുള്ളു. (പ്രവൃ, 24:5). ആധുനിക നസറെത്ത് വളരെ പുരോഗമിച്ച ഗ്രാമമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ് ഇവിടത്തെ ജനസംഖ്യയിൽ അധികവും.

നവപൊലി

നവപൊലി (Neapolis) 

പേരിനർത്ഥം — നവനഗരം

ഫിലിപ്പിയിലെ ഒരു തുറമുഖ നഗരം. ഫിലിപ്പി തുറമുഖത്തിൽ നിന്നും 16 കി.മീറ്റർ തെക്കു കിഴക്കുള്ള ആധുനിക കവല്ലയാണ് (Kavalla) നവപൊലിയുടെ സ്ഥാനം. ബി.സി. 5-ാം നൂറ്റാണ്ടിലെ ഒരു അഥീനിയൻ രേഖയിൽ നവപൊലി ത്രെയ്സിലെ (Thrace) പട്ടണം എന്നു കാണുന്നു. രണ്ടാം മിഷണറി യാത്രയിൽ പൗലൊസ് ത്രോവാസിൽ നിന്നും നവപൊലിയിലേക്കു പോയി. (പ്രവൃ, 16:11). മൂന്നാം മിഷണറി യാത്രയിലും പൗലൊസ് നവപൊലി സന്ദർശിച്ചിരിക്കാൻ ഇടയുണ്ട്.

നയീൻ

നയീൻ (Nain)

പേരിനർത്ഥം — സൗന്ദര്യം

ഗലീലയിലെ ഒരു പട്ടണം. ഇവിടെ വച്ചാണ് യേശു ഒരു വിധവയുടെ ഏകമകനെ ഉയിർപ്പിച്ചുത്. (ലൂക്കൊ, 7:11-17). ഒരു നയീൻ പട്ടണത്തെക്കുറിച്ച് ജൊസീഫസ് പറയുന്നുണ്ട്. പക്ഷെ അതു യോർദ്ദാനു കിഴക്കാണ്. ഇതാകട്ടെ നസറേത്തിൽ നിന്ന് പത്ത് കി.മീറ്റർ തെക്കുമാറി ഇപ്പോൾ നെയീൻ എന്ന് അറിയപ്പെടുന്ന സ്ഥലമാണ്. രണ്ട് കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കാവുന്നതാണ്: ഒന്ന്; യേശു ശവമഞ്ചത്തിന്മേൽ തൊട്ടു. തൊടാതെ ഉയർപ്പിക്കാമായിരുന്നു. എന്നാൽ യഹൂദമതത്തിന്റെ അനുഷ്ഠാന നിയമങ്ങളുടെ മേൽ തനിക്കുള്ള അധികാരം കുഷ്ഠരോഗിയുടെ കാര്യത്തിൽ  എന്നപോലെ തെളിയിക്കയാണ് ഇവിടെ. (ലൂക്കൊ, 5:13). രണ്ട്; അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. എല്ലാം വിട്ട് തന്നെ അനുഗമിക്കാനല്ല; പ്രത്യുത അമ്മയുടെ കൂടെ വസിക്കുവാനാണ് അവന്റെ നിയോഗം. കുടുംബജീവിതത്തിലെ ക്രിസ്ത്വാനുഭവത്തെയും പൊതുവിൽ അത്മായപ്രേഷിതത്വത്തെയും അനുസ്മരിപ്പിക്കുന്നു ഇത്.

ദെർബ്ബെ

ദെർബ്ബെ (Derbe)

ഏഷ്യാമൈനറിൽ ലുക്കവോന്യയിലെ ഒരു പട്ടണം. (പ്രവൃ, 14:6). അപ്പൊസ്തലനായ പൗലൊസ് രണ്ടോ മൂന്നോ പ്രാവശ്യം ഇവിടം സന്ദർശിച്ചു. ദക്ഷിണ ഗലാത്യയിലെ സഭകൾ സ്ഥാപിക്കുമ്പോൾ പൗലൊസും ബർന്നബാസും ദെർബ്ബെ സന്ദർശിച്ചു. ഏഷ്യാമൈനറിലൂടെ പടിഞ്ഞാറോട്ടു പോകുമ്പോൾ പൗലൊസും ശീലാസും ഇവിടം സന്ദർശിച്ചിരുന്നു. (പ്രവൃ, 16:1). പൗലൊസിന്റെ സഹചരനായ ഗായൊസ് ദർബ്ബെക്കാരനായിരുന്നു. (പ്രവൃ, 20:4).

ദെക്കപ്പൊലി

ദെക്കപ്പൊലി (Decapolis)

പേരിനർത്ഥം — ദശനഗരം

യോർദ്ദാനു കിഴക്കു, ഗലീലക്കടലിനു തെക്കുള്ള വിശാലമായ ഭൂപ്രദേശം. ബി.സി. 200-നടുപ്പിച്ച് യവനർ ഗദര, ഫിലഡെൽഫിയ തുടങ്ങിയ പട്ടണങ്ങളിൽ കുടിയേറിപ്പാർത്തു. ബി.സി. 63-ൽ ഹിപ്പൊസ്, സിതൊപൊലിസ്, പെല്ല എന്നീ പട്ടണങ്ങളെ യെഹൂദന്മാരുടെ കയ്യിൽനിന്നും പിടിച്ചെടുത്തു പോംപി സുറിയയോടു ചേർത്തു. എ.ഡി. ഒന്നാമാണ്ടോടു കൂടി അവർ കച്ചവടത്തിനും, ശേമ്യവർഗ്ഗങ്ങൾക്കെതിരെ പരസ്പര സുരക്ഷിതത്വത്തിനും വേണ്ടി ഒരു സഖ്യം ഉണ്ടാക്കി. ഈ സഖ്യത്തിലുൾപ്പെട്ട പത്തു പട്ടണങ്ങളുടെ പേർ പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. അവ: സിതൊപൊലിസ് (Scythopolis), പെല്ല (Pella), ദിയോൻ (Dion), ഗെരെസ (Gerasa), ഫിലഡെൽഫിയ (Philadelphia), ഗദര (Gadara), റഫാന (Raphana), കനാഥ (Kanatha), ഹിപ്പൊസ് (Hippos), ദമസ്ക്കൊസ് (Damascus) എന്നിവയാണ്. ക്രിസ്തുവിനെ പിന്തുടർന്ന വലിയ പുരുഷാരത്തിൽ ദെക്കപ്പൊലിക്കാർ ഉണ്ടായിരുന്നു. (മത്താ, 4:25). യേശു കടലിൻ്റെ അക്കരെ ഗദരദേശത്തു പോയി; അശുദ്ധാത്മാവുള്ള മനുഷ്യനെ സൗഖ്യമാക്കി. (മർക്കൊ, 5:1-13). ഗദരദേശത്തു വലിയ പന്നിക്കൂട്ടം ഉണ്ടായിരുന്നു. അതു വിജാതീയർ കൂട്ടമായി പാർത്തിരുന്ന സ്ഥലമണെന്നു കാണിക്കുന്നു. പന്നിക്കുട്ടത്തിന്റെ നാശത്തിലൂടെ നാട്ടുകാർക്കു സാമ്പത്തിക നഷ്ടം നേരിട്ടതിനാലാണ് അവിടം വിട്ടു പോകാൻ അവർ യേശുവിനോടപേക്ഷിച്ചത്. സോരിൻ്റെ അതിർവിട്ടു യേശു ഗലീലക്കടല്പുറത്തു വന്നതു ദെക്കപ്പൊലി ദേശത്തിന്റെ നടുവിൽക്കൂടിയായിരുന്നു. (മർക്കൊ, 7:31). എ.ഡി. 70-ൽ യെരുശലേം നശിപ്പിക്കപ്പെടുന്നതിനു മുമ്പായി യെരുശലേമിലെ ക്രിസ്ത്യാനികൾ ദെക്കപ്പൊലിയിലെ പെല്ലാ എന്ന പട്ടണത്തിൽ അഭയം പ്രാപിച്ചു.

ദാവീദിന്റെ നഗരം

ദാവീദിന്റെ നഗരം (City of David)

യെഹൂദയിലെ ബേത്ലേഹെമിനെ അപൂർവ്വം സന്ദർഭങ്ങളിൽ ദാവീദിന്റെ പട്ടണം എന്നു വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 2:4, 11). ദാവീദ് വളർന്നതും ആടുമേച്ചതും ബേത്ലേഹെമിലായിരുന്നു. മറ്റൊന്ന്; ദാവീദ് യെബൂസ്യരോട് പിടിച്ചടക്കിയ സീയോൻ കോട്ടയുടെ അപരനാമം ‘ദാവീദിന്റെ നഗരം’ എന്നാണ്. (2ശമൂ, 5:7, 9; 1ദിന, 11:5, 7; 1രാജാ, 8:1; 2ദിന, 5:2). ടയ്റോപിയോൻ താഴ്വരയ്ക്കും കിദ്രോൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള ത്രികോണാകൃതിയിലുള്ള കുന്നാണ് ഈ നഗരം. യെബൂസ്യനഗരം ആക്രമിച്ചത് പൊടുന്നനവെയായിരുന്നു. നഗരനിവാസികൾ ഗീഹോൻ ഉറവയിൽനിന്ന് വെള്ളം കൊണ്ടുപോയിരുന്ന നീർപ്പാത്തിവഴി കയറിയാണ് ദാവീദും കൂട്ടരും സീയോൻകോട്ട പിടിച്ചത്. ദാവീദിനൊരിക്കലും യെബൂസ്യനഗരത്തിൽ കടക്കുവാൻ കഴിയുകയില്ലെന്ന് അവർ കരുതി. അവർ ദാവീദിനോട്: “നീ ഇവിടെ കടക്കുകയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു അവരെ പരിഹസിച്ചു.” (2ശമൂ, 5:6). എന്നിട്ടും ദാവീദ് സീയോൻ കോട്ട പിടിച്ചു; അതിനു ദാവീദിന്റെ നഗരം എന്നു പേരിട്ടു. അതിന്റെ ചുററും ദാവീദ് കോട്ടകെട്ടി അരമന പണിതു. യെരൂശലേം നഗരം വളർന്നു വികസിച്ചപ്പോഴും ദാവീദിൻ്റെ നഗരം അതിന്റെ തനിമ നിലനിർത്തി. പ്രവാസാനന്തരവും നഗരത്തിലെ ചില പ്രത്യേക സ്ഥാനങ്ങൾ എടുത്തുപറയപ്പെട്ടിട്ടുണ്ട്: ഉറവുവാതിൽ (നെഹെ, 2:14; 3:15; 12:37), ദാവീദിന്റെ നഗരത്തിൽ നിന്നിറങ്ങുന്ന കല്പടികൾ (നെഹെ, 3:15; 12:37), ദാവീദിൻ്റെ കല്ലറകൾ (നെഹെ, 3:16), വീരന്മാരുടെ നിവാസം (നെഹെ, 3:16) എന്നിവ. യെബൂസ്യനഗരത്തെ മോടിപിടിപ്പിക്കുവാൻ ദാവീദ് വളരെയൊന്നും ചെയ്തില്ല. ശലോമോൻ രാജാവാണ് ഉജ്ജ്വല സൗധങ്ങൾ നിർമ്മിച്ച് ഈ പട്ടണത്തെ മനോഹരമായ തലസ്ഥാന നഗരിയാക്കിയത്.

ദല്മാത്യ

ദല്മാത്യ (Dalmatia) 

അദ്രിയക്കടലിന്റെ വടക്കുകിഴക്കുള്ള ഒരു റോമൻ പ്രവിശ്യ. ബി.സി. 9-നു ശേഷം റോമൻ പ്രവിശ്യയായ ഇല്ലൂര്യത്തിന്റെ തെക്കെ അറ്റത്തുള്ള ജില്ലയായി ദല്മാത്യ ഗണിക്കപ്പെട്ടു. പ്രവിശ്യയുടെ പേരായി ഇല്ലൂര്യയ്ക്കു പകരം ദല്മാത്യ പ്രയോഗിച്ചുവന്നു. തീത്തോസ് ദല്മാത്യ സന്ദർശിച്ചിട്ടുണ്ട്. (2തിമൊ, 4:10). പൗലൊസ് ഇല്ലൂര്യദേശത്തോളം സുവിശേഷം പ്രസംഗിച്ചു. (റോമ, 15:19).

ദല്മനൂഥ

ദല്മനൂഥ (Dalmanutha) 

ഗലീലക്കടലിന്റെ പശ്ചിമതീരത്തുളള ഒരു സ്ഥലം. (മർക്കൊ, 8:10). നാലായിരം പേരെ അത്ഭുതകരമായി പോഷിപ്പിച്ചശേഷം ക്രിസ്തു ശിഷ്യന്മാരുമായി ദല്മനൂഥയ്ക്കു പോയി. യഥാർത്ഥസ്ഥാനം നിർണ്ണയിക്കപ്പെട്ടിട്ടില്ല. ഐൻ-എൽ-ബാരിദേ (Ain-el-Barideh) ആണെന്നു കരുതപ്പെടുന്നു. മത്തായി 15:39-ൽ ദല്മനൂഥയ്ക്കു പകരം മഗദാദേശം എന്നാണ് കാണുന്നത്. ഏറ്റവും നല്ല കൈയെഴുത്തു പ്രതികളിൽ ദല്മനൂഥ കാണപ്പെടുന്നതുകൊണ്ട് അതിനെ ഒരിക്കലും പാഠപ്പിഴയായി ഗണിക്കാൻ നിവൃത്തിയില്ല. ദല്മനൂഥയും മഗദയും ഒരേ സ്ഥലത്തിന്റെ രണ്ടു പേരുകളോ വളരെ അടുത്തുള്ള രണ്ടു സ്ഥലങ്ങളുടെ പേരുകളോ ആയിരിക്കണം.

ദമസ്കൊസ്

ദമസ്കൊസ് (Damascus)

സിറിയയുടെ (അരാം) തലസ്ഥാന നഗരിയാണ് ദമസ്കൊസ് അഥവാ ദെമ്മേശെക്ക്. ഭരണകൂടങ്ങൾ മാറിക്കൊണ്ടിരുന്നെങ്കിലും കഴിഞ്ഞ നാലായിരം വർഷമായി അതു തലസ്ഥാന നഗരിയായി തുടരുന്നു. “ലോകം ദമസ്കൊസിൽ ആരംഭിച്ചു, ലോകം അവിടെ അവസാനിക്കും” എന്നാണ് ദമസ്കൊസിന്റെ അവകാശവാദം. ആന്റിലെബാനോൻ പവ്വതത്തിനു കിഴക്കും സിറിയൻ അറേബ്യൻ മരുഭൂമിക്കു പടിഞ്ഞാറുമാണ് ദമസ്കൊസിന്റെ കിടപ്പ്. ആന്റിലെബാനോൻ പർവ്വത നിരയുടെ തെക്കെ അറ്റത്തുള്ള ഹിമാവൃതമായ ഹെർമ്മോൻ പർവ്വതം ഏകദേശം 2740 മീറ്റർ ഉയരത്തിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി നിലകൊളളുന്നു. ഫലവൃക്ഷത്തോപ്പുകൾക്കും പൂങ്കാവുകൾക്കും പ്രസിദ്ധിയാർജ്ജിച്ച ദമസ്കൊസിനെ നനയ്ക്കുന്ന നദികളാണ് അബാനയും (ഇന്നത്തെ ബെരാദാ) പർപ്പരും. (2രാജാ, 5:12). അറേബ്യ, ഈജിപ്റ്റ്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യമാർഗ്ഗങ്ങൾ ദമസ്കൊസിൽ വന്നുചേരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരമുള്ള പീഠഭൂമിയിലാണ് ദമസ്കൊസ് സ്ഥിതിചെയ്യുന്നത്. സുഖപ്രദമായ കാലാവസ്ഥയാണിവിടെ. ഒലിവ്, അത്തി, ആപ്രിക്കോട്ട് തുടങ്ങിയവ വളരുന്ന ഫലവൃക്ഷത്തോട്ടങ്ങളും ധാന്യനിലങ്ങളും സമൃദ്ധമായുണ്ട്. നഗരത്തിൻ്റെ സമൃദ്ധിക്കു നിദാനം വാണിജ്യമാണ്. അതിനാലാണ് യെഹെസ്ക്കേൽ പ്രവാചകൻ; ‘സോരിന്റെ വ്യാപാരി’ എന്ന് ദമസ്ക്കൊസിനെ വിശേഷിപ്പിച്ചത്. (27:16).

ചരിത്രാതീത കാലംമുതൽ അറിയപ്പെടുന്ന ഒരു നഗരമാണ് ദമസ്ക്കൊസ്. ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ അബ്രാഹാം രാജാക്കന്മാരുടെ സഖ്യത്തെ പരാജയപ്പെടുത്തിയത് ദമ്മേശെക്കിനടുത്തു വച്ചായിരുന്നു. (ഉല്പ, 14:15). അബ്രാഹാമിന്റെ ദാസനായ എല്യേസർ ദമ്മേശെക്കുകാരനായിരുന്നു. (ഉല്പ, 15:2). സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ സൈന്യം അയച്ച ദമ്മേശെക്കിനെ ദാവീദു തോല്പിച്ചു. (2ശമൂ, 8:5; 1ദിന, 18:15). ഈ യുദ്ധത്തിൽ യജമാനനായ ഹദദേസെരിനെ വിട്ടു ഓടിപ്പോയ രെസോൻ ആളുകളെ ചേർത്തു ദമസ്ക്കൊസിൽ ചെന്നു അവിടെ വാണു. (1രാജാ, 11:24). രെസോന്റെ പിൻഗാമിയായി; ഹെസ്യോൻ്റെയും അവന്റെ പുത്രനായ തബ്രിമ്മോന്റെയും കാലത്തു ദമസ്ക്കൊസിന്റെ പ്രാധാന്യം വർദ്ധിച്ചു. തബ്രിമ്മോന്റെ പുത്രനായ ബെൻ-ഹദദ് ഒന്നാമന്റെ കാലത്തു, യിസ്രായേൽ രാജാവായ ബയെശായുടെ ഞെരുക്കലിന്നെതിരെ യെഹൂദാരാജാവായ ആസ ഉണ്ടാക്കിയ സഖ്യത്തിലെ പ്രധാന പങ്കാളി ദമസ്ക്കൊസ് ആയിരുന്നു. (2ദിന, 16:2). ബെൻ-ഹദദ് ആഹാബു രാജാവിനോടു ഉടമ്പടി ചെയ്തു. (1രാജാ, 20:34). ആഹാബിന്റെ മരണത്തിനിടയാക്കിയ യുദ്ധത്തിലെ പേരു പറയാത്ത അരാം രാജാവു ബെൻ-ഹദദ് ആയിരിക്കണം. (1രാജാ, 22:29-36). 

ദമസ്ക്കൊസിലെ ഒരു പ്രഭുവായ ഹസായേലിനെ അരാമിനു (syria) രാജാവായി അഭിഷേകം ചെയ്യാൻ യഹോവ ഏലീയാ പ്രവാചകനോട് അരുളിച്ചെയ്തു. (1രാജാ, 19:15). നയമാനെ സൗഖ്യമാക്കിയ എലീശാ പ്രവാചകനോടു തൻ്റെ ദീനത്തെക്കുറിച്ചു ചോദിക്കുവാൻ ബെൻ-ഹദദ് ഹസായേലിനോട് ആവശ്യപ്പെട്ടു. (2രാജാ, 8:7). ബി.സി. 84-ൽ അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമൻ ഹസായേലിനെ ആക്രമിച്ചു. ബി.സി. 797-ലെ ‘അദാദ് നിരാരി’യുടെ (അശ്ശൂർ) ആക്രമണം ദമസ്ക്കൊസിന്റെ ശക്തി ക്ഷയിപ്പിച്ചു. തന്മൂലം യിസ്രായേൽ രാജാവായ യെഹോവാശിനു നഷ്ടപ്പെട്ട പട്ടണങ്ങളെ ബെൻ-ഹദദിന്റെ കയ്യിൽ നിന്നു തിരികെ പിടിക്കുവാൻ കഴിഞ്ഞു. മൂന്നുപ്രാവശ്യം യോവാശ് അവനെ തോല്പിച്ചു. (2രാജാ, 13:3, 22-25). യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമൻ ദമസ്ക്കൊസ് വീണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. (2രാജാ, 14:28). 

ദമസ്ക്കൊസിലെ രാജാവായ രെസീനും യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിനെ നിരോധിച്ചു; (2രാജാ, 16:5) എങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. രെസീൻ ഏലാത്ത് വീണ്ടെടുത്തു അരാമിനോടു ചേർത്തു. യെഹൂദാ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത് പിലേസരിനോടു സഹായമഭ്യർത്ഥിച്ചു. (2രാജാ, 16:7,8). യെശയ്യാവും (17:1), ആമോസും (1:4,5) പ്രവചിച്ചതു പോലെ അശ്ശൂർ രാജാവ് ചെന്ന് ദമസ്ക്കൊസിനെ പിടിച്ചു രെസീനെ വധിച്ചു നിവാസികളെ കീരിലേക്കു ബദ്ധരാക്കി കൊണ്ടു പോയി. (2രാജാ, 16:9). ഇതിനു കപ്പം കൊടുക്കാൻ ആഹാസ് രാജാവു ദമസ്ക്കൊസിൽ അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ചെന്നു, അവിടെ കണ്ട ബലിപീഠത്തിന്റെ പ്രതിമ കൊണ്ടുവന്നു. (2രാജാ, 16:10-12). യെരുശലേം ദൈവാലയത്തിൽ അരാം രാജാക്കന്മാരുടെ ദേവന്മാർക്കു ആഹാസ് ബലികഴിക്കാൻ തുടങ്ങി. (2ദിന, 28:23). ഏറെത്താമസിയാതെ ദമസ്ക്കൊസ് വീണ്ടും പ്രാബല്യത്തിൽ വന്നു. ബി.സി. 85-ൽ ദമസ്ക്കൊസ് അരേതാ രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. (2കൊരി, 11:32). ബി.സി. 64 മുതൽ എ.ഡി. 33 വരെ ദമസ്ക്കൊസ് ഒരു റോമൻ നഗരമായിരുന്നു. പൗലൊസിന്റെ മാനസാന്തരകാലത്ത് ദമസ്ക്കൊസിൽ അനേകം യെഹൂദാ പളളികളുണ്ടായിരുന്നു. (പ്രവൃ, 9:2). ദമസ്ക്കൊസിനു സമീപത്തു വച്ചാണ് പൗലൊസിനു ക്രിസ്തുവിന്റെ ദർശനം ലഭിച്ചത്. പൗലൊസ് ദമസ്ക്കൊസിലെ പള്ളികളിൽ പ്രസംഗിച്ചു. എതിർപ്പു വർദ്ധിച്ചപ്പോൾ അദ്ദേഹം ദമസ്ക്കൊസ് വിട്ടുപോയി. (പ്രവൃ, 9:19-27). അറേബ്യയിൽ കുറച്ചുകാലം ചെലവഴിച്ചശേഷം പൗലൊസ് ദമസ്ക്കൊസിലേക്കു മടങ്ങിവന്നു. (ഗലാ, 1:17).