അധികാരം (authority)
പ്രവർത്തിക്കുന്നതിനുള്ള നിയമപരവും അനിരോദ്ധ്യവുമായ അവകാശവും ആരെയെങ്കിലും അഥവാ എന്തിനെയെങ്കിലും കൈവശം വയ്ക്കുവാനും നിയന്ത്രിക്കാനും കൈമാറ്റം ചെയ്യാനും ഉള്ള കഴിവും ആണ് അധികാരം. പ്രയോഗിക്കാനുള്ള ശക്തി (power) ഇല്ലെങ്കിൽ അധികാരം നിഷ്പ്രയോജനമാണ്. സൃഷ്ടിയുടെമേൽ പരമമായ അധികാരം സഷ്ടാവിനുണ്ട്. സർവ്വ അധികാരങ്ങളുടെയും പ്രാഭവസ്ഥാനം ദൈവമാണ്: (ദാനീ, 2:37; യോഹ, 19:11; റോമ, 13:1). ദൈവത്തിൽ നിന്നു ലഭിച്ച അധികാരമാണ് മനുഷ്യനുള്ളത്. ദൈവത്തിന്റെ അധികാര വ്യാപാരത്തെക്കുറിച്ചുള്ള സൂചന പുതിയനിയമത്തിൽ മൂന്നു ഭാഗങ്ങളിലുണ്ട്: (ലൂക്കൊ, 12:5; അപ്പൊ, 1:7; യൂദാ, 25). സർവ്വ അധികാരങ്ങളും ദൈവത്തിന്റേതാകയാൽ ജിവിത മണ്ഡലങ്ങളിൽ എല്ലാം അധികാരത്തിനും കീഴ്പെടുന്നതു ധാർമ്മികമായ കടമയും ദൈവിക ശുശ്രൂഷയും ആണ്.
ദൈവത്തിന്റെ അധികാരം
സ്വന്തം സൃഷ്ടിയായ പ്രപഞ്ചത്തിന്റെ മേൽ ദൈവത്തിന് സാർവ്വത്രികവും നിത്യവും മാറ്റമില്ലാത്തതുമായ ആധിപത്യവും അധികാരവും ഉണ്ട്: (പുറ, 15:18; സങ്കീ, 29:10, 93:1; 146:10; ദാനീ, 4:34). ദൈവത്തിന്റെ സാർവ്വത്രിക രാജത്വം യിസ്രായേലിന്റെ മേലുള്ള രാജത്വത്തിൽനിന്നും വ്യത്യസ്തമാണ്. യിസ്രായേൽ സ്വന്തജനവും രാജ്യവുമായിത്തീർന്നത് ഉടമ്പടി ബന്ധത്തിലൂടെയാണ്: (പുറ, 19:6). സൃഷ്ടിയായ മനുഷ്യനോട് എന്തും ചെയ്യുവാനുള്ള അധികാരം ദൈവത്തിനുണ്ട്; കുശവന് കളിമണ്ണിന്റെ മേൽ ഇഷ്ടാനുരൂപമായ പാത്രമാക്കാനും ഉടച്ചുകളയുവാനും അധികാരമുള്ളതുപോലെ: (റോമ, 9:21; യിരെ, 18:6). മനുഷ്യൻ ദൈവികാധികാരത്തിനു വിധേയപ്പെട്ടു ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കണം. അധികാരം അവ ഗണിക്കുന്നവരുടെ മേൽ ശിക്ഷാവിധി ഉണ്ടാകും. പ്രവാചകന്മാർ, പുരോഹിതന്മാർ, രാജാക്കന്മാർ എന്നിവരിലൂടെയാണു് ദൈവം തന്റെ അധികാരം പ്രായോഗികമാക്കുന്നത്: (യിരെ, 1:7; ആവ, 31:11; 17:18; മലാ 2:7). ദൈവത്തിനുവേണ്ടി അധികാരം നടത്തുന്ന ഇവരെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. തിരുവെഴുത്തുകൾ ദൈവദത്തവും ദൈവിക അധികാരം ഉൾക്കൊള്ളുന്നതുമാണ്.
യേശുക്രിസ്തുവിന്റെ അധികാരം
അധികാരത്തോടു കൂടെയാണ് യേശു ഉപദേശിച്ചത്. റബ്ബിമാർക്കാകട്ടെ പൂർവ്വികന്മാരുടെ അധികാരത്തെ ചൂണ്ടിക്കാണിച്ചു മാത്രമേ ഉപദേശിക്കാൻ കഴിഞ്ഞുള്ളൂ. ഈ വ്യത്യാസം ജനങ്ങൾ നല്ലവണ്ണം മനസ്സിലാക്കി; “അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്:” (മർക്കൊ, 1:22). ക്രിസ്തുവിന്റെ അധികാരം ആളത്തപരവും ഔദ്യോഗികവുമാണ്. കാരണം, യേശു ദൈവപുത്രനും മനുഷ്യപുത്രനും ആയി. ദൈവത്തിന്റെ പ്രവൃത്തിയായ ന്യായവിധിയുടെ അധികാരം പിതാവ് പുത്രനു നല്കി. യേശുവിന്റെ അധികാരം തന്റെ ശുശ്രഷയുടെ വിവിധതലങ്ങളിൽ വ്യക്തമായി നിഴലിച്ചു. ഉപദേശിക്കൽ (മത്താ, 7:29), അശുദ്ധാത്മാക്കളെയും ഭൂതങ്ങളെയും ഒഴിപ്പിക്കൽ (മർക്കൊ, 1:27), പ്രകൃതിശക്തികളെ നിയന്ത്രിക്കൽ (ലൂക്കൊ, 8:24), പാപം ക്ഷമിക്കൽ (മർക്കൊ, 2:7) എന്നിവയിലെല്ലാം യേശു തന്റെ അധികാരം വെളിപ്പെടുത്തി. പുനരുത്ഥാനശേഷം സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് യേശുക്രിസ്തു ശിഷ്യന്മാർക്കു മഹാനിയോഗം നല്കിയത്: (മത്താ, 28:18; യോഹ, 17:2; പ്രവൃ, 5:31; 18:9).
അപ്പൊസ്തലന്മാരുടെ അധികാരം
അപ്പൊസ്തലന്മാർക്കു അധികാരം നല്കിയത് മശീഹയാണ്. അവർ ക്രിസ്തുവിന്റെ സാക്ഷികളും സ്ഥാനാപതികളുമായിരുന്നു: (മത്താ, 10:40; യോഹ, 17:18; 20:21; പ്രവൃ, 1:8; 2കൊരി, 5:20). സഭ സ്ഥാപിക്കുന്നതിനും പണിയുന്നതിനും നിയന്ത്രിക്കുന്നതിനും ക്രിസ്തു അവർക്കധികാരം നല്കി: (2കൊരി, 10:8; 13:10; ഗലാ, 2:7). ഈ അധികാരത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവിന്റെ നാമത്തിൽ അവർ സഭയുടെ ശിക്ഷണം ക്രമപ്പെടുത്തി: (1കൊരി, 5:4; 2തെസ്സ, 3:6). അവർ ശുശ്രുഷകന്മാരെ നിയമിച്ചു; മുപ്പന്മാരെ ആക്കിവച്ചു: (പ്രവൃ, 6:3,6; 14:23). അപ്പൊസ്തലന്മാർ നല്കിയത് കർത്താവിന്റെ കല്പനയാണ്: (1കൊരി, 14:37). അപ്പൊസ്തലന്മാർക്ക് അധികാരം ലഭിച്ചതു ക്രിസ്തുവിന്റെ പ്രത്യക്ഷ നിയോഗത്തിലൂടെയാണ്. തന്മൂലം, അതിനു പിന്തുടർച്ചയോ, പിന്തുടർച്ചക്കാരോ ഇല്ല.
മനുഷ്യർക്കു നല്കപ്പെട്ട അധികാരം
രണ്ടു മണ്ഡലങ്ങളിൽ ദൈവം സ്വന്ത അധികാരം മനുഷ്യന് നല്കി: കുടുബത്തിലും മാനുഷിക ഭരണതലത്തിലും. പുരുഷന് സ്ത്രീയുടെ മേൽ അധികാരം നൽകിയിട്ടുള്ളതുകൊണ്ട് അവൾ ഭർത്താവിനെ അനുസരിക്കേണ്ടതാണ്: (1കൊരി, 11:3; എഫെ, 5:22; തിമൊ, 2:12; 1പതൊ, 3:1-6). മാതാപിതാക്കൾക്ക് മക്കളുടെമേൽ പരമാധികാരമുണ്ട്: (1തിമൊ, 3:4,12; എഫെ, 5:1). രാഷ്ട്രത്തിലെ അധികാരികളെ അനുസരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ദൈവത്താലല്ലാതെ ഒരധികാരവും ഇല്ല. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു: (റോമ, 13:1-6). സകല മാനുഷനിയമത്തിനും കർത്താവിൻ നിമിത്തം കീഴടങ്ങേണ്ടതാണ്: (1പത്രൊ, 2:13). അദൃശ്യശക്തികളുടെ അധികാരത്തെക്കുറിച്ചും ചില പരാമർശങ്ങളുണ്ട്. സാത്താന്റെയും സാത്താന്യ സൈന്യങ്ങളുടെയും അധികാരത്തെക്കുറിക്കുവാനും എക്സൂസിയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 22:53; കൊലൊ, 1:13). സാത്താൻ ദൈവവിരോധിയാണെങ്കിൽ തന്നെയും ദൈവത്തിന്റെ അനുവാദത്തോടു കൂടിത്തന്നെയാണ് അധികാരം നടത്തുന്നത്. ദൈവത്തിന്റെ ഉപകരണം മാതമാണ് സാത്താൻ. സാത്താന്റെ അധികാരത്തെക്കുറിച്ചു വിശ്വാസികൾ വ്യാകുലപ്പെടേണ്ടതില്ല. കാരണം യേശുക്രിസ്തു സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പ്പെട്ടുമിരിക്കുന്നു: (1പത്രൊ, 3:22).