All posts by roy7

ഏദെൻ

ഏദെൻ (Eden)

പേരിനർത്ഥം – ആനന്ദം

ആദാമിനു ജീവിക്കുവാനായി യഹോവ നിർമ്മിച്ച തോട്ടം. പാപം ചെയ്തതിനു ശേഷം ആദാമും ഹവ്വയും തോട്ടത്തിൽ നിന്നു പുറത്താക്കപ്പെട്ടു. “യഹോവയായ ദൈവം കിഴക്കു ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പ, 2:8). തോട്ടത്തിനു ഏദെനുള്ളത്ര വ്യാപ്തിയില്ലെന്നു സൂചിപ്പിക്കുകയാണിത്. ഏദെനകത്തുള്ള കെട്ടിയടയ്ക്കപ്പെട്ട ഒരു സ്ഥലം ആയിരിക്കണം തോട്ടം. ‘ആനന്ദം’ എന്നർത്ഥവും ഏദെനു സമോച്ചാരണവും ഉള്ള ഒരു എബ്രായധാതുവിൽ നിന്നു നിഷ്പാദിപ്പിക്കുകയാണ് ഏദെൻ എന്ന പദം. സമഭൂമി എന്ന അർത്ഥത്തിൽ ഏദിൻ (Edin) എന്നൊരു സുമേര്യൻ ധാതുവുണ്ട്. അതിൽ നിന്നു നേരിട്ടോ ഏദിന (Edina) എന്ന അക്കാദിയൻ ധാതു വഴിയോ തോട്ടത്തിന് ഈ പേരു സ്വീകരിച്ചിരിക്കാം. സമതലത്തിൽ സ്ഥിതിചെയ്യുക കൊണ്ട് ഏദൻതോട്ടം ‘ഗൻ ഏദെൻ’ (ഉല്പ, 2:15; 3:23, 24; യെഹെ, 36:35; യോവേ, 2:3) എന്നു പേർ വന്നു. യഹോവയുടെ തോട്ടം ‘ഗൻ യാഹ്വേ’ (യെശ, 51:3) എന്നും ഈ തോട്ടത്തെ പരാമർശിച്ചിട്ടുണ്ട്. ഉല്പത്തി 2 2-ലെ തോട്ടം എന്ന വാക്കിനെയും യെശയ്യാവ് 51:3-ലെ ഏദെനെയും, പാരാഡെസൊസ് (Paradeisos) എന്ന പദം കൊണ്ടാണ് സെപ്റ്റംജിൻറിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. കെട്ടിയടയ്ക്കപ്പെട്ടത്, ഉദ്യാനം, തോട്ടം എന്നീ അർത്ഥങ്ങളുള്ള പൗരാണിക പേർഷ്യൻ വാക്കിൽ നിന്നാണ് പാരഡൈസൊസ് എന്ന ഗ്രീക്കു വാക്കിന്റെ ഉത്പത്തി. ഇതിൽ നിന്നത്രേ പരദീസ (പാരഡൈസ്) എന്ന് ഏദെൻ തോട്ടത്തെ വിളിക്കുന്നത്. 

ഏദെനിൽ നിന്നു ഒരു നദിപുറപ്പെട്ടു തോട്ടത്തെ നനച്ചു. അവിടെ നിന്നു അത് നാലു ശാഖയായി പിരിഞ്ഞു. (ഉല്പ, 2;10). ശാഖ എന്ന പദം ഒരു ശാഖയുടെ ആരംഭത്തെയോ (താഴേയ്ക്കൊഴുകുന്നത്) ഒരു പോഷകനദിയുടെ തുടക്കമോ സംഗമമോ ആകാം. ഈ നാലു ശാഖകളും തോട്ടത്തിനു വെളിയിലാണ്. അവയുടെ പേരുകൾ പീശോൻ (ഉല്പ, 2:11), ഗീഹോൻ (ഉല്പ, 2:13), ഹിദ്ദെക്കെൽ (2:14), ഫ്രാത്ത് (2:14) എന്നിവയാണ്. ഇവയിൽ ഹിദ്ദെക്കെലും ഫ്രാത്തും യഥാക്രമം ടൈഗ്രീസും യൂഫ്രട്ടീസം ആണെന്നു എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ പീശോൻ, ഗീഹോൻ എന്നിവയെക്കുറിച്ചു സാരമായ അഭിപ്രായവ്യത്യാസമുണ്ട്. അവ നൈൽ നദിയും സിന്ധുനദിയുമാണെന്നും, അല്ല മെസപ്പൊട്ടേമിയയിലെ ടൈഗ്രീസ് നദിയുടെ പോഷകനദികളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 

ഭൂമിയിൽ നിന്നു മഞ്ഞുപൊങ്ങി നിലമൊക്കെയും നനച്ചു. (ഉല്പ, 2:6). നദി എന്നർത്ഥമുളള ഇദ് (id( എന്ന സുമേര്യൻ ധാതുവിൽ നിന്നാണു മഞ്ഞ് എന്നർത്ഥമുള്ള എദ് എന്ന എബ്രായപദത്തിന്റെ നിഷ്പത്തി. ഇതിൽനിന്നും ഭൂമിയുടെ അടിയിൽ നിന്ന് ഒരു നദി പൊങ്ങി നിലം മുഴുവൻ നനച്ചിരുന്നുവെന്നു മനസ്സിലാക്കാം. തോട്ടത്തിന്നകത്തായിരുന്നു ഇത്. തോട്ടം കൃഷിഭൂമിയായിരുന്നു. കാണാൻ ഭംഗിയുള്ള ഫലവൃക്ഷങ്ങൾ തോട്ടത്തിൽ ഉണ്ടായിരുന്നു. (ഉല്പ, 2:9). പ്രത്യേകിച്ച് തോട്ടത്തിന്റെ മധ്യത്തിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും ഉണ്ടോയിരുന്നു. ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചാൽ എന്നേക്കും ജീവിച്ചിരിക്കും; നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചാൽ നന്മതിന്മകൾ അറിയാൻ തക്കവണ്ണം മനുഷ്യൻ ദൈവത്തെപ്പോലെയാകും. (ഉല്പ, 3:22). നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം മനുഷ്യനു വിലക്കപ്പെട്ടിരുന്നു. (ഉല്പ, 2:17; 3:3). നന്മതിന്മകളെക്കുറിച്ചുളള അറിവിൻറ വൃക്ഷത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളുണ്ട്. തോട്ടത്തിൽ കന്നുകാലികളും മൃഗങ്ങളം പറവകളും ഉണ്ടായിരുന്നു. (ഉല്പ, 2:19,20). 

നദികളോടുള്ള ബന്ധത്തിൽ മൂന്നു പ്രദേശങ്ങളെ പരാമർശിച്ചിട്ടുണ്ട്. ഹിദ്ദേക്കെൽ (ടൈഗ്രീസ്) അശ്ശൂരിനു കിഴക്കോട്ടൊഴുകുന്നു. (ഉല്പ, 2:14). ഈ അശ്ശൂർ അശ്ശൂർ രാജ്യത്തെയോ (അസ്സീറിയ) അശ്ശൂർ പട്ടണത്തെയോ വിവക്ഷിക്കാം. ഈ പട്ടണം അസ്സീറിയയുടെ ഏറ്റവും പുരാതനമായ തലസ്ഥാനമാണ്. ബി.സി. മുന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ തന്നെ വളരെയേറെ വളർന്നു കഴിഞ്ഞ ഒരു നഗരമാണിത്. ഈ പ്രദേശത്തു നടത്തിയ ഉൽഖനനങ്ങൾ ഈ വസ്തുത തെളിയിക്കുന്നു. ടൈഗ്രീസ് നദിയുടെ പടിഞ്ഞാറെക്കരയിലാണ് അശ്ശൂർപട്ടണം. അസ്സീറിയയുടെ വ്യാപ്തി ഏറ്റവും ചുരുങ്ങിയിരുന്ന കാലത്തുപോലും നഗരം നദിയുടെ ഇരുപാർശ്വങ്ങളിലായി കിടന്നിരുന്നു. ഗീഹോൻ നദി കൂശ് ദേശമൊക്കയും ചുറ്റുന്നു. (ഉല്പ, 2:13). കൂശ് ബൈബിളിൽ പൊതുവെ എത്യോപ്യയെ കുറിക്കുന്നു. എന്നാൽ ഹിദ്ദേക്കെൽ (ടൈഗ്രീസ്) നദിയുടെ കിഴക്കുള്ള പ്രദേശത്തിനും ഈ പേരുണ്ട്. അതാകണം ഇവിടെ സൂചിതം. മൂന്നാമത്തെ നദിയായ പീശോൻ ഹവീലാദേശമൊക്കെയും ചുറ്റുന്നു. (ഉല്പ, 2:11). അവിടെ നിന്നു ലഭിക്കുന്ന പല വസ്തുക്കളുടെ പേരുകളും പറഞ്ഞിട്ടുണ്ട്. ഇവിടത്തെ പൊന്ന് മേത്തരമാണ്. ഗുൽഗുലുവും ഗോമേദകവും ഇവിടെ ഉണ്ട്. ഇവ അറബിദേശത്തു നിന്ന് ലഭിക്കുന്നവയാണ്. തന്മൂലം ഹവീലാദേശം അറേബ്യയിലെ ഏതെങ്കിലും ഭാഗത്തെയായിരിക്കും സൂചിപ്പിക്കുന്നത്. 

ഏദെൻതോട്ടത്തിന്റെ സ്ഥാനത്തെ കുറിച്ചും ഗണ്യമായ അഭിപ്രായഭേദമുണ്ട്. കാൽവിൻ, ഡെലീറ്റ്ഷ് തുടങ്ങിയവരുടെ അഭിപ്രായത്തിൽ ദക്ഷിണ മെസപ്പൊട്ടേമിയയിലാണ് ഏദെൻതോട്ടം. അർമേനിയൻ പ്രദേശത്താണ് തോട്ടമെന്നു കരുതുന്നവരും കുറവല്ല. ടൈഗ്രീസും യൂഫ്രട്ടീസും ഈ പ്രദേശത്തുനിന്നാണ് ഉത്ഭവിക്കുന്നത്. എന്നാൽ പീശോനും ഗീഹോനും അർമേനിയയിലും കോക്കേഷ്യയ്ക്കു അക്കരെയുമുള്ള ചില ചെറിയ നദികളെയായിരിക്കും വിവക്ഷിക്കുക. എന്നാൽ നോഹയുടെ കാലത്തുണ്ടായ ജലപ്രളയം ഭൂമിയുടെ ഉപരിതല പ്രകൃതിയെ പാട മാറ്റിക്കളഞ്ഞു. തന്മൂലം ഏദെൻ്റെ സ്ഥാനം അജ്ഞാതമായി അവശേഷിക്കുന്നു. 

സസ്യസൗന്ദര്യത്തിനും മഹത്വത്തിനും അധിഷ്ഠാനമായിരുന്നു ഏദെൻ. ഈ തോട്ടം യഹോവയുടെ നിവാസസ്ഥാനമായിരുന്നില്ല. മനുഷ്യസൃഷ്ടിക്കുശേഷമാണ് തോട്ടം നിർമ്മിച്ചത്. അതു മനുഷ്യനു വേണ്ടിയായിരുന്നു. എദെൻ്റെ സമൃദ്ധി അനുഭവിക്കാൻ വേണ്ടിമാത്രമല്ല, വേല ചെയ്യാനും തോട്ടം കാക്കാനും കൂടിയാണ് ദൈവം മനുഷ്യനെ തോട്ടത്തിൽ ആക്കിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള അവിച്ഛിന്നമായ കൂട്ടായ്മയുടെ പ്രതീകമാണ് ഏദൻതോട്ടം. വെയിലാറുമ്പോൾ യഹോവ തോട്ടത്തിൽ നടക്കുകയും ആദാമിനോടും ഹവ്വയോടും കൂട്ടായ്മ പുലർത്തുകയും ചെയ്തു വന്നു. (ഉല്പ, 3:8). അനുസരണക്കേടിനാൽ മനുഷ്യൻ ഏദെനിൽ നിന്നു നിഷ്ക്കാസിതനായി. ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജാലയുമായി നിർത്തി. (ഉല്പ, 3:24).

എമ്മവുസ്

എമ്മവുസ് (Emmaus)

പേരിനർത്ഥം – ചുടുള്ള നീരുറവകൾ 

യെരൂശലേമിൽ നിന്ന് ഏഴുനാഴിക (60 stadia) ഏകദേശം 12 കി. മീറർ അകലെയുള്ള ഗ്രാമം. (ലൂക്കൊ, 24:13). പുനരുത്ഥാനശേഷം യേശുക്രിസ്തു ക്ലെയൊപ്പാവിനും മറ്റൊരുശിഷ്യനും ഇവിടെവച്ചു സ്വയം വെളിപ്പെടുത്തിക്കൊടുത്തു. നാലാം നൂറ്റാണ്ടിലെ ചില കൈയെഴുത്തു പ്രതികളിൽ 160 സ്റ്റാഡിയ എന്ന് കാണുന്നുണ്ടെന്നും അത് ലൂക്കൊസ് 24:13-ന്റെ വെളിച്ചത്തിൽ തെറ്റാണെന്നും ആധുനികപണ്ഡിതൻമാർ കരുതുന്നു. ടൈറ്റസ് ചക്രവർത്തിയുടെ പടയാളികൾ വസിച്ചിരുന്ന ഒരു എമ്മവുസിനെക്കുറിച്ച് ജൊസീഫസ് പറയുന്നുണ്ട്: 60 സ്റ്റാഡിയ തന്നെ ദൂരം. യെരൂശലേമിന് പടിഞ്ഞാറ് കുളോനിയേ കോളനി എന്നൊരു സ്ഥലം ഏകദേശം 60 സ്റ്റാഡിയ ദൂരത്തിൽ ഉണ്ട്. അതാണ് പഴയ എമ്മവൂസ് എന്ന് കരുതുന്നവരുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ കുബീബെ എന്നൊരു സ്ഥലമാണ് എമ്മവുസിന്റെ സ്ഥാനം എന്ന് കരുതപ്പെടുന്നത്. ഇപ്പോഴത്തെ റോഡിലൂടെ ദൂരം 18 കി.മീറ്റർ ദൂരമുണ്ട്.

എഫ്രാത്ത

എഫ്രാത്ത (Ephratah)

പേരിനർത്ഥം – ഫലപുർണ്ണത

യെഹൂദ്യയിലെ ബേത്ലേഹെമിന്റെ പഴയ പേര്. (ഉല്പ, 35:16, 19). യേശുവിൻ്റെ ജന്മസ്ഥലം: “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” (മീഖാ 5:2, യോഹ, 7:42). റാഹേൻ മരിച്ചതും ഇവിടെയാണ്; “ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻ ദേശത്തു എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവെച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.” (ഉല്പ, 48:7). ഈ സ്ഥലം യാക്കോബിന്റെ കാലത്ത് എഫ്രാത്ത് എന്നോ എഫാത്ത എന്നോ വിളിക്കപ്പെട്ടിരുന്നു എന്ന് മേല്പറഞ്ഞ വേദഭാഗങ്ങൾ വ്യക്തമാക്കുന്നു. “നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു” (സങ്കീ, 132:6) എന്ന വാക്യത്തിലെ എഫ്രാത്ത എവിടെയാണെന്നു നിശ്ചയമില്ല.

എഫ്രയീം

എഫ്രയീം (Ephraim) 

പേരിനർത്ഥം – ഫലപൂർണ്ണം

യെരുശലേമിനു വടക്കുകിഴക്ക് മരുഭൂമിക്കരികെയാണ് എഫ്രയീം പട്ടണം. (യോഹ, 11:54). യേശു ലാസറിനെ ഉയിർപ്പിച്ചതു നിമിത്തം പുരോഹിതന്മാരുടെ ആക്രമണ ഭീഷണികൾ യേശുവിനു നേരിടേണ്ടിവന്നു. തന്മൂലം യേശു എഫ്രയീം പട്ടണത്തിൽ അഭയം പ്രാപിച്ചു. ബേഥേലിന് പത്തു കി.മീറ്റർ കിഴക്കുള്ള ‘എൽ-തയിബെ’ ആണ് ഇതെന്ന് കരുതപ്പെടുന്നു.

എഫെസൊസ്

എഫെസൊസ് (Ephesus)

പേരിനർത്ഥം – അഭികാമ്യം

റോമൻ പ്രവിശ്യയായ ആസ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണം. കായിസ്റ്റർ (Cayster) നദീമുഖത്ത് കൊറെസ്സസ് പർവ്വതനിരയ്ക്കും സമുദ്രത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്നു. 11 മീറ്റർ വീതിയുള്ള മനോഹരമായ പാത പട്ടണത്തിലൂടെ തുറമുഖത്തിലെത്തിച്ചേർന്നിരുന്നു. ഒരു വലിയ കയറ്റുമതി കേന്ദ്രമായിരുന്നു ഇത്. ഇപ്പോൾ അൾപാർപ്പില്ലാത്ത ആ പട്ടണം അനേക വർഷങ്ങളായി ഉൽഖനനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി തുടരെ എക്കൽമണ്ണു മൂടുക നിമിത്തം കടൽ ഏതാണ്ട് 10 കി.മീറ്റർ ഉള്ളിലാണ്. ബി.സി. രണ്ടാം നൂറ്റാണ്ടുമുതൽ തുറമുഖം വ്യാപകമായ രീതിയിൽ ശുദ്ധീകരണ പ്രക്രിയയ്ക്കു വിധേയമായിക്കൊണ്ടിരുന്നു. അതുകൊണ്ടായിരിക്കണം പൗലൊസിനു മിലേത്തൊസിൽ ഇറങ്ങേണ്ടി വന്നത്. (പ്രവൃ, 20:15). തീയറ്റർ, സ്നാനഘട്ടം, ഗ്രന്ഥശാല, ചന്തസ്ഥലം, കല്ലു പാകിയ തെരുവുകൾ ഇവയോടുകൂടിയ പട്ടണത്തിന്റെ പ്രധാനഭാഗം കൊറെസ്സസ് പർവ്വതനിരയ്ക്കും കായിസ്റ്റർ നദിക്കും ഇടയിൽ ആണ്. എന്നാൽ വളരെ പ്രസിദ്ധമായ അർത്തെമിസ് ദേവിയുടെ ക്ഷേത്രം 2 കി.മീറ്റർ വടക്കുകിഴക്കാണ്. ഈ ദേവിയെ ഗ്രീക്കിൽ അർത്തെമിസ് എന്നും ലത്തീനിൽ ഡയാന എന്നും വിളിക്കുന്നു. സമീപത്തുള്ള കുന്നിൽ ജസ്റ്റീനിയൻ ചക്രവർത്തി വിശുദ്ധ യോഹന്നാന്റെ പേരിൽ ഒരു ദൈവാലയം പണികഴിപ്പിച്ചിട്ടുണ്ട്. അർത്തെമിസ് ദേവിയുടെ ക്ഷേത്രം പ്രാചീന ലോകത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പൗലൊസ് എഫെസൊസ് സന്ദർശിക്കുമ്പോൾ ഉണ്ടായിരുന്ന ക്ഷേത്രം ഒരു അയോണിക്ക് ക്ഷേത്രത്തിന്റെ മാതൃകയിൽ പുതുക്കിപ്പണിതതാണ്. 

ചരിത്രം: എഫെസൊസിലെ ആദിമനിവാസികൾ കാര്യരും, ലെലെഗെരും (Carians and Leleges) ആയിരുന്നു. അഥൻസിലെ രാജാവായ കൊഡ്രൂസിന്റെ മകൻ ആൻഡോക്ലൂസ് ആദിമനിവാസികളെ പുറത്താക്കി ഒരു അയോണിയൻ കോളനി സ്ഥാപിച്ചു. ഈ അയോണിയൻ കോളനി സ്ഥാപിക്കുന്നതിനു മുമ്പുതന്നെ അർത്തെമിസ് ദേവിയുടെ ആരാധന എഫെസൊസിൽ നിലവിലുണ്ടായിരുന്നു. കെർസിഫ്രൊൺ എന്ന ശില്പിയായിരുന്നു അർത്തെമിസ് ദേവിയുടെ ആദ്യക്ഷേത്രം പണിതത്. ക്രീസസ് ലുദിയയിലെ രാജാവായ ശേഷം (ബി.സി. 560) അദ്ദേഹത്തിന്റെ ആക്രമണത്തിന് ആദ്യം വിധേയമായത് എഫെസൊസ് നഗരമായിരുന്നു. നഗരനിരോധത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി അവർ നഗരത്തെ അർത്തെമിസിനു സമർപ്പിച്ചു. തുടർന്നു ക്രീസസ് ക്ഷേത്രത്തിനു സ്വർണ്ണകാളകളും സ്തംഭങ്ങളും സംഭാവനചെയ്തു. ബി.സി. 546-ൽ പാർസിരാജാവായ കോരെശ് ക്രീസസിനെ തോല്പിച്ചു. അദ്ദേഹത്തിന്റെ സൈന്യാധിപനായിരുന്ന ഹർപ്പാഗസ് എഫെസൊസ് ഉൾപ്പെടെയുള്ള അയോണിയൻ നഗരങ്ങളെ കീഴടക്കി. അലക്സാണ്ടർ ചക്രവർത്തി ബി.സി. 356-ൽ ജനിച്ചു. അലക്സാണ്ടർ ജനിച്ചനാളിൽ അർത്തമിസ് ദേവിയുടെ ക്ഷേത്രത്തെ ഹെറൊസ്റ്റ്രാറ്റസ് അഗ്നിക്കിരയാക്കി എന്നൊരു പാരമ്പര്യമുണ്ട്. ബി.സി. 334-ൽ അലക്സാണ്ടർ ഗ്രാനിക്കസ് നദീതടത്തിൽവെച്ചു പാർസികളെ തോല്പിച്ചു; എഫെസൊസ് കീഴടക്കി. ഈ കാലത്തു ഡിനോക്രാറ്റിസ് എന്ന വിദഗ്ദ്ധ ശില്പിയുടെ നേതൃത്വത്തിൽ എഫെസ്യർ ക്ഷേത്രം പുനർനിർമ്മാണം ചെയ്യുകയായിരുന്നു. ശിലാലിഖിതത്തിൽ തന്റെ പേർ ചേർക്കാമെങ്കിൽ ക്ഷേത്രത്തിന്റെ പുനർനിർമ്മാണച്ചെലവു മുഴുവനും നല്കാമെന്നു അലക്സാണ്ടർ വാഗ്ദാനം ചെയ്തു. എഫെസ്യർ അതു കൈക്കൊണ്ടില്ല. ഒരു ദേവനായ അലക്സാണ്ടർ മറ്റു ദേവന്മാർക്കു വഴിപാടു നല്കുന്നത് ഉചിതമല്ലല്ലോ എന്ന് വ്യാജസ്തുതിയായി ഒരുവൻ പറഞ്ഞു.  

അലക്സാണ്ടറിനുശേഷം ലിസിമാക്കസ് എഫെസൊസിന്റെ അധിപതിയായി. ആധുനിക എഫെസൊസിന്റെ സ്ഥാപകനായി ലിസിമാക്കസിനെ കണക്കാക്കുന്നു. അദ്ദേഹം നഗരമതിലുകൾ പണിയുകയും അന്യദേശങ്ങളിൽ നിന്നും ആളുകളെ കൊണ്ടുവന്നു ഇവിടെ കുടിപാർപ്പിക്കുകയും ചെയ്തു. എഫെസൊസിലെ രണ്ടു പ്രധാന കുന്നുകളത്രേ പനാജിർഡാഗും (Panajir Dagh), ബ്യൂൾബ്യൂൾ ഡാഗും (Bulbil Dagh). ഇവയുടെ മുകളിൽ ലിസിമാക്കസ് പണികഴിപ്പിച്ച കോട്ടയുടെ ശൂന്യശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ബി.സി. 281-ൽ സെല്യൂക്കസ് ഒന്നാമൻ ലിസിമാക്കസിനെ തോല്പിച്ചു വധിച്ചു. എഫെസൊസ് ഉൾപ്പെട്ട ആസ്യസാമ്രാജ്യം സെല്യൂക്കസ് പുത്രനായ അന്ത്യൊക്കസ് ഒന്നാമനു നല്കി. അന്ത്യൊക്കസ് മുന്നാമനെ തോല്പിച്ച് റോമൻ സൈന്യം എഫെസൊസ് പിടിച്ചടക്കി. ഈ യുദ്ധത്തിൽ പെർഗാമമിലെ രാജാവായ യുമീനിസ് രണ്ടാമൻ (ബി.സി. 197-159) റോമിനെ സഹായിച്ചതിനാൽ എഫെസൊസ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ യുമീനിസിനു കൊടുത്തു. പെർഗാമമിലെ ഒടുവിലത്തെ ഭരണാധിപൻ മരിക്കുമ്പോൾ രാജ്യം റോമാക്കാർക്കു നല്കി. അങ്ങനെ എഫെസൊസ് വീണ്ടും റോമൻ ആധിപത്യത്തിൻ കീഴമർന്നു. ബി.സി. 29-ൽ പുണ്യസ്ഥലം എഫെസ്യർ റോമിന്നും കൈസർക്കുമായി നിവേദിച്ചു. അതോടുകൂടി ആസ്യയിലെ പ്രധാനസ്ഥാനം എഫെസൊസിനു ലഭിച്ചു. റോമിന്റെ കീഴിൽ എഫെസൊസ് മതപരമായ പ്രാമാണ്യവും നിലനിർത്തി. അത് ചക്രവർത്തിപൂജയുടെ കേന്ദ്രമായി മാറി. ആസ്യാധിപന്മാരുടെ ചുമതലതന്നെ ചക്രവർത്തിപുജ പരിപോഷിപ്പിക്കുകയായിരുന്നു. (പ്രവൃ, 19:31). അർത്തെമിസ് ദേവിയെക്കുറിച്ച് ”ആസ്യ മുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളും” എന്നും എഫെസൊസ് പട്ടണത്തെക്കുറിച്ച് ”അർത്തെമിസ് മഹാദേവിക്കും ദ്യോവിൽ നിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക” എന്നും എഫെസ്യർ കരുതിയിരുന്നു. (പ്രവൃ, 19:27, 35). റോമിനെ ഗോഥുകൾ ആക്രമിച്ചപ്പോൾ അവർ എഫെസൊസ് പട്ടണത്തെയും നശിപ്പിച്ചു. (എ.ഡി. 262). 

ക്രിസ്തുമതം: എഫെസൊസിൽ യെഹൂദന്മാരുടെ ഒരു വലിയ കോളനി ഉണ്ടായിരുന്നു. റോമൻ ഭരണകാലത്ത് അവർക്കു പ്രത്യേക ആനുകൂല്യവും പദവിയും ലഭിച്ചിരുന്നു. ഇവിടെ ക്രിസ്തുമതം ആദ്യം പ്രവേശിച്ചത് ഏകദേശം എ.ഡി. 52-ൽ പൗലൊസ് ഒരു ഹ്രസ്വ സന്ദർശനം നടത്തിയതോടു കൂടെയാണ്. അപ്പോൾ പൗലൊസ് അക്വിലാസിനെയും പ്രിസ്കില്ലയെയും അവിടെ വിട്ടേച്ചു പോയി. (പ്രവൃ, 18:18-21). പൗലൊസിന്റെ മൂന്നാമത്തെ മിഷണറി യാത്രയുടെ ലക്ഷ്യം എഫെസൊസ് ആയിരുന്നു. അവിടെ അദ്ദേഹം രണ്ടു വർഷത്തിലധികം താമസിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ദൈവരാജ്യത്തെക്കുറിച്ചു സംവാദിക്കുകയും യെഹൂദന്മാരെക്കൊണ്ടു സമ്മതിപ്പിക്കുകയും ചെയ്തുവന്നു. (പ്രവൃ, 19:8,10). തുടർന്ന് തുറന്നൊസിന്റെ പാഠശാലയിൽ തർക്കിച്ചുവന്നു. ക്രിസ്തുമതത്തിന്റെ വളർച്ച മറ്റു മതങ്ങൾക്കു വലിയ ആഘാതമായിമാറി. അവിടെ വളർന്നുവന്ന മന്ത്രവാദം പോലുള്ള ക്ഷദ്രപ്രയോഗങ്ങളെ മാത്രമല്ല (പ്രവൃ, 19:13), അർത്തെമിസ് പൂജയെപ്പോലും (പ്രവൃ, 19:27) അത് ബാധിച്ചു. എഫെസൊസിന്റെ സമ്പൽസമൃദ്ധിക്ക് അടിസ്ഥാനമായിരുന്ന വിഗ്രഹാദിവസ്തുക്കളുടെ കച്ചവടത്തിനും കോട്ടം വന്നു. (പ്രവൃ, 19:38). തുടർന്ന് പട്ടണത്തിൽ കലഹം പൊട്ടിപുറപ്പെട്ടു. (പ്രവൃ, 19:29-41).

പൗലൊസ് എഫെസൊസിൽ താമസിക്കുന്ന കാലത്തു കൊലൊസ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുവിശേഷം പ്രചരിപ്പിച്ചു. (കൊലൊ, 1:6,7; 2:1). കൊരിന്ത്യ സഭയിലുണ്ടായ വാദപ്രതിവാദങ്ങളും എഴുത്തുകുത്തുകളും അപ്പൊസ്തലൻ നടത്തിയത് എഫെസൊസ് താവളമാക്കിയായിരുന്നു. (1കൊരി, 16:8). പൗലൊസ് എഫെസൊസിൽ വച്ചു മൃഗയുദ്ധം ചെയ്തതിനെക്കുറിച്ച് പറയുന്നുണ്ട്. (1കൊരി, 15:32). അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുകയാണെങ്കിൽ അത് ഇവിടത്തെ സ്റ്റേഡിയത്തിൽ വന്യമൃഗപ്പോരിനു വേണ്ടി വേർതിരിച്ചിട്ട സ്ഥലത്തുവച്ചായിരിക്കണം. എന്നാൽ ഈ സ്റ്റേഡിയത്തിൽ മൃഗയുദ്ധത്തിനു വേണ്ട ക്രമീകരണം ഉണ്ടായത് പിന്നീടാണെന്നു പറയപ്പെടുന്നു. തന്മൂലം ‘മൃഗയുദ്ധം’ ആൾക്കൂട്ടത്തിന്റെ ആക്രമണത്തെ സൂചിപ്പിക്കുന്ന ആലങ്കാരിക പ്രയോഗമായിരിക്കണം. എഫെസൊസിൽ രണ്ടോമൂന്നോ പ്രാവശ്യം പൗലൊസ് കാരാഗൃഹവാസം അനുഭവിച്ചുവെന്നും കാരാഗൃഹ ലേഖനങ്ങളെല്ലാം തന്നെ എഫെസൊസിൽ വെച്ചാണ് അല്ലാതെ റോമിൽവച്ചല്ല അദ്ദേഹം എഴുതിയെന്നും ചില പണ്ഡിതന്മാർ വാദിക്കുന്നുണ്ട്. എഫെസൊസിൽനിന്ന് പൗലൊസിന്റെ ഒരു ലേഖനശേഖരം കണ്ടെടുത്തിട്ടുമുണ്ട്. എന്നാൽ കാരാഗൃഹലേഖനങ്ങൾ എല്ലാം റോമിൽവച്ചെഴുതിയെന്നു കരുതുകയാണ് യുക്തം.

എഫെസൊസിലെ ഒന്നാമത്തെ ബിഷപ്പ് തിമൊഥയൊസ് ആണ്. പൗലൊസിന്റെ മടങ്ങിവരവിൽ തിമൊഥയൊസിനെ എഫെസൊസിൽ ആക്കി. (1തിമൊ, 1:3). അനന്തരം എഫെസൊസ് യോഹന്നാൻ അപ്പൊസ്തലന്റെ പ്രധാന താവളമായി. വെളിപ്പാടിൽ സംബോധന ചെയ്തിട്ടുള്ള ഏഴുസഭകളും യോഹന്നാന്റെ പരിധിയിലായിരുന്നു. ഈ ഏഴു സഭകളിൽ ആദ്യം എഴുതുന്നത് എഫെസൊസിലെ സഭയ്ക്കാണ്. എഫെസൊസ് പ്രധാനപ്പെട്ട സഭയെന്നു മാത്രമല്ല, പത്മോസിൽ നിന്നു വരുന്ന ദൂതൻ ആദ്യം കരയ്ക്കടുക്കുന്നത് എഫെസൊസിലാണ്. ഈ സഭ വളരെയധികം വളർന്നെങ്കിലും ദുരുപദേഷ്ടാക്കന്മാരുടെ ശല്യം അനുഭവിക്കുകയും ആദ്യസ്നേഹം ത്യജിച്ചുകളയുകയും ചെയ്തു. ജയിക്കുന്നവന്നു ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കുമെന്ന് വാഗ്ദത്തത്തിനും അടിസ്ഥാനമുണ്ട്. അർത്തെമിസ് ദേവിയുടെ വിശുദ്ധ ഈന്തപ്പന കാരണമായിരിക്കണം അത്. സഭയുടെ മൂന്നാമത്തെ സമ്മേളനം എ.ഡി. 431-ൽ എഫെസൊസിൽ കുടി. ഇത് നെസ്റ്റോറിയൻ ക്രിസ്തുവിജ്ഞാനീയത്തെ ഖണ്ഡിക്കുവാനായിരുന്നു.

ഊസ്

ഊസ് (Uz)

ഇയ്യോബിന്റെ ജന്മദേശം. (ഇയ്യോ, 1:1). അരാമിന്റെ പുത്രൻ ഊസും സന്തതികളും പാർത്ത സ്ഥലമാണ് ഊസ്. (ഉല്പ, 10:22,23). ഊസ് ദേശത്തെ യിരെമ്യാ പ്രവാചകൻ രണ്ടു പ്രാവശ്യം പരാമർശിക്കുന്നുണ്ട്. മിസ്രയീം, ഫെലിസ്ത്യദേശം, ഏദോം, മോവാബ് എന്നിവയോടൊപ്പം ഊസ്ദേശത്തെ യിരെമ്യാവ് പ്രവചനത്തിൽ പറയുന്നു. (25:20). വിലാപങ്ങളിൽ ‘ഊസ്ദേശത്തു പാർക്കുന്ന ഏദോം പുതിയേ’ എന്നു പ്രവാചകൻ സംബോധന ചെയ്യുന്നു. (4:21). ഇത് ഊസ്ദേശത്തിനും ഏദോമിനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. ഇയ്യോബിന്റെ സുഹൃത്തുക്കളുടെ സ്വദേശത്തെക്കുറിച്ചുള്ള വിവരണവും ഈ നിഗമനത്തിന് ഉപോദ്ബലകമാണ്. എലീഫസ് തേമാന്യൻ അഥവാ ഇദൂമ്യനാണ്. എലിഹൂ ബൂസ്യൻ അതായത് കല്ദയരുടെ സമീപവാസി ആണ്. ശൂഹ്യനായ ബിലാദ് പൂർവ്വദിഗ്വാസിയാണ്. ഇയ്യോബും പൂർവ്വദിഗ്വാസിയാണ്. (ഇയ്യോ, 1:3). ഈ വസ്തുതകളുടെ വെളിച്ചത്തിൽ ഊസ്ദേശം എദോമിലാണെന്നു കരുതുന്നതിൽ യുക്തിരാഹിത്യമുണ്ടെന്നു തോന്നുന്നില്ല.

ഊർ

ഊർ (Ur)

പേരിനർത്ഥം – പ്രകാശം

കല്ദയരുടെ പട്ടണമായ ഊർ. (ഉല്പ. 11:31). ബാബിലോണിനു 240 കി.മീറ്റർ തെക്കുകിഴക്കായി യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറെ തീരത്തു സ്ഥിതിചെയ്യുന്ന ആധുനിക ‘തേൽ എൽ മൂകയ്യാർ’ (Tell el-Mugayyar ) ആണ് കല്ദയരുടെ ഊർ. ദക്ഷിണ ബാബിലോണിലെ ഊർ അബ്രാഹാമിന്റെ സ്വദേശമായിരുന്നു. ഒരുകാലത്ത് ഇവിടം ചന്ദ്രദേവനായ നന്നാർ പുജയുടെ കേന്ദ്രമായിരുന്നു. ഈ പട്ടണത്തിന്റെ അവശിഷ്ടം 914 x 732 മീറ്റർ വ്യാപിച്ചു കിടക്കുന്നു. രാജാക്കന്മാരുടെ ശവക്കല്ലറകളിൽ നിന്നും സ്വർണ്ണം, വെള്ളി തുടങ്ങിയവയിൽ നിർമ്മിച്ച അനേകം വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഈ പട്ടണത്തിലെ സുമേര്യൻ രാജാക്കന്മാരും രാജ്ഞിമാരും തങ്ങളുടെ പരിവാരങ്ങളോടൊപ്പം അടക്കപ്പെട്ടിരുന്നു എന്നതിനാ സൂചനകളുണ്ട്. 

അബ്രാഹാമും സഹോദരൻ നാഹോരും ജനിച്ചത് ഊരിലാണ്. (ഉല്പ, 11:28; പ്രവൃ, 7, 2-4). അബ്രാഹാമിന്നു യഹോവ സ്വപ്നത്തിൽ പ്രത്യക്ഷനായി കല്ദയരുടെ പട്ടണമായ ഊർ വിട്ട് കനാനിലേക്കു പോകുവാൻ കല്പിച്ചു. “തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാഹാമിന്റെ ഭാര്യയായ മരുമകളായ സാറായിയെയും കൂട്ടി കല്ദയരുടെ പട്ടണമായ ഊരിൽനിന്നും കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു.” (ഉല്പ, 11:31). ഊരിൽ നടന്ന ഉൽഖനനങ്ങളിൽ നിന്നും പട്ടണം വിട്ടുപോയ സമയത്തു അബ്രാഹാമിന്ന് വളരെയേറെ സമ്പത്ത് ഉപേക്ഷിക്കേണ്ടി വന്നു എന്നു വെളിപ്പെടുന്നു. കല്ദയർ ദക്ഷിണ ബാബിലോണിൽ എത്തിച്ചേർന്നത് ബി.സി. 1000-ത്തിനു ശേഷമാണ്. അബ്രാഹാമിന്റെ കാലം ഏകദേശം ബി.സി. 2000-ലാണ്. അതിനാൽ കല്ദയരുടെ പട്ടണമായ ഊർ എന്ന പ്രയോ ഗം കാലഗണനാഭ്രമമെന്നു കരുതുന്നവരുണ്ട്. പൗരാണിക സ്ഥലനാമങ്ങൾ പലതും പില്ക്കാല വായനക്കാർക്കു സുഗ്രാഹ്യമാകുമാറു ഏതത്കാലവിശേഷണം ചേർത്ത് പകർപ്പെഴുത്തുകാർ പരിഷ്കരിച്ചതിൽ ഒരുദാഹരണം മാത്രമായി ഇതിനെ കരുതിയാൽ മതി.

ഇല്ലൂര്യദേശം

ഇല്ലൂര്യദേശം (lyricum)

ഇറ്റലി, ജർമ്മനി, മക്കെദോന്യ, ത്രേസ് എന്നീ പ്രദേശങ്ങൾക്ക് ഇടയ്ക്കുള്ള സ്ഥലം. പശ്ചിമ യൂഗോസ്ളാവിയയുമായി ഏതാണ്ടു പൊരുത്തപ്പെടും. ഒരു ഭാഗത്താ അദ്രിയക്കടലും മറുഭാഗത്ത് ദാന്യൂബ് നദിയുമാണ്. ദല്മാത്യയെന്നാണ് ഇന്നത്തെ പേര്. ഇല്ലൂര്യദേശത്തിന്റെ തെക്കുഭാഗം അന്ന് ദല്മാത്യ എന്നറിയപ്പെട്ടിരുന്നു. ദാല്മാത്യയ്ക്ക് തീത്തൊസ് പോയതായി പൗലൊസ് തിമൊഥെയൊസിനെ അറിയിച്ചു. (2തിമൊ, 4:10). പുതിയനിയമത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ഇല്ലൂര്യദേശത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. പൗലൊസ് ഇല്ലൂര്യദേശത്തോളം ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിൻ്റെ സുവിശേഷ ഘോഷണം നിവർത്തിച്ചു. (റോമ, 15:19).

ഇത്തല്യ

ഇത്തല്യ (Italy)

യൂറോപ്പിന്റെ തെക്കുഭാഗത്ത് അദ്രിയാറ്റിക് കടലിനും മെഡിറ്ററേനിയൻ കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന വലിയ ഉപദ്വീപ്. 1126 കി.മീ . നീളവും , 160 കി . മീ . മുതൽ 240 കി . മീറ്റർ വരെ വീതിയും ഉണ്ട്. പ്രധാനനദികൾ ടൈബറും (Tiber) പോയും (Po) ആണ്. ഇത്തല്യർ ജീവിച്ചിരുന്ന സ്ഥലത്തെയാണ് ഇറ്റലി എന്നു വിളിക്കുന്നത്. ‘വിത്തേലിയ’ (Vitelia) എന്ന പദത്തിന്റെ യവനരുപമാണ് ഇറ്റലി. ‘വിത്തലോ’ എന്ന പദത്തിനു് കാളക്കിടാവ് എന്നർത്ഥം. ജനത്തെ ഈ പേരിൽ വിളിക്കുന്നത് അവർ കന്നുകാലികളെ മേയ്ക്കുന്നതുകൊണ്ടോ കാളദേവന്റെ സന്തതികളായതുകൊണ്ടോ ആയിരിക്കണം. തിരുവെഴുത്തുകളിൽ അഞ്ചുപ്രാവശ്യം ഇത്തല്യ പറയപ്പെടുന്നു. (പ്രവൃ, 18:2; 27:1, 6; എബ്രാ, 13:24). ആദ്യകാലത്തുതന്നെ ക്രിസ്തുമാർഗ്ഗം ഇറ്റലിയിൽ പ്രവേശിച്ചു. പെന്തെക്കൊസ്തു നാളിൽ പരിശുദ്ധാത്മപ്പകർച്ചയ്ക്ക് റോമിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. (പ്രവൃ,2:10). ഇവർ ഇറ്റലിയിൽ മടങ്ങിവന്നശേഷം സഭ സ്ഥാപിച്ചിരിക്കണം. ഇവിടെയുള്ള ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്താണു പൗലൊസ് റോമാലേഖനം എഴുതിയത്. കൊർന്നേല്യൊസ് എന്ന ശതാധിപൻ ഇറ്റലിക്കാരനായിരുന്നു. (പ്രവൃ, 10:1).

ഇതൂര്യ

ഇതൂര്യ (Ituraea)

പേരിനർത്ഥം – യെതൂരിനെ സംബന്ധിച്ചത്

ഗലീലാക്കടലിനു വടക്കുകിഴക്കായി കിടക്കുന്ന ഒരു ചെറിയ പ്രദേശം. യിശ്മായേലിന്റെ പുത്രനായ യെതൂരിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി. (ഉല്പ, 25:15,16; 1ദിന, 1:31). യോർദ്ദാന്റെ കിഴക്കു പാർത്തിരുന്ന ഇവരെ യിസ്രായേല്യർ തോല്പിച്ചു. (1ദിന, 5:18-21). ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ മക്കാബ്യ രാജാവായ അരിസ്റ്റോബുലസ് ഒന്നാമൻ യുദ്ധം ചെയ്ത് ഇതൂര്യയുടെ അധികഭാഗവും യെഹൂദയോടു ചേർത്തു. ഇതൂര്യയിൽ കഴിഞ്ഞു കൂടണമെന്ന് ആഗ്രഹിക്കുന്നവർ അന്ന് പരിച്ഛേദനത്തിനു വിധേയരാവുകയും യെഹൂദാനിയമം അനുസരിക്കുകയും ചെയ്യണമായിരുന്നു. തുടർന്നു മഹാനായ ഹെരോദാവു തന്റെ പുത്രനായ ഫിലിപ്പോസിനു ഇതൂര്യ കൊടുത്തു. (ലൂക്കൊ, 3:1). ക്രിസ്തു ജനിച്ചത് ഫിലിപ്പൊസ് ഇതൂര്യയിൽ ഇടപ്രഭുവായി വാഴുന്ന കാലത്തായിരുന്നു. കാലിഗുള ഇതൂര്യയെ ഹെരോദാ അഗ്രിപ്പാ ഒന്നാമനു കൊടുത്തു. അഗ്രിപ്പാവ് മരിച്ചപ്പോൾ ഇതൂര്യയെ സിറിയയോടു ചേർത്തു.