Category Archives: Uncategorized

അസസ്സേൽ

അസസ്സേൽ (Azazel, Scapegoat)

മഹാപുരോഹിതൻ യിസ്രായേൽ ജനത്തിൻ്റെ പാപം മുഴുവൻ ഒരു കോലാട്ടുകൊറ്റൻ്റെ തലയിൽ ചുമത്തി, അതിനെ മരുഭൂമിയിൽ കൊണ്ടുപോയി വിടുന്നതിനെക്കുറിച്ച് ലേവ്യപുസ്തകത്തിൽ പറയുന്നുണ്ട്. ലേവ്യർ 16:8, 10, 26 എന്നീ വാക്യങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു പ്രയോഗമാണിത്. പൂർണ്ണമായ ഒഴിച്ചുവിടൽ എന്നർത്ഥം. അസസ്സേലിനു വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നല്കിക്കാണുന്നത്. 1. മരുഭൂമിയിലേക്കു അയയ്ക്കുന്ന കോലാട്ടുക്കൊറ്റൻ: അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയക്കുക (വാ. 10), അസസ്സേലിനു കൊണ്ടു പോയി വിട്ടവൻ (വാ. 26) എന്നിങ്ങനെ കാണുന്നു. 2. കോലാട്ടുകൊറ്റനെ കൊണ്ടുപോയി വിടുന്നസ്ഥലം: ആടിനെ തള്ളിയിടുന്ന ഉയർന്ന സ്ഥലമോ, മരുഭൂമിയോ ആകാം. 3. ഭൂതമോ, പ്രേതമോ, സാത്താൻ തന്നെയോ ആയിരിക്കണം: ഒരു ദുഷ്ടസത്ത്വത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ കണിയിൽനിന്നും യിസ്രായേലിനെ രക്ഷിക്കുന്നതിനും വേണ്ടി സ്വന്തജനത്തിന്റെ അതിക്രമങ്ങളും പാപങ്ങളും ചുമത്തിയ ആടിനെ ദൈവം അവനു വർഷത്തിലൊരിക്കൽ അയച്ചുകൊടുക്കുന്നു എന്നു കബാലകൾ വിശ്വസിക്കുന്നു. പാപം ചുമത്തപ്പെട്ട ആടിനെ ദൈവം കൈക്കൂലിയായി ഭൂതത്തിനു കൊടുക്കുന്നു എന്ന ധ്വനിയാണ് ഈ ചിന്താഗതിക്കു പിന്നിൽ. ദൈവം അപ്രകാരം ചെയ്യുമെന്നോ മോശെ അപ്രകാരം ജനത്തെ പഠിപ്പിക്കുമെന്നോ കരുതുന്നതു മൗഢ്യമാണ്. 4. ‘അസസ്സേൽ’ എന്ന പദത്തിന്റെ കൃത്യമായ പരിഭാഷ ‘പൂർണ്ണമായ നീക്കിക്കളയൽ’ എന്നത്രേ. ഒന്നു യഹോവയ്ക്ക്, മറ്റേത് പൂർണ്ണമായ നീക്കിക്കളയലിന് എന്നു മനസ്സിലാക്കുകയാണ് യുക്തം.

ബി.സി. 2-ാം നൂറ്റാണ്ടിലെ ഹാനോക്കിന്റെ പുസ്തകത്തിൽ, യഹോവയോട് മറുതലിച്ച് വീണുപോയ ദൂതന്മാരുടെ ഒരു നേതാവായി അസസ്സേലിനെ പറഞ്ഞിട്ടുണ്ട്.ഗ്രബ്രിയേൽ, മീഖായേൽ, റാഫേൽ, ഊറിയൽ എന്നീ ദൂതന്മാർ അസസ്സേലിനെ വിസ്തരിക്കുന്നതായും യഹോവയുടെ കൽപ്പനപ്രകാരം റാഫേൽ അസസ്സേലിനെ ബന്ധിച്ച് മരുഭൂമിയിൽ തള്ളുന്നതായും ആണ് കഥ.

അറുനൂറ്ററുപത്താറ് (666)

അറുനൂറ്ററുപത്താറ് (666)

തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുള്ള സംഖ്യകളിൽ വളരെയധികം വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും വിധേയമായിട്ടും മാർമ്മികസംഖ്യയായി അവശേഷിക്കുന്ന ഒന്നാണ് 666. രണ്ടു പ്രത്യേക കാരണങ്ങളാൽ ഈ സംഖ്യ, പ്രാധാന്യം അർഹിക്കുന്നു. പ്രവചന പുസ്തകമായ വെളിപ്പാടിലാണ് ഈ മാർമ്മിക സംഖ്യ പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, അവിടെതന്നെ അതൊരു മൃഗത്തിന്റെയും ഒപ്പം മനുഷ്യൻ്റെയും സംഖ്യയാണെന്നു വിശദമാക്കുന്നുമുണ്ട്; പക്ഷേ, ആ വിശദീകരണം ഒരു വെല്ലുവിളിയോടു കൂടെയാണെന്നുമാത്രം: “ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്.” (വെളി, 13:8). അറുനൂറ്ററുപത്താറിനെ സംബന്ധിച്ചു എണ്ണമറ്റ അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. പല വ്യക്തികളുടെയും പേരിന്റെ സംഖ്യഗണിച്ച് അതിലൂടെ മൃഗത്തെ തിരിച്ചറിയാൻ ശ്രമം നടത്തിയിട്ടുണ്ട്; ഇപ്പോഴും നടക്കുന്നുമുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങളിൽ നമുക്ക് സ്വീകാര്യം ജെ.എൻ. ഡാർബിയുടേതാണ്. “666 എന്ന സംഖ്യയെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മ ഇവിടെ ഞാൻ തുറന്ന് സമ്മതിക്കട്ടെ. മതിയായ ഒരു വിശദീകരണം നല്കുവാൻ എനിക്ക് കഴിയുന്നില്ല.”

എതിർക്രിസ്തുവിന്റെ പേര് പ്രസ്തുത സംഖ്യ ഉൾക്കൊള്ളുന്നതായിരിക്കും. തന്മൂലം, എതിർക്രിസ്തു വെളിപ്പെടുന്നതുവരെയും അതിനെകുറിച്ച് ചില പൊതുവായ ധാരണകൾ പുലർത്താമെന്നല്ലാതെ ഒരു നിഗമനത്തിൽ എത്തിച്ചേരാനാവുകയില്ല. 666 എന്നു സംഖ്യാവില കിട്ടുന്ന അനേകം പേരുകളുണ്ട്. അവയുമായി ഇതിനെ സാമ്യപ്പെടുത്തുന്നത് പ്രസ്തുത പ്രവചനത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. എബ്രായയിലും, ഗ്രീക്കിലും, ലത്തീനിലും, ഇംഗ്ലീഷിലും, ഫ്രഞ്ചിലും എന്നല്ല മറ്റു പല ഭാഷകളിലൂടെയും ഈ ബുദ്ധിയുടെ വ്യായാമം പ്രകടമായിട്ടുണ്ട്. നെപ്പോളിയൻ, ഹിറ്റ്ലർ, മുസ്സോളിനി തുടങ്ങി അനേകം പേരുകൾ ഈ സംഖ്യാർത്ഥികളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയിൽ നിന്നു കയറുന്ന മറ്റൊരു മൃഗം ഏതാണ്? “മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു.” (വെളി, 13:11). മുപ്പത്താറിന്റെ ത്രികോണസംഖ്യയാണ് 666; മുപ്പത്താറ്, എട്ടിന്റെ ത്രികോണ സംഖ്യയും (1 + 2 + 3 + 4 + 5 + 6 + 7 + 8 = 36) ഇതിൽ നിന്നും 666-നും 8-നും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. മൃഗത്തിന്റെ പ്രതീകമായി വെളിപ്പാട് 17:11-ൽ എട്ട് പറയുന്നുണ്ട്. “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.” വെളിപ്പാട് 13:18-ൽ “ഇവിടെ ജ്ഞാനം കൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യഗണിക്കട്ടെ” എന്നു ആഹ്വാനം ചെയ്തുവെങ്കിൽ, “ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്” (വെളി, 17:9) എന്നു പറഞ്ഞുകൊണ്ടാണ് പ്രസ്തുത മൃഗത്തെ വിശദീകരിക്കുന്നത്. തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴുമലയാണെന്നു പറയുന്നു. അത് റോമിനെ കുറിക്കുന്നു. ഏഴു മലകളിന്മേലാണ് റോം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പ്രസ്തുത മലകൾ: 1. പലാത്തിനം – Palatinum; 2. ക്വിരിനാലെം – Quirinalem; 3. അവെന്തിനം – Aventinum; 4. ചേളിയും – Coelium; 5. വിമിനാലെം – Viminalem; 6. ഐസ്ക്യുലിനം – Aesquilinum; 7. ജാനികുലാരെം – Janicularem, എന്നിവയത്രേ.

അറുനൂറ്ററുപത്താറ് നീറോ ചക്രവർത്തിയെ കുറിക്കുന്നതായി കരുതുന്നവരുണ്ട്. നീറോ പുനരുത്ഥാനം ചെയ്യുമെന്ന് ഒന്നാം നൂറ്റാണ്ടിൽ പലരും വിശ്വസിച്ചിരുന്നു. നീറോ ആയാലും അല്ലെങ്കിലും ഫലത്തിൽ നീറോയുടെ പുനർജന്മം തന്നെയായിരിക്കും എതിർക്രിസ്തു. നീറോ സീസറെ എബ്രായഭാഷയിൽ എഴുതുന്നത് ‘ഖെസെർ നെറോൻ’ എന്നാണ്. അപ്പൊസ്തലനായ യോഹന്നാൻ പല സംജ്ഞാനാമങ്ങളെയും എബ്രായ പ്രത്യയാന്തമായി പ്രയോഗിച്ചിട്ടുള്ളത് ഇതിന് ഉപോദ്ബലകമായ തെളിവായി സ്വീകരിക്കുന്നു. അബ്ബദ്ദോൻ, അപ്പൊല്ലുവോൻ, ഹർമ്മഗെദ്ദോൻ എന്നിവ ഉദാഹരണം. തന്മൂലം ഉദ്ദിഷ്ടപുരുഷൻ നീറോ ആണെന്നും, പീഡനം ഒഴിവാക്കാൻ വേണ്ടിയാണ് ഈ ഗൂഢവിദ്യ പ്രയോഗിച്ചതെന്നും അനുമാനിക്കുന്നു. പക്ഷേ വെളിപ്പാടു പുസ്തകം ഉപയോഗിക്കുന്ന അക്ഷരമാല ഗ്രീക്കിന്റെതാണെന്ന വസ്തുത തള്ളിക്കളയാനാവില്ല. (വെളി, 1:8; 21:6; 22:13).

ട്രാജൻ, ഹദ്രിയാൻ, ജോൺ നോക്സ്, മാർട്ടിൽ ലൂഥർ, നെപ്പോളിയൻ തുടങ്ങി പലരുടെയും പേരുകൾ മൃഗമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ സഖ്യ 666 ആക്കിയത് വളരെ വിചിത്രമായ രീതിയിൽ ആയിരുന്നു. ഇംഗ്ലിഷ് അക്ഷരമാലയ്ക്ക് കൃത്രിമമായ സംഖ്യാമൂല്യം നൽകിയാണ് ഹിറ്റ്ലർ എന്ന പേരിന്റെ സംഖ്യ ഗണിച്ചത്.

റോമിലെ പോപ്പ് എതിർക്രിസ്തുവണെന്നു കരുതുന്ന പ്രൊട്ടസ്റ്റന്റുകാരും കുറവില്ല പോപ്പിന്റെ കിരീടത്തിൽ പതിച്ചിട്ടുള്ള VICARIUS FILEIIDEI (ദൈവത്തിന്റെ പ്രതിപുരുഷൻ) എന്ന മേലെഴുത്തിന് ലത്തീനിൽ 666 ആണ് സംഖ്യാവില. C,D,I,L,M,V,X എന്നീ ഏഴക്ഷരങ്ങൾക്കാണ് ലത്തീനിൽ സംഖ്യാവിലയുള്ളത്. അതനുസരീച്ചാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഗണനം ഒരിക്കലും പോപ്പ് എതിർക്രിസ്തുവാണെന്ന് പറയാൻ മതിയായ അടിസ്ഥാനം അല്ല. കൂടാതെ, പോപ്പ് എതിർക്രിസ്തു അല്ലെന്നതിന് അനേകം തെളിവുകൾ ഉണ്ട്. ഒന്നാമതായി, ‘എതിർക്രിസ്തു പിതാവിനെയും പുത്രനെയും നിഷേധിക്കുന്നു.’ (1യോഹ, 2:22). ഒരു പോപ്പും പിതാവിനെയും പുത്രനെയും നിഷേധിക്കുമെന്ന് ചിന്തിക്കുവാൻ കൂടി സാദ്ധ്യമല്ല. മാത്രവുമല്ല, ദൈവത്തിന്റെ ത്രിയേകത്വം റോമാസഭയുടെ അംഗീകൃത വിശ്വാസപ്രമാണവുമാണ്. രണ്ടാമതായി, ‘താനല്ലാതെ മറ്റൊരു ദൈവമില്ലെന്നു കാണിക്കുന്നതിന് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളിയാണ് എതിർക്രിസ്തു’ (2തെസ്സ, 2:4). പോപ്പ് ദൈവത്തിന്റെ പ്രതിപുരുഷൻ എന്നല്ലാതെ താൻ തന്നെ ദൈവമെന്ന് ഒരിക്കലും പറയുകയില്ല. മൂന്നാമതായി, ‘വ്യാജസഭയായ വേശ്യയെ നശിപ്പിക്കുന്നതിന് മൃഗത്തിന്റെ പത്തുകൊമ്പുകൾ എതിർക്രിസ്തുവിനോടു ചേരും.’ (വെളി, 17:16,17). പോപ്പ് ഒരിക്കലും വ്യാജസഭയെ ദ്വേഷിക്കയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ക്രിസ്ലാം മതത്തിന് പോപ്പുകൊടുന്ന സപ്പോർട്ടും, തൻ്റെയൊരു പരിപാടിയിൽ അമൃതാനന്ദമയിയെ ക്ഷണിച്ചതും ഓർക്കുക. നാലാമതായി, ‘മൃഗത്തിന്റെ അധികാരം വെറും 42 മാസത്തേക്കാണ്.’ തുടർന്ന് ക്രിസ്തു വീണ്ടും വരുകയും മൃഗത്തെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ പരമ്പരാഗതമായി തുടരുന്നതാണ് പോപ്പിന്റെ അധികാരം. ഇതുവരെയും വെളിപ്പെട്ടിട്ടില്ലാത്ത അധർമ്മ മൂർത്തിയാണ് എതിർക്രിസ്തു.

ആധുനികകാലത്ത് കംപ്യൂട്ടറിന് ലഭിച്ചിരിക്കുന്ന പ്രാധാന്യം സുവിദിതമാണല്ലോ. എതിർക്രിസ്തുവിന്റെ കാലത്ത് കംപ്യൂട്ടർ ജനത്തെ നിയന്ത്രിക്കുന്നതിൽ പ്രമുഖസ്ഥാനം വഹിക്കും. ഇത് മനസ്സിൽ കണ്ടുകൊണ്ട് റവ. റിച്ചാർഡ് തോമസ്സ് 666-നു പുതിയൊരു ഫോർമുലയും വ്യാഖ്യാനവും നല്കി. A = 6; B = 12; C = 18 ……. എന്നിങ്ങനെ Z വരെ സംഖ്യാവില നല്കി. അതിൻപ്രകാരം C = 18 + O = 90 + M = 78 + P = 96 + U = 136 + T = 120 + E = 30 + R = 108 = 666 എന്നുകിട്ടും. ഈ ഫോർമുല അനുസരിച്ച് കപ്യൂട്ടറാണ് 666.

Computare എന്ന ലത്തീൻ ധാതുവിൽ നിന്നാണ് കംപ്യൂട്ടറിന്റെ ഉത്പത്തി. എണ്ണുന്നത് എന്നർത്ഥം. വെളിപ്പാട് 13:8-ന്റെ ലത്തീൻ പാഠത്തിൽ Comput എന്ന പദം തന്നെ പ്രയോഗിച്ചിട്ടുണ്ട്; Quit habet intellectum, computet numerum bestiae (ബുദ്ധിയുള്ളവർ മൃഗത്തിന്റെ സംഖ്യ എണ്ണട്ടെ). കംപ്യൂട്ടർ ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ്. ലോകവ്യാപകമായ കംപ്യൂട്ടർ ശൃങ്ഖലയാണ് WWW (World Wide Web). International network of networks ആണ് Internet. www ആണ് അറുനൂറ്ററുപത്താറ് എന്നു വിശ്വസിക്കുന്നവരും പഠിപ്പിക്കുന്നവരും ഒട്ടേറെയുണ്ട്. ഏറ്റവും വലിയ പ്രഹേളികയ്ക്ക് ഉത്തരം കണ്ടുപിടിച്ച സംതൃപ്തിയാണവർക്ക്. ഇംഗ്ലീഷിൽ W-ന്റെ വില 6 ആണ്. അതുകൊണ്ട് www 6.6.6 തന്നെ സംശയമേ വേണ്ടെന്ന് പറയുന്നു. പോരെങ്കിൽ 9-ന് തുല്ല്യമായി ‘വൌ’ എന്ന എബ്രായ അക്ഷരത്തിനും വില 6 ആണ്. www 666 അല്ല എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്:

1. ജീവപുസ്തകത്തിൽ പേരെഴുതിയിട്ടില്ലാത്ത ഭൂവാസികളാണ് മൃഗത്തെ ആരാധിക്കുന്നത്. കംപ്യൂട്ടറിനെ വികസിപ്പിച്ചെടുത്തവരിൽ അനേകം ക്രിസ്ത്യാനികൾ ഉണ്ട്. കംപ്യൂട്ടർ ഏറ്റവും അധികം ഉപയോഗിക്കുന്നവരും അവർ തന്നെ. അവർ ജീവപുസ്തകത്തിൽ പേരില്ലാത്തവരല്ല.

2. 666 മനുഷ്യന്റെ സംഖ്യയാണ്; കംപ്യൂട്ടർ പോലൊരു യന്ത്രസംവിധാനത്തിന്റേതല്ല.

3. എതിർക്രിസ്തു അഥവാ മൃഗം പ്രത്യക്ഷപ്പെടുന്നത് മഹാപീഡന കാലത്താണ്. അതുവരെ ഈ സംഖ്യാ നിഗൂഢമായിത്തന്നെ ശേഷിക്കും. www ഇപ്പോൾ തന്നെ പ്രവൃത്തിപഥത്തിലാണല്ലോ, അതെന്താ ണെന്നു എല്ലാവർക്കും അറിയുകയും ചെയ്യാം.

പഴയനിയമ ചരിത്രത്തിൽ 666 എന്ന സംഖ്യയെക്കുറിച്ച് ചില സൂചനകളുണ്ട്. പഴയ അശ്ശൂർ രാജ്യത്തിന്റെ കാലയളവ് 666 വർഷമായിരുന്നു. അനന്തരം അശ്ശൂർ ബാബിലോന്റെ ആക്രമണത്തിന് വിധയമായി. B.C 31-ലെ ആക്ടിയം യുദ്ധം മുതൽ AD 636-ലെ സാരസൻ ആക്രമണം വരെ 666 വർഷം റോമാസാമാജ്യം യെരൂശലേമിനെ ചവിട്ടിമെതിച്ചു. ഒരു വർഷം ശലോമോൻ പകവർത്തിക്കു കൊണ്ടുവന്ന സ്വർണ്ണം 666 താലന്താണ്. “ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകമാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ ആണ്ടുതോറും വന്ന പൊന്നിൻ്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.” (1രാജാ, 10:14,15). ശലോമോൻ രാജാവിന് തന്നെ മനസ്സിലായി, തന്റെ കൈകളുടെ സകലപ്രവർത്തികളും താൻ ചെയ്യാൻ ശ്രമിച്ച സകല പരിശ്രമങ്ങളും മായയും വൃഥാ പ്രയത്നവും അത്ര; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്ന്. (സഭാ, 2:8,11). ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ (1തിമൊ, 6:10) എന്ന തിരുവെഴുത്ത് ശലോമോന്റെ ചരിത്രത്തിൽ സാർത്ഥകമായി ഭവിച്ചു. വെള്ളിയും പൊന്നും അധികമായി സമ്പാദിക്കുകയും അരുത് (ആവ, 17:17) എന്ന ദൈവകല്പനയുടെ പ്രത്യക്ഷ നിഷേധവുമായിരുന്നു ശലോമോൻ രാജാവിന്റെ ജീവിതം.

ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിച്ച ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യ മല്ലന് (1ശമൂ,11:20) ആറുമുഴവും ഒരു ചാണും പൊക്കമുണ്ടായിരുന്നു. (1ശമൂ, 17:4).അവന്റെ ആയുധവർഗ്ഗത്തിലുൾപ്പെട്ടത് ആറിനങ്ങളായിരുന്നു. 1. താമ്രശിരസ്ത്രം, 2. താമ്രകവചം, 3. താമ്രം കൊണ്ടുള്ള കാൽച്ചട്ട, 4. താമ്രം കൊണ്ടുള്ള വേല്, 5. കുന്തം, 6. പരിച. (1ശമൂ, 17:5-7). അവന്റെ കുന്തത്തിന്റെ അലകു അറുനൂറ് ശേക്കെൽ ഇരുമ്പ് ആയിരുന്നു. പരമാധിപത്യത്തിന്റെ അഹങ്കാരം. നെബൂഖദ്നേസ്സർ രാജാവു ദുരാസമഭൂമിയിൽ നിറുത്തിയ സ്വർണ്ണബിംബത്തിന്റെ അളവുകൾ ആറുമായി ബന്ധമുള്ളതായിരുന്നു. ബിംബത്തിന്റെ ഉയരം അറുപതുമുഴവും (6×10 = 60) വണ്ണം ആറു മുഴവുമായിരുന്നു. സ്വർണ്ണബിംബത്തിന്റെ മുമ്പിൽ കേൾപ്പിച്ച വാദ്യങ്ങൾ ആറായിരുന്നു. കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വ രം : (ദാനീ, 3:5).

മൃഗത്തിന്റെ സംഖ്യ ഇന്നു മനസ്സിലാക്കുക സാധ്യമല്ല. ആറു മനുഷ്യന്റെ സംഖ്യയാണ്; പൂർണ്ണതയെ കുറിക്കുന്ന ഏഴിൽ ഒന്നു കുറഞ്ഞത്. മാനുഷിക പൂർണ്ണതയുടെ ത്രിത്വമാണ് 666; അതായത് അപൂർണ്ണതയുടെ പൂർണ്ണത. ഇത്രമാത്രമേ ഇന്നു മൃഗത്തിന്റെ സംഖ്യയെകുറിച്ച് നമുക്ക് വ്യക്തമായി പറയുവാനാകൂ.

എതിർക്രിസ്തുവിന്റെ സംഖ്യയാണ് 666. പ്രസ്തുത സംഖ്യ സൂചിപ്പിക്കുന്ന മൃഗത്തിന്റെ വാഴ്ചയിലേക്ക് കടന്നുപോകാതവണ്ണം നമ്മെ വീണ്ടെടുത്ത നാഥൻ മദ്ധ്യാകാശത്തിൽ നമ്മെ ചേർത്തുകൊള്ളും. അതിനായി ഒരുങ്ങി കാത്തിരിക്കാൻ ഓർപ്പിക്കുകയാണ് 666.

അമർണാ ലിഖിതങ്ങൾ

അമർണാ ലിഖിതങ്ങൾ (Amarna letters)

ബി.സി. പതിനാലാം നൂറ്റാണ്ടിൽ, ഈജിപ്തിലെ നവരാജ്യയുഗത്തിലെ (New Kingdom) ഭരണാധികാരികൾക്ക് കാനാനിലേയും സിറിയയിലേയും അവരുടെ സാമന്തന്മാരും മറ്റും അയച്ച കത്തുകളുടെ ശേഖരമാണ് അമാർണാ ലിഖിതങ്ങൾ. നയതന്ത്രവിഷയങ്ങളെ സംബന്ധിച്ച് കളിമൺ ഫലകങ്ങളിൽ എഴുതിയിരിക്കുന്ന ഈ കത്തുകൾ ഈജിപ്തിൽ മെഡിറ്ററേനിയൻ തീരത്തു നിന്ന് 500 കിലോമീറ്റർ ഉള്ളിലുള്ള അമാർണായിലാണ് കണ്ടുകിട്ടിയത്. ബി.സി. പതിനാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിന്റെ കാലത്ത് ഫറവോ അഖനാതെൻ സ്ഥാപിച്ച അഖെതാതൻ നഗരത്തിന്റെ ഇപ്പോഴത്തെ സ്ഥാനമാണ് അമാർണാ. ഈജിപ്ഷ്യൻ ഭാഷയിലെന്നതിനു പകരം പുരാതന മെസൊപ്പൊട്ടാമിയയിലെ അക്കാദിയൻ ആപ്പെഴുത്തിലാണ് (Cuneiform) ഈ കത്തുകളിൽ മിക്കവയും. കത്തുകളടങ്ങിയ ഫലകങ്ങളിൽ നിലവിലുള്ളവയുടെ സംഖ്യ 382 ആണ്. 1907-നും 1915-നും ഇടയിൽ നോർവേക്കാരനായ അസീറിയാവിദഗ്ദ്ധൻ യോർഗൻ അലക്സാണ്ടർ കുൻഡ്സെൻ ഈ എഴുത്തുകളുടെ ശ്രദ്ധേയമായ ഒരു പ്രകാശനം രണ്ടു വാല്യങ്ങളിൽ നടത്തി. അതിനു ശേഷവും 24 ഫലകങ്ങൾ കൂടി കണ്ടുകിട്ടിയിട്ടുണ്ട്. മുപ്പതു വർഷക്കാലത്തെ കത്തിടപാടുകളുടെ രേഖയായ ഈ ഫലകങ്ങളുടെ കണ്ടെത്തൽ, മദ്ധ്യപൂർവദേശത്തിന്റെ പുരാവസ്തുവിജ്ഞാനത്തിനു ലഭിച്ച അമൂല്യസംഭാവനയാണ്.

അമെനോഫിസ് മൂന്നാമന്റെയും (ബി.സി. 1413-1377), അമെനോഫിസ് നാലാമൻ്റെയും (1377-1358) ഭരണകാലം തൊട്ടുള്ള കത്തുകളടങ്ങിയ ഈ അമൂല്യശേഖരത്തിന്റെ പ്രധാനവിഷയം രാജ്യാന്തരബന്ധമാണ്. സാഹിത്യസംബന്ധിയും പ്രബോധനപരവുമായ കത്തുകളും ഉണ്ട്. ബാബിലോണിയ, അസീറിയ, മിത്തനി, ഹിത്തിയ, കനാൻ, അലാഷിയ (സൈപ്രസ്) എന്നീ നാടുകളുമായുള്ള ഈജിപ്തിന്റെ ബന്ധത്തെ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ ഇവയിലുണ്ട്. അസീറിയ, മിത്തനി തുടങ്ങിയ വൻശക്തികളിൽ നിന്നുള്ള കത്തുകൾ രാജദൂതന്മാരുടെ നിയുക്തിയേയും, വിലപിടിപ്പുള്ള ഉപഹാരങ്ങളുടെ കൈമാറ്റത്തേയും മറ്റും സംബന്ധിച്ചാണ്. ഭൂരിഭാഗം കത്തുകളും സാമന്തരാജ്യങ്ങളിലെ അധികാരികളിൽ നിന്നാണ്. രാഷ്ട്രീയമായ സംഘർഷങ്ങളും മറ്റും അവയിൽ നിഴലിച്ചു കാണാം. അക്കാലത്തെ ചരിത്രത്തക്കുറിച്ചും, സംഭവക്രമങ്ങളുടെ പിന്തുടർച്ചയെ കുറിച്ചുമുള്ള (chronology) അറിവിൽ ഇവ വിലപ്പെട്ട രേഖകളാണ്. ബാബിലോണിയയിലെ രാജാവ് കാദാഷ്മാൻ-എനിൽ ഒന്നാമന്റെ ഒരു കത്തിൽ നിന്ന്, ഫറവോ അഖ്നാത്തന്റെ ഭരണകാലം ബി.സി. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യം ആയിരുന്നെന്നു മനസ്സിലാക്കാം. ബൈബിളിന്റെ കാലഗണനയിൽ – വിശേഷിച്ച് പുറപ്പാട് തുടങ്ങിയ സംഭവങ്ങളുടെ കാര്യത്തിൽ – ഈ ലിഖിതങ്ങൾ പണ്ഡിതന്മാരെ വളരെ സഹായിച്ചിട്ടുണ്ട്.

അമർത്ത്യത

അമർത്ത്യത (immortality)

അമർത്യതയെ കുറിക്കുന്നതിനു ഗ്രീക്കിലുപയോഗിക്കുന്ന രണ്ടുപദങ്ങളാണ് ‘അത്തനാസിയ’യും ‘അഫ്ഥാർസിയ’യും. പുതിയ നിയമത്തിൽ മൂന്നിടത്തു അത്തനാസിയ (1കൊരി, 15:53, 54; 1തിമൊ, 6:16) പ്രയോഗിച്ചിട്ടുണ്ട്. റോമർ 2:7; എഫെസ്യർ 6:24; 2തിമൊഥെയൊസ് 1:10 എന്നീ വാക്യങ്ങളിലെ അക്ഷയതയ്ക്കും 1കൊരിന്ത്യർ 15:42, 50, 53, 54 എന്നീ വാക്യങ്ങളിലെ അദ്രവത്വത്തിനും സമാനമായ ഗ്രീക്കുപയോഗം അഫ്ഗാർസിയ ആണ്. ‘അമർത്ത്യത’യ്ക്ക് മരണമില്ലായ്മ (അ+മർത്യതാ) എന്നർത്ഥം. അദ്രവത്വം, അക്ഷയത എന്നീ ആശയങ്ങളോടുകൂടി മരണമില്ലാത്ത അവസ്ഥയെ കുറിക്കുകയാണ് അമർത്ത്യത ബൈബിളിൽ. അത്തനാസിയ എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം മരണം (താനറ്റോസ്) ഇല്ലായ്മ എന്നാണ്.

മരണത്തോടുകൂടി ശരീരവും ആത്മാവും വേർപെടുകയും വ്യക്തിയുടെ ഭൗതികമായ നിലനില്പ് അവസാനിക്കുകയും ചെയ്യുന്നു. എന്നാൽ മരണത്തിന്നപ്പുറമുള്ള വ്യക്തിപരമായ അസ്തിത്വത്തെയാണ് അമർത്ത്യത വിവക്ഷിക്കുന്നത്. അമർത്ത്യത മൂന്നു വ്യത്യസ്ത ആശയങ്ങളിലാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്: 1. കേവലമായ അർത്ഥത്തിൽ ദൈവത്തിനു മാത്രം ചേരുന്ന വിശേഷണം: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ.” (1തിമൊ, 6:15,16). സൃഷ്ടികളുടെ അമർത്ത്യത ദൈവഹിതാനുസരണവും ദൈവത്തിനു വിധേയവുമാണ്. അതുകൊണ്ടു സൃഷ്ടിയുടെ അമർത്ത്യതയ്ക്ക് ആരംഭമുണ്ട്; എന്നാൽ അതിനു അവസാനമില്ല. ദൈവത്തിന്റെ അമർത്ത്യതയ്ക്ക് ആരംഭമോ അവസാനമോ ഇല്ല. 2. അനന്തമായ നിലനില്പ്: ഈ ആശയത്തിൽ ആത്മാവു അമർത്ത്യമാണ്. ശരീരം നശിച്ചാലും ആത്മാവു അനശ്വരമായി തുടരും. 3. അപചയത്തിൽ നിന്നും മരണത്തിൽനിന്നും മുക്തമായ മനുഷ്യന്റെ നിലനില്പ്: ഈ അർത്ഥത്തിൽ പാപത്തിൽ വീഴുന്നതിനുമുമ്പ് മനുഷ്യൻ അമർത്ത്യനായിരുന്നു.

അമർത്ത്യത പഴയനിയമത്തിൽ: പുതിയനിയമത്തിൽ പ്രത്യക്ഷമായിത്തന്നെ ആത്മാവിന്റെ അമർത്ത്യതയെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പഴയനിയമത്തിൽ വ്യക്തിപരമായ അമർത്ത്യതയെക്കുറിച്ചു അത്രത്തോളം സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടില്ല. പഴയനിയമത്തിൽ ഒരു വ്യക്തിയുടെ വർത്തമാനകാലജീവിതവും ഭാവിജീവിതവും തമ്മിലുള്ള വ്യത്യാസത്തിലേറെ തിരഞ്ഞെടുക്കപ്പെട്ട ജനവും (യിസായേൽ) ജാതികളും തമ്മിലുള്ള വ്യത്യാസമാണ് പ്രമുഖമായി അവതരിപ്പിച്ചിട്ടുള്ളത്. വ്യക്തിജീവിതത്തിലേറെ ദേശീയ ജീവിതത്തിനാണ് പഴയനിയമത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്. ഗോത്രപിതാക്കന്മാരോ പ്രവാചകന്മാരോ യെഹൂദന്മാരോ അമർത്ത്യതയിൽ വിശ്വസിച്ചിരുന്നില്ലെന്ന ധാരണ വസ്തുതകൾക്കു നിരക്കാത്തതാണ്. സദൂക്യരൊഴികെയുള്ള യെഹൂദന്മാർ ക്രിസ്തുവിന്റെ കാലത്തു അമർത്ത്യതയിൽ വിശ്വസിച്ചിരുന്നു എന്നുള്ളതു നിർവ്വിവാദമാണ്. ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടുവെന്നു സ്പഷ്ടമായി ദൈവവചനം പഠിപ്പിക്കുന്നു. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ നിലനില്പ് ആത്മിമികമാണ്. തന്മൂലം അതു ശാരീരിക മരണത്തോടുകൂടെ തുടച്ചുമാറ്റപ്പെടുന്നില്ല. ദൈവികമായ കൂട്ടായ്മയിലാണ് മനുഷ്യൻ പരമമായ നന്മയെ പ്രാപിക്കുന്നത്. കാലികമായ എല്ലാ നന്മകളും അതിന്റെ വെളിച്ചത്തിൽ അസ്തപ്രഭമാണ്. ആസാഫിന്റെ സങ്കീർത്തനം അമർത്ത്യതയെക്കുറിച്ചു തെളിവായി പറയുന്നുണ്ട്. “എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും . സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.” (സങ്കീ, 73:23-26).

പഴയനിയമത്തിൽ നിന്നും അമർത്ത്യതയ്ക്കുള്ള തെളിവുകൾ:

1. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പഠിപ്പിക്കൽ: ഒരിക്കലും കൈവിടാത്ത കർത്താവും സ്രഷ്ടാവും ആയ ദൈവത്തിൽ യിസ്രായേൽജനം വിശ്വസിച്ചിരുന്നു. അമർത്ത്യതയെക്കുറിച്ചുള്ള അവരുടെ പ്രത്യാശ ഈ വിശ്വാസത്തിൽ സാന്ദ്രമായിരുന്നു. ദൈവത്തെ തങ്ങളുടെ ഓഹരിയായി അവർ കണ്ടു. ക്ഷണികമായ ഒരു ജീവിതമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നെങ്കിൽ, മരണത്തിൽ ജീവിതം അവസാനിക്കുമെന്നു വിശ്വസിച്ചിരുന്നെങ്കിൽ, അവർ ഒരിക്കലും ദൈവത്തോടു ഇത്രവലിയ ആഭിമുഖ്യം കാണിക്കുകയില്ലായിരുന്നു. ദൈവത്തിന്റെ സ്വരുപത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ദൂതന്മാരെക്കാൾ അല്പം താഴ്ത്തി ദൈവത്തോടുള്ള കൂട്ടായ്മയ്ക്കു വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു. നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11). മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയാണു നിത്യതയെക്കുറിച്ചുള്ള ബോധവും അവനു നൽകിയത്.

2. പാതാളത്തെക്കുറിച്ചുള്ള ഉപദേശം: മരണാനന്തരം മൃതന്മാർ പാതാളത്തിലാണ് വസിക്കുന്നത്. ആത്മാക്കൾ അവിടെ ബോധപൂർവ്വം കഴിയുന്നു. പാതാളത്തിൽ നിന്നുള്ള വീണ്ടെടുപ്പിനുശേഷം ആത്മാവു നിത്യാനുഗ്രഹത്തിൽ പ്രവേശിക്കും. ഈ വിശ്വാസം ആത്മാവിന്റെ അമർത്ത്യതയ്ക്കുള്ള പ്രധാന തെളിവാണ്. “അവരെ പാതാളത്തിനു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നും വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14,15).

3. വെളിച്ചപ്പാടിനെതിരെയുള്ള മുന്നറിയിപ്പ്: മരിച്ചവരുടെ ആത്മാക്കളെ വരുത്തി ഫലം പറയുന്ന വെളിച്ചപ്പാടത്തികൾ പഴയനിയമകാലത്ത് ധാരാളം ഉണ്ടായിരുന്നു. ന്യായപ്രമാണവും പ്രവാചകന്മാരും വെളിച്ചപ്പാടിനെതിരെ ഭയനിർദ്ദേശം ജനത്തിനു നല്കിയിട്ടുണ്ട്. മരണശേഷം ആത്മാവിനു നിലനില്പില്ലെങ്കിൽ ഇപ്രകാരം ഒരു ഭയനിർദ്ദേശത്തിനു എന്താണു പ്രസക്തി? (ലേവ്യ, 19:31; 20:17; ആവ, 18:11; യെശ, 8:19; 29:4). ആത്മാവിന്റെ അമർത്ത്യതയ്ക്കുള്ള പരോക്ഷമായ തെളിവാണിത്.

4. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉപദേശം: കർത്താവിന്റെ നാളിലെ മശീഹാപ്രതീക്ഷയുമായി ബന്ധപ്പെട്ടാണ് പഴയനിയമത്തിൽ പുനരുത്ഥാനം പറയപ്പെട്ടിട്ടുള്ളത്. ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും (ദാനീ, 12:1). അതിനുശേഷം “നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദക്കുമായും ഉണരും.” (ദാനീ, 12:2). പഴയനിയമത്തിൽ പുനരുത്ഥാനത്തെക്കുറിച്ചു സ്പഷ്ടമായി പഠിപ്പിക്കുന്ന ഭാഗങ്ങളാണ്: (ഇയ്യോ, 14:1-13; 19:25,26; സങ്കീ, 16:10; 49:15; യെശ, 25:8; 26:19; ദാനീ, 12:2; ഹോശേ, 5;15; 6:2). ഹോശേയ 6:2-ൽ ജാതീയമായ പുനരുത്ഥാനത്തിന്റെ പ്രതീക്ഷയാണു കാണുന്നത്.

5. മരണാനന്തരം ദൈവസന്നിധിയിലുള്ള ആനന്ദത്തെ കുറിച്ചുള്ള വർണ്ണന: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.” (ഇയ്യോ, 19:25-27, ഒ.നോ: സങ്കീ, 16:9-11; 17:15; 73:23,24, 26).

അമർത്ത്യത പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ആകട്ടെ ആത്മാവിന്റെ അമർത്ത്യതയെക്കുറിച്ചു പ്രത്യക്ഷത്തിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. “ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്തനിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.” (2തിമൊ, 1:10). ജീവൻ, അമർത്ത്യത എന്നിവയുടെ സ്വരൂപത്തെക്കുറിച്ചും അവയുടെ കർത്താവിനെക്കുറിച്ചും വ്യക്തമായ പ്രകാശനം നമുക്കു നൽകിയതു സുവിശേഷമാണ്. പല തത്ത്വചിന്തകന്മാരും അമർത്ത്യതയെ നിഷേധിച്ചു. എന്നാൽ ക്രിസ്തു ആധികാരികമായ പ്രബോധനത്തിലൂടെ മാത്രമല്ല, തന്റെ ജീവിതമരണ പുനരുത്ഥാനങ്ങളിലൂടെയും അമർത്ത്യത തെളിയിക്കുകയും മനുഷ്യർക്കു അതു പ്രാപിക്കുവാനുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്തു. മരണാനന്തരമുള്ള ആത്മാവിന്റെ ആസ്തിത്വത്തെക്കുറിച്ചു ക്രിസ്തു വ്യക്തമായി പഠിപ്പിച്ചു. ‘ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ എന്നു യേശു ഉപദേശിച്ചു.’ (മത്താ, 10:28, ലൂക്കൊ, 23:43; യോഹ, 11:25; 14:3). ക്രിസ്തുവിന്റെ ഉപദേശത്തിന്റെ അന്തർ ധാരതന്നെ ആത്മാവിന്റെ അമർത്ത്യതയായിരുന്നു. (മത്താ, 5:12; 8:11,12; 12:32; 13:36, 43; 18;8,9; 22:11-13; 25:1-3, 31-46; മർക്കൊ, 8:35-37; ലൂക്കൊ, 12:4,5; 13:24-29; 16:19-31; 18:29,30; യോഹ, 3:16; 5:39,40; 6:47-58; 10:28; 11:25; 14:1-6). നീതിമാന്മാരുടെയും നീതികെട്ടവരുടെയും ഭാവിയെക്കുറിച്ചു മുകളിൽ പറഞ്ഞ ഭാഗങ്ങളിൽ ക്രിസ്തു പഠിപ്പിക്കുന്നതു ശ്രദ്ധേയമാണ്. സദൂക്യരുടെ അവിശ്വാസത്തെ ക്രിസ്തു ഖണ്ഡിച്ചു. പഴയനിയമത്തിന്റെ പഠിപ്പിക്കലിനെ ക്രിസ്തു സ്ഥിരീകരിച്ചു. (ലൂക്കൊ, 20:27-38).

അപ്പൊസ്തലന്മാരും ആത്മാവിന്റെ അമർത്ത്യതയെ സ്ഥാപിച്ചു. (റോമ, 2:5-11; 2കൊരി, 5:10). പുനരുത്ഥാനം ദേഹസഹിതമായിരിക്കും എന്ന ഉപദേശം അമർത്ത്യതയ്ക്കുള്ള തെളിവാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുനരുത്ഥാനം ദേഹത്തിന്റെ വീണ്ടെടുപ്പു കൂടിയാണ്. അമർത്ത്യതയുടെ പൂർണ്ണമായ അനുഗ്രഹം ദൈവസഹവാസത്തിലുള്ള സമ്പൂർണ്ണമായ ജീവിതത്തിൽ വീണ്ടെടുക്കപ്പെട്ട ശരീരവുമായി പ്രവേശിക്കുമ്പോഴാണ് ലഭിക്കുന്നത്: (ലൂക്കൊ, 20:35,36; യോഹ, 5:25-29; 1കൊരി, 1:5; 1തെസ്സ, 4:16; ഫിലി, 3:21). ദുഷ്ടന്മാർക്കും പുനരുത്ഥാനത്തിൽ നിത്യമായ നിലനില്പിനു ശരീരം ലഭിക്കും. ഇതിനെ തിരുവെഴുത്തുകൾ രണ്ടാംമരണം എന്നു വിളിക്കുന്നു. (വെളി, 20:12-15). ശാരീരിക മരണത്തിനുശേഷം മനുഷ്യന്റെ ആത്മാംശം നിലനിൽക്കുന്നതിനെയാണ് പല പണ്ഡിതന്മാരും അമർത്ത്യത എന്നു മനസ്സിലാക്കുന്നത്. മരണശേഷമുള്ള വെറും അസ്തിത്വം മാത്രമല്ല അമർത്ത്യത; ആളത്തത്തെ പൂർണ്ണമായി ബാധിക്കുന്നതാണത്. അതുകൊണ്ട് അമർത്ത്യത പ്രധാനമായും ദേഹത്തെ സംബന്ധിക്കുന്നതാണ്.

അമർത്ത്യതയും നിത്യജീവനും: വിശ്വാസികൾക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിത്യജീവൻ അമർത്ത്യതയുടെ പര്യായമല്ല. അവിശ്വാസികളും നിത്യജീവന്റെ അവകാശികളായ വിശ്വാസികളും മരിക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ജീവനോടിരിക്കുന്ന വിശ്വാസികൾ മാത്രമാണു മരണം കാണാതെ എടുക്കപ്പെടുന്നത്. (1കൊരി, 15:51-53; 1തെസ്സ, 4:13-17). ഭാവിയിൽ പുനരുത്ഥാനത്തിലുടെയോ രൂപാന്തരത്തിലൂടെയോ ഒരു അമർത്ത്യശരീരം ഉറപ്പുവരുത്തുകയാണ് നിത്യജീവൻ. (റോമ, 8:22,23; 2കൊരി, 5:1-5). ഇങ്ങനെ ദേഹം, ദേഹി, ആത്മാവു എന്ന പൂർണ്ണ ആളത്തമായി തന്നെ മനുഷ്യൻ വീണ്ടെടുക്കപ്പെടും. തേജസ്കരിക്കപ്പെട്ട ശരീരങ്ങൾ മരണം, പാപം, വേദന എന്നിവയ്ക്കു വിധേയമല്ല; അവ അമർത്ത്യമാണ്. ഇങ്ങനെ പൂർണ്ണമായി വീണ്ടെടുക്കപ്പെട്ട ആളത്തത്തെ കുറിക്കുകയാണു അമർത്ത്യത.

രക്ഷിക്കപ്പെടാത്തവരുടെ ശരീരം അമർത്ത്യമല്ല. അവരുടെ ദേഹിയും ആത്മാവും നിത്യമായി നിലനിൽക്കും. എന്നാൽ ശിക്ഷാവിധിക്കായി ഉയിർപ്പിക്കപ്പെടുന്ന അവരുടെ ശരീരം രണ്ടാംമരണത്തിനു വിധേയമാകും. വെള്ള സിംഹാസനത്തിനു മുമ്പിലുള്ള ന്യായവിധിയിലാണതു സംഭവിക്കുക. (വെളി, 20:15). ഇതു ഉന്മൂലനമല്ല; ദൈവത്തിൽനിന്നു എന്നേക്കും വേർപെട്ട് ബോധസഹിതം നിത്യയാതന അനുഭവിക്കലാണ്. രക്ഷിക്കപ്പെടാത്തവരുടെ ശരീരം പുനരുത്ഥാനശേഷം ദ്രവത്വത്തിനു വിധേയമാണ്. ഇതാണ് രണ്ടാം മരണം സൂചിപ്പിക്കുന്നത്. അതിനാൽ അവർക്കു അമർത്ത്യതയില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു മാത്രമാണു അമർത്ത്യത.

അമർത്ത്യതയും വിശ്വാസിയുടെ പ്രത്യാശയും: വിശ്വാസികൾക്കാർക്കും തന്നെ അമർത്ത്യമായ ശരീരം ഇല്ല. ക്രിസ്തു മാത്രമാണു് ദ്രവത്വം കാണാത്തത്. (സങ്കീ, 16:10). “അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പു കൂട്ടി കണ്ടു പ്രസ്താവിച്ചു.” (പ്രവൃ, 2:31). സ്വർഗ്ഗത്തിൽ തേജസ്കരിക്കപ്പെട്ട മനുഷ്യപുത്രൻ എന്ന നിലയ്ക്ക് ക്രിസ്തുവിനു ദ്രവത്വം തീണ്ടിയിട്ടില്ലാത്ത അമർത്ത്യമായ ശരീരം ഉണ്ട്. മർത്ത്യമായ ശരീരത്തിൽ അമർത്ത്യത ആവരണം ചെയ്തിരിക്കുകയാണ്. വിശ്വാസികളുടെ മാനുഷിക ശരീരത്തിന്റെ തേജസ്കരണം ക്രിസ്തുവിന്റെ കൂശ് ഉറപ്പാക്കി. അവിശ്വാസികൾക്കാർക്കും ഈ പ്രത്യാശയില്ല. അവിശ്വാസിയുടെയും വിശ്വാസിയുടെയും ശരീരം മരണത്തിനു വിധേയമാകുമെങ്കിലും തങ്ങളുടെ മരണമില്ലാത്ത ദേഹിയും ആത്മാവും അമർത്ത്യമായ ശരീരത്തോടു ചേർക്കപ്പെടുമെന്ന പ്രത്യാശ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു മാത്രമേയുള്ളു. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ജീവനോടിരിക്കുന്നവരൊഴികെ എല്ലാ വിശ്വാസികളും ദ്രവത്വത്തിനു വിധേയരാണ്. ദ്രവത്വം മരണത്തെക്കുറിക്കുന്നു. “ഉരിവാനല്ല മർത്ത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. (2കൊരി, 5:4).

അഭിഷേകം ചെയ്യുക

അഭിഷേകം ചെയ്യുക (anoint)

ദൈവിക ശുശ്രൂഷകൾക്കുവേണ്ടി അഥവാ, വിശുദ്ധകാര്യങ്ങൾക്കു വേണ്ടി എണ്ണ പൂശുന്നതാണ് അഭിഷേകം. സാധാരണ കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി എണ്ണ പൂശുക, തൈലം പൂശുക എന്നിങ്ങനെയാണ് പറയുക. വസ്തുക്കളെയും വ്യക്തികളെയും ദൈവത്തിനുവേണ്ടി വേർതിരിച്ചു വിശുദ്ധീകരിക്കുന്നതിനാണ് അഭിഷേകം എന്ന് പറയുന്നത്. “അവർ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.” (പുറ, 28:41. ഒ.നോ: 1ശമൂ, 9:16; 1രാജ,19:16). ബഥേലിൽ വച്ചു തലയണയായി ഉപയോഗിച്ച കല്ലിനെ യാക്കാബ് അഭിഷേകം ചെയ്തു: (ഉൽപ, 28:18). സമാഗമന കുടാരത്തെയും അതിലെ ഉപകരണങ്ങളെയും അഭിഷേകം ചെയ്തു: (പൂര, 30:22-28). പ്രവാചകന്മാർ (1രാജ, 19:16; 1ദിന, 16:22), പുരോഹിതന്മാർ (പുറ, 21:41; 29:1; ലേവ്യ, 8:12,30), രാജാക്കന്മാർ: ശൗൽ (1ശമൂ, 9:16; 10:1) , ദാവീദ് (1ശമൂ, 16:1,12,13; 2ശമൂ, 2:11), ശലോമോൻ (1രാജ, 1:34), യേഹൂ (1രാജാ 18:15) എന്നിവരെ അഭിഷേകം ചെയ്തു. രാജാവിനെ അഭിഷേകം ചെയ്യുന്നത് പ്രവാചകനായിരുന്നു: (1ശമൂ, 10:1; 1രാജ, 18:18; 2രാജ, 9:6). ശലോമോന്റെ അഭിഷേകത്തിൽ നാഥൻ പ്രവാചകനും പങ്ക് ഉണ്ടായിരുന്നു: (1രാജ, 1:45). പിൽക്കാലത്ത് രാജാവിനെ അഭിഷേകം ചെയ്യുന്നതു പുരോഹിതന്മാരായി: (1രാജ, 1:38; 2രാജ, 1:12). അഭിഷേകതൈലം പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. ദൈവാധിപത്യ വ്യവസ്ഥിതിയിൽ രാജാവ് കർത്താവിന്റെ അഭിഷിക്തനായിരുന്നു: (1ശമൂ, 12:3; വില, 4:20).

മശീഹാ, ക്രിസ്തു എന്നീ പേരുകളുടെ അർത്ഥം ‘അഭിഷിക്തൻ’ എന്നത്രേ. പഴയനിയമത്തിൽ രണ്ടിടത്ത് വീണ്ടെടുപ്പുകാരനെ മശീഹാ എന്നു വിളിച്ചിട്ടുണ്ട്: (സങ്കീ, 2:2; ദാനീ, 9:25,26). സ്നാനസമയത്തു യേശുവിനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു പഴയനിയമ മശീഹയാണെന്നു വെളിപ്പെടുത്തി: (യോഹ, 1:32,33. ഒ.നോ: ലൂക്കൊ, 4:18,21; പ്രവൃ, 9:22; 17:2,3; 18:5,28). ബഹുമാനസൂചകമായി അതിഥികളെ എണ്ണകൊണ്ടു അഭിഷേകം ചെയ്തുവന്നു: (സങ്കീ, 23:5). അഭിഷേകം ആനന്ദസൂചകമാണ്. തന്മൂലം, അഭിഷേകതൈലത്തെ ആനന്ദതൈലം എന്നു വിളിക്കുന്നു: (സങ്കീ, 45:7; എബ്രാ, 19).

അഭിഷേകതൈലം:അഭിഷേകതൈലത്തിന്റെ നിർമ്മിതി പഞ്ചദ്രവ്യങ്ങളെക്കൊണ്ടായിരുന്നു. നാലു സുഗന്ധ വസ്തുക്കളും എണ്ണയുമാണ് വിശുദ്ധ അഭിഷേകതൈലത്തിന്റെ ഘടകങ്ങൾ: (പുറ, 30:23-25). അയഞ്ഞമൂരു 500 ശേക്കെൽ, സുഗന്ധലവംഗം 250 ശേക്കെൽ, സുഗന്ധവയമ്പ് 250 ശേക്കെൽ, വഴനത്തൊലി (അമരിപ്പട്ട) 500 ശേക്കെൽ, ഒലിവെണ്ണ 1 ഹീൻ (ഒരു ഗ്യാലൻ). സത്യവേദപുസ്തകത്തിൽ സുഗന്ധവയമ്പിനെ വിട്ടുകളഞ്ഞിരിക്കുന്നു. പഴയനിയമത്തിൽ എണ്ണ പരിശുദ്ധാത്മാവിന്റെ നിഴലാണ്. “പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവിന്റെ” ദർശനം സെഖര്യാവ് 4-ൽ കാണാം. അഭിഷേകതൈല നിർമ്മിതിക്കുപയോഗിക്കുന്ന എണ്ണയും ഒലിവെണ്ണയായിരുന്നു. ലവംഗവും, വയമ്പും, വഴനത്തൊലിയും ഉണങ്ങിയരൂപത്തിൽ എണ്ണയോടു ചേർക്കാനിടയില്ല. ഇതിന്റെ അനുപാതം സൂചിപ്പിക്കുന്നത്. ഇവ വെള്ളത്തിൽ തിളപ്പിച്ചു അവയുടെ സാരാംശം ഊറ്റിയെടുക്കും. ഈ ദ്രാവകത്തിൽ ഒലിവെണ്ണ ചേർത്തു ജലാംശം മുഴുവൻ ബാഷ്പമായി പോകുന്നതുവരെ തീയിൽ വച്ചു ചൂടാക്കും. ബെസലേൽ ആയിരുന്നു അഭിഷേകതൈല നിർമ്മാണത്തിനു മേൽനോട്ടം നടത്തിയത്: (പുറ, 37:29). ഇതേ അനുപാതത്തിൽ തൈലം നിർമ്മിക്കുന്നതും അതിൽനിന്നു അന്യനുകൊടുക്കുന്നതും പാപമാണ്. “അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ചേദിച്ചുകളയേണം.” (പുറ, 30:32-33).

അഭിഷിക്തന്മാർ: അഭിഷിക്തർ എന്ന് പേർപറഞ്ഞിട്ടുള്ള പതിനേഴ് പേരാണ് പഴയനിയമത്തിൽ ഉള്ളത്. ആറ് പുരോഹിതന്മാരും, ഒൻപത് രാജാക്കന്മാരും, ഒരും പ്രവാചകനും, ഈ മൂന്ന് പദവികളും ചേർന്ന യേശുക്രിസ്തുവും: (ലൂക്കൊ, 1:76; 19:38; എബ്രാ, 7:21).

പുരോഹിതന്മാർ: അഹരോൻ, നാഥാബ്, അബീഹൂ, എലെയാസർ, ഈഥാമാർ, സാദോക്ക്: (പുറ, 6:23, 29:23; 1ദിന, 29:23).

രാജാക്കന്മാർ: ശൗൽ (1ശമൂ, 10:10); ദാവീദ് (1ശമൂ, 16:1); അബ്ശാലോം (1ശമൂ, 19:10); ശലോമോൻ (1രാജ, 1:39, 5:1); ഹസായേൽ (1രാജ, 19:5); യേഹു (2രാജ, 9:36); യോവാശ് (2രാജ, 11:12); യെഹോവാഹാസ് (2രാജാ, 23:10); കോരെശ് (യെശ, 45:1).

പ്രവാചകൻ: ഏലീശ (1രാജാ, 19:16).

യേശുക്രിസ്തു: (സങ്കീ, 2:2, 45:7; യെശ, 61:1).

പഴയപുതിയനിയമ അഭിഷിക്തൻ: പഴയനിയമത്തിലും പുതിയനിയമത്തിലും അഭിഷിക്കൻ എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഏകവ്യക്തി യേശുക്രിസ്തുവാണ്. പഴയനിയമത്തിൽ യേശുവിൻ്റെ പേർ പറയുന്നില്ലെങ്കിലും ലൂക്കോസിൻ്റെ സുവിശേഷത്തിലൂടെ അത് താൻതന്നെയാണെന്ന് ക്രിസ്തു വ്യക്തമാക്കി. (സങ്കീ, 2:2; 45:7; യെശ, 61:1; ലൂക്കൊ, 4:18-21).

അഭിഷേകം പുതിയനിയമത്തിൽ: അഭിഷകം എന്ന പ്രയോഗം എട്ട് വാക്യങ്ങളിലായി ഒൻപത് പ്രാവശ്യം ഉണ്ട്. അതിൽ അഞ്ചെണ്ണം ക്രിസ്തുവിനെ മാത്രം കുറിക്കുന്നതാണ്. ബാക്കി നാലെണ്ണമാകട്ടെ തന്റെ സഭയെ മൊത്തം ഉദ്ദേശിച്ചുകൊണ്ടാണ്. ‘മശീഹാ’ എന്ന എബ്രായ പദത്തിനും, ‘ക്രിസ്തു’ എന്ന യവനപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമാഭിഷേകം നിഴലുകളായി പരിഗണിക്കാമെന്നല്ലാതെ, ക്രിസ്തുവിനുമേലുള്ള ആത്മാഭിഷകവുമായി നേരിട്ടു ബന്ധമൊന്നുമില്ല. അതുപോലെ പുതിയനിയമത്തിൽ ദൈവം തന്റെ പരിശുദ്ധാത്മാവുകൊണ്ടും ശക്തികൊണ്ടും അഭിഷേകം ചെയ്തു എന്ന് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് യേശുവിനെ മാത്രമാണ്.

യേശുക്രിസ്തുവിൻ്റെ അഭിഷേകം: (ലൂക്കാ, 4:18-21; പ്രവൃ, 4:27; 10:38; എബ്രാ, 1:9).

സഭയുടെ മേലുള്ള അഭിഷേകം: (2കൊരി,1:21; 1യോഹ, 2:20; 2:27; 2:27).

സഭ എന്ന ശരീരത്തിന്റെ തലയായ ക്രിസ്തുവിനെ (1കൊരി, 11:3 , എഫെ, 1:22, 4:15, 5:23; കൊലൊ, 1:18 , 2:10,19) അഭിഷേകം ചെയ്തിരിക്കുന്നതുകൊണ്ട് ശരീരത്തെ പ്രത്യേക അഭിഷേകം ചെയ്യേണ്ടതില്ല. അഹരോന്റെ തലയിലൊഴിച്ച അഭിഷേകതൈലം താടിയിലൂടെ ഒഴുകിയിറങ്ങി ശരീരം മുഴുവനും വ്യാപിക്കുന്നതായി ദാവീദ് വർണ്ണിക്കുന്നതും ഓർക്കുക: (സങ്കീ, 133;2). ക്രിസ്തുവിൽ വിശ്വസിച്ച (റോമ, 10:9) സഭ എന്ന തന്റെ ശരീരത്തിന്റെ അവയവങ്ങളായി (1കൊരി, 12:20) തീരുന്നവർക്കു തലയായ ക്രിസ്തുവിനു ലഭിച്ച അതേ അഭിഷേകം ലഭിക്കുന്നു. അതുകൊണ്ടാണ് ‘അഭിഷേകം ചെയ്തതു’ (2കൊരി, 1:21); “അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു” (1യോഹ, 2:20); “അഭിഷേകം നിങ്ങളിൽ വസിക്കുന്നു” (1യോഹ, 2:27); “അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും” (1യോഹ, 2:27) എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

അബ്ബാ

അബ്ബാ (Abba)

അപ്പൻ എന്നർത്ഥം. ഗ്രീക്കിൽ എഴുതപ്പെട്ട പുതിയനിയമത്തിൽ കടന്നു കൂടിയ ചുരുക്കം ചില അരാമ്യപദങ്ങൾ ഉണ്ട്; അവയിലൊന്നാണ് അബ്ബാ. ബാബിലോന്യൻ തല്മൂദിൽ ഇടയ്ക്കിടെ പ്രയോഗിച്ചു കാണുന്നു. ഒരു കുഞ്ഞു പിതാവിനെ വിളിക്കുമ്പോഴും റബ്ബിമാരെ സംബോധന ചെയ്യുമ്പോഴും ഉറ്റബന്ധവും അടുപ്പവും വ്യക്തമാക്കുന്ന ഈ പദം പ്രയോഗിച്ചുകാണുന്നു. അബ്ബാ എന്നു കുടുംബനാഥനെ സംബോധന ചെയ്യാൻ അടിമകളെ അനുവദിച്ചിരുന്നില്ല. യെഹൂദന്മാർ ദൈവത്തെ അബ്ബാ എന്നു വിളിച്ചിരുന്നില്ല. പുതിയനിയമത്തിൽ സംബോധനാരൂപത്തിൽ ഈ പദം ഗ്രീക്കിൽ മൂന്നിടത്ത് ലിപ്യന്തരണം ചെയ്ത് ചേർത്തിട്ടുണ്ടു്; ഒപ്പം ഗ്രീക്കുതത്സമവും: (മർക്കൊ, 14:36; റോമ, 8:15; ഗലാ, 4:6). യേശു പഠിപ്പിച്ച പ്രാർത്ഥന അരാമ്യയിൽ ആരംഭിക്കുന്നത് അബ്ബാ എന്നത്രേ. ദൈവത്തെക്കുറിക്കുവാൻ അബ്ബാ എന്ന പദം ആദ്യം ഉപയോഗിച്ചതു യേശുവാണ്. ശിഷ്യന്മാർക്ക് അതുപയോഗിക്കാൻ അധികാരവും നല്കി. അപ്പൊസ്തലനായ പൗലൊസ് വിശദമാക്കുന്ന പുത്രസ്വീകാരം എന്ന പ്രമേയം ഈ പ്രയോഗത്തിനു പിന്നിലുണ്ട്.

അപ്പൊസ്തലിക സഭയുടെ സുവിശേഷവേല

അപ്പൊസ്തലിക സഭയുടെ സുവിശേഷവേല (ആളുകളുടെ എണ്ണം)

സുവിശേഷമറിയിക്കാൻ ഒറ്റയ്ക്ക് പോകാൻ പടില്ല എന്നൊരു അലിഖിതനിയമം ചില സഭകളിൽ ഉള്ളതായി കേട്ടിട്ടുണ്ട്. ഒറ്റയ്ക്ക് പോകുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയും കാണുന്നുണ്ട്. ഇക്കൂട്ടർ പറയുന്നത് രണ്ടുപേരോ അതിലധികമോ ആളുകൾ ഒരുമിച്ച് പോകണമെന്നാണ്. അതിനാധാരമായിട്ട് പറയുന്നത്; യേശു പന്ത്രണ്ട് ശിഷ്യന്മാരെ അയച്ചപ്പോഴും, അനന്തരം എഴുപത് ശിഷ്യന്മാരെ അയച്ചപ്പോഴും ഈരണ്ടായിട്ടാണ് അയച്ചതെന്നാണ്. (മർക്കൊ, 6:7, ലൂക്കൊ, 10:1). ഇവർക്ക് യേശു ചെയ്തതുപോലെ തന്നെ ചെയ്യുവാനുള്ള ആഗ്രഹമാണെങ്കിൽ അത് നല്ലതാണ്. പക്ഷെ ഒരു ചോദ്യമുണ്ട്; യേശു ചെയ്തതുപോലെ ആണെങ്കിൽ, രണ്ടുപേരെ വീതം മാത്രമേ അനുവദിക്കാവൂ; രണ്ടിൽക്കൂടുതൽ പേർ ആകാമെന്നു പറയുന്നതെങ്ങനെ? പന്ത്രണ്ടു പേർ ഉള്ളപ്പോഴും, അനന്തരം അതിനേക്കാൾ ആറിരട്ടി ആളുകൾ (70) ഉള്ളപ്പോഴും യേശു രണ്ടുപേരെ മാത്രമല്ലേ അയച്ചത്? ദൈവവചനം പറയുന്നു; “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു.” (പുറ, 23:2). ഇക്കാര്യത്തിൽ ദൈവവചനം എന്തുപറയുന്നു എന്നു നോക്കാം. ആദിമസഭ (അപ്പൊസ്തലന്മാർക്കും അവരുടെ ശിഷ്യന്മാർക്കും ശേഷമുള്ള സഭ) ഉപദേശങ്ങൾ രൂപപ്പെടുത്തുന്നതിന് ചില മാനദണ്ഡങ്ങൾ ഉപയോഗിച്ചിരുന്നു. ഒന്ന്; യേശുക്രിസ്തു പഠിപ്പിച്ചതായിരിക്കണം. അഥവാ സുവിശേഷങ്ങളിൽ അതുണ്ടായിരിക്കണം. രണ്ട്; അപ്പൊസ്തലന്മാർ അത് അനുസരിച്ചതായിരിക്കണം. അഥവാ അപ്പൊസ്തല പ്രവൃത്തികളിൽ അത് ഉണ്ടായിരിക്കണം. മൂന്ന്; ലേഖനങ്ങളിൽ അതിനെക്കുറിച്ച് ഉപദേശം വേണം. അഥവാ റോമർ തുടങ്ങി യൂദാ വരെയുള്ള ലേഖനങ്ങളിൽ എവിടെയെങ്കിലും അത് പ്രതിപാദിച്ചിരിക്കണം. ഇതാണ് വേദപുസ്തകത്തിലെ ഒരുകാര്യം ഉപദേശമാണോ അല്ലയോ എന്നു കണ്ടെത്താനുള്ള മാർഗ്ഗം. യേശു ഈരണ്ടുപേരെ അയച്ചകാര്യം ഇനിയൊന്നു പരിശോധിച്ചു നോക്കാം.

സുവിശേഷങ്ങളിൽ രണ്ടു പേരെ വീതം മാത്രമാണ് യേശു അയച്ചത്. ഇനി അപ്പൊസ്തലപ്രവൃത്തികളിൽ നോക്കാം. അവിടെ രണ്ടു പേരോ അതിൽ കൂടുതലോ ആളുകൾ മാത്രമാണോ സുവിശേഷവേലയ്ക്ക് പോയത്. അല്ല ഒറ്റയ്ക്കും പോയിട്ടുണ്ട്. അതൊന്നു പരിശോധിക്കാം: ആകെ സുവിശേഷവേല ഏകദേശം മുപ്പതാണ്. പത്തും പത്തിലധികംപേർ മൂന്നു പ്രാവശ്യവും, ഏഴുപേർ ഒരു പ്രാവശ്യവും, നാലുപേർ ഒരു പ്രാവശ്യവും, മൂന്നുപേർ രണ്ടു പ്രാവശ്യവും, രണ്ടു പേർ ആറ് പ്രാവശ്യവും, ഒറ്റയ്ക്ക് പതിനേഴ് പ്രാവശ്യവും സുവിശേഷമറിയിച്ചിട്ടുണ്ട്. സ്തെഫാനൊസ്, ഫിലിപ്പൊസ്, അനന്യാസ്, പൌലൊസ്, പത്രൊസ്, ബർന്നബാസ്, യാക്കോബ്, അപ്പല്ലൊസ് തുടങ്ങി എട്ടുപേർ പതിനേഴു പ്രാവശ്യം ഒറ്റയ്ക്കുപോയി സുവിശേഷം അറിയിച്ചതിന്റെ രേഖ പ്രവൃത്തികളിലുണ്ട്. ഇനി ലേഖനങ്ങളിലേക്ക് പോയാൽ അവിടെയും എത്രപേർ പോണമെന്ന് ഒരു കണക്ക് പറഞ്ഞിട്ടില്ല. പക്ഷെ എല്ലാവരും പോണമെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 2:9). കൂടാതെ പൌലൊസ് പലയിടത്തും ഒറ്റയ്ക്ക് സുവിശേഷം അറിയിച്ചതിന്റെ രേഖകളുമുണ്ട്. (റോമ, 1:15, 1കൊരി, 1:17, 9:16, 2കൊരി, 2:12, ഗലാ, 4:13). താൻ പറയുന്നതും ശ്രദ്ധിക്കുക; “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1കൊരി, 9: 16). ഇവിടെ ‘ഞാൻ, എനിക്കു’ എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യേശു സുവിശേഷമറിയിക്കാൻ ഈരണ്ടായി അയച്ചത് ഒരു ഉപദേശമായിരുന്നെങ്കിൽ അത് ആദ്യം ലംഘിച്ചത് തന്റെ അപ്പൊസ്തലന്മാരായിരുന്നു എന്നുവരും. തന്മൂലം അതൊരു ഉപദേശമല്ലായിരുന്നു; പ്രത്യുത, അന്നത്തെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പരസ്പര സഹായത്തിനാണ് രണ്ടുപേരെവീതം അയച്ചതെന്ന് മനസ്സിലാക്കാം.

ദൈവത്തോട് വിശ്വാസികൾക്കുള്ള ബന്ധം വ്യക്തിപരമാണ്. തന്മൂലം സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്വവും വ്യക്തിപരമാണ്. കൂടെയൊരാൾ അല്ലെങ്കിൽ ഒരുകൂട്ടം ആളുണ്ടെങ്കിലേ താൻ സുവിശേഷമറിയിക്കൂ എന്നു ശഠിക്കുന്നത് ധാർഷ്ട്യം മാത്രമാണ്. ‘കൊതുകിനെ അരിച്ചെടുത്തിട്ടു ഒട്ടകത്തെ വിഴുങ്ങിക്കളയുന്ന ഒരു പണി പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉണ്ടായിരുന്നു; യേശു അതിനെ ആപലപിച്ചിട്ടുണ്ട്. (മത്താ, 23: 24). എന്നാൽ, ദൈവമക്കൾക്ക് ഇങ്ങനെയുള്ള പണി ചേരില്ല. സുവിശേഷമറിയിക്കാൻ വീണ്ടുംജനിച്ച ആർക്കും ഒറ്റയ്ക്കോ പെട്ടയ്ക്കോ പോകാം. പ്രവാചകനായ ആമോസ് പറയുന്നു; “രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?” (3:3). ഒരു വീട്ടിൽ ഭാര്യയ്ക്കും ഭർത്താവിനും ഭിന്നാഭിപ്രായമുള്ള ഇക്കാലത്ത്, ഒരാൾ കൂടെയില്ലാതെ താൻ സുവിശേഷമറിയിക്കില്ലെന്ന് ഒരു വിശ്വാസി ശഠിച്ചാൽ അവന്റെ ആയുസ്സിൽ അവൻ സുവിശേഷവേലയ്ക്ക് കൊള്ളാവുന്നവനും ദൈവത്തെ അനുസരിക്കുന്നവനുമല്ല. മാത്രമല്ല; “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നു സഭാനാഥൻ അരുളിച്ചെയ്യുമ്പോൾ ഒരാൾ സുവിശേഷമറിയിക്കാൻ ഒറ്റയ്ക്ക് പോയാലും തനിച്ചാകുന്നതെങ്ങനെ? ഇനി ഓരോ സ്ഥലത്തെയും രാഷ്ട്രീയവും സാമൂഹികവും മതകീയവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുവിശേഷമറിയിക്കാൻ പോകുന്നവർക്ക് തമ്മിൽപ്പറഞ്ഞ് തീരുമാനിക്കാം. ഒറ്റയ്ക്ക് പോണമോ, ഇരട്ടയ്ക്ക് പോണമോ, കൂട്ടമായി പോണമോയെന്ന്. ഇത് വിശ്വാസികൾ തമ്മിൽ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായിരിക്കുന്ന അധികാരമാണ് അല്ലാതെ ദൈവവചനത്തിലുള്ളതല്ല. ദൈവവചനത്തെ നമ്മുടെ ഉപദേശമാക്കാമെന്നല്ലാതെ, താന്താന്റെ ഉപദേശത്തെ ദൈവവചനമാക്കാൻ ശ്രമിക്കുന്നത് ശരിയാണോ?

അപ്പൊസ്തല പ്രവൃത്തിയിലെ സുവിശേഷവേല

1) പന്ത്രണ്ട് അപ്പൊസ്തലന്മാർ

“അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.” (2:4).

2) പത്രൊസ്, യോഹന്നാൻ,

“പഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാ സമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ” (3:1).

3) സ്തെഫാനൊസ്,

“അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.” (6:8).

4) ഫിലിപ്പൊസ്, (ശമര്യ)

“ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.” (8:5).

5) പത്രൊസ്, യോഹന്നാൻ,

“അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.” (8:14).

6) ഫിലിപ്പൊസ്, (ഷണ്ഡൻ)

“അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.” (8:26).

7) ഫിലിപ്പൊസ്, (അസ്തൊദ് തുടങ്ങി കൈസര്യ)

“ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.” (8:40).

8) അനന്യാസ്, (ശൌൽ)

“എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു. കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക;” (9:10-11).

9) ശൌൽ

“ശൌലോ മേൽക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.” (9:22).

10) പത്രൊസ്, (ലുദ്ദ, ശാരോൻ, യോപ്പ)

“പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;” (9:32,35).

11) പത്രൊസും 6 സഹോദരന്മാരും,

“പത്രൊസ് അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി. (10:23). ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.” (11:12).

12) ബർന്നബാസ്, (അന്ത്യൊക്ക്യ)

“അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.” (11:22).

13) ബർന്നബാസും, ശൌലും, (ഒരു വർഷം അന്ത്യൊക്ക്യയിൽ)

“ബർന്നബാസ് ശൌലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽ വെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി”. (11:25-26)

14) യാക്കോബ് (സുവിശേഷം നിമിത്തം രക്തസാക്ഷി, 12:3)

“ആ കാലത്തു ഹെരോദാരാജാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിന്നു കൈ നീട്ടി. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു.” (12:1-2).

15) പത്രൊസ്

“അതു യെഹൂദന്മാർക്കു പ്രസാദമായി എന്നു കണ്ടു അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയിരുന്നു.” (12:3).

16) പത്രൊസ് (കൈസര്യ)

“ഹെരോദാവു അവനെ അന്വേഷിച്ചിട്ടു കാണായ്കയാൽ കാവൽക്കാരെ വിസ്തരിച്ചു അവരെ കൊല്ലുവാൻ കല്പിച്ചു; പിന്നെ പത്രൊസ് യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാർത്തു.” (12:19).

17) ബർന്നബാസ്, ശൌൽ, (കുപ്രൊസ്)

“അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.” (13:2).

18) ബർന്നബാസ്, പൌലൊസ്, യൂദ, ശീലാസ്

“അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.” (15:22).

19) ബർന്നബാസ്, മർക്കൊസ്, (കുപ്രൊസ്)

“അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു. ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.” (15:38).

20) പൌലൊസ്, ശീലാസ്, (സുറിയ, കിലിക്യ)

“പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.” (15:39-40).

21) പൌലൊസ്, ശീലാസ്, തിമൊഥെയൊസ്, (ഫിലിപ്പി)

“അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു..….. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു;” (16:1-3).

22) പൌലൊസ്, (അഥേന, കൊരിന്ത്)

“അഥേനയിൽ പൌലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.” (17:16).

23) പൌലൊസ്, ശീലാസ്, തിമൊഥെയൊസ്, (കൊരിന്ത്)

“ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.” (18;5).

24) പൌലൊസ്, (അന്ത്യൊക്യ)

“ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.” (18:21-22).

25) പൌലൊസ്, (ഗലാത്യ, ഫ്രുഗ്യ)

“അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.” (18:23).

26) അപ്പൊല്ലൊസ്, (എഫെസൊസ്, അഖായ, കൊരിന്ത്)

“അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:” (19:1).

27) പൌലൊസ്, (ഉൾപ്രദേശങ്ങൾ, എഫെസൊസ്)

“പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.” (19:8).

28) പൌലൊസ്, (മക്കദൊന്യ, യവനദേശം)

“കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.’ (20:1).

29) പൌലൊസ്, സൊപത്രൊസ്, അരിസ്തർഹൊസ്, സെക്കുന്തൊസ്, ഗായോസ്, തിമൊഥെയൊസ്, തുഹിക്കൊസ്, ത്രോഫിമൊസ്, ലൂക്കൊസ്, ശീലാസ്, (ത്രോവാസ്)

“ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി. അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു. ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.” (20:4-6).

30) പൗലൊസും സഹോദരന്മാരും (കൈസര്യ 10 പേർ)

“പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു. അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.” (21:8-10).

സ്തെഫാനൊസ്, ഫിലിപ്പൊസ്, അനന്യാസ്, ശൌൽ, പത്രൊസ്, ബർന്നബാസ്, യാക്കോബ്, അപ്പല്ലൊസ് തുടങ്ങി എട്ടുപേർ പതിനേഴു പ്രാവശ്യം ഒറ്റയ്ക്കുപോയി സുവിശേഷം അറിയിച്ചിട്ടുണ്ട്.

“നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിത വർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:5). “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1പത്രൊ,2:9).

എപ്പഫ്രൊദിത്തൊസ്

എപ്പഫ്രൊദിത്തൊസ് (Epaphroditos)

“എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും (apostolo) എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ദൂതൻ ഗ്രീക്കിൽ അപ്പൊസ്തലനാണ്.

പേരിനർത്ഥം — മനോജ്ഞൻ

ഫിലിപ്പിയിൽനിന്നുള്ള ഒരു ക്രിസ്ത്യാനി. എപ്പഫ്രൊദിത്തൊസ് എന്ന പേരിൻ്റെ ചുരുങ്ങിയ രൂപമാണ് എപ്പഫ്രാസ്. എങ്കിലും കൊലൊസ്സ്യർ 1:7, 4:12, ഫിലേമോൻ 23 എന്നിവിടങ്ങളിൽ പറയുന്ന എപ്പഫ്രാസ് ആണ് ഇതെന്നു കരുതുവാൻ ഒരു തെളിവുമില്ല. “എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ഇവിടെ നിങ്ങളുടെ ‘ദൂതൻ’ എന്നതിന് ഗ്രീക്കിൽ ‘അപ്പൊസ്തലൻ’ (apostolos) എന്ന പദമാണ് കാണുന്നത്. പൗലൊസ് റോമിൽ ബദ്ധനായിരുന്ന കാലത്തു ഫിലിപ്പിയർ സഹായമെത്തിച്ചതു എപ്പഫ്രൊദിത്തൊസ് മുഖാന്തരമാണ്. (ഫിലി, 4:18). തടവിൽ വച്ച് പൗലൊസ് അപ്പൊസ്തലനെ ഇദ്ദേഹം ശുശ്രഷിച്ചു. (ഫിലി, 2:30). ഫിലിപ്പിയിൽനിന്നു റോമിലേക്കുള്ള യാത്രാക്ലേശം കൊണ്ടോ റോമിൽ വെച്ച് പൗലൊസിനെ ശുശ്രൂഷിക്കുക നിമിത്തമോ എപ്പഫാദിത്തൊസ് കഠിന രോഗിയായി. സൗഖ്യം ലഭിച്ചപ്പോൾ ഇദ്ദേഹത്തെ ഫിലിപ്പിയിലേക്കു തിരിച്ചയച്ചു. ഫിലിപ്പിയർക്കുള്ള ലേഖനം എപ്പഫ്രൊദിത്തൊസിന്റെ കയ്യിൽ കൊടുത്തയച്ചു. സഹോദരൻ, കൂട്ടുവേലക്കാരൻ, സഹഭടൻ, നിങ്ങളുടെ ദൂതൻ, പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലയിൽ ജാഗരിക്കുന്നവൻ എന്നീ വിശേഷണങ്ങളുപയോഗിച്ചാണ് എപ്പഫാദിത്താസിനെക്കുറിച്ച് പൗലൊസ് പറയുന്നത്. (ഫിലി, 2:25-30).

തിമൊഥെയൊസ്

തിമൊഥെയൊസ് (Timothy)

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

പേരിനർത്ഥം — ദൈവത്തെ മാനിക്കുന്നവൻ

തിമൊഥെയൊസിൻറെ അമ്മ യെഹൂദസ്തീയും അപ്പൻ യവനനും ആയിരുന്നു. (പ്രവൃ, 16:1-2). ലുസ്ത്രയിലായിരുന്നു ജനനം. തിമൊഥെയൊസിനെ നിർവ്യാജവിശ്വാസത്തിൽ വളർത്തിയത് അമ്മയായ യുനീക്കയും വലിയമ്മയായി ലോവീസും ആയിരുന്നു. (2തിമൊ, 1:5, 3:15). പരിച്ഛേദനത്തിനു വിധേയനാകാത്ത തിമൊഥെയൊസിനെ യെഹൂദ ബാലനായി കണക്കാക്കുവാൻ പ്രയാസമാണ്. എന്നാൽ യെഹൂദ്യമായ അന്തരീക്ഷത്തിലാണ് അവൻ വളർന്നുവന്നത്. പൗലൊസ് ലുസ്ത്രയിൽ ആദ്യം വന്നപ്പോൾ ഈ കുടുംബം വിശ്വാസത്തിൽ വന്നു എന്നുവേണം കരുതുവാൻ. രണ്ടാം പ്രാവശ്യം താൻ വരുമ്പോൾ തിമൊഥെയൊസ് പ്രസിദ്ധനായി കഴിഞ്ഞിരുന്നു. (പ്രവൃ, 16:1-2). ദൈവിക ശുശ്രൂഷയ്ക്കു തിമൊഥെയൊസ് പ്രാപ്തനാണെന്ന് മൂപ്പന്മാരും സഭയും ധരിച്ചിരുന്നു. (1തിമൊ, 1:18, 4:14). മിഷണറി പ്രവർത്തനത്തിനു സമർത്ഥനും നല്ല സാക്ഷ്യം ഉള്ളവനും ആകയാൽ അവനെ തന്നോടുകൂടെ പ്രവർത്തനത്തിനു കൊണ്ടുപോകുവാൻ പൌലൊസ് ആഗ്രഹിച്ചു. (പ്രവൃ, 16:3). പിതാവു യവനനാകയാൽ തിമൊഥെയൊസ് അന്നുവരെ പരിച്ഛേദനം ഏറ്റിട്ടില്ലായിരുന്നു. യെഹൂദന്മാരെ ഓർത്തു പൗലൊസ് തിമൊഥെയൊസിനെ പരിച്ഛേദനം കഴിച്ചു. (പ്രവൃ, 16:3). തുടർന്നു തിമൊഥയൊസിന്റെ മേൽ കൈവച്ച് അവനെ ശുശ്രൂഷയ്ക്കു വേർതിരിച്ചു. (1തിമൊ, 4:14, 2തിമൊ, 1:6). അനന്തരം തിമൊഥെയൊസ് പൗലൊസിന്റെ സന്തത സഹചാരിയായിരുന്നു. അവരും സില്വാനൊസും ലൂക്കൊസും ഫിലിപ്പിയിലേക്കു യാത്രചെയ്തു. (പ്രവൃ, 16:12). മകൻ അപ്പനു ചെയ്യുന്നതുപോലെ സുവിശേഷഘോഷണത്തിൽ തിമൊഥെയൊസ് സേവ ചെയ്തത് ഫിലിപ്പിയർ അറിഞ്ഞു. (ഫിലി, 2:22). ഫിലിപ്പ്യസഭയെ സഹായിക്കുവാൻ വേണ്ടി തിമൊഥെയൊസിനെയും ശീലാസിനെയും അവിടെ വിട്ടു. (പ്രവൃ, 17:14). തുടർന്ന് അഥേനയിൽ അവർ ഒന്നിച്ചു ചേരുകയും അവിടെനിന്ന് തിമൊഥെയൊസ് തെസ്സലൊനീക്യയ്ക്ക് പോവുകയും ചെയ്തു. (1തെസ്സ, 3:2). തെസ്സലൊനീക്യയിൽ നിന്നും തിമൊഥെയൊസ് കൊരിന്തിലേക്കു ചെന്നു പൌലൊസിനോടു ചേർന്നു.

കൊരിന്തിൽ നിന്നും തെസ്സലൊനീക്യർക്കെഴുതിയ രണ്ടു ലേഖനങ്ങളിലും തിമൊഥെയാസിന്റെ പേർ ചേർത്തുകാണുന്നു. (1തെസ്സ, 1:1, 2തെസ്സ, 1:1). തുടർന്നുള്ള അഞ്ചുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു രേഖയുമില്ല. മക്കദോന്യ, അഖായ, യെരൂശലേം, റോം, എന്നീസ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ദീർഘയാത്രയ്ക്ക് ഒരുങ്ങിയ പൗലൊസ് തിമൊഥെയൊസിനെ മുമ്പുകൂട്ടി മക്കദോന്യയ്ക്കയച്ചു. (പ്രവൃ,19:22). മുമ്പു ക്രമീകരിച്ചതിനുസരിച്ച് തിമൊഥെയൊസ് പൗലൊസിനെ കണ്ടു. (1കൊരി, 16:10). കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതുമ്പോൾ തിമൊഥെയൊസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. (2കൊരി, 1:1). റോമാലേഖനത്തിൽ (16:21) റോമിലെ പരിചിതർക്കു തിമൊഥെയൊസ് വന്ദനം ചൊല്ലുന്നു. അതിനാൽ അപ്പോൾ പൗലൊസിനോടൊപ്പം തിമൊഥെയൊസ് ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. കൊരിന്തിൽ നിന്നാണ് റോമർക്കു ലേഖനം എഴുതിയത്. ഫിലിപ്പിയർ, കൊലൊസ്യർ, ഫിലേമോൻ എന്നീ ലേഖനങ്ങൾ എഴുതുമ്പോൾ അദ്ദേഹം പൗലൊസിനോടു കൂടെയുണ്ടു. (ഫിലി, 1:1, 2:19, കൊലൊ, 1:1, ഫിലേ, 1:1). രണ്ടാം പ്രാവശ്യം തടവിലായിരുന്നപ്പോൾ തിമൊഥെയൊസിനെ കാണുവാൻ പൗലൊസ് ആഗ്രഹിച്ചു, (2തിമൊ, 4:9, 21). തിമൊഥെയൊസ് തടവിൽ നിന്നും ഇറങ്ങി എന്നു എഴുതിയിരിക്കുന്നതിനാൽ അദ്ദേഹം തടവിൽ പൌലൊസിനെ ശുശ്രൂഷിച്ചു എന്നു അനുമാനിക്കുന്നു. (എബ്രാ, 13:23). വളരെ വിപുലമായ ശുശ്രൂഷയായിരുന്നു തിമൊഥെയൊസിന്. ആജ്ഞാപിക്കുക, ഉപദേശിക്കുക (1തിമൊ, 4:12), പ്രബോധിപ്പിക്കുക (5:1), മൂപ്പനെതിരെ അന്യായം എടുക്കുക, എല്ലാവരും കേൾക്കെ ശാസിക്കുക (5:19,20), ധനസംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കുക (5:3-10), അധ്യക്ഷന്മാരെ ആക്കിവെക്കുക (3:1-13) എന്നിവ അതിൽപ്പെടുന്നു. തന്റെ അന്ത്യവാക്കുകളിൽ തിമൊഥെയൊസിനെ വീണ്ടും കാണാനുള്ള ആഗ്രഹം പൗലൊസ് പ്രകടിപ്പിച്ചുകാണുന്നു. (2തിമൊ, 4:9,21). പൗലൊസിൻ്റെ ഈ ആഗ്രഹം നിവർത്തിക്കുവാൻ തിമൊഥെയൊസിനു കഴിഞ്ഞുവോ എന്നറിയില്ല. തിമൊഥെയൊസിനെയും പൗലൊസ് അപ്പൊസ്തലൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (1തെസ്സ, 1:1, 2:6). പാരമ്പര്യമനുസരിച്ച് എഫെസൊസിലെ ബിഷപ്പായി തുടർന്ന തിമൊഥെയൊസ് ഡൊമീഷ്യൻ്റെയോ നെർവയുടെയോ കാലത്ത് രക്തസാക്ഷിയായി.

ശീലാസ്

ശീലാസ്, സില്വാനൊസ് (Silas, Silvanus)

“പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1). “ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;” (1തെസ്സ, 2:6).

പേരിനർത്ഥം — വൃക്ഷനിബിഡമായ

യെരുശലേം സഭയിലെ ഒരു പ്രമുഖാംഗവും പൗലൊസിൻ്റെ കൂട്ടുവേലക്കാരനും. (പ്രവൃ, 15:22). റോമാപൗരൻ ആയിരുന്നുവോ എന്നു സംശയമുണ്ട്. (പ്രവൃ, 16:37). പൗലൊസിന്റെ ലേഖനങ്ങളിൽ പരാമൃഷ്ടനാകുന്ന സില്വാനൊസ് ശീലാസ് തന്നെയാണ്. ശീലാസ് എന്ന പേരിന്റെ ലത്തീൻ രൂപമാണ് സില്വാനൊസ്. യെരുശലേം സമ്മേളനത്തിന്റെ തീരുമാനം അന്ത്യാക്ക്യസഭയെ അറിയിക്കുവാൻ പൗലൊസിനോടും ബർന്നബാസിനോടും കൂടെ പോകാൻ നിയോഗിക്കപ്പെട്ട രണ്ടു പേരിൽ ഒരാളായിരുന്നു ശീലാസ്. (പ്രവൃ, 15:22,32). പ്രവാചകന്മാർ കൂടിയായിരുന്ന യുദയും ശീലാസും അവർക്കുള്ള ലേഖനം കൊടുക്കുകയും, സഭയെ പ്രബോധിപ്പിക്കുകയും ചെയ്തശേഷം യെരുശലേമിലേക്കു മടങ്ങി. ശീലാസ് വീണ്ടും അന്ത്യാക്ക്യയിലേക്കു വന്നു. രണ്ടാം മിഷണറിയാത്രയിൽ പൗലൊസ് ശീലാസിനെ കൂട്ടാളിയാക്കി. (പ്രവൃ, 15:40). ഈ യാത്രയിലാണ് പൗലൊസിനു മക്കെദോന്യയ്ക്കുള്ള ദർശനം ഉണ്ടായത്. പ്രവൃ, 16:9). അവർ ഫിലിപ്പിയിൽ സുവിശേഷം അറിയിക്കുകയും ലുദിയ കർത്താവിനെ സ്വീകരിക്കുകയും ചെയ്തു. എന്നാൽ യജമാനന്മാർക്ക് ലാഭം ഉണ്ടാക്കിയിരുന്ന വെളിച്ചപ്പാടത്തിയായ സ്ത്രീയുടെ ഭൂതത്തെ ശാസിച്ചു, അവൾക്കു സൗഖ്യം വരുത്തുകയാൽ അവർ പൗലൊസിനെയും ശീലാസിനെയും അധിപതികളുടെ മുമ്പിൽ കൊണ്ടുവന്നു. അവർ രണ്ടുപേരെയും അടിപ്പിച്ചു കാരാഗൃഹത്തിലാക്കി. അന്നു രാത്രി വലിയ ഭൂകമ്പം ഉണ്ടാകുകയും കാരാഗൃഹം തുറക്കുകയും ചെയ്തു. തുടർന്നു കാരാഗൃഹപ്രമാണിയും കുടുംബവും ക്രിസ്തുവിനെ സ്വീകരിച്ചു. അധിപതികൾ അവരെ വിട്ടയച്ചു. (പ്രവൃ, 16:1-40). അവിടെ നിന്നും അവർ തെസ്സലൊനീക്കയിൽ എത്തി. (പ്രവൃ, 17:1). മൂന്നു ശബ്ബത്തിൽ അവരോടു പ്രസംഗിച്ചു. പൗലൊസും ശീലാസും ബെരോവയിലേക്കു പോയി. (പ്രവൃ, 17:10). അവിടെയുള്ളവർ ദൈവവചനം കൈക്കൊണ്ടു. ശീലാസും തിമൊഥയൊസും അവിടെ താമസിക്കുകയും പൗലൊസ് അഥേനയ്ക്കു പോകുകയും ചെയ്തു. (പ്രവൃ, 17:14,15). ശീലാസും തിമൊഥയൊസും പിന്നീടു കൊരിന്തിൽ വച്ചു പൗലൊസിനോടു ചേർന്നു. (പ്രവൃ, 18:5). കൊരിന്തിൽ നിന്നും തെസ്സലൊനീക്യലേഖനം പൗലൊസ് എഴുതുമ്പോൾ സില്വാനൊസും കൂടി എഴുതുന്നതായി പറഞ്ഞിരിക്കുന്നു. (1തെസ്സ1:1, 2തെസ്സ, 1:1). ശീലാസ് പിന്നീട് പൗലൊസിനോടൊപ്പം യെരൂശലേമിലേക്കു മടങ്ങിവന്നിരിക്കണം. ശീല്വാനൊസ് ക്രിസ്തുവിൻ്റെ അപ്പൊസ്തലനാണെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (1തെസ്സ, 1:1, 2:6). 1പത്രൊസ് 5:12-ൽ ‘വിശ്വസ്തസഹോദരൻ’ എന്ന് പത്രൊസ് വിശേഷിപ്പിച്ചിരിക്കുന്ന സില്വാനൊസും ഇദ്ധേഹം തന്നെയാണ്. ശീലാസ് കൊരിന്തുസഭയുടെ ബിഷപ്പായിത്തീർന്നു എന്നാണു് പാരമ്പര്യം.