All posts by roy7

ദല്മാത്യ

ദല്മാത്യ (Dalmatia) 

അദ്രിയക്കടലിന്റെ വടക്കുകിഴക്കുള്ള ഒരു റോമൻ പ്രവിശ്യ. ബി.സി. 9-നു ശേഷം റോമൻ പ്രവിശ്യയായ ഇല്ലൂര്യത്തിന്റെ തെക്കെ അറ്റത്തുള്ള ജില്ലയായി ദല്മാത്യ ഗണിക്കപ്പെട്ടു. പ്രവിശ്യയുടെ പേരായി ഇല്ലൂര്യയ്ക്കു പകരം ദല്മാത്യ പ്രയോഗിച്ചുവന്നു. തീത്തോസ് ദല്മാത്യ സന്ദർശിച്ചിട്ടുണ്ട്. (2തിമൊ, 4:10). പൗലൊസ് ഇല്ലൂര്യദേശത്തോളം സുവിശേഷം പ്രസംഗിച്ചു. (റോമ, 15:19).

ദല്മനൂഥ

ദല്മനൂഥ (Dalmanutha) 

ഗലീലക്കടലിന്റെ പശ്ചിമതീരത്തുളള ഒരു സ്ഥലം. (മർക്കൊ, 8:10). നാലായിരം പേരെ അത്ഭുതകരമായി പോഷിപ്പിച്ചശേഷം ക്രിസ്തു ശിഷ്യന്മാരുമായി ദല്മനൂഥയ്ക്കു പോയി. യഥാർത്ഥസ്ഥാനം നിർണ്ണയിക്കപ്പെട്ടിട്ടില്ല. ഐൻ-എൽ-ബാരിദേ (Ain-el-Barideh) ആണെന്നു കരുതപ്പെടുന്നു. മത്തായി 15:39-ൽ ദല്മനൂഥയ്ക്കു പകരം മഗദാദേശം എന്നാണ് കാണുന്നത്. ഏറ്റവും നല്ല കൈയെഴുത്തു പ്രതികളിൽ ദല്മനൂഥ കാണപ്പെടുന്നതുകൊണ്ട് അതിനെ ഒരിക്കലും പാഠപ്പിഴയായി ഗണിക്കാൻ നിവൃത്തിയില്ല. ദല്മനൂഥയും മഗദയും ഒരേ സ്ഥലത്തിന്റെ രണ്ടു പേരുകളോ വളരെ അടുത്തുള്ള രണ്ടു സ്ഥലങ്ങളുടെ പേരുകളോ ആയിരിക്കണം.

ദമസ്കൊസ്

ദമസ്കൊസ് (Damascus)

സിറിയയുടെ (അരാം) തലസ്ഥാന നഗരിയാണ് ദമസ്കൊസ് അഥവാ ദെമ്മേശെക്ക്. ഭരണകൂടങ്ങൾ മാറിക്കൊണ്ടിരുന്നെങ്കിലും കഴിഞ്ഞ നാലായിരം വർഷമായി അതു തലസ്ഥാന നഗരിയായി തുടരുന്നു. “ലോകം ദമസ്കൊസിൽ ആരംഭിച്ചു, ലോകം അവിടെ അവസാനിക്കും” എന്നാണ് ദമസ്കൊസിന്റെ അവകാശവാദം. ആന്റിലെബാനോൻ പവ്വതത്തിനു കിഴക്കും സിറിയൻ അറേബ്യൻ മരുഭൂമിക്കു പടിഞ്ഞാറുമാണ് ദമസ്കൊസിന്റെ കിടപ്പ്. ആന്റിലെബാനോൻ പർവ്വത നിരയുടെ തെക്കെ അറ്റത്തുള്ള ഹിമാവൃതമായ ഹെർമ്മോൻ പർവ്വതം ഏകദേശം 2740 മീറ്റർ ഉയരത്തിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി നിലകൊളളുന്നു. ഫലവൃക്ഷത്തോപ്പുകൾക്കും പൂങ്കാവുകൾക്കും പ്രസിദ്ധിയാർജ്ജിച്ച ദമസ്കൊസിനെ നനയ്ക്കുന്ന നദികളാണ് അബാനയും (ഇന്നത്തെ ബെരാദാ) പർപ്പരും. (2രാജാ, 5:12). അറേബ്യ, ഈജിപ്റ്റ്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യമാർഗ്ഗങ്ങൾ ദമസ്കൊസിൽ വന്നുചേരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരമുള്ള പീഠഭൂമിയിലാണ് ദമസ്കൊസ് സ്ഥിതിചെയ്യുന്നത്. സുഖപ്രദമായ കാലാവസ്ഥയാണിവിടെ. ഒലിവ്, അത്തി, ആപ്രിക്കോട്ട് തുടങ്ങിയവ വളരുന്ന ഫലവൃക്ഷത്തോട്ടങ്ങളും ധാന്യനിലങ്ങളും സമൃദ്ധമായുണ്ട്. നഗരത്തിൻ്റെ സമൃദ്ധിക്കു നിദാനം വാണിജ്യമാണ്. അതിനാലാണ് യെഹെസ്ക്കേൽ പ്രവാചകൻ; ‘സോരിന്റെ വ്യാപാരി’ എന്ന് ദമസ്ക്കൊസിനെ വിശേഷിപ്പിച്ചത്. (27:16).

ചരിത്രാതീത കാലംമുതൽ അറിയപ്പെടുന്ന ഒരു നഗരമാണ് ദമസ്ക്കൊസ്. ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ അബ്രാഹാം രാജാക്കന്മാരുടെ സഖ്യത്തെ പരാജയപ്പെടുത്തിയത് ദമ്മേശെക്കിനടുത്തു വച്ചായിരുന്നു. (ഉല്പ, 14:15). അബ്രാഹാമിന്റെ ദാസനായ എല്യേസർ ദമ്മേശെക്കുകാരനായിരുന്നു. (ഉല്പ, 15:2). സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ സൈന്യം അയച്ച ദമ്മേശെക്കിനെ ദാവീദു തോല്പിച്ചു. (2ശമൂ, 8:5; 1ദിന, 18:15). ഈ യുദ്ധത്തിൽ യജമാനനായ ഹദദേസെരിനെ വിട്ടു ഓടിപ്പോയ രെസോൻ ആളുകളെ ചേർത്തു ദമസ്ക്കൊസിൽ ചെന്നു അവിടെ വാണു. (1രാജാ, 11:24). രെസോന്റെ പിൻഗാമിയായി; ഹെസ്യോൻ്റെയും അവന്റെ പുത്രനായ തബ്രിമ്മോന്റെയും കാലത്തു ദമസ്ക്കൊസിന്റെ പ്രാധാന്യം വർദ്ധിച്ചു. തബ്രിമ്മോന്റെ പുത്രനായ ബെൻ-ഹദദ് ഒന്നാമന്റെ കാലത്തു, യിസ്രായേൽ രാജാവായ ബയെശായുടെ ഞെരുക്കലിന്നെതിരെ യെഹൂദാരാജാവായ ആസ ഉണ്ടാക്കിയ സഖ്യത്തിലെ പ്രധാന പങ്കാളി ദമസ്ക്കൊസ് ആയിരുന്നു. (2ദിന, 16:2). ബെൻ-ഹദദ് ആഹാബു രാജാവിനോടു ഉടമ്പടി ചെയ്തു. (1രാജാ, 20:34). ആഹാബിന്റെ മരണത്തിനിടയാക്കിയ യുദ്ധത്തിലെ പേരു പറയാത്ത അരാം രാജാവു ബെൻ-ഹദദ് ആയിരിക്കണം. (1രാജാ, 22:29-36). 

ദമസ്ക്കൊസിലെ ഒരു പ്രഭുവായ ഹസായേലിനെ അരാമിനു (syria) രാജാവായി അഭിഷേകം ചെയ്യാൻ യഹോവ ഏലീയാ പ്രവാചകനോട് അരുളിച്ചെയ്തു. (1രാജാ, 19:15). നയമാനെ സൗഖ്യമാക്കിയ എലീശാ പ്രവാചകനോടു തൻ്റെ ദീനത്തെക്കുറിച്ചു ചോദിക്കുവാൻ ബെൻ-ഹദദ് ഹസായേലിനോട് ആവശ്യപ്പെട്ടു. (2രാജാ, 8:7). ബി.സി. 84-ൽ അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമൻ ഹസായേലിനെ ആക്രമിച്ചു. ബി.സി. 797-ലെ ‘അദാദ് നിരാരി’യുടെ (അശ്ശൂർ) ആക്രമണം ദമസ്ക്കൊസിന്റെ ശക്തി ക്ഷയിപ്പിച്ചു. തന്മൂലം യിസ്രായേൽ രാജാവായ യെഹോവാശിനു നഷ്ടപ്പെട്ട പട്ടണങ്ങളെ ബെൻ-ഹദദിന്റെ കയ്യിൽ നിന്നു തിരികെ പിടിക്കുവാൻ കഴിഞ്ഞു. മൂന്നുപ്രാവശ്യം യോവാശ് അവനെ തോല്പിച്ചു. (2രാജാ, 13:3, 22-25). യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമൻ ദമസ്ക്കൊസ് വീണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. (2രാജാ, 14:28). 

ദമസ്ക്കൊസിലെ രാജാവായ രെസീനും യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിനെ നിരോധിച്ചു; (2രാജാ, 16:5) എങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. രെസീൻ ഏലാത്ത് വീണ്ടെടുത്തു അരാമിനോടു ചേർത്തു. യെഹൂദാ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത് പിലേസരിനോടു സഹായമഭ്യർത്ഥിച്ചു. (2രാജാ, 16:7,8). യെശയ്യാവും (17:1), ആമോസും (1:4,5) പ്രവചിച്ചതു പോലെ അശ്ശൂർ രാജാവ് ചെന്ന് ദമസ്ക്കൊസിനെ പിടിച്ചു രെസീനെ വധിച്ചു നിവാസികളെ കീരിലേക്കു ബദ്ധരാക്കി കൊണ്ടു പോയി. (2രാജാ, 16:9). ഇതിനു കപ്പം കൊടുക്കാൻ ആഹാസ് രാജാവു ദമസ്ക്കൊസിൽ അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ചെന്നു, അവിടെ കണ്ട ബലിപീഠത്തിന്റെ പ്രതിമ കൊണ്ടുവന്നു. (2രാജാ, 16:10-12). യെരുശലേം ദൈവാലയത്തിൽ അരാം രാജാക്കന്മാരുടെ ദേവന്മാർക്കു ആഹാസ് ബലികഴിക്കാൻ തുടങ്ങി. (2ദിന, 28:23). ഏറെത്താമസിയാതെ ദമസ്ക്കൊസ് വീണ്ടും പ്രാബല്യത്തിൽ വന്നു. ബി.സി. 85-ൽ ദമസ്ക്കൊസ് അരേതാ രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. (2കൊരി, 11:32). ബി.സി. 64 മുതൽ എ.ഡി. 33 വരെ ദമസ്ക്കൊസ് ഒരു റോമൻ നഗരമായിരുന്നു. പൗലൊസിന്റെ മാനസാന്തരകാലത്ത് ദമസ്ക്കൊസിൽ അനേകം യെഹൂദാ പളളികളുണ്ടായിരുന്നു. (പ്രവൃ, 9:2). ദമസ്ക്കൊസിനു സമീപത്തു വച്ചാണ് പൗലൊസിനു ക്രിസ്തുവിന്റെ ദർശനം ലഭിച്ചത്. പൗലൊസ് ദമസ്ക്കൊസിലെ പള്ളികളിൽ പ്രസംഗിച്ചു. എതിർപ്പു വർദ്ധിച്ചപ്പോൾ അദ്ദേഹം ദമസ്ക്കൊസ് വിട്ടുപോയി. (പ്രവൃ, 9:19-27). അറേബ്യയിൽ കുറച്ചുകാലം ചെലവഴിച്ചശേഷം പൗലൊസ് ദമസ്ക്കൊസിലേക്കു മടങ്ങിവന്നു. (ഗലാ, 1:17).

ത്രോവാസ്

ത്രോവാസ് (Troas)

ഏഷ്യാമൈനറിന്റെ വടക്കു പടിഞ്ഞാറെ മൂലയിലെ ഒരു പ്രധാന തുറമുഖം. ഹെല്ലെസ്പോണ്ടിനു (Hellespont) 32 കി.മീറ്റർ തെക്കാണ് സ്ഥാനം. പ്രാചീന ട്രോയിക്കു ചുറ്റുമുള്ള പ്രദേശമാണ് ത്രോവാസ്. ബി.സി. നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ അനന്തരഗാമിയായ ആൻറിഗോണസ് ഈ പട്ടണം സ്ഥാപിച്ച് ആൻറി ഗോണിയ ത്രോവാസ് എന്നു പേരിട്ടു. ലിസിമാക്കസ് പട്ടണത്തെ മോടിപിടിപ്പിച്ചു. ബി.സി. 133-ൽ ത്രോവാസ് റോമിന്റെ അധീനത്തിലായി. അലക്സാണ്ടർ ചക്രവർത്തിയുടെ ബഹുമാനാർത്ഥം അലക്സാണ്ഡ്രിയാ ത്രോവാസ് എന്നു പേരിട്ടു. 

മൂന്നു പ്രാവശ്യമെങ്കിലും പൗലൊസ് ത്രോവാസ് സന്ദർശിച്ചിട്ടുണ്ട്. രണ്ടാം മിഷണറിയാത്രയിൽ ഫ്രുഗ്യയിലും ഗലാത്യയിലും കൂടെ സഞ്ചരിച്ചു മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ പൗലൊസും കൂട്ടാളികളും ശ്രമിച്ചു. എന്നാൽ ബിഥുന്യയ്ക്കു പോകരുതെന്നു യേശുവിന്റെ ആത്മാവ് വിലക്കുകയാൽ അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. (പ്രവൃ, 16:7,8). അവിടെവച്ച് പൗലൊസ് രാത്രിയിൽ ഒരു മക്കദോന്യൻ അരികെ നിന്നു: നീ മക്കെദോന്യയ്ക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു അപേക്ഷിക്കുന്ന ദർശനം കണ്ടു. (പ്രവൃ, 16:9). ഉടൻ തന്നെ അവർ മക്കദോന്യയ്ക്കു പുറപ്പെട്ടു. മൂന്നാം മിഷണറിയാത്രയിൽ എഫെസൊസ് വിട്ട് ശേഷം പൗലൊസ് ത്രോവാസിൽ വന്നു സുവിശേഷം അറിയിച്ചു. (പ്രവൃ, 20:1; 2കൊരി, 2:12,13). എന്നാൽ തീത്തോസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥത ഇല്ലായ്ക്കുകയാൽ പൗലൊസ് അവിടെനിന്നും മക്കദോന്യയക്കു പോയി. മക്കെദോന്യയും ഗ്രീസും സന്ദർശിച്ച ശേഷം പൗലൊസ് വീണ്ടും ത്രോവാസിൽ വന്നു ഏഴുദിവസം താമസിച്ചു. പൗലൊസ് പുറപ്പെടുവാൻ ഒരുങ്ങിയതിന്റെ തലെനാൾ പാതിരവരെ പ്രസംഗം നീട്ടി. യൂത്തിക്കൊസ് എന്ന യുവാവ് ഗാഢനിദ്രപിടിച്ചു മൂന്നാം തട്ടിൽനിന്നു താഴെ വീണു മരിച്ചു. അപ്പൊസ്തലൻ അവനെ ഉയിർപ്പിച്ചു. (പ്രവൃ, 20:6-12). വർഷങ്ങൾക്കുശേഷം പൗലൊസ് പുതപ്പും, പുസ്തകങ്ങളും ചർമ്മലിഖിതങ്ങളും ത്രോവാസിൽ കർപ്പൊസിന്റെ വീട്ടിൽ വെച്ചേച്ചു പോയി. (2തിമൊ, 4:13).

ത്രിമണ്ഡപം

ത്രിമണ്ഡപം (Three Taverns) 

റോമിൽ നിന്നു പുത്യൊലിയിലേക്കുള്ള അപ്യമാർഗ്ഗം (Via Appia) എന്ന രാജപാതയിലെ ഒരു താവളമാണ് ത്രിമണ്ഡപം. യാത്രക്കാർക്കു വിശ്രമിക്കാനുള്ള മൂന്നു സത്രങ്ങൾ ഇവിടെ ഉണ്ടായിരുന്നതിനാലാകണം ഈ പേർ വന്നത്. റോമിൽ നിന്നു 49 കി.മീറ്റർ അകലെയാണിത്. പൗലൊസ് വരുന്നു എന്നു കേട്ടിട്ടു റോമിലെ ചില സഹോദരന്മാർ അപ്യപുരവും തിമണ്ഡപവും വരെ എതിരേറ്റു ചെന്നു. (പ്രവൃ, 28:13-15).

ത്രഖോനിത്തി

ത്രഖോനിത്തി (Trachonitis)

പേരിനർത്ഥം — കുന്നിൻ പുറം

ദമസ്ക്കൊസിനു 25 കി.മീറ്റർ തെക്കുകിഴക്കാണ് സ്ഥാനം. ഈ പ്രദേശത്തിന്റെ അധികഭാഗവും അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ്. കൃഷിക്കുപയുക്തമായ ഭൂമി കുറച്ചു മാത്രമേയുള്ളൂ. എൽ ലെജ (el-Leja = അഭയം) എന്ന അറബി പേരിലാണ് ഇന്നറിയപ്പെടുന്നത്. കൊള്ളക്കാർക്കും ഭീകരപ്രവർത്തകർക്കും ഒളിച്ചു കഴിയാൻ പറ്റിയ ഇടമായതിലാണ് ഈ പേർ ലഭിച്ചത്. സ്ട്രാബൊയും, ജൊസീഫസും അനേക പ്രാവശ്യം ഈ പ്രദേശത്തേക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ബൈബിളിൽ ഒരിടത്തു മാത്രം, യോഹന്നാൻ സ്നാപകന്റെയും ക്രിസ്തുവിന്റെയും ശുശ്രൂഷാകാലം നിർദ്ദേശിക്കുന്നതിനായി ത്രഖോനിത്തിയെ പരാമർശിക്കുന്നു. ബി.സി. 4-ൽ ഹെരോദാവ് മരിച്ചപ്പോൾ, അദ്ദേഹത്തിന്റെ മരണപ്രത്രമനുസരിച്ച് പുത്രനായ ഫിലിപ്പോസിനെ ഇതൂര്യ ത്രഖോനിത്തി ദേശങ്ങളുടെ ഇടപ്രഭുവായി വാഴിച്ചു. (ലൂക്കൊ, 3:1). ഫിലിപ്പൊസിന്റെ മരണശേഷം (എ.ഡി. 34) റോമൻ പ്രവിശ്യയായ സിറിയയോടു ചേർത്തു. എ.ഡി. 37-ൽ കാലിഗുള ചക്രവർത്തി ഹെരോദാവ് അഗ്രിപ്പാ ഒന്നാമനു ത്രഖോനിത്തി നല്കി.

തെസ്സലൊനീക്യ

തെസ്സലൊനീക്യ (Thessalonica) 

മക്കെദോന്യയിലെ (Macedonia) ഒരു പ്രധാന പട്ടണം. ഇന്ന് സലൊനിക്യ എന്നറിയപ്പെടുന്നു. ബി.സി. 332-ൽ അലക്സാണ്ടർ ചക്രവർത്തി മരിച്ചപ്പോൾ ഗ്രീസിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യാധിപനായ കസ്സാണ്ടർ (Cassander) സ്ഥാപിച്ച പട്ടണം. അലക്സാണ്ടറിന്റെ സഹോദരിയും തന്റെ ഭാര്യയുമായ തെസ്സലൊനിക്കയുടെ പേര് പട്ടണത്തിനു നല്കി. ഇത് ബി.സി. 316/315-ൽ ആയിരുന്നു. കസ്സാണ്ടർ നശിപ്പിച്ച പ്രദേശത്തുണ്ടായിരുന്ന 26 ഗ്രാമത്തിലെ നിവാസികളായിരുന്നു ഈ പുതിയ പട്ടണത്തിലെ കുടിപാർപ്പുകാർ. തെസ്സലൊനീക്യയുടെ ആദ്യത്തെ പേര് തെർമ്മ ആയിരുന്നുവെന്ന സ്ട്രാബോയുടെ പ്രസ്താവന പൂർണ്ണമായും ശരിയായിരിക്കാനിടയില്ല. ഏകദേശം 11 കി.മീറ്റർ തെക്കുകിഴക്കുള്ള പട്ടണമാണ് തെർമ്മ. ബി.സി. 167-ൽ മക്കദോന്യ നാലു ജില്ലകളായി വിഭജിക്കപ്പെട്ടു. രണ്ടാമത്തെ ജില്ലയുടെ തലസ്ഥാനമായിരുന്നു തെസ്സലൊനീക്യ. ബി.സി. 148-ൽ മക്കെദോന്യ റോമൻ പ്രവിശ്യ ആയപ്പോൾ തെസ്സലൊനീക്യ അതിലെ മുഖ്യപട്ടണവും പ്രാദേശിക സർക്കാരിന്റെ ആസ്ഥാനവുമായി മാറി. സ്ട്രാബോയുടെ കാലത്ത് മക്കദോന്യയിലെ പട്ടണങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ജനവാസം ഉണ്ടായിരുന്നത് തെസ്സലൊനീക്യയിൽ ആയിരുന്നു. ഇവിടത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും ഗ്രേക്കരാണ്. കൂടാതെ ധാരാളം യെഹൂദന്മാരും റോമാക്കാരും ഉണ്ടായിരുന്നു. 

യെഹൂദന്മാരുടെ ഒരു പള്ളി (സിനഗോഗ്) തെസ്സലൊനീക്യയിൽ ഉണ്ടായിരുന്നു. (പ്രവൃ, 17:1). പൗലൊസും ശീലാസും അവിടെ എത്തിയപ്പോൾ തെസ്സലൊനീക്യ കീർത്തികേട്ട ഒരു തലസ്ഥാനം ആയിരുന്നു. മൂന്നു ശബ്ബത്തുകളിൽ പൗലൊസ് അവിടെയുള്ള പള്ളികളിൽ പ്രസംഗിച്ചു. തത്ഫലമായി അനേകം യെഹൂദന്മാരും യവനന്മാരും ക്രിസ്തുവിൽ വിശ്വസിച്ചു് പൗലൊസിനോടും ശീലാസിനോടും ചേർന്നു. ധാരാളം മാന്യസ്ത്രീകളും വിശ്വാസികളായി മാറി. പൗലൊസ് എതകാലം ഇവിടെ വസിച്ചു എന്നു വ്യക്തമല്ല. യെഹൂദന്മാർ പുരുഷാരത്തെ ഇളക്കി പൗലൊസിനും യാസോനും വിരോധമായി പ്രവർത്തിച്ചതുകൊണ്ടു പൗലൊസ് അവിടം വിട്ടു ബെരോവയിലേക്കു പോയി. (പ്രവൃ, 17:5-10). ഏറെത്താമസിയാതെ രണ്ടു ലേഖനങ്ങളെഴുതി തെസ്സലൊനീക്യ സഭയ്ക്ക് എത്തിച്ചു കൊടുത്തു. (1തെസ്സ, 1:1; 2തെസ്സ, 1:1).

തെക്കോവ

തെക്കോവ (Tekoa)

പേരിനർത്ഥം — കാഹളം

യെഹൂദയിലെ ഒരു പട്ടണം. യെരുശലേമിന് 16 കി.മീറ്റർ തെക്കു കിടക്കുന്ന കിർബത് തക്കുവാ (Kairbet Taqua) ആണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 820 മീററർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. രെഹബെയാം തെക്കോവയെ കോട്ടകെട്ടി ബലപ്പെടുത്തി. (2ദിന, 11:6). ദാവീദിന്റെ വീരന്മാരിലൊരുവനായ ഈരായുടെ അപ്പൻ ഇക്കേശ് തെക്കോവ്യനായിരുന്നു. (1ദിന, 11:27). അബ്ശാലോമിനു വേണ്ടി ദാവീദിനോട് അപേക്ഷിക്കുവാൻ യോവാബിന്റെ നിർദ്ദേശമനുസരിച്ചു വന്ന വിവേകവതിയായ സ്ത്രീ തെക്കോവക്കാരി ആയിരുന്നു. (2ശമൂ, 14:21). യുദ്ധഭീഷണി നേരിട്ടപ്പോൾ യെഹോശാഫാത്ത് തെക്കോവ മരുഭൂമിയിൽ വച്ച് ജനങ്ങളുമായി കൂടിയാലോചിച്ചു. (2ദിന, 20:20). പ്രവാചകനായ ആമോസ് തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായിരുന്നു. (ആമോ, 1:1). വടക്കുനിന്നു വരുന്ന അനർത്ഥത്തെക്കുറിച്ചു യെഹൂദയ്ക്കു യിരെമ്യാവു മുന്നറിപ്പു നല്കി: “ബെന്യാമീൻ മക്കളേ, യെരൂശലേമിൻ്റെ നടുവിൽ നിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ.” (യിരെ, 6:1). യെരൂശലേം മതിലിന്റെ പുതുക്കിപ്പണിയിൽ തെക്കോവ്യർ ഭാഗഭാക്കുകളായി. (നെഹെ, 3:5, 27).

തുയത്തൈരാ

തുയത്തൈരാ (Thyatira) 

ഏഷ്യാമൈനറിൽ ലൈക്കസ് (Lycus) നദിയുടെ തെക്കെ തീരത്തിനടുത്തുള്ള ഒരു പട്ടണം. പ്രാചീന ‘ലുദിയ’യുടെ (Lydia) ഉത്തരഭാഗത്തു സ്ഥിതി ചെയ്തിരുന്നു. പ്രാചീന എഴുത്തുകാർ അപൂർവ്വമായി മാത്രമേ തുയത്തൈരയെക്കുറിച്ചു പറഞ്ഞിട്ടുള്ളൂ. ബി.സി. മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെല്യൂക്കസ് നികടോർ പുതുക്കിപ്പണിതതോടു കൂടിയാണ് പട്ടണം പ്രസിദ്ധിയിലേക്കുയർന്നത്. തുയത്തൈരയിലെ പ്രധാനദേവൻ ടിറിമ്നൊസും ദേവി ബോറൈറ്റിനിയും ആയിരുന്നു. ടിറിമ്നൊസ് സൂര്യദേവനാണ്. ഒരു വ്യാപാരകേന്ദ്രമായി വളർന്ന തുയത്തൈരയിൽ അനേകം തൊഴിൽ സംഘങ്ങളുണ്ടായിരുന്നു. ഒരു തൊഴിൽ സംഘത്തിലെ അംഗമായിരുന്നിരിക്കണം ലുദിയ. ഫിലിപ്പിയിൽ വച്ചു പൗലൊസും കൂട്ടരും കണ്ട ലുദിയ രക്താംബരം വില്ക്കുന്നതിന് തുയത്തൈരയിൽ നിന്നു വന്നവളാണ്. യൂറോപ്പിലെ ആദ്യക്രിസ്ത്യാനി. (പ്രവൃ, 16:14). വെളിപ്പാടു പുസ്തകം എഴുതുന്ന കാലത്ത് സാമാന്യം നല്ല ഒരു സഭ തുയത്തൈരയിൽ ഉണ്ടായിരുന്നു. (വെളി, 2:18-29). ഇവിടെ സഭ സ്ഥാപിച്ചതാരെന്നോ, എപ്പോഴെന്നോ പറയാൻ നിവൃത്തിയില്ല.

തർസൊസ്

തർസൊസ് (Tarsus)

അപ്പൊസ്തലനായ പൗലൊസിന്റെ ജനനസ്ഥലം. (പ്രവൃ, 9:11; 22:3). അപ്പൊസ്തലൻ ഇതു അഭിമാനത്തോടെ എടുത്തു പറയുന്നു. (പ്രവൃ, 21:39). റോമൻ പ്രവിശ്യയായിരുന്ന ‘കിലിക്യ’യുടെ (Cilicia) തലസ്ഥാനമായിരുന്നു. തർസൊസ് നദിയുടെ (പ്രാചീനനാമം സിഡ്നുസ് – Cydnus) വലത്തെക്കരയിൽ ഇപ്പോഴത്തെ തീരപ്രദേശത്തിനു ഏകദേശം 16 കി.മീ. അകലെ സ്ഥിതിചെയ്തിരുന്നു. ലോകത്തിലെ പൗരാണിക നഗരങ്ങളിലൊന്നാണിത്. ചരിത്രാതീതകാലം മുതൽ ഇന്നുവരെയും പട്ടണത്തിൻ്റെ സ്ഥാനം മാറിയിട്ടില്ല. ഒരു പട്ടണം എന്ന നിലയിൽ കുറഞ്ഞത് ആറു സഹസ്രാബ്ദത്തിന്റെ ചരിത്രം അതിനുണ്ട്. ബി.സി. രണ്ടാം സഹസ്രാബ്ദത്തിലെ ഹിത്യരേഖകളിൽ കിലിക്യ സ്ഥാനം പിടിച്ചിട്ടുണ്ട്. അക്കാലത്ത് കിലിക്യയിലെ പ്രധാന നഗരങ്ങളിലൊന്നായിരുന്നു താർശ അഥവാ തർസൊസ്. ഏകദേശം ബി.സി. 1200-ൽ സമുദ്രജനത തർസൊസിനെ ആക്രമിച്ചു നശിപ്പിച്ചു. അശ്ശൂര്യരേഖകളിൽ തർസൊസ് ആദ്യം പരാമർശിക്കപ്പെടുന്നത് ശല്മനേസർ മൂന്നാമന്റെ കാലത്താണ്. തന്റെ വാഴ്ചയുടെ 26-ാം വർഷത്തിൽ ശല്മനേസർ തർസൊസ് പിടിച്ചു. ബി.സി. 333-ൽ പാർസികൾ പട്ടണത്തെ ചുടാതെ അലക്സാണ്ടർ രക്ഷിച്ചു. അലക്സാണ്ടറിനു ശേഷം തർസൊസ് സെലൂക്യരുടെ അധീനത്തിലായി. റോമിലെ ആഭ്യന്തര യുദ്ധത്തിൽ ഈ പട്ടണം കൈസറുടെ പക്ഷം പിടിച്ചു. തുടർന്നു പട്ടണത്തിനു യൂലിയോപൊലിസ് (Julio polis) എന്നു പേരിട്ടു. അഗസ്റ്റസ് സീസർ പട്ടണത്തെ സ്വതന്തമാക്കി. ബി.സി. ഒന്നാം നൂറ്റാണ്ടിൽ തർസാസിൽ ഒരു ദാർശനിക സ്കൂളും, കലാശാലയും ഉണ്ടായിരുന്നു. യവനചിന്ത ജനങ്ങളെ പ്രബുദ്ധരാക്കി. അലക്സാണ്ഡ്രിയയെപ്പോലെ തർസൊസും പശ്ചിമ പൌരസ്ത്യ സംസ്കാരങ്ങളുടെ സംഗമ സ്ഥാനമായിരുന്നു. യവനന്മാരുടെ ജ്ഞാനവും പൗരസ്ത്യ യോഗവിദ്യയും ഇവിടെയുള്ളവരുടെ ഹൃദയത്തിൽ രൂഢമൂലമായിരുന്നു. ബി.സി. 171 മുതൽ യെഹൂദന്മാർ ഇവിടെ പാർത്തുവന്നു.