Category Archives: Uncategorized

യൂദാ

യൂദാ (Judas)

പേരിനർത്ഥം — സ്തുതി

യൂദാ ഈസ്കര്യോത്താവ് യേശുവിന്റെ പ്രന്തണ്ടു ശിഷ്യന്മാരിൽ ഒരുവനാണ്. ശിമോൻ ഈസ്കരോത്താവിന്റെ മകൻ. (യോഹ, 6:71, 13:26). കർത്താവ് യൂദയെ വിളിക്കുന്നതിനു മുമ്പുള്ള അവന്റെ ജീവിതത്തെക്കുറിച്ചു ഒരറിവുമില്ല. സമവീക്ഷണ സുവിശേഷങ്ങളിൽ കൊടുത്തിട്ടുള്ള പ്രന്തണ്ടു അപ്പൊസ്തലന്മാരുടെ പട്ടികയിൽ യൂദയുടെ പേര് ഒടുവിലാണ് കാണപ്പെടുന്നതു. (മത്താ, 10:4, മർക്കൊ, 3:19, ലൂക്കൊ, 6:16). യൂദയുടെ പേർ പറയുമ്പോഴെല്ലാം യേശുവിനെ കാണിച്ചുകൊടുത്ത (മർക്കൊ, 3:19, മത്താ, 10:4) ദ്രോഹിയായിത്തീർന്ന (ലൂക്കൊ, 6:16) എന്നീ വിശേഷണങ്ങൾ ചേർത്തിരിക്കുന്നതു കാണാം. കെര്യോത്ത് ഗ്രാമവാസി എന്നാണ് ഈസ്കര്യോത്താവ് എന്ന വാക്കിന്റെ അർത്ഥം. അപ്പൊസ്തലിക ഗണത്തിൽ യൂദയായിരുന്നു പണസഞ്ചി സൂക്ഷിപ്പുകാരൻ. (യോഹ, 13:29). അപ്പൊസ്തലന്മാർ ചുറ്റി സഞ്ചരിക്കുമ്പോൾ പണവും വഴിപാടുകളും സ്വീകരിക്കുകയും ദരിദ്രർക്കു വിതരണം ചെയ്യുകയും പതിവായിരുന്നു. അവയുടെ ചുമതലക്കാരൻ യൂദാ ഈസ്കര്യോത്താവായിരുന്നു. പണം കൂടുതൽ കൈവശം വന്നപ്പോൾ യൂദാ ധനമോഹിയും അവിശ്വസ്തനും കള്ളനും ആയിത്തീർന്നു. (യോഹ, 12:4-6).

സുവിശേഷ സംഭവങ്ങളുടെ അന്ത്യരംഗങ്ങളിൽ യൂദായുടെ വഞ്ചന നിഴലിടുന്നതു കാണാം. വിലയേറിയ സ്വച്ഛജടാമാംസിതൈലം കൊണ്ടു കർത്താവിന്റെ പാദത്തെ അഭിഷേകം ചെയ്ത മറിയയുടെ പ്രവൃത്തിയെ യൂദാ വിമർശിച്ചു. (യോഹ, 12:3-5). അവളുടെ പ്രവൃത്തിയുടെ മഹിമയെ യേശു പുകഴ്ത്തിയെങ്കിലും അതു മനസ്സിലാക്കുവാനുള്ള മനോഭാവം യൂദയ്ക്കുണ്ടായിരുന്നില്ല. ആ തെലം വിറ്റു പണസ്സഞ്ചി വീർപ്പിക്കുന്നതിലായിരുന്നു യൂദയുടെ നോട്ടം. ദരിദ്രർക്കു വേണ്ടിയുള്ള വാദമെന്ന നിലയ്ക്കാണ് യൂദാ മറിയയുടെ പ്രവൃത്തിയെ വിമർശിച്ചത്. ബേഥാന്യയിലെ ഈ സംഭവത്തെത്തുടർന്നു യൂദാ കർത്താവിനെ ഒറ്റിക്കൊടുക്കുവാനായി മഹാപുരോഹിതന്മാരുടെ അടുക്കലേക്കു പോയി. (മത്താ, 26:14-16, മർക്കൊ, 14:10-11, ലൂക്കൊ, 22:3-6). യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുമെന്നു യേശു മുൻകൂട്ടി അറിയുകയും പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു. (യോഹ, 6:70-71). യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു എന്തുതരും എന്നു ചോദിച്ചു. അവർ അവനു മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. (മത്താ, 26:15, ഒ.നോ. സെഖ, 11:12, പുറ, 21:32). യേശുവിനെ കാണിച്ചു കൊടുക്കുന്നതിനു അനുകൂലമായ സന്ദർഭം യൂദാ കാത്തിരിക്കുകയായിരുന്നു. അന്ത്യ അത്താഴത്തിനായി യേശുവും ശിഷ്യന്മാരും മാളികമുറിയിൽ കൂടിയിരുന്ന സന്ധ്യയ്ക്കു യൂദായ്ക്ക് സന്ദർഭം ലഭിച്ചു. (മർക്കൊ, 14:17-18). അത്താഴ സമയത്തു യൂദാ തന്നെ കാണിച്ചു കൊടുക്കുന്നതിനെക്കുറിച്ചു യേശു വ്യക്തമാക്കി. യേശുവിന്റെ കയ്യിൽ നിന്നു അപ്പ ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ യുദായിൽ കടന്നു. (യോഹ, 13:27). ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി. (യോഹ, 13:30). യേശുക്രിസ്തു ഗത്ത്ശെമനയിൽ അന്നു രാത്രി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പടയാളികളെത്തി. ചുംബനത്താൽ യുദാ യേശുവിനെ കാണിച്ചുകൊടുത്തു. (മത്താ, 26:41-49, മർക്കൊ, 18:-5 ). “യൂദയേ, മനുഷ്യപുത്രനെ ചുംബനം കൊണ്ടോ കാണിച്ചുകൊടുക്കുന്നത്” എന്നു യേശു ചോദിച്ചു. (ലൂക്കൊ, 22:48). യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു കണ്ടപ്പോൾ യുദാ അനുതപിച്ചു . മഹാപുരോഹിതന്മാരുടെ അടുക്കൽ മടങ്ങിവന്നു അവൻ തന്റെ കുറ്റം ഏറ്റുപറഞ്ഞു മുപ്പതു വെള്ളിക്കാശ് മടക്കിക്കൊടുത്തു. അവർ സ്വീകരിക്കാത്തതു കൊണ്ടു ആ വെള്ളിക്കാശ് മന്ദിരത്തിലെറിഞ്ഞ് ശേഷം അവൻ തൂങ്ങിച്ചത്തു. (മത്താ, 27:3-5). യൂദാ നാശയോഗ്യനായിരുന്നു. (യോഹ, 17:12). അവന്റെ അന്ത്യം അത്യന്തം ദാരുണമായിരുന്നു. “അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.” (പ്രവൃ, 1:18). “തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയി”. (അപ്പൊ, 1:24).

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റൊരു യൂദാ: തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല.

പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.തദ്ദായി (Thaddaeus)പേരിനർത്ഥം — വിശാലഹൃദയൻയേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾ. തദ്ദായി എന്ന പേര് മത്തായി മർക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ കാണുന്നുള്ള. (മത്താ, 10:4, മർക്കൊ, 3:18). ലൂക്കോസിലും പ്രവൃത്തികളിലും ‘യാക്കോബിൻ്റെ മകനായ യൂദാ’ എന്നും (ലൂക്കോ, 6:16, പ്രവൃ, 1:13), യോഹന്നാനിൽ ‘ഈസ്കര്യോത്താവല്ലാത്ത യൂദാ’ (14:22) എന്നുമാണു കാണുന്നത്. സ്തനം എന്നർത്ഥമുള്ള തദ് എന്ന അരാമ്യധാതുവിൽ നിന്നായിരിക്കണം തദ്ദായി എന്ന പേരിന്റെ ഉത്പത്തി. സ്ത്രീസഹജമായ അർപ്പണവും സ്വഭാവത്തിലെ ഊഷ്മളതയും ഈ പേർ പ്രതിഫലിപ്പിക്കുന്നു. ലെബ്ബായിയുടെ ധാതു “ലേവ്” (ഹൃദയം) ആണ്. തദ്ദായിയുടെ ആശയം തന്നെയാണ് ലെബ്ബായിയിലും കാണുന്നത്. തദ്ദായിയെ യെഹൂദയിൽ നിന്നും ലെബ്ബായിയെ ലേവിയിൽ നിന്നും നിഷ്പാദിപ്പിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. മത്തായി സുവിശേഷത്തിൽ ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ ലെബ്ബായി എന്നുകൂടി KJV-യിൽ കാണുന്നുണ്ട്. ഈസ്കര്യോത്താ യുദയുമായി തെറ്റിപ്പോകാതിരിക്കുവാനാണ് യാക്കോബിന്റെ മകനായ യൂദാ എന്നു ലൂക്കൊസും, ഈസ്കര്യോത്താവല്ലാത്ത യൂദാ എന്നു യോഹന്നാനും തദ്ദായി എന്നു മത്തായിയും മർക്കൊസും രേഖപ്പെടുത്തിയത്. യൂദാ, തദ്ദായി, ലെബ്ബായി ഇവ മൂന്നും ഒരു വ്യക്തിതന്നെയാണ്. യഥാർത്ഥ പേര് യുദാ ലെബ്ബായിയാണ്. കുടുംബപ്പേരായിരിക്കണം തദ്ദായി. ലെബ്ബായി യാക്കോബിന്റെ മകൻ യുദാ എന്നീ പേരുകളിലും തദ്ദായി അറിയപ്പെട്ടു. തദ്ദായിയെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബൈബിളില്ല. യേശുവിൻ്റെ മാളികമുറിലെ പ്രസംഗത്തിനിടയിൽ; “ഈസ്കര്യോത്താവല്ലാത്ത യൂദാ (തദ്ദായി) അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.” ഒരു പുരാണ ലത്തീൻ രേഖയിൽ തീവ്രവാദിയായ യൂദാ എന്ന് ഈ അപ്പൊസ്തലനെപ്പറ്റി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ മറ്റു ചില ശിഷ്യന്മാരെപ്പോലെ യിസ്രായേലിനു ഭൗതികമായ ഒരു രാജ്യം സ്ഥാപിച്ച് മശീഹ രാജാവായി വാഴുമെന്ന ചിന്ത തദ്ദായിക്കും ഉണ്ടായിരുന്നിരിക്കണം. യിസ്രായേലിൻ്റെ രാജാവായ മശീഹ ലോകത്തിനല്ല; തൻ്റെ ശിഷ്യഗണങ്ങൾക്കാണ് വെളിപ്പെടുവാൻ പോകുന്നതെന്ന് അവന് മനസ്സിലായിരുന്നില്ല. പുരാതനകാലത്തു നിലവിലിരുന്ന ചില ഐതിഹ്യങ്ങളിൽനിന്നു ചില കാര്യങ്ങൾ ഗ്രഹിക്കാം. യൂസീബിയസ് (എ.ഡി. 275.340) എന്ന യഹൂദ ചരിത്രകാരന്റെയും ജെറോം (347-430) എന്ന സഭാപിതാവിന്റെയും എഴുത്തുകളിൽനിന്നാണ് ആ കഥകൾ ലഭിച്ചിരിക്കുന്നത്. എഡേസ്സയിലെ ഭരണാധികാരിയായ “അബ്ഗാറസ്” സന്ദേശവാഹകനായ “അനനിയാസ്” മുഖാന്തരം യേശുവിന് അയച്ച കത്തിന്റെ പകർപ്പ് സൂക്ഷിച്ചിരിക്കുന്നു. അതിൽ രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്ന യേശു എഡേസ്സയിലേക്കു ചെന്ന് അബ്ഗാറസിന്റെ രോഗത്തിൽനിന്നു സൗഖ്യമാക്കണമെന്നും, യേശു ദൈവപുത്രനാണെന്നു താൻ വിശ്വസിക്കുന്നു എന്നും ആ കത്തിൽ എഴുതിയിരുന്നു. മറുപടിയായി അയച്ച കത്തിന്റെ പകർപ്പും എഡേസ്സയിൽ സൂക്ഷിച്ചിരിക്കുന്നു. യേശുവിന്റെ മറുപടിയിൽ തനിക്ക് എഡേസ്സയിൽ വരാൻ സാധിക്കുന്നില്ല എന്നും, എന്നാൽ തനിക്കുപകരം തന്റെ ശിഷ്യന്മാരിൽ ഒരുവനായ തദ്ദായിയ അയയ്ക്കാമെന്നും എഴുതിയിരുന്നു. യേശുവിന്റെ സ്വർഗാരോഹണ ശേഷം തദ്ദായിയെ എഡേസ്സയിലേക്ക് അയച്ചെന്നും, തോബിയാസ് എന്ന ഒരാളോടുകൂടെ പാർത്തു എന്നും പറയപ്പെടുന്നു. രാജാവ് പട്ടണത്തിലെ പൗരാവലിയെ മുഴുവനും വിളിച്ചുകൂട്ടി. തദ്ദായി അവരോടു സുവിശേഷം പ്രസംഗിച്ചു. അബ്ഗാറിസ് തദ്ദായിക്ക് വളരെ പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു. എന്നാൽ തദ്ദായി അത് സ്വീകരിച്ചില്ല. പലയിടത്തും പ്രസംഗിച്ചശേഷം ഒടുവിൽ “അനറാത്ത്” എന്ന സ്ഥലത്തുവച്ച് ശത്രുക്കൾ തന്നെ അമ്പെയ്തുകൊന്നു. അങ്ങനെ തദ്ദായിയും രക്തസാക്ഷിമരണം വരിച്ചു എന്ന് ഐതിഹ്യത്തിൽ പറയുന്നു. AD 72-ൽ എഡേസ്സ പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു എന്ന് മറ്റൊരു പാരമ്പര്യം പറയുന്നു.

യേശുവിന്റെ സഹോദരൻ യൂദാ: യേശുവിന്റെ സഹോദരനായ യാക്കോബിനെപ്പോലെ തീക്ഷ്ണതയുള്ളവനായിരുന്നു. പിതൃനഗരത്തിലുള്ളവർ യേശുവിന്റെ സഹോദരന്മാരുടെ പേരു പറയുമ്പോൾ യൂദയുടെ പേരും ചേർത്തിട്ടുണ്ട്. (മത്താ, 13:55; മർക്കൊ, 6:3). പുതിയനിയമത്തിലെ യൂദയുടെ ലേഖനം ഇദ്ദേഹം എഴുതിയതാണ്. യാക്കോബിന്റെ സഹോദരൻ എന്നു ലേഖനത്തിൽ പറയുന്നുണ്ട്.

ഗലീലക്കാരനായ യൂദാ: റോമൻ ഭരണാധികാരികൾ യെഹൂദ്യയിൽ ജനസംഖ്യ എടുക്കുന്ന കാലത്ത് കലഹമുണ്ടാക്കിയ ഒരാൾ. നാടുവാഴിയായിരുന്ന കുറേന്യൊസ് ബലം പ്രയോഗിച്ചു ഇതിനെ അടിച്ചമർത്തി. ഗമാലിയേൽ ഈ സംഭവം തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. (പ്രവൃ, 5:37). ഈ യൂദാ ജനിച്ചതു ഗമലയിൽ ആയിരുന്നുവെന്നും കലഹം ഉണ്ടാക്കിയതു എ.ഡി. 6-ൽ ആയിരുന്നു എന്നും ജൊസീഫസ് പറയുന്നു.

ദമസ്കൊസുകാരനായ യൂദാ: പൗലൊസ് അപ്പൊസ്തലൻ മാനസാന്തരത്തിനു ശേഷം ദമസ്കൊസ് പട്ടണത്തിൽ നേർവ്വീഥി എന്ന തെരുവിൽ യൂദയുടെ ഭവനത്തിൽ താമസിച്ചു. അനന്യാസ് ഇവിടെ വന്നാണ് ശൗലിനു വേണ്ടി പ്രാർത്ഥിച്ചത്. (പ്രവൃ, 9:11). 

ബർശബാസ് എന്ന യൂദാ: ബർശബാസ് എന്ന യൂദയും ശീലാസും യെരൂശലേം സമ്മേളനത്തിന്റെ തീരുമാനം അറിയിക്കുവാൻ അന്ത്യാക്ക്യയിലേക്കു പൗലൊസ്, ബർന്നബാസ് എന്നിവരോടൊപ്പം പോയി. (പ്രവൃ, 15:22, 26).

യൂത്തിക്കൊസ്

യൂത്തിക്കൊസ് (Eutychus)

പേരിനർത്ഥം – ഭാഗ്യവാൻ

ത്രോവാസിലെ ഒരു യുവാവ്. പൗലൊസ് പിറ്റേദിവസം യാത്ര പുറപ്പെടുവാൻ നിശ്ചയിച്ചിരുന്നതു കൊണ്ടു പാതിരാവരെ പ്രസംഗം നീട്ടി. വീടിന്റെ മൂന്നാം തട്ടിലായിരുന്നു യോഗം നടന്നിരുന്നത്. കിളിവാതില്ക്കൽ ഇരുന്ന യൂത്തിക്കൊസ് ഉറങ്ങി മൂന്നാം തട്ടിൽ നിന്നു താഴെ വീണു. അവനെ മരിച്ചവനായി എടുത്തുകൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെ മേൽ വീണു അവനെ തഴുകി. പഴയനിയമ പ്രവാചക ൾന്മാരും മരിച്ചവരെ ഉയിർപ്പിച്ചതു ഇതേ വിധമായിരുന്നു. (1രാജാ, 17:21; 2രാജാ, 4:34). പ്രഭാതത്തിൽ പൗലൊസ് പോകുന്നതിനു മുമ്പു ബാലനെ ജീവൻ പ്രാപിച്ചവനായി കൊണ്ടുവന്നു. എല്ലാവരും സന്തോഷിച്ചു. (പ്രവൃ, 20:7-12).

യുസ്തൊസ്

യുസ്തൊസ് (Justus)

പേരിനർത്ഥം – നീതിമാൻ

യുസ്തൊസ് എന്ന മറുപേരുള്ള ബർശബാ എന്ന യോസേഫ്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദയ്ക്കു പകരം അപ്പൊസ്തലത്വത്തിനായി ശിഷ്യന്മാർ നിർത്തിയ രണ്ടുപേരിൽ ഒരാൾ. (പ്രവൃ, 1:23). ചീട്ടു മത്ഥിയാസിനു വീണു.

യുസ്തൊസ്

കൊരിന്തിലെ ഒരു ശിഷ്യൻ. പൗലൊസിനു സുനഗോഗിൽ (യെഹൂദന്മാരുടെ പള്ളി) പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ യുസ്തൊസിന്റെ ഭവനത്തിൽ വച്ചു പൗലൊസ് സുവിശേഷം പ്രസംഗിച്ചു. (അപ്പൊ, 18:7).

യുസ്തൊസ്

ഒരു യെഹൂദ ക്രിസ്ത്യാനി. യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു എന്നു കൊലൊസ്യ ലേഖനത്തിൽ (4:11) പൗലൊസ് എഴുതി. അവിടെ പൗലൊസിനു അനുകൂലമായി വർത്തിച്ച യെഹൂദന്മാർ കേവലം മൂന്നുപേരായിരുന്നു. അരിസാതർഹൊസ് മർക്കൊസ്, യുസ്തൊസ്.

യിസ്ഹാക്ക്

യിസഹാക്ക് (Isaac)

പേരിനർത്ഥം – ചിരി

അബ്രാഹാമിനു സാറായിൽ ജനിച്ച ഏക പുത്രൻ. ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവരിൽ ഒരാളാണ് യിസഹാക്ക്. യഹോവയാണു ഈ പേർ നല്കിയത്. (ഉല്പ, 17:19). യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രാഹാമിനു 100 വയസ്സും സാറായ്ക്കു 90 വയസ്സും ഉണ്ടായിരുന്നു. (ഉല്പ, 21:5). എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദനം കഴിപ്പിച്ചു. (ഉല്പ, 21:4). യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. ഈ സന്ദർഭത്തിൽ തന്റെ അവകാശം നഷ്ടപ്പെട്ട യിശ്മായേൽ പരിഹസിക്കുകയും അതു സാറായെ പ്രകോപിപ്പിക്കുകയും ചെയ്തു. അതിനാൽ ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുവാൻ സാറാ അബ്രാഹാമിനെ നിർബ്ബന്ധിച്ചു. യിശ്മായേലിനെ സ്നേഹിക്കുക നിമിത്തം അബ്രാഹാം അതു ചെയ്തില്ല. എന്നാൽ ദൈവത്തിൽ നിന്നു വ്യക്തമായ നിർദ്ദേശം ലഭിച്ചപ്പോൾ അബ്രാഹാം ഇരുവരെയും പുറത്താക്കി. (ഉല്പ, 21:8-12).

അബ്രാഹാമിന്റെ വിശ്വസ്തതയെ പരീക്ഷിക്കുവാൻ തന്റെ ഏകജാതനായ പുത്രനെ മോരിയാമലയിൽ കൊണ്ടുചെന്നു യാഗം കഴിക്കുവാൻ ദൈവം കല്പിച്ചു. (ഉല്പ, 22). അപ്പോൾ യിസ്ഹാക്കിനു 25 വയസ്സു പ്രായം ഉണ്ടായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. ഹോമയാഗത്തിനു ആവശ്യമായ വിറകു ചുമന്നുകൊണ്ടു പോകുവാൻ കഴിവുള്ള ബാലനായിരുന്നു യിസ്ഹാക്ക്. തന്നെ യാഗം കഴിക്കുന്നതിനു യിസ്ഹാക്കു ഒരു തടസ്സവും പറഞ്ഞില്ല. എന്നാൽ യാഗപീഠത്തിൽ കിടത്തി യിസ്ഹാക്കിനെ കൊല്ലുവാൻ ഒരുങ്ങിയപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു തടഞ്ഞു; പകരം ഒരു ആട്ടുകൊറ്റനെ യാഗം കഴിച്ചു.

യിസ്ഹാക്കിനു 37 വയസ്സായപ്പോൾ ഹെബ്രോനിൽ വച്ചു സാറാ മരിച്ചു. (ഉല്പ, 23:1). അബ്രാഹാമിന്റെ ദാസനായ എല്യേസർ മെസൊപ്പൊട്ടേമ്യയിൽ ചെന്നു ചാർച്ചക്കാരിയായ റിബെക്കയെ കൊണ്ടുവന്നു. റിബെക്കയെ വിവാഹം കഴിക്കുമ്പോൾ യിസഹാക്കിനു 40 വയസ്സായിരുന്നു. (ഉല്പ, 25:20). റിബെക്ക വന്ധ്യയായിരുന്നു. ഇരുപതു വർഷത്തിനു ശേഷം യിസ്ഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബെക്കാ ഗർഭം ധരിച്ചു. ഇരട്ടക്കുഞ്ഞുങ്ങളായ ഏശാവിനെയും യാക്കോബിനെയും പ്രസവിച്ചു. (ഉല്പ, 25:21-26). ഏശാവ് വേട്ടക്കാരനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാര വാസിയുമായിരുന്നു. യിസ്ഹാക്ക് ഏശാവിനെയും റിബെക്കാ യാക്കോബിനെയും സ്നേഹിച്ചു. ക്ഷാമകാലത്തു ഭക്ഷണത്തിനു വേണ്ടി അന്യദേശത്തു പോകുവാൻ യിസ്ഹാക്കു പ്രേരിതനായി. മിസ്രയീമിലേക്കു പോകാതെ വാഗ്ദത്ത നാട്ടിൽ കഴിയുവാൻ യഹോവ ഉപദേശിച്ചു. ദൈവിക സംരക്ഷണയിൽ സംശയാലുവായ യിസ്ഹാക്ക് ഫെലിസ്ത്യ പട്ടണമായ ഗെരാരിൽ പോയി. ജീവനെ ഭയന്നു റിബെക്കായെ സ്വന്തം സഹോദരിയെന്നു പറയേണ്ടിവന്നു. സത്യം മനസ്സിലാക്കിയപ്പോൾ ഫെലിസ്ത്യരാജാവായ അബീമേലെക്ക് യിസ്ഹാക്കിനെ കുറ്റപ്പെടുത്തിയെങ്കിലും ദേശത്തു പാർക്കുവാൻ അനുവദിച്ചു. (ഉല്പ, 26:1-11).

യിസ്ഹാക്ക് ഗെരാർ താഴ്വരയിൽ കൂടാരമടിച്ചു. കൃഷിയിലും കന്നുകാലി വളർത്തലിലും യിസ്ഹാക്ക് സമ്പന്നനായിത്തീർന്നു. അസൂയാലുക്കളായ ഫെലിസ്ത്യർ പീഡിപ്പിക്കുകയും ദേശം വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ പിതാവാ കുഴിച്ചതും ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകളെ അവൻ തുറന്നു; പുതിയ കിണറുകൾ വെട്ടി. ഈ കിണറുകൾക്കു ഫെലിസ്ത്യർ അവകാശവാദം പുറപ്പെടുവിച്ചു. അവർ അവകാശവാദം പുറപ്പെടുവിക്കാത്ത കിണറിനു രെഹോബോത്ത് എന്നു പേരിട്ടു. (ഉല്പ, 26:12-22). അവിടെനിന്നും യിസ്ഹാക്ക് ബേർ-ശേബയിലേക്കു വന്നു. യഹോവ പ്രത്യക്ഷപ്പെട്ടു യിസ്ഹാക്കിനു അനുഗ്രഹം വാഗ്ദാനം ചെയ്തു. അബീമേലെക്കും യിസ്ഹാക്കിനോടു സമാധാന ഉടമ്പടി ചെയ്തു. (ഉല്പ, 26:26-31). കനാന്യ സ്ത്രീകളുമായുള്ള ഏശാവിന്റെ വിവാഹം യിസ്ഹാക്കിനെയും റിബെക്കയെയും ദുഃഖിപ്പിച്ചു. മരണം അടുത്തു എന്നു കരുതി ആദ്യജാതനായ ഏശാവിനെ അനുഗ്രഹിക്കുവാൻ യിസഹാക്ക് ഒരുങ്ങി. ഏശാവിനെ വിളിച്ചു തന്റെ ഇഷ്ടഭോജനമായ വേട്ടയിറച്ചി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ഇതുകേട്ട റിബെക്കാ യാക്കോബിനെ പ്രച്ഛന്നവേഷനായി രുചികരമായ ഇറച്ചിയോടൊപ്പം യിസ്ഹാക്കിന്റെ അടുക്കലേക്കയച്ചു. പിതാവിനെ വഞ്ചിച്ചു യാക്കോബ് അനുഗ്രഹം കരസ്ഥമാക്കി. ഏശാവ് യാക്കോബിനെ കൊല്ലുവാൻ നിശ്ചയിച്ചു. തന്മൂലം യാക്കോബിനെ മെസൊപ്പൊട്ടേമ്യയിലേക്ക് അയക്കാൻ റിബെക്കാ യിസ്ഹാക്കിനെ പ്രേരിപ്പിച്ചു. ലാബാന്റെ പുത്രിമാരിൽ നിന്നു ഒരു ഭാര്യയെ യാക്കോബ് എടുക്കുമല്ലോ എന്നു യിസ്ഹാക്കു ആശ്വസിച്ചു. (ഉല്പ, 27:41-28;6). ഇരുപതു വർഷത്തിനു ശേഷം യാക്കോബ് പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്നു ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വച്ചു യിസ്ഹാക്കിനെ കണ്ടു. 180-ാമത്തെ മ
വയസ്സിൽ യിസ്ഹാക്കു മരിച്ചു. പുത്രന്മാരായ ഏശാവും യാക്കോബും അവനെ അടക്കി. (ഉല്പ, 35:29).

ഇരുപതോളം പ്രാവശ്യം യിസ്ഹാക്കിനെക്കുറിച്ചു പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. യിസ്ഹാക്കിന്റെ യാഗത്തെക്കുറിച്ചു രണ്ടു പരാമർശങ്ങളുണ്ട്. (എബ്രാ, 11:17,18; യാക്കോ, 2:21). പുനരുത്ഥാനത്തെ തെളിയിക്കുന്നതിനായി അബ്രാഹാം യാക്കോബ് എന്നിവരോടൊപ്പം യിസ്ഹാക്കും ദൈവദൃഷ്ടിയിൽ ജീവിച്ചിരിക്കുകയാണെന്നു യേശു പറഞ്ഞു. (ലൂക്കൊ, 20:37). ക്രിസ്തുവിന്റെ നിഴലായി യിസ്ഹാക്കിനെ മനസ്സിലാക്കുന്നവരുണ്ട്. മോരിയാമലയിൽ അർപ്പിക്കപ്പെടുവാൻ തന്നെത്താൻ ഏല്പിച്ചുകൊടുത്ത യിസ്ഹാക്ക് മരണത്തോളം അനുസരണമുള്ളവൻ ആയിത്തീർന്ന ക്രിസ്തുവിനെ കാണിക്കുന്നു. (ഉല്പ, 22; ഫിലി, 2:5-8). തന്റെ ഏകജാതനായ പുത്രനെ ഏല്പിച്ചുതന്ന പിതാവായ ദൈവത്തിന്റെ പ്രതിരൂപമാണ് അബാഹാം. ‘ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം’ എന്ന അബ്രാഹാമിന്റെ വാക്കുകൾ പുനരുത്ഥാനം ചൂണ്ടിക്കാണിക്കുന്നു. (ഉല്പ, 22:5; എബ്രാ, 11:17-19). സഭയുടെ കാന്തനെന്ന നിലയിലും ക്രിസ്തുവിന്റെ പ്രതിരൂപമാണ് യിസ്ഹാക്ക്. റിബെക്കാ സഭയുടെ നിഴലാണ്. യിസ്ഹാക്ക് വെളിമ്പ്രദേശത്തു ചെന്നു വധുവിനെ സ്വീകരിച്ചതുപോലെ ക്രിസ്തു ആകാശമേഘങ്ങളിൽ ഇറങ്ങിവന്നു സഭയെ കൂട്ടിച്ചേർക്കും. (ഉല്പ, 24:63; 1തെസ്സ, 4:14-16). അബ്രാഹാമിന്റെ ദാസൻ പരിശുദ്ധാത്മാവിനു നിഴലാണ്. ഭൂമിയിൽ സഭയെ ഒരുക്കി കർത്താവിനു സമർപ്പിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്.

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

1. യിശ്മായേൽ: യഹോവയുടെ ദൂതൻ ഹാഗാറിനോട്; “നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം.” (ഉല്പ, 16:11).

2. യിസ്ഹാക്ക്: ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തതു; അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാൿ എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും.” (ഉല്പ, 17:19).

3. യോശീയാവ്: ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു; “യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെ മേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.” (1രാജാ, 13:2). 

4. ശലോമോൻ: ദാവീദിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ; “എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.” (1ദിനവൃ, 22:9).

5. കോരെശ്: “കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.” (യെശ, 44:28; 45:1-3). കോരെശ് ജനിക്കുന്നതിന് 173 വർഷം മുമ്പാണ് യെശയ്യാവിൻ്റെ കോരെശിനെ കുറിച്ചുള്ള ഈ പ്രവചനം.

6. യോഹന്നാൻ സ്നാപകൻ: ദൈവദൂതൻ സെഖര്യാവിനോടു പറഞ്ഞതു; “സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.” (ലൂക്കൊ, 1:13).

7. നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുയേശു: ദൈവദൂതൻ യോസേഫിനോടു; “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഗബ്രീയേൽ ദൂതൻ മറിയയോടു; “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:30,33). 

8. യിസ്രായേൽ: മേല്പറഞ്ഞ ഏഴു വ്യക്തികളെ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമായ യിസ്രായേൽ. “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10).

യിശ്ശായി

യിശ്ശായി (Jesse)

പേരിനർത്ഥം – എൻ്റെ കൈവശമുണ്ട്

ദാവീദ് രാജാവിന്റെ പിതാവായ യിശ്ശായി ഫേരെസിന്റെ കുടുംബത്തിൽ ഓബേദിന്റെ പുത്രനും ബോവസിന്റെ പൗത്രനുമായിരുന്നു. (രൂത്ത്, 4:17-22; 1ദിന, 2:12; മത്താ, 1:5,6; ലൂക്കൊ, 3:32). ബോവസിന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തായിരുന്നു. ബേത്ത്ലേഹെമിൽ വസിച്ചിരുന്നതു കൊണ്ടു യിശ്ശായി ബേത്ത്ലേഹെമ്യൻ എന്നറിയപ്പെട്ടു. 1ശമൂവേൽ 17:12-ൽ യിശ്ശായിയെ ബേത്ത്ലേഹെമിലെ എഫ്രാത്യൻ എന്നു പറഞ്ഞിട്ടുണ്ട്. യിശ്ശായിയുടെ പുത്രനെ രാജാവായി അഭിഷേകം ചെയ്യുവാൻ ശമൂവേൽ പ്രവാചകൻ ബേത്ത്ലേഹെമിൽ ചെന്നു. യാഗസദ്യയ്ക്ക് അതിഥികളെയെല്ലാം പ്രവാചകൻ ക്ഷണിച്ചു. യിശ്ശായിയുടെ പുത്രന്മാരിൽ ഏറ്റവും ഇളയവനായ ദാവീദ് മാത്രം സന്നിഹിതനായിരുന്നില്ല. അവൻ ആടു മേയ്ക്കുകയായിരുന്നു. ഒടുവിൽ ദാവീദിനെയും ആളയച്ചു വരുത്തി. ഉടൻ യഹോവ കല്പിച്ചതനുസരിച്ചു സഹോദരന്മാരുടെ നടുവിൽ വച്ചു ദാവീദിനെ അഭിഷേകം ചെയ്തു. (1ശമൂ, 16:1-13). ദുരാത്മബാധിതനായ ശൗൽ തന്റെ രോഗസൗഖ്യത്തിനു കിന്നരം വായിക്കുവാൻ ദാവീദിനെ അയച്ചു കൊടുക്കണമെന്നു യിശ്ശായിയോടു ആവശ്യപ്പെട്ടു. യിശ്ശായി മകനെ കാഴ്ചയുമായി രാജാവിന്റെ അടുക്കലയച്ചു. ദാവീദിനെ കൊട്ടാരത്തിൽ താമസിപ്പിക്കുവാനുള്ള അപേക്ഷയും യിശ്ശായി കൈക്കൊണ്ടു. (1ശമൂ, 16;14-23). ശൗലിന്റെ സൈന്യത്തിൽ സേവനം ചെയ്തിരുന്ന മൂന്നു മൂത്ത പുത്രന്മാർക്കും വേണ്ട ഭക്ഷണവും മറ്റും കൊടുത്തു യിശ്ശായി ദാവീദിനെ അയച്ചു. അപ്പോഴാണ് ദാവീദ് ഗൊല്യാത്തിനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ചത്. (1ശമൂ, 17:12-58). ദാവീദ് കുട്ടിയായിരിക്കുമ്പോൾ യിശ്ശായി വയസ്സുചെന്നു വൃദ്ധനായിരുന്നു. ശൗലിന്റെ കോപം നിമിത്തം ദാവീദ് ദേശഭ്രഷ്ടനായി ജീവിച്ചപ്പോൾ മാതാപിതാക്കന്മാരെ മോവാബ്യ രാജാവിന്റെ സംരക്ഷണത്തിൽ ഏല്പിച്ചു. (1ശമൂ, 22:3,4). ദാവീദുമായി പിണങ്ങിയശേഷം ശൗൽ ആക്ഷേപപൂർവ്വം യിശ്ശായിയുടെ മകനെന്നാണ് ദാവീദിനെ വിളിച്ചത്. (1ശമൂ, 20:27, 30,31; 22:7,8; 25:10). ദോവേഗ്, നാബാൽ, പത്തു ഗോത്രങ്ങൾ എന്നിവരും ദാവീദിനെ നിന്ദാഗർഭമായി യിശ്ശായിയുടെ മകനെന്നു വിളിച്ചു. (1ശമൂ, 22:9; 25:10; 1രാജാ, 12:16). തുടർന്നു ഈ വിശേഷണം ബഹുമാന സൂചകമായി മാറി. (1ദിന, 10:14; 29:26; പ്രവൃ, 13:22). മശീഹയെ യിശ്ശായിയുടെ വേർ എന്നാണ് യെശയ്യാ പ്രവാചകൻ നാമകരണം ചെയ്തിരിക്കുന്നത്. (യെശ, 11:1, 10; റോമ, 15:12). യേശുവിന്റെ വംശാവലിയിൽ യിശ്ശായിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. (മത്താ, 1:5,6; ലൂക്കൊ, 3:32).

യിശ്ശായിക്കു എട്ടു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ട്: എലിയാബ്, അബീനാദാബ്, ശിമെയ അഥവാ ശമ്മ, നഥനയേൽ, രദ്ദായി, ഓസെം, എലീഹു, ദാവീദ്, സെരൂയ, അബീഗയിൽ. (1ദിന, 2:13-16; 27:18). 2ശമൂവേൽ 17:25-ൽ അബീഗയിൽ നാഹാശിന്റെ മകൾ ആണ്. അബീഗയിൽ നാഹാശിന്റെ പുത്രിയും ദാവീദിന്റെ സഹോദരിയും ആകുന്നതെങ്ങനെ? ഈ പ്രശ്നത്തിനു മൂന്നു പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്: 1. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു നാഹാശ് യിശ്ശായിയുടെ അപരനാമമാണ്. 2. യിശ്ശായിയുടെ ഭാര്യ ആദ്യം നാഹാശിന്റെ ഭാര്യയോ വെപ്പാട്ടിയോ ആയിരുന്നു. അപ്പോൾ അബീഗയിലിനെ പ്രസവിച്ചു. അതിനു ശേഷമാണ് അവൾ യിശ്ശായിയുടെ ഭാര്യയായത്. 3. യിശ്ശായിയുടെ ഭാര്യയുടെ പേരാണ് നാഹാശ്. അബീഗയിൽ യിശ്ശായിയുടെ ഭാര്യയായ നാഹാശിന്റെ മകളാണ്.

യിശ്മായേൽ

യിശ്മായേൽ (Ishmael)

പേരിനർത്ഥം – ദൈവം കേൾക്കും

അബ്രാഹാമിന്റെ മുത്തമകൻ. (ഉല്പ, 16:15,16). സാറാ വന്ധ്യയായിരുന്നു. അക്കാലത്തെ കീഴ്വഴക്കമനുസരിച്ചു സാറാ തന്റെ മിസയീമ്യ ദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. അബ്രാഹാം കനാനിൽ വന്നിട്ടു പത്തുവർഷം കഴിഞ്ഞു. (ഉല്പ, 16:3). താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാഗാർ സാറായെ നിന്ദിച്ചു തുടങ്ങി. സാറാ അബ്രാഹാമിനോടു പരാതി പറഞ്ഞു. തുടർന്നു സാറാ ഹാഗാറിനോടു കഠിനമായി പെരുമാറി. ജീവിതം കഷ്ടമായപ്പോൾ ഗർഭിണിയായ ഹാഗാർ ഓടിപ്പോയി. വഴിയിൽവച്ചു യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളോടു മടങ്ങിപ്പോയി യജമാനത്തിക്കു കീഴടങ്ങിയിരിക്കുവാൻ ഉപദേശിച്ചു. ഹാഗാർ ഒരു മകനെ പ്രസവിക്കുമെന്നും അവനു യിശ്മായേൽ എന്നു പേർ വിളിക്കണമെന്നും ദൂതൻ പറഞ്ഞു. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാഹാമിനു 86 വയസ്സായിരുന്നു.

പതിമൂന്നാം വയസ്സിൽ യിശ്മായേൽ പരിച്ഛേദനം ഏറ്റു. അബ്രാഹാമും പുത്രനായ യിശ്മായേലും ഒരേ ദിവസമാണ് പരിച്ഛേദനത്തിനു വിധേയരായത്. (ഉല്പ, 17:25). അബ്രാഹാം യിശ്മായേലിനെ വളരെയധികം സ്നേഹിച്ചു. സാറായിലൂടെ ഒരു മകൻ നല്കാമെന്നു വാഗ്ദത്തം ചെയ്തപ്പോഴും ‘യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി’ എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. യിസ്ഹാക്കിന്റെ മുലകുടി മാറിയപ്പോൾ അബ്രാഹാം ഒരു വിരുന്നു കഴിച്ചു. അന്നു തന്റെ അവകാശം നഷ്ടപ്പെട്ടതിലുള്ള ദുഃഖം കൊണ്ടു യിശ്മായേൽ പരിഹസിച്ചു. അപ്പോൾ വെറും പതിനഞ്ചോ പതിനാറോ വയസ്സായിരുന്നു യിശ്മായേലിന്. രണ്ടു കുട്ടികളും ഒരുമിച്ചു വളർന്നാലുണ്ടാകുന്ന ദോഷങ്ങൾ മുൻകണ്ടു ഹാഗാറിനെയും പുത്രനെയും ഒഴിവാക്കുവാൻ സാറാ അബ്രാഹാമിനോടു ആവശ്യപ്പെട്ടു. ദൈവം വെളിപ്പെടുത്തി കൊടുത്തപ്പോൾ അബ്രാഹാം ഹാഗാറിനെയും മകനെയും പുറത്താക്കി. അവൾ ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു. വെള്ളം തീർന്നപ്പോൾ കുട്ടിയെ ഒരു കുറുങ്കാട്ടിൽ തണലിലിട്ടു. കുട്ടിയുടെ മരണം കാണണ്ട എന്നു പറഞ്ഞു അല്പം അകലെ ചെന്നിരുന്നു ഹാഗാർ ഉറക്കെ കരഞ്ഞു. രണ്ടാം തവണയും ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു, ബാലൻ ഒരു വലിയ ജാതിയാകുമെന്ന പഴയ വാഗ്ദാനം പുതുക്കി. (ഉല്പ, 21:19,20). യിശ്മായേൽ മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. അവൻ പാരാൻ മരുഭൂമിയിൽ പാർത്തു. അവന്റെ ഭാര്യ ഒരു മിസ്രയീമ്യ സ്ത്രീയായിരുന്നു. അബ്രാഹാം മരിച്ചപ്പോൾ അടക്കുന്നതിനു യിസ്ഹാക്കിനെ സഹായിച്ചു. (ഉല്പ, 25;9(. യിശ്മായേലിനു 12 പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു. പന്ത്രണ്ടുപേരും പ്രഭുക്കന്മാരായി അറിയപ്പെട്ടു. യിശ്മായേലിന്റെ മകളായ മഹലത്തിനെ ഏശാവു വിവാഹം ചെയ്തു. യിശ്മായേലിന്റെ ഒരു ഭാര്യയെക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ യിശ്മായേലിന്റെ മകളെ നെബായോത്തിന്റെ സഹോദരി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇവർ രണ്ടുപേരുടെയും അമ്മ മറ്റു പത്തുപേരുടെ അമ്മയിൽ നിന്നും വിഭിന്നയാണെന്നു ചിന്തിക്കുന്നവരുണ്ട്. ദൈവദൂതന്റെ വാക്കുകളിൽ യിശ്മായേല്യരുടെ സ്വഭാവം വ്യക്തമായി കാണാം. “അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 16:12).

യാഫെത്ത്

യാഫെത്ത് (Japheth)

പേരിനർത്ഥം – അവൻ വർദ്ധിപ്പിക്കും

നോഹയുടെ മൂന്നു പുത്രന്മാരിലൊരാൾ. നോഹയ്ക്ക് അഞ്ഞൂറു വയസ്സായശേഷമാണ് മൂന്നു മകളെ ജനിപ്പിച്ചത്. (ഉല്പ, 5:32). ശേം, ഹാം, യാഫെത്ത് എന്നീ ക്രമത്തിൽ മൂന്നാമതായാണ് വംശാവലിപ്പട്ടികകളിൽ യാഫെത്തിൻ്റെ പേര് കാണുന്നത്. (ഉല്പ, 5:32; 6:10; 7:13; 9:18; 10:1; 1ദിന, 1:4). എങ്കിലും, നോഹയുടെ ഇളയമകൻ ഹാമാണെന്നും യാഫെത്തിൻ്റെ ജേഷ്ഠൻ ശേമാണെന്നും പറഞ്ഞിരിക്കയാൽ നോഹയുടെ രണ്ടാമത്തെ മകനാണ് യാഫെത്തെന്ന് മനസ്സിലാക്കാം. (ഉല്പ, 9:22-24; 10:21). യാഫെത്തും ഭാര്യയും ജലപ്രളയത്തിൽ നിന്നും സംരക്ഷിക്കപ്പെട്ടു. (ഉല്പ, 7:7; 1പത്രൊ, 3:20). യാഫെത്തിന് ഏഴു പുത്രന്മാർ ഉണ്ടായിരുന്നു: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. (ഉല്പ, 10:2; 1ദിന, 1:5). യാഫെത്തിന്റെ സന്തതികൾ ജാതികളുടെ ദ്വീപുകളിൽ വസിച്ചു. (ഉല്പ, 10:5). യാഫെത്തിന്റെ സന്തതികളുടെ പേരുകൾ പലതും ഇൻഡോ-യുറോപ്യൻ ജനതയെ കുറിക്കുന്നു. അപ്പനായ നോഹ വീഞ്ഞുകുടിച്ചു നഗ്നനായി കിടന്നപ്പോൾ ശേമും യാഫെത്തും പിതാവിന്റെ നഗ്നത മറച്ചു. തന്മൂലം നോഹ യാഫൈത്തിനെ അനുഗ്രഹിച്ചു. (ഉല്പ, 9:21-27). ഉല്പത്തി10-ലും 1ദിനവൃത്താന്തം 1-ലും യാഫെത്തിന്റെ വംശാവലിയാണ് ആദ്യം ചേർത്തിരിക്കുന്നത്.

യായീറൊസ്

യായീറൊസ് (Jairus)

പേരിനർത്ഥം – ദൈവം പ്രകാശിപ്പിക്കുന്നു

ഒരു പള്ളിപ്രമാണി. കഫർന്നഹൂമിലെ സുനഗോഗിന്റെ അധ്യക്ഷനായിരിക്കണം. അയാളുടെ മരിച്ചുപോയ ഏകമകളെ യേശു ഉയിർപ്പിച്ചു. പന്ത്രണ്ണു വയസ്സുള്ള തൻ്റെ ഏകമകൾ അത്യാസന്നനിലയിൽ ആയപ്പോഴാണ് യായീറൊസ് യേശുവിൻ്റെ അടുക്കൽ വന്നത്. തൻ്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവൻ്റെ വീട്ടിൽനിന്ന് ആൾവന്ന് തൻ്റെ കുഞ്ഞ് മരിച്ചുപോയതായി അറിയിച്ചു. യേശു ആ വാക്കു കാര്യമാക്കാതെ; ‘ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക’ എന്നരുളിച്ചെയ്തു. പള്ളിപ്രമാണിയുടെ വീട്ടിൽച്ചെന്ന് ‘നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ’ എന്നു പറഞ്ഞപ്പോൾ എല്ലാവരും യേശുവിനെ പരിഹസിച്ചു. യേശു അതൊന്നും കാര്യമാക്കാതെ യായീറൊസിനെയും ഭാര്യയെയും തൻ്റെ ചില ശിഷ്യന്മാരുമായി കുഞ്ഞു കിടക്കുന്ന മുറിൽ പ്രവേശിച്ച്; “ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ ‘തലീഥാ കൂമി’ എന്നു അവളോടു പറഞ്ഞു.” ഉടനെ ഉറക്കത്തിൽ നിന്നെന്നപോലെ കുഞ്ഞ് എഴുന്നേറ്റു. എല്ലാവരും അത്യന്തം വിസ്മയിച്ചു. (മർക്കൊ, 5:22-43; മത്താ, 9:18-25; ലൂക്കൊ, 8:41-55).

യാസോൻ

യാസോൻ (Jason)

പേരിനർത്ഥം – സൗഖ്യം

യാസോൻ യവനനാമമുള്ള എബ്രായ ക്രിസ്ത്യാനിയാണ്. തെസ്സലൊനീക്യനായ യാസോൻ തന്റെ വീട്ടിൽ പൗലൊസിനെയും ശീലാസിനെയും സ്വീകരിച്ചു. പൗലൊസിന്റെ പ്രസംഗത്തിൽ പ്രകോപിതരായ യെഹൂദന്മാർ അവന്റെ വീട് ആക്രമിച്ചു. പൗലൊസിനെയും ശീലാസിനെയും കണ്ടുകിട്ടാത്തതുകൊണ്ടു അവർ യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവർ യാസോനെയും കൂട്ടരെയും ജാമ്യം വാങ്ങി വിട്ടയച്ചു. (പ്രവൃ, 17:5-9). എന്റെ ചാർച്ചക്കാരൻ എന്നു റോമർ 16:21-ൽ പൗലൊസ് പറയുന്ന യാസോൻ ഈ യാസോൻ ആയിരിക്കണം.