All posts by roy7

പത്തര

പത്തര (Patara) 

ലൂക്യയിലെ ഒരു പ്രാചീന നഗരം. ക്സാന്തൂസ് നദീമുഖത്തിന് ഏകദേശം 10 കി.മീറ്റർ കിഴക്കാണ് സ്ഥാനം. അപൊള്ളൊയുടെ (Apollo) പുത്രനായ പറ്ററുസിനെ നഗരസ്ഥാപകനായി കണക്കാക്കുന്നു. അപൊള്ളൊയുടെ വെളിച്ചപ്പാട് പത്തരയെ ഏറെ പ്രസിദ്ധമാക്കി. ക്രിസ്തുവിനും ആയിരം വർഷം മുൻപ് മുതൽ പത്തരയുടെ ചരിത്രം തുടങ്ങുന്നു. ബി.സി. 440 മുതൽ സ്വന്തം നാണയം അച്ചടിച്ച് തുടങ്ങി. ടോളമി ഫിലാഡൽഫസിന്റെ ഭരണകാലത്ത് നഗരത്തിന് രാജ്ഞിയുടെ പേര് നൽകി: ആർസിനോ. പത്തരയ്ക്ക് മിസ്രയീമുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ക്രിസ്തുവിൻ്റെ കാലത്ത് പ്രമുഖമായ തുറമുഖം ആയിരുന്നു പത്തര. പൗലൊസ് യെരൂശലേമിലേക്കു പത്തര വഴി യാത്ര ചെയ്തു. (പ്രവൃ, 21:1-3). ഇപ്പോൾ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ  ആധുനിക ഗെലെമിഷ് (Gelemish) ഗ്രാമത്തിൽ കാണാം.

പംഫുല്യ

പംഫുല്യ (Pamphylia)

ഏഷ്യാമൈനറിന്റെ ദക്ഷിണതീരത്തുള്ള ഒരു പ്രദേശം. പംഫുല്യയ്ക്കു പടിഞ്ഞാറ് ലുക്യയും വടക്ക് പിസിദ്യയും കിഴക്ക് കിലിക്യയും കിടക്കുന്നു. ഈ പ്രദേശത്തിന് 120 കി.മീറ്റർ നീളവും 48 കി.മീറ്റർ വീതിയുമുണ്ട്. പംഫുല്യയുടെ അതിരുകൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു. പാരമ്പര്യമനുസരിച്ച് ട്രോജൻ യുദ്ധത്തിനുശേഷം അംഫിലോക്കസും കൽഖാസും (Calchas) ചേർന്നാണ് ഇവിടെ കോളനി സ്ഥാപിച്ചത്. പല വർഗ്ഗങ്ങൾ കുടിയേറിപ്പാർത്തതിന്റെ സൂചന ഭാഷയിൽ വ്യക്തമാണ്. പ്രധാന പട്ടണങ്ങൾ അത്തല്യ, അസ്പെൻഡസ്, പെർഗ്ഗ എന്നിവയാണ്. അത്തല്യയിലാണ് പൗലൊസ് ആദ്യം പ്രവേശിച്ചതെന്നു കരുതപ്പെടുന്നു. അലക്സാണ്ടറുടെ കാലംവരെ പംഫുല്യ പേർഷ്യൻ ഭരണത്തിൻ കീഴിലായിരുന്നു. തുടർന്ന് ടോളമി ഒന്നാമന്റെയും രണ്ടാമന്റെയും കൈകളിലൂടെ പംഫുല്യ സെലൂക്യരുടെ കൈകളിലെത്തി. അന്ത്യൊക്കസ് മൂന്നാമന്റെ പരാജയശേഷം പംഫുല്യ റോമിനു വിധേയമായി. ഈ കാലത്ത് പെർഗ്ഗാമമിലെ അത്തല്യർ ഈ പ്രദേശം കൈവശപ്പെടുത്തി. ബി.സി. 189-ൽ അത്തല്യ പട്ടണം പണിതു. 102 മുതൽ പംഫുല്യ കിലിക്യപ്രവിശ്യയുടെ ഭാഗമായിത്തീർന്നു. ബി.സി. 25 മുതൽ എ.ഡി. 43 വരെ പംഫുല്യ ഗലാത്യ പ്രവിശ്യയുടെ ഭാഗമായിരുന്നു. 43-ൽ കൌദ്യോസ് (Claudius) കിലിക്യയും പംഫുല്യയും ചേർത്തു ഒരു പ്രവിശ്യ രൂപീകരിച്ചു. 

പംഫുല്യയെക്കുറിച്ചുള്ള പുതിയ നിയമത്തിലെ ആദ്യപരാമർശം പ്രവൃത്തി 2:10 ആണ്. പെന്തെക്കൊസ്തു നാളിൽ പൗലൊസ് അപ്പൊസ്തലന്റെ പ്രസംഗം കേട്ടവരിൽ ഫ്രൂഗ്യരും പംഫുല്യരും ഉണ്ടായിരുന്നു. ഒന്നാം മിഷണറിയാത്രയിൽ പൗലൊസ് ഇവിടം സന്ദർശിക്കുകയും പെർഗ്ഗയിൽ പ്രസംഗിക്കുകയും ചെയ്തു. (പ്രവൃ, 13:13; 14:24). അവിടെ വച്ച് യോഹന്നാൻ എന്ന മർക്കൊസ് അവരെ വിട്ടുപിരിഞ്ഞ് യെരുശലേമിലേക്കു മടങ്ങിപ്പോയി. (പ്രവൃ, 13:13; 15:37). പൗലൊസ് ബദ്ധനായപ്പോൾ കിലിക്യ, പംഫുല്യ കടൽവഴി ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി. (പ്രവൃ, 27:5). തദ്ദേശവാസികൾ നിരക്ഷരരും പിന്നോക്കരും ആയിരുന്നു.

നീനെവേ

നീനെവേ (Nineveh)

ലോകത്തിലെ ഏറ്റവും പൗരാണിക നഗരങ്ങളിലൊന്നാണ് നീനെവേ. അശ്ശൂരിലെ (Assyria) പ്രധാന പട്ടണവും ഒടുവിലത്തെ തലസ്ഥാനവുമായ നീനെവേ പണിതതു നിമ്രോദാണ്. (ഉല്പ, 10:11,12). ഉത്തര ഇറാക്കിൽ ടൈഗ്രീസ് നദീതീരത്തുള്ള കുയുഞ്ചിക് (Kuyunjik), നബിയൂനുസ് (പ്രവാചകൻ യോനാ) എന്നീ മൺകൂനകൾ നീനെവേയുടെ ശൂന്യശിഷ്ടങ്ങളെ ചൂണ്ടിക്കാണിക്കുന്നു. നീനെവേ എന്ന പേര് പ്രാചീന സുമേരിയൻ നാമമായ നിനായിൽ നിന്നു നിഷ്പന്നമാണ്. ഇഷ്ടാർദേവിയുടെ ഒരു പേരായ നിനാ ആവരണത്തിനുളളിൽ മീനിന്റെ ചിത്രത്തോടു കൂടിയാണു എഴുതുന്നത്. വളരെക്കാലം നീനെവേ അശ്ശൂരിന്റെ തലസ്ഥാനമായിരുന്നു. അശ്ശൂരും ബാബിലോണിയയും തമ്മിലുള്ള കിടമത്സരം നീനെവേയുടെ വൃദ്ധിക്ഷയങ്ങൾക്കു കാരണമായി. ഈ രണ്ടു സാമ്രാജ്യങ്ങളിൽ അശ്ശൂര്യർ യുയുത്സകരും ബാബിലോന്യർ പരിഷ്ക്കാര പ്രേമികളും ആയിരുന്നു. 

ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ നീനെവേയ്ക്ക് അസ്സീറിയൻ കോളനിയായ കാനിഷുമായി (Kanish) ബന്ധമുണ്ടായിരുന്നു. ഷംഷി അദാദ് ഒന്നാമന്റെ കീഴിൽ അസ്സീറിയ സ്വതന്ത്രമായപ്പോൾ (1800 ബി.സി.) ഇഷ്ടാറിന്റെ ക്ഷേത്രം പുനരുദ്ധരിച്ചു. ബാബിലോണിലെ ഹമ്മുറാബി (1750 ബി.സി.) ക്ഷേത്രത്തെ മോടിപിടിപ്പിച്ചു. നീനെവേയുടെ വികസനം ശൽമനേസ്സർ ഒന്നാമൻ (ബി.സി. 1260), തിഗ്ലത്ത്-പിലേസർ ഒന്നാമൻ (ബി.സി. 1114-1076 ) എന്നിവരുടെ കാലത്താണ് നടന്നത്. അശ്ശൂർ, കാലഹ് എന്നിവയ്ക്കു സമാന്തരമായ രാജകീയ വസതിയായി നീനെവേ മാറി. അഷുർ നസിർപാൾ രണ്ടാമനും (ബി.സി. 883-859) സർഗ്ഗോൻ രണ്ടാമനും (ബി.സി. 722-705) നീനെവേയിൽ കൊട്ടാരങ്ങളുണ്ടായിരുന്നു. ബി.സി. 744 ൾ-ൽ മെനഹേമും (2രാജാ, 15:20) 722-ൽ ശമര്യയും (യെശ, 8:4) നീനെവേയിലേക്കാണ് കപ്പം എത്തിച്ചത്. സൻഹേരീബ് പട്ടണത്തെ വികസിപ്പിച്ചു. ഗോമെൽ നദിയുടെ അണക്കെട്ടിൽ നിന്നും 48 കി.മീറ്റർ ദൈർഘ്യമുള്ള കനാൽ നിർമ്മിച്ചു. ഖാസർ (Khasr) നദിയുടെ പ്രവാഹം അണകെട്ടി നിയന്ത്രിച്ചു. യെഹൂദാരാജാവായ ഹിസ്കീയാവു ( 2രാജാ, 18:14) കപ്പം നീനെവേയിൽ എത്തിച്ചു കൊടുത്തു. യുദ്ധത്തിനുശേഷം സൻഹേരീബ് മടങ്ങിപ്പോയി നീനെവേയിൽ തന്നെ പാർത്തു. (2രാജാ, 19:36; യെശ, 37:37). സൻഹേരീബ് വധിക്കപ്പെട്ടതു നിസ്രോക്കിന്റെ ക്ഷേത്രത്തിൽ വച്ചാണ്. പ്രസ്തുത ക്ഷേത്രം നീനെവേയിലായിരുന്നിരിക്കണം. 

അഷുർബനിപാൽ (ബി.സി. 669-627) നീനെവേയെ തന്റെ പ്രധാന വാസസ്ഥാനമാക്കി. നഹും, സെഫന്യാവു് എന്നീ പ്രവാചകന്മാർ പ്രവചിച്ച നീനെവേയുടെ നാശം ബി.സി. 612 ആഗസ്റ്റിൽ സംഭവിച്ചു. മേദ്യരും, ബാബിലോന്യരും, സിതിയരും പട്ടണത്തെ നിരോധിച്ചു. നദികളുടെ ചീപ്പുകൾ തുറന്നതു മൂലം രാജമന്ദിരം നശിച്ചു. (നഹും, 2:6-8). മേദ്യർ പട്ടണത്തെ കൊള്ളയടിച്ചു. നീനെവേ പാഴും ശൂന്യവും (നഹും, 2:10; 3:7), ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചിൽ സ്ഥലവും (സെഫ, 2:13-15) ആയിത്തീർന്നു. യോനാപ്രവാചകന്റെ കാലത്തു നീനെവേയിലെ ജനസംഖ്യ 1,20,000 ആയിരുന്നു. ഇടങ്കയ്യും വലങ്കയ്യും തിരിച്ചറിഞ്ഞു കൂടാത്തവരായിരുന്നു അവർ. നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നിങ്ങനെ ദൈവത്തിന്റെ അരുളപ്പാടു ജനത്തെ അറിയിച്ചു.  (യോനാ, 3:4). എന്നാൽ നീനെവേയിലെ രാജാവും ജനവും മാനസാന്തരപ്പെട്ടു, യഹോവയിങ്കലേക്കു തിരിഞ്ഞു. ഈ സംഭവത്തിനു ഇരുന്നൂറു വർഷത്തിനുശേഷം നീനെവേ ഉന്മൂലമായി. 

അനേകം നൂറ്റാണ്ടുകളായി നീനെവേയുടെ സ്ഥാനം തന്നെ വിസ്മൃതിയിലാണ്ടു പോയി. 1843-44-ൽ നീനെവേ പട്ടണം ഉൽഖനനം ചെയ്യപ്പെട്ടു. സർഗ്ഗോന്റെ കൊട്ടാരവും ക്യൂണിഫോം ലിഖിതശേഖരം സൂക്ഷിച്ചിരുന്ന ലൈബ്രറിയും കണ്ടെടുത്തു. രാജാക്കന്മാരുടെ ചില പട്ടികകളിൽ സർഗ്ഗോൻ കാണപ്പെടാത്തതുകൊണ്ട് 1840-നടുത്തു ചില പണ്ഡിതന്മാർ “അശ്ശൂർ രാജാവായ സർഗ്ഗോന്റെ കല്പന പ്രകാരം” എന്ന യെശയ്യാ പ്രവചനഭാഗത്തെ (20:1) പുച്ഛിച്ചു. “യെശയ്യാവിന്റെ തെറ്റുകളിലൊന്നാണിത്: സർഗ്ഗോൻ ഒരിക്കലും ജീവിച്ചിരുന്നില്ലെന്നു നമുക്കറിയാം” എന്നു പറഞ്ഞു. എന്നാൽ നീനെവേയിൽ നിന്നു കണ്ടെടുത്ത കളിമൺ ഫലകങ്ങളിൽ സർഗ്ഗോന്റെ പേര് രേഖപ്പെടുത്തിയിരുന്നത് തിരുവെഴുത്തുകളുടെ ദൈവനിശ്വാസ്യതയ്ക്കു ഏററവും വലിയ തെളിവായി മാറി.

നിക്കൊപ്പൊലിസ്

നിക്കൊപ്പൊലിസ് (Nicopolis)

പേരിനർത്ഥം — വിജയനഗരം

എപ്പിറസിലെ ഒരു പ്രാചീന നഗരം. ആക്ടിയം ഉൾക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു. ബി.സി. 31 സെപ്റ്റംബറിൽ അഗസ്റ്റസ് സീസർ മാർക്ക് ആന്റണിയുടെ മേൽ നേടിയ നിർണ്ണായകമായ വിജയത്തിന്റെ സ്മാരകമായി യുദ്ധത്തിന്റെ തലേന്ന് പാളയം അടിച്ച പ്രദേശത്ത് സ്ഥാപിച്ചതാണ് ഈ ‘വിജയനഗരം.’ ക്ഷയോന്മുഖങ്ങളായ ഗ്രീക്കുനഗരങ്ങളിൽ നിന്ന് പൗരന്മാരെ കൊണ്ടുവന്ന് പ്രശസ്തമായ ഒരു റോമൻകോളണി സൃഷ്ടിക്കുകയാണ് അഗസ്റ്റസ് ചെയ്തത്. അഞ്ചുവർഷം കൂടുമ്പോൾ ഒരു വലിയ ഉത്സവം സംഘടിപ്പിക്കുവാനും ഏർപ്പാടാക്കി: ഒളിമ്പിയൻ, പൈത്തിയൻ, ഇസ്ത്മിയൻ, നെമിയൻ ഉത്സവങ്ങളോടൊപ്പം അഞ്ചാമതൊരുത്സവം. അങ്ങനെ ഗ്രീസിന്റെ പശ്ചിമതീരത്തെ പ്രമുഖകേന്ദ്രം ആയിരുന്നു പൗലോസിന്റെ കാലത്തെ നിക്കൊപ്പൊലീസ്. അതുവരെ എത്തിച്ചേരാതിരുന്ന ഒരു പ്രദേശത്ത് സുവിശേഷം പ്രചരിപ്പിക്കുക അപ്പൊസ്തോലന്റെ ലക്ഷ്യം ആയിരുന്നിരിക്കാം. നിക്കൊപ്പൊലിസ് എന്ന പേരിൽ അനേകം നഗരങ്ങൾ ഉണ്ടെങ്കിലും പൗലൊസിനു ശീതകാലം മുഴുവൻ കഴിക്കുവാൻ സാദ്ധ്യതയുള്ള ഒരു പട്ടണമായി ഇതു മാത്രമേ ഉള്ളു. (തീത്തൊ, 3:12). തീത്തോസിനോടൊപ്പം അല്പകാലം ചെലവഴിക്കുന്നതിന് നിക്കൊപ്പൊലിസ് തിരഞ്ഞെടുക്കാൻ ഭൂമിശാസ്ത്രപരമായ കാരണവുമുണ്ട്. എപ്പിറസിൽ സുവിശേഷഘോഷണം നടത്താൻ ഇതൊരു നല്ല താവളമാണ്. നിക്കൊപ്പൊലീസ് പിന്നീട് ക്ഷയിച്ചു. 362-ൽ ജൂലിയൻ പുനരുദ്ധരിച്ചു; വീണ്ടും നാശം. തുടർന്ന് ജസ്റ്റിനിയൻ പുനർനിർമാണം നടത്തി. ഇപ്പോൾ ‘പ്രവേസ’ എന്ന നഗരം നിൽക്കുന്ന സ്ഥലം.

നസറെത്ത്

നസറെത്ത് (Nazareth)

പേരിനർത്ഥം — കാവൽക്കാരൻ

യോസേഫും മറിയയും പാർത്തിരുന്ന ഗലീലയിലെ ഒരു പട്ടണം. മുപ്പതു വയസ്സു വരെയും ക്രിസ്തു ഇവിടെ പാർത്തു. (ലൂക്കൊ, 2:39; 4:16, 28-30). അതിനാൽ യേശു നസറായൻ എന്നു വിളിക്കപ്പെട്ടു. നസറെത്തിനെക്കുറിച്ചു പഴയനിയമത്തിലോ അപ്പോക്രിഫയിലോ തല്മൂദിലോ ജൊസീഫസിന്റെ കൃതികളിലോ പരാമർശമില്ല. പുതിയനിയമ കാലംവരെ ഈ പ്രദേശം യിസ്രായേല്യരുടെ അധിവാസത്തിനു വെളിയിലായിരുന്നു. യെഹൂദന്മാർ ഗലീലയെ അവജ്ഞയോടെയാണ് വീക്ഷിച്ചിരുന്നത്. (യോഹ, 1:46). ലെബാനോൻ പർവ്വതനിരയിലെ ചുണ്ണാമ്പു കുന്നുകളുടെ ഇടയിലുള്ള ഉയർന്ന താഴ്വരയിലാണ് നസറെത്ത്. ഈ താഴ്വര സമുദ്രനിരപ്പിൽ നിന്നു 370 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്തും കിഴക്കു ഭാഗത്തും തൂക്കായ കുന്നുകളാണ്. യേശുവിനെ നസറായനെന്നു വിളിക്കുന്ന അനേകം ഭാഗങ്ങൾ ഉണ്ട്. എന്നാൽ ക്രിസ്ത്യാനികളെ ഒരിക്കൽ മാത്രമേ നസറായമതക്കാർ എന്നു വിളിച്ചിട്ടുള്ളു. (പ്രവൃ, 24:5). ആധുനിക നസറെത്ത് വളരെ പുരോഗമിച്ച ഗ്രാമമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ് ഇവിടത്തെ ജനസംഖ്യയിൽ അധികവും.

നവപൊലി

നവപൊലി (Neapolis) 

പേരിനർത്ഥം — നവനഗരം

ഫിലിപ്പിയിലെ ഒരു തുറമുഖ നഗരം. ഫിലിപ്പി തുറമുഖത്തിൽ നിന്നും 16 കി.മീറ്റർ തെക്കു കിഴക്കുള്ള ആധുനിക കവല്ലയാണ് (Kavalla) നവപൊലിയുടെ സ്ഥാനം. ബി.സി. 5-ാം നൂറ്റാണ്ടിലെ ഒരു അഥീനിയൻ രേഖയിൽ നവപൊലി ത്രെയ്സിലെ (Thrace) പട്ടണം എന്നു കാണുന്നു. രണ്ടാം മിഷണറി യാത്രയിൽ പൗലൊസ് ത്രോവാസിൽ നിന്നും നവപൊലിയിലേക്കു പോയി. (പ്രവൃ, 16:11). മൂന്നാം മിഷണറി യാത്രയിലും പൗലൊസ് നവപൊലി സന്ദർശിച്ചിരിക്കാൻ ഇടയുണ്ട്.

നയീൻ

നയീൻ (Nain)

പേരിനർത്ഥം — സൗന്ദര്യം

ഗലീലയിലെ ഒരു പട്ടണം. ഇവിടെ വച്ചാണ് യേശു ഒരു വിധവയുടെ ഏകമകനെ ഉയിർപ്പിച്ചുത്. (ലൂക്കൊ, 7:11-17). ഒരു നയീൻ പട്ടണത്തെക്കുറിച്ച് ജൊസീഫസ് പറയുന്നുണ്ട്. പക്ഷെ അതു യോർദ്ദാനു കിഴക്കാണ്. ഇതാകട്ടെ നസറേത്തിൽ നിന്ന് പത്ത് കി.മീറ്റർ തെക്കുമാറി ഇപ്പോൾ നെയീൻ എന്ന് അറിയപ്പെടുന്ന സ്ഥലമാണ്. രണ്ട് കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കാവുന്നതാണ്: ഒന്ന്; യേശു ശവമഞ്ചത്തിന്മേൽ തൊട്ടു. തൊടാതെ ഉയർപ്പിക്കാമായിരുന്നു. എന്നാൽ യഹൂദമതത്തിന്റെ അനുഷ്ഠാന നിയമങ്ങളുടെ മേൽ തനിക്കുള്ള അധികാരം കുഷ്ഠരോഗിയുടെ കാര്യത്തിൽ  എന്നപോലെ തെളിയിക്കയാണ് ഇവിടെ. (ലൂക്കൊ, 5:13). രണ്ട്; അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. എല്ലാം വിട്ട് തന്നെ അനുഗമിക്കാനല്ല; പ്രത്യുത അമ്മയുടെ കൂടെ വസിക്കുവാനാണ് അവന്റെ നിയോഗം. കുടുംബജീവിതത്തിലെ ക്രിസ്ത്വാനുഭവത്തെയും പൊതുവിൽ അത്മായപ്രേഷിതത്വത്തെയും അനുസ്മരിപ്പിക്കുന്നു ഇത്.

ദെർബ്ബെ

ദെർബ്ബെ (Derbe)

ഏഷ്യാമൈനറിൽ ലുക്കവോന്യയിലെ ഒരു പട്ടണം. (പ്രവൃ, 14:6). അപ്പൊസ്തലനായ പൗലൊസ് രണ്ടോ മൂന്നോ പ്രാവശ്യം ഇവിടം സന്ദർശിച്ചു. ദക്ഷിണ ഗലാത്യയിലെ സഭകൾ സ്ഥാപിക്കുമ്പോൾ പൗലൊസും ബർന്നബാസും ദെർബ്ബെ സന്ദർശിച്ചു. ഏഷ്യാമൈനറിലൂടെ പടിഞ്ഞാറോട്ടു പോകുമ്പോൾ പൗലൊസും ശീലാസും ഇവിടം സന്ദർശിച്ചിരുന്നു. (പ്രവൃ, 16:1). പൗലൊസിന്റെ സഹചരനായ ഗായൊസ് ദർബ്ബെക്കാരനായിരുന്നു. (പ്രവൃ, 20:4).

ദെക്കപ്പൊലി

ദെക്കപ്പൊലി (Decapolis)

പേരിനർത്ഥം — ദശനഗരം

യോർദ്ദാനു കിഴക്കു, ഗലീലക്കടലിനു തെക്കുള്ള വിശാലമായ ഭൂപ്രദേശം. ബി.സി. 200-നടുപ്പിച്ച് യവനർ ഗദര, ഫിലഡെൽഫിയ തുടങ്ങിയ പട്ടണങ്ങളിൽ കുടിയേറിപ്പാർത്തു. ബി.സി. 63-ൽ ഹിപ്പൊസ്, സിതൊപൊലിസ്, പെല്ല എന്നീ പട്ടണങ്ങളെ യെഹൂദന്മാരുടെ കയ്യിൽനിന്നും പിടിച്ചെടുത്തു പോംപി സുറിയയോടു ചേർത്തു. എ.ഡി. ഒന്നാമാണ്ടോടു കൂടി അവർ കച്ചവടത്തിനും, ശേമ്യവർഗ്ഗങ്ങൾക്കെതിരെ പരസ്പര സുരക്ഷിതത്വത്തിനും വേണ്ടി ഒരു സഖ്യം ഉണ്ടാക്കി. ഈ സഖ്യത്തിലുൾപ്പെട്ട പത്തു പട്ടണങ്ങളുടെ പേർ പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. അവ: സിതൊപൊലിസ് (Scythopolis), പെല്ല (Pella), ദിയോൻ (Dion), ഗെരെസ (Gerasa), ഫിലഡെൽഫിയ (Philadelphia), ഗദര (Gadara), റഫാന (Raphana), കനാഥ (Kanatha), ഹിപ്പൊസ് (Hippos), ദമസ്ക്കൊസ് (Damascus) എന്നിവയാണ്. ക്രിസ്തുവിനെ പിന്തുടർന്ന വലിയ പുരുഷാരത്തിൽ ദെക്കപ്പൊലിക്കാർ ഉണ്ടായിരുന്നു. (മത്താ, 4:25). യേശു കടലിൻ്റെ അക്കരെ ഗദരദേശത്തു പോയി; അശുദ്ധാത്മാവുള്ള മനുഷ്യനെ സൗഖ്യമാക്കി. (മർക്കൊ, 5:1-13). ഗദരദേശത്തു വലിയ പന്നിക്കൂട്ടം ഉണ്ടായിരുന്നു. അതു വിജാതീയർ കൂട്ടമായി പാർത്തിരുന്ന സ്ഥലമണെന്നു കാണിക്കുന്നു. പന്നിക്കുട്ടത്തിന്റെ നാശത്തിലൂടെ നാട്ടുകാർക്കു സാമ്പത്തിക നഷ്ടം നേരിട്ടതിനാലാണ് അവിടം വിട്ടു പോകാൻ അവർ യേശുവിനോടപേക്ഷിച്ചത്. സോരിൻ്റെ അതിർവിട്ടു യേശു ഗലീലക്കടല്പുറത്തു വന്നതു ദെക്കപ്പൊലി ദേശത്തിന്റെ നടുവിൽക്കൂടിയായിരുന്നു. (മർക്കൊ, 7:31). എ.ഡി. 70-ൽ യെരുശലേം നശിപ്പിക്കപ്പെടുന്നതിനു മുമ്പായി യെരുശലേമിലെ ക്രിസ്ത്യാനികൾ ദെക്കപ്പൊലിയിലെ പെല്ലാ എന്ന പട്ടണത്തിൽ അഭയം പ്രാപിച്ചു.

ദാവീദിന്റെ നഗരം

ദാവീദിന്റെ നഗരം (City of David)

യെഹൂദയിലെ ബേത്ലേഹെമിനെ അപൂർവ്വം സന്ദർഭങ്ങളിൽ ദാവീദിന്റെ പട്ടണം എന്നു വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 2:4, 11). ദാവീദ് വളർന്നതും ആടുമേച്ചതും ബേത്ലേഹെമിലായിരുന്നു. മറ്റൊന്ന്; ദാവീദ് യെബൂസ്യരോട് പിടിച്ചടക്കിയ സീയോൻ കോട്ടയുടെ അപരനാമം ‘ദാവീദിന്റെ നഗരം’ എന്നാണ്. (2ശമൂ, 5:7, 9; 1ദിന, 11:5, 7; 1രാജാ, 8:1; 2ദിന, 5:2). ടയ്റോപിയോൻ താഴ്വരയ്ക്കും കിദ്രോൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള ത്രികോണാകൃതിയിലുള്ള കുന്നാണ് ഈ നഗരം. യെബൂസ്യനഗരം ആക്രമിച്ചത് പൊടുന്നനവെയായിരുന്നു. നഗരനിവാസികൾ ഗീഹോൻ ഉറവയിൽനിന്ന് വെള്ളം കൊണ്ടുപോയിരുന്ന നീർപ്പാത്തിവഴി കയറിയാണ് ദാവീദും കൂട്ടരും സീയോൻകോട്ട പിടിച്ചത്. ദാവീദിനൊരിക്കലും യെബൂസ്യനഗരത്തിൽ കടക്കുവാൻ കഴിയുകയില്ലെന്ന് അവർ കരുതി. അവർ ദാവീദിനോട്: “നീ ഇവിടെ കടക്കുകയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു അവരെ പരിഹസിച്ചു.” (2ശമൂ, 5:6). എന്നിട്ടും ദാവീദ് സീയോൻ കോട്ട പിടിച്ചു; അതിനു ദാവീദിന്റെ നഗരം എന്നു പേരിട്ടു. അതിന്റെ ചുററും ദാവീദ് കോട്ടകെട്ടി അരമന പണിതു. യെരൂശലേം നഗരം വളർന്നു വികസിച്ചപ്പോഴും ദാവീദിൻ്റെ നഗരം അതിന്റെ തനിമ നിലനിർത്തി. പ്രവാസാനന്തരവും നഗരത്തിലെ ചില പ്രത്യേക സ്ഥാനങ്ങൾ എടുത്തുപറയപ്പെട്ടിട്ടുണ്ട്: ഉറവുവാതിൽ (നെഹെ, 2:14; 3:15; 12:37), ദാവീദിന്റെ നഗരത്തിൽ നിന്നിറങ്ങുന്ന കല്പടികൾ (നെഹെ, 3:15; 12:37), ദാവീദിൻ്റെ കല്ലറകൾ (നെഹെ, 3:16), വീരന്മാരുടെ നിവാസം (നെഹെ, 3:16) എന്നിവ. യെബൂസ്യനഗരത്തെ മോടിപിടിപ്പിക്കുവാൻ ദാവീദ് വളരെയൊന്നും ചെയ്തില്ല. ശലോമോൻ രാജാവാണ് ഉജ്ജ്വല സൗധങ്ങൾ നിർമ്മിച്ച് ഈ പട്ടണത്തെ മനോഹരമായ തലസ്ഥാന നഗരിയാക്കിയത്.