All posts by roy7

ഫിലേമോൻ

ഫിലേമോൻ (Philemon)

പേരിനർത്ഥം – വത്സലൻ

കൊലൊസ്സ്യസഭയിലെ ഒരു വിശ്വാസി. അപ്പൊസ്തലനായ പൗലൊസ് മുഖേനയായിരിക്കണം ഫിലേമോൻ ക്രിസ്ത്യാനി ആയത്. നീ നിന്നെതന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു (ഫിലേ, 19) എന്ന പ്രസ്താവനയിൽ നിന്നുളള നിഗമനമാണിത്. സമ്പന്നനും ഉദാരനുമായ ഫിലേമോന്റെ അടിമകളിൽ ഒരാളായ ഒനേസിമൊസ് ഒളിച്ചോടി. പൗലൊസുമായി ബന്ധപ്പെട്ട ആ അടിമ ക്രിസ്ത്യാനിയായി. അങ്ങനെ പ്രിയ സഹോദരനായിത്തീർന്ന ഒനേസിമൊസിനെ ചേർത്തുകൊള്ളുവാനുള്ള അപേക്ഷയാണ് ഫിലേമോനു എഴുതിയ ലേഖനം. ഫിലേമോനെ കുട്ടുവേലക്കാരൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഫിലേമോന്റെ സ്നേഹവും വിശ്വാസവും ഔദാര്യവും ദീനാനുകമ്പയും പൗലൊസിന്റെ പ്രശംസയ്ക്ക് പാത്രമാവുന്നു. കൊലൊസ്സ്യയിലെ ബിഷപ്പായിത്തീർന്ന ഫിലേമോൻ രക്തസാക്ഷിയായി മരിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.

ഫിലേത്തൊസ്

ഫിലേത്തൊസ് (Philetus)

പേരിനർത്ഥം – സ്നേഹ യോഗ്യൻ

എഫെസൊസ് സഭയിൽ ദുരുപദേശം പ്രചരിപ്പിച്ചവരായിരുന്നു ഹുമനയോസും ഫിലേത്തൊസും. (2തിമൊ, 2:17,18). പൗലൊസ് തിമൊഥയൊസിനു എഴുതുമ്പോൾ സത്യവിശ്വാസത്തിനു വേണ്ടി പോരാടണമെന്നും അർബ്ബുദ വ്യാധിപോലെ വിനാശകരമായ വിരുദ്ധോപദേശങ്ങളെ സൂക്ഷിച്ചുകൊള്ളണം എന്നും ഉപദേശിക്കുമ്പോഴാണ് ഇവരുടെ പേർ പരാമർശിക്കുന്നത്. പുനരുത്ഥാനം കഴിഞ്ഞു എന്നുപറഞ്ഞു അവർ വിശ്വാസം തെറ്റിക്കുകയായിരുന്നു. മരണം പുനരുത്ഥാനം എന്നിവ കേവലം പ്രതീകങ്ങളാണെന്നും ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ പുനരുത്ഥാനം നടന്നു കഴിഞ്ഞു എന്നും ആയിരുന്നു അവരുടെ ഉപദേശമെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ പുനരുത്ഥാനം ഗ്രീക്കു ചിന്താഗതിയുമായി പൊരുത്തപ്പെടാത്തതാണ്. റോമിൽ നിന്നും കണ്ടെടുത്ത ചില ഫലകങ്ങളിൽ കൈസറുടെ ഭവനക്കാരുടെ കൂട്ടത്തിൽ വേറെ വേറെയായി ഈ രണ്ടു പേരുകളും കണ്ടെത്തിയിട്ടുണ്ട്.

പ്രൊഖൊരൊസ്

പ്രൊഖൊരൊസ് (Prochorus)

പേരിനവത്ഥം – നൃത്തസംഘനായകൻ

ആദിമസഭയിലെ ഏഴു ഡീഖന്മാരിൽ മൂന്നാമൻ. “ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,” (പ്രവൃ, 6:5). പൊഖൊരൊസിനെക്കുറിച്ചു ഈയൊരു പരാമർശമേ പുതിയനിയമത്തിലുള്ളൂ. വിശുദ്ധ പത്രോസ് പ്രൊഖൊരൊസിനെ നിക്കൊമെഡിയയിലെ ബിഷപ്പായി അവരോധിച്ചു എന്നൊരു പാരമ്പര്യമുണ്ട്.

ഫറവോൻ

ഫറവോൻ (Pharaoh)

മിസ്രയീം (ഈജിപ്റ്റ്) രാജാക്കന്മാരുടെ സ്ഥാനപ്പേണു ഫറവോൻ. ഒരു നാമമായും നാമത്തോടു ചേർത്തു ഔദ്യോഗിക നാമമായും (ഉദാ: ഫറവോൻ നെഖോ) ബൈബിളിൽ പ്രയോഗിച്ചിരിക്കുന്നു. വലിയ വീടു എന്നർത്ഥമുളള ഈജിപ്ഷ്യൻ പ്രയോഗത്തിന്റെ എബ്രായരൂപമാണ് ഫറവോൻ. ആദിയിൽ ഈ പേരു പ്രധാന ഭരണാധികാരികൾക്കു മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പതിനെട്ടാം രാജവംശത്തിന്റെ കാലംമുതൽ ഇത് ഈജിപ്റ്റിലെ രാജാവിന്റെ ഔദ്യോഗിക നാമമായി മാറി. ബി.സി. ഒമ്പതാം നൂറ്റാണ്ടോടുകൂടി രാജാവിന്റെ പൂർവ്വപദമായി ഇതു ചേർത്തു (ഉദാ: ഫറവോൻ ശീശക്).

പേരുകൾ: ഫറവോന്മാരുടെ പേരുകൾക്കു സവിശേഷാർത്ഥമുണ്ട്. ഈ പേരുകളിൽ പലതിനെയും ഒരു പൂർണ്ണവാചകമായി തർജ്ജമ ചെയ്യാവുന്നതാണ്. ഉദാ: റയംസേസ് (സൂര്യദേവനായ) ‘റാ’ ആണ് അവനെ ജനിപ്പിച്ചത്; അമെൻ ഹോട്ടപ്പ് = ആമോൻ (ദേവൻ) സംതൃപ്തനായി. ആദ്യത്തെ പേര് ജനനസമയത്തു നല്കുന്ന വ്യക്തിനാമമാണ്. ഇതു മിക്കവാറും കുടുംബ നാമമായിരിക്കും. പതിനെട്ടാം രാജവംശത്തിൽ അമെൻ ഹോട്ടപ്പ് എന്ന പേരുളള നാലുപേരും തുത്മൊസ് എന്ന പേരുള്ള നാലുപേരും ഉണ്ടായിരുന്നു. പത്തൊമ്പതാം രാജവംശത്തിൽ റയംസേസ് എന്നപേരിൽ രണ്ടു രാജാക്കന്മാരും ഇരുപതാം രാജവംശത്തിൽ അതേപേരിൽ ഒമ്പതുപേരും ഉണ്ടായിരുന്നു. ഈ പേരുകളെല്ലാം മതകീയ സൂചനയുഉളവയാണ്. അമെൻ ഹോട്ടപ്പ് ആമോനോടും തുത്മൊസ് തോത്തിനോടും റയംസേസ് ‘റാ’യോടും ബന്ധപ്പെട്ടിരിക്കുന്നു. ഒരു വിമതനായ ഫറവോൻ മതം മാറിയപ്പോൾ അമെൻ ഹോട്ടപ്പ് എന്ന പേരിനെ അഖ്നാറ്റൻ എന്നു മാറ്റി. കിരീടധാരണ സമയത്തു മതഭക്തിസൂചകമായ നാലു അനുബന്ധ നാമങ്ങൾ കൂടി ഒരു രാജാവിനു ലഭിക്കും.

വിശാലമായി വിഭജിക്കപ്പെട്ടിരുന്ന ഭൂഭാഗങ്ങളെ ഒരുമിച്ചു ചേർത്തു ഒരു സർക്കാരിന്റെ കീഴിൽ ഏകീകരിച്ച ആദ്യത്തെ നാഗരികത ഈജിപ്റ്റിന്റേതാണ്. സാംസ്കാരികമായി ദക്ഷിണ ഈജിപ്റ്റും മദ്ധ്യ ഈജിപ്റ്റും ഉത്തര ഈജിപ്റ്റും പരസ്പര ഭിന്നങ്ങളായിരുന്നു. ദക്ഷിണ ഈജിപ്റ്റിലെ മതവും രാഷ്ട്രീയ ഘടനയും ആഫ്രിക്കൻ രൂപങ്ങളോടു ബന്ധപ്പെട്ടതും ഉത്തര ഈജിപ്റ്റിലേതു ഏഷ്യൻ മെഡിറ്ററേനിയൻ രൂപങ്ങളോടു ബന്ധപ്പെട്ടതുമാണ്. അത്യന്തം ഭിന്നങ്ങളായ ഭൂഭാഗങ്ങളെ ഒന്നിച്ചു നിർത്തുന്നതിനു തങ്ങളുടെ രാജാവു ദേവനാണെന്നു മിസ്രയീമ്യർക്കു ഊന്നിപ്പറയേണ്ടിവന്നു. രാജാധികാരം ദൈവദത്തമാണെന്നും രാജാവിന്റെ വാക്കു തന്നെ കല്പനയാണെന്നും അവർ വിശ്വസിച്ചു. തന്മൂലം നിയമം ക്രോഡീകരിക്കേണ്ട ആവശ്യമില്ല. അഞ്ചാം രാജവംശത്തിന്റെ കാലത്തു മരണത്തിൽ രാജാവ് ഒസിരിസ് ദേവനായി മാറുന്നുവെന്നു പ്രഖ്യാപിച്ചു . മരിക്കുന്നുവെങ്കിലും രാജാവ് മൃതന്മാരുടെ ലോകത്ത് എന്നും ജീവിക്കുകയാണ്. അഞ്ചാം രാജവംശംത്തിന്റെ കാലത്ത് ഓനിലെ ” ‘റാ’ (സൂര്യദേവൻ) രാജാവിന്റെ പിതാവായി പരിഗണിക്കപ്പെട്ടു. പതിനെട്ടാം രാജവംശക്കാലത്ത് ‘ആമോൻ റാ’ രാജകീയ ദേവനായി. ഇക്കാലത്തോടു കൂടി രാഷ്ട്രത്തിന്റെ പ്രധാന വ്യവഹാരങ്ങൾക്കു ദേവന്മാരുടെ വെളിച്ചപ്പാടന്മാരോടു അരുളപ്പാടു ചോദിക്കുന്ന സമ്പ്രദായം നിലവിൽ വന്നു. കർണക് ക്ഷേത്രത്തിലെ ‘ആമോൻ റാ’യുടെ മഹാപുരോഹിതൻ രാഷ്ട്രത്തിലെ മഹാവ്യക്തിയായി മാറി. ഫറവോനു അടുത്തസ്ഥാനം മഹാപുരോഹിതനായിരുന്നു. പ്രധാനമന്ത്രിയും സർവ്വസൈന്യാധിപനും മഹാപുരോഹിതൻ തന്നേ.

അനേകം ഫറവോന്മാരെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവരിൽ പലരെയും തിരിച്ചറിയുവാൻ നിവൃത്തിയില്ല. 1. അബ്രാഹാമിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 12:15-20). എബ്രായ പാഠത്തിലെ കാലഗണിതം പിന്തുടരുകയാണെങ്കിൽ അബ്രാഹാമിന്റെ ജനനം ബി.സി. 2161-ലാണ്. ബി.സി. 2086-ൽ അബ്രാഹാം കനാനിൽ പ്രവേശിച്ചു. ഗോത്രപിതാക്കന്മാരുടെ കാലം ഈജിപ്റ്റിലെ പന്ത്രണ്ടാം രാജവംശത്തിന്റെ (ബി.സി. 2000-1780) കാലത്തിനു സമാന്തരമാണ്. ഈ രാജവംശത്തിലെ ഫറവോന്മാരുടെ കാലത്താണ് അബ്രാഹാം ഫറവോനെ സന്ദർശിച്ചത്. 2. യോസേഫിന്റെ കാലത്തെ ഫറവോൻ. (ഉല്പ, 37:36; 39:1; 40 അ). യോസേഫ് പ്രധാനമന്ത്രി ആയത് പന്ത്രണ്ടാം രാജവംശത്തിന്റെ കാലത്താണ്. എന്നാൽ അധികം പണ്ഡിതന്മാരും യോസേഫിന്റെ കാലത്തങ ഈജിപ്റ്റ് ഭരിച്ചിരുന്നതു ഹിക്സൊസ് രാജാക്കന്മാരാണെന്നു കരുതുന്നു. അവാറിസ്-താനിസിൽ വസിച്ചിരുന്ന ഹിക്സൊസ് രാജാക്കന്മാരുടെ കാലം ഏകദേശം 1720- 1550 ആണ്. എന്നാൽ ഈ കാലഗണിതം എബ്രായ പാഠത്തിനു അനുകൂലമല്ല. 3. യിസ്രായേലിനെ പീഡിപ്പിച്ച ഫറവോൻ. പുറപ്പാടിന്റെ കാലം ബി.സി. 1445 എന്നു അംഗീകരിക്കുകയാണെങ്കിൽ തുത്മൊസ് മൂന്നാമൻ (1482-1450 ബി.സി.) ആണ് യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ. മിദ്യാനിൽ അഭയം പ്രാപിച്ച മോശെ ഈജിപ്റ്റിൽ മടങ്ങിച്ചെന്നതു ഈ ഫറവോന്റെ മരണത്തിനു ശേഷമാണ്. (പുറ, 3:23). എന്നാൽ പുറപ്പാടു പില്ക്കാലത്തെന്നു വാദിക്കുന്നവർ യിസ്രായേല്യരെ പീഡിപ്പിച്ച ഫറവോൻ സേത്തി ഒന്നാമൻ (1319- 1301 ബി.സി) ആണെന്നു കരുതുന്നു. യോസേഫിനെ അറിയാത്ത പുതിയോരു രാജാവായി (പുറ, 1:8) സേത്തി പ്രഥമനാണ് ഹിക്സൊസുകളെ ഓടിച്ചു പുതിയ രാജവംശം സ്ഥാപിച്ചത്. 4. പുറപ്പാടിന്റെ കാലത്തെ ഫറവോൻ. തുത്മൊസ് തൃതീയന്റെ പുത്രനായ അമെൻ ഹോട്ടപ്പ് ദ്വിതീയൻ (1450-1425 ബി.സി.) ആയിരിക്കണം. ഈ ഫറവോന്റെ കാലത്തെ രേഖകളിൽ മിസ്രയീമിനെ പീഡിപ്പിച്ച ബാധകൾ, ചെങ്കടലിലുണ്ടായ മിസ്രയീമ്യ സൈന്യനാശം, എബ്രായരുടെ വിടുതൽ എന്നിവയെക്കുറിച്ചു ഒരു പരാമർശവുമില്ല. പൊതുവെ തങ്ങളുടെ ദുരന്തത്തെക്കുറിച്ചു മിസ്രയീമ്യർ രേഖപ്പെടുത്താറില്ല. പുറപ്പാടിന്റെ കാലത്തു അമെൻ ഹോട്ടപ്പ് ദ്വിതീയൻ ആയിരുന്നു ഫറവോനെങ്കിൽ പത്താമത്തെ ബാധയിൽ അയാളുടെ മകൻ കൊല്ലപ്പെട്ടു. (പുറ, 12:29). രേഖകളനുസരിച്ചു തുത്മൊസ് നാലാമൻ (1425-1412 ബി.സി.) അമെൻ ഹോട്ടപ്പ് ദ്വിതീയന്റെ മൂത്ത പുത്രനായിരുന്നില്ല. അനേകം ചരിത്രകാരന്മാരുടെ ഊഹമനുസരിച്ചു റയംസേസ് രണ്ടാമൻ (1301-1234 ബി.സി.) ആയിരുന്നു പുറപ്പാടിന്റെ കാലത്തെ ഫറവോൻ. 5. യെഹൂദ്യനായി മേരെദിന്റെ ഭാര്യാപിതാവ്. (1ദിന, 4:18). ഈ ഫറവോൻ ആരെന്നു നിർണ്ണയിക്കപ്പെട്ടിട്ടില്ല. 6. ദാവീദിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ഹദദ് രാജകുമാരനു അഭയം നല്കിയ ഫറവോൻ. (1രാജാ, 11:15-20). ഇയാൾ തന്റെ ഭാര്യാസഹോദരിയെ ഹദദിനു ഭാര്യയായി നല്കി. ഇരുപത്തൊന്നാം രാജവംശത്തിലെ ഒടുവിലത്തെ രാജാക്കന്മാരിൽ ഒരാളായിരിക്കണം ഈ ഫറവോൻ. 7. ശലോമോൻ രാജാവിന്റെ ഭാര്യാപിതാവ്. ഇയാൾ ഗേസെർ പിടിച്ച് ശലോമോനു സ്ത്രീധനമായി നല്കി. (1രാജാ, 3:1; 7:8; 9:16, 24; 11:1). 8. ഫറവോൻ ശീശക്. 22-ാം രാജവംശത്തിൽപ്പെട്ട ശിശക്കിനെ മിസ്രയീമ്യ രേഖകളിൽ ഷെഷോങ്ക് ഒന്നാമൻ എന്നു പറഞ്ഞിരിക്കുന്നു. ശലോമോന്റെ പിൻഗാമിയായ രെഹബെയാമിന്റെ വാഴ്ചക്കാലത്തു ഇയാൾ പലസ്തീൻ ആക്രമിച്ചു. (1രാജാ, 14:25). ശലോമോന്റെ വാഴ്ചയുടെ ഒടുവിൽ യൊരോബെയാം ശീശക്കിന്റെ കൊട്ടാരത്തിൽ അഭയം പ്രാപിച്ചു. (1രാജാ, 11:40). ഈ യൊരോബെയാമാണ് വിഭക്ത യിസ്രായേലിലെ ആദ്യത്തെ രാജാവ്. 9. എത്യോപ്യനായ സേരഹ്. ശീശക്കിന്റെ പിൻഗാമിയായ ഓസൊർ-കോൺ ഒന്നാമൻ ആയിരിക്കണം.ആസയുടെ വാഴ്ചക്കാലത്തു ദക്ഷിണ പലസ്തീനിൽ വച്ചു നടന്ന യുദ്ധത്തിൽ അയാൾ തോറ്റു. (2ദിന, 14:9-15; 16:8). 10. ഫറവോൻ സോ. യിസ്രായേൽ രാജാവായ ഹോശേയയുടെ സമകാലികൻ. സോയുടെ പിന്തുണയോടു കൂടി അശ്ശൂർ രാജാവായ ശല്മനേസരോടു മത്സരിച്ചതു കൊണ്ടു ബന്ധനസ്ഥനായി. (2രാജാ, 17:4). 11. തിർഹാക്ക. ഇരുപത്തഞ്ചാം രാജവംശത്തിൽപ്പെട്ട തിർഹാക്ക സൻഹേരീബിനെതിരെ പടയെടുത്തു. മിസ്രയീമ്യ ചരിത്രത്തിൽ തിർഹർക്ക എന്ന പേരിലാണു ഇയാൾ അറിയപ്പെടുന്നത്. (2രാജാ, 19:9; യെശ, 39:9). 12. ഫറവോൻ-നെഖോ. ഇരുപത്താറാം രാജവംശത്തിലെ രാജാവ്. യെഹൂദാ രാജാവായ യോശീയാവിനെ മെഗിദ്ദോയിൽ വച്ചു കൊന്നു. (2രാജാ, 23:29,30; 2ദിന, 35:20-26). കല്ദയ രാജാവായ നെബുഖദ്നേസർ നെഖോയെ തോല്പിച്ചു. 13. ഫറവോൻ-ഹോഫ്ര. യിരെമ്യാവിന്റെ കാലത്തു ജീവിച്ചിരുന്ന ഇദ്ദേഹം ഇരുപത്താറാം രാജവംശത്തിലെ നാലാം രാജാവാണ്. ഭരണകാലം ബി.സി. 588-569. ശത്രുക്കൾ ഇയാളെ പരാജയപ്പെടുത്തുമെന്നു യിരെമ്യാവു പ്രവചിച്ചിരുന്നു. (യിരെ, 37:5, 7).

പേലെഗ്

പേലെഗ് (Peleg)

പേരിനർത്ഥം – വിഭജനം

ശേമിന്റെ പൗത്രനും ഏബെരിന്റെ പുത്രനും. (ഉല്പ, 11:16, 19; 1ദിന, 1:19,25). പേലെഗിന്റെ സഹോദരനാണ് യൊക്താൻ. പേലെഗിന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞു പോയത്. (ഉല്പ, 10:25). അവന്റെ കാലത്താണ് ഭൂമി വിഭജിക്കപ്പെട്ടത് എന്നാണ് എബ്രായയിൽ.

പോത്തീഫർ

പോത്തീഫർ (Potiphar)

പേരിനർത്ഥം – സൂര്യദേവൻ്റേത്

മിസ്രയീമിൽ ഫറവോന്റെ അകമ്പടി നായകൻ. മിദ്യാന്യ കച്ചവടക്കാർ യോസേഫിനെ പോത്തീഫറിനു അടിമയായി വിറ്റു. യഹോവ യോസേഫിനോടുകൂടെ ഉണ്ടെന്നറിഞ്ഞ പോത്തീഫർ അവനെ തന്റെ ഗൃഹവിചാരകനാക്കി തനിക്കുള്ളതൊക്കെയും അവനെ ഏല്പിച്ചു. പോത്തീഫറിന്റെ ഭാര്യയുടെ ഇംഗീതത്തിനു വഴങ്ങാതിരുന്നതു കൊണ്ടു അവൾ യോസേഫിൽ കുറ്റം ആരോപിച്ചു. പോത്തീഫർ അവനെ തടവിലാക്കി. (ഉല്പ, 37:36; 39:1-20).

പുബ്ലിയൊസ്

പുബ്ലിയൊസ് (Publius)

പേരിനർത്ഥം – ജനസമ്മതിയുള്ള

മെലിത്ത ദ്വീപിലെ ഒരു പ്രധാന പൗരൻ. അവിടത്തെ ദേശാധിപതി ആയിരുന്നിരിക്കണം. റോമിലേക്കുള്ള യാത്രയിൽ കപ്പലപകടം നിമിത്തം പൗലൊസും കൂട്ടരും മെലിത്ത ദ്വീപിൽ ഇറങ്ങി. പുബ്ലിയൊസ് അവരെ സ്വീകരിച്ചു മൂന്നു ദിവസം അതിഥിസത്ക്കാരം ചെയ്തു. (പ്രവൃ, 28:7, 10). അയാളുടെ അപ്പന്റെ പനിയും അതിസാരവും പൗലൊസ് പ്രാർത്ഥിച്ച് സൗഖ്യമാക്കി. തന്റെ അടുക്കൽ വന്ന മറ്റു രോഗികൾക്കും പൗലൊസ് സൗഖ്യം നല്കി. മെലിത്തയിലെ ആദ്യത്തെ ബിഷപ്പായി തീർന്ന പുബ്ലിയൊസ് രക്തസാക്ഷി മരണം വരിച്ചു എന്നു പാരമ്പര്യം പറയുന്നു.

പീലാത്തൊസ്

പീലാത്തോസ് (Pilate)

പേരിനർത്ഥം – ശൂലപാണി

എ.ഡി. 26 മുതൽ 36 വരെ യെഹൂദ്യ ഭരിച്ചിരുന്ന ദേശാധിപതി. തിബെര്യാസ് കൈസറാണ് പീലാത്തോസിനെ ദേശാധിപതിയായി നിയമിച്ചത്. പീലാത്തോസിന്റെ പൂർവ്വചരിത്രം അജ്ഞാതമാണ്. ജർമ്മൻ ഐതീഹ്യമനുസരിച്ച് മയൻസിയിലെ രാജാവായ ടൈറസിന്റെ അവിഹിത പുത്രനാണ്. രാജാവ് അയാളെ ജാമ്യത്തടവുകാരനായി റോമിലേക്കയച്ചു. അവിടെ ഒരു വധം നടത്തിയ പീലാത്തോസിനെ പൊന്തൊസിലേക്കു അയച്ചു. സംസ്കാര ശൂന്യമായ ഒരു വർഗ്ഗത്തെ അടിച്ചമർത്തിയതുകൊണ്ട് പീലാത്തോസിനു പൊന്തിയൊസ് എന്ന പേരു ലഭിച്ചു. അനന്തരം യെഹൂദ്യയിലെ ദേശാധിപതിയായി പീലാത്തോസ് നിയുക്തനായി.

യെഹൂദ്യയുടെ ദേശാധിപതി എന്ന നിലയിൽ മാത്രമേ പീലാത്തോസ് അറിയപ്പെടുന്നുള്ളൂ. റോമൻ രേഖകളിൽ ഒരിടത്തു മാത്രമാണ് പീലാത്തോസിന്റെ പേർ കാണപ്പെടുന്നത്. തിബെര്യാസ് കൈസറിന്റെ കാലത്തു പൊന്തിയോസ് പീലാത്തോസിന്റെ കയ്യിൽ യേശുവിന്റെ വധം നടന്നു എന്നു താസിറ്റസ് (Tacitus-Ann. XV 44) രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദ ചരിത്രകാരന്മാരായ ജൊസീഫസും ഫിലോയും പീലാത്തോസിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ മതവികാരം വ്രണപ്പെടുത്തുന്നതിൽ പീലാത്തോസ് അത്യുത്സകനായിരുന്നു. ദേശാധിപതിയായി യെഹൂദ്യയിൽ എത്തിയ പീലാത്താസ് യെഹൂദന്മാരെ ഉടൻതന്നെ പ്രകോപിപ്പിച്ചു. സൈന്യത്തിന്റെ ആസ്ഥാനം കൈസര്യയിൽ നിന്നും യെരൂശലേമിലേക്കു മാറ്റി. ചക്രവർത്തിയുടെ പ്രതിരൂപം പതിച്ചിട്ടുളള കൊടികളും ഏന്തി, സൈന്യം യെരുശലേമിൽ പ്രവേശിച്ചു. ഇതിൽ പ്രതിഷേധിച്ച യെഹൂദന്മാർ കൈസര്യയിൽ പീലാത്തോസിന്റെ പാർപ്പിടം വളഞ്ഞു. ഒടുവിൽ ജനത്തിന്റെ നിർബ്ബന്ധത്തിനു വഴങ്ങി കൊടികൾ മുഴുവൻ കൈസര്യയിലേക്കു മടക്കിക്കൊണ്ടുപോയി. മറ്റൊരിക്കൽ യെരൂശലേമിലെ തന്റെ കൊട്ടാരത്തിൽ അലങ്കാരത്തിനായി ദേവതകളുടെ പേരുകൊത്തിയ ഏതാനും സ്വർണ്ണപരിഷകൾ തൂക്കിയിട്ടു. യെഹൂദന്മാർ ഇതിൽ പ്രതിഷേധിച്ചു, തിബെര്യാസ് കൈസറിനോടു പരാതിപ്പെട്ടു. ഒടുവിൽ കൈസറിന്റെ കല്പനയനുസരിച്ച് സ്വർണ്ണപരിചകൾ മാറ്റി. ഈ സംഭവം ഫിലോ രേഖപ്പെടുത്തിയിട്ടുണ്ട്. യെരൂശലേമിൽ വെള്ളം കൊണ്ടു വരേണ്ടതിനു ദൈവാലയ ഭണ്ഡാരത്തിലെ പണം ഉപയോഗിച്ചു എന്നറിഞ്ഞ് യെഹൂദന്മാർ എതിർത്തു. എതിർപ്പിനെ സൈന്യത്തെ ഉപയോഗിച്ചു അടിച്ചമർത്തി. ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ കൊന്നു അവരുടെ രക്തം യാഗങ്ങളോടു കലർത്തി. (ലൂക്കൊ, 13:1,2).

മോശെയുടെ കാലം മുതൽ വിശുദ്ധ ഉപകരണങ്ങൾ ഗെരിസീം മലയിൽ മറച്ചു വച്ചിരിക്കുന്നു എന്ന ധാരണയുണ്ടായിരുന്നു. ഈ സ്ഥാനം കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത ഒരു വഞ്ചകൻ ശമര്യരെ ഗെരിസീം മലയിൽ കൂട്ടിവരുത്തി. ആയുധധാരികളായി മലയിൽ കൂടിയ ശമര്യരെ സൈന്യത്തെ അയച്ചു പിരിച്ചുവിട്ടു. അനേകം ശമര്യർ വധിക്കപ്പെട്ടു. സുറിയയിൽ ചക്രവർത്തിയുടെ പ്രതിനിധിയായിരുന്ന വിതെല്യൂസിന്റെ അടുക്കൽ ശമര്യരുടെ ഒരു നിവേദകസംഘം ചെന്നു പരാതിപ്പെട്ടു. കുറ്റാരോപണങ്ങൾക്കു മറുപടി പറയുവാൻ അദ്ദേഹം പീലാത്തോസിനെ റോമിലേക്കു അയച്ചു. പീലാത്തൊസ് റോമിലേക്കു പോകുമ്പോൾ തിബെര്യാസ് കൈസർ മരിച്ചു. ഒടുവിൽ പീലാത്തോസിന് എന്തു സംഭവിച്ചു എന്നറിയില്ല.

വലിയ പെരുന്നാളുകൾ നടക്കുമ്പോൾ ക്രമസമാധാനപാലനത്തിനു നാടുവാഴികൾ യെരൂശലേമിൽ പാർക്കുക പതിവായിരുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട പെസഹയിൽ ഹെരോദാവിന്റെ കൊട്ടാരത്തിൽ വസിക്കുകയായിരുന്നു പീലാത്തോസ്. ദൈവദൂഷണം ആരോപിച്ച് യേശുവിനെ പുരോഹിതന്മാരും പ്രമാണികളും കൊട്ടാരത്തിന്റെ കവാടത്തിന്നരികെ കൊണ്ടുവന്നു. അശുദ്ധമാകാതെ പെസഹ കഴിക്കുവാൻ വേണ്ടി അവർ ആസ്ഥാനത്തിൽ കടന്നില്ല. (യോഹ, 18:28). പീലാത്തോസ് പുറത്തുവന്നു യേശുവിന്റെ കുറ്റകാര്യം അന്വേഷിച്ചു. യേശു യെഹൂദന്മാരെ മറിച്ചുകളകയും രാജാവാകുന്നു എന്നു സ്വയം പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതിനെ വിരോധിക്കുകയും ചെയ്തു എന്നു യേശുവിൽ കുറ്റം ആരോപിച്ചു. (ലൂക്കൊ, 23:3; യോഹ, 18:33). യേശുക്രിസ്തു നിരപരാധി എന്ന ബോദ്ധ്യവും യെഹൂദന്മാരുടെ അപ്രീതിയും പീലാത്തോസിന്റെ ഹൃദയത്തെ മഥിച്ചു. യെഹൂദന്മാരോടുള്ള വിദ്വേഷം യേശുവിനോടു കരുണ കാണിക്കുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചു. രഹസ്യമായി വിസ്തരിച്ച ശേഷം യേശുവിൽ ഒരു കുറ്റവും കാണുന്നില്ലെന്ന് പീലാത്തോസ് പ്രഖ്യാപിച്ചു. ഗലീല മുതൽ യെരൂശലേം വരെ പഠിപ്പിച്ച് ജനത്തെ കലഹിപ്പിക്കുന്നു എന്നു അവർ മറുപടി പറഞ്ഞു. ഗലീലയുടെ പരാമർശം കേട്ടപ്പോൾ ഈ ധർമ്മസങ്കടത്തിൽ നിന്നും രക്ഷപ്പെടാൻ പീലാത്തോസ് യേശുവിനെ ഹെരോദാ അന്തിപ്പാസിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവ് ഇതിൽ ഇടപെടാൻ ഇഷ്ടപ്പെട്ടില്ല. മഹാപുരോഹിതന്മാരെയും ജനത്തെയും കൂട്ടിവരുത്തി മരണയോഗ്യമായ കുറ്റമൊന്നും യേശുവിൽ ഇല്ല എന്നു പീലാത്തോസ് പ്രസ്താവിച്ചു. ന്യായാധിപസംഘത്തെ സമാധാനപ്പെടുത്തുവാൻ വേണ്ടി യേശുവിനെ അടിപ്പിച്ചു വിട്ടയയ്ക്കാം എന്നു പറഞ്ഞു.

പെസഹയുടെ ബഹുമാനാർത്ഥം ഒരു തടവുപുള്ളിയെ ദേശാധിപതി മോചിപ്പിക്കുന്ന പതിവുണ്ടായിരുന്നു. യേശുവിനെ വിടുവാനാഗ്രഹിച്ചു കൊണ്ടു ബറബ്ബാസിനെ വേണമോ യേശുവിനെ വേണമോ എന്നു പീലാത്തോസ് ചോദിച്ചു. അവർ ബറബ്ബാസിനെ ആവശ്യപ്പെട്ടു. താൻ സ്വപ്നത്തിൽ വളരെ കഷ്ടപ്പെട്ടുവെന്നും തന്മൂലം ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതെന്നും പീലാത്തോസിന്റെ ഭാര്യ സന്ദേശം കൊടുത്തയച്ചു. എന്നാൽ ലഹള ഭയന്ന് പീലാത്തോസ് യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചു. വിധിപ്രഖ്യാപനത്തിനു മുമ്പ് ഈ രക്തത്തിൽ തനിക്കു പങ്കില്ല എന്നുപറഞ്ഞ് പീലാത്തൊസ് കൈ കഴുകി. രാജ്യദ്രോഹം വധശിക്ഷയ്ക്ക് മതിയായ കുറ്റം അല്ലായ്കകൊണ്ടു ദൈവദൂഷണം യേശുവിൽ ആരോപിച്ചു. ന്യായപ്രമാണം അനുസരിച്ച് ദൈവദുഷകനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (യോഹ, 19:7). അവനെ ക്രൂശിക്ക എന്നു യെഹൂദന്മാർ നിലവിളിക്കുക നിമിത്തം യേശുവിനെ ക്രൂശിക്കേണ്ടതിനു പീലാത്തോസ് അവർക്കു ഏല്പിച്ചു കൊടുത്തു.

പീലാത്തോസിന്റെ അനന്തരചരിത്രം വ്യക്തമല്ല. അയാൾ ആത്മഹത്യ ചെയ്തു എന്നു യൂസീബിയസ് രേഖപ്പെടുത്തുന്നു. യേശുവിന്റെ വിചാരണയും ശിക്ഷയും സംബന്ധിച്ചുളള ഔദ്യോഗികറിപ്പോർട്ടു പീലാത്തോസ് തിബെര്യാസ് കൈസറിനയച്ചു കൊടുത്തു എന്നു ജസ്റ്റിൻ മാർട്ടിയർ, തെർത്തുല്യൻ തുടങ്ങിയവർ പറയുന്നു. ബലാൽസംഗം, കൊല, ക്രൂരത എന്നീ ദോഷങ്ങൾ ഫിലോ പീലാത്തൊസിൽ ആരോപിക്കുന്നു. സ്വന്തം നില ഉറപ്പിക്കുക എന്ന താൽപര്യം ആണ് പീലാത്തോസിനു ഉണ്ടായിരുന്നത്. യേശുവിനെ രക്ഷിക്കുവാനുളള പീലാത്തോസിന്റെ ആഗ്രഹം ആത്മാർത്ഥമായിരുന്നു. എന്നാൽ ചക്രവർത്തിയുടെ അപ്രീതി നിമിത്തം പദവിയും അധികാരവും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു യെഹൂദന്മാരുടെ ഇംഗിതത്തിനു വിധേയപ്പെടുവാൻ പീലാത്തോസിനെ പ്രേരിപ്പിച്ചത്. തന്റെ നീതിബോധത്തിന് വിരുദ്ധമായാണ് പീലാത്തൊസ് പ്രവർത്തിച്ചത്. സുവിശേഷങ്ങളിൽ യേശുവിന്റെ വധത്തിന് യെഹൂദപ്രമാണിമാരെ കുറ്റപ്പെടുത്തുന്നിടത്തോളം പീലാത്തോസിനെ കുറ്റപ്പെടുത്തുന്നില്ല.

പാരെസ്

പാരെസ് (Phares)

പേരിനർത്ഥം – പിളർപ്പ്

യെഹൂദയ്ക്കു മരുമകളായ താമാറിൽ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരുവൻ. (ഉല്പ, 38:29; 1ദിന, 2:4). പേരെസ്സ് (ഉല്പ, 38:29; 1ദിന, 2:4,5; 9:4), ഫേരെസ് (സംഖ്യാ, 26:20,21; രൂത്ത്, 4:12,18), പാരെസ് (മത്താ, 1:3; ലൂക്കൊ, 3:33) എന്നിങ്ങനെ കാണാം.
പേരെസും സഹോദരന്മാരും യെഹൂദാ മക്കളോടൊപ്പമാണ് എണ്ണപ്പെട്ടിരുന്നത്. (ഉല്പ, 46:12) ഏറിന്റെയും ഓനാന്റെയും മരണശേഷം പേരെസിനെ രണ്ടാമത്തെ പുത്രനായി പറഞ്ഞിരിക്കുന്നു. (സംഖ്യാ, 26:20). അവന്റെ കുടുംബം എണ്ണത്തിൽ അധികമായിരുന്നു. “ഈ യുവതിയിൽ നിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദയ്ക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹംപോലെ ആയി ത്തീരട്ടെ” (രൂത്ത്, 4:12) എന്നിങ്ങനെ പഴഞ്ചൊല്ലായി മാറി. പേരെസിന്റെ സന്തതികൾ ദാവീദിന്റെ കാലത്തും (1ദിന, 11:11; 27:2,3) പ്രവാസശേഷവും (1ദിന, 9:4; നെഹെ, 11:4-6) അറിയപ്പെട്ടിരുന്നു.

പഴഞ്ചൊല്ല്

പഴഞ്ചൊല്ല് (proverb)

പറഞ്ഞുപറഞ്ഞു പഴകിയ ചൊല്ലാണ് പഴഞ്ചൊല്ല്. അർത്ഥം മുറുകിച്ചുരുങ്ങി, ഹൃദയസ്പർശിയായ പഴഞ്ചൊല്ലുകൾ സംഭാഷണങ്ങളിൽ നിർല്ലോപം പ്രയോഗിക്കപ്പെടുന്നു. ഒരു ജനതയുടെ പൗരാണിക ജ്ഞാനം പഴഞ്ചൊല്ലിൽ സാന്ദ്രമായിരിക്കും. സദൃശമായിരിക്കുക, താരതമ്യപ്പെടുത്തുക എന്നീ അർത്ഥങ്ങളാണ് മാഷാൽ എന്ന എബ്രായ പദത്തിനുള്ളത്. ഗ്രീക്കുപദമായ ‘പാരബൊലി’യെ ഉപമ എന്നാണു പരിഭാഷ ചെയ്തിട്ടുള്ളത്. (മത്താ, 15:15; ലൂക്കൊ, 4:23). മറ്റൊരു പദമായ ‘പാറൊയ്മിയാ’യെ 2പത്രൊസ് 2:22-ൽ പഴഞ്ചൊല്ലെന്നും അന്യത സാദൃശ്യം എന്നും തർജ്ജമ ചെയ്തിട്ടുണ്ട്. (യോഹ, 10:6; 16:25, 29). പഴഞ്ചൊൽ, സുഭാഷിതം, സദൃശവാക്യം, ഉപമ എന്നിവയാണ് മലയാളത്തിലെ പ്രധാന പ്രയോഗങ്ങൾ. മറ്റുള്ളവരുടെ ഇടയിൽ പരിഹാസവിഷയമായിത്തീരുക എന്ന അർത്ഥം പഴഞ്ചൊല്ലിനുണ്ട്. ഇവിടെ പഴഞ്ചൊല്ലായിത്തീർന്ന വ്യക്തി മറ്റുള്ളവർക്കു സാധനാപാഠമായി മാറുന്നു. (ആവ, 28:37; 1രാജാ, 9:7; 2ദിന, 7:20; ഇയ്യോ, 17:6; 30:9; സങ്കീ, 44:14; 69:11; യിരെ, 24:9; യെഹ, 14:8). 

പഴഞ്ചൊൽ എന്നു പേരിൽ പറയപ്പെട്ടവ ഇവയാണ്: 

1. യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ. (ഉല്പ, 10:9)

2. ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ. (1ശമൂ, 10:12)

3. ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു. (1ശമൂ 24:13)

4. മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഓർക്കാതെപോകും. (യെഹെ, 12:22)

5. യഥാമാതാ തഥാ പുത്രി. (യെഹെ, 16:44)

6. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു. (യെഹെ, 18:2; യിരെ, 31:29) 

7. തന്റേതല്ലാത്തതു വർദ്ധിപ്പിക്കുകയും-എത്രത്തോളം?- പണയപണ്ടം ചുമന്നുകൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം. (ഹബ, 2:6) 

8. വൈദ്യാ നിന്നെത്തന്നെ സൗഖ്യമാക്കുക. (ലൂക്കൊ, 4:23)

9. വിതയ്ക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ. (യോഹ, 4:37)

10. സ്വന്തം ഛർദ്ദിക്കു തിരിഞ്ഞനായ്. (2പത്രൊ, 2:22). 

11. കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നി. (2പത്രൊ, 2:22). 

പഴഞ്ചൊല്ലെന്നു പറയപ്പെടാത്തവ:

1. അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലത്? (ന്യായാ, 8:2)

2. വാൾ അരെക്കുകെട്ടുന്നവൻ അഴിച്ചു കളയുന്നവനെപ്പോലെ വമ്പു പറയരുത്. (1രാജാ, 20:11) 

3. കുശ്യന്നു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? (യിരെ, 13:23)

4. വയ്ക്കോലും കോതമ്പും തമ്മിൽ ഒക്കുമോ? (യിരെ, 23:28)

5. കാറ്റു വിതെച്ചു ചുഴലിക്കാറ്റുകൊയ്യും. (ഹോശേ, 8;7) 

6. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക. (മത്താ, 19:24; മർക്കൊ, 10:25; ലൂക്കൊ, 18:25)

7. ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടാവശ്യമില്ല. (മത്താ, 9:12; മർക്കൊ, 2:17; ലൂക്കൊ, 5:31)

8. മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? (മത്താ, 7:16)

9. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ. (മർക്കൊ, 9:40)

10. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? (യാക്കോ, 3:11).