Category Archives: Uncategorized

അന്ധനായിരുന്നവന്റെ അചഞ്ചലസാക്ഷ്യം

അന്ധനായിരുന്നവന്റെ അചഞ്ചലസാക്ഷ്യം

വഴിവക്കിലിരുന്നു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന, ജന്മനാ അന്ധനായിരുന്ന മനുഷ്യൻ യേശുവിനോടു സൗഖ്യം ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ യേശു അവന്റെ അടുക്കൽ എത്തിയപ്പോൾ നിലത്തു തുപ്പി, തുപ്പൽകൊണ്ട് ചെളിയുണ്ടാക്കി അവന്റെ കണ്ണുകളിന്മേൽ പുരട്ടിയിട്ട് ശിലോഹാംകുളത്തിൽ പോയി കഴുകുവാൻ അവനോടു കല്പിച്ചു. ഒരു അന്ധന്റെ വിശ്വാസത്തിന്റെ മാറ്റുരച്ചുനോക്കുന്ന കല്പനയായിരുന്നു അത്. എന്തെന്നാൽ, അന്ധനായ ഒരു മനുഷ്യന് ഏഴു കിലോമീറ്ററോളം ദൂരെയുള്ള ശിലോഹാംകുളക്കരയിലെത്തി പാറയിൽ വെട്ടിയുണ്ടാക്കിയ 20 പടികൾ ഇറങ്ങി കണ്ണുകൾ കഴുകുക എന്നത് ദുഷ്കരമായ കാര്യമായിരുന്നു. അന്നു ശബ്ബത്തായിരുന്നതുകൊണ്ട് അവനെ അവിടേക്കു കൊണ്ടുപോകുവാൻ ആരും സന്നദ്ധരാകുമായിരുന്നില്ല. മാത്രമല്ല, അപ്രകാരം കഴുകിയാൽ അവനു കാഴ്ച ലഭിക്കുമെന്നും യേശു പറഞ്ഞില്ല. എന്നാൽ അവൻ വിശ്വസിച്ചു; പോയി കഴുകി; കാഴ്ച പ്രാപിച്ചു. അതോടെ അവന്റെ പ്രശ്നങ്ങളും ആരംഭിച്ചു. അവന്റെ അയൽക്കാരും അവൻ ഭിക്ഷ യാചിച്ചിരുന്നതു കണ്ടവരും അവന് എങ്ങനെ സൗഖ്യം ലഭിച്ചുവെന്നു ചോദിച്ചപ്പോൾ, യേശു അവനെ സൗഖ്യമാക്കിയ വിധം അവൻ അവരെ അറിയിച്ചു. അവർ അവനെ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുപോയി. അവരുടെ ചോദ്യത്തിനു അവൻ: “അവൻ എന്റെ കണ്ണുകളിന്മേൽ ചെളി പുരട്ടി; ഞാൻ കഴുകി, കാഴ്ച പ്രാപിച്ചിരിക്കുന്നു” (യോഹ, 9:15) എന്നു മറുപടി നൽകി. അവന്റെ മറുപടിയിൽ തൃപ്തരാകാതെ, “നിന്റെ കണ്ണുകൾ തുറന്നതുകൊണ്ട് നീ അവനെക്കുറിച്ച് എന്തു പറയുന്നു?” എന്നു ചോദിച്ചതിന്: “അവൻ ഒരു പ്രവാചകനാകുന്നു” (യോഹ, 9:17) എന്ന് അവൻ മറുപടി നൽകി. അവർ കുരുടനായിരുന്നവന്റെ മാതാപിതാക്കളെയും വിളിച്ചു ചോദ്യം ചെയ്തു. പരീശന്മാർ തങ്ങളെ പള്ളിഭ്രഷ്ടരാക്കുമെന്നു ഭയന്ന്, അവൻ തങ്ങളുടെ മകൻ തന്നെയാണെങ്കിലും അവനു കാഴ്ച്ച ലഭിച്ചത് എങ്ങനെ എന്നോ, അത് ആരു നൽകി എന്നോ അറിയുന്നില്ല എന്ന മറുപടിയാണ് ആ മാതാപിതാക്കൾ നൽകിയത്. പരീശന്മാർ കുരുടനായിരുന്ന മനുഷ്യനെ രണ്ടാമതും വിളിച്ച് യേശു പാപിയാകുന്നുവെന്നു പറഞ്ഞപ്പോൾ അവനു പറയുവാനുണ്ടായിരുന്ന – മറുപടി: “അവൻ പാപിയാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ; ഒന്ന് ഞാൻ അറിയുന്നു; ഞാൻ കുരുടനായിരുന്നു; ഇപ്പോൾ കാഴ്ച പ്രാപിച്ചിരിക്കുന്നു” (യോഹ, 9:25) എന്നായിരുന്നു. അപ്പോൾ അവർ അവനെ ശകാരിച്ചു ഭയപ്പെടുത്തുവാൻ ശ്രമിച്ചുവെങ്കിലും, യേശു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്ന് അവൻ ആവർത്തിച്ചു പ്രഖ്യാപിച്ചു. യേശുവിനെക്കുറിച്ചുള്ള അവന്റെ സാക്ഷ്യത്തെ തകർക്കുവാൻ കഴിയാതെ വന്നപ്പോൾ പരീശന്മാർ അവനെ പുറത്താക്കി. യേശുവിനെ അവന്റെ സ്വന്തം കണ്ണാൽ കാണുവാൻ അത് അവനു മുഖാന്തരമൊരുക്കി. (യോഹ, 9:35-38). എന്തെന്നാൽ, അവൻ യേശുവിനെ അതുവരെയും കണ്ടിട്ടില്ലായിരുന്നു. ഭീഷണികളെയും സമ്മർദ്ദങ്ങളെയും ഭയപ്പെടാതെ, അന്ധനായിരുന്ന ആ മനുഷ്യനെപ്പോലെ നാം യേശുവിന്റെ സാക്ഷികളാകുമ്പോഴാണ് നമുക്ക് യേശുവിനെ സമ്പൂർണ്ണമായി കണ്ടെത്തുവാൻ കഴിയുന്നത്.

കുറ്റമില്ലെന്ന വിധി സമ്പാദിച്ചിട്ട് ശിക്ഷിക്കപ്പെട്ടവൻ

കുറ്റമില്ലെന്ന വിധി സമ്പാദിച്ചിട്ട് ശിക്ഷിക്കപ്പെട്ടവൻ

“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നുള്ളത് ലോകത്തിലെ നീതിന്യായപീഠങ്ങളുടെ ആപ്തവാക്യമാണ്. നീതിന്യായപീഠത്തിന്റെ പരമോന്നതമായ ഈ തത്ത്വസംഹിത തകർത്തുകൊണ്ടാണ് യേശുവിനെ ക്രൂശിൽ തറച്ചു കൊല്ലുവാൻ പീലാത്തോസ് വിധി കല്പിച്ചത്. യെഹൂദാസഭയുടെ പരമാദ്ധ്യക്ഷനായ കയ്യഫാവിന്റെ നേതൃത്വത്തിലുള്ള ന്യായാധിപസംഘം അഥവാ സന്നിദ്രിസംഘമാണ് യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ വിചാരണയ്ക്കായി കൊണ്ടുവന്നത്, ഒരുവനു മരണശിക്ഷ വിധിക്കുവാനുള്ള അധികാരം റോമൻ ഭരണകൂടം അവർക്ക് നൽകിയിരുന്നില്ല. (യോഹ, 18:31). യേശുവിന്റെമേൽ ആരോപിച്ച കുറ്റങ്ങളെല്ലാം കേട്ടശേഷം “ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല” (ലൂക്കൊ, 23:4) എന്നു പീലാത്തോസ് പ്രഖ്യാപിച്ചു. യേശുവിനെ ക്രൂശിക്കണമെന്നുള്ള മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും സമ്മർദ്ദം വർദ്ധിച്ചപ്പോൾ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയച്ചു. പക്ഷേ, അവർ ചുമത്തിയ കുറ്റമൊന്നും ഹെരോദാവും അവനിൽ കണ്ടില്ല. (ലൂക്കൊ, 23:15). അവൻ യേശുവിനെ പീലാത്തോസിന്റെ അടുക്കലേക്കുതന്നെ തിരിച്ചയച്ചു. പീലാത്തോസ് രണ്ടാമതും “നിങ്ങൾ ചുമത്തിയ കുറ്റമൊന്നും ഇവനിൽ കണ്ടില്ല” (ലൂക്കൊ, 23:14) എന്നു പറയുക മാത്രമല്ല, “ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല” (ലൂക്കൊ, 23:15) എന്നു പ്രഖ്യാപിക്കുകകൂടി ചെയ്തു. “ക്രൂശിക്കുക, ക്രൂശിക്കുക” എന്നുള്ള അവരുടെ ആരവം വർദ്ധിച്ചപ്പോൾ പീലാത്തോസ് മൂന്നാമതും അവരോട്: “മരണയോഗ്യമായത് ഒന്നും ഞാൻ അവനിൽ കണ്ടില്ല” (ലൂക്കൊ, 23:22) എന്നു പറഞ്ഞു. പക്ഷേ ജനത്തിന്റെ ആരവം അത്യധികമായപ്പോൾ പീലാത്തോസ് വെള്ളം എടുത്തു കൈ കഴുകി: “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല” (മത്താ, 27:24) എന്നു പറഞ്ഞുകൊണ്ട് യേശുവിനെ ക്രൂശിക്കുവാൻ ഏല്പിച്ചു. പീലാത്തോസിന് നാടുവാഴിയായി തുടരുവാൻ കഴിയണമെങ്കിൽ യെഹൂദാ സന്നിദ്രിസംഘത്തിന്റെ പിന്തുണ ആവശ്യമായിരുന്നു. നിരപരാധിയായ യേശുവിനെ വിട്ടയച്ചാൽ, മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്ത തനിക്കെതിരെ ഇളക്കിവിടുമെന്ന് പീലാത്തോസ് ഭയപ്പെട്ടു. എന്തെന്നാൽ ക്രമസമാധാനനില തകർന്നാൽ റോമൻ ഭരണകൂടം അവനെ സ്ഥാനഭ്രഷ്ടനാക്കുമെന്ന് പീലാത്തോസിന് അറിയാമായിരുന്നു. അതുകൊണ്ടാണ് “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്” (മത്താ, 27’19) എന്നുള്ള അവന്റെ ഭാര്യയുടെ അപേക്ഷപോലും നിരാകരിച്ച്, അവൻ യേശുവിനെ ക്രൂശിക്കുവാൻ വിധിച്ചത്. മൂന്നു പ്രാവശ്യം “ഇവനിൽ ഒരു കുറ്റവും കാണുന്നില്ല” എന്ന് സ്വന്തം നാവുകൊണ്ടു പറഞ്ഞശേഷം, സ്വന്തം സ്ഥാനമാനങ്ങളും പദവികളും നിലനിർത്തുവാനായി യേശുവിനെ ക്രൂശിക്കുവാൻ വിധിയെഴുതിയ കരങ്ങളുടെ കുറ്റം വെള്ളം കൊണ്ടു കഴുകിയാൽ പോകുമെന്ന് കരുതിയ പീലാത്തോസ് മാനവ നീതിന്യായ പീഠത്തിനുമുമ്പിൽ കരിനിഴലായി അവശേഷിക്കുന്നു. യേശുവിൻ്റെ വിളികേട്ടിറങ്ങിത്തിരിച്ച് അവനുവേണ്ടി പ്രവർത്തിക്കുന്നവർക്ക് അന്നുമുതൽ ഇന്നുവരെയും ലഭിക്കുന്ന വിധിന്യായങ്ങൾ ഇപ്രകാരമാണെങ്കിലും, പീലാത്തോസിന്റെ ശിക്ഷാവിധിയിൽ അവസാനിക്കാതെ ഉയിർത്തെഴുന്നേറ്റ കർത്താവ് തന്നെ അനുഗമിക്കുന്നവർക്ക് കൂട്ടാളിയും സംരക്ഷകനുമായി ഇന്നും വഴിനടത്തുന്നു.

രക്തംകൊണ്ടെഴുതിയ പുതിയനിയമം

രക്തംകൊണ്ടെഴുതിയ പുതിയനിയമം

ഭൂമുഖത്തുള്ള എല്ലാ ക്രൈസ്തവ സഭകളും തങ്ങളുടെ ആരാധനകളിൽ കർത്താവായ യേശുക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ സ്മാരകമായ അപ്പവീഞ്ഞുകൾ ഭക്ഷിച്ചു പാനം ചെയ്യുന്നവരാണ്. കുർബ്ബാന, തിരുവത്താഴം, അപ്പം നുറുക്കൽ തുടങ്ങിയ പേരുകളിൽ ഇത് അറിയപ്പെടുന്നു. ഇതിനെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളിലും വ്യാഖ്യാനങ്ങളിലും വ്യത്യസ്തത കണ്ടേക്കാമെങ്കിലും ലോകത്തിലെ ഒരു മതസ്ഥാപകനും പറയാത്ത, ചെയ്യാത്ത ഇനിയൊരിക്കലും ചെയ്യുവാൻ കഴിയാത്ത അനുപമമായ സ്നേഹത്തിന്റെ പ്രതീകമായ അതിമഹത്തായ ത്യാഗമാണ് കർത്താവായ യേശുക്രിസ്തു തന്റെ ജീവാർപ്പണത്തിലൂടെ ചെയ്തത്. പഴയനിയമത്തിൽ, ബലി അർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തത്താലാണ് ദൈവത്താൽ വേർതിരിക്കപ്പെട്ട യെഹൂദാജനം പാപമോചനം നേടിയതെങ്കിൽ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ, ദൈവത്തിന്റെ ഓമനപ്പുത്രനായ യേശുക്രിസ്തു മുഴുവൻ മനുഷ്യവർഗ്ഗത്തിൻ്റെയും പാപവിമോചനത്തിനായി സ്വന്തം രക്തം ചിന്തി പുതിയ നിയമം സ്ഥാപിച്ചു. “ഇത് നിങ്ങൾക്കുവേണ്ടി നൽകുന്ന എന്റെ ശരീരം” എന്ന് കല്പ്പിച്ച കർത്താവ്, “തന്റെ ഓർമ്മയ്ക്കായി” ഇതു ചെയ്യണമെന്ന് ശിഷ്യന്മാരോടു കല്പിച്ചു. കർത്താവ് സ്ഥാപിച്ച ഈ പുതിയനിയമം തന്റെ ഓർമ്മയ്ക്കായി തന്റെ അനുഗാമികൾ കൊണ്ടാടിവരുന്നു. എന്നാൽ ഈ പുതിയനിയമത്തിന്റെ അന്തസ്സത്തയായ സ്നേഹവും സഹനവും ത്യാഗവം പ്രാവർത്തികമാക്കാതെ ആഡംബരനിബിഡമായി “ഓർമ്മയ്ക്കായി ചെയ്യുന്ന” ക്രിയകൾക്കൊന്നിനും കർത്താവിന്റെ അനുഗ്രഹങ്ങൾ തേടുവാനാ നേടുവാനോ കഴിയുകയില്ലെന്ന് ആഘോഷിക്കുന്നവരോ അനുഭവിക്കുന്നവരോ ചിന്തിക്കാറില്ല. എന്നാൽ, മണിക്കുറുകൾക്കകം തന്നെ തള്ളിപ്പറയാവാൻ പോകുന്ന പത്രൊസിനും, തന്നെ വിട്ട് ഓടിപ്പോകുവാൻ പോകുന്ന മറ്റു ശിഷ്യന്മാർക്കും തന്റെ ശരീരരക്തങ്ങളുടെ സ്മാരകമായ അപ്പവും വീഞ്ഞും കർത്താവ് നൽകിയത്, അവർ അപ്രകാരമെല്ലാം ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു. ഇപ്രകാരം ശത്രുമിത്ര ഭേദമില്ലാത്തതും, ആത്മാർത്ഥവും നിസ്വാർത്ഥവും, എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതുമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരമോന്നത പ്രതിഫലനമാണ് തന്റെ സ്വന്തം രക്തംകൊണ്ടഴുതിയ പുതിയനിയമത്തിലൂടെ കർത്താവ് ലോകത്തിനു വെളിപ്പെടുത്തിയത്. ഈ പരിപാവനവും പരിശുദ്ധവുമായ പുതിയനിയമ ബലിയുടെ ഓർമ്മ പുതുക്കുമ്പോഴെല്ലാം യേശുവിൻ്റെ സ്നേഹവും സഹനവും ക്ഷമയും ത്യാഗവും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ കഴിയുന്നില്ലെങ്കിൽ, ഈ ഓർമ്മ പുതുക്കൽ കൊണ്ട് യാതൊരു അനുഗ്രഹവും കർത്താവിൽനിന്നു പ്രാപിക്കുവാൻ നമുക്കു കഴിയുകയില്ല.

കാലമേറെയായാലും കാത്തിരിക്കുന്ന സ്നേഹം

കാലമേറെയായാലും കാത്തിരിക്കുന്ന സ്നേഹം

പാപിയായ മനുഷ്യന്റെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുന്ന സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹത്തിന്റെ അഗാധതയാണ് മുടിയനായ പുത്രന്റെ ഉപമയിലൂടെ കർത്താവ് വരച്ചുകാട്ടുന്നത്. തന്റെ ഇളയമകൻ തന്റെ വസ്തുവിൽ അവനു ലഭിക്കേണ്ട പങ്ക് ആവശ്യപ്പെടുമ്പോൾ യാതൊരു വിസമ്മതവും പറയാതെ, അവന് അതു നൽകുന്നതോടെ ആ പിതാവിന്റെ സ്നേഹത്തിന്റെ ആഴമായ പ്രദർശനം ആരംഭിക്കുന്നു. തന്നെക്കുറിച്ച് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുവാൻ കൂട്ടാക്കാതെ താൻ നൽകിയ സ്വത്തെല്ലാം സ്വരുപിച്ച് ദൂരദേശത്തേക്കു യാത്രതിരിച്ച ആ മകനെക്കുറിച്ച് ആ പിതാവ് യാതൊരു പരാതിയും പറഞ്ഞില്ല. എന്നാൽ മകൻ ദുർന്നടപ്പുകാരനായി തന്റെ പിതാവിൽനിന്നു ലഭിച്ച ധനമെല്ലാം ധൂർത്തടിച്ചുകളഞ്ഞു. ആ ദേശത്തു കഠിനമായ ക്ഷാമം ഉണ്ടായപ്പോൾ മറ്റു മാർഗ്ഗമൊന്നുമില്ലാതെ, അവൻ പന്നിയെ മേയ്ക്കുന്ന ജോലി ഏറ്റെടുത്തുവെങ്കിലും പന്നികൾക്കു കൊടുക്കുന്ന തീറ്റപോലും ആരും അവനു കൊടുത്തില്ല. അപ്പോൾ അവനു സുബോധം വന്നു. തന്റെ പിതാവിന്റെ ജോലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു. തനിക്കാകട്ടെ, പന്നിയുടെ തീറ്റപോലും ലഭിക്കുന്നില്ല. അതുകൊണ്ട് അവൻ തന്റെ പിതാവിന്റെ അടുത്തേക്കു മടങ്ങിച്ചെന്ന് അവനോട്: “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ ഇനി ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുവനെപ്പോലെ എന്നെ ആക്കണമേ എന്നു പറയും” (ലൂക്കൊ, 15:18,19) എന്നു തീരുമാനിച്ചു. പട്ടിണികിടന്ന് അവശനായ അവൻ ദൂരദേശത്തായിരുന്നതിനാൽ തന്റെ പിതാവിന്റെ അടുത്ത് തിരികെയെത്തുമെന്നു യാതൊരു ഉറപ്പുമില്ലായിരുന്നു. കഠിനമായ ക്ഷാമത്താൽ വലയുന്ന ആ ദേശത്ത് ദരിദ്രനായ അവനു യാത്രചെയ്യുവാൻ മൃഗങ്ങളെളോ മറ്റു സൗകര്യങ്ങളോ ഒന്നും ഇല്ലായിരുന്നു. തന്റെ മുമ്പിലുള്ള ഭയാനകമായ ഭവിഷ്യത്തുകൾ ഭയപ്പെടാതെ അവൻ തന്റെ പിതാവിന്റെ അടുത്തേക്കു യാത്രതിരിച്ചു. തളർന്ന് അവശനായി, പ്രാകൃതനായി വരുന്ന തന്റെ മകനെ ദൂരത്തുനിന്ന് അവന്റെ പിതാവ് കണ്ടു. കാരണം, തന്റെ മകൻ പോയ നിമിഷംമുതൽ അവൻ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയോടെ സ്നേഹധനനായ ആ പിതാവ് ദൂരത്തേക്കു കണ്ണുംനട്ടിരിക്കുകയായിരുന്നു. അവൻ മനസ്സലിഞ്ഞ് ഓടിച്ചെന്ന് തന്റെ മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകൻ അപ്പനോട്: “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു, നിന്റെ മകനെന്നു വിളിക്കപ്പെടുവാൻ ഇനി ഞാൻ യോഗ്യനല്ല” എന്നു പറഞ്ഞു. പക്ഷേ ആ പിതാവ് അപ്പോഴും അവനെ പഴിക്കുകയോ അവനോടു കോപിക്കുകയോ ചെയ്യാതെ, മടങ്ങിവന്ന തന്റെ മകനു മേൽത്തരമായ അങ്കിയും അവന്റെ വിരലിനു മോതിരവും കാലിനു ചെരുപ്പും നൽകുവാൻ തന്റെ ദാസന്മാരോടു കല്പിച്ചു. മാത്രമല്ല, “എന്റെ ഈ മകൻ മരിച്ചവനായിരുന്നു, വീണ്ടും ജീവിച്ചു; കാണാതെപോയിരുന്നു, കണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കൊ, 15:24) എന്നു പറഞ്ഞ് ആനന്ദിച്ചു തുടങ്ങി. സ്നേഹവാനായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിച്ചശേഷം തന്നെ മറന്ന് പാപത്തിന്റെ പെരുവഴിയിലൂടെ ഓടുന്ന തന്റെ മക്കളുടെ തിരിച്ചു വരവിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന കരുണാസമ്പന്നനായ ദൈവത്തിന്റെ അവർണനീയമായ സ്നേഹം നമുക്കായി ജീവനർപ്പിച്ച യേശുവിലൂടെ നാം അനുഭവിച്ചറിയണം. (വേദഭാഗം: ലൂക്കൊസ് 15:11-33).

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, മനുഷ്യൻ, പിശാച്

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, മനുഷ്യൻ, പിശാച്

“നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കുക” (ഉല്പ, 1:26) എന്ന പ്രഖ്യാപനത്തോടെ സർവ്വശക്തനായ ദൈവം മനുഷ്യനെ സൃഷ്ടിച്ച്, അവൻ അനുഷ്ഠിക്കേണ്ട ചുമതലകളും അനുസരിക്കേണ്ട നിയമങ്ങളും നൽകി അവനെ ഏദൻതോട്ടത്തിലാക്കി. പക്ഷേ ദൈവം സൃഷ്ടിച്ച മനുഷ്യനെ പിശാച് പാപത്തിൽ വീഴ്ത്തിയപ്പോൾ ദൈവം മനുഷ്യനെ ഏദൻതോട്ടത്തിൽനിന്നു പുറത്താക്കി. തുടർന്ന് ഭൂമിയിൽ പെരുകിയ മനുഷ്യവർഗ്ഗത്തെ പിശാച് പാപത്തിലാഴ്ത്തിയപ്പോൾ നോഹയുടെ കുടുംബമൊഴികെ, ഭൂതലത്തിലുള്ള സർവ്വമനുഷ്യരെയും ദൈവം ജലപ്രളയത്താൽ നശിപ്പിച്ചു. നോഹയുടെ സന്തതിപരമ്പരകളെ ദൈവം വർദ്ധിപ്പിച്ചു. പിശാച് അവരെയും പാപത്തിലേക്കു വശീകരിച്ചു. ദൈവം തന്റെ ജനത്തെ ദീർഘകാലത്തെ അടിമത്തംകൊണ്ടും പീഡനംകൊണ്ടുമെല്ലാം ശിക്ഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ, ദൈവംതന്നെ മനുഷ്യനായി ഈ ലോകത്തിലേക്കു വന്നു. അവൻ ജനിച്ചപ്പോൾത്തന്നെ അവനെ കൊല്ലുവാനുള്ള ശ്രമത്തിൽ ആയിരക്കണക്കിന് ആൺകുഞ്ഞുങ്ങൾ നിർദ്ദയമായി കൊല്ലപ്പെട്ടു. തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനുമുമ്പ് “നീ എന്റെ പ്രിയപുത്രൻ” എന്ന് പിതാവാം ദൈവം പ്രഖ്യാപിച്ചു. “പരിശുദ്ധാത്മാവ് ശരീരരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” (ലൂക്കൊ, 3:22). പിശാചിനാൽ പരിക്ഷിക്കപ്പെടുവാൻ യേശുവിനെ പരിശുദ്ധാത്മാവ് മരുഭൂമിയിലേക്കു നടത്തി. പിശാച് യേശുവിനെ 40 ദിനരാത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരുന്നു. ആ പരീക്ഷകൾ യേശു നേരിട്ടത് ഉപവാസത്താലായിരുന്നു. (ലൂക്കൊ, 4:1,2). 40 ദിന ഉപവാസം പൂർത്തിയാക്കിയപ്പോൾ, ആദാമിനെ വീഴ്ത്തിയ അതേ തന്ത്രങ്ങളുമായി തന്നെ പരീക്ഷിച്ച പിശാചിനെ യേശു തോല്പിച്ചു. പാപത്തിൽ വീണുകിടക്കുന്ന മനുഷ്യരാശിയെ രക്ഷിക്കുവാൻ പരസ്യശുശ്രൂഷ ആരംഭിച്ച യേശുവിനെ പിശാച് വീണ്ടും പരീക്ഷിച്ചുകൊണ്ടിരുന്നു; തന്റെ ക്രൂശു മരണത്തിന്റെ അവസാന നിമിഷംവരെയും; പക്ഷേ യേശു പിശാചിനെ തോല്പിച്ചു. നമുക്കു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. (1പത്രൊ, 2:21). അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുകയും ദൈവഭയത്തിലും ഭക്തിയിലും പരിശുദ്ധാത്മനിറവിൽ ജീവിക്കുകയും ചെയ്യുന്ന സകല മനുഷ്യരെയും പിശാച് അവരുടെ അന്ത്യനിമിഷംവരെയും പരീക്ഷിച്ചു തോല്പിക്കുവാൻ ശ്രമിക്കും. എന്നാൽ ഉപവാസത്താലും പ്രാർത്ഥനയാലും അല്ലാതെ ഈ ജാതി നിങ്ങിപ്പോകുകയില്ലെന്നു പ്രഖ്യാപിച്ച യേശുവിനെ അനുഗമിക്കുന്ന ദൈവജനത്തിന് പിശാചിന്റെ പരീക്ഷകളുടെമേൽ വിജയം വരിക്കുവാനും അവനെ തോല്പിക്കുവാനും കഴിയും.

യേശുവിനെ അനുഗമിക്കുന്നതിനുള്ള തടസ്സം

യേശുവിനെ അനുഗമിക്കുന്നതിനുള്ള തടസ്സം

യേശുവിന്റെ പരസ്യശുശ്രൂഷയിൽ അവനെ അനുഗമിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അടുത്തു ചെന്ന അനേകരിൽ ധനികനും പ്രമാണിയുമായ ഒരു യുവാവ് പ്രത്യേകം ശ്രദ്ധേയനായിത്തീർന്നു. യേശു യാത്രചെയ്യുമ്പോൾ വളരെയധികം ആവേശത്തോടുകൂടെ ഓടിവന്ന് യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവൻ യേശുവിനോടു ചോദിച്ചു (മർക്കൊ, 10:17). “വ്യഭിചാരം ചെയ്യരുത്, കൊലചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” തുടങ്ങിയ കല്പനകളെക്കുറിച്ച് കർത്താവ് അവനെ ഓർമ്മിപ്പിച്ചപ്പോൾ, അവയൊക്കെയും ചെറുപ്പം മുതൽ താൻ അനുഷ്ഠിച്ചുവരുന്നതായി അവൻ കർത്താവിനെ അറിയിച്ചു. ആ മറുപടി കേട്ടപ്പോൾ കർത്താവ് അവനെ വളരെ സ്നേഹിച്ചു. (മർക്കൊ, 10:21). എന്നാൽ തന്നെ അനുഗമിക്കുന്നതിനു തടസ്സമായി ആ ധനികനായ ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടായിരുന്ന ഒരു കുറവ് കർത്താവ് അവനെ ചൂണ്ടിക്കാണിച്ചു. അവനുള്ളതൊക്കെയും വിറ്റ് ദരിദ്രന്മാർക്കു വിഭജിച്ചു കൊടുത്തതിനുശേഷം തന്നെ അനുഗമിക്കുവാൻ യേശു അവനോട് ആവശ്യപ്പെട്ടു. (മർക്കൊ, 10:21). യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ ധനം പൂർണ്ണമായി ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുവാൻ അവനു മനസ്സില്ലായിരുന്നു. പത്തു കല്പനകളിൽ രണ്ടാം പാദത്തിലുള്ള അഞ്ചു കല്പനകൾ അനുസരിച്ച് ചെറുപ്പക്കാരന് യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹവും ആവേശവും ഉണ്ടായിരുന്നു. പക്ഷേ, തന്റെ ധനത്തെക്കാളുപരി യേശുവിനെ സ്നേഹിക്കുവാൻ കഴിയാതിരുന്നതുകൊണ്ട് യേശുവിനെ അനുഗമിക്കുവാൻ കഴിയാതെ അവൻ ദുഃഖിതനായി മടങ്ങിപ്പോയി. കാരണം അവന്റെ ധനമെല്ലാം ദരിദ്രർക്കായി വിഭജിച്ചു കൊടുത്താൽ അവനും ദരിദ്രനായിത്തീരുമെന്നും, അതോടെ ഒരു പ്രമാണിയായ അവന് സമൂഹത്തിലുള്ള സ്വാധീനവും സ്ഥാനമാനങ്ങളുമെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നുള്ള ആശങ്ക യേശുവിനെ അനുഗമിക്കുവാൻ അവനെ അനുവദിച്ചില്ല. ദൈവത്തിന്റെ കല്പനകൾ ഭാഗികമായി അനുസരിക്കുന്നുവെന്ന് അവകാശപ്പെടുന്നതിനെക്കാളും, തന്നെ അനുഗമിക്കുവാൻ ആവേശം കാണിക്കുന്നതിനെക്കാളുമുപരി, തന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്ന ഓരോരുത്തരും മറ്റെല്ലാത്തിനെക്കാളും അധികമായി തന്നെ സ്നേഹിക്കണമെന്ന് യേശുവിന് നിർബന്ധമുണ്ട്. എന്തെന്നാൽ അങ്ങനയുള്ളവരെ മാത്രമേ യേശുവിന് ഉപയോഗിക്കുവാൻ കഴിയു.

നിങ്ങളുടെ പക്കൽ എന്തുണ്ട്?

നിങ്ങളുടെ പക്കൽ എന്തുണ്ട്?

യേശുവിനുവേണ്ടി വൻകാര്യങ്ങൾ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അനേകസഹോദരങ്ങൾ, അതു പ്രാവർത്തികമാക്കുവാനുള്ള വിഭവശേഷി യേശു നൽകാതെ വരുമ്പോൾ നിരാശരായിത്തീരാറുണ്ട്. യേശു ഏല്പിക്കുന്ന ദൗത്യങ്ങൾ പൂർത്തീകരിക്കുവാൻ കഴിയാത്തത് അതിനുവേണ്ട മുഖാന്തരങ്ങൾ യേശു നൽകാത്തതുകൊണ്ടാണെന്നു പരാതിപ്പെടുന്നവരും വിരളമല്ല. യേശു ഏല്പിക്കുന്ന ദൗത്യങ്ങൾക്കും യേശുവിനുവേണ്ടി സ്വയം വിഭാവനം ചെയ്യുന്ന കാര്യങ്ങൾക്കും എങ്ങനെയാണ് യേശു മറുപടി നൽകുന്നതെന്ന് തന്റെ ഇഹലോകജീവിതത്തിലെ പ്രവർത്തനങ്ങൾ വിളിച്ചറിയിക്കുന്നു. ഗലീല കടൽക്കരയിലുള്ള വിജനപ്രദേശത്ത് അല്പം വിശ്രമിക്കുവാനായി തന്റെ ശിഷ്യന്മാരുമായി എത്തിയ കർത്താവിന്റെ ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു. നേരം വൈകിയപ്പോൾ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഏതാണ്ട് ഇരുപതിനായിരത്തിലധികമുള്ള ആ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുവാൻ തിടുക്കം കൂട്ടിയ ശിഷ്യന്മാരോട്: “നിങ്ങൾ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുവിൻ” (മർക്കൊ, 6:37) എന്ന് കർത്താവ് കല്പിച്ചു. മനുഷ്യവാസമില്ലാത്ത ആ സ്ഥലത്ത് ഇരുപതിനായിരത്തിലധികമുള്ള ആ ജനക്കൂട്ടത്തിന് ഉടനടി ഭക്ഷണം കൊടുക്കുക എന്നത് മാനുഷികമായി അസാദ്ധ്യമായിരുന്നു. ആ വലിയ ആവശ്യത്തിന്റെ മുമ്പിൽ തങ്ങൾക്ക് എന്തു ചെയ്യുവാൻ കഴിയുമെന്ന് അവർ ചിന്തിക്കാതെ, യേശുവിൽനിന്ന് ഒരു വലിയ അത്ഭുതം അവർ പ്രതീക്ഷിച്ചു. തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തിയ ശിഷ്യന്മാരോട് യേശു: “നിങ്ങളുടെ പക്കൽ എത അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ (മർക്കൊ, 6:38) എന്നു കല്പിച്ചു. അവർ അന്വേഷിച്ചു. ഒരു ബാലന്റെ കൈയിൽ അഞ്ച് യവത്തപ്പവും രണ്ടു മീനും ഉണ്ടെന്ന് കണ്ടെത്തിയത് അന്ത്രയാസ് യേശുവിനെ അറിയിച്ചപ്പോൾ, “അത് ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” (മത്താ, 14:18) എന്നാണ് യേശു കല്പിച്ചത്. ആ ബാലൻ തന്റെ വിശപ്പടക്കുവാൻ മാത്രം തികയുന്ന അഞ്ച് അപ്പവും രണ്ടു മീനും കർത്താവിന്റെ കരങ്ങളിൽ ഏല്പിക്കുവാൻ സന്മനസ്സു കാണിച്ചപ്പോഴാണ് കർത്താവ് അത് ഇരുപതിനായിരത്തിലധികം പേരുടെ വിശപ്പടക്കുവാനും 12 കുട്ട ശേഷിപ്പിക്കുവാനുമായി ഉപയോഗിച്ചത്. യേശുവിനുവേണ്ടി മനുഷ്യനാൽ അസാദ്ധ്യമെന്നു തോന്നുന്ന ദൗത്യങ്ങൾ വിഭാവനം ചെയ്തു പൂർത്തിയാക്കുവാനും യേശു നമ്മെ ഏല്പിക്കുന്ന ദൗത്യങ്ങൾ അവനു പ്രസാദകരമായ രീതിയിൽ പൂർത്തീകരിക്കുവാനും കഴിയണമെങ്കിൽ, പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത്, നമ്മുടെ കരങ്ങളിൽ നമുക്കായി നാം സൂക്ഷിച്ചിരിക്കുന്നത് യേശുവിനുവേണ്ടിയുള്ള ദൗത്യത്തിനായി യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കണം. അപ്പോൾ അഞ്ച് അപ്പവും രണ്ടു മീനുംപോലെ അതു തുച്ഛമാണെങ്കിലും കർത്താവ് തന്റെ കരങ്ങളാൽ അതിനെ പരിപോഷിപ്പിച്ച്, തനിക്കുവേണ്ടിയുള്ള ദൗത്യങ്ങൾക്കായി അതിനെ അനുഗഹിച്ച് നമ്മെ വിജയസോപാനത്തിൽ എത്തിക്കും.

ആത്മശക്തിയാലുള്ള അത്ഭുതങ്ങൾ

ആത്മശക്തിയാലുള്ള അത്ഭുതങ്ങൾ

യേശുവിലൂടെയുള്ള സൗഖ്യവും സമാധാനവും സാന്ത്വനവും ശാന്തിയും പകർന്നുകൊടുത്തു കൊണ്ട്, ജീവിക്കുന്ന കർത്താവിനെ ദേശങ്ങളുടെയോ ഭാഷകളുടെയോ അതിർവരമ്പുകളില്ലാതെ അനേകർക്ക് അനുഭവമാക്കിക്കൊടുക്കുന്ന അത്യുന്നതനായ ദൈവത്തിന്റെ വേലക്കാരെ, ക്രിസ്തുവിന്റെ അനുയായികളെന്ന് അഭിമാനിക്കുന്ന ക്രൈസ്തവസഹോദരങ്ങൾ പലപ്പോഴും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യാറില്ല. കർത്താവ് രോഗികളെ സൗഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തപ്പോൾ യേശു ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന് പരീശന്മാരും (മത്താ, 12:24), ശാസ്ത്രിമാരും (മർക്കൊ, 3:22) ആ രോപിച്ചു. യേശുവിന് ഭൂതം ഉണ്ടെന്നും (യോഹ, 7:20; 8:48 ), അശുദ്ധാത്മാവ് ഉണ്ടെന്നും (മർക്കൊ, 3:30) അവർ പറഞ്ഞു. യഹുദാസമൂഹത്തിലും സഭയിലും ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ടവരെന്നു ഭാവിച്ച് നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന അവർക്ക് സർവ്വശക്തനായ ദൈവത്തിന്റെ സൗഖ്യവും സാന്ത്വനവും സമാധാനവും, തളർന്നവരും ചിതറിയവരുമായവർക്കു കൊടുക്കുവാൻ കഴിയുകയില്ലായിരുന്നു. കാരണം അവർക്ക് ദൈവത്തിന്റെ അധികാരം മനുഷ്യരിൽ നിന്നു പിടിച്ചുപറ്റുവാൻ കഴിഞ്ഞിരുന്നുവെങ്കിലും ദൈവത്തിന്റെ ശക്തി അവർക്കു നേടുവാൻ കഴിഞ്ഞില്ല. അതിനാലാണ്, കർത്താവ് ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്നും അവനു ഭൂതമുണ്ടെന്നും അവർ പ്രചരിപ്പിച്ചത്. കാരണം അന്യദൈവങ്ങളെയോ ഭൂതങ്ങളെയോ ആരാധിക്കുന്നത് മോശെയുടെ ന്യായപ്രമാണമനുസരിച്ച് ഏറ്റവും വലിയ പാപമായിരുന്നു. അങ്ങനെ യേശുവിനെ ന്യായപ്രമാണലംഘകൻ എന്നു മുദ്രയടിച്ച് സഭയിൽനിന്നും സമൂഹത്തിൽ നിന്നും പുറന്തള്ളുവാനാണ് അവർ ശ്രമിച്ചത്. എന്നാൽ അവരുടെ അവഹേളനവും അവഗണനയും വകവയ്ക്കാതെ യേശു തന്റെ പ്രവൃത്തികളിലൂടെ താൻ ദൈവത്തിന്റെ പുത്രനാണെന്നു തെളിയിച്ചു. യേശുവിന്റെ വിളികേട്ടിറങ്ങിത്തിരിച്ച്, യേശുവിനുവേണ്ടി പ്രവർത്തിക്കുന്ന സഹോദരങ്ങൾ അപമാനവും അവഹേളനവും നേരിടേണ്ടിവരുമ്പോൾ നിരാശപ്പെടാതെ മുമ്പോട്ടുപോകുവാൻ കർത്താവിന്റെ പ്രവർത്തനപഥം സ്വജീവിതത്തിൽ മാതൃകയാക്കണം.

ഏലീ, ഏലീ, ലമ്മാ ശബക്താനി?

ഏലീ, ഏലീ, ലമ്മാ ശബക്താനി?

താൻ തിരഞ്ഞെടുത്തവരും തന്റെ സന്തതസഹചാരികളും ആയിരുന പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരുവൻ മുപ്പതു വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുത്തു. അത്യധികം സ്നേഹിച്ച മറ്റൊരു ശിഷ്യൻ തന്നെ അറിയുകയില്ലെന്നു പറഞ്ഞു പ്രാകുകയും ആണയിടുകയും ചെയ്തു. തന്നോടൊപ്പം തടവിലാകുവാനും മരിക്കുവാനും തയ്യാറാണെന്നു പ്രഖ്യാപിച്ച മറ്റു ശിഷ്യന്മാരെല്ലാം പ്രാണരക്ഷാർത്ഥം ഓടിയൊളിച്ചു. എല്ലാവരും ഉപേക്ഷിച്ചു പോയപ്പോൾ അവർ തന്നെ പിടിച്ചുകൊണ്ടു പോയി. തുടർന്ന് മൃഗീയമായ മർദ്ദനം; പ്രത്യേകമായുള്ള ചാട്ടകൊണ്ട് മാംസം പറിച്ചെടുക്കുന്ന അടികൾ. തലയിൽ കുത്തിക്കയറിയ മുൾക്കിരീടത്തിലെ കൂർത്ത മുള്ളുകൾ. രക്തം വാർന്നുകൊണ്ടിരിക്കുന്ന ശരീരവുമായി ഭാരമേറിയ തടിക്കുരിശേന്തി നടന്നപ്പോൾ ഉണ്ടായ വീഴ്ചയിലെ മുറിവുകൾ. അവസാനം കാരിരുമ്പാണികൾ കൈകാലുകളിൽ അടിച്ചുകയറ്റി ക്രൂശിൽ തൂക്കി; നഗ്നനായി ക്രൂശിൽ കിടന്നു. അങ്ങുദൂരെ ഈ കാഴ്ച കാണുവാൻ കഴിയാതെ, മുഖം പൊത്തി കരയുന്ന തന്റെ മാതാവും ഗലീലയിൽനിന്നു വന്ന സ്ത്രീകളും മാത്രം. ആറാം മണി നേരംമുതൽ ഒമ്പതാം മണി നേരംവരെ സൂര്യൻ ഇരുണ്ടുപോയി. ഏകദേശം ഒമ്പതാം മണി നേരത്ത് ശരീരമനസ്സുകൾ തകർന്ന യേശു “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്ന് അരാമ്യഭാഷയിൽ അർത്ഥം വരുന്ന “ഏലീ, ഏലീ, ലമ്മാ ശബക്താനി?” എന്നു നിലവിളിച്ചു. ലോകത്തിന്റെ പാപങ്ങൾ ചുമന്ന് പാപയാഗമായി സ്വയം അർപ്പിച്ച തന്റെ ഓമനപ്പുത്രന്റെ അതിവേദനയ്ക്കു മുമ്പിൽ വിശുദ്ധനായ ദൈവം മൗനമായിരുന്നു. യേശു ആ നിമിഷങ്ങളെ അതിജീവിച്ച് സകലതും ”നിവൃത്തിയായി” (യോഹ, 19:30) എന്നു പ്രഖ്യാപിച്ചു. പിന്നീട് “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയിൽ ഭരമേല്പിക്കുന്നു” (ലൂക്കൊ, 23:46) എന്നു പറഞ്ഞ് മനുഷ്യമനസ്സിനു വിഭാവനം ചെയ്യുവാൻ കഴിയാത്ത ക്രൂരമായ ക്രൂശിനെ ജയിച്ചു. ഒരു ദൈവപൈതലിന്റെ ആത്മീയ യാത്രയിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന, സ്നേഹിതന്മാർ വേർപിരിയുന്ന, വേദനകളുടെ കഠിനതകളിൽ പുളയുന്ന, എല്ലാവരും ഒറ്റപ്പെടുത്തുന്ന ക്രൂരമായ നിമിഷങ്ങൾ കടന്നുവരാം. ആ ദുർബ്ബലനിമിഷങ്ങളിൽ പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാതെ വരുമ്പോൾ ദൈവം പോലും കൈവിട്ടുവെന്നു തോന്നിയേക്കാം. അപ്പോൾ തളർന്നു പോകാതെ, അതിലുപരിയായി വേദനകളാൽ തകർന്നിട്ടും വിജയം വരിച്ച യേശുവിനോടു നിലവിളിക്കുമെങ്കിൽ അവൻ നമ്മെ നിശ്ചയമായും രക്ഷിക്കും; ജയോത്സവമായി വഴി നടത്തും.

ശുദ്ധീകരിക്കുന്ന കർത്താവ്

ശുദ്ധീകരിക്കുന്ന കർത്താവ്

സാധാരണയായുള്ള ആർത്തവകാലത്തും രക്തസ്രവമുണ്ടാകുന്ന മറ്റു സമയങ്ങളിലും സ്ത്രീ അശുദ്ധയായിരിക്കും എന്നും, ഈ അവസ്ഥയിൽ അവൾ കിടക്കുന്നതും ഇരിക്കുന്നതുമായ സ്ഥലങ്ങൾപോലും അശുദ്ധമാകും എന്നും മോശെയുടെ ന്യായപ്രമാണം അനുശാസിക്കുന്നു. അതുകൊണ്ട് ഇപ്രകാരം അശുദ്ധയായ ഒരു സ്ത്രീയെയോ അവൾ ഇരുന്നതോ കിടന്നതോ ആയ വസ്തുക്കളെയോ തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കും. (ലേവ്യ, 15:19-27). ഇങ്ങനെ രക്തസ്രവം നിമിത്തം നീണ്ട 12 വർഷക്കാലം അശുദ്ധയെന്നു സമൂഹം ഭ്രഷ്ട് കല്പിച്ചിരുന്ന ഒരു സ്ത്രീയെക്കുറിച്ച് മത്തായിയും, മർക്കൊസും, ലൂക്കൊസും തങ്ങളുടെ സുവിശേഷങ്ങളിൽ ഒരുപോലെ വിവരിക്കുന്നുണ്ട്. സൗഖ്യത്തിനായുള്ള അന്തർദാഹത്താൽ അവൾ പല വൈദ്യന്മാരെയും സമീപിച്ചു. അവരുടെ കർശനമായ ചികിത്സാവിധികളിലൂടെ അവൾ ശാരീരികമായി അത്യധികം കഷ്ടതകൾ സഹിച്ചു. കൂടാതെ അവൾക്കുള്ള സമ്പത്തൊക്കെയും ചെലവഴിക്കുകയും ചെയ്തു. എന്നിട്ടും അവളെ കാർന്നുതിന്നുകൊണ്ടിരുന്ന രോഗത്തിനു ശമനമുണ്ടായില്ല. ഈ അവസ്ഥയിലാണ് അവൾ യേശുവിനെക്കുറിച്ചു കേട്ടത്. വിശുദ്ധിക്ക് പ്രാധാന്യം കല്പിച്ചിരുന്ന ആ സമൂഹത്തിൽ ഒറ്റപ്പെട്ടവളായി 12 വർഷം കഴിച്ചുകൂട്ടിയ ആ സ്ത്രീയുടെ മാനസികവ്യഥ ശാരീരികവ്യാധിയെക്കാൾ വലുതായിരുന്നു. ശാരീരികവും മാനസികവുമായി തളർന്ന അവൾക്ക് തന്റെ സൗഖ്യത്തിനായുള്ള ഏക പ്രത്യാശ യേശുവായിരുന്നു. പക്ഷേ, അശുദ്ധയായ അവൾക്ക് യേശുവിന്റെ അടുത്തെത്തുവാൻ കഴിയുമായിരുന്നില്ല. എന്തെന്നാൽ വലിയ ജനക്കൂട്ടത്തിന്റെ നടുവിലൂടെ യാത്രചെയ്യുന്ന യേശുവിന്റെ അടുത്തേക്ക് ആ തിക്കിലും തിരക്കിലും അവൾ പോകുമ്പോൾ അവളുടെ സ്പർശനമേല്ക്കുന്നവരെല്ലാം അശുദ്ധരാകുമായിരുന്നു. മാത്രമല്ല, ആരെങ്കിലും അവളെ തിരിച്ചറിഞ്ഞാൽ അവൾക്കു സഹിക്കേണ്ടിവരുന്ന പ്രത്യാഘാതവും അതിഭീകരമായിരുന്നു. പക്ഷേ, തന്നെ തിരിച്ചറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോ യേശുവിൽ നിന്നുണ്ടാകുന്ന പ്രതികരണത്തെയോ ഒന്നും ഭയപ്പെടാതെ അവൾ യേശുവിന്റെ അടുക്കലേക്ക് ഓടി; അവന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ തൊട്ടു; അവളുടെ രക്തസ്രവം നിന്നു; അവൾ സൗഖ്യം പ്രാപിച്ചു. (മത്താ, 9:20-22). ഈ രക്തസ്രവക്കാരിയെപ്പോലെ ഒറ്റപ്പെട്ട്, എല്ലാം നഷ്ടപ്പെട്ടു വർഷങ്ങളായി ശരീരമനസ്സുകളുടെ വേദനപേറുന്ന അനേകർ ഇന്നും ഇഞ്ചിഞ്ചായി തകർന്നുകൊണ്ടിരിക്കുന്നു. കാരണം തങ്ങൾ ആയിരിക്കുന്ന സാഹചര്യങ്ങളിലെ ഭവിഷ്യത്തുകൾ ഭയപ്പെടുന്നതുകൊണ്ട് സാമൂഹികമായ വിലക്കുകൾ ലംഘിച്ച്, യേശുവിന്റെ അടുത്തേക്കു വരുവാൻ അവർക്കു കഴിയുന്നില്ല. രക്തസ്രവക്കാരിയെപ്പോലെ ശാരീരിക ബലഹീനതകളെയും സാമുഹിക വിലക്കുകളെയും വകവയ്ക്കാതെ യേശുവിന്റെ അടുത്തേക്കു വരുന്നവർക്കാണ് യേശുവിന്റെ സൗഖ്യവും സമാധാനവും സാന്ത്വനവും സ്വായത്തമാക്കുവാൻ കഴിയുന്നത്.