All posts by roy7

ഗൊമോര

ഗൊമോര/ഗൊമൊറ (Gomorrah)

ദൈവം അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ച പട്ടണങ്ങളിലൊന്നായ ഗൊമോര യോർദ്ദാൻ സമതലത്തിൽ സ്ഥിതിചെയ്യുന്നു. (ഉല്പ, 10:19; 13:10; 19:24,28). കനാന്യരുടെ അതിർ നിർദ്ദേശിക്കവെയാണ് ഗൊമോര ബൈബിളിൽ ആദ്യം പറയപ്പെടുന്നത്. (ഉല്പ, 10:19). സൊദോം, ഗൊമോര, ആദ്മ, സെബോയീം, സോവർ എന്നീ പഞ്ചനഗരങ്ങൾ യോർദ്ദാൻ പ്രവിശ്യയിൽ പ്രമുഖങ്ങളാണ്. ഗൊമോര ഏഴുപ്രാവശ്യം സൊദോമിനോടു കൂടെയും, രണ്ടുപ്രാവശ്യം (ഉല്പ, 14:2, 8) മറ്റു നാലു നഗരങ്ങളോടൊപ്പവും, ഒരിക്കൽ മാത്രം സോവർ ഒഴികെ മറ്റു മൂന്നു നഗരങ്ങളോടൊപ്പവും (ആവ, 29:22) പറയപ്പെട്ടിട്ടുണ്ട്. ഗൊമോരയുടെ ദുഷ്ടതയും തത്ഫലമായുണ്ടായ നാശവും ദുഷ്ടതയുടെ നേർക്കുള്ള താക്കീതായി ആവർത്തിച്ചു പ്രസ്താവിക്കുന്നുണ്ട്: (ആവ, 29:22; 32:32; യെശ, 1:9,10; 13:19; യിരെ, 23:14; 49:18; 50:40; ആമോ, 4:11; സെഫ, 2:9; മത്താ, 10:15; റോമ, 9:29: 2പത്രൊ, 2:6; യൂദാ, 7). 

ചാവുകടലിന്റെ തെക്കെ അറ്റത്തു ഇന്നു വെള്ളം മൂടിക്കിടക്കുന്ന സിദ്ദീം താഴ്വരയിലാണ് ഈ പട്ടണങ്ങൾ സ്ഥിതിചെയ്തിരുന്നത്. അബ്രാഹാമിന്റെ കാലത്തു അതു യഹോവയുടെ തോട്ടം പോലെ ആയിരുന്നു. (ഉല്പ, 13:10). ലോത്തിന്റെ കാലത്തു ഗൊമോരാ രാജാവായ ബിർശാ മറ്റു നാലു നഗരങ്ങളിലെ രാജാക്കന്മാരോടൊപ്പം ഏലാം രാജാവായ കെദൊർലാ യോമെരിനോടു യുദ്ധം ചെയ്തു പരാജയപ്പെട്ടു. ഈ യുദ്ധത്തിനു ശേഷം ലോത്തു പിടിക്കപ്പെട്ടു. (ഉല്പ, 14:12). ഏകദേശം 13 വർഷത്തിനു ശേഷം പാപം നിമിത്തം ഗൊമോരയെ അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചു. (ഉല്പ, 18:20,21; 19:24, 28).

ഗെന്നേസരെത്ത്

ഗെന്നേസരെത്ത് (Gennesaret)

ഈ പേരിന്റെ ആദ്യപ്രയോഗം 1മക്കാബ്യർ 11:67-ലാണ് (ഗെനെസർ). പഴയനിയമത്തിലെ (ആവ, 3:17; യോശു, 19:35) കിന്നേരെത്ത് ഇതാണെന്നു തർഗൂമിൽ കാണാം. ഗലീലക്കടലിന്റെ തീരത്തു വടക്കു പടിഞ്ഞാറായി കിടക്കുന്ന ചെറിയ സമതലം. ഇതിന്റെ അളവ് 2.4/4.8 കിലോമീറ്ററാണ്. ക്രിസ്തു ഇവിടെ അത്ഭുതകരമായി രോഗസൌഖ്യം നല്കി. (മത്താ, 14:34-36; മർക്കൊ, 6:53-56). ഗലീലക്കടലിന്റെ മറ്റൊരു പേര് ‘ഗെന്നേസരെത്ത് തടാകം’ എന്നാണ്. (ലൂക്കൊ, 5:1).

ഗത്ത്ശെമന

ഗത്ത്ശെമന (Geth semane)

പേരിനർത്ഥം — എണ്ണച്ചക്ക്

യെരൂശലേമിനു കിഴക്കു ഒലിവുമലയുടെ ചരിവിൽ (മത്താ, 26:30) കിദ്രോൻ തോടിന്നപ്പുറത്തുള്ള ഒരു തോട്ടം. (യോഹ, 18:1). യേശുവും ശിഷ്യന്മാരും ഇടയ്ക്കിടെ അവിടെ പോകാറുണ്ടായിരുന്നു. യേശുവിന്റെ പീഡാനുഭവത്തിന്റെ രംഗം ഇതാണ്. യൂദാ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതും ക്രിസ്തു ബന്ധിക്കപ്പെട്ടതും ഈ തോട്ടത്തിലാണ്. (മർക്കൊ, 14:32-52). ഗെത്ത്ശെമനയിൽ യേശു മുട്ടുകുത്തി പ്രാർത്ഥിച്ചതു കൊണ്ടാണ് ക്രൈസ്തവർ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നത്. (ലൂക്കൊ, 22:41). കിദ്രോനു മുകളിലുള്ള പാലത്തിന്നരികെ യെരീഹോയുടെ കിഴക്കുഭാഗത്തായിട്ടാണ് പരമ്പരാഗതമായി അംഗീകരിച്ചിരിക്കുന്ന സ്ഥാനം. എ.ഡി. 7-ാം നൂറ്റാണ്ടോളം പഴക്കമുള്ള ഒലിവുവൃക്ഷങ്ങൾ ഇവിടെ ഉണ്ട്. 1848-ൽ ഫ്രാൻസിസ്കൻ സന്യാസിമാർ 50 മീററർ സമചതുരമുള്ള തോട്ടത്തെ മതിൽ കെട്ടിയടച്ചു. യുസിബെയൊസും ജെറോമും നിർണ്ണയിച്ചിട്ടുളള സ്ഥാനവുമായി ഇതൊക്കുന്നു. ഒരു സമീപ സ്ഥാനത്തെയാണ് അർമ്മേനിയൻ, ഗ്രീക്ക്, റഷ്യൻ സഭകൾ ഗത്ത്ശെമനയുടെ സ്ഥാനമായി വേർതിരിക്കുന്നത്. വിശുദ്ധമറിയയുടെ പള്ളിയുടെ വടക്കുകിഴക്കായി തീർത്ഥാടകർക്കുവേണ്ടി നിർമ്മിച്ചിട്ടുള്ള ഏകാന്തമായ വലിയ തോട്ടങ്ങളുണ്ട്. തോംസന്റെ അഭിപ്രായത്തിൽ ഇവിടമാണ് ഗെത്ത്ശെമനയുടെ കൃത്യസ്ഥാനം. കർത്താവിന്റെ കാലത്തുളള ഒലിവു വൃക്ഷങ്ങളൊന്നും ഇന്നില്ല. എ.ഡി. 70-ൽ തീത്തൊസ് ചക്രവർത്തി എല്ലാ ഒലിവു വൃക്ഷങ്ങളെയും മുറിച്ചുകളഞ്ഞതായി ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗില്ഗാൽ

ഗില്ഗാൽ (Gilgal)

പേരിനർത്ഥം — വൃത്തം, ഉരുട്ടൽ

യെരീഹോവിനും യോർദ്ദാൻ നദിക്കും ഇടയ്ക്കു യെരീഹോവിനു കിഴക്കുള്ള സ്ഥലം. ഈ ഗില്ഗാലിന്റെ കൃത്യമായ സ്ഥാനം ഇന്നും അവ്യക്തമാണ്. പ്രാചീന യെരീഹോവിന് (തേൽ എസ്-സുൽത്താൻ), രണ്ടു കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന കിർബത് എൽ-മെഫ്ജിറിന് (Khirbet el-Mefjir) നേരെ വടക്കുള്ള സ്ഥാനമാണിതെന്നു ജെ. മ്യൂളൻബർഗ് പറയുന്നു. ഈ നിഗമനത്തിനു ഉപോദ്ബലകമായി പഴയനിയമ പരാമർശങ്ങളെയും ജൊസീഫസ്, യൂസീബെയൂസ് തുടങ്ങിയ പില്ക്കാല എഴുത്തുകാരുടെ സാക്ഷ്യങ്ങളെയും ഉദ്ധരിക്കുന്നു. ഇവിടെ നടന്ന ഒരു പരീക്ഷണ ഖനനം പൗരാണിക അയോയുഗത്തിന്റെ അവശിഷ്ടങ്ങളെ വെളിച്ചത്തു കൊണ്ടുവന്നു. 

യോർദ്ദാൻ കടന്ന യിസ്രായേൽ മക്കളുടെ ആദ്യതാവളം ഗില്ഗാലായിരുന്നു. (യോശു, 4:19). കനാൻ ആക്രമണവുമായി ബന്ധപ്പെട്ട പല സംഭവങ്ങൾക്കും ഗില്ഗാൽ കേന്ദ്രമായി വർത്തിച്ചു. യിസ്രായേൽ മക്കൾക്കു കടക്കുന്നതിനുവേണ്ടി ദൈവം യോർദ്ദാനെ വറ്റിച്ചതിന്റെ സ്മാരകമായി നദിയുടെ മദ്ധ്യത്തിൽ നിന്നെടുത്ത പ്രന്തണ്ടു കല്ലുകളെ യോശുവ ഗില്ഗാലിൽ സ്ഥാപിച്ചു. (യോശു, 4:8, 19-24). മരുഭൂമിയിൽ വച്ചു ജനിച്ച എല്ലാ യിസ്രായേല്യ പുരുഷപ്രജകളെയും ഗില്ഗാലിൽ വച്ച് പരിച്ഛേദനം കഴിച്ചു. കനാനിൽ വച്ചുള്ള ആദ്യത്തെ പെസഹ നടത്തിയതും (യോശു, 5:9,10), മന്ന നിന്നതും ഗില്ഗാലിൽ വച്ചായിരുന്നു. (യോശു, 5:11,12). ഗില്ഗാലിൽ നിന്നാണ് യെരീഹോവിനെതിരെ യോശുവ യിസ്രായേൽമക്കളെ നയിച്ചത്. (യോശു, 6:11,14). ഗിബെയോന്യർ പ്രച്ഛന്നരായി യോശുവയുടെ അടുക്കൽ വന്നു യിസായേലുമായി ഉടമ്പടിയിൽ പ്രവേശിച്ചു. (യോശു, 9:3-15). തുടർന്നു ഗിബെയോൻ ആക്രമണ വിധേയമായപ്പോൾ യോശുവയുടെ സൈന്യം ഗിഗാലിൽനിന്ന് രാത്രിമുഴുവൻ നടന്ന് അഞ്ച് അമോര്യ രാജാക്കന്മാരെയും പരാജയപ്പെടുത്തി. (യോശു, 10:1-5). ഗോത്രങ്ങൾക്ക് പ്രദേശങ്ങൾ വീതിച്ചുകൊടുത്തതും ഗില്ഗാലിൽ വച്ചായിന്നു. (യോശു, 14:6). ഇങ്ങനെ ദൈവം മിസ്രയീമിൽ നിന്ന് യിസ്രായേൽ മക്കളെ വീണ്ടടുത്തതിന്റെ സ്മാരകവും വർത്തമാനകാല വിജയത്തിൻ്റെ അടയാളവും ഗില്ഗാലാണ്. ഇനിയും നേടേണ്ടിയിരുന്ന അവകാശത്തിന്റെ വാഗ്ദത്തത്തെ ഗില്ഗാലിൽ വച്ചു അവർ മുൻകൂട്ടിക്കണ്ടു. 

ദൈവത്തിന്റെ കരുതൽ മറന്നുകളഞ്ഞ യിസ്രായേലിന്റെ ന്യായവിധിക്കായി യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽ നിന്നു ബോഖീമിലേക്കു വന്നു. (ന്യായാ, 2:1). യിസ്രായേലിന്റെ മോചനത്തിനുവേണ്ടി മോവാബ്യ രാജാവിനെ വധിക്കുവാൻ ഏഹൂദ് ഗില്ഗാലിൽ നിന്നുവന്നു. (ന്യായാ, 3:19). ന്യായപാലനാർത്ഥം ശമൂവേൽ ഗില്ഗാലും ചുറ്റിസഞ്ചരിക്കുക പതിവായിരുന്നു. (1ശമൂ, 7:16). ശൗലിന്റെ രാജത്വം ഗില്ഗാലിൽ വച്ചു പുതുക്കിയശേഷം സമാധാനയാഗങ്ങൾ കഴിച്ചു. (1ശമൂ, 11:14,15). ഗില്ഗാലിൽ ഏഴുദിവസം ശമൂവേൽ പ്രവാചകനെ കാത്തിരുന്നിട്ടും കാണാത്തതുകൊണ്ട് ശൗൽ ഹോമയാഗവും സമാധാനയാഗവും കഴിച്ചു. (1ശമൂ, 13:8-14). അമാലേക്യ യുദ്ധത്തിൽ ശൗൽ കാട്ടിയ അനുസരണക്കേടു കാരണമായി ശമൂവേലും ശൗലും ഗില്ഗാലിൽവച്ച് എന്നേക്കുമായി വേർപിരിഞ്ഞു. (1ശമൂ, 15:12-35). 

അബ്ശാലോമിന്റെ വിഫലമായ വിപ്ലവത്തിനു ശേഷം യെഹൂദാപുരുഷന്മാർ ദാവീദിനെ എതിരേറ്റു കൊണ്ടുവരേണ്ടതിനു ഗില്ഗാലിൽ ചെന്നു. (2ശമൂ, 19:15-40). ആഹാബിൻ്റെയും യെഹോരാമിന്റെയും കാലത്ത് ഏലീയാ പ്രവാചകൻ സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടുന്നതിനു മുമ്പായി ഏലീയാവും എലീശയും കൂടി ഗില്ഗാലിൽ നിന്നാണ് പുറപ്പെട്ടത്. എലീശാ പായസക്കലത്തിലെ പേച്ചുരയുടെ വിഷം ഇല്ലാതാക്കിയതും ഇവിടെ വച്ചുതന്നെ. (2രാജാ, 4:38-40). ബി.സി. 8-ാം ശതകത്തിൽ ഉസ്സീയാ രാജാവിന്റെ കാലം മുതൽ ഹിസ്കീയാവിന്റെ കാലംവരെ ബേഥേൽ പോലെ ഗില്ഗാലും അനാത്മീയമായ ആരാധനാ കേന്ദ്രമായിരുന്നു. പ്രവാചകന്മാരായ ആമോസും (4:4; 5:5), ഹോശേയയും (4:15; 9:15; 12:11) അതിനെ കുറ്റപ്പെടുത്തി. യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു ഗിത്തീം മുതൽ ഗില്ഗാൽവരെ സംഭവിച്ച പൂർവ്വചരിത്രം ഓർക്കാൻ മീഖാ പ്രവാചകൻ  ജനത്തെ ആഹ്വാനം ചെയ്തു. (6:5).

ഗിലെയാദ്

ഗിലെയാദ് (Gilead)

പേരിനർത്ഥം – സാക്ഷ്യകൂമ്പാരം

യോർദ്ദാൻ നദിയുടെ കിഴക്കുഭാഗത്തു കിടക്കുന്ന യിസ്രായേലിൻ്റെ പ്രദേശത്തെയാണ് പൊതുവെ ഗിലെയാദ് എന്നു വിളിക്കുന്നത്. ഗലീലാക്കടലിന്റെ തെക്കെ അറ്റം മുതൽ ചാവുകടലിന്റെ വടക്കെ അറ്റം വരെയും കിഴക്കു യോർദ്ദാൻ മുതൽ മരുഭൂമിവരെയും ഗിലെയാദ് വ്യാപിച്ചുകിടക്കുന്നു. ഗിലെയാദിനു വടക്കു ബാശാനും തെക്കു അർണോൻ നദിക്കു വടക്കുള്ള സമതലപ്രദേശവും കിഴക്കു അമ്മോൻ പ്രദേശവും കിടക്കുന്നു. (ആവ, 2:36,37; 3:8-10). ഗിലെയാദിനു രണ്ടു ഭാഗങ്ങളുണ്ട്. സംഖ്യാ 32:40-ൽ ഗിലെയാദ് ദേശമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ ആവർത്തനം 3:13-ൽ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തത് ശേഷം ഗിലെയാദ് അഥവാ പാതിഗിലെയാദ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോശു, 13:31). മനശ്ശെയുടെ പാതിഗോത്രത്തിന് കൊടുത്തതിനു തെക്കു ഗാദ്യർക്കും രൂബേന്യർക്കും ഉള്ള പ്രദേശത്തെ ഗിലെയാദ് മലനാട്ടിന്റെ പാതി എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ആവ, 3:12). സമുദ്ര നിരപ്പിൽ നിന്ന് താഴെ 213 മീറ്റർ മുതൽ (യോർദ്ദാൻ താഴ്വരയിൽ) 1000 മീറ്റർ ഉയരം വരെ കിടക്കുന്ന പ്രദേശമാണ് ഗിലെയാദ്. മഞ്ഞുകാലത്ത് സമൃദ്ധിയായ വർഷപാതവും വേനൽക്കാലത്ത് ധാരാളം മഞ്ഞും ലഭിക്കുന്നു. അനേകം അരുവികളുള്ള ഫലഭൂയിഷ്ഠമായ ഈ പ്രദേശത്തു വനം സമൃദ്ധിയായി വളരുന്നു. ഗിലെയാദിലെ സുഗന്ധതൈലം പ്രസിദ്ധമാണ്. (യിരെ, 8:22; 46:11; 51:8). ഇവിടെയുള്ള പീഠഭൂമി കന്നുകാലി വളർത്തലിനും പയറു കൃഷിക്കും അനുയോജ്യമാണ്. മുന്തിരിത്തോട്ടങ്ങൾ സമൃദ്ധിയായി ഉണ്ട്. (സംഖ്യാ, 21:22; 32:1). യബ്ബോക് തോടിന്റെ ഒരുഭാഗം ഇതിനെ രണ്ടായി വിഭജിക്കുന്നു. ലാബാന്റെ അടുക്കൽനിന്നും ഓടിപ്പോയ യാക്കോബ്  ഗിലെയാദിൽ കൂടാരമടിച്ചു. (ഉല്പ, 31:7-43). ഇവിടെവച്ച് യാക്കോബ് ലാബാനുമായി ഉടമ്പടി ചെയ്തു. (ഉല്പ, 31:47). ഉടമ്പടിയെ ഉറപ്പാക്കാൻ കൂട്ടിയ കൽക്കൂമ്പാരമാണ് ഗലേദ്. പില്ക്കാലത്ത് ഗിലെയാദ് മലയും (ഉല്പ, 31:25), ഗിലെയാദ് നാടും (സംഖ്യാ, 32:1) കൂടിചേർന്ന മുഴുവൻ പ്രദേശവും ഗിലെയാദ് എന്നു അറിയപ്പെട്ടു. 

യിസ്രായേൽ മക്കൾ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പ് യബ്ബോക് താഴ്വരയ്ക്കു തെക്കുള്ള ഗിലെയാദ് പ്രദേശം അമോര്യരാജാവായ സീഹോന്റെ കൈവശമായിരുന്നു. തെക്കുഭാഗം ബാശാൻ രാജാവായ ഓഗു ഭരിച്ചിരുന്നു. (യോശു, 12:1-4). മോശെയുടെ നേതൃത്വത്തിൽ യിസ്രായേൽ മക്കൾ രണ്ടുരാജാക്കന്മാരെയും തോല്പിച്ചു. (സംഖ്യാ, 21:21-24, 31-35). രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു. ഗിലെയാദ് ദേശം ആടുമാടുകൾ വളർത്തുവാൻ പറ്റിയ സ്ഥലം എന്നു കണ്ട് പ്രസ്തുത പദേശം തങ്ങൾക്കവകാശമായി നല്കണമെന്ന് അവർ മോശെയോടു അപേക്ഷിച്ചു. (സംഖ്യാ, 32:1-5). എന്നാൽ ഈ രണ്ടു ഗോത്രങ്ങളിലെയും യോദ്ധാക്കൾ യോർദ്ദാൻ കടന്നു വാഗ്ദത്തദേശം ആക്രമിക്കുന്നതിനു സഹായിക്കുമെങ്കിൽ മടങ്ങിവന്നു ദേശം അനുഭവിക്കുവാൻ മോശെ അവരോടു പറഞ്ഞു. (സംഖ്യാ, 32:20-24; 28-30). ഗാദ്യരും രൂബേന്യരും അതു സമ്മതിക്കുകയും തങ്ങൾ വിട്ടേച്ചു പോകുന്ന കുടുംബങ്ങൾക്കായി പട്ടണങ്ങൾ പണിയുകയും ചെയ്തു. (സംഖ്യാ, 32:25-27, 31-38). മനശ്ശെയുടെ പകുതി ഗോത്രത്തിനും യോർദ്ദാന്റെ കിഴക്കു അവകാശം ലഭിച്ചു. (സംഖ്യാ, 32:33,39,40). 

മോശെ മരിക്കുന്നതിനു മുമ്പ് ഗിലെയാദ് സമതലത്തെ പിസ്ഗാമുകളിൽ നിന്നു കണ്ടു. (ആവ, 34:1). ദേശം കീഴടക്കിയശേഷം രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും യോർദ്ദാൻ കരയിൽ ഒരു യാഗപീഠം പണിതു. (യോശു, 22:10). യിസ്രായേലിനു 22 വർഷം ന്യായപാലനം ചെയ്ത യായീർ ഗിലെയാദ്യനായിരുന്നു. (ന്യായാ, 10:3). മനശ്ശെ ഗോത്രത്തിലുള്ള യിഫ്താഹും ന്യായാധിപനായിരുന്നു. (ന്യായാ, 11:1-3). വേശ്യാപുത്രനാകയാൽ സഹോദരന്മാർ അവനെ ആട്ടിയോടിച്ചു. എന്നാൽ കഷ്ടസ്ഥിതിയിൽ ആയപ്പോൾ ഗിലെയാദിലെ മുപ്പന്മാർ യിഫ്താഹിനെ മടക്കിവിളിച്ചു. യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകുട്ടി എഫ്രയീമ്യരോട് യുദ്ധം ചെയ്തു അവരെ തോല്പിച്ചു. (ന്യായാ, 12:57). പിതാവായ ദാവീദിനോടു മത്സരിച്ചപ്പോൾ അബ്ശാലോം സൈന്യത്തെ ചേർത്തത് ഗിലെയാദിൽ വച്ചായിരുന്നു. ഗിലെയാദിൽ ദാവീദിന്റെ സൈന്യവും അബ്ശാലോമിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. അബ്ശാലോമിന്റെ തോൽവിയോടു കൂടി ദാവീദ് ഗിലെയാദ് വിട്ടു മടങ്ങിപ്പോന്നു. (2ശമൂ, 17:24; 18:6-8). യിസ്രായേൽ രണ്ടായി പിരിഞ്ഞപ്പോൾ അരാമ്യർ ഗിലെയാദ് പ്രദേശങ്ങളെ പിടിച്ചെടുത്തു. 

ആഹാബ് രാജാവിന്റെ കാലത്ത് കിഴക്കെ ഗിലെയാദിലുളള ഗാദ്യപട്ടണമായ രാമോത്ത് അരാമ്യരുടെ കൈവശമായിരുന്നു. (1രാജാ, 17:1; 22:3). യേഹുവിന്റെയും യെഹോവാഹാസിൻ്റെയും വാഴ്ചക്കാലത്ത് ഗിലെയാദിന് അധികം പ്രദേശവും നഷ്ടപ്പെട്ടു. അരാമ്യ രാജാക്കന്മാരായ ഹസായേലിൻ്റെയും പുത്രനായ ബെൻ-ഹദദിന്റെയും കാലത്ത് അവർ ഗിലെയാദ് മുഴുവനും കീഴടക്കി. (2രാജാ, 10:32-34; 13:1, 3, 7; ആമോ, 1:3,4). എന്നാൽ യെഹോവാഹാസിന്റെ പുത്രനായ യെഹോവാശ് അരാമ്യരെ മൂന്നു പ്രാവശ്യം തോല്പിക്കുകയും അരാമ്യരുടെ കയ്യിലകപ്പെട്ടു പോയ പട്ടണങ്ങളെ മോചിപ്പിക്കുകയും ചെയ്തു. (2രാജാ, 13:25). യിസ്രായേല്യ രാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർ രാജാവായ തിഗ്ളത്ത്-പിലേസർ മൂന്നാമൻ ഗിലെയാദ് നിവാസികളെ പ്രവാസത്തിലേക്കു കൊണ്ടുപോയി. (2രാജാ, 15:29). ഈ സന്ദർഭത്തിൽ അമ്മോന്യർ ഗിലെയാദ് കൈവശപ്പെടുത്തിത്തുടങ്ങി. (സങ്കീ, 83:4-8; യിരെ, 49:1-5).

ഗിബെയോൻ

ഗിബെയോൻ (Gibeon)

പേരിനർത്ഥം – കുന്ന്

യിസ്രായേൽ മക്കൾ കനാൻ ആക്രമിച്ചകാലത്ത് ഗിബെയോൻ ഒരു പ്രധാന നഗരമായിരുന്നു. അവിടെ ഹിവ്യർ വസിച്ചിരുന്നു. (യോശു, 9:17). മൂപ്പന്മാരുടെ സമിതിയാണ് പട്ടണം ഭരിച്ചിരുന്നത്. (യോശു, 9:11; 10:2). യെരീഹോയും ഹായിയും വീണതോടുകുടി തങ്ങൾക്കും ഈ ദുരവസ്ഥ വരുമെന്നു കരുതി ഗിബെയോന്യർ സൂത്രത്തിൽ യോശുവയോടു സഖ്യം ചെയ്തതു. (യോശു, 9:3-17). അവരെ ഭൃത്യന്മാരായി യോശുവ നിയമിച്ചു. അവരുടെ കളളം തെളിഞ്ഞപ്പോൾ യോശുവ അവരെ ശപിച്ചു. യിസ്രായേലിനോടു ചേർന്നതുകൊണ്ടു തെക്കുമലനാട്ടിലെ അമോര്യ രാജാക്കന്മാർ ഗിബെയോനെ ആക്രമിച്ചു. ഗിബെയോന്യരുടെ അപേക്ഷയനുസരിച്ച് യോശുവയും പടജ്ജനവും അവരെ തോല്പിച്ചു. യഹോവ ആകാശത്തിൽനിന്ന് കല്ലമഴ വർഷിച്ച് ഏറെ ശത്രുക്കളെ സംഹരിച്ചു. (യോശു, 9,10 അ). അമോര്യരുമായുള്ള ഈ യുദ്ധത്തിൽ യോശുവയുടെ കല്പനപോലെ സൂര്യൻ ഗിബെയോനിൽ നിശ്ചലമായി നിന്നു. “യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.” (യോശു, 10:12-14). തുടർന്ന് ഗിബെയോൻ ബെന്യാമീന്യർക്കു നല്കുകയും പിന്നീടു ലേവ്യർക്കായി മാറ്റി വയ്ക്കുകയും ചെയ്തു. (യോശു, 18:25; 21:17). ശൗൽ നോബ് നശിപ്പിച്ചശേഷം സമാഗമനകൂടാരം ഗിബെയോനിൽ പ്രതിഷ്ഠിച്ചു. ദൈവാലയം പണിയുന്നതുവരെ സമാഗമനകൂടാരം അവിടെയായിരുന്നു. (1ദിന, 16:39; 1രാജാ, 3:4,5; 2ദിന, 1:3). നെബൂഖദ്നേസറിന്റെ യെരുശലേം ആക്രമണത്തിനുശേഷം ഗിബെയോൻ ഭരണത്തിന്റെ ആസ്ഥാനം ആയിരുന്നതായി തോന്നുന്നു. (യിരെ, 41:16). പ്രവാസാനന്തരം ഗിബെയോന്യർ സൈരുബ്ബാബേലിനോടൊപ്പം മടങ്ങിപ്പോന്നു. (നെഹെ, 7:25).

ഈശ്-ബോശെത്തും ദാവീദും തമ്മിലുള്ള യുദ്ധം ഗിബെയോനിൽ വച്ചു നടന്നു. (2ശമൂ, 2:8-17). ശൗലിന്റെ ഏഴു പുത്രന്മാർ ഗിബെയോനിൽ വച്ച് വധിക്കപ്പെട്ടു. (2ശമൂ, 21:1-17). ഗിബെയോനിലെ ഒരു വലിയ പാറയുടെ അടുക്കൽ വച്ച് യോവാബ് അമാസയെ കൊന്നു. (2ശമൂ, 20:8). ഗിബെയോൻ മുതൽ ഗേസെർ വരെ ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു. (1ദിന, 14:16). ഗിബെയോനിലെ പൂജാഗിരിയിൽ ശുശ്രൂഷിക്കുന്നതിന് ദാവീദ് സാദോക്കിനെ നിയമിച്ചു. (1ദിന, 16:39,40; 21:29). തന്റെ വാഴ്ചയുടെ തുടക്കത്തിൽ യാഗം കഴിക്കാനായി ശലോമോൻ ഗിബയോനിലെത്തി. അവിടെവച്ച് ശലോമോനു യഹോവ സ്വപ്നത്തിൽ പ്രത്യക്ഷനായി. (1രാജാ, 3:3-15; 2ദിന, 1:2-13). താൻ പിടിച്ച പട്ടണങ്ങളിലൊന്നായി ഗിബെയോനെ മിസയീം രാജാവായ ശീശക് രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 14:25). അശ്ശൂർ ആക്രമണകാലത്ത് യിസ്രായേല്യരെ രക്ഷിച്ച രംഗം ഗിബെയോനായിരുന്നു. പ്രവാസത്തിൽനിന്നു മടങ്ങിവന്ന ഗിബെയോന്യർ യെരൂശലേമിൻ മതിലുകൾ പുതുക്കിപ്പണിയുന്നതിനു നെഹെമ്യാവിനെ സഹായിച്ചു. (നെഹെ, 3:7). ആധുനിക എജ്-ജിബ് (ejJib) ആണ് ഗിബെയോൻ. യെരൂശലേമിനു 9 കി.മീറ്റർ വടക്കാണ് സ്ഥാനം.

ഗസ്സ

ഗസ്സ (Gaza)

പേരിനർത്ഥം — ശക്തിദുർഗ്ഗം

ഫെലിസ്ത്യരുടെ പഞ്ചനഗരങ്ങളിൽ തെക്കെ അറ്റത്തുളളത്. ഫെലിസ്ത്യരുടെ തലസ്ഥാനമായിരുന്നു ഗസ്സ. ദമ്മേശെക്കിനെപ്പോലെ ഭൂമിയിലെ ഏറ്റവും പ്രാചീന നഗരങ്ങളിലൊന്നാണിത്. അബ്രാഹാമിനു മുമ്പുതന്നെ ഇത് കനാൻ്റെ ഒരതിർത്തി നഗരമായിരുന്നു. (ഉല്പ, 10:19). ഇതിൻറ എബ്രായനാമം അസ്സാ (Azzah) എന്നായിരുന്നു. ഗസ്സയിലെ പൂർവ്വനിവാസികൾ അവ്യരത്രേ. (ആവ, 2:23). അവരെ കഫ്തോര്യർ എന്നറിയപ്പെട്ട ഫെലിസ്ത്യ വർഗ്ഗം കീഴടക്കി. (യോശു, 13:2,3). ഗസ്സയെ യോശുവ യെഹൂദയ്ക്കു നല്കി. (യോശു, 15:47). യോശുവ ഇതിനെ കീഴടക്കിയെങ്കിലും (യോശു, 10:41) അനാക്യർ അവിടെ വസിച്ചിരുന്നു. (യോശു, 11:21,22). യോശുവയുടെ കാലത്തു തന്നെ യിസ്രായേലിനു ഗസ്സ നഷ്ടപ്പെട്ടു. (യോശു, 13:3). ഈ പട്ടണം അവകാശമായി ലഭിച്ച യെഹൂദ അതിനെ തിരിച്ചു പിടിച്ചു. (ന്യായാ, 1:18). ന്യായാധിപന്മാരുടെ കാലത്ത് ഗസ്സയിലെ വേശ്യയുമായി ശിംശോൻ ബന്ധം പുലർത്തി. (ന്യായാ, 16:1-3). വീണ്ടും ഗസ്സയുടെ മേലുള്ള യിസ്രായേലിന്റെ പിടി നഷ്ടപ്പെട്ടിരിക്കാനാണ് സാദ്ധ്യത. കാരണം ശിംശോനെ അവിടെ കളിയാക്കിയതായി നാം വായിക്കുന്നു. (ന്യായാ, 16:2-31). ഫെലിസ്ത്യർ ദൈവത്തിൻ്റെ നിയമപ്പെട്ടകം പിടിച്ചതു മൂലം ഗസ്സയിലെ നിവാസികളും ബാധയ്ക്കു വിധേയരായി. (1ശമൂ, 6:17). ഫിലിപ്പോസ് സുവിശേഷകൻ പ്രവർത്തനരംഗം ഗസ്സ ആയിരുന്നു. (അപ്പൊ, 8:26). 

ഈജിപ്റ്റിൽ നിന്നും പശ്ചിമേഷ്യയിലേക്കുളള വാണിജ്യ മാർഗ്ഗത്തിൽ ഗസ്സയ്ക്കൊരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു. ബി.സി. 8-ാം നൂറ്റാണ്ടുമുതൽ അശ്ശൂരിന്റെ ആക്രമണങ്ങളുടെ കൂട്ടത്തിൽ ഗസ്സ ഇടയ്ക്കിടെ പരാമർശിക്കപ്പെടുന്നു. ബി.സി. 734-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ ഗസ്സ പിടിച്ചു. ബി.സി. 722-ൽ സർഗ്ഗോനും ഗസ്സ ആക്രമിച്ചു. തുടർന്നു നഗരം അശ്ശൂരിനോടു കൂറു പുലർത്തി. തന്മൂലം അശൂർ രാജാവായ സൻഹേരീബ് യെരുശലേം രാജാവായ ഹിസ്കീയാവിനെതിരെ യുദ്ധം ചെയ്തപ്പോൾ യെഹൂദയിൽ നിന്നു പിടിച്ച ചില പ്രദേശങ്ങൾ ഗസ്സയിലെ രാജാവായ സില്ലിബലിനു കൊടുത്തു. എന്നാൽ എസർ ഹദോൻ ഈ സഖ്യത വകവയ്ക്കാതെ ഹിത്യ രാജാക്കന്മാരോടൊപ്പം ഗസ്സാരാജാവിന്റെ മേലും ഭാരിച്ച കപ്പം ചുമത്തി. യിരെമ്യാവിന്റെ കാലത്ത് ഈജിപ്റ്റ് ഗസ്സ പിടിച്ചു. (യിരെ, 47:1). ബി.സി. 332-ൽ മഹാനായ അലക്സാണ്ഡർ ഗസ്സ കൈവശപ്പെടുത്തി. ആമോസ് (1:6,7) സെഫന്യാവ് (2:4) സെഖര്യാവ് (9:5) എന്നിവർ പ്രവചിച്ചതുപോലെ ഗസ്സ ശൂന്യമായി. ആധുനിക ഗസ്സ പ്രാചീന പട്ടണത്തിന്റെ സ്ഥാനത്തു തന്നെയാണ്. ഇന്നവിടം അറബി അഭയാർത്ഥികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ബി.സി. 96-ൽ മക്കാബ്യർ പട്ടണത്തെ വാളിനും അഗ്നിക്കും ഇരയാക്കി. തുടർന്നു ഗസ്സ സിറിയയ്ക്കും റോമിനും അധീനമായി. ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെക്കണ്ടത് “തെക്കോട്ടു യെരുശലേമിൽ നിന്നും ഗസ്സയ്ക്കുളള നിർജ്ജനമായ വഴിയിൽ” വച്ചാണ്. (പ്രവൃ, 8:26). ഒരിക്കൽ ഗസ്സ ഒരു ക്രൈസ്തവ സഭയുടെയും ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു. എ.ഡി. 634-ൽ അതു മുസ്ലീങ്ങളുടേതായി മാറി. ഇന്നു വളരെക്കുറച്ചു കിസ്ത്യാനികളേ ഇവിടെയുളളു.

ഗലീല

ഗലീല (Galilee)

പേരിനർത്ഥം — വൃത്തം, ചക്രം, മേഖല

ഗലീലയെക്കുറിച്ചുള്ള പ്രഥമ പരാമർശം യോശുവ 20:7-ലാണ്. നഫ്താലി മലനാട്ടിൽ ഗലീലയിലെ കേദേശ് സങ്കേതനഗരമായി തിരിച്ചു. യെശയ്യാ പ്രവാചകന്റെ കാലത്ത് ഗലീലയിൽ സെബൂലൂൻ പ്രദേശം ഉൾപ്പെട്ടിരുന്നു. യിസ്രായേല്യരല്ലാത്ത ധാരാളം പേർ അവിടെ പാർത്തിരുന്നതിനാലാണ് ജാതികളുടെ ഗലീല എന്നു വിളിക്കപ്പെട്ടത്. (മത്താ, 4:14). ഇത് യെശയ്യാ പ്രവചനത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. (യെശ, 9:1). ഗലീലയുടെ മൂന്നു ചുറ്റും വിജാതീയരാണ്. തന്മൂലം ദാക്ഷിണാത്യരായ യെഹൂദന്മാർ ഗലീല്യരെ അവജ്ഞയോടു കൂടി നോക്കിയിരുന്നു. 

റോമൻ ഭരണകാലത്ത് പലസ്തീൻ യെഹൂദ്യ, ശമര്യ, ഗലീല എന്നു മൂന്നു ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു. അവയിൽ ഏറ്റവും വടക്കെ അറ്റത്തുളളതാണ് ഗലീല. ഗലീലയുടെ അതിരുകൾ ഒരിക്കലും സ്ഥിരമായിരുന്നില്ല. ഏററവും വലിയ വ്യാപ്തി 97 കി.മീറ്റർ നീളവും 48 കി.മീറ്റർ വീതിയുമാണ്. യേശുവിന്റെ കാലത്ത് ഗലീല പ്രവിശ്യയ്ക്ക് വടക്കു തെക്കായി 70 കി.മീറ്ററും കിഴക്കു പടിഞ്ഞാറായി 40 കി.മീറ്ററും ദൈർഘ്യമുണ്ടായിരുന്നു. അതിന്റെ കിഴക്കു യോർദ്ദാനും ഗലീലക്കടലും അതിരുകളായിരുന്നു. ഉത്തരഗലീലയിലെ ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽനിന്ന് 1000 മീറ്റർ ഉയരെയാണ്. പുതിയനിയമകാലത്ത് അധികം ജനവാസമില്ലാത്ത ഒരു മലനാടായിരുന്നു അത്. ഗലീലയുടെ താണപ്രദേശം ദക്ഷിണ ഗലീല എന്നറിയപ്പെടുന്നു. സുവിശേഷത്തിന്റെ പശ്ചാത്തലഭൂമി ഏറിയകൂറും ദക്ഷിണ ഗലീലയാണ്. വടക്കുള്ള മലകളിൽ നിന്ന് ഒഴുകുന്ന അരുവികളും ഫലപുഷ്ടിയുള്ള മണ്ണും ഈ പ്രദേശത്തെ ജനബാഹുല്യമുള്ളത് ആക്കിത്തീർത്തു. ഒലിവെണ്ണയും പയറും തടാകത്തിൽ നിന്നുള്ള മത്സ്യവും കയറ്റുമതി ചെയ്തിരുന്നു. റോമൻ പ്രവിശ്യ എന്ന നിലയിൽ ഗലീലയെ മഹാനായ ഹെരോദാവ്, ഹെരോദാ അന്തിപ്പാസ് എന്നിവർ ഭരിച്ചിരുന്നു. ഗലീല ഒരിക്കലും പലസ്തീൻ്റെ അഭേദ്യഭാഗമായിരുന്നില്ല. തെക്കുളളവരും വടക്കുള്ളവരും തമ്മിൽ വളരെയേറെ അകൽച്ച ഉണ്ടായിരുന്നു. ഗലീലക്കാരുടെ ഭാഷാരീതിയിൽ മററുളളവർക്കു തിരിച്ചറിയാൻ തക്കവണ്ണമുള്ള ചില പ്രത്യേകതകൾ കാണപ്പെട്ടിരുന്നു. (മത്താ, 26:73).

ഗലാത്യ

ഗലാത്യ (Galatia)

ഗലാത്യരാജ്യം: ഗലാത്യരാജ്യവും ഗലാത്യ പ്രവിശ്യയുമുണ്ട്. ഏഷ്യാമൈനറിന്റെ വലിയ പീഠഭൂമിക്ക് വടക്കായി ഗലാത്യരാജ്യം സ്ഥിതിചെയ്തിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടിൽ മദ്ധ്യയൂറോപ്പിലുണ്ടായ ജനസംഖ്യാ സ്ഫോടനഫലമായി ഗാളിലുള്ളവർ ഈ പ്രദേശത്തു വന്നു. പ്രാചീന ഗാളിലുള്ള കെൽറ്റിക് ഗോത്രങ്ങളുടെ പേരിൻ്റെ (കെൽറ്റോയ്, കെൽറ്റായ്) ഗ്രീക്കു രൂപമാണ് ഗലാത്യ. ബി.സി. 280-നടുപ്പിച്ച് ഗ്രീസിനെയും മാസിഡോണിയയെയും ആക്രമിച്ച ശേഷം ബിദുന്യയിലെ രാജാവായ നിക്കോമെഡസ് (Nikomedes) ഒന്നാമൻ്റെ അപേക്ഷ അനുസരിച്ച് ആഭ്യന്തരയുദ്ധത്തിൽ സഹായിക്കാൻ വേണ്ടി അവർ ഏഷ്യാമൈനറിലേക്കു കടന്നു. ദേശത്തു വളരെയേറെ നാശം വിതച്ചശേഷം അവർ ഏഷ്യാമൈനറിന്റെ ഉത്തരമദ്ധ്യഭാഗത്ത് കുടിയേറി പാർത്തു. ജേതാക്കളെന്ന നിലയിൽ തങ്ങളുടെ പേർ അവർ ദേശത്തിനു നല്കി. ബി.സി. 189-ൽ റോം ഗലാത്യയെ കീഴടക്കി. തുടർന്നു തങ്ങളുടെ തന്നെ നേതാക്കന്മാരുടെ കീഴിൽ റോമിന്റെ സാമന്തരാജ്യമായി അവർ തുടർന്നു. ബി.സി. 63-നു ശേഷം അവർക്കു രാജാക്കന്മാരുണ്ടായി. 

ഗലാത്യപ്രവിശ്യ: റോമൻ പ്രവിശ്യയായ ഗലാത്യ അഥവാ വിശാല ഗലാത്യ. ബി.സി. 25-ൽ അവസാനരാജാവായ അമിന്താസ് (Amyntas) മരിച്ചപ്പോൾ ഗലാത്യ ഒരു റോമൻ പ്രവിശ്യയായി. ഗലാത്യർ വസിച്ചിരുന്ന ഭാഗം മാത്രമല്ല പൊന്തൊസ്, ഫ്രുഗിയ (Phrygia), ലുക്കാവോന്യ (Lycaonia), പിസിദ്യ (Pisidia), പാഫ്ലഗോണിയ (Paphlagonia), ഇസൗറിയ (Isauria) എന്നിവയുടെ ഭാഗങ്ങളും പുതിയ റോമൻ പ്രവിശ്യ ഉൾക്കൊണ്ടു. ആദ്യമിഷണറി യാത്രയിൽ പൗലൊസ് സുവിശേഷം അറിയിച്ച അന്ത്യാക്ക്യ, ഇക്കോനിയ, ലുസ്ത്ര, ദെർബ്ബ എന്നീ സ്ഥലങ്ങൾ ഗലാത്യ പ്രവിശ്യയിലാണ്. (പ്രവൃ, 13,14 അ). പൗലൊസ് ഗലാത്യ സന്ദർശിച്ചു സഭകൾ സ്ഥാപിച്ചു എന്നത് വ്യക്തമാണ്. എന്നാൽ ഉത്തര ഗലാത്യയിൽ അപ്പൊസ്തലൻ പോയിരുന്നോ എന്നതു വിവാദ്രഗ്രസ്തമാണ്. 1കൊരി, 16:1; ഗലാ, 1:2; 2തിമൊ, 4:10; 1പത്രൊ, 1:1 എന്നീ വാക്യങ്ങളിൽ ഗലാത്യ പരാമൃഷ്ടമാണ്. 1പത്രൊ, 1:1-ലും 2തിമൊ, 4:10-ലും ഗലാത്യ പ്രവിശ്യയാണെന്നു പൊതുവെ കരുതപ്പെടുന്നു. ഗലാ, 1:2-ലെ ഗലാത്യ രാജ്യത്തെയാണോ, അതോ ഗലാത്യ പ്രവിശ്യയെയാണോ വിവക്ഷിക്കുന്നത് എന്ന കാര്യത്തിൽ പണ്ഡിതന്മാർ വിരുദ്ധചേരികളിലാണ്.

ഗദര

ഗദര (Gadara)

ദെക്കപ്പൊലി നഗരങ്ങളിൽ (ദശനഗരസഖ്യം) ഒന്നാണിത്. ആധുനിക ഗ്രാമമായ ഉമ്മ് കെയ്സിലെ (Umm Qays) നഷ്ടശിഷ്ടങ്ങൾ ഗദരയുടെ സ്ഥാനം ചൂണ്ടിക്കാണിക്കുന്നു. യാർമ്മുഖ് മലയിടുക്കിന്നരികിൽ ഗലീലാക്കടലിനു 10 കി.മീറ്റർ തെക്കുകിഴക്കായി കിടക്കുന്ന ഗദര ഒരു ഉപജില്ല ആയിരുന്നിരിക്കണം. പഴയനിയമ കാലത്തു ഗദര അറിയപ്പെട്ടിരുന്നു എന്നതിനു മിഷ്ണയിൽ തെളിവുണ്ട്. ബി.സി. മുന്നാം നൂറ്റാണ്ടുമുതൽ ടോളമികളും സെലൂക്യരും യെഹൂദന്മാരും റോമാക്കാരും വിവിധ കാലങ്ങളിൽ ഗദരയെ കീഴ്പെടുത്തിയിരുന്നു. ഗദരേന്യ ദേശത്തെക്കുറിച്ചുള്ള ബൈബിളിലെ ഒരേയൊരു പരാമർശം ക്രിസ്തു ലെഗ്യോനെ പുറത്താക്കിയ അത്ഭുതവുമായി ബന്ധപ്പെട്ടതാണ്. (മത്താ, 8:28; മർക്കൊ, 5:1; ലൂക്കൊ, 8:26, 37). ലൂക്കൊസ് 8:26, 37-ൽ ഗെരസേന്യദേശം എന്നാണ്.