Category Archives: Uncategorized

നെഹുഷ്ഠാൻ

നെഹുഷ്ഠാൻ (Nehushtan)

 

ആരാധനയുടെ നവീകരണത്തിനു വേണ്ടിനുള്ള ശ്രമത്തിൽ ഹിസ്ക്കീയാവ് രാജാവ് നശിപ്പിച്ച താമ്രസർപ്പത്തിന്റെ പേര്. (2രാജാ, 18:4). മരുഭൂമിയിൽ വച്ചു മോശെ നിർമ്മിച്ച താമ്രസർപ്പമായിരുന്നു അത്: യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യിസ്രായേൽ ജനം മരുഭൂമിയിൽനിന്ന് പോന്നപ്പോൾ താമ്രസർപ്പത്തെയും കൂടെക്കൊണ്ടുവന്നു; കനാനിൽ അതിനെ പ്രതിഷ്ഠിച്ചു ധൂപം കാട്ടിപ്പോന്നു. ഹിസ്ക്കീയാവ് അധികാരമേറ്റപ്പോൾ, താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതിനോടൊപ്പം പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാ പ്രതിഷ്ഠയെ വെട്ടിമുറിക്കുകയും ചെയ്തു. (2രാജാ, 18:4). താമ്രത്തിന്റെ എബ്രായപേരായ നെഹോഷത്-മായി അടുത്ത ബന്ധമുളള പദമാണ് നെഹുഷ്ഠാൻ. ഹിസ്ക്കീയാവ് താമസർപ്പത്തിനു അവജ്ഞാപൂർവ്വം നല്കിയ പേരാണിതെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ ആദ്യം മുതല്ക്കെ ഈ പേരുണ്ടായിരുന്നു എന്നതാണ് ബൈബിൾ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത്. ഇതാണ് താമ്രസർപ്പത്തിൻ്റെ ചരിത്രം.

എന്നാൽ ഉയർത്തപ്പെട്ട താമ്രസർപ്പത്തിന് ഒരു ആത്മീയ അർത്ഥമുണ്ട്. അത് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞുതരും: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.” (യോഹ, 3:14-15). അതായത്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലായിരുന്നു മരുഭൂമിയിൽ ഉയർത്തപ്പെട്ട താമ്രസർപം. അടുത്തവാക്യം: “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.” (യോഹ, 12:32-33). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി ദൈവപുത്രൻ പരമയാഗമായതിൻ്റെയും ഏതൊരു നീചപാപിക്കും ക്രിസ്തുവിലേക്ക് നോക്കി സൗജന്യമായി രക്ഷപ്രാപിക്കാം എന്നതിൻ്റെയും മുൻകുറിയായിട്ടാണ് താമ്രസർപ്പം മരുഭൂമിയിൽ ഉയർത്തപ്പെട്ടത്.

നീതീകരണം

നീതീകരണം (Justification)

“മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39)

നീതി, നീതീകരണം എന്നീ പദങ്ങൾ പരസ്പരബന്ധമുള്ളവയാണ്. നീതീകരണത്തിന് ഗ്രീക്കിൽ ഡികായിയോ (δικαιόω – dikaioo – പ്രവൃ, 13:39) എന്നും, നീതി എന്നതിന് ഡികായിയോസ് (δίκαιος – díkaios – മത്താ, 1:19) എന്നുമാണ് പ്രയോഗങ്ങൾ. നീതിക്ക് എബ്രായയിൽ റ്റ്സാദിക് (צַדִּיק – tsaddiyq – ഉല്പ, 6:9) ആണ്. ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും നിയമപരവും മനഃശാസ്ത്രപരവും ആത്മികവുമായ തത്ത്വങ്ങൾക്കനുസരണമായ പെരുമാറ്റമാണ്. സഹമനുഷ്യനോടുള്ള പെരുമാറ്റമോ ഓരോരുത്തർക്കും അർഹമായതു നല്കുകയോ ചെയ്യുന്നതല്ല നീതി. ഇവയ്ക്കെല്ലാം ഉപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കയാണ് നീതി. പരസ്പര ബന്ധങ്ങൾക്ക് പ്രത്യേകം ചുമതലകൾ ഉണ്ട്. പ്രസ്തുത ചുമതലകളുടെ നിർവ്വഹണമാണ് നീതി. പ്രസ്തുതത ബന്ധത്തിന് വെളിയിൽ നീതിക്ക് മാനദണ്ഡമില്ല. ഉടമ്പടി ബന്ധത്തിൽ ആയിരുന്നതുകൊണ്ടു രാജാവ്, പ്രജ എന്ന നിലയിൽ ശൗലിനെ കൊല്ലാൻ വിസ്സമ്മതിച്ചുകൊണ്ട് ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). അമ്മായപ്പനായ യെഹൂദാ മരുമകളായ താമാറിനോടുള്ള തന്റെ കടമ നിർവ്വഹിക്കാത്തതുകൊണ്ട് അവളെക്കുറിച്ചു യെഹൂദാ അവൾ എന്നിലും നീതിയുള്ളവൾ എന്നു പറഞ്ഞു. (ഉല്പ, 38:26).

കോടതിയിലെ വ്യവഹാരവുമായി ബന്ധപ്പെട്ട പദമാണ് നീതി. റോമർ 8:33,34-ൽ നീതീകരിക്കുക എന്നതിന്റെ ഈ ആശയം സ്പഷ്ടമായി കാണാം: “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” നീതീകരിക്കുക, ശിക്ഷ വിധിക്കുക എന്നീ പ്രയോഗങ്ങൾ അടുത്തടുത്ത് പ്രയോഗിച്ചിരിക്കുന്നത് നീതീകരിക്കുക എന്ന ക്രിയയുടെ വ്യാവഹാരിക സ്വഭാവം വെളിപ്പെടുത്തുന്നു. 

ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? (ഇയ്യോ, 9:2) സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? (ഇയ്യോ, 25:4). ഏതു കാലത്തും മനുഷ്യഹൃദയത്തിൽ നിന്നുയരുന്ന ചോദ്യമാണിത്. ദാവീദ് ദൈവത്തോടു അപേക്ഷിക്കുകയാണ് “അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.” (സങ്കീ, 143:2). വിശ്വാസത്താലുള്ള നീതീകരണം പഴയനിയമ കാലത്തും ലഭിച്ചിരുന്നു. അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്ന് പൗലൊസ് വ്യക്തമാക്കുന്നു. (റോമ, 4:1-5). വിശ്വാസത്താലുളള നീതീകരണം തിരുവെഴുത്തുകളിൽ രൂഢമൂലമാണ്. പുതിയനിയമത്തിൽ റോമാ ലേഖനത്തിലെയും ഗലാത്യ ലേഖനത്തിലെയും പ്രമുഖ പ്രതിപാദ്യം ഇതത്രേ. 

വിശ്വാസത്താൽ ക്രിസ്തുവിനോടു ചേരുന്ന പാപി ക്രിസ്തുവിൻ നിമിത്തം ഇനിയൊരിക്കലും ശിക്ഷാവിധിയിൻ കീഴിലല്ലെന്നും തിരുമുമ്പിൽ നീതിമാൻ എന്ന നിലയിലാണെന്നും ദൈവം വിധിപ്രഖ്യാപനം നടത്തുന്ന പ്രവൃത്തിയാണ് നീതീകരണം. നിഷ്ക്കളങ്കനെ കുറ്റം വിധിക്കുവാനോ കുറ്റക്കാരനെ നീതീകരിക്കാനോ പാടില്ലെന്നുളളതാണ് ശിക്ഷാനിയമത്തിന്റെ അടിസ്ഥാനതത്വം. “ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പു.” (സദൃ, 17:15). യിസ്രായേലിൽ നീതിനിർവ്വഹണത്തിനു ഈ അടിസ്ഥാനതത്വം ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.” (ആവ, 25:1). നീതിനിർവ്വഹണത്തിൽ ഈ ന്യായപ്രമാണതത്വം തന്നെയാണ് ദൈവം പാലിക്കുന്നത്. ദൈവം വിശുദ്ധനും നീതിമാനുമായ ന്യായാധിപതിയാണ് നിയമം ദൃഢമാണ്. എന്നാൽ നീതിമാനായ ദൈവത്തിന് തന്റെ സന്നിധിയിൽ പാപികളെ സ്വീകരിക്കുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്നതത്രേ. (റോമ, 3:23). തന്മൂലം നീതിമാനായ ന്യായാധിപന്റെ മുന്നിൽ ലോകം മുഴുവൻ കുറ്റക്കാരാകയാൽ കുറ്റക്കാർ എന്ന വിധി മാത്രമേ പുറപ്പെടുവിക്കാനാവു. മഹാദയയും മനസ്സലിവും ഉള്ള കൃപാലുവായ ദൈവത്തിനു മനുഷ്യനെ എങ്ങനെ രക്ഷിക്കുവാൻ കഴിയും എന്നതാണ് പ്രധാനപ്രശ്നം. 

നീതിക്കു വിരോധമായി ദൈവത്തിന് മനുഷ്യരോടു ഇടപെടാനാവുകയില്ല. സർവ്വലോകവും കുറ്റത്തിലായിരിക്കെ മനുഷ്യനെ രക്ഷിക്കുവാൻ ഏകമാർഗ്ഗമേയുള്ളൂ; മനുഷ്യനെ നീതീകരിക്കുക. നീതിമാൻ എന്നു പ്രഖ്യാപിക്കുകയാണ് നീതീകരണം. കുറ്റക്കാരനിൽ പരിവർത്തനമോ മേന്മയോ പ്രതീക്ഷിക്കുകയോ വരുത്തുകയോ അല്ല; മറിച്ച്, കുറ്റക്കാരനു നീതിമാനാണെന്ന വിധി നല്കുകയാണ്. ഏതെങ്കിലും അഭിപ്രായത്തെയോ പെരുമാറ്റത്തെയോ പ്രസ്താവനയെയോ നീതീകരിക്കുന്നു എന്നു പറയുമ്പോൾ അവയെ മെച്ചമാക്കുകയല്ല; മറിച്ച്, അവയ്ക്ക് അനുകൂലമായ വിധി നേടുന്നു എന്നർത്ഥം. നീതീകരണം എന്നതു കോടതി ഭാഷയിൽ നീതിമാൻ എന്ന വിധി നേടലാണ്. 

നീതീകരണത്തിന്റെ വ്യാപ്തി: ഒരു വിശ്വാസിയുടെ വർത്തമാന കാലത്തിൽ ആരംഭിക്കുകയും ഭൂതഭാവികാലങ്ങളിലേക്കു വ്യാപിച്ചു നില്ക്കുകയും ചെയ്യുന്ന ഒന്നാണ് നീതീകരണം. നീതീകരണത്തിൽ പലകാര്യങ്ങളുണ്ട്: 1. പാപമോചനം: പാപമോചനം പാപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഉള്ള വിടുതലാണ്. പാപത്തിന്റെ ശിക്ഷ മരണമാണ്; ഭൗതികവും ആത്മീയവുമായ നിത്യമരണം. (ഉല്പ, 2:17; റോമ, 5:12-14; 6:23). മനുഷ്യനെ രക്ഷിക്കണമെങ്കിൽ ഈ ശിക്ഷ ആദ്യമേ നീക്കിക്കളയണം. ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ച് ക്രൂശിൽ മരിച്ചു. (യെശ, 53:5; 1പത്രൊ, 2:24). ക്രിസ്തു നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപത്തിന്റെ ശിക്ഷ മോചിക്കുന്നു. “ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39. ഒ.നോ: റോമ, 8:1, 33,34; സംഖ്യാ, 23:21; മീഖാ, 7:18,19; 2കൊരി, 5:21). 

2. നീതി കണക്കിടുക: പൂർവ്വകാല പാപം ക്ഷമിക്കുന്നതോടൊപ്പം ദൈവത്തോടു കൂട്ടായ്മ ലഭിക്കുന്നതിനുമുമ്പ് നീതി നല്കേണ്ടതുണ്ട്. അത് ക്രിസ്തുവിന്റെ നീതി പാപിയുടെ പേരിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നിവർത്തിച്ചത്. ദൈവം അകൃത്യം കണക്കിടാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്. (സങ്കീ, 32:2; റോമ, 4:6). “പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രിസ്തുവിന്റെ നീതി നമ്മിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നമ്മെ യഥാസ്ഥാനപ്പെടുത്തിയത്. 

3. ദൈവപ്രസാദം നല്കുക: പാപി ശിക്ഷയ്ക്കു വിധേയനായി എന്നു മാത്രമല്ല അവനു ദൈവപ്രസാദവും നഷ്ടപ്പെട്ടു. (യോഹ, 3:36; റോമ, 1:18; 5.9; ഗലാ, 2:16). നീതീകരണം വെറും കുറ്റവിമുക്തി മാത്രമല്ല, ദൈവപ്രസാദത്തിലേക്കു മടക്കിവരുത്തലുമാണ്. നീതീകരിക്കപ്പെട്ടവൻ ദൈവത്തിന്റെ സഖിയും (2ദിന, 20:7; യാക്കോ, 2:23), ദൈവത്തിന്റെ അവകാശിയും ക്രിസ്തുവിനു കൂട്ടവകാശിയും ആയിത്തീരുന്നു. (റോമ, 8:16,17; ഗലാ, 3:26; എബ്രാ, 2:11). 

നീതീകരണത്തിന്റെ വിധം: നിഷ്ക്കളങ്കനെ നീതീകരിക്കുവാനേ മനുഷ്യനു കഴിയുകയുള്ളൂ. എന്നാൽ ദൈവം കുറ്റക്കാരനെയാണ് നീതീകരിക്കുന്നത്. മനുഷ്യൻ നീതീകരിക്കപ്പെടുന്നത്: 1. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല; പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നതിനു ഒരു മനുഷ്യൻ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുളളതെല്ലാം ചെയ്യുവാൻ ബാദ്ധ്യസ്ഥനാണ്. (ഗലാ, 3:10; യാക്കോ, 2:10). അതാരും ചെയ്തിട്ടില്ല; ആർക്കും ചെയ്യാൻ കഴിയുകയുമില്ല. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീക രിക്കപ്പെടുന്നില്ല. (റോമ, 3:20; ഗലാ, 2:16; 5:4; തീത്തോ, 3:5). ആരെയും രക്ഷിക്കുവാനോ നീതീകരിക്കുവാനോ അല്ല ന്യായപ്രമാണം നല്കിയത്; പ്രത്യുത ഏതുവായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷാ യോഗ്യമായിത്തീർന്നു (റോമ, 3:19) എന്നു കാണിക്കുന്നതിനും, പാപത്തെക്കുറിച്ചുള്ള അറിവു നല്കുന്നതിനും (റോമ, 7:7), പാപത്തിന്റെ കാഠിന്യം (റോമ, 7:13) വെളിപ്പെടുത്തുന്നതിനും, പാപിയെ ക്രിസ്തുവിങ്കലേക്കു നടത്തുന്നതിനും (ഗലാ, 3:24) വേണ്ടിയായിരുന്നു. 

2. ദൈവകൃപയാൽ: “അവന്റെ കൃപയാൽ കിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). “നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടു തന്നേ.” (തീത്തൊ, 3:7). നീതീകരിക്കുന്നവൻ ദൈവം ആണ്. ദൈവം തിരഞ്ഞെടുത്തവരെ ആർ കുററം ചുമത്തും? (റോമ, 8:33). എല്ലാപാപവും അടിസ്ഥാനമായി ദൈവത്തിനെതിരെയാണ്. അതിനാൽ നാം നീതീകരിക്കപ്പെടേണ്ടത് ദൈവത്താലാണ്. നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, ദൈവം തന്റെ കരുണയാലത്രേ നമ്മെ നീതീകരിച്ചത്. (തീത്തോ, 3:5; എഫെ, 2:4, 8). 

3. ക്രിസ്തുവിന്റെ രക്തത്താൽ: നമ്മുടെ നീതി സംവിധാനം ചെയ്തതു ദൈവമാണ്. ദൈവം തന്നെ നമുക്കു നീതി ഒരുക്കി; അത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്താലായിരുന്നു. “വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.” (റോമ, 3:25). നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്തമാണ്. “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി . കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9). “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബാ, 9:22). നീതീകരണത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയായിരുന്നില്ല; അവയുടെ ശിക്ഷ നമുക്കു പകരമായി ക്രിസ്തുവിൽ നടത്തുകയായിരുന്നു. 

4. വിശ്വാസത്താൽ: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തി കൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:28). “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). ഒരുവനു നീതീകരണം ലഭിക്കുന്നത് വിശ്വാസത്തിലൂടെയാണ്. വിശ്വാസം നീതീകരണത്തിന് കാരണമല്ല, ഉപാധി മാത്രമാണ്. ദൈവകൃപ പ്രദാനം ചെയ്യുന്ന നീതീകരണത്തെ വിശ്വാസം സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. 

5. ആത്മാവിനാൽ: “നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). വീണ്ടുംജനനത്തിനു കാരണമായ പരിശുദ്ധാത്മാവ് ക്രിസ്തുവിൽ വിശ്വാസിയെ ആക്കുന്നു. ഒരുവൻ ക്രിസ്തുയേശുവിൽ ആയതുകൊണ്ടു മാത്രം അവൻ നീതിമാൻ എന്ന വിധി ദൈവം പ്രഖ്യാപിക്കുന്നു.  

നീതീകരണത്തിന്റെ ഫലങ്ങൾ: 1. ശിക്ഷയിൽനിന്നുള്ള വിടുതൽ: അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുളളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ?” (റോമ, 8:1,33). 2. ദൈവപ്രസാദം ലഭ്യമായി: “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” (റോമ, 4:6,7; 1കൊരി, 1:30; 2കൊരി, 5:21). 3. ദൈവത്തോടു സമാധാനം ഉണ്ടായി: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശു ക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. (റോമ, 5:1). 4. ക്രിസ്തുവിന്റെ നീതി നമുക്കു കണക്കിട്ടു: “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”(റോമ, 4:5). 5. അവകാശം ലഭിച്ചു: “നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശ്രപ്രകാരം നിത്യജീവന്റെ അവകാശികളായി തീരേണ്ടതിനു പുനർജ്ജനനസ്ഥാനം കൊണ്ടും (തീത്തൊ, 3:6). 6. കോപത്തിൽ നിന്നു രക്ഷ: “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9; 1തെസ്സ, 1:9). 7. ഭാവി തേജസ്കരണത്തിന്റെ ഉറപ്പും സാക്ഷാൽക്കാരവും: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമി രിക്കുന്നു.” (റോമ, 8:30).

നിത്യത

നിത്യത (eternity)

അനാദിയും അനന്തതയും ഉൾക്കൊള്ളുന്ന നിത്യത ഭാവനാതീതമാണ്. സ്ഥലകാല സീമകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്. പ്രസ്തുത സംഭവങ്ങൾ എല്ലാം പരിമാണവിധേയവുമാണ്. നിത്യനായ ദൈവത്തിനു മാത്രമേ നിത്യത എന്തെന്നു അറിയാവൂ. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിനു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ” (1തിമൊ, 1:17). ആദി, അനാദി, അനന്തം, ശാശ്വതം, നിത്യം, പുരാതനം എന്നേക്കും എന്നെന്നേക്കും എന്നീ പദങ്ങളാണ് നിത്യതയുടെ ആശയത്തിൽ ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്. (സങ്കീ, 90’2; ഉല്പ, 49:26; സങ്കീ, 132:14) “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്ത നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11). 

കാലത്തോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ അനന്തതയാണ് നിത്യത. കാലത്തിനു കാരണഭൂതനായ ദൈവം കാലത്തിന്റെ നൈരന്തര്യത്തിൽ നിന്നും സ്വതന്ത്രനാണ്. സ്വയാസ്തിക്യം കാരണമായി ദൈവത്തിന് ആരംഭവും അവസാനവും ഇല്ല. നിത്യദൈവം (ഉല്പ, 21:33), അനാദിയായും ശാശ്വതമായും ദൈവം (സങ്കീ, 90:2), സംവത്സരങ്ങൾ അവസാനിക്കാത്ത ദൈവം (സങ്കീ, 102:27), ശാശ്വതവാസി (യെശ, 57:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), പുരാതനൻ (ഹബ, 1:12) എന്നിങ്ങനെ തിരുവെഴുത്തുകൾ ദൈവത്തെ വർണ്ണിക്കുന്നു. സംഭവങ്ങളുടെ അനുക്രമം കൊണ്ടാണ് സമയം അളക്കപ്പെടുന്നത്. ദിവസം, ആഴ്ച, മാസം, വർഷം എന്നിവ മനുഷ്യന്റെ അസ്തിത്വത്തിനു അതിരിടുന്നു. എന്നാൽ എല്ലാകാല നൈരന്തര്യത്തിൽനിന്നും സ്വത്രന്തനായ ദൈവത്തിന്റെ മുന്നിൽ എല്ലാ അറിവും ഏകമായി എല്ലായ്പ്പോഴും ഉണ്ട്. അതിനാൽ ഭാഗം ഭാഗത്തെ പിന്തുടരുന്ന പ്രശ്നമില്ല; ഭൂതം, വർത്തമാനം, ഭാവി എന്ന കാലവിഭജനം ആവശ്യവുമില്ല. ഒരു ഇപ്പോൾ അഥവാ ഏകനിത്യവർത്തമാനം ആണ് ദൈവത്തിന്. അതാണു നിത്യത. അതിന് ബൈബിളിൽ നിത്യദിവസം (ഹീമെറാൻ അയോനാസ്: 2പത്രൊ, 3:18. സ.വേ.പു.ത്തിൽ ‘എന്നെന്നേക്കും’ എന്നു തർജ്ജമ) എന്നും ‘ഇന്നു’ (സങ്കീ, 2:7, ഒ.നോ: 2പത്രൊ, 3:8) എന്നും പ്രതിപാദിച്ചിരിക്കുന്നു. കാലം ദൈവത്തിന് ഒരു വസ്തുനിഷ്ഠസത്യമല്ല എന്നു കരുതേണ്ടതില്ല. മൂന്നുകാലവും ദൈവം ഏകകാലം പോലെ കാണുന്നുവെന്നു മാത്രം. ഒരു ഉയർന്ന ഗോപുരത്തിൽ നിന്ന് നോക്കുന്ന വ്യക്തിക്കു ഘോഷയാത്രയുടെ എല്ലാഭാഗങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. എന്നാൽ ഒരു തെരുക്കോണിൽ നിന്നു നോക്കുന്ന വ്യക്തിക്ക് അതിന്റെ ഒരു ഭാഗം മാത്രമേ കാണാൻ കഴിയു. ദൈവം എല്ലാം ഏകമായി കാണുന്നു. കാലവും സ്ഥലവും പദാർത്ഥങ്ങളോ പരിച്ഛദങ്ങളോ അല്ല. അവ സാന്തമായ അസ്തിത്വത്തിന്റെ ബന്ധങ്ങൾ മാത്രം. നിത്യത കാലരാഹിത്യമല്ല. ദൈവത്തിന്റെ കേവലനിത്യത ഒരിക്കലും സൃഷ്ടമായ സ്ഥലകാലവ്യവസ്ഥയുടെ സ്വാഭാവിക യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. സൃഷ്ടി, സംരക്ഷണം, കരുതൽ, ജഡധാരണം, വീണ്ടെടുപ്പ്, യുഗസമാപ്തി എന്നിവയെല്ലാം കാലബദ്ധമായ ലോകത്തിലെ സത്യങ്ങളാണ്. ദാർശനികന്മാർ ചൂണ്ടിക്കാണിക്കുന്നതു പോലെ അവ മിഥ്യയോ മായയോ അല്ല. നിത്യത എന്നത് അനന്തമായി നീണ്ടുകിടക്കുന്നകാലം മാത്രം. 

നിത്യത സീമാരഹിതമായ കാലമായിരിക്കുമ്പോൾ ഒരറ്റത്ത് സൃഷ്ടിയും പരകോടിയിൽ യുഗാന്ത്യസംഭവങ്ങളും കൊണ്ട് സീമാബദ്ധമാണ് കാലം. അയോൻ എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ നിശ്ചിതവും അനിശ്ചിതവുമായ കാലയളവിനും നിത്യതയ്ക്കും പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നും നിത്യത കാലരഹിതമല്ലെന്നും അവസാനിക്കാത്ത കാലമാണെന്നും വ്യക്തമാണ്. ഈ യുഗത്തിനും അടുത്ത യുഗത്തിനും അതായത്, നിത്യതയ്ക്കും ‘അയോൻ’ പ്രയോഗിക്കുന്നു. വീണ്ടെടുപ്പിന്റെ നാടകം പുരോഗാമിയായ കാലത്തെ വിവക്ഷിക്കുന്നു. കാലം മൂന്നു യുഗങ്ങളായി തിരിയുന്നു. സൃഷ്ടിപൂർവ്വകാലം, സ്യഷ്ടിമുതൽ യുഗാന്ത്യം വരെയുള്ള കാലം, അനന്തര കാലം. ആദ്യത്തേത് ആരംഭമില്ലാത്തതും ഒടുവിലത്തേത് അവസാനത്തേതുമാണ്. ഇതിനെ ഭൂതകാല നിത്യത, കാലം, ഭാവികാലനിത്യത എന്നിങ്ങനെയും പരാമർശിക്കുന്നുണ്ട്. ഈ പ്രയോഗങ്ങൾ മാനുഷിക വീക്ഷണത്തിലുള്ള വ്യാവഹാരിക യാഥാർത്ഥ്യങ്ങളായി മാത്രം മനസ്സിലാക്കിയാൽ മതി. നിത്യതയെ അനന്തമായ കാലം എന്ന നിലയ്ക്കു മാത്രമല്ല കാലമില്ലായ്മ എന്ന നിലയ്ക്കും നാം മനസ്സിലാക്കുന്നു. എന്നാൽ നിത്യതയ്ക്കു കാലമില്ലായ്മ എന്ന ധാരണ ബൈബിളിലില്ല. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആണ് ദൈവം. (വെളി, 1:4). നിത്യദൈവം കാലരഹിതനായ ദൈവത്തെയല്ല നിത്യതയുടെ അധിപനായ ദൈവത്തെയാണ് വ്യഞ്ജിപ്പിക്കുന്നത്. ദൈവിക പരിച്ഛദമായ നിത്യതയെ ദൈവത്തിന്റെ മറ്റു പരിച്ഛദങ്ങളിൽ നിന്നു വ്യാവർത്തിപ്പിക്കുവാൻ സാധ്യമല്ല. ദൈവത്തിന്റെ സർവ്വജ്ഞത്വം കാലാതീതമായ നിത്യതയെ ഉറപ്പിക്കുന്നു. ദൈവികമനസ്സിലെ ആശയങ്ങളുടെ നൈരന്തര്യം കൊണ്ടാണ് ദൈവത്തിന്റെ അറിവെങ്കിൽ ദൈവം സർവ്വജ്ഞനല്ലാതാകും.

നിത്യമായത്: ബൈബിളിൽ പറഞ്ഞിരിക്കുന്ന നിത്യമായ കാര്യങ്ങൾ

1. നിത്യ അഗ്നി (മത്താ, 18:8)

2. നിത്യ അവകാശം (പുറ, 29:9)

3. നിത്യ ആത്മാവ് (എബാ, 9:14)

4. നിത്യ  ആധിപത്യം (ദാനീ, 7:14)

5. നിത്യ ആനന്ദം (യെശ, 35:10) 

6. നിത്യ ആശ്വാസം (2തെസ്സ, 2:16)

7. നിത്യ കൂടാരം (ലൂക്കൊ, 16:9)

8. നിത്യ ഘനം (2കൊരി, 4:17) 

9. നിത്യ ചെലവു (നെഹെ, 11:23)

10. നിത്യ ജീവൻ (മത്താ, 19:16)

11. നിത്യ ഞരക്കം (സങ്കീ, 32:3)

12. നിത്യ തേജസ്സ് (2തിമൊ, 2:10) 

13. നിത്യ ദണ്ഡനം (മത്താ, 25:46)

14. നിത്യ ദയ (യെശ, 54:8)

15. നിത്യ ദഹനം (യെശ, 33:14)

16. നിത്യ ദൈവം (ഉല്പ, 21:33) 

17. നിത്യ നാശം (2തെസ്സ, 1:10) 

18. നിത്യ നിദ്ര (യിരെ, 51:39)

19. നിത്യ നിന്ദ (സങ്കീ, 78:66)

20. നിത്യ നിയമം (ഉല്പ, 17:7)

21. നിത്യ നീതി (ദാനീ, 9;24)

22. നിത്യ പരിഹാസം (യിരെ, 18:16)

23. നിത്യ പിതാവു (യെശ, 9:6)

24. നിത്യ പൗരോഹിത്യം (പുറ, 40:15) 

25. നിത്യ പ്രകാശം (യെശ, 60:19)

26. നിത്യ പ്രമാണം (യിരെ, 5:22)

27. നിത്യ പ്രവൃത്തിക്കാർ (യെഹെ, 39:14)

28. നിത്യ ബലം (1തിമൊ, 6:16)

29. നിത്യ ഭവനം (2കൊരി, 5:1)

30. നിത്യ മാഹാത്മ്യം (യെശ, 60:15)

31. നിത്യ രക്ഷ (യെശ, 45:17) 

32. നിത്യ രാജത്വം (സങ്കീ, 145:13) 

33. നിത്യ രാജാവ് (1തിമൊ, 1:17)

34. നിത്യ രാജ്യം (2പത്രൊ, 1:11) 

35. നിത്യ രോഗിണി (വിലാ, 1:13

36. നിത്യ ലജ്ജ (യിരെ, 20:11) 

37. നിത്യ വാഞ്ച (സങ്കീ, 119:20)

38. നിത്യ വേല (പുറ, 5:13)

39. മിത്യ വൃത്തി (2രാജാ, 25:30)

40. നിത്യ വൈരം (യെഹെ, 35:5)

41. നിത്യ ശക്തി (റോമ, 1:20)

42. നിത്യ ശത്രു (1ശമു, 18:29)

43. നിത്യ ശിക്ഷ (മർക്കൊ, 3:29)

44. നിത്യ ശിക്ഷാവിധി (എബ്രാ, 6:1)

45. നിത്യ ശൂന്യം (സങ്കീ, 74:3)

46. നിത്യ സുവിശേഷം (വെളി, 14:6)

47. നിത്യ സ്നേഹം (യിരെ, 31:3).

നിത്യജീവൻ

നിത്യജീവൻ (eternal life)

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23)

ദൈവത്തിന്റെ ദാനമാണു നിത്യജീവൻ. അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ. 

നിത്യജീവനെക്കുറിച്ചുള്ള പ്രതീക്ഷയും സമാന്തര സൂചനകളും പഴയനിയമത്തിൽ ഉണ്ടെങ്കിൽത്തന്നെയും നിത്യജീവൻ ഒരു പുതിയ നിയമവെളിപ്പാടാണ്. യോഹന്നാന്റെ സുവിശേഷത്തിലും ലേഖനത്തിലുമാണ് നിത്യജീവനെക്കുറിച്ചു അധികം പരാമർശങ്ങളുള്ളത്. പുനരുത്ഥാന ബന്ധത്തിലാണ് പഴയനിയമത്തിൽ ആദ്യം ‘നിത്യജീവൻ’ പറയപ്പെട്ടിട്ടുള്ളത്. (ദാനീ, 12:2). നിത്യജീവൻ പുനരുത്ഥാന ജീവനാണ്. ചില സ്ഥാനങ്ങളിൽ നിത്യജീവന്നു പകരം ജീവൻ എന്നു മാത്രം പറഞ്ഞിരിക്കും. (ഉദാ: 1യോഹ, 5:12). ഭൗതിക ജീവനിൽ നിന്ന് നിത്യജീവനെ വ്യാവർത്തിപ്പിക്കുവാൻ അയോനിയൊസ് എന്ന വിശേഷണം ചിലേടത്ത് പ്രയോഗിച്ചിട്ടുണ്ട്. യുഗം എന്നർത്ഥമുള്ള അയോനിൽ നിന്നാണ് ഇതിന്റെ ഉത്പത്തി. 

തിരുവെഴുത്തുകൾ നിത്യജീവനെ വർണ്ണിക്കുന്നതോടൊപ്പം എന്താണ് നിത്യജീവൻ എന്നതും യോഹന്നാൻ 17:3-ൽ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.”. വിശ്വാസത്തിന്റെ പൂർവ്വവർത്തിയായി നല്കപ്പെടുന്ന കൃപയും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസവും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസം നിത്യജീവനോടുകൂടെ സംഭവിക്കുന്നതും നിത്യജീവന്റെ ആവിഷ്ക്കാരവുമാണ്. വീണ്ടും ജനനവുമായി ബന്ധപ്പെട്ട നിത്യജീവൻ രക്ഷയുടെ ഹേതുവല്ല; രക്ഷയുടെ ഫലമാണ്. നിത്യജീവന്റെ ആരംഭം ദൈവഹിതത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ നിത്യജീവൻ ലഭിക്കുന്നു. നമ്മുടെ നിത്യജീവന് ദൈവിക നിർണ്ണയത്തിൽ ഒരു ഭൂതകാല നിത്യത ഉണ്ടെങ്കിലും വീണ്ടും ജനനത്തോടുകൂടിയാണ് നമുക്ക് അത് അനുഭവവേദ്യമാകുന്നത്. (തീത്തൊ, 3:4-7). നിത്യജീവൻ പ്രദാനം ചെയ്യുന്നതിൽ ദൈവത്തിൻ്റെ മൂന്നു പദവികൾക്കും ബന്ധമുള്ളതായി ബൈബിൾ പറയുന്നു. പിതാവായ ദൈവമാണ് ജനിപ്പിക്കുന്നത്. (യാക്കോ, 1:17,18). വിശ്വാസിക്കു ലഭിക്കുന്ന നിത്യജീവൻ ക്രിസ്തുവിന്റെ ജീവനാണ്. (യോഹ, 5:21; 17:2,3; 2കൊരി, 5:17; ഗലാ, 2:20; 1യോഹ, 5:12). വീണ്ടും ജനിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (യോഹ, 3:3, 7; തീത്തൊ, 3:6).

നിത്യജീവൻ നല്കുന്നതിനെ മൂന്നു നിലകളിലാണ് ചിത്രണം ചെയ്തിട്ടുള്ളത്: 1. വീണ്ടും ജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). നിത്യജീവൻ പ്രാപിച്ചവൻ സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവനാണ്. (എഫെ, 2:10).

നസറായൻ

നസറായൻ (Nazarene)

നസറെത്ത് ഗ്രാമത്തിൽ പാർത്തവൻ എന്ന അർത്ഥത്തിൽ യേശു നസറായൻ എന്നറിയപ്പെട്ടു. “അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.” (മത്താ, 2:23). ഈ വിശേഷണത്തിനു ഗ്രീക്കിൽ രണ്ടു രൂപങ്ങളുണ്ട്: നസോറായൊസ്; Nazoraios (മത്താ, 2:23; 26:71; മർക്കൊ, 10:47; ലൂക്കൊ, 18:37; 24:19; യോഹ, 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 22:8; 26:9; 24:5), നസറീനൊസ്; Nazarenos (മർക്കൊ, 1:24; 14:67; 16:6; ലൂക്കൊ, 4:34). ഇതിൽ മത്തായിയും യോഹന്നാനും ആദ്യത്തെ രൂപവും, മർക്കൊസും ലൂക്കോസും രണ്ടു രൂപങ്ങളും പ്രയോഗിച്ചു കാണുന്നു. ”ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും” (മത്താ, 2:23) എന്ന പ്രവചനം ഏതാണെന്ന കാര്യത്തിൽ ഒരു സംശയമുണ്ട്. ക്രൈസ്തവ പണ്ഡിതനായ ജെറോം (347-420) പറയുന്നതനുസരിച്ച് യെശയ്യാവ് 11:1 ആണിത്. നമ്മുടെ ബൈബിളിൽ ‘നസറായൻ’ എന്നു കാണുന്നില്ലെങ്കിലും, മൂലഭാഷയിൽ ഉണ്ടായിരുന്നെന്ന് അദ്ദേഹം തൻ്റെ എഴുത്തിലൂടെ സമർത്ഥിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” എബ്രായ ഭാഷയിൽ ഇത് എഴുതിയിരിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു നസറായൻ ഫലം കായിക്കും.” (Jerome, Letter 47:7). ക്രിസ്തുവിനെ മാത്രമല്ല ക്രിസ്ത്യാനിയെയും നസറായൻ എന്നു വിളിച്ചിരുന്നു. ‘നസറായ മതത്തിനു മുമ്പൻ’ എന്നു പൗലൊസിനെ വിളിക്കുന്നത്, നസറെത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിലല്ല. പ്രത്യുത, നസറായനായ യേശുവിന്റെ അനുയായി എന്ന അർത്ഥത്തിലാണ്. (പ്രവൃ, 24:5). ക്രിസ്തുവിന്റെ അനുയായികളെ നിന്ദാസുചകമായി വിളിച്ച പേരാണ് നസറായർ. തല്മൂദിൽ അതിനു മതിയായ തെളിവുണ്ട്. (Sanhedrin 43a; 67a; 107b; Sotah 47a).

നരകം

നരകം (hel)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചുപദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ: 

1. ഷിയോൾ (പാതാളം): പാതാളം നിത്യവാസസ്ഥാനമല്ല; മരിച്ചു, പുനരുത്ഥാന പ്രതീക്ഷയിൽ പുനരുത്ഥാനംവരെ മൃതന്മാർക്കു കഴിയാനുള്ള താത്ക്കാലിക വാസസ്ഥാനം മാത്രം. 

2. ഹേഡീസ്: ഈ ഗ്രീക്കുപദം പുതിയ നിയമത്തിൽ പ്രന്തണ്ടു സ്ഥാനങ്ങളിൽ ഉണ്ട്. പതിനൊന്നിടത്തും മലയാളത്തിൽ പാതാളം എന്നു വിവർത്തനം ചെയ്തിരിക്കു ന്നു. 1കൊരിന്ത്യർ 15:55-ൽ മരണം എന്നും. പഴയനിയമത്തിൽ മരിച്ചവർ എല്ലാം തന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓർത്തു വിലപിച്ചു പറഞ്ഞതു: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നാണ്. (ഉല്പ, 37:35). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള മോചനമായിരുന്നു. പഴയനിയമഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും. അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14-15). 

ധനവാന്റെയും ലാസറിന്റെയും ഉപമയിൽ കർത്താവ് പാതാളത്തിനു രണ്ടു ഭാഗങ്ങളുണ്ടെന്നു വെളിപ്പെടുത്തി. ‘അബ്രാഹാമിന്റെ മടി’ എന്നു നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു പാതാളത്തിൽ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്റെ വലത്തു ഭാഗത്താക്കി. “അതുകൊണ്ടു; അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗത്തിനു മീതെ കയറിവനും ആകുന്നു.” (എഫെ, 4:8-10; സങ്കീ, 68:18). “നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ , കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു.” (സെഖ, 9:11,12). നീതിമാന്മാരുടെ വാസസ്ഥാനമാണ് പരദീസ. പുനരുത്ഥാനം വരെയും വിശ്വാസികൾ ഇവിടെ ക്രിസ്തുവിന്റെ സന്നിധിയിൽ ബോധപൂർവ്വം കഴിയുന്നു. (ഫിലി, 1:23-24; 2കൊരി, 5:6-8). പാതാളത്തിൽ ഒരു പിളർപ്പുകൊണ്ടു പരദീസയിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് ദുഷ്ടന്മാരുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ളസിംഹാസന ന്യായവിധിവരെ ലോകത്തുള്ള സകല പാപികളെയും അടച്ചിരിക്കുന്ന താത്ക്കാലിക കാരാഗൃഹമാണിത്. ഇവിടെയും ആത്മാക്കൾ ബോധപൂർവ്വമാണ് കഴിയുന്നത്. യാതനാസ്ഥലമായ ഇവിടെ വിടുതലില്ലാതെ അവർ പൂർവ്വകാര്യങ്ങൾ ഓർത്തു വേദനയും യാതനയും അനുഭവിക്കുന്നു. (ലൂക്കൊ, 16:23-31) 

3. അന്ധകാരം നരകം (ടാർട്ടറൊസ്): 2പത്രൊസ് 2:4-ൽ മാത്രമേ ഈ പേരുള്ളൂ. പാപം ചെയ്ത ദൂതന്മാരെ എന്നേക്കും അടച്ചിട്ടിരിക്കുന്ന നരകമാണിത്. (യൂദാ, 6).

4. അഗാധകുപം (abyss): അഗാധകൂപത്തെ കുറിക്കുന്ന അബുസ്സൊസ് എന്ന യവനപദത്തിനു ആഴമുള്ളത് എന്നർത്ഥം.(ലൂക്കൊ, 18:31; റോമ, 10:7; വെളി, 9:1-2; 11:7; 17:8; 20:1, 3). ദുർഭൂതങ്ങളെ അടച്ചിരിക്കുന്ന സ്ഥലമാണിത്. ഗദരദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ലെഗ്വോൻ അഗാധകൂപത്തിലേക്കു (പാതാളത്തിലേക്കല്ല) തങ്ങളെ പോകുവാൻ കല്പിക്കരുത് എന്നാണ് യേശുവിനോടു അപേക്ഷിച്ചത്. (ലൂക്കൊ, 8:31). അസംഖ്യം വെട്ടുക്കിളിപ്പടി അഗാധകൂപത്തിലുണ്ട്. (വെളി, 9:1, 11). മഹാപീഡനകാലത്ത് അഞ്ച് മാസത്തേക്കവയെ തുറന്നുവിടും. “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചുളയിലെ പുകപോലെ കൂപത്തിൽ നിന്നും പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.” (വെളി, 9:2-3). സഹസ്രാബ്ദാരംഭത്തിൽ സാത്താനെ ആയിരമാണ്ടേക്ക് അടച്ചിടുന്നതും അഗാധ കൂപത്തിലാണ്. (വെളി, 20:1-3, 7). 

5. നരകം (hell): നരകത്തെ കുറിക്കുന്നതിനു ഗ്രീക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണ് ഗീഹെന്നാ. ഹിന്നോം താഴ്വര എന്നാണ് അർത്ഥം. വിശ്വാസത്യാഗ കാലത്ത് യെഹൂദന്മാർ മോലേക്കിനു പൂജാഗിരികൾ പണിതു പൂജകൾ നടത്തിയത് ഇവിടെയായിരുന്നു. (1രാജാ, 11:7). യോശീയാ രാജാവിന്റെ കാലത്ത് ബെൻഹിന്നോം താഴ്വരയെ മ്ലേച്ഛസ്ഥാനമാക്കി മാറ്റി. അവിടെ ശവങ്ങൾ എറിഞ്ഞു കളകയും ദഹിപ്പിക്കുകയും ചെയ്തു. മനുഷ്യാസ്ഥികൾ കൊണ്ട് അവിടം നിറച്ചു. (2രാജാ, 23:10-14). തന്മൂലം, നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമവാസസ്ഥാനത്തെ കുറിക്കുവാൻ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തിൽ തന്നെയാണ് ക്രിസ്തു ഈ പദം പ്രായോഗിച്ചത്. 

പുതിയനിയമത്തിൽ ഗീഹെന്നാ പന്ത്രണ്ടു സ്ഥാനങ്ങളിലുണ്ട്. (മത്താ, 5:22, 29-30; 10:28; 18:9; 23:15, 33; മർക്കൊ, 9:43, 45, 47; ലൂക്കൊ, 12:5; യാക്കോ, 3:6). പാപികളുടെ അന്തിമ യാതനാസ്ഥാനമാണിത്. നരകത്തെക്കുറിച്ചു അധികം പറഞ്ഞിട്ടുള്ളതു ക്രിസ്തു തന്നെയാണ്. 

നരകത്തിന്റെ പേരുകളും വിശേഷണങ്ങളും: 

1. നിത്യാഗ്നി: (മത്താ, 18:8; 25:41).

2. നിത്യദണ്ഡനം: (മത്താ, 25:46).

3. നിത്യശിക്ഷ: (മർക്കൊ, 3:29). 

4. അഗ്നിനരകം: (മത്താ, 5:22; 18:9; മർക്കൊ, 9:44, 46-47).

5. തീപ്പൊയ്ക: (വെളി, 20:14-15).

6. തീയും ഗന്ധകവും കത്തുന്ന പൊയ്ക്ക: (വെളി, 21:8).

7. ഏറ്റവും പുറത്തുള്ള ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകത്തിലെ ദണ്ഡനോപാധികൾ: 

1. തീ: (മത്താ, 18:8; 25:41; മർക്കോ, 9:44, 46-47; യാക്കോ, 3:6; വെളി, 14:10; 20:14-15; 21:8).

2. ഗന്ധകം: (സങ്കീ, 11:6; യെശ, 30:33; വെളി, 14:10; 19:20; 21:8).

3. പുഴു: (യെശ, 14:1; മർക്കൊ, 9:44, 46, 48; 

4. പുക: (വെളി, 14:11).

5. ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകവാസികൾ: 

1. സാത്താനും അവന്റെ ദൂതന്മാരും; “പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (മത്താ, 25:41).

2. മൃഗവും കള്ള പ്രവാചകനും; “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും 

കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളി, 20:10). 

3. അവിശ്വാസികളും ദുഷ്ടന്മാരും; “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളി, 21:8).

യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും

യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും

1. അടിസ്ഥാനം — Foundation: (1കൊരി, 3:11).

2. അത്ഭുതമന്ത്രി — wonderful Counsellor: (യെശ, 9:6). 

3. അത്യുന്നതന്റ പുത്രൻ — Son of Highest: (ലൂക്കൊ,1:32).

4. അനന്യൻ — The Same: (എബ്രാ, 1:12). 

5. അന്തം — The End: (വെളി, 21:6). 

6. അന്ത്യൻ — The Last: (വെളി, 1:17). 

7. അപ്പൊസ്തലൻ — Apostle: (എബ്രാ, 3:1). 

8. അബ്രഹാമിന്റെ സന്തതി — Seed of Abraham: (ഗലാ, 3:16). 

9. അഭിഷിക്തൻ — Anointed: (സങ്കീ,2:2). 

10. അല്ഫ — Alpha: (വെളി,1:8). 

11. അറുക്കപ്പട്ട കുഞ്ഞാട് — The Lamb who was Slain: (വെളി, 5:8). 

12. അവകാശമുള്ളവൻ — Shiloh: (ഉല്പ, 49:10). 

13. ആകുന്നവൻ — Who Is: (വെളി, 1:8).

14. ആടുകളുടെ വാതിൽ — Gate for the Sheep: (യോഹ, 10:7). 

15. ആത്മാക്കളുടെ ഇടയൻ — Shepherd of Souls: (1പത്രൊ, 2:25). 

16. ആത്മാക്കളുടെ അദ്ധ്യക്ഷൻ — Bishop of Souls: (1പത്രൊ, 2:25). 

17. ആദി — The Beginning: (വെളി, 21:6). 

18. ആദ്യജാതൻ — Firstborn: (റോമ, 8:29). 

19. ആദ്യഫലം — First Fruit: (1കൊരി, 15:23). 

20. ആമേൻ — Amen: (വെളി, 3:14). 

21. ആയിരുന്നവൻ — Who Was: (വെളി, 1:8). 

22. ആരും അടക്കാത്തവണ്ണം തുറക്കുന്നവൻ — He who opens and no one shuts: (വെളി, 3:7). 

23. ആരും തുറക്കത്തവണ്ണം അടയ്ക്കുന്നവൻ — He who shuts and no one opens: (വെളി, 3:7). 

24. ആശ്വാസം — Consolation: (ലൂക്കൊ, 2:25). 

25. ഇടയൻ — Shepherd: (യോഹ, 10:2). 

26. ഇടയശ്രേഷ്ഠൻ — The Chief Shepherd: (1പത്രൊ, 5:4). 

27. ഇടർച്ചക്കല്ല് — Stumbling Stone: (റോമ 9:33; 1പത്രൊ, 2:7). 

28. ഇമ്മാനുവേൽ — Emmanuel: (മത്താ, 1:23). 

29. ഉദയം — Dayspring: (ലൂക്കൊ, 1:78). 

30. ഉദയനക്ഷത്രം — Day Star: (2പത്രൊ, 1:19). 

31. ഉറവു — Fountain: (സെഖ, 13:1). 

32. എന്റെ ദാസൻ — My Servant: (മത്താ, 12:17). 

33. എന്റെ മകൻ — My Son: (മത്താ, 2:15). 

34. എല്ലാവരുടെയും കർത്താവ് — Lord of all: (പ്രവൃ, 10:36).

35. ഏകകർത്താവ് — One Lord: (1കൊരി, 8:6). 

36. ഏകജാതൻ — Only begotten Son: (യോഹ, 3:16). 

37. ഏകൻ — As of One: (ഗലാ, 3:6). 

38. ഏകനാഥൻ — The only Lord God: (യൂദാ, 1:4).

39. ഏക പരിശുദ്ധൻ — Alone are Holy: (വെളി, 15:4). 

40. ഏകപുരുഷൻ — One Husband: (2കൊരി, 11:2). 

41. ഏക മദ്ധ്യസ്ഥൻ — One Mediator: (1തിമൊ, 2:5).

42. ഒടുക്കത്തവൻ — The Last: (വെളി, 22:13). 

43. ഒടുക്കത്തെ ആദാം — Last Adam: (1കൊരി, 15:45). 

44. ഒന്നാമൻ — That First: (വെളി, 22:13). 

45. ഒമേഗ — Omega: (വെളി, 1:8). 

46. കർത്താധികർത്താവ് — Lord of Lord: (വെളി, 19:16). 

47. കർത്താവ് — The Lord: (ലൂക്കൊ, 6:5). 

48. കർത്താവും ദൈവവും — Lord and God: (യോഹ, 20:20). 

49. കർത്താവും ക്രിസ്തുവും — The Lord and Christ: (പ്രവൃ, 2:36). 

50. കർത്താവായ ക്രിസ്തു — The Lord Christ: (കൊലൊ, 3:24). 

51. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് — Savior who is Christ the Lord: (ലൂക്കൊ, 2:11). 

52. കർത്താവായ ക്രിസ്തു യേശു — Christ Jesus the Lord: (1കരി, 15:31). 

53. കർത്താവായ യേശു — The Lord Jesus: (ലൂക്കൊ,24:3). 

54. കർത്താവായ യേശു ക്രിസ്തു — The Lord Jesus Christ: (പ്രവൃ, 10:36). 

55. കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു — The Lord and Savior Jesus Christ: (2പത്രൊ, 1:11). 

56. കാര്യസ്ഥൻ — Advocate: (1യോഹ, 2:1). 

57. കുഞ്ഞാട് — Lamb: (വെളി, 5:6). 

58. ക്രിസ്തു — Christ: (മത്താ, 1:16). 

59. ക്രിസ്തുയേശു — Christ Jesus: (റോമ 3:24). 

60. ക്രിസ്തുയേശു എന്ന കർത്താവ് — Christ Jesus our Lord: (1തിമൊ, 1:12). 

61. ഗുരു — Teacher: (മത്താ 23:8). 

62. ജീവൻ — Life: (യോഹ, 11:25). 

63. ജീവനായകൻ — Prince of Life: (പ്രവൃ, 3:14).

64. ജീവനുള്ള കല്ല് — Living Stone: (1പത്രൊ, 2:4). 

65. ജീവനുള്ളവൻ — Living One: (വെളി, 1:17).

66. ജീവന്റെ അപ്പം — Bread of Life: (യോഹ, 6:35). 

67. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതി — Judge of the living and the dead: (പ്രവൃ, 10:42).

68. ഞാൻ ആകുന്നവൻ — I AM: (യോഹ, 8:58).

69. ജ്ഞാനം — Wisdom: (1കൊരി, 1:30). 

70. തച്ചൻ — Carpenter: (മർക്കൊ, 6:3). 

71. തത്വത്തിന്റെ മുദ്ര — Express image of His person: (എബ്രാ, 1:3). 

72. തടങ്ങൽ പാറ — Rock of Offense: (1പത്രൊ, 2:7). 

73. തലവൻ — Governor: (മത്താ, 2:6). 

74. തേജസ്സിൻ്റെ കർത്താവ് — Lord of Glory: (1കൊരി, 2:8).

75. തേജസ്സിന്റെ പ്രഭ : Brightness of His Glory: (എബ്രാ, 1:3). 

76. ദാവീദു പുത്രൻ — Son of David: (മത്താ 15:22). 

77. ദാവീദിന്റെ താക്കോലു ള്ളവൻ — He who has the key of David: (വെളി, 3:7). 

78. ദാവീദിൻ്റെ വംശം — Offspring of David: (വെളി, 22:16).

79. ദാവീദിന്റെ വേര് — Root of David: (വെളി, 22:14). 

80. ദാവീദിന്റെ സന്തതി — Seed of David: (2തിമൊ, 2:8). 

81. ദാസൻ — Servant: (മത്താ, 12:17). 

82. ദൈവം — God: (യോഹ,1:1). 

83. ദൈവകൃപ — Grace of God: (തീത്തൊ, 2:11). 

84. ദൈവജ്ഞാനം — Wisdom of God: (1കൊരി, 1:24). 

85. ദൈവത്തിൻ്റെ അപ്പം — Bread of God: (യോഹ, 6:33).

86. ദൈവത്തിന്റ കുഞ്ഞാട് — Lamb of God: (യോഹ, 1:36). 

87. ദൈവത്തിന്റെ ക്രിസ്തു — The Christ of God: (ലൂക്കൊ, 9:20). 

88. ദൈവപ്രതിമ — Image of God: (2കൊരി, 4:4).

89. ദൈവമർമ്മത്തിന്റെ പരിജ്ഞാനം — Knowledge of the mystery of God: (കൊലൊ, 2:2). 

90. ദൈവമായ കർത്താവ് — The Lord of God: (വെളി, 18:8). 

91. ദൈവപുത്രൻ — Son of God: (ലൂക്കൊ, 1:35). 

92. ദൈവപുത്രനായ ക്രിസ്തു — Christ are the Son of God: (ലൂക്കൊ, 4:41). 

93. ദൈവവചനം — Word of God: (വെളി, 19:13).

94. ദൈവശക്തി — Power of God: (1കൊരി, 1:24). 

95. ധന്യനായ ഏകാധിപതി — Blessed and only Ruler: (1തിമൊ, 6:15).

96. ദൈവസൃഷ്ടിയുടെ ആരംഭം — Ruler of God Creation: (വെളി, 3:14). 

97. നല്ല ഇടയൻ — Good Shepherd: (യോഹ, 10:11). 

98. നല്ല ഗുരു — Good Master: (മർക്കൊ, 10:17). 

99. നസ്രായൻ — Nazarene: (മത്താ, 2:23).

100. നാഥൻ — Master: (ലൂക്കോ, 5:5).

101. നായകൻ — Master: (മത്താ, 23:10). 

102. നിത്യജീവൻ — Eternal Life: (1യോഹ, 1:2).

103. നിത്യരക്ഷയുടെ കാരണഭൂതൻ — Author of eternal salvation: (എബ്രാ, 5:9). 

104. നിത്യരാജാവ് — The King eternal: (1തിമൊ, 1:17).

105. നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാട് — A Lamb without blemish or defect: (1പത്രൊ, 1:19).

106. നീതി — Righteousness: (1കൊരി, 1:30). 

107. നീതിസൂര്യൻ — Son of Righteousness: (മലാ, 4:2). 

108. നീതിമാൻ — Righteous One: (പ്രവൃ, 10:52).

109. ന്യായപ്രമാണകർത്താവ് — Lawgiver: (യാക്കോ, 4:12). 

110. ന്യായാധിപതി — Judge: (യാക്കോ, 4:12). 

111. ന്യായാധിപതിയായ കർത്താവ് — The Lord the Righte- ous Judge: (2തിമൊ,4:8). 

112. പറഞ്ഞുതീരാത്ത ദാനം — Unspeakable Gift: (2കൊരി,9:15). 

113. പരിശുദ്ധൻ — The Holy One: (ലൂക്കൊ, 4:34). 

114. പാപികളുടെ സ്നേഹിതൻ — Friend of sinners: (മത്താ, 11:19). 

115. പാറ — Rock: (1കൊരി,10:4). 

116. പുതിയ നിയമത്തിൻ്റെ മദ്ധ്യസ്ഥൻ — The Mediator of a new covenant: (എബ്രാ, 9:15).

117. പുനരുദ്ധാനം — Resurrection: (യോഹ 11:25). 

118. പൂർത്തിവരുത്തുന്നവൻ — Finisher: എബ്രാ, 2:2). 

119. പെസഹാക്കുഞ്ഞാട് — Passover Lamb: (1കൊരി, 5:7). 

120. പ്രകാശം — A Light: (ലൂക്കൊ, 2:30). 

121. പ്രത്യാശ — Hope: (1തിമൊ, 1:1).

122. പ്രഭു — Prince: (പ്രവൃ, 5:31). 

123. പ്രവാചകൻ — Prophet: (പ്രവൃ, 3:22). 

124. പ്രായശ്ചിത്തം — Propitiation: (1യോഹ, 2:2). 

125. പ്രിയനായവൻ — Beloved: (എഫെ, 1:6). 

126. പ്രിയപുത്രൻ — Beloved Son: (മത്താ, 3:16). 

127. ബലവാൻ — Mightier: (മത്താ, 3:11). 

128. ഭൂരാജാക്കന്മാർക്ക് അധിപതി — The Ruler over the Kings of the Earth: (വെളി, 1:5). 

129. മണവാളൻ — Bridegroom: (മത്താ, 9:15). 

130. മദ്ധ്യസ്ഥൻ — Mediator: (1തിമൊ, 2:5). 

131. മനുഷ്യൻ — Man: (1തിമൊ, 2:5). 

132. മനുഷ്യപുത്രൻ — Son of Man: (മത്താ, 18:11). 

133. മറിയയുടെ മകൻ — Son of Mary: (മർക്കൊ, 6:3). 

134. മറുവില — Ransom: (1 തിമൊ 2:6). 

135. മരിച്ചവരിൽ ആദ്യജാതൻ — The first born from the dead: (കൊലൊ, 1:18). 

136. മശിഹ — Messiah: (യോഹ, 1:41). 

137. മഹത്വം — The Glory: (ലൂക്കൊ, 2:30). 

138. മഹത്വത്തിന്റെ പ്രത്യാശ — Hope of Glory: (കൊലൊ, 1:27). 

139. മഹാദൈവം — Great God: (തീത്തൊ, 2:2). 

140. മഹാപുരോഹിതൻ — High Priest: (എബ്രാ, 3:1(. 

141. മഹാസന്തോഷം — Great Joy: (ലൂക്കൊ, 2:10). 

142. മുന്തിരിവള്ളി — Vine: (യോഹ 15:1). 

143. മുള — Branch: (യെശ,11:1). 

144. മൂലക്കല്ല് — Cornerstone: (എഫെ, 2:20). 

145. യാഗം — Sacrifice: (എഫെ, 5:2). 

146. യിസ്രായേലിന്റെ രാജാവ് — King of Israel: (യോഹ, 1:49). 

147. യെഹൂദന്മാരുടെ രാജാവ് — King of the Jews: (മത്താ, 2:2).

148. യെഹൂദാ ഗോത്രത്തിലെ സിംഹം — Lion of the Tribe of Judah: (വെളി, 5:5). 

149. യേശു — Jesus: (മത്താ, 1:21). 

150. യേശു എന്ന കർത്താവ് — The Lord Jesus: (പ്രവൃ, 9:17). 

151. യേശുക്രിസ്തു — Jesus Christ: (മത്താ, 1:1). 

152. യേശുക്രിസ്തു എന്ന ഏക കർത്താവ് — One of the Lord Jesus Christ: (1കൊരി,8:6). 

153. യേശുക്രിസ്തു എന്ന ഏകൻ — One of the Jesus Christ: (റോമ, 5:7). 

154. യേശു എന്ന നസറെത്തുകാരൻ — Jesus of Nazareth: (യോഹ, 1:45). 

155. യേശു എന്ന പരിശുദ്ധ ദാസൻ — Holy Servant of Jesus: (പ്രവൃ, 4:27). 

156.യേശു എന്ന രക്ഷിതാവ് — Savior Jesus: (പ്രവൃ, 13:23). 

157. രണ്ടാം മനുഷ്യൻ — Second Man: (1കൊരി, 15:47). 

158. രക്ഷ — Salvation: ലൂക്കൊ, 2:31. 

159. രക്ഷയുടെ കൊമ്പ് – Horn of Salvation: (ലൂക്കൊ, 1:71). 

160. രക്ഷാനായകൻ — Author of Salvation: (എബ്രാ, 3:0). 

161. രക്ഷിതാവ് — Savior: (ലൂക്കൊ, 2:11). 

162. രക്ഷിതാവായ യേശു — ക്രിസ്തു– Savior Jesus Christ: (2തിമൊ, 1:10). 

163. രാജാധിരാജാവ് — King of Kings: (വെളി, 19:16). 

164. റബ്ബീ — Master: (മത്താ, 26:25).

165. റബ്ബൂനി — Rabboni: (യോഹ, 20:16).

166. ലോകത്തിന്റെ വെളിച്ചം — Light of the World: (യോഹ,8:12). 

167. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റ കുഞ്ഞാട് — The Lamb of God who takes away the sin of the world: (യോഹ, 1:29). 

168. ലോകരക്ഷിതാവ് — Savior of the World: (യോഹ, 4:42). 

169. ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട് — The Lamb who was slain from the foundation of the world: (വെളി, 13:8). 

170. ലോകസ്ഥാപനത്തിന്നു മുമ്പേ മുന്നറിയപ്പെട്ടവൻ — He indeed was foreordained before the foundation of the world: (1പത്രൊ, 1:25). 

171. വചനം — The Word: (യോഹ, 1:1). 

172. വന്ദ്യനായവന്റെ പുത്രൻ — Son of the Blessed: (മർക്കൊ, 14:61). 

173. വരുന്നവൻ — Who is to Come: (വെള, 1:8). 

174. വലിയ ഇടയൻ — Great Shepherd: (എബ്രാ, 13:20). 

175. വഴി — The Way: (യോഹ, 14:6). 

176. വഴിപാട് — Offering: (എഫെ, 5:2). 

177. വാതിൽ — Door: (യോഹ, 14:6).

178. വിടുവിക്കുന്നവൻ — Deliverer: (റോമ,11:27). 

179. വിശുദ്ധൻ — He who is Holy: (വെളി, 3:7). 

180. വിശുദ്ധപ്രജ — Holy thing: (ലൂക്കൊ, 1:35). 

181. വിശ്വസ്തൻ — The Faithful: (വെളി, 3:14). 

182. വിശ്വസ്ത സാക്ഷി — Faithful Witness: (വെളി, 1:5). 

183. വിശ്വാസത്തിന്റ നായകൻ — Author of faith: (എബ്രാ, 12:2). 

184. വീണ്ടെടുപ്പ് — Redemption: (1കൊരി, 1:30(. 

185. വീരനാം ദൈവം — The Mighty God: (യെശ, 9:6(. 

186. വൈദ്യൻ — Physician: (മത്താ, 9:12).

187. ശുദ്ധീകരണം — Sanctification: (1കൊരി, 1:30). 

188. ശുഭ്രമായ ഉദയനക്ഷത്രം — Bright and Morningstar: (വെളി, 22:14). 

189. ശ്രേഷ്ഠ മഹാപുരോഹിതൻ — Great high Priest: (എബ്രാ, 4:16).

190. ശ്രഷ്ഠവും മാന്യവുമായ മൂലക്കല്ല് — A chosen and precious cornerstone: (1പത്രൊ, 2:6).

191. സകലത്തിനും അവകാശി — Heir of all things: (എബ്രാ, 1:2).

192. സകലത്തിനും ആധാരം — All thing Consist: (കൊലൊ, 1:17). 

193. സകലത്തെയും ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ — Upholding all things by the Word of His power: (എബ്രാ, 1:3(. 

194. സത്യം — The Truth: (യോഹ, 14:6). 

195. സത്യദൈവം — True God: (1യോഹ, 5:20). 

196. സത്യവാൻ — The same is True: (യോഹ, 7:18). 

197. സത്യവെളിച്ചം — The True Light: (യോഹ, 1:9). 

198. സത്യസാക്ഷി — True Witness: (വെളി, 3:14). 

199. സഭയുടെ തല — Head of the Church: (കൊലൊ, 1:18). 

200. സമാധാനം — Peace: (എഫെ, 2:14). 

201. സമാധാനപ്രഭു — The Prince of Peace: (യെശ, 9:6). 

202. സർവ്വജാതികളുടെയും രാജാവ് — King of the ages: (വെളി, 15:3).

203. സർവ്വത്തിനു മീതെ തല — Head over everything: (എഫെ, 1:22).

204. സർവ്വത്തിനും മീതെ ദൈവം — Over all God: (റോമ, 9;5). 

205. സർവ്വത്തിനും മുമ്പേ ഉള്ളവൻ — He is before all things: (കൊലൊ, 1:17). 

206. സർവ്വശക്തൻ — Almighty: (വെളി, 1:8). 

207. സർവ്വസൃഷ്ടിക്കും ആദ്യജാതൻ — The firstborn over all creation: (കൊലൊ, 1:15). 

208. സ്ത്രീയുടെ സന്തതി — Seed of the Woman: (ഉല്പ, 3:15). 

209. സൗഖ്യദായകൻ — Healer: (മത്താ 4:24). 

210. സ്വർഗ്ഗീയൻ — The man of Heaven: (1കൊരി, 15:48).

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ…. നാമം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19-20)

കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്നാനം. അടുത്തത് കർത്തൃമേശയാണ്. സ്നാനം ഒരിക്കലായും കർത്തൃമേശ നിരന്തരമായും ആചരിക്കണം. സ്നാനം എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അനുഷ്ഠിക്കുന്നുവെങ്കിലും, ഏത് നാമത്തിലാണ് സ്നാനപ്പെടേണ്ടതെന്ന് എല്ലാവർക്കും അറിയില്ല. അതിനാൽ സ്നാനമേല്ക്കേണ്ട നാമത്തെക്കുറിച്ചുള്ള ബൈബിൾ വിവരങ്ങൾ താഴെ ചേർക്കുന്നു:

പിതാവും പുത്രനും പരിശുദ്ധാത്മാവും: പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. എന്നാൽ പ്രസ്തുത വാക്യത്തിൽ; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം എന്ന വാക്യാംശം, വ്യത്യസ്തരായ വ്യക്തികളെ കുറിക്കുന്നതല്ല. വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ, ഭാഷാപരമായി ആ വാക്യാംശം അബദ്ധം ആകുമായിരുന്നു. എന്തെന്നാൽ, വ്യത്യസ്ത വ്യക്തികളെ ചേർത്തു പറയുമ്പോൾ, നാമം അഥവാ, ഒനോമ (onoma) എന്ന ഏകവചനമല്ല. നാമങ്ങൾ അഥവാ, ഒനോമാട്ട (onomata) എന്ന ബഹുവചനം വരുമായിരുന്നു. തന്മൂലം, നാം ആദ്യം ചിന്തിക്കുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ് എന്നാണ്. അതിനുശേഷം, ഏകവചനത്തിൻ്റെയും ബഹൂവചനത്തിൻ്റെയും തെളിവുകളും മറ്റ് തെളിവുകളും ബൈബിളിൽ നിന്ന് നോക്കാം. ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. തന്മൂലം, പ്രസ്തുത വാക്യത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ലെങ്കിൽ, പിന്നെ ആരാണെന്ന് അറിയണം. അത് അറിയണമെങ്കിൽ, ആദ്യം ഏകദൈവത്തിൻ്റെ പ്രകൃതിയാണ് അറിയേണ്ടത്.

ഏകദൈവത്തിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം മനസ്സിലാക്കേണ്ടത്. “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്.

ദൈവം ഒരുത്തൻ മാത്രം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്.അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. തന്മൂലം, സത്യദൈവത്തിന് സമനായോ സദൃശനായോ ആരും ഉണ്ടാകുക സാദ്ധ്യമല്ല. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2). ദൈവത്തെ ആർക്കും ഒരുനാളും കാണാൻ കഴിയില്ലെങ്കിൽ, പഴയപുതിയനിയമങ്ങളിൽ കണ്ടതാരെയാണ്? അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ അഥവാ, വെളിപ്പാടുകൾ (manifestations) ആണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്.

സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ദൈവം, തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല, പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. തന്മൂലം, അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയ്ക്കും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ, ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തിന് അനവധി പ്രത്യക്ഷതകളുണ്ടെങ്കിലും, സൃഷ്ടി നടത്താനും, സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും, മനുഷ്യസാദൃശ്യത്തിലുമുള്ള സ്വർഗ്ഗത്തിലെ ഏകപ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ആ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം, എപ്പോഴും കാണുന്നു, എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെ, പഴയനിയമ ഭക്തന്മാരായ മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1-5), യെഹെസ്ക്കേലും (1:26-28), ദാനീയേലും 7:9-10 കണ്ടിട്ടുണ്ട്. പുതിയനിയമത്തിൽ യോഹന്നാനും കണ്ടിട്ടുണ്ട്. (വെളി, 4:1-11). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാർ ദൈവത്തെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 1:8). സിംഹാസനത്തിൽ ഇരിക്കുന്നവന്റെ രൂപം മനുഷ്യസാദൃശ്യമാണെന്ന്  യെഹെസ്ക്കേലും ദാനീയേലും സാക്ഷ്യപ്പെടുത്തുന്നു. (യെഹെ, 1:26; 8:2; ദാനീ,7:9).

അദൃശ്യനായ ഏകദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് (Father, the only true God) പരിശുദ്ധ മനുഷ്യനായ ക്രിസ്തുവും (യോഹ, യോഹ, 6:69; 8:40; 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41,; 1കൊരി, 8:6; എഫെ, 4:6). ബാക്കിയെല്ലാ പ്രത്യക്ഷതകളും മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകളെല്ലാം അതിൽത്തന്നെ പൂർണ്ണമാണ്; മായയോ, മന്ത്രമോ ഒന്നുമല്ല. അതിൻ്റെ ഏറ്റവും നല്ല തെളിവാണ്, യേശുവെന്ന നാമത്തിലുള്ള മനുഷ്യപ്രത്യക്ഷത. അവൻ പാപമൊഴികെ എല്ലാ മനുഷ്യരെപ്പോലെ ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21; എബ്രാ, 4:15; 10:5). അദൃശ്യനായ ഏകദൈവം പല നിലകളിൽ മനുഷ്യർക്ക് പ്രത്യക്ഷനായിട്ടുണ്ട്. സർവ്വശക്തിയുള്ള ദൈവമായിട്ടും (ഉല്പ, 17:1). മമ്രേയുടെ തോപ്പിൽ മനുഷ്യനായിട്ടും (ഉല്പ, 18:1-2). യഹോവയെന്ന നാമത്തിൽ ദൈവമായിട്ടും (പുറ, 3:16; 6:3). അദൃശനായ ആത്മാവായിട്ടും (1ശമൂ, 16:13), യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും (മത്താ, 1:21, 1തിമൊ, 3:14-16), യേശുവെന്ന നാമത്തിൽ ദൈവമായിട്ടും (മർക്കൊ, 16:14; യോഹ, 20:28), ഏഴ് ആത്മാവായിട്ടും (വെളി, 1:4, 4:5), മാറിൽ പൊൻകച്ചകെട്ടിയ മനുഷ്യപുത്രനോടു സദൃശനായിട്ടും (വെളി, 1:13), അറുക്കപ്പെട്ടതും ഏഴ് കൊമ്പുകളും കണ്ണുകളുമുള്ള കുഞ്ഞാടായും വെളിപ്പെട്ടിട്ടുണ്ട്. (വെളി, 5:6). ആത്മാവിൻ്റെ വെളിപ്പാട് പൊതുവെ അദൃശ്യമാണെങ്കിലും (യോഹ, 3:5-8), പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം ദൃശ്യരൂപത്തിൽ വെളിപ്പെട്ടിട്ടുണ്ട്. (ലൂക്കോ, 1:22; പ്രവൃ, 2:3).

അദൃശ്യനും ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയ നിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. യേശുവെന്ന ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1തിമൊ, 3:14-16). അവിടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നുകിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതായത്, അഗോചരനായ ഏകദൈവത്തിൻ്റെ വ്യത്യസ്തമായ പല പ്രത്യക്ഷതകളിൽ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്നു പ്രത്യക്ഷതകൾ അഥവാ, manifestations  ആണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത്. അല്ലാതെ, മൂന്ന് വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ അല്ല. എന്നാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 3:16). എന്തെന്നാൽ, ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2-5-6). അതുകൊണ്ടാണ്, പിതാവിനെ; തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32,37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത്, ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). സുവിശേഷ ചരിത്രകാലത്ത്, താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23).

ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല,. എന്നാൽ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത ഒരു മനുഷ്യവ്യക്തി ഉണ്ടായിരുന്നു. (1തിമൊ, 3ൻ്റെ14:16). അതായത്, സകല മനുഷ്യരും പാപികൾ ആയതിനാൽ (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12), മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ പാപമറിയാത്ത മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തി അപ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6 8; 1തിമൊ, 3:16; എബ്രാ, 2:14-15). അതായത്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40). യേശുവിൻ്റെ ജനനത്തിനുമുമ്പെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് നോക്കുക: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കൊ 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവ് അഥവാ, യഹോവ എടുത്തമമനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു. (യെശ, 25:8-9; 35:4-6; 40:3). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്, ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തു യേശുവാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് അവൻ തന്നെത്തന്നെ ദൈവത്തിനു അർപ്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:22-24,36). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ അഥവാ, പിതാവിൻ്റെ സന്നിധിയിലേക്ക് കരേറിപ്പോയതോടുകൂടി, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). ജഡത്തിൽ പ്രത്യക്ഷനായ മനുഷ്യൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. (എബ്രാ, 10:5).

അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസ് യേശുവിനോട് പറഞ്ഞത്; കർത്താവേ, പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരേണം എന്നാണ്. യേശുവിൻ്റെ മറുചോദ്യം; നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നു. (1തിമൊ, 2:5-6). അതുകൊണ്ട്, ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും.

അതായത്, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പിതാവായ ഏകദൈവം അല്ലാതെ, പുത്രൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല. അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണ്. പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് ഏക ദൈവം പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. അവനെയാണ് തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (മർക്കൊ, 16:14; യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. ദാവീദ് രാജാവ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് സംബോധന ചെയ്തവനെ തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (സങ്കീ, 35:23; യോഹ, 20:28). അതായത്, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളുമാണ് പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത്. അല്ലാതെ, വ്യത്യസ്ത വ്യക്തികളല്ല. അതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma) എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്.

ഒനോമയും ഒനോമാട്ടയും: ഇനി, നാമവും (onoma) നാമങ്ങളും (onomata) എന്ന വിഷയമാണ്. മത്തായി 28:19-ൽ “നാമം” (Name) എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒനോമ (onoma) ആണ്. നാമം അഥവാ പേര് (name) എന്ന ഏകവചനത്തെ കുറിക്കുന്ന “ഒനോമ” ഇരുന്നൂറ്റി മുപ്പതോളം പ്രാവശ്യമുണ്ട്. ഉദാ: (മത്താ, 1:21,22,25; 6:9). നാമങ്ങൾ (Names) അഥവാ, പേരുകൾ എന്ന ബഹുവചനത്തെ കുറിക്കുന്ന ഒനോമാട്ട (onomata) എന്ന ഗ്രീക്കുപദം പത്ത് പ്രാവശ്യവുമുണ്ട്. ഉദാ: (മത്താ, 10:2; ലൂക്കൊ, 10:20; വെളി, 21:12,14). സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. മൂലഭാഷയും, കെ.ജെ.വി, സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി തുടങ്ങിയ പരിഭാഷകൾ പരിശോധിക്കുക. എബ്രായയിൽ, നാമം എന്ന ഏകവചനത്തെ കുറിക്കുന്ന “ഷാം” എന്നൊരു പദമുണ്ട്. (ഉല്പ, 2:11; 3:20; 4:17). നാമങ്ങൾ എന്ന ബഹുവചനത്തെ കുറിക്കുന്ന “ഷമോത്ത്” എന്ന പദവുമുണ്ട്. (ഉല്പ, 36:10, 40; 46:8). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ നാമം എന്ന ഏകവചനത്തെ സൂചിപ്പിക്കുന്ന ഒനോമ 531 വാക്യങ്ങളിലുണ്ട്. (ഉല്പ, 2:11,13; 3:20). നാമങ്ങൾ എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന ഒനോമാട്ട 50 വാക്യങ്ങളിലുമുണ്ട്. (ഉല്പ, 36:10,40; 46:8). അതായത്, ഒന്നിലേറെ വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് പറയുമ്പോൾ, നാമങ്ങൾ അഥവാ, പേരുകൾ എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു പദം എബ്രായയിലും ഗ്രീക്കിലുമുണ്ട്. ബഹുവചനത്തിൻ്റെ തെളിവുകൾ നോക്കാം:

1. “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.” (സംഖ്യാ, 3:2). ഇവിടെ ശ്രദ്ധിക്കുക. വ്യത്യസ്ത വ്യക്തികളായ നാലുപേരെക്കുറിച്ചു പറയുമ്പോൾ, പേര് എന്ന ഏകവചനം ഉപയോഗിക്കാതെ, പേരുകൾ എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ അഹരോനെന്ന ഏകമനുഷ്യൻ്റെ മക്കളും സഹോദരന്മാരുമാണെന്ന് ഓർക്കണം. അതായത്, മനുഷ്യരെന്ന നിലയിൽ അവർ ഒന്നാണെന്ന് പറഞ്ഞാലും, വ്യക്തികളെന്ന നിലയിൽ അവർ വ്യത്യസ്തരാണ്. അതിനാൽ, ഭാഷയുടെ വ്യാകരണ നിയമപ്രകാരം നാമം അവിടെ പറ്റില്ല. അതുകൊണ്ടാണ് നാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

2. “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെയും നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ മൂന്ന് വ്യക്തികളാകയാലാണ്, പേരുകൾ അഥവാ, നാമങ്ങൾ എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. അവർ ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും സഹോദരന്മാരെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ പേര് എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.

3. “പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2-4). സത്യവേദപുസ്തകത്തിൽ പേരാവിത് എന്നാണ് കാണുന്നത്. ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ നെയിംസും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി തുടങ്ങിയവ കാണുക. അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് പേര് എന്ന ഏകവചനം ഉപയോഗിക്കാതെ, പേരുകൾ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായൊരു കാര്യംകൂടി കാണിക്കാം. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിനു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണാം. (യോഹ, 17:23). അതായത്, ക്രിസ്തു തലയായ അവൻ്റെ ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിലും, ക്രിസ്തു താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർ എന്ന നിലയിലും, വിശേഷാൽ ക്രിസ്തുവിൻ്റെ പ്രാർത്ഥനയാലും അവർ ഐക്യത്തിൽ ഒന്നാണ്. (എഫെ, 1:22-23). എന്നിട്ടും, അവരെ ചേർത്ത് പറയുമ്പോൾ, നാമമല്ല; നാമങ്ങൾ എന്നാണ് പറയുന്നത്. എന്തെന്നാൽ, ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണ നിയമപ്രകാരം നാമം എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരുടെ പേരുകൾ അഥവാ, നാമങ്ങൾ എന്ന് കാണുന്നത്.

4. “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” “ലൂക്കോ, 10:20). സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. എന്നാൽ, ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ പേരുകളും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി തുടങ്ങിയവ കാണുക. വിശ്വാസികൾ എല്ലാവരും ആത്മസ്നാനത്താൽ, ക്രസ്തു തലയായിരിക്കുന്ന അവൻ്റെ ഏക ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിൽ ഒന്നാണ്. (1കൊരി, 12:12-13; എഫെ, 1:22-23). എന്നിട്ടും, സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും ചേർത്ത് പേരല്ല ഉള്ളത്; പേരുകളാണ് ഉള്ളത്. എന്തെന്നാൽ, നാം ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും പല വ്യക്തികളാണ്. പല വ്യക്തികളെ ചേർത്തുപറയുമ്പോൾ, ഭാഷയുടെ നിയമപ്രകാരം നാമമെന്നല്ല; നാമങ്ങളെന്നാണ് പറയുന്നത്.

5. “നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.” (വെളി, 21:14). ഐക്യത്തിൽ ഒന്നായ പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണ് ഉള്ളത്. അതായത്, വ്യത്യസ്ത വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് ഒരു സാഹച ര്യത്തിലും പേർ അഥവാ, നാമം എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അനേകർ കരുതുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തിയായിരുന്നെങ്കിൽ ഭാഷാപരമായി മത്തായി 28-19 അബദ്ധമായിമാറും. തന്മലം, ആ വാക്യത്തിലുള്ളത് മൂന്ന് വ്യത്യസ്ത വ്യക്തികളല്ല. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ (manifestations) ആണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് മനസ്സിലാക്കാം. അതായത്, അക്ഷയനും അദൃശ്യനുമായ മോണോസ് തിയൊസിൻ്റെ (monos theos – The only God) മൂന്ന് പ്രത്യക്ഷതകകളും പദവികളും ആയതുകൊണ്ടാണ്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ ഓരോ തെളിവുകൂടി തരാം: 1. യെശയ്യാവ് ഒരുത്തൻ്റെ നാല് പ്രാവചനിക നാമം (Prophetic Name) പറയുമ്പോൾ, നാമം എന്ന് ഏകവചനം പറയുന്നത് കാണാം. “അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ വേദഭാഗത്ത്, പേര് അഥവാ, നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. എന്തെന്നാൽ, ഈ നാലു പ്രാവചനിക നാമവും നാലു വ്യക്തിയെക്കുറിച്ചല്ല; ഏകനെക്കുറിച്ചാണ്. വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ, നാമങ്ങൾ എന്ന ബഹുവചനം വരുമായിരുന്നു. അതുപോലെ, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ അഥവാ, ഒരേയൊരു ദൈവത്തിൻ്റെ (monos theos – The only God) മൂന്ന് വെളിപ്പാടുകളും പദവികളും ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. 2. ബാഹ്യമായ മറ്റൊരു തെളിവുതരാം: ഇതൊരു ഉപമ മാത്രമാണ്. പുളിച്ച മാവിന് ദൈവരാജ്യവുമായ യാതൊരു ബന്ധവും ഇല്ലാത്തപോലെ, ഈ ഉപമയിൽ പറയുന്ന ആൾക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പൊതുഭരണമന്ത്രിയുടെയും നാമം എന്ന് പറഞ്ഞാൽ, ആ വാക്യാംശത്തിൻ്റെ വ്യാകരണം കൃത്യമാണ്. എന്തെന്നാൽ, ആ മൂന്ന് പദവികളും വഹിക്കുന്നത് പിണറായി വിജയൻ എന്ന ഏക വ്യക്തിയാണ്. ഇനി, വ്യത്യസ്ത വ്യക്തികളാണ്, ആ മൂന്ന് പദവികൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ, നാമം എന്ന ഏകവചനം പറയാൻ കഴിയില്ല. നാമങ്ങൾ എന്ന ബഹുവചനം പറയണം. എന്തെന്നാൽ, ഭാഷാപരമായി ഒന്നിലേറെ വ്യക്തികളെയൊ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്തു പറയുമ്പോൾ, നാമങ്ങൾ എന്ന ബഹുവചനമാണ് വരേണ്ടത്. തന്മൂലം, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളും പദവികളും ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ നാമം അഥവാ, ഒനോമ എന്ന ഏകവചനം പറയാൻ കഴിയില്ല. നാമങ്ങൾ അഥവാ, ഒനോമാട്ട എന്ന ബഹുവചനം പറയുമായിരുന്നു. ദൈവത്തെക്കുറിച്ചാണ് ബൈബിൾ പറയുന്നതെങ്കിലും, മനുഷ്യനു മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരാണ് ബൈബിൾ എഴുതിയിരിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുക്കൊണ്ട്, സദുപദേശത്തെ ദുരുപദേശമാക്കാൻ ആർക്കുവേണേലും കഴിയും. അതുവെച്ചുകൊണ്ട്, കുറേക്കാലം എല്ലാവരെയും വഞ്ചിക്കുകയും ചെയ്യാം. എന്നാൽ, ദൈവത്തിൻ്റെ ന്യായവിധി തെറ്റിയൊഴിയാൻ കഴിയുമോ? ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരം എന്നാണ് എബ്രായലേഖകൻ പറയുന്നത്. (10:31).

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവിൻ്റെ കല്പന.” പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന ഏകവചന പ്രയോഗം ഒരു സംജ്ഞാനാമത്തെ അഥവാ, ഒരു പ്രത്യേക പേരിനെയാണ് സൂചിപ്പിക്കുന്നത്. അല്ലാതെ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന മൂന്ന് വ്യക്തികളുടെ സ്ഥാനനാമത്തിൽ സ്നാനം കഴിപ്പിക്കാനായിരുന്നെങ്കിൽ, നിശ്ചയമായും നാമങ്ങൾ എന്ന ബഹുവചനം കർത്താവ് പറയുമായിരുന്നു. തന്മൂലം, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾക്കും പുതിയനിയമത്തിൽ ഒരു നാമം അഥവാ, സംജ്ഞാനാമം നിശ്ചയമായും ഉണ്ടാകണം. അല്ലെങ്കിൽ, കർത്താവിൻ്റെ കല്പന അബദ്ധമായിമാറും. നമുക്കുനോക്കാം: പുത്രൻ്റെ നാമം അഥവാ, സംജ്ഞാനാമം യേശു, ആണെന്ന് മത്തായി 1:21-ൽ പറഞ്ഞിരിക്കുന്നു. അക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്നു പേർ ഇടേണം.” എന്നാൽ, യേശുവെന്ന പുത്രൻ പറയുന്നു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു.” (യോഹ, 5:43). തന്മൂലം, പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നു തന്നെയാണെന്ന് മനസ്സിലാക്കാമല്ലോ. പിതാവിൻ്റെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാലു സുവിശേഷകന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സന്ദർഭമുണ്ട്: യേശു ദൈവാലയത്തിലേക്ക് കഴുതപ്പുറത്തുകയറി യാത്ര ചെയ്യുമ്പോൾ പുരുഷാരം ആർത്തുവിളിക്കുന്നത്, യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന പഴയനിയമ വേദഭാഗമാണ്. (സങ്കീ, 118:26; മത്താ, 21:9; മർക്കോ, 11:9; ലൂക്കോ, 13:35; യോഹ, 12:13). അടുത്ത തെളിവ്: യോഹന്നാൻ 1711-12-ൽ “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് യേശു പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം, എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ അതിനർത്ഥം, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു എന്നാണല്ലോ? അടുത്ത തെളിവ്: പുത്രൻ പിതാവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: “ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു, കർത്താവേ നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു.” (ലൂക്കൊ, 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). മാത്രമല്ല, പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യുവാനാണ് കല്പിച്ചിരിക്കുന്നത്. (കൊലൊ, 3:17). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും, ആ നാമം യേശു എന്നാണെന്നും വ്യക്തമാണല്ലോ? അടുത്ത തെളിവ്: “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ? അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം യേശു എന്നാണ്. അഥവാ, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. (യോഹ, 17:11-12). പരിശുദ്ധാത്മാവ് വരുന്നതും യേശുവിൻ്റെ നാമത്തിലാണ്: “എങ്കിലും പിതാവ് എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ, 14:26). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് ഒരിക്കലും വിഭിന്നനായിരുന്നിട്ടില്ല. അതുകൊണ്ടാണ്, പരിശുദ്ധാത്മാവിനു പഴയനിയമത്തിലോ, പുതിയനിയമത്തിലോ പ്രത്യേകമായൊരു പേർ പറയാത്തത്. ക്രിസ്തു അഥവാ അഭിഷിക്തൻ എന്ന പുത്രൻ്റെ സ്ഥാനനാമം അപ്പൊസ്തലിക കാലത്ത് ആത്മനിയോഗത്താൽ യേശു എന്ന സംജ്ഞാനാമത്തോട് ചേർക്കപ്പെട്ട്, യേശുക്രിസ്തു എന്ന ഏകനാമമായി മാറിയതാണ്. (പ്രവൃ, 2:38. ഒ.നോ: 4:12; 10:48; കൊലൊ, 3:17). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ഏകനാമം യേശു അഥവാ, യേശുക്രിസ്തു ആണെന്ന് വ്യക്തമാണല്ലോ?

പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു ആണെന്നതിനു വ്യക്തമായ തെളിവ് അപ്പൊസ്തലപ്രവൃത്തികളിൽ ഉണ്ട്. കർത്താവ് ശിഷ്യന്മാർക്ക് മഹാനിയോഗം നല്കിയപ്പോൾ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ, അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിലാണ് കല്പിച്ചത്. (മത്താ, 28:19). അവർക്കത് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. അവർ ഏത് നാമത്തിലാണോ സ്നാനം കഴിപ്പിച്ചത്, ആ നാമമാണ് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം. അവർ കർത്താവിൻ്റെ കല്പന കേട്ടയുടനെ പോയി ആരെയും സ്നാനം കഴിപ്പിച്ചില്ല. പത്തുദിവസം കഴിഞ്ഞ്, പെന്തെക്കൊസ്തു നാളിൽ പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടെമേൽ അവരോഹണം ചെയ്തശേഷം, ആത്മനിയോഗത്താലാണ് അവർ സുവിശേഷം അറിയിച്ചതും സ്നാനം കഴിപ്പിച്ചതും. പെന്തെക്കൊസ്ത് നാളിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 2:38). പെന്തെക്കൊസ്തിലെ ശിഷ്യന്മാരെ മാത്രമല്ല, ശമര്യയിലെ ശിഷ്യന്മാരും, കൊർന്നേല്യൊസും ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും യേശുവിൻ്റെ നാമത്തിലാണ് സ്നാനം സ്വീകരിച്ചത്. (പ്രവൃ, 8:16; 10:48; 19:5). ഒ.നോ: പ്രവൃ, 4:12; കൊലൊ, 3:17). ചിലർ കരുതുന്നത്; യേശുക്രിസ്തുവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായിട്ടാണ് അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതെന്നാണ്. അക്കൂട്ടർ മനസ്സിലാക്കേണ്ട ഒരു കാര്യം. ആദിമസഭയിൽ അപ്പൊസ്തലന്മാരല്ല; പരിശുദ്ധാത്മാവാണ് സഭയെ നിയന്ത്രിച്ചിരുന്നത്. പരിശുദ്ധാത്മാവിൻ്റെ ഹിതത്തിനു വിരുദ്ധമായി ആദിമസഭയിൽ ഒന്നും ചെയ്യാൻ ആർക്കും കഴിയുമായിരുന്നില്ല. അനന്യാസിൻ്റെയും സഫീരയുടെയും സംഭവം അതിനൊരു ഉദാഹരണമാണ്. (പ്രവൃ, 5:1-10). ആത്മാവ് ഫിലിപ്പോസിനെ എടുത്തുകൊണ്ടുപോയതായും, ചിലരെ വേലയ്ക്ക് വിളിക്കുന്നതായും, സഭയിലെ നിർണ്ണായകമായ തീരുമാനങ്ങളിൽ പങ്കുവഹിക്കുന്നതായും, ഹിതമല്ലാത്ത സ്ഥലങ്ങളിൽ വേലയ്ക്ക് പോകുന്നതിനെ ആത്മാവ് തടുക്കുന്നതായും കാണാം. (പ്രവൃ, 8:39; 13:2; 15:28; 16:6-7). അങ്ങനെയെങ്കിൽ, യേശുക്രിസ്തു കല്പിച്ചതിനു വിരുദ്ധമായി സ്നാനം കഴിപ്പിക്കാൻ ആത്മാവ് അപ്പൊസ്തലന്മാരെ അനുവദിക്കുമായിരുന്നോ? കർത്താവിൻ്റെ കല്പനയ്ക്ക് വിരുദ്ധമായാണ് അവർ സ്നാനം കഴിപ്പിച്ചതെങ്കിൽ, അനന്യാസിൻ്റെയും സഫീരയുടെയും ഗതിതന്നെ അപ്പൊസ്തലന്മാർക്കും വരുമായിരുന്നു. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു എന്ന് വ്യക്തമാണല്ലോ?

അപ്പൊസ്തലന്മാർ പല നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്, എന്നൊരു ആരോപണം പലരും പറഞ്ഞ് കേൾക്കാറുണ്ട്. രണ്ട് സ്ഥാനങ്ങളിൽ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതായി കാണാം. (പ്രവൃ, 2:38; 10:48). രണ്ടിടത്ത്, കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതായി കാണാം. (8:16; 19:5). അതായത്, യേശുക്രിസ്തു, കർത്താവായ യേശു, നസറായനായ യേശു ഇതാണ് പലരും പറയുന്ന സ്നാനം കഴിപ്പിച്ച വ്യത്യസ്ത നാമങ്ങൾ. ഇവിടെ മനസ്സിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യെഹോശുവാ അഥവാ, യേശു എന്നതാണ് സംജ്ഞാനാമം. മേല്പറഞ്ഞ നാലു സ്ഥാനങ്ങളിലും യേശുവെന്ന സംജ്ഞാനാമം ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. അതായത്, യഥാർത്ഥ പേരിനൊപ്പം പദവികളും വിശേഷണങ്ങളും ചേർത്തെന്നു കരുതി, യേശുവെന്ന നാമത്തിന് ഒരു വ്യത്യാസവും സംഭവിക്കുന്നില്ല. ഉദാഹരണത്തിന്, യഹോവ എന്ന നാമത്തിനൊപ്പം; കർത്താവായ യഹോവയെന്നോ, സൈന്യങ്ങളുടെ യഹോവയെന്നോ, യിസ്രായേലിൻ്റെ രക്ഷകനായ യഹോവയെന്നോ ഉള്ള പല വിശേഷണങ്ങൾ ചേർത്തെന്നു കരുതി, യഹോവയെന്ന നാമത്തിനു എന്തെങ്കിലും വ്യത്യാസം സംഭവിക്കുമോ? സ്നാനം കഴിപ്പിക്കുന്നയാൾക്ക് യേശു എന്ന പേരിനൊപ്പം ബൈബിളിൽ പറഞ്ഞിരിക്കുന്ന പദവികളോ, വിശേഷണങ്ങളോ ചേർക്കാവുന്നതാണ്. ഉദാഹരണത്തിന്, യേശുക്രിസ്തുവെന്നോ, കർത്താവായ യേശുവെന്നോ, കർത്താവായ യേശുക്രിസ്തുവെന്നോ, കർത്താവും രക്ഷിതാവുമായ യേശുവെന്നോ, കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവെന്നോ ഏതു വേണമെങ്കിലും ചേർക്കാവുന്നതാണ്.

ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല എന്നതിന്, സുപ്രധാനമായ ഒരു തെളിവ് മത്തായി 28:19-ൽത്തന്നെ ഉണ്ട്. അവിടെ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്നാണ് കർത്താവ് അരുളിച്ചെയ്തത്. അവിടെ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ, അടുത്തഭാഗത്ത് ഞാൻ എന്ന ഏകവചനമല്ല; ഞങ്ങൾ എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, മൂന്നു വ്യക്തികളുടെ സ്ഥാനപ്പേരിലാണ് സ്നാനം കഴിപ്പിക്കാൻ പറഞ്ഞതെങ്കിൽ, ഞാനോ എന്ന ഏകവചനമല്ല; ഞങ്ങളോ, ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ഭാഷാപരമായി മൂന്ന് വ്യക്തികൾ ആ വാക്യത്തിൽ ഇല്ലെന്നത് വ്യക്തമാണ്. തന്മൂലം, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകളാണ് ആണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് ആ പ്രയോഗം. സുവിശേഷങ്ങളിൽ ക്രിസ്തു പിതാവിനെയും ചേർത്ത് ഞങ്ങൾ എന്ന ബഹുവചനം പറഞ്ഞതാണെന്ന് ഓർക്കുക. (യോഹ, 14ൻ്റെ23). എന്തെന്നാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം ഒരിക്കലായി പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 14:16; 16:7; 20:17). അതായത്, യേശുവെന്ന മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ മരിക്കുകയും ദൈവാത്മാവിനാൽ ഉയിർക്കുകയും ചെയ്തിട്ട്, അന്നുതന്നെ സ്വർഗ്ഗേ കരേറി അപ്രത്യക്ഷനാകുകയാണ് ചെയ്തത്. (ലൂക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18; യോഹ, 20:17). ക്രിസ്തു ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളൊരു വീണ്ടെടുപ്പ് സാധിച്ചു എന്നാണ് എബ്രായ ലേഖകൻ പറയുന്നത്. (എബ്രാ, 9:11-12). തന്മൂലം, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ പിന്നെ മറ്റൊരാളായി ഉണ്ടാകില്ല. അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും, ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായി ശിഷ്യന്മാർക്ക് മഹാനിയോഗം നല്കുന്നത് ദൈവപുത്രനായ മനുഷ്യനല്ല; യഹോവ അതവാ, യേശുവെന്ന ദൈവം തന്നെയാണ്. അതിൻ്റെ തെളിവാണ്: യഹോവയുടെ സാക്ഷികളായ യെഹൂദന്മാരായ ശിഷ്യന്മാരോട് (യെശ, 43:10,12; 44:8), ഭൂമി മുഴുവൻ “എൻ്റെ സാക്ഷികൾ” ആകും എന്ന് കർത്താവ്പ റയുന്നത്. (പ്രവൃ, 1:8). തന്നെയുമല്ല, ദൈവത്തിനല്ലാതെ, മനുഷ്യനായ ക്രിസ്തുവിനു ലോകാവസാനത്തോളം മനുഷ്യരുടെ കൂടെയിരിക്കാൻ എങ്ങനെ കഴിയും? സുവിശേഷ ചരിത്രകാലത്ത് മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രിസ്തു ദൈവത്തിൽനിന്നു വിഭിന്നനായ ഒരു മനുഷ്യവ്യക്തി ആയിരുന്നു എന്നല്ലാതെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അതായത്, പ്രസ്തുത വാക്യത്തിൽ പറയുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും സ്ഥാനനാമങ്ങളുമാണെന്ന് മനസ്സിലാക്കാം. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്നത് യേശു അഥവാ, യേശുക്രിസ്തു ആണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. അതിനാൽ, ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന വചന സത്യങ്ങളെയും ഭാഷയുടെ നിയമങ്ങളെയും അതിക്രമിക്കാതെ, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം തെറ്റാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ആർക്കും കഴിയില്ല.

ഇനി, പിതാവും പുത്രനും പരിശുദ്ധാത്മാവും, ഐക്യത്തിൽ ഒരു ദൈവമാണെന്ന് പറയുന്ന വാദം വചനപ്രകാരം നിലനില്ക്കുമോന്ന് നോക്കാം. ഈ പറയുന്ന ഉപദേശ ക്കാർക്ക്, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികളും, ഓരോരുത്തരും പൂർണ്ണദൈവവും ആണ്. മൂന്ന് പൂർണ്ണദൈവങ്ങൾ ഐക്യത്തിൽ ഒരു ദൈവമാകുമോ? ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം:

1. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും ഏകദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും പഴയനിയമ മശീഹമാരും അപ്പൊസ്തലന്മാരും ഒരുപോലെസാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണത്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ അഥവാ, പിതാവ്  മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ പൂർണ്ണ ദൈവവ്യക്തികളാണെന്ന് പറയുന്ന ഉപദേശം, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

2. താൻ ദൈവമല്ല മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറയുന്നു: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ ദൈവവ്യക്തികൾ ആകുന്നത്?

3. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ പറയുന്ന ഒരു കാര്യമുണ്ട്. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല, ഇവരോ ലോകത്തിൽ ഇരിക്കുന്നു, ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധ പിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിനു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). സുവിശേഷ ചരിത്രകാലത്ത് ക്രിസ്തു ദൈവത്തിൽനിന്നു വിഭിന്നനായ ഒരു മനുഷ്യവ്യക്തിയായിരുന്നു എന്ന് നാം മുകളിൽ കണ്ടതാണ്. യോർദ്ദാനിലെ സ്നാനത്തിൽ വെച്ച് ദൈവം മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട്, അവനോടുകൂടി വസിക്കുകയായിരുന്നു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; ലൂക്കൊ, 3:22; യോഹ, 3:2). ദൈവപിതാവ് മനുഷ്യനായ യേശുവിനോടു കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല എന്ന് അവൻ പറഞ്ഞത്. “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്, ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളത് ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:16,29,; 16:32). അതായത്, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരുന്നു പ്രവർത്തിക്കുകയായിരുന്നു. എങ്കിലും, ദൈവവും മനുഷ്യനുമെന്ന നിലയിൽ അവർ ഭിന്നരായിരുന്നു. അന്ന്, അവർ ഐക്യത്തിൽ ഒന്നായിരുന്നതു കൊണ്ടാണ്, അവർ നമ്മെപ്പോലെ ഒന്നാകേണം എന്ന് ശിഷ്യന്മാർക്കുവേണ്ടി പിതാവിനോട് പ്രാർത്ഥിച്ചത്. പിതാവും പുത്രനും ഐക്യത്തിൽ ഒരു ദൈവമാകുമെങ്കിൽ, ശിഷ്യന്മാർ പന്ത്രണ്ടുപേരും ഐക്യത്തിൽ ഒരു മനുഷ്യനാകണ്ടേ?അടുത്തവാക്യം: “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവർ ആയിരിക്കേണ്ടതിനു തന്നെ.” (യോഹ, 17:23). ഈ വാക്യത്തിൽ ശിഷ്യന്മാർ ഒന്നാകണമെന്നും ഐക്യത്തിൽ തികഞ്ഞവരാകണം എന്നുമാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ശിഷ്യന്മാരായ പന്ത്രണ്ട് വ്യത്യസ്ത വ്യക്തികൾക്ക് ഐക്യത്തിൽ ഒരു മനുഷ്യനാകാൻ ഒരിക്കലും കഴിയില്ല. അവർ ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭയുടെ അവയവങ്ങളെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറയുമ്പോഴും, അവർ 12 വ്യത്യസ്ത വ്യക്തികളും വ്യത്യസ്ത മനുഷ്യരും തന്നെ ആയിരിക്കും. പിന്നെ, എങ്ങനെയാണ് നിത്യരും വ്യത്യസ്തരുമായ മൂന്ന് ദൈവ വ്യക്തികൾ ഐക്യത്തിൽ ഒരു ദൈവമാകുന്നത്? മാത്രമല്ല. പിതാവ് മാത്രമാണ് ദൈവമെന്നാണ് ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, മൂന്ന് ദൈവവ്യക്തികൾ എന്ന ആശയംതന്നെ ബൈബിൾ വിരുദ്ധമാണ്. അതിനാൽ, മൂന്ന് പൂർണ്ണ ദൈവവ്യക്തികൾക്ക് ഐക്യത്തിൽ ഒരു ദൈവം ആകാൻ കഴിയുമെന്ന ഉപദേശം, ബൈബിൾ പരമായും ഭാഷാപരമായും അബദ്ധമാണെന്ന് മനസ്സിലാക്കാം. അത് ബൈബിളിൽ ഒരിടത്തും സൂചനപോലുമില്ലാത്ത ദുരുപദേശമാണ്.

ഏഴ് തെളിവുകൾ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശുക്രിസ്തു ആണ് എന്നതിന് ഏഴ് വചനത്തെളിവുകൾ കൂടി തരാം: 1. പഴയനിയമത്തിൽ സകല ഭൂവാസികൾക്കും ഏകരക്ഷകൻ യഹോവയാണ്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ, ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമവും യഹോവയത്രേ: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). പെന്തെക്കൊസ്തുനാളിൽ, യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും എന്ന യോവേൽ പ്രവചനമാണ് പത്രോസ് അപ്പൊസ്തലൻ പുരുഷാരത്തോട് വിളിച്ചുപറയുന്നത്. (യോവേ, 2:32; പ്രവൃ, 2:21). അതേ പത്രോസ് തന്നെയാണ്, ഏകരക്ഷകനും രക്ഷാനാമവും യേശുക്രിസ്തു ആണെന്ന്, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞത്. “മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, മനുഷ്യരുടെ ഇടയിൽ, നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). പഴയനിയമത്തിൽ ഒരു രക്ഷകനും ഒരു രക്ഷാനാമവും, പുതിയനിയമത്തിൽ മറ്റൊരു രക്ഷകനും രക്ഷാനാമവും, എന്നുവന്നാൽ, പഴയപുതിയ നിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോകില്ലേ? “ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല’ എന്നാണ് വചനം പറയുന്നത്. (മത്താ, 12:26). അതുപോലെ തന്നെയാണ് ഉപദേശവും. പിതാവായ ഏകദൈവമാണ് ഉള്ളതെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, യഹോവയായ ഏകദൈവത്തിൻ്റെ നാമത്തിലുള്ള രക്ഷ എങ്ങനെ ഇല്ലാതായിപ്പോകും? ആകാശത്തിനു കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമേ പുതിയനിയമത്തിൽ ഉള്ളെങ്കിൽ, ആ നാമം പിതാവായ ഏകദൈവത്തിൻ്റെ നാമം ആണെന്ന് പകൽപോലെ വ്യക്തമല്ലേ? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

2. മത്തായി 28:19-ൻ്റെ സമാന്തരഭാഗങ്ങൾ പരിശോധിച്ചാൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിന്റെയും നാമം ഏതാണെന്ന് വ്യക്തമാകും. ആദ്യം മർക്കൊസ് നോക്കാം: “പിന്നെ അവൻ അവരോട്, നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കോ, 15:15-16). സുവിശേഷത്തെ തുടർന്നാണ് സ്നാനം വരുന്നത്. സുവിശേഷം കൂടാതെ സ്നാനത്തിൻ്റെ ആവശ്യമില്ല. അഥവാ, സുവിശേഷം വിശ്വസിക്കുന്നവരാണ് സ്നാനം ഏല്ക്കേണ്ടത്. സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുക്രിസ്തുവാണ്: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3-4). സുവിശേഷം യേശുക്രിസ്തുവാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക, അതാകുന്നു സുവിശേഷം.” (1തിമൊ, 2:8). സുവിശേഷം പ്രസംഗിക്കേണ്ടത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ച് ഫിലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനമേറ്റു.” (പ്രവൃ, 8:12). യേശുക്രിസ്തുവിൻ്റെ നാമത്തിൽ സുവിശേഷം അറിയിച്ചിട്ട് സ്നാനം മറ്റൊരു നാമത്തിൽ കഴിച്ചാൽ മതിയോ?ലൂക്കൊസിലെ രണ്ടാം വാക്യം നോക്കാം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:46-47). മാനസാന്തരവും പാപമോചനവും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് എന്നാണ് ലൂക്കൊസിലെ സമാന്തരവാക്യത്തിൽ പറയുന്നത്. പറയുന്നത് മറ്റാരുമല്ല; ക്രിസ്തുവാണ്. മാനസാന്തരവും പാപമോചനവും യേശുവിൻ്റെ നാമത്തിലും, സ്നാനം മറ്റൊരു നാമത്തിലും മതിയോ?പ്രവൃത്തികളിലെ മൂന്നാംവാക്യം നോക്കാം: “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ഭൂലോകത്തൊക്കെയും സുവിശേഷത്താൽ സാക്ഷ്യം പറയേണ്ട നാമവും യേശുക്രിസ്തുവാണ്. സുവിശേഷസാക്ഷ്യം യേശുവിൻ്റെ നാമത്തിലും സ്നാനം മറ്റൊരു നാമത്തിലും മതിയോ? ഏത് നാമമാണോ സാക്ഷ്യം പറയുന്നത്, ആ നാമത്തിൽത്തന്നെയാണ് സ്നാനവും. അതായത്, യേശുക്രിസ്തു അടിസ്ഥാനമിട്ട, യേശുക്രിസ്തു ആകുന്ന, യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താലാണ് രക്ഷയും മാനസാന്തരവും പാപമോചനവും ലഭിക്കുന്നത്. ലോകം മുഴുവൻ സാക്ഷിയാകേണ്ട നാമവും യേശുക്രിസ്തുവാണ്. പിന്നെങ്ങനെയാണ് സ്നാനം മറ്റൊരു നാമത്തിൽ വരുന്നത്? ക്രിസ്തുവിൻ്റെ ജനനമരണ പുനരുത്ഥാനങ്ങൾ ആകുന്ന സുവിശേഷം ഏത് നാമത്തിലാണോ, മാനസാന്തരവും പാപമോചനവും ഏത് നാമത്തിലാണോ, ഏത് നാമമാണോ സാക്ഷ്യം പറയേണ്ടത് ആ നാമത്തിൽത്തന്നെയാണ് സ്നാനവുമെന്ന് വ്യക്തമാണല്ലോ? അടുത്ത തെളിവ്: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന്, അതേ വേദഭാഗത്ത് കർത്താവുതന്നെ കല്പിച്ചിട്ടുണ്ട്. “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്താ, 28:19). സകല ജാതികളെയും യേശുവിൻ്റെ ശിഷ്യനാക്കുന്നതാണ് സ്നാനം. യേശുവിൻ്റെ ശിഷ്യനാകാൻ ആ നാമത്തിലല്ലേ സ്നാനം ഏല്ക്കേണ്ടത്? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

3. സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം ആണ് യേശുക്രിസ്തു: “അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). ഈ വാക്യം ശ്രദ്ധിക്കണം. അവരിൽ വിശ്വസിക്കുന്ന ഏവനും അവരുടെ നാമം മൂലം എന്ന് ബഹുവചനത്തിൽ മൂന്നുപേരെക്കുറിച്ചല്ല പറയുന്നത്. അവനിൽ അഥവാ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് അവൻ്റെ നാമം മൂലം അഥവാ, യേശുക്രിസ്തു എന്ന നാമത്തിൽ പാപമോചനം ലഭിക്കും എന്ന് ഏകവചനത്തിലാണ് പറയുന്നത്. യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് മാനസാന്തരവും പാപമോചനവുമെന്നാണ് ലൂക്കോസിൻ്റെ സുവിശേഷത്തിലും പറയുന്നത്. അത് പറഞ്ഞത് ക്രിസ്തു തന്നെയാണ്. (ലൂക്കൊ, 24:47). അക്കാര്യം പറയുന്നതിനു മുമ്പ്, തിരുവെഴുത്തുകളെ തിരിച്ചറിയാൻ അവരുടെ ബുദ്ധിയെ തുറന്നതായും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:45). ആത്മിക സത്യങ്ങൾ വെളിപ്പെടണമെങ്കിൽ ബുദ്ധി തുറക്കേണ്ടത് ആവശ്യമാണ്. അതേ നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് മത്തായിയിൽ കർത്താവ് കല്പിച്ചതും അപ്പൊസ്തലന്മാർ അനുസരിച്ചതും. (മത്താ, 28:19; പ്രവൃ, 2:38). എന്തെന്നാൽ, പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു.

4. തൻ്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കാനാണ് ക്രിസ്തു, ശിഷ്യന്മാരോട് പറഞ്ഞത്. (യോഹ, 15:16; 16:23). എന്നാൽ, ആദിമസഭ പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കാതെ, യേശുക്രിസ്തു എന്ന ഏകനാമം വിളിച്ച് നേരിട്ടാണ് അപേക്ഷിച്ചിരുന്നത്. സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14),, യെരുശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 26:16), കൊരിന്ത്യസഭയും 1കൊരി, 1:2), പൗലൊസ് മൂന്നുവട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. (വെളി, 22:20). യഹോവ എന്ന ഏക സത്യദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന യെഹൂദന്മാരാണ് ക്രൈസ്തവസഭയുടെ ആദ്യാംഗങ്ങൾ എന്ന് എല്ലാവർക്കുമറിയാം. അവർ വിളിച്ചപേക്ഷിച്ചിരുന്ന നാമം യേശുക്രിസ്തുവിൻ്റെയാണ്. അനന്യാസ് യേശുവിനോട് ശൗലിനെക്കുറിച്ച് പറയുന്നത്, ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന് മഹാപുരോഹിതന്മാരുടെ അധികാരപത്രമുണ്ട് എന്നാണ്. (പ്രവൃ, 9:14). ആദ്യത്തെ സഭയായ യെരുശലേമിലുള്ളവർ യേശുവിൻ്റെ നാമത്തെയാണ് വിളിച്ചപേക്ഷിച്ചിരുന്നത്. “കേട്ടവർ എല്ലാവരും വിസ്മയിച്ചു, യെരുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത് എന്നു പറഞ്ഞു.” (പ്രവൃ, 9:21). അവിടെ, ശ്രദ്ധേയമായ ഒരു വിഷയമുണ്ട്.°: യെഹൂദന്മാരുടെ ഏകദൈവവും രക്ഷകനും രക്ഷാനാമവും യഹോവയാണ്. യഹോവ പറയുന്നു. “ഞാനല്ലാതെ വേറൊരു ദൈവമില്ല. ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). “ഞാൻ, ഞാൻ തന്നേ യഹോവ, ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). യഹോവയുടെ നാമം വെച്ചിരിക്കുന്ന ഒരു ജാതിയാണ് യിസ്രായേൽ: “യഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്ന് ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.” (ആവ, 28:10). പഴയനിയമഭക്തന്മാർ യഹോവയുടെ നാമമാണ് വിളിച്ചപേക്ഷിച്ചിരുന്നത്: “ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും പലവട്ടം സാക്ഷ്യം പറഞ്ഞവരാണ് അപ്പൊസ്തലന്മാർ. യേശുക്രിസ്തു എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, അപ്പൊസ്തലന്മാരും അനേകം യെഹൂദന്മാരും ഉൾപ്പെടുന്ന ആദിമസഭ ആ നാമം വിളിച്ചപേക്ഷിക്കുമായിരുന്നോ? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. യേശുക്രിസ്തുവും യഹോവയും ഒരാളല്ലെങ്കിൽ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടല്ല, ക്രിസ്തുവെങ്കിൽ; യേശുക്രിസ്തു എന്നത് പിതാവിൻ്റെ നാമം അല്ലെങ്കിൽ, പൗലൊസിനെപ്പോലൊരു ശിഷ്യൻ യേശുവിന് ഉണ്ടാകില്ലായിരുന്നു. എന്തെന്നാൽ, യഹോവയോടുള്ള തീക്ഷ്ണത നിമിത്തം സഭയെ മുടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവനാണ് പൗലൊസ്. (പ്രവൃ, 9:1-2).

5. പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടത്: അത്ഭുതങ്ങൾ, അടയാളങ്ങൾ, അധരഫലമെന്ന സ്തോത്രയാഗം അർപ്പിക്കേണ്ടത്, ആദിമസഭ വിളിച്ചപേക്ഷിച്ചത്, കൂടിവരുന്ന നാമം, ജാതികളുടെ പ്രത്യാശ, ദൈവമക്കൾ ആകുന്നത്, നിത്യജീവൻ, നീതീകരണം, ന്യായവിധി തെറ്റിയൊഴിയുന്നത്, പരിശുദ്ധാത്മാവ് വന്നത്, പാപമോചനം, പ്രബോധനം, പ്രവചനം, പ്രസംഗം, പ്രാർത്ഥന, പ്രാർത്ഥനയുടെ മറുപടി, ഭൂതോച്ചാടനം, മാനസാന്തരം, മുഴങ്കാൽ മടങ്ങുന്നത്, രക്ഷിക്കപ്പെടുന്നത്, രോഗസൗഖ്യം, വിശ്വാസത്തിനുള്ള അനുസരണം, വിശ്വസിക്കേണ്ടത്, വിശ്വാസികളിൽ മഹത്വപ്പെടേണ്ടത്, വിളിച്ചപേക്ഷിക്കുന്നത്, ശുദ്ധീകരണം, സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞത്, സുവിശേഷം, സ്തോത്രം ചെയ്യുന്നത് തുടങ്ങി എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന നാമത്തിലാണ് ചെയ്യേണ്ടത്. പിതാവ് മാത്രമാണ് ദൈവമെന്നും പുത്രൻ മനുഷ്യനാണെന്നും ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കെ, യേശുക്രിസ്തു എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ശരിയാകുമോ? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ ആണല്ലോ കർത്താവ് കല്പിച്ചത്. എന്നാൽ പൗലൊസ് അപ്പൊസ്തലൻ പറയുന്നു: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). സുവിശേഷം മാനസാന്തരം പാപമോചനം രക്ഷ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ചെയ്യേണ്ടതെന്ന് മുകളിൽ നാം കണ്ടതാണ്. ഇവിടെയിതാ പൗലൊസ് പറയുന്നു, “വാക്കിനാലോ പ്രവൃത്തിയാലോ എന്ത് ചെയ്താലും യേശുക്രിസ്തുവിൻ്റെ നാമത്തിൽ ചെയ്യണം.” ക്രിസ്തീയ ശുശ്രൂഷകളെല്ലാം വാക്കിലും പ്രവൃത്തിയിലും ഉൾപ്പെടുന്നതാണ്. “ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാട് പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആകട്ടെ; എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവനുള്ളത്, ആമേൻ.” (1പത്രൊ, 4:11). വാക്കും പ്രവൃത്തിയും സമ്മേളിക്കുന്ന ശുശ്രൂഷയാണ് സ്നാനം. നാമം പ്രസ്താവിക്കപ്പെടുകയും പ്രവൃത്തി ചെയ്യുകയും ചെയ്യുന്നു. അത് കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽത്തന്നെ ചെയ്യണമെന്ന് അക്ഷരംപ്രതി ബൈബിളിൽ എഴുതിവെച്ചിരിക്കെ, അങ്ങനയല്ലെന്ന് പറയാൻ ആർക്കു കഴിയും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7. “ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” എന്നാണ് പെന്തെക്കൊസ്തു നാളിൽ പത്രൊസ് അപ്പൊസ്തലൻ വിളിച്ചുപറഞ്ഞത്. (പ്രവൃ, 2:38). അന്നുതന്നെ ആ നാമത്തിൽ സ്നാനമേറ്റ്, മൂവായിരംപേർ ദൈവസഭയുടെ ഭാഗമാകുകയും ചെയ്തു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് യേശുക്രിസ്തു കല്പിച്ചത്. (മത്താ, 28:19). അപ്പൊസ്തലന്മാരാകട്ടെ, യേശു അഥവാ, യേശുക്രിസ്തു എന്ന നാമത്തിലാണ് സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 2:38; 8:16; 10:48; 19:5; 22:16). യേശുക്രിസ്തുവിൻ്റെ കല്പന കേട്ടയുടനെ അവർ ഓടിപോയി സ്നാനം കഴിപ്പിക്കുകയായിരുന്നില്ല. പത്തുദിവസംകഴിഞ്ഞ് പെന്തെക്കൊസ്ത് നാളിൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞശേഷമാണ് അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്. അതായത്, പരിശുദ്ധാത്മാവിൻ്റെ നിയോഗപ്രകാരമാണ് അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്. യേശുക്രിസ്തു ഏതൊരു നാമത്തിൽ അഥവാ, സംജ്ഞാനാമത്തിൽ സ്നാനം കഴിപ്പിക്കാനാണോ തൻ്റെ അപ്പൊസ്തലന്മാരോട് കല്പിച്ചത്, അതേ നാമത്തിലാണ് അവർ ജനത്തിനു സ്നാനം നല്കിയത്. മത്തായി 28:19-ൽ സ്നാനം കഴിപ്പിക്കാനുള്ള നാമം എന്നതിനെക്കാൾ ഉപരി, അത് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവത്തിൻ്റെ നാമം ആണ്. അല്ലെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന ബൈബിൾ പ്രഖ്യാപനം പരമ അബദ്ധമായി മാറും. ഇത്രയും സ്ഫടികസ്ഫുടമായി ദൈവത്തിൻ്റെ വചനം പറഞ്ഞിട്ടും അങ്ങനല്ല. ഇങ്ങനാണെന്നു പറയുന്നവർ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു തങ്ങളെത്തന്നെ ശോധന ചെയ്താൽ നന്നായിരുന്നു. സ്നാനത്തെക്കുറിച്ചുള്ള യേശുക്രിസ്തുവിൻ്റെ കല്പന അപ്പൊസ്തലന്മാർ ലംഘിച്ചുവെന്ന് കരുതുന്നവരുണ്ട്. അവരോട് പറയട്ടെ, നിലത്ത് എന്തോ എഴുതിയതല്ലാതെ, പുതിയനിയമത്തിലെ ഒറ്റ അക്ഷരം യേശു എഴുതിയതല്ല. ശിഷ്യന്മാരാണ് എല്ലാം എഴുതിയത്. യേശുക്രിസ്തുവിൻ്റെ മഹാനിയോഗ പ്രകാരമുള്ള കല്പന അപ്പൊസ്തലന്മാർ ലംഘിച്ചുവെങ്കിൽ, പിന്നെ പുതിയനിയമത്തിലെ ഒറ്റ അക്ഷരം വിശ്വാസയോഗ്യമല്ലെന്ന് വരും. അതിനാൽ, അപ്പൊസ്തലന്മാർ യേശു കല്പിച്ചപ്രകാരമല്ല സ്നാനം കഴിപ്പിച്ചതെന്ന് വിശ്വസിക്കുന്നവർ, പുതിയനിയമം വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. ക്രൈസ്തവരുടെ യഥാർത്ഥ സഭാപിതാക്കന്മാർ യേശുവിനോടുകൂടി സഹവസിച്ചവരും അവൻ്റെ വാമൊഴി കേട്ടവരുമായ അപ്പൊസ്തലന്മാരാണ്. അവരുടെ വാക്കും പ്രവൃത്തിയും എന്താണെന്ന് പ്രവൃത്തികളുടെ പുസ്തകത്തിലും ലേഖനങ്ങളിലും വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. നമ്മൾ അവരുടെ വാക്കും പ്രവൃത്തിയും മുഖവിലയ്ക്കെടുക്കാതെ, നൂറ്റാണ്ടുകൾക്കുശേഷം രംഗത്തുവന്ന മറ്റു സഭാപിതാക്കന്മാരുടേയും സുനഹദോസുകളുടേയും വാക്കുകളാണ് കൈക്കൊണ്ടത്. അവരാകട്ടെ, യോഹന്നാൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിരിക്കുന്ന പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഏതാണെന്ന് പഠിക്കാതെയും, അപ്പൊസ്തലന്മാർ ഏത് നാമത്തിലാണ് സ്നാനം കഴിപ്പിച്ചതെന്ന് പരിശോധിക്കാതെയും, യേശുവിൻ്റെ കല്പന നേരിട്ട് ഉദ്ധരിക്കുകയായിരുന്നു. കല്പന ആവർത്തിക്കാനുള്ളതല്ല; കല്പിച്ചപ്രകാരം അനുസരിക്കാനുള്ളതാണ്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന വചനസത്യം വിശ്വസിക്കാത്തതു മൂലം, അനേകരും ഏകസത്യദൈവത്തെ അറിയാതിരിക്കുന്നു എന്നതാണ് വസ്തുത. കൂടാതെ, തെറ്റായ നാമത്തിൽ സ്നാനം നല്കുകവഴി, മൂന്നു തെറ്റുകൾ ഒരുപോലെ ചെയ്യുന്നു. 1.  യേശുക്രിസ്തുവിൻ്റെ കല്പന ലംഘിക്കുന്നു. (മത്താ, 28:19). 2. ദൈവവചനത്തോട് മറുതലിക്കുന്നു. (കൊലൊ, 3:17). മൂന്ന്. യേശുക്രിസ്തു എന്ന നാമം മുഖാന്തരം പിതാവായ ഏകദൈവത്തിനു സ്തോത്രം കരേറ്റാതിരിക്കുന്നു. (കൊലൊ, 3:17). ആദിമസഭയിൽ, യേശുവിൻ്റെ നാമത്തിൽ അശേഷം സംസാരിക്കരുത് എന്നായിരുന്നു യെഹൂദന്മാരുടെ പരമോന്നത കോടതിയായ ന്യായാധിപ സംഘത്തിൻ്റെ ഉത്തരവ്. (പ്രവൃ, 4:17-18; 5:40). അന്ധകാരത്തിൻ്റെ അധിപതിയുടെ ആ കല്പന മറ്റൊരു തരത്തിൽ ഇന്നും നിലനില്ക്കുന്നുണ്ട്. യേശുവിൻ്റെ നാമത്തിലുള്ള സ്നാനം തെറ്റാണ് എന്നാണ് ആ കല്പന. അന്ധകാരത്തിൻ്റെ അധിപതിയുടെ തോളത്തുനിന്ന് ഇറങ്ങിയാൽ, യേശുക്രിസ്തു എന്ന ഏകനാമമല്ലാതെ, ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് എല്ലാവർക്കും മനസ്സിലാകും. സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുന്ന യേശുക്രിസ്തു എന്ന അതിപരിശുദ്ധ നാമം ആണ് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

അനുബന്ധം

ത്രിത്വനാമത്തിനാധാരം ബൈബിളല്ല; അപ്പൊസ്തലന്മാർക്ക് ശേഷമുള്ള സഭാപിതാക്കന്മാരാണ്. മത്തായി 28:19-ൽ യേശു എന്താണ് കല്പിച്ചതെന്ന് വിവേചിക്കുവാനോ, പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ ഏത് നാമത്തിലാണ് സ്നാനം നല്കിയതെന്ന് പരിശോധിക്കുവാനോ സഭാപിതാക്കന്മാർ മിനക്കെട്ടില്ല. പ്രത്യുത, സ്നാനത്തിൻ്റെ ആധാരവാക്യമെന്ന നിലയിൽ മത്തായി 28:19 നേരിട്ട് ഉദ്ധരിക്കുകയായിരുന്നു. സഭാപിതാക്കന്മാരുടേയും സുന്നഹദോസുകളിലേയും ചില ഉദ്ധരണികൾ ചുവടെ ചേർക്കുന്നു:

Ignatius (AD 35-108/140)

Epistle of Ignatius to the Philadelphians

have been fulfilled in the Gospel, [our Lord saying,] “Go ye and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [84]

Didache (AD 150)

“Having first said all these things, baptize into the name of the Father, and of the Son, and of the Holy Spirit,” [75]

Epistle of Ignatius to the Philippians

Wherefore also the Lord, when He sent forth the apostles to make disciples of all nations, commanded them to “baptize in the name of the Father, and of the Son, and of the Holy Ghost,” [21]

Irenaeus (AD 130-202)

Against Heresies Book III

He said to them, “Go and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [310]

Tertullian (AD 160-220

The Prescription Against Heretics

nations, who were to be baptized into the Father, and into the Son, and into the Holy Ghost.” [203]

On Baptism (Tertullian)

saith, “teach the nations, baptizing them into the name of the Father, and of the Son, and of the Holy Spirit.” [139]

Hippolytus: AD 170-235  

Dogmatical and Historical Fragments

“For the Jews glorified (or gloried in) the Father, but gave Him not thanks, for they did not recognise the Son. The disciples recognised the Son, but not in the Holy Ghost; wherefore they also denied Him.” [264]

Seventh Council of Carthage Under Cyprian (256/258)

the Catholic Church, brethren, hath always remained and still remains with us, and even especially in the Trinity of baptism, as our Lord says, “Go ye and baptize the nations, in the name of the Father, of the Son, and of the Holy Spirit.” [32]

Pseudo-Gregory Thaumaturgus A Sectional Confession of Faith

Seest thou that all through Scripture the Spirit is preached, and yet nowhere named a creature? And what can the impious have to say if the Lord sends forth His disciples to baptize in the name of the Father, and of the Son, and of the Holy Spirit? [58]

Constitutions of the Holy Apostles Book II

Let the presbyters be esteemed by you to represent us the apostles, and let them be the teachers of divine knowledge; since our Lord, when He sent us, said, “Go ye, and make disciples of all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: teaching them to observe all things whatsoever I have commanded you.” [146]

Constitutions of the Holy Apostles Book VI

Be ye likewise contented with one baptism alone, that which is into the death of the Lord; not that which is conferred by wicked heretics, but that which is conferred by unblameable priests, “in the name of the Father, and of the Son, and of the Holy Ghost:” [80]

 Constitutions of the Holy Apostles Book VII

O bishop, or presbyter, we have already given direction, and we now say, that thou shalt so baptize as the Lord commanded us, saying: “Go ye, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost (teaching them to observe all things whatsoever I have commanded you):” [106]

ആധുനിക ക്രൈസ്തവസഭകൾക്ക് പറ്റിയത് എന്താണെന്നുവെച്ചാൽ, യേശു, ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ’ ആരോട് കല്പിച്ചുവോ, അവരുടെ വാക്കും പ്രവൃത്തിയും മുഖവിലക്കെടുക്കാതെ അഥവാ, ദൈവവചനം വിശ്വസിക്കാതെ, അപ്പൊസ്തലന്മാർക്ക് ശേഷം വന്ന സഭാപിതാക്കന്മാരുടേയും സൂന്നഹദോസുകളുടേയും വാക്കുകളാണ് കൈക്കൊണ്ടത്. അപ്പൊസ്തലന്മാരോട് യേശു അവരുടെ ഭാഷയായ അരാമ്യ ഭാഷയിലാണ് കല്പന കൊടുത്തത്. അവർക്കത് മനസ്സിലായതിൽ കൂടുതലായി, മറ്റൊരാൾക്കും ആ നാമമേതാണെന്ന് മനസ്സിലാകില്ല. ഇനി, അവർക്ക് എന്തെങ്കിലും സംശയമുണ്ടായിരുന്നങ്കിൽ, യേശു പഠിപ്പിച്ചതിന് വിപരീതമായി പ്രവർത്തിക്കാൻ ഇടവരാതിരിക്കാൻ, അവർ ‘ആ നാമം’ ഏതാണെന്ന് ചോദിക്കുമായിരുന്നു. മാത്രമല്ല, സകലവും ഉപദേശിച്ചു നല്ക്കുന്ന പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വന്ന് ശക്തിയോടെ വാസം തുടങ്ങിയപ്പോഴാണ് അവർ ശുശ്രൂഷ ആരംഭിച്ചതും സ്നാനം നൽകിയതും. അവരുടെ വാക്കും പ്രവൃത്തിയും വിശ്വസിക്കാത്തവർ ബൈബിൾ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്.

പിതാവായ ഏകദൈവം

പിതാവായ ഏകദൈവം

പഴയനിയമവും, പുതിയനിയമവും പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. പഴയനിയമം: “അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പുതിയനിയമത്തിൽ യേശുക്രിസ്തു: “പിതാവേ, നാഴിക വന്നിരിക്കുന്നു; …………. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). പൗലൊസ്: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). യെഹൂദന്മാർ: ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). ദൈവത്തിന് സമനായോ സദൃശനായോ മറ്റൊരാളില്ല: ‘എനിക്കു സമനായവൻ ആർ?’ (യിരെ, 50:44). ‘നിന്നോടു സമനായ ദൈവം ആരുള്ളു?’ (മീഖാ, 7:18). ‘യഹോവേ, നിനക്കു തുല്യൻ ആർ?’ (സങ്കീ, 35:10). ‘നിന്നോടു സദൃശൻ ആരുമില്ല’ (സങ്കീ, 40:5). “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6). ദൈവത്തെ ആരോടും ഉപമിക്കാനും കഴിയില്ല: “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5). ദൈവത്തിന് മുമ്പനോ പിമ്പനോ ആയി മറ്റൊരാളുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ദൈവം തൻ്റെ മഹത്വവും ശക്തിയും മറ്റൊരുത്തനുമായി പങ്കുവെയ്ക്കുന്നുമില്ല: ‘ഞാൻ എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ല’ (യെശ, 42:8, 48:11), ‘ഞാനല്ലാതെ ഒരു ദൈവമില്ല; മറ്റൊരുത്തനുമില്ല’ (യെശ, 45:5,6). “എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ ഒരുത്തനെയും അറിയുന്നില്ല” (യെശ, 44:8) എന്നു ദൈവംതന്നെ അരുളിച്ചെയ്യുന്നു. പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു. ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ബൈബിളിൽ എഴുതിവെച്ചിട്ടും, പിതാവിൽനിന്നു വ്യതിരിക്തനായ മറ്റൊരു വ്യക്തിയാണ് യേശു എന്നു വിളിച്ചുകൂവുന്നവർ, അറിഞ്ഞോ അറിയാതെയോ യേശു ദൈവമല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

മർക്കൊസിൻ്റെ സുവിശേഷത്താൽ ഒരു ശാസ്ത്രി വന്നിട്ട് ‘എല്ലാറ്റിലും മുഖ്യകല്പന ഏതു’ എന്നു യേശുവിനോടു ചോദിക്കുമ്പോൾ (12:28), യെഹൂദൻ്റെ ഷ്മാ (shama – שׁמע) ആണ് യേശു ഉദ്ധരിക്കുന്നത്. “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (12:29). “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). അവിടെ ശാസ്ത്രിയുടെ മറുപടി ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (12:32). ശാസ്ത്രി ഇത് പറയുന്നത് ആരോടാണ്; യേശുവിനോട്. ഉത്തമപുരുഷനായ (first person) ശസ്ത്രി, മധ്യമപുരുഷനായ (second person) യേശുവിനോട്, പ്രഥമപുരുഷനായ (third person) പിതാവിനെക്കുറിച്ചാണ് പറയുന്നത്; “ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ചിലർ കരുതുന്നതുപോലെ ദൈവം സമനിത്യരായ മൂന്ന് വ്യക്തികളായിരുന്നെങ്കിൽ യേശു എന്തു പറയുമായിരുന്നു: “നീ പറഞ്ഞത് ശരിയല്ല; ‘അവൻ മാത്രമല്ല, ഞാനും ചേർന്നാലേ ദൈവമാകു’ അല്ലെങ്കിൽ, ‘ഞാനും പരിശുദ്ധാത്മാവും കൂടി ചേരുമ്പോഴെ ദൈവമാകു’ എന്നല്ലേ പറയേണ്ടത്. എന്നാൽ യേശു പറഞ്ഞതോ; “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അപ്പോൾ, ദൈവകാര്യത്തിൽ ബുദ്ധിയുള്ളവരും, ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവരും, ദൈവരാജ്യത്തിൽ പ്രവേശനം സിദ്ധിച്ചവരും അറിയേണ്ട പരമപ്രധാനമായ വസ്തുത ഇതാണ്; “ദൈവത്തിൽ സമനിത്യരായ മൂന്നു വ്യക്തികളില്ല പ്രത്യുത, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളൂ.” (1കൊരി, 8:6). ഇക്കാര്യം പിശാചുക്കൾക്കുപോലും അറിയാം. (യാക്കോ, 2:19). എന്നിട്ടും പല വിശ്വാസികളും അംഗീകരിക്കുന്നില്ല. 

പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളുയെങ്കിൽ, യേശുക്രിസ്തു ആരാണെന്നതാണ് അടുത്തചോദ്യം. യഹോവസാക്ഷികളും, ക്രിസ്റ്റാഡെൽഫിയൻസും, മോർമോൺസും തുടങ്ങി, യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നവരൊക്കെ പറയുന്നത്; “യേശു താൻ ദൈവമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല” എന്നാണ്. ശരിയാണത്, യേശു ഒരിക്കലും ‘ഞാൻ ദൈവമാണെന്നു’ പറഞ്ഞിട്ടില്ല. എന്നാൽ, അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്, അതവർക്ക് സ്വീകാര്യമല്ല. പഴയനിയമത്തിൽ ‘വീരനാം ദൈവമെന്നും, നിത്യപിതാവെന്നും’ (യെശ, 9:6) യേശുവിനെ വിളിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ‘ദൈവമെന്നും’ (യോഹ, 20:28), ‘സർവ്വത്തിനും മീതെ ദൈവമെന്നും’ (റോമ, 9:5), ‘മഹാദൈവമെന്നും’ (തീത്തൊ, 2:12), ‘സത്യദൈവമെന്നും’ (1യോഹ, 5:20) യേശുവിനെ വിളിച്ചിട്ടുണ്ട്. ഇനി, താൻ ദൈവമാണെന്ന് യേശു പറയാഞ്ഞതെന്താണ്? താൻ ജഡത്തിൽ ദൈവമല്ലായിരുന്നു; ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (2കൊരി, 5:21; 1തിമൊ, 2:5,6: 3:14-16). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ)

യേശു എന്ന പേരിനർത്ഥം തന്നെ ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:21,22). തൻ്റെ നാമം പിതാവിൻ്റെ നാമമാണെന്നും താൻ വ്യക്യമാക്കി: ‘ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു’ (യോഹ, 5:43). ‘എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ’ (യോഹ, 10:25). “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” (യോഹ, 12:13). ‘പിതാവേ, നിന്റെ നാമത്തെ  മഹത്വപ്പെടുത്തേണമേ’ (യോഹ, 12:28) എന്നും, ‘പുത്രനെ മഹത്വപ്പെടുത്തേണമേ’ (യോഹ, 17:1) എന്നും പറഞ്ഞിരിക്കുന്നു. ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:6). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ’ (യോഹ, 17:11). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ’ (യോഹ, 17:12). ‘ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:26). ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ എന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 17:6; 26). യേശു വെളിപ്പെടുത്തിയ പിതാവിൻ്റെ നാമമേതാണ്. ഒരു നാമവും വെളിപ്പെടുത്തിയില്ല. പ്രത്യുത, തന്നെത്തന്നെയാണ് വെളിപ്പെടുത്തിയത്. മോശെയോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ നാമം അവൻ്റെ പ്രത്യക്ഷത തന്നെയാണെന്ന് മനസ്സിലാക്കാം. (പുറ, 33:18;19). താൻതന്നെയാണ് പിതാവ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒരു വ്യക്തിയാണെന്നും പറഞ്ഞിട്ടുണ്ട്: “ഞാനും പിതാവും ഒന്നാകുന്നു. (യോഹ, 10:30). ഇതിന് പല വ്യാഖ്യാനവും ആളുകൾ നല്കുന്നുണ്ട്. എന്നാൽ, ബൈബിളിൻ്റെ വ്യാഖ്യാനം ആരും കാണുന്നില്ല. കല്ലെറിയാൻ തുനിഞ്ഞ യെഹൂദന്മാർതന്നെ അതു പറയും: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” യോഹ, 10:33). യെഹൂദന് ഒരുപാട് ദൈവങ്ങളില്ല; യഹോവ മാത്രമാണവരുടെ ദൈവം. താൻ പിതാവായ യഹോവയാണ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒന്നാണെന്ന് അവകാശപ്പെട്ടതിനാണ് അവർ കല്ലെടുത്തത്. “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്ന ഫിലിപ്പോസിൻ്റെ ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8,9). ഫിലിപ്പോസിൻ്റെ ആവശ്യം: ‘പിതാവിനെ കാണണം‘ യേശുവിൻ്റെ നറുപടി: ‘നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നാണ്. “ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). എന്നുകൂടി യേശുപറയുമ്പോൾ കാര്യങ്ങൾ സ്പഷ്ടമല്ലേ? പിതാവിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെകൂടെ സ്നാനം മുതൽ പിതാവ് വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). താൻ ഏകനല്ലെന്നും (യോഹ, 8:16: 16:32) പിതാവിനെയും ചേർത്ത് ഞങ്ങളെന്നും പറഞ്ഞിരിക്കുന്നത് നോക്കുക. (യോഹ, 14:23). യോഹന്നാൻ 15:24-ൽ “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു” എന്നാണ് യേശു പറയുന്നത്. എവിടെയാണ് യെഹൂദന്മാർ പിതാവിനെ കാണുകയും പകക്കുകയും ചെയ്തത്. തൻ്റെകൂടെ അദൃശ്യനായി വസിച്ചിരുന്ന പിതാവിനെയും ചേർത്താണ് യേശുവത് പറയുന്നത്. (യോഹ, 14:20; 17:11, 21,23). പഴയനിയമത്തിലും പുതിയനിയമത്തിലും ഓരോ വാക്യങ്ങളിലായി യേശുവിനെ പിതാവെന്ന് സ്പഷ്ടമായി വിളിച്ചിട്ടുണ്ട്. യെശയ്യാവ് 9:6-ൽ ‘നിത്യപിതാവു’ എന്നു വിളിച്ചിട്ടുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും (യേശു) അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). മക്കൾ അഥവാ, മനുഷ്യർ ജഡശരീരത്തിൽ ആയതുകൊണ്ട് പിതാവ് അഥവാ, സൃഷ്ടിതാവായ ദൈവം നമ്മെപ്പോലെ ജഡശരീരത്തിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയ കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

യേശു യെഹൂദന്മാരോട് പറയുന്നത്; “നിങ്ങൾ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19) എന്നും, “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 16:3). ശിഷ്യന്മാരോട് ഇത് പറയുമ്പോൾ പിതാവും പുത്രനും ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7). ശിഷ്യന്മാർ പുത്രനെയല്ലാതെ, പിതാവിനെ എവിടെയാണ് കണ്ടിരിക്കുന്നത്? പിതാവായ ദൈവംതന്നെ ജഡത്തിൽ പ്രത്യക്ഷനായി നില്ക്കുന്നതാണ് പുത്രൻ. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12; സഭാ, 7:20) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9). യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യോഹന്നാൻ 14:9-ൽ പിന്നെയും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” 1യോഹന്നാൻ 2:23-ഉം പിതാവും പുത്രനും വ്യതിരിക്തരല്ലെന്ന് തെളിവ് നൽകുന്നതാണ്: “പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” പിതാവായ ദൈവം മനുഷ്യൻ്റെ പാപപരിഹാരാർത്ഥം പൂർണ്ണമനുഷ്യൻ മാത്രമായി പ്രത്യക്ഷനായി നില്ക്കുമ്പോൾ, ദൈവും മനുഷ്യനുമെന്ന രണ്ടു വ്യക്തികളാണ്. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ ആ മനുഷ്യവ്യക്തി പിന്നെയില്ല; ആരോണോ മനുഷ്യനായി പ്രത്യക്ഷനായത് അവൻ മാത്രമേ ഉണ്ടാകയുള്ളു. അതിനാണ്, “ഞാനും പിതാവും ഒന്നാകുന്നു: എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ലോകത്തിൽ ദൈവത്തിൻ്റെ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്ന ഒരു പ്രയോഗമാണ്: ‘ഞാനും പിതാവും ഒന്നാകുന്നു.’ (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 1 8:6). ‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നു പറഞ്ഞശേഷം, ‘യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ എന്ന് പറഞ്ഞിരിക്കയാൽ; ആ വാക്യത്തിൽ പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. ബൈബിളിൽ ഒരേയൊരു ദൈവവ്യക്തി മാത്രമേയുള്ളു; അത് പിതാവ് മാത്രമാണ്. ഈ വസ്തുത യേശുതന്നെ പലയാവർത്തി പറഞ്ഞിട്ടുണ്ട്: ‘അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ക്രിസ്തുവാണ്. ത്രിത്വവിശ്വാസപ്രകാരം: ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണ്; അതിൽ പുത്രൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായാണ് ഭൂമിയിൽ വന്നത്. പിതാവ് മാത്രം ദൈവമാണെന്ന് പുത്രൻ ആവർത്തിച്ചു പറയുമ്പോൾ, വ്യത്യസ്തവ്യക്തിയും താൻ ജഡത്തിലും ദൈവവുമാണെങ്കിൽ പുത്രനെങ്ങനെ ദൈവമാകും? മൂന്നു വ്യക്തിയാണ് ദൈവമെങ്കിൽ, പിതാവ് മാത്രമാണ് ദൈവമെന്ന് ക്രിസ്തു പറയുമ്പോൾ പുത്രനും പരിശുദ്ധാത്മാവും ഒരുപോലെ ദൈവമല്ലാതായി മാറുകയാണ്. “പിതാവ് മാത്രമാണ് ദൈവമെന്നും പിതാവ് മാത്രമാണ് ആരാധനയ്ക്കു യോഗ്യനെന്നും ക്രിസ്തുതന്നെ പറയുമ്പോൾ, ദൈവം മൂന്നു വ്യക്തികളാണെന്ന് പറയുന്നവർ; ദൈവമല്ലാത്തവരും ആരാധനയ്ക്കു യോഗ്യരല്ലാത്തവരുമായ രണ്ടു വ്യക്തികൂടി ഉൾപ്പെട്ടതാണ് ത്രിത്വദൈവമെന്നാണോ പറയുന്നുത്?” അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മദൈവമെന്നോ ഒരു പ്രയോഗംപോലും ബൈബിളിൽ ഇല്ലാത്തത്, പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലാഞ്ഞിട്ടല്ല; പിതാവിൽനിന്ന് വ്യതിരിക്തരല്ലാത്തതുകൊണ്ടാണ്. (കാണുക: യേശുവിൻ്റെ സ്നാനം വ്യക്തികളും വസ്തുതകളും)

‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നും, യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ (1കൊരി, 8:6) എന്നു പൗലൊസ് പറയുമ്പോൾ, യേശുവിൻ്റെ ഉയിർപ്പിൽ അവിശ്വസിച്ച വിശ്വാസത്തിൽ ബലഹീനനായ തോമാസ് പിന്നെത്തേതിൽ യേശുവിനെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിക്കുമ്പോൾ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ പ്രത്യക്ഷനായി ക്രൂശിൽ മരിച്ചുയിർത്ത കർത്താവായ ക്രിസ്തുവും ഒരാൾ തന്നെയാണെന്ന് അടിവരയിട്ടു പ്രസ്താവിക്കുകയാണ്. “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് വിളിക്കുന്നത് യഹോവയെയാണ്. (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, പുതിയനിയമത്തിൽ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് അപ്പൊസ്തവൻ വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയുമോ? സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രനും സത്യദൈവവും ഒരാൾ തന്നെയാണെന്ന് യോഹന്നാനും സാക്ഷ്യപ്പെടുത്തുന്നു: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20).

പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾ തന്നെയാണ്: ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ സാറാഫുകളുടെ മദ്ധ്യത്തിൽ, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന യഹോവയുടെ മഹത്വമാണ് യെശയ്യാവ് ദർശിച്ചത്. (6:1-5). അനന്തരം “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്നു ചോദിക്കുന്ന യഹോവയുടെ ശബ്ദവും കേൾക്കുകയുണ്ടായി. (6:8-10). യോഹന്നാൻ പറയുന്നത്; യേശുവിൻ്റെ മഹത്വമാണ് യെശയ്യാവ് ദർശിച്ചതെന്നാണ്: “യെശയ്യാവു അവന്റെ (യേശു) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:40,41). പ്രവൃത്തികളിൽ പൗലൊസ് പറയുന്നത് പരിശുദ്ധാത്മാവാണ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു സംസാരിച്ചതെന്നാണ്. (28:26,27; യെശ, 6:8-10). പിതാവ് അഥവാ യഹോവ തന്നെയാണ് യേശുവെന്നും, യഹോവ തന്നെയാണ് പരിശുദ്ധാത്മാവെന്നും ഇതിനാൽ അസന്ദിഗ്ധമായി തെളിയുന്നു.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്ന ഉപദേശം അനേകം ദുരുപദേശങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു പ്രദേശിക സഭയുടേയും പിൻബലമില്ലാതെ, നിഷ്പക്ഷ ബുദ്ധിയോടെ ബൈബിൾ വായിക്കുന്ന ഒരുത്തനും സമനിത്യരായ മൂന്ന് വ്യക്തികളെ കണ്ടെത്താൻ കഴിയില്ല. കാരണം, ബൈബിൾ ദൈവത്തിൻ്റെ ഏകത്വത്തെക്കുറിച്ചാണ് പറയുന്നത്. ‘ദൈവം ഏകനാണെന്നും, തനിക്ക് പങ്കാളികളില്ലെന്നും, താനൊരുത്തനേം അറിയുന്നില്ലെന്നും യഹോവതന്നെ പറയുന്നു.’ ദൈവത്തിൻ്റെ ഏകത്വത്തിന് അധാരമായിട്ട് പഴയപുതിയ നിയമങ്ങളിൽ നൂറ്ംമ്പതോളം വാക്യങ്ങളുണ്ട്. സമനിത്യവാദികളുടെ പ്രധാന പ്രശ്നം; ദൈവം ഏകനാണെന്ന് സമ്മതിക്കാനും നിവൃത്തിയില്ല; സമനിത്യരായ മൂന്ന് വ്യക്തികളുണ്ടെന്ന് തെളിയിക്കാനും കഴിയുന്നില്ല. അതിൻ്റെ കാരണം, ഇവർ ബൈബിളും നിഖ്യാവിശ്വാസപ്രമാണവും ഒരുപോലെ അംഗീകരിക്കുന്നു. ‘രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല.’ ഒന്നിനെ തള്ളുകയും മറ്റൊന്നിനെ കൊള്ളുകയും ചെയ്യാതെ, ഇവർ ഒരിക്കലും ഒരുപദേശ സ്ഥിരതയിൽ എത്താൻ പോണില്ല.

ദൈവം മൂന്ന് വ്യക്തികളെന്ന സമനിത്യവാദം ബൈബിളിനെതിരും, യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. അതൊടുവിൽ എത്തിച്ചേരുന്നത് മൂന്ന് ദൈവങ്ങളെന്ന പാഷാണ്ഡതയിലോ അല്ലെങ്കിൽ, യേശുവിൻ്റെ ദൈവത്വ നിഷേധത്തിലോ ആയിരിക്കും. രണ്ടും ഒരുപോലെ നാശം വിളിച്ചുവരുത്തും. “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം.” (മത്താ, 28:19). എന്ന വാക്യാംശം തന്നെയാണ് ഏകദൈവം ഏകവ്യക്തിത്വത്തിനു ഉടമയാണെന്ന് ശക്തമായി തെളിയിക്കുന്ന പുതിയനിയമഭാഗം. അഥവാ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേയൊരു വ്യക്തിയാണെന്നു ആ വേദഭാഗം വ്യക്തമാക്കുന്നു. മൂന്ന് സ്ഥാനീയർ ഏക നാമം അഥവാ, ഏകവ്യക്തി. ഒന്നുകൂടി പറഞ്ഞാൽ; ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളിൽ അഥവാ, സ്ഥാനനാമങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു, ബൈബിൾ പഠിപ്പിക്കുന്നത് ഏകദൈവ വിശ്വാസമാണ്. അതാണ് ഏറ്റവും ഉത്തമവും യുക്തിഭദ്രവും. ലോകത്തിൽ ഇന്ന് മൂന്നുവിധം ആളുകളാണുള്ളത്; യെഹൂദൻ, ജാതികൾ, ദൈവസഭ. (1കൊരി, 10:32). അതിൽത്തന്നെ ദൈവസഭയിൽ ഇനിയുമൊരു തിരഞ്ഞെടുപ്പ് ശേഷിക്കുന്നു എന്ന് മത്തായി 13-ാം അദ്ധ്യായം വ്യക്തമാക്കുന്നു. “വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” (മത്താ, 22:14). ഈ തിരഞ്ഞെടുപ്പിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് മാനദണ്ഡമാകുമോ അറിയില്ല; എങ്കിലും പേടിക്കേണ്ടിയിരിക്കുന്നു. പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ളതും, ഏതു മുഴങ്കാലും മടങ്ങുന്നതും യഹോവയുടെ നാമത്തിലാണെങ്കിൽ; പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തു ആണ്. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. (ഫിലി, 2:10,11). പിതാവിൻ്റെ മഹത്വത്തിനാണ് യേശുക്രിസ്തു കർത്താവെന്ന് ഏറ്റുപറയുന്നതെങ്കിൽ ആ നാമം പിതാവിൻ്റെ തന്നെയാണ്. ഞാനിത് പറഞ്ഞതിൻ്റെ താല്പര്യം; ഇന്ന് മൂന്നുവിധം ആളുകൾ ലോകത്തിലുണ്ടെങ്കിലും കാലാന്ത്യത്തിൽ അത് രണ്ടുവിധമായി ചുരുങ്ങും. ദൈവത്തോടെപ്പം നിത്യജീവനിൽ വാഴുന്നവരും, സാത്താനോടൊപ്പം നിത്യനരകത്തിൽ പോകുന്നവരും. ഫിലിപ്പിയർ 2:11-ൽ “യേശുക്രിസ്തു കർത്താവ് എന്ന് ഏറ്റുപറകയും ചെയ്യേണ്ടിവരും” എന്ന് ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ഒന്നാമത് മുട്ടുകുത്തി യേശുവിനെ നമസ്കരിക്കുന്നവർ; യേശുവാണ് ഏകസത്യദൈവവും കർത്താവായ ക്രിസ്തുവും എന്ന് തിരിച്ചറിഞ്ഞവരായിരിക്കും. രണ്ടാമത്തെ കൂട്ടരിൽ രക്ഷിക്കപ്പെടാത്തവർ എന്തായാലം യേശുവിനെ നമസ്കരിച്ചശേഷം നരകത്തിലേക്ക് പോകേണ്ടിവരും. രക്ഷിക്കപ്പെട്ടവർ തങ്ങളുടെ ദൈവത്തെ അന്നുമാത്രം തിരിച്ചറിഞ്ഞാൽ മതിയാകുമോ? എനിക്കറിയില്ല. രണ്ടാമത്തെ കൂട്ടത്തിൽ ആരും പെടാതിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.