All posts by roy7

ക്രിസ്തുവും ഉത്സവങ്ങളും

യേശുക്രിസ്തുവും ഉത്സവങ്ങളും

ദൈവം യിസ്രായേൽമക്കൾക്ക് നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ ക്രിസ്തുവിന്റെ ക്രൂശീകരണം മുതൽ നിത്യരാജ്യം വരെയുള്ള സംഭവങ്ങളെ ഭങ്ഗ്യന്തരേണ ചിത്രീകരിക്കന്നു. ഉത്സവങ്ങളുടെ പ്രാവചനികാംശത്തെ അപ്പൊസ്തലൻ ലേഖനങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ, ആദ്യഫലപ്പെരുനാൾ, പെന്തെകൊസ്ത് പെരുന്നാൾ, എന്നീ നാല് പെരുനാളുകൾ സഭാകാലയളവിനെയും, കാഹളപ്പെരുന്നാൾ, പാപപരിഹാരദിനം, കൂടാരപ്പെരുനാൾ എന്നീ മൂന്ന് പെരുനാളുകൾ ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, നിത്യരാജ്യം എന്നിവയെയും പൂർവ്വവത്ദർശിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ പ്രായശ്ചിത്ത മരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിന് ലഭ്യമായ വീണ്ടെടുപ്പിനെയും പെസഹ കാണിക്കുന്നു. പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തിനുള്ള ഏകരക്ഷാമാർഗ്ഗം ക്രിസ്തുവിന്റെ ക്രൂശു മരണമാണ്. പെസഹ അതിന്റെ നിഴലാണ്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ; നമ്മുടെ പെസഹ ക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നെ” എന്നിങ്ങനെ പൗലൊസ് പെസഹയുടെ പൊരുൾ വ്യാഖ്യാനിക്കുന്നു. (1കൊരി, 5:7). പെസഹദിനത്തിലാണ് ക്രിസ്തു കർത്തൃമേശ ഏർപ്പെടുത്തിയത്. അത് യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ തന്നെയായിരുന്നു. (1കൊരി, 11:23). ദൈവനിർണ്ണയപ്രകാരം സ്മരണീയമായ ആ രാത്രിയിലായിരുന്നു പെസഹ ഒടുവിലായി ആചരിച്ചതും, കർത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും. പെസഹ പിന്നിലോട്ട് കടിഞ്ഞൂൽ സംഹാരം നടന്ന രാത്രിയെയും, മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുകയായിരുന്നു. തന്മൂലം, ക്രിസ്തുവിന്റെ ക്രൂശീകരണശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്തൃമേശ പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ടു യേശുക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. അതിനാൽ, ക്രിസ്തുവിന്റെ പുനരാഗമന ശേഷം കർത്തൃമേശയും ആചരിക്കേണ്ടതില്ല. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുകയാണ്. രക്ഷിക്കപ്പെടുന്നത് മുതൽ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന സത്യത്തിന് നിഴലാണിത്. (പുറ, 12:15; 13:7; 1കൊരി, 5:6-8; 2കൊരി, 7:1).

1. നീസാൻ മാസം (മാർച്ച്/ഏപ്രിൽ) 14-ാം തീയതി പെസഹ: (പുറ, 12:21; ലേവ്യ, 23:5)

2. നീസാൻ മാസം 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ: (പുറ, 12:17; ലേവ്യ, 23:6). പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. “രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിൻ്റെയും പെരുനാൾ ആകുന്നു.” (മർക്കൊ, 14:1. ഒ.നോ: പുറ, 23:15; എസ്രാ, 6:22; ലൂക്കൊ, 22:1,7;പ്രവൃ, 12:3; 20:6). പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനും യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുനാൾ അടുത്തു.” (ലൂക്കൊ, 22:1. ഒ.നോ :2ദിനവൃ, 30:15; 35:1,11; ലൂക്കൊ, 22:7). തന്മൂലം, പൊരുളായ ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോഴും, രണ്ട് പെരുനാളുകളും ചേർത്താണ് പൗലൊസ് പറയുന്നത്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കുവാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവ് കൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടു തന്നെ ഉത്സവം ആചരിക്കുക.” (1കൊരി, 5:7,8).

3. നീസാൻ മാസം 17-ാം തീയതി ആദ്യഫലപ്പെരുന്നാൾ: (പുറ, 34:26; ലേവ്യ, 23:10). “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകുകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം.” (1കൊരി, 15:20-23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് കീറിയ തിരശ്ശീലയ്ക്ക് മുന്നിലായിരുന്നു. (മത്താ, 27:51). എന്തെന്നാൽ, പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും ആദ്യഫലക്കറ്റ് സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്ത് കഴിഞ്ഞുവെന്നും യോസേഫിൻ്റെ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല, കതിരുകളുടെ സമൂഹമാണു് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകൾ ഉൾപ്പെടുന്നതാണ്. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു, ക്രിസ്തുവിന്റെ മരണസമയത്ത് അനേകം വിശുദ്ധന്മാർ ഉയിർക്കുകയും ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. (മത്താ, 27:51-53).

4. സിവാൻ മാസം (ഏപിൽ/മേയ്) 6-ാം തീയതി പെന്തെക്കൊസ്ത് പെരുന്നാൾ: (ലേവ്യ, 23:15-16). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം അമ്പതാമത്തെ ദിവസമാണ് കൊയ്ത്ത്തു പെരുന്നാളായ പെന്തെക്കൊസ്തു നാൾ. (പുറ, 23:16). ദൈവത്തിന്റെ ആദ്യജാതനായ ക്രിസ്തുമൂലം അനേക ജാതന്മാരെ, വീണ്ടും ജനനത്തിലൂടെ കൊയ്തെടുക്കുവാനായി, സ്വർഗ്ഗത്തിൽനിന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്ന ദിവസം. (പ്രവൃ, 2:1-4; യോഹ, 3:3,8; 7:37-39; റോമ, 8:29). “എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. (യോഹ, 14:16). “അവൻ  ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.” (പ്രവൃ, 2:33). ഒരർത്ഥത്തിൽ പെന്തെക്കൊസ്ത് പെരുന്നാൾ ഇതുവരെയും അവസാനിച്ചിട്ടില്ല, പരിശുദ്ധാത്മാവ് ഓരോ ദിവസവും ദൈവത്തിന്റെ കളപ്പുരയിലേക്ക് ആത്മാക്കളെ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കർത്താവിന്റെ മദ്ധ്യാകാശവരവു വരെ തുടരും.

5. തിഷ്റി മാസം (സെപ്തംബർ/ഒക്ടോബർ) 1-ാം തീയതി കാഹളനാദോത്സവം: (ലേവ്യ, 23:23-24; സംഖ്യാ, 29:1). ഏഴാം മാസം ഒന്നാം തീയതിയാണ് കാഹളനാദോത്സവം. സാധാരണ മാസാരംഭങ്ങളിൽ നിന്ന് ഇതിന് ചില പ്രത്യകതകൾ ഉണ്ട്. ഇതിന് ഏഴാമത്തെ അഥവാ, ശബത്തുമാസം എന്ന പ്രതീകാത്മകമായ ഒരു അർത്ഥമുണ്ട്. കൂടാതെ യെഹൂദന്മാരുടെ ദേശീയ സംവത്സരം ആരംഭിക്കുന്നതും തിഷ്റിയിലാണ്. “യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത് എന്തെന്നാൽ, വെളളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിച്ചുപണിയായി അവയെ ഉണ്ടാക്കണം, അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കാനും ഉതകണം. (സംഖ്യാ, 10:1-2). തന്മൂലം, രണ്ടു കാഹളം ധ്വനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദ ത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും, ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16-17). അടുത്ത കാഹളം മഹോപദ്രവകാലത്തിൻ്റെ ഒടുവിലാണ്. “അവൻ തന്റെ ദൂതന്മാരെ മഹാകാഹള ധ്വനിയോടുകുടെ അയക്കും, അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31).

6. തിഷ്റി മാസം 10-ാം തീയതി പാപപരിഹാര ദിവസം: (ലേവ്യ, 23:27; സംഖ്യാ, 29:7-11). ഈ ദിവസം ഒരു മഹാശബ്ബത്താണ്. അന്ന് ആരും വേല ചെയ്യുവാൻ പാടില്ല. വേല ചെയ്യുന്നവരെയും ആത്മതപനം ചെയ്യാത്തവരെയും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണമെന്നാണ് കല്പന. (ലേവ്യ, 23:29-30). യിസ്രായേൽ ജാതിയെ മുഴുവനായി ശുദ്ധീകരിക്കുന്നതിനെ പാപപരിഹാര ദിവസം ചൂണ്ടിക്കാണിക്കുന്നു. യിസ്രായേൽ ജനം മുഴുവനും യേശുക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25.. യേശുക്രിസ്തു സഭയുമായി ഒലിവുമലയിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14; പ്രവൃ, 1:11). അന്നാളിൽ ദാവീദ് ഗൃഹത്തിനും യെരുശലേം നിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും. (സെഖ, 13:1).

7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ: (ലേവ്യ, 23:33-36; ആവ, 16:13). “പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്ന് ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്, ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം, അവൻ അവരോട് കൂടെ വസിക്കും, അവർ അവന്റെ ജനമായിരിക്കും, ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകുകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല, ഒന്നാമത്തേത് കഴിഞ്ഞുപോയി, സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു.” (വെളി, 21:2-5).

പുരീം

പുരീം

ആദാർ മാസം (ഫെബ്രുവരി/മാർച്ച്) പതിനാലിനും പതിനഞ്ചിനുമാണു പൂരീം ആഘോഷിക്കുന്നത്. യെഹൂദന്മാരെ നശിപ്പിക്കുന്നതിന് ഹാമാൻ നടത്തിയ ഗൂഢാലോചന പരാജയപ്പെട്ടതിന്റെ സ്മാരകമായി മൊർദെഖായി ഏർപ്പെടുത്തിയതാണീ ഉത്സവം. യെഹൂദന്മാരെ നശിപ്പിക്കുവാൻ രാജാവു പുറപ്പെടുവിച്ച ശാസന നടപ്പിലാക്കേണ്ടത് എപ്പോഴാണെന്നു തീരുമാനിക്കുവാൻ വേണ്ടി ഹാമാൻ പുര് എന്ന ചീട്ടിട്ടു. (എസ്ഥേ, 9:24). ആ ചീട്ടിന്റെ പേരാണ് ഉത്സവത്തിനു നല്കിയിട്ടുള്ളത്. ഉത്സവദിനങ്ങൾ രണ്ടും വിരുന്നിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളാണ്. സമ്മാനങ്ങൾ പരസ്പരം കൈമാറുകയും പാവപ്പെട്ടവർക്കു ദാനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. പുരീമിന്റെ മുമ്പിലത്തെ ദിവസം (ആദാർ 13) ഉപവാസമാണ്. ഇതിനെ എസ്ഥറിന്റെ ഉപവാസം എന്നു വിളിക്കുന്നു. എസ്ഥർ രാജ്ഞിയുടെ നിർദ്ദേശമനുസരിച്ചു ജനങ്ങൾ ഉപവസിച്ചതിനെ ഓർമ്മിപ്പിക്കുന്നതാണിത്. (എഫേ, 4:15-16). നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ആഘോഷങ്ങളാരംഭിക്കും; മെഴുകുതിരികൾ കത്തിക്കും. എല്ലാ യെഹൂദന്മാരും പള്ളിയിൽ പോകും. വൈകുന്നേരത്തെ ശുശ്രൂഷയ്ക്കു ശേഷം ആശീർവാദം പറയുകയും എസ്ഥേറിന്റെ പുസ്തകം പള്ളിയിൽ പരസ്യമായി വായിക്കുകയും ചെയ്യും. ഹാമാൻ എന്ന പേരു വായിക്കുമ്പോൾ സഭ ‘അവന്റെപേർ മായിച്ചുകളയട്ടെ, ദുഷ്ടന്റെ പേർ നശിക്കട്ടെ’ എന്നു പറഞ്ഞുകൊണ്ട് തറയിൽ ബലമായി ചവിട്ടും. വായന തിർന്നശേഷം ‘ഹാമാൻ ശപിക്കപ്പെടട്ടെ, മൊർദെഖായി അനുഗ്രഹിക്കപ്പെടട്ടെ’ എന്നു സഭ വിളിച്ചുപറയും. ആശീർവാദം പറഞ്ഞശേഷം യെഹൂദന്മാർ വീടുകളിൽ പോയി മുട്ടയും പാലും കഴിക്കും. 14-ാം തീയതി രാവിലെയും പള്ളിയിൽ പോകും. പ്രാർത്ഥനയും അനുഷ്ഠാനങ്ങളും കഴിഞ്ഞശേഷം ന്യായപ്രമാണത്തിൽ നിന്നുള്ള പാഠഭാഗമായി പുറപ്പാട് 17:8-16-ഉം തുടർന്നു എസ്ഥറും വായിക്കും. പതിനഞ്ചാം തീയതി വരെ ആഹ്ലാദം നീണ്ടു നിൽക്കും. അന്ന് വൈകുന്നേരം ഉത്സവം അവസാനിക്കും.

പ്രതിഷ്ഠോത്സവം

പ്രതിഷ്ഠോത്സവം

പ്രതിഷ്ഠോത്സവത്തിനെ 1മക്കാബ്യർ 4:52-59-ൽ ‘യാഗപീഠ പുന:പ്രതിഷ്ഠ’ എന്നും, യെഹൂദ ചരിത്രകാരനായ ജൊസീഫസ് ‘ദീപോത്സവം’ എന്നും വിളിക്കുന്നു. ഉല്ലാസപൂർണ്ണമായ ഈ ഉത്സവം ദൈവാലയത്തിന്റെ ശുദ്ധീകരണത്തെ ഓർപ്പിക്കുന്നു. അന്ത്യാക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയം അശുദ്ധമാക്കി. യുദാ മക്കാബിയസ് ദൈവാലയം വീണ്ടെടുത്ത് ശുദ്ധീകരിച്ചു, ബി.സി. 164-ൽ യഹോവയുടെ ആരാധന വീണ്ടും ആരംഭിച്ചതിന്റെ സ്മാരകമാണ് പ്രതിഷ്ഠാത്സവം. കിസ്ലേവ് മാസം 25-ാം തീയതി (നവംബർ/ഡിസംബർ) ഉത്സവം ആരംഭിച്ച് 8 ദിവസം നീണ്ടുനില്ക്കും. ഈ ഉത്സവത്തിന് യെരുശലേമിൽ പോകണമെന്നു നിർബന്ധമില്ല. ദൈവാലയത്തിലോ, വീടിനടുത്തുള്ള പള്ളികളിലോ യെഹൂദന്മാർ ഒരുമിച്ചു കൂടി കുരുത്തോലകളേന്തി ‘ഹല്ലേൽ’ പാടും. ദൈവാലയത്തിലും സ്വകാര്യ വസതികളിലും മനോഹരമായി ദീപാലങ്കാരം നടത്തും. ദൈവാലയത്തിലെ ദീപാലങ്കാരത്തിന്റെ യഥാർത്ഥമായ ഉത്ഭവം അറിഞ്ഞുകൂടാ. പുനഃസ്ഥാപിത ദൈവാലയത്തിൽ മെഴുകുതിരികൾ കത്തിക്കേണ്ടിവന്നപ്പോൾ മഹാപുരോഹിതന്റെ മുദ്രയുള്ള ഒരേയൊരു എണ്ണ ഭരണി വിളക്കുകൾക്കു എണ്ണ നല്കുന്നതായി കണ്ടു . അതിലെ ശുദ്ധമായ എണ്ണ ഒരു ദിവസത്തേക്കു മാത്രമേ തികയുകയുള്ളൂ. എന്നാൽ അത്ഭുതകരമായി എണ്ണ വർദ്ധിച്ചു. ഭരണി എട്ടുദിവസത്തേക്കും നിറഞ്ഞിരിക്കുന്നതായി കണ്ടു. ഇതിന്റെ ഓർമ്മയ്ക്കായി ദൈവാലയവും സ്വകാര്യവസതികളും എട്ടുദിവസവും ദീപാലങ്കാരം നടത്തുന്നു എന്നു കരുതപ്പെടുന്നു. കലാപമോ ഇഷ്ടവ്യക്തിയുടെ മരണമോ നടന്നാൽ പോലും പൊതുവിലാപവും ഉപവാസവും അനുവദിച്ചിരുന്നില്ല. പ്രതിഷ്ഠാത്സവത്തിനും കൂടാരപ്പെരുന്നാളിനും തമ്മിലുള്ള സാമ്യം ഇവയ്ക്കു തമ്മിൽ ഒരു ബന്ധം ഉണ്ടെന്നു. കാണിക്കുന്നു. നമ്മുടെ കർത്താവ് ഈ ഉത്സവത്തിന് യെരുശലേമിൽ പോയിട്ടുണ്ട്. (യോഹ, 10:22). യെഹൂദന്മാർ ഇന്നും പ്രതിഷ്ഠോത്സവം ആചരിക്കുന്നു.

കൂടാരപ്പെരുനാൾ

കൂടാരപ്പെരുനാൾ

ന്യായപ്രമാണത്തിൽ വ്യവസ്ഥാപനം ചെയ്തിട്ടുള്ള മൂന്നു വാർഷിക മഹോത്സവങ്ങളിൽ മൂന്നാമത്തേതാണ് കൂടാരപ്പെരുന്നാൾ. (പുറ, 23:16, ലേവ്യ, 23:34-36, 39-43, ആവ, 16:13-15, 31:10-13, നെഹെ, 8). പാപപരിഹാരദിവസത്തിനു അഞ്ചുദിവസം പിമ്പ് അതായത് ഏഴാം മാസമായ തിഷ്റി 15-ാം തീയതി കൂടാരപ്പെരുന്നാൾ ആരംഭിക്കും. കൃത്യമായി പറഞ്ഞാൽ ഉത്സവം ഏഴുദിവസമാണ്. (ആവ, 16:13, ലേവ്യ, 23:36, യെഹെ, 45:25). എന്നാൽ മറ്റൊരുദിവസം ഇതിനോടു കൂട്ടിച്ചേർത്തു. (നെഹ, 8:18 ). എട്ടാം ദിവസം ശബ്ബത്തു സ്വസ്ഥതയാണ്.

പേരുകൾ: ഒന്ന്; കൂടാരങ്ങളുടെ ഉത്സവം: (2ദിന, 8:13). കൂടാരപ്പെരുനാൾ: (എസാ, 3:4, സെഖ, 14:16,18,19, യോഹ, 7:2 ). ഉത്സവകാലം മുഴുവൻ യിസ്രായേല്യർ കൂടാരങ്ങളിൽ പാർക്കേണ്ടിയിരുന്നത് കൊണ്ടാണ് ഈ പേർ വന്നത്. (ലേവ്യ, 23:43). രണ്ട്; കയ്കനിപ്പെരുന്നാൾ: കൊയ്ത്തിനും ഫലശേഖരത്തിനും ശേഷം ആഘോഷിക്കുന്നതു കൊണ്ടാണു കൂടാരപ്പെരനാളിനെ കായ്കനിപ്പെരുനാൾ എന്നു വിളിക്കുന്നത്. (പുറ, 23:16, 34:22). മൂന്ന്; യഹോവയുടെ ഉത്സവം: (ലേവ്യ, 23:39), അഥവാ ഉത്സവം: (1രാജാ, 8:2, 2ദിന, 5:3). പ്രമുഖവും പ്രസിദ്ധവും ആയതു കൊണ്ടാണു് ഉത്സവം എന്ന പേരിൽ ഇതറിയപ്പെട്ടത്.

ഉത്ഭവവും പ്രധാന്യവും: കൂടാരപ്പെരുനാളിന്റെ ഉത്ഭവത്തെ ചിലർ സുക്കോത്തുമായി ബന്ധിപ്പിക്കുന്നുണ്ട്. യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്നും പുറപ്പെട്ടശേഷം ആദ്യം പാളയമിറങ്ങിയത് സുക്കോത്തിലായിരുന്നു. (സംഖ്യാ, 33:5). മരുഭൂമിയിൽ പ്രവേശിക്കുന്നതിനു മുമ്പു അവർ അവസാനം കൂടാരങ്ങളിൽ പാർത്തതിന്റെ സ്മാരകമാണ് കൂടാരങ്ങൾ. ഈ ഉത്സവത്തെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്; വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുക (പുറ, 23:16), ഭൂമിയിലെ ഫലവും (ലേവ്യ, 23:39), കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും (ആവ, 16:13) ശേഖരിക്കുക. രണ്ട്; കൂടാരങ്ങളിൽ പാർക്കുക. ഇവ രണ്ടും യിസ്രായേല്യർക്കു ഉല്ലാസപ്രദമാണ്. (ലേവ്യ, 23:41, ആവ, 16:14). മിസ്രയീമിൽ നിന്നും കനാനിലേക്കു പ്രയാണം ചെയ്തപ്പോൾ (ആവ, 8:9) യഹോവയിൽ നിന്നും ലഭിച്ച പിതൃസഹജമായ കരുതലും സംരക്ഷണവുമാണ് കൂടാരവാസം ഓർപ്പിക്കുന്നത്. അടിമവീടുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രയാണകാലത്തെ കൂടാരവാസം സ്വാതന്ത്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതിച്ഛായയായിരുന്നു. യഹോവയുടെ സ്നേഹാർദ്രമായ കരുതലും, യിസ്രായേൽ മക്കളുടെ ആശ്രയബോധവും ഓർപ്പിക്കുന്ന ഈ ഉത്സവം യിസായേല്യരെ അഹങ്കാരത്തിലും സ്വാശ്രയ ബോധത്തിലും വീഴാതെ കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണ്.

ആചരണം: ഉത്സവത്തിന്റെ ഒന്നാം ദിവസം ഫലവൃക്ഷങ്ങളുടെയും ഈന്തപ്പനകളുടെയും നല്ല ഇളം ചില്ലകൊണ്ട് കൂടാരങ്ങൾ നിർമ്മിക്കും. മുറ്റം, തെരുവുകൾ, പൊതുസ്ഥലങ്ങൾ, വീടുകളുടെ മേൽക്കൂര എന്നിവിടങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്. യിസ്രായേല്യ ഭവനങ്ങളിൽ ജനിച്ച എല്ലാവരും തങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽ നിന്നും പുറപ്പെട്ടപ്പോൾ കൂടാരങ്ങളിൽ താമസിച്ചതിന്റെ ഓർമ്മയ്ക്കായി ഉത്സവകാലത്ത് കൂടാരങ്ങളിൽ പാർക്കണം. (ലേവ്യ, 23:40, നെഹ, 8:15). ഈ ദിവസം ഒരു ശബ്ബത്ത് ആയും വിശുദ്ധ സഭായോഗം ആയും ആചരിക്കേണ്ടതാണ്. ജോലി യാതൊന്നും ചെയ്യാൻ പാടില്ല. കാർമ്മികമായി അയോഗ്യരല്ലാത്ത അരോഗദൃഢഗാത്രരായ പുരുഷന്മാരെല്ലാം യഹോവയുടെ സന്നിധിയിൽ വരണം. കൂടാരം ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതീകം അല്ല, പ്രത്യുത സംരക്ഷണത്തിന്റെയും കരുതലിന്റെയും ചൂട്, കാറ്റ്, മഴ എന്നിവയിൽ നിന്നുള്ള അഭയത്തിന്റെയും പ്രതീകമാണ്. (സങ്കീ, 27:5, 31:20, യെശ, 4:6). ഓരോ കാളയും ആടുകൊറ്റനും ആട്ടിൻകുട്ടിയും അവ നിർദ്ദേശിച്ചിട്ടുള്ള ഭോജനയാഗത്തോടും പാനീയ യാഗത്തോടും കൂടെ അർപ്പിക്കണം. ഇവയെല്ലാം അർപ്പിക്കേണ്ടത് നിത്യേനയുള്ള പ്രഭാതയാഗത്തിനു ശേഷമാണ്. (സംഖ്യാ, 29:12-35). എല്ലാ ശബ്ബത്ത് വർഷവും ഉത്സത്തിന്റെ ആദ്യദിവസം വിശുദ്ധസ്ഥലത്തുവച്ചു ന്യായപമാണം പരസ്യമായി വായിക്കണം. (ആവ, 31:10-12). തുടർന്നുള്ള ആറുദിവസങ്ങൾ അർദ്ധോത്സവ ദിവസങ്ങളായിരിക്കും. സാമുഹികോല്ലാസത്തിനും സുഹൃൽ സമ്മേളനങ്ങൾക്കും ഉള്ള ദിവസങ്ങളാണ് അവ. ഈ സമയം എല്ലാ ഗൃഹനാഥന്മാരും പ്രത്യേകിച്ച് പാവപ്പെട്ടവർക്കും പരദേശികൾക്കും ആതിഥ്യം നല്കേണ്ടതാണ്. (ആവ, 16:14). ഈ എഴു ദിവസങ്ങളോടൊപ്പം എട്ടാമതൊരു ദിവസം (തിഷ്ഠറി മാസത്തിന്റെ 22-ാം തീയതി) കൂട്ടിച്ചേർത്തിട്ടുണ്ട്. അതാണ് ഉത്സവത്തിന്റെ അവസാന ദിവസം. ശബ്ബത്ത് സ്വസ്ഥതയോടും വിശുദ്ധ സഭായോഗത്തോടും ആണ് ഈ ദിവസം ആചരിക്കുന്നതു. എന്നാൽ ഏഴാം മാസം ഒന്നാം തീയതിയും പത്താംതീയതിയും എന്നപോലെ ഒരു ലളിതമായ യാഗം മാത്രമേ ഉണ്ടായിരിക്കൂ. (സംഖ്യാ, 29:35-38). വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചതിനും ബാബേൽ പ്രവാസത്തിനും ഇടയ്ക്കു ഒരിക്കൽ മാത്രം കുടാരപ്പെരുനാൾ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 8:2, 2ദിന, 7:8-10, നെഹ, 8:17).

ബാബേൽ പ്രവാസാനന്തരം കൂടാരപ്പെരുനാൾ ചിട്ടയായി ആഘോഷിച്ചു. ആചരണത്തിൽ ഐകരൂപ്യത്തിനും ആഘോഷത്തിന് അർപ്പണവും സന്തോഷവും പ്രദാനം ചെയ്യുന്നതിനും വേണ്ടി ന്യായപ്രമാണ കല്പനകൾക്കു വിശദമായ പ്രായോഗിക വ്യാഖ്യാനം നൽകേണ്ടിവന്നു. ശബ്ബത്തുവർഷം കൂടാരപ്പെരുന്നാൾ വരുമ്പോൾ വായിക്കേണ്ട ന്യായപ്രമാണ ഭാഗങ്ങൾ (ആവ, 31:10-13) പഞ്ചഗ്രന്ഥത്തിലെ ഒരു പുസ്തകമായി പരിമിതപ്പെടുത്തി. ഉത്സവത്തിന്റെ ആദ്യത്തെ ഏഴു ദിവസങ്ങളിൽ പുരോഹിമാരുടെ 24 കുറുകളും ശുശ്രൂഷചെയ്യും എന്നത് കുടാരപ്പെരുന്നാളിന്റെ പ്രത്യേകതയാണ്. എന്നാൽ മറ്റു ഉത്സവങ്ങളിൽ ചീട്ടു വീഴുന്നവർ മാത്രമാണു (1ദിന, 24:7-19) ശുശൂഷ നടത്തുന്നത്. എട്ടാം ദിവസം പുരോഹിതന്മാരുടെ 24 കുറുകളും സന്നിഹിതരാവുകയില്ല. ചീട്ടു വീണവർ മാത്രമേ സന്നിഹിതരാവു.

പാപപരിഹാര ദിവസം

പാപപരിഹാര ദിവസം

ഏഴാം മാസം തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) പത്താം തീയതി ആണ് പാപപരിഹാരദിവസം ആഘോഷിക്കുന്നത്. ഉത്സവം എന്നതിലേറെ ഉപവാസം ആണ് ഈ ദിവസം. (ലേവ്യ, 16:1-34, സംഖ്യാ, 29:7-11). പാപപരിഹാരദിവസം ഒരു മഹാശബ്ബത്താണ്. ആരും ഒരു വേലയും ചെയ്യുവാൻ പാടില്ല. ഒമ്പതാം തീയതി വൈകുന്നേരം മുതൽ പത്താം തീയതി വൈകുന്നേരം വരെ എല്ലാവരും ആത്മതപനം ചെയ്യണം. ആത്മതപനം ചെയ്യാത്തവരെ ചേദിച്ചു കളയണം. (ലേവ്യ, 23 : 27-32). അഹരോന്റെ പുത്രന്മാരുടെ മരണത്തെ പാപപരിഹാര ദിവസത്തോട് ബന്ധപ്പെടുത്തിയിരിക്കുന്നതിൽ നിന്നും യഹോവയുടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതിനു എത്രത്തോളം വിശുദ്ധി ആവശ്യമാണെന്ന് വ്യക്തമാണ്. (ലേവ്യ, 16:1-2). ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചു വരുന്ന അതേ യാഗങ്ങളാൽ അടുത്തു വരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരു നാളും കഴിവുള്ളതല്ല. (എബ്രാ,10:1) എന്നതാണ് ലേവ്യ കർമ്മാനുഷ്ഠാനങ്ങൾ നിരന്തരം ഓർപ്പിക്കുന്നത്. ഓർമ്മയിൽപ്പെടാതെ ഒരു വർഷം മുഴുവൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതു പാപപരിഹാര ദിവസത്തിലാണ്. (ലേവ്യ, 16:33). എത്ര ശ്രദ്ധയോടെ വിധിപ്രകാരം നിർദ്ദിഷ്ട യാഗങ്ങൾ നടത്തിയാലും പല പാപവും അശുദ്ധിയും അവശേഷിക്കും. അവയ്ക്കു പരിഹാരം കാണുന്നത് പാപപരിഹാര ദിവസത്തിലാണ്. സർവ്വജാതികളെയും കൂട്ടിച്ചേർക്കുന്നതിന്റെ മുൻകുറിയായ കൂടാരപ്പെരുന്നാളിനു മുമ്പു യിസ്രായേൽ യഹോവയുമായി നിരപ്പുപ്രാപിക്കേണ്ടത് ആവശ്യമാണ്. പാപപരിഹാര ദിവസത്തിലാണ് യോബേൽ സംവത്സരം വിളംബരം ചെയ്യുന്നത്. (ലേവ്യ, 25:9-10).

യാഗങ്ങൾ: പാപപരിഹാര ദിവസത്തിൽ അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. (ലേവ്യ, 16:5-28, സംഖ്യാ, 29:7-11). ഒന്ന്; നിരന്തരമുള്ള പ്രഭാതയാഗം. രണ്ട്; പൌരോഹിത്യത്തിന്നായുള്ള പാപയാഗം – ഒരു കാളക്കുട്ടി. മൂന്ന്; ജനത്തിനു വേണ്ടിയുള്ള പാപയാഗം – ഒരു കോലാട്ടുകൊറ്റൻ യഹോവയ്ക്കും മറ്റൊന്ന് അസസ്സേലിനും. നാല്; പുരോഹിതന്മാർക്കും ജനത്തിനുമുള്ള ഉത്സവഹോമയാഗങ്ങളും അവയോടൊപ്പം മറ്റൊരു പാപയാഗവും. അഞ്ച്; നിരന്തരമുള്ള സന്ധ്യായാഗം. പാപപരിഹാരദിവസം ശബ്ബത്തിലാണ് വരുന്നതെങ്കിൽ ഇവകൂടാതെ ശബ്ബത്തിലെ സാധാരണ യാഗങ്ങളും അർപ്പിക്കണം.

അനുഷ്ഠാനങ്ങൾ: പാപപരിഹാരദിവസത്തിലെ ശുശ്രൂഷകൾ ചെയ്യുന്നതിനാ പ്രത്യേക ഒരുക്കം ആവശ്യമാണ്. പ്രഭാതയാഗത്തിനു ശേഷം മഹാപുരോഹിതൻ അർപ്പിക്കുന്ന പ്രായശ്ചിത്തയാഗമാണ് ഈ ഉത്സവത്തിന്റെ കേന്ദ്രബിന്ദു. പിൽക്കാലത്ത് ഈ ശുശ്രഷയ്ക്കുവേണ്ടി മഹാപുരോഹിതനെങ്കിലും പ്രത്യേക ഒരുക്കത്തിനു വിധേയനായിരുന്നു. ഏഴുദിവസം മുമ്പു മഹാപുരോഹിതൻ സ്വന്തം ഭവനം വിട്ടു ദൈവാലയത്തിലെ പ്രത്യേക മുറിയിൽ താമസിക്കണം. മഹാപുരോഹിതൻ മരിക്കുകയോ ലേവ്യ നിയമപ്രകാരം അശുദ്ധനാവുകയോ ചെയ്താൽ ശുശ്രൂഷയ്ക്കു വിഘ്നം വരാതിരിക്കുവാൻ മറ്റൊരാളെ കരുതിയിട്ടുണ്ടാവും. രക്തം തളിക്കുക, ധൂപവർഗ്ഗം കത്തിക്കുക, വിളക്കു തെളിക്കുക, ദിനംപതിയുള്ള യാഗം നടത്തുക എന്നീ പൌരോഹിത്യവൃത്തികളെ അദ്ദേഹം ഈ ഒരാഴ്ച ചെയ്യും. പാപപരിഹാരദിനത്തിലെ ശുശ്രൂഷകളെല്ലാം മഹാപുരോഹിതനിൽ സമ്മുഖമാണ്. തന്മൂലം യാതൊരു വിധത്തിലുള്ള അശുദ്ധിയും മഹാപുരോഹിതനെ ബാധിച്ചുകൂടാ. അശുദ്ധിക്കിടയാക്കുന്നതും ഭക്തിക്കു വിഘ്നം വരുത്തുന്നതും ആയ കാര്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുനിൽക്കേണ്ടതാണ്. പാപപരിഹാരദിവസം പ്രഭാതത്തിൽ മഹാപുരോഹിതൻ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന (പുരോഹിതന്മാർ സാധാരണ കുളിക്കുന്നിടത്തല്ല) സ്ഥാനത്തു പോയി പൂർണ്ണമായി കുളിക്കണം. പാപത്തിന്റെ അശുദ്ധിയിൽനിന്നും പൂർണ്ണശുദ്ധനായി എന്നതിനും വിശുദ്ധിധരിച്ചു എന്നതിനും അടയാളമായി, സ്ഥാനീയ വസ്തങ്ങൾ ധരിക്കുന്നു.

സർവ്വവും സജ്ജമായിക്കഴിയുമ്പോൾ മഹാപുരോഹിതൻ കാളയെ (തനിക്കും തന്റെ കുടുംബത്തിനുമായുള്ള പാപയാഗം) കൊല്ലും. അനന്തരം ഹോമയാഗപീഠത്തിൽ നിന്നും തീക്കനൽ ഒരു കലശത്തിൽ നിറച്ച് രണ്ടുകെ നിറയെ സൌരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണവുമായി മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്തേക്കു ചെല്ലും. ധുപമേഘം കൃപാസനത്തെ മറയ്ക്കത്തക്കവണ്ണം ധൂപവർഗ്ഗചൂർണ്ണം തീക്കനലിൽ ഇടും. ധൂപംകാട്ടൽ പ്രാർത്ഥനയുടെ പ്രതീകമാണ്. കൃപാസനത്തെ മൂടുന്ന ഈ ധൂപം പരിശുദ്ധനായ ദൈവത്തിന്റെ തേജസ്സു മൂടുന്നതിന്റെ പ്രതീകമാണ്. ഈ പുകയും പ്രാർത്ഥനയും ആരാധകന്റെ സംരക്ഷണമായിത്തീരുന്നു. കാളയുടെ രക്തം കുറെ കൊണ്ടുവരുന്നതിനായി മഹാപുരോഹിതൻ ഹോമയാഗ പീഠത്തിനരികെ മടങ്ങിവരും. ഈ രക്തം വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേലും ഏഴുപ്രാവശ്യം കൃപാസനത്തിന്റെ മുമ്പിലും തളിക്കും. (ലേവ്യ, 16:14). അതിനു ശേഷം പാപയാഗമായി തിരഞ്ഞെടുത്ത കോലാട്ടുകൊറ്റനെ അറുത്തു അതിന്റെയും രക്തം കൃപാസനത്തിലും അതിന്റെ മുമ്പിലും തളിക്കും. അടുത്തതായി ജനത്തിന്റെയും പുരോഹിതന്മാരുടെയും അശുദ്ധി നിമിത്തം വിശുദ്ധ മന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കും. (ലേവ്യ, 16:16). തുടർന്ന് ആടിന്റെയും കാളയുടെയും രക്തം ആദ്യം ഒരു പ്രാവശ്യം സ്വർണ്ണയാഗപീഠത്തിന്റെ കൊമ്പുകളിലും പിന്നീടു ഏഴുപ്രാവശ്യം യാഗപീഠത്തിനു നേരെ തറയിലും തളിച്ച് സമാഗമനകൂടാരത്തിനു പ്രായശ്ചിത്തം കഴിക്കണം. (പുറ, 30:10). മന്ദിരത്തിനു പ്രായശ്ചിത്തം നടത്തിയിതിനു ശേഷം കാളയുടെയും കോലാട്ടുകൊറ്റന്റെയും രക്തം കുറെ എടുത്ത് യാഗപീഠത്തിന്റെ കൊമ്പുകളിലും യാഗപീഠത്തിന്മേൽ ഏഴുപ്രാവശ്യവും തളിച്ചു ഹോമയാഗപീഠത്തിന് മഹാപുരോഹിതൻ പ്രായശ്ചിത്തം കഴിക്കണം. അങ്ങനെ കൂടാരം, പ്രാകാരം, വിശുദ്ധവസ്തുക്കൾ എന്നിവയ്ക്കെല്ലാം പ്രായശ്ചിത്തം നടത്തുകയും അവയെ വിശുദ്ധീകരിക്കുകയും വേണം. പാപരിഹാരദിനത്തിൽ മഹാപുരോഹിതൻ നാലുപ്രാവശ്യം അതിവിശുദ്ധസ്ഥലത്തു പോയിരുന്നു എന്നു ബൈബിൾ വിവരണത്തിൽ നിന്നും അനുമാനിക്കപ്പെടുന്നു. ഒന്ന്; സുഗന്ധധൂപവർഗ്ഗ ചൂർണ്ണവുമായി. ഈ സമയത്ത് കാളയുടെ രക്തം കട്ടിയായിപ്പോകാതിരിക്കുവാൻ വേണ്ടി ഒരു പുരോഹിതൻ ഇളക്കിക്കൊണ്ടിരിക്കും. രണ്ട്; കാളയുടെ രക്തവും കൊണ്ട്. മൂന്ന്; കോലാടിന്റെ രക്തവുമായി. നാല്; ധൂപകലശം കൊണ്ടുവരാനായി. തല്മൂദിലെ നിർദ്ദേശം അനുസരിച്ച് സന്ധ്യായാഗത്തിനു ശേഷമാണ് അതു ചെയ്തിരുന്നത്. അതിനുശേഷം മഹാപുരോഹിതൻ സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിലേക്ക് ചെന്നു അസസ്സേലിനുളള ആടിന്റെ തലയിൽ കൈവച്ചു ജനങ്ങളുടെ പാപവും അകൃത്യവും അതിന്മേൽ ചുമത്തും. പ്രത്യേകം നിയുക്തനായ ഒരാൾ ഈ ആടിനെ മരുഭൂമിയിൽ കൊണ്ടുപോയി സ്വതന്ത്രമായി വിടും. ദൈവം ക്ഷമിച്ച യിസായേലിന്റെ പാപങ്ങളെ ചുമന്നൊഴിക്കുന്നതിനെയാണ് ഇതു വിവക്ഷിക്കുന്നത്.

ഉത്സവാർപ്പണങ്ങൾ: അനന്തരം മഹാപുരോഹിതൻ സമാഗമനകൂടാരത്തിലേക്ക് പോയി തന്റെ ശുഭവസ്ത്രം മാറ്റി പ്രാകാരത്തിലെ തൊട്ടിയിൽ നിന്നും കുളിച്ചതിനു ശേഷം സാധാരണ സ്ഥാനീയ വസ്ത്രം ധരിക്കും. തുടർന്നു പ്രാകാരത്തിൽ വച്ച് തന്റെയും ജനങ്ങളുടെയും ഹോമയാഗങ്ങളെ പൂർത്തിയാക്കുകയും അതേസമയം പാപയാഗത്തിന്റെ മേദസ്സിനെ യാഗപീഠത്തിൽ ദഹിപ്പിക്കുകയും ചെയ്യും. എന്നാൽ രണ്ടു പാപയാഗങ്ങളും പാളയിത്തിനു പുറത്ത് ത്വക്ക്, മാംസം, ചാണകം എന്നിവയോടൊപ്പം ദഹിപ്പിക്കേണ്ടതാണ്. ജീവനുള്ള ആടിനെ മരുഭൂമിയിൽ കൊണ്ടുവിട്ടവനും പാളയത്തിനു പുറത്തുവെച്ചു പാപയാഗത്തെ ദഹിപ്പിച്ചവനും തങ്ങളുടെ വസ്ത്രം കഴുകികുളിച്ചിട്ടു മാത്രമേ പാളയത്തിൽ കടക്കാൻ പാടുള്ളു. (ലേവ്യ, 16:2-29). ജനത്തിനും വിശുദ്ധസ്ഥലങ്ങൾക്കും വേണ്ടിയുള്ള പ്രായശ്ചിത്തം കഴിഞ്ഞതിനു ശേഷം സന്ധ്യായാഗത്തിനു മുമ്പു യെഹൂദാപാരമ്പര്യമനുസരിച്ച് ഈ ദിവസത്തിനു നിർദ്ദേശിച്ചിട്ടുള്ള യാഗങ്ങളായ പാപയാഗമായി ഒരു കോലാട്ടുകൊറ്റൻ, ഹോമയാഗമായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഏഴു കുഞ്ഞാടുകൾ എന്നിവ അവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അർപ്പിക്കുന്നു. (സംഖ്യാ, 29:7,11). അതോടുകൂടി ഈ ഉത്സവദിവസം അവസാനിക്കുന്നു. റബ്ബിമാർ പറയുന്നതനുസരിച്ച് മഹാപുരോഹിതൻ ഈ ദിവസം ഈ ദിവസം ചെയ്യുന്നത് ഇതൊക്കെയാണ്: ഒന്ന്; ക്രമമനുസരിച്ച് ദിനം പ്രതിയുള്ള എല്ലാ കർമ്മങ്ങളും നടത്തുന്നു. രണ്ട്; എട്ടു പ്രാവശ്യം രക്തം തളിക്കും. മൂന്ന്; അതിവിശുദ്ധസ്ഥലത്തു നിന്നും വിശുദ്ധസ്ഥലത്തേക്കു മുന്നാം പ്രാവശ്യം മടങ്ങിവന്നതിനുശേഷം അദ്ദേഹം ആടിന്റെയും കാളയുടെയും രക്തം തിരശ്ശീലയ്ക്കു നേരെ തളിക്കും. ഇവ രണ്ടിന്റെയും രക്തം ഒരുമിച്ചു കലർത്തി ധൂപപീഠത്തിൽ തളിക്കുകയും ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്യും. നാല്; രണ്ടു ആടും കാഴ്ചയിൽ ഒന്നുപോലെ ഇരിക്കും. അവയെ തിരഞ്ഞടുക്കാൻ ഉപയോഗിച്ച ചീട്ടുകൾ ആദ്യം പുന്നമരം (box wood) കൊണ്ടുള്ളതും പിന്നീട് സ്വർണ്ണം കൊണ്ടുള്ളതും ആയിരുന്നു. അഞ്ച്; ആട് മരുഭൂമിയിൽ എത്തിച്ചേർന്നു എന്നതിന് അടയാളം ലഭിച്ചാലുടൻ മഹാപുരോഹിതൻ ന്യായപ്രമാണത്തിൽ നിന്നും ചില ഭാഗങ്ങൾ വായിക്കുകയും പ്രാർത്ഥന കഴിക്കുകയും ചെയ്യും. ആറ്; ജനങ്ങളുടെ ഉപവാസത്തെ സംബന്ധിക്കുന്ന കർശനമായ നിയമങ്ങളാണ് മിഷ്ണ നല്കുന്നത്.

പില്ക്കാലത്ത് കർശനക്കാരായ യെഹൂദന്മാർ പാപപരിഹാര ദിവസത്തിന്റെ തലേനാൾ ഒരു പൂവൻ കോഴിയെ കൊണ്ടുവരും. ഇതിനെ കൊല്ലുന്നത് ഒരു സാധാരണ റബ്ബി ആയിരിക്കും. ഉടമസ്ഥൻ അതിനെ കാലിൽ തൂക്കി എടുത്തു തന്റെയും കൂട്ടുകാരുടെയും തലയ്ക്കു മുകളിൽ ചുഴറ്റും. ഒരു വർഷം തങ്ങൾ ചെയ്ത പാപം മുഴുവൻ ഈ പറവയിൽ പ്രവേശിക്കണമെന്നു ദൈവത്തോടു പ്രാർത്ഥിക്കും. അസസ്സേലിനുള്ള ആടിനു പകരമാണിത്. വൈകുന്നേരം ഒരു വിഭവസമൃദ്ധമായ ഭോജനത്തിനു ശേഷം നല്ല വസ്ത്രങ്ങളണിഞ്ഞ് അവർ പള്ളിയിൽ പോകും. ആശീർവാദത്തിനു ശേഷം ഓരോരുത്തരും സ്വമേധാദാനങ്ങളർപ്പിക്കും . അതിനുശേഷം വൈകുന്നേരത്തെ പ്രാർത്ഥന ആരംഭിക്കും. പാരായണം ചെയ്യുന്നവനും പ്രധാന റബ്ബിയും സഭയിലെ അനേകം പേരും ശവപ്പുതപ്പുകൾ ധരിച്ചു പ്രാർത്ഥനയിലും യാചനകളിലും മുന്നിലധികം മണിക്കുർ ചെലവഴിക്കും. ചിലർ രാത്രി മുഴുവനും അവിടെ കഴിച്ചുകൂട്ടും. വീട്ടിൽ പോകുന്നവർ രാവിലെ 5 മണിക്ക് തിരികെ വരികയും രാത്രിയാകുന്നതു വരെ അവിടെ കഴിയുകയും ചെയ്യും. ആ പകൽ മുഴുവൻ അവർ ഭക്ഷണം വർജ്ജിക്കും. യിസ്രായേല്യരുടെ വർഷംതോറുമുള്ള ശുചീകരണ കർമ്മമായിരുന്നു പാപപരിഹാരദിവസം. ഈ ഉത്സവം യേശു ക്രിസ്തുവിൽ നിറവേറി. മഹാപുരോഹിതനായ ക്രിസ്തു തനിക്കു വേണ്ടി പാപയാഗം കഴിക്കാതെ നമുക്കുവേണ്ടി പാപയാഗമായിത്തീർന്നു. (എബാ, 9:11-14). കാഹളപ്പെരുന്നാളിന്റെയും കുടാരപ്പെരുന്നാളിന്റെയും ഇടയ്ക്കാണു പാപപരിഹാരദിവസം. യിസ്രായേൽ ജാതി മുഴുവനും ക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25). ക്രിസ്തു സഭയുമായി ഒലിവുമലയിലേക്കു ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14, 13:1).

കാഹളനാദോത്സവം

കാഹളനാദോത്സവം

എഴാം മാസം അഥവാ തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) ഒന്നാം തീയതിയാണ് കാഹളനാദോത്സവം. (സംഖ്യാ, 29:1-2). യെഹൂദന്മാരുടെ ദേശീയസംവത്സരം (Civil Year) ആരംഭിക്കുന്നതു തിഷറിയിലാണ്. സാധാരണ അമാവാസിയിൽ നിന്നും പല കാര്യങ്ങളിലും ഇതിനു വ്യത്യാസമുണ്ട്. ഇതിനു ഏഴാമത്തെ അഥവാ ശബ്ബത്തുമാസം എന്ന പ്രതീകാത്മകമായ അർത്ഥമുണ്ട്. ഈ ഉത്സവത്തിന് അർപ്പിക്കേണ്ട യാഗങ്ങൾ. ഒന്ന്; പതിവുപോലെ ഭോജനപാനീയ യാഗങ്ങളോടൊപ്പം രാവിലെയും വൈകുന്നേരവും ഉള്ള യാഗങ്ങൾ. രണ്ട്; പാപയാഗമൊഴികെ അമാവാസിക്കുള്ള സാധാരണയാഗം: രണ്ട് കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുളള ഊനമില്ലാത്ത ഏഴു കുഞ്ഞാട് എന്നിവയും അവയ്ക്കു നിർദ്ദേശിച്ചിട്ടുളള ഭോജന പാനീയയാഗങ്ങളും. (സംഖ്യാ, 28:11). മൂന്ന്; ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഏഴു കുഞ്ഞാട് എന്നിവയും അവയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള ഭോജനപാനീയ യാഗങ്ങളും അതിനോടൊപ്പം പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ. ഇത് ഉത്സവത്തിനുള്ള പ്രത്യേക യാഗം. (സംഖ്യാ, 29:1).

ആദ്യദിവസം വിശുദ്ധസ്വസ്ഥതയാണ്. പുതുവർഷദിനമായ അന്നു രാവിലെ മുതൽ വൈകുന്നേരം വരെ കുഴലുകളും കാഹളങ്ങളും ഊതും. പ്രവാസാനന്തരം ഈ ദിവസത്തെ ന്യായപ്രമാണത്തിന്റെ പരസ്യവായനയിലും ആനന്ദഘോഷത്തിലും ആചരിച്ചു. പില്ക്കാലത്ത് യാഗത്തിലെ പാനീയയാഗം ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ പുരോഹിതന്മാരും ലേവ്യരും 81-ാം സങ്കീർത്തനം ഉരുവിടും. സന്ധ്യായാഗത്തിന് 29-ാം സങ്കീർത്തനം പാടും. അന്നു പകൽ മുഴുവൻ യെരുശലേമിൽ കാഹളം ഊതുമായിരുന്നു. ദൈവാലയത്തിൽ ശബ്ബത്തിനുപോലും ഇതു ചെയ്തിരുന്നു. യെരുശലേം മതിലുകൾക്കു വെളിയിൽ കാഹളം ഊതിയിരുന്നില്ല. പാപപരിഹാരദിവസം എല്ലാ പാപങ്ങളിൽ നിന്നും മോചനം നല്കുകയും എല്ലാ അശുദ്ധിയെയും ഇല്ലായ്മചെയ്യുകയും ചെയ്യും. അഞ്ചു ദിവസം കഴിയുമ്പോൾ കുടാരപ്പെരുനാൾ ആഘോഷിക്കും. ഇതു കർത്താവുമായുള്ള കൂട്ടായ്മാജീവിതത്തിലെ അനുഗ്രഹങ്ങളുടെ മുൻരുചി നൽകുന്നു. ഏഴാം മാസത്തിന്റെ പ്രാധാന്യം കാഹളം ഊതിയാണ് സൂചിപ്പിക്കുന്നത്. പാപപരിഹാരദിവസം ദൈവസൃഷ്ടിയുടെ പൂർത്തീകരണ ദിവസത്തെ അനുസ്മരിപ്പിക്കുന്നു. ലോകാരംഭത്തിന്റെ വാർഷികോത്സവമായി കാഹളനാദോത്സവത്തെ കരുതുന്നു. എല്ലാ മനുഷ്യരെയും ഈ ദിവസം ദൈവം ന്യായം വിധിക്കും എന്നും അവർ ദൈവത്തിന്റെ മുമ്പാകെ ഇടയന്മാരുടെ മുമ്പിൽ ആട്ടിൻകുട്ടം എന്നപോലെ കടന്നു പോകുമെന്നും റബ്ബിമാർ വിശ്വസിക്കുന്നു. ക്രിസ്തു മദ്ധ്യാകാശത്തു വന്ന് സഭയെ ചേർക്കും. അതിനുശേഷം യിസ്രായേലിനെ സ്വന്തം നാട്ടിലേക്കു കൂട്ടിച്ചേർക്കുന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് കാഹളപ്പെരുനാൾ. “അവൻ തന്റെ ദൂതന്മാരെ മഹാകാഹളധ്വനിയോടും കൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതി മുതൽ അറുതിവരെയും നാലുദിക്കിൽ നിന്നും കുട്ടിച്ചേർക്കും.” (മത്താ, 24:31).

പെന്തെകൊസ്തു പെരുനാൾ

പെന്തെകൊസ്തു പെരുനാൾ

മൂന്നു വാർഷിക മഹോത്സവങ്ങളിൽ രണ്ടാമത്തേതാണ് പെന്തെകൊസ്ത്. (പുറ, 23:16, ലേവ്യ, 23:15-22, സംഖ്യാ, 28:26-31, ആവ, 16:9-12). മറ്റു രണ്ടു മഹോത്സവങ്ങൾ പെസഹയും കൂടാരപ്പെരുനാളും ആണ്. പെന്തെകൊസ്തു പെരുന്നാൾ മൂന്നുപേരുകളിൽ അറിയപ്പെടുന്നു. ഒന്ന്; വാരോത്സവം: (പുറ, 34:22, സംഖ്യാ, 28:26, ആവ, 16:10,16, 2ദിന, 8:13). പെസഹ കഴിഞ്ഞ് അമ്പതാം ദിവസം ആണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേരു ലഭിച്ചത്. (ലേവ്യ, 23:15-16). രണ്ട്; കൊയ്ത്തു പെരുനാൾ: (പുറ, 23:16). മൂന്ന്; ആദ്യഫല ദിവസം: (സംഖ്യാ, 28:26). പുതിയ ധാന്യം കൊണ്ടുള്ള ആദ്യത്തെ അപ്പങ്ങൾ യാഗപീഠത്തിൽ അർപ്പിച്ചതിനാലാണ് ഈ പേരുണ്ടായത്. സീവാൻ മാസം (മെയ്/ജൂൺ) ആറാം തീയതിയാണ് പെന്തെകൊസ്ത്. പെസഹയ്ക്കു ശേഷം നീരാജനക്കറ്റ അർപ്പിക്കുന്നതിന്റെ ഏഴ് ആഴ്ചയ്ക്കുശേഷമാണിത്. ഉത്സവത്തിന്റെ ദൈർഘ്യം ഒരു ദിവസം മാത്രമാണ്. (ആവ, 16:9-12). ഇതു ഗോതമ്പു കൊയ്ത്ത്തിന്റെ സമാപനത്തെക്കുറിക്കുന്നു.

ഉല്പത്തിയും പ്രാധാന്യവും: ചരിത്രപരമായ എന്തെങ്കിലും പ്രാധാന്യം ഈ ഉത്സവത്തിനുണ്ടോ എന്ന് ബൈബിൾ വ്യക്തമാക്കുന്നില്ല. എന്നാൽ ആ സമയത്തു അവസാനിക്കുന്ന കൊയ്ത്തിനോടു പെന്തെകൊസ്തിന്റെ ഉത്ഭവം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാം. പ്രാചീനകാലത്തു വിജാതീയർ ധാന്യങ്ങളും മൃഗങ്ങളുടെ കടിഞ്ഞൂലുകളും ദേവന്മാർക്കു അർപ്പിച്ചു ആരാധിച്ചിരുന്നു. എന്നാൽ യെഹൂദന്മാർ യഹോവയ്ക്ക് തങ്ങളുടെ ആദ്യവിളവു നല്കി ആരാധിച്ചു. കുറഞ്ഞ പക്ഷം ക്രിസ്തുവിന്റെ കാലംതൊട്ടെങ്കിലും പെസഹയുമായി ബന്ധപ്പെടുത്തി സീവാൻ 6-ാം തീയതിയെ പത്തുകല്പനകൾ നല്കിയ ദിവസമായി യെഹൂദന്മാർ സ്മരിക്കുന്നു. പുറപ്പാടിനുശേഷം അമ്പതാം ദിവസമാണ് കല്പന നല്കിയതെന്നു പുറപ്പാട് 19-ൽ നിന്നും വ്യക്തമാണ്. കല്പന നല്കിയതും പെന്തെകൊസ്ത് പെരുനാളും തമ്മിൽ ഒരു ബന്ധം ഉണ്ടെന്നു ആവർത്തനം 16:12-ൽ കാണുന്ന ന്യായപ്രമാണചട്ടങ്ങളുടെ ആചരണ കല്പനയിൽ നിന്നും അനുമാനിക്കാവുന്നതാണ്.

ഉത്സവത്തിന്റെ കാലം: പെസഹയുടെ ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ അമ്പതാം ദിവസം ആണ് പെന്തകൊസ്ത് ആചരിക്കേണ്ടതു. (ലേവ്യ, 23:11,15,16). അല്ലെങ്കിൽ വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചവട്ടം എണ്ണി വാരോത്സവം ആചരിക്കണം. (ആവ, 16:9). ഉത്സവം ആഘോഷിക്കുന്നതിനുള്ള തീയതിയുമായി ബന്ധപ്പെട്ട ശബ്ബത്തിന്റെ അർത്ഥം പണ്ടു മുതലക്കെ വിവാദവിഷയമാണ്. സദൂക്യരും ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ടു മുതലുള്ള കറാത്യരും ശബ്ബത്തിനെ ആഴ്ചയിലെ ഏഴാമത്തെ ദിവസമായി കരുതി. തന്മൂലം പെന്തെകൊസ്ത് എല്ലായ്പ്പോഴും ആഴ്ചയുടെ ഒന്നാം നാൾ വരുന്നതിനു ഇടയായി. ലേവ്യർ 23:15-22-നെ വ്യാഖ്യാനിച്ചു കൊണ്ടു കീലും ഡെലിറ്റ്ഷും എഴുതി: ‘ശബ്ബത്തുക്കൾ’ (വാ.15) ആഴ്ചകളെക്കുറിക്കുന്നു. തൽഫലമായി ഏഴാമത്തെ ശബ്ബത്തിനു ശേഷമല്ല ഏഴാമത്തെ ആഴ്ചയുടെ പിറ്റെദിവസമാണ് ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾ (വാ,16). അതിനാൽ രണ്ടാം ദൈവാലയത്തിന്റെ കാലത്തു യെഹൂദന്മാർ നീസാൻ 16-നു ശേഷമുള്ള അമ്പതാം ദിവസം പെന്തെകൊസ്ത് ആയി ആചരിച്ചു. ലേവ്യർ 23:15-22-ലെ നിർദ്ദേശം അതു തന്നേ. യെഹൂദാനിയമം അനുസരിച്ച് അമ്പതാം ദിവസം സിവാൻ 5,6,7 എന്നീ തീയതികളിൽ ഏതെങ്കിലും ഒന്നിൽ ആയിരിക്കും.

ആചരണം: പെന്തെകൊസ്തു ദിവസം ഒരു വിശുദ്ധസഭായോഗം ഉണ്ടായിരിക്കണമെന്നു ന്യായപ്രമാണം അനുശാസിക്കുന്നു. അന്നു യാതൊരു ജോലിയും ചെയ്യാൻ പാടില്ല. യിസ്രായേൽ സഭയിലെ കഴിവുള്ള എല്ലാവരും വിശുദ്ധസ്ഥലത്തു സന്നിഹിതരാകുകയും ഒരു പ്രത്യേകയാഗം നടത്തുകയും വേണം. (ലേവ്യ, 23:15-22, സംഖ്യാ, 28:26-31). അർപ്പിക്കേണ്ട യാഗങ്ങൾ ഇവയാണ്: ഒന്ന്; ഭോജനയാഗം, പാനീയയാഗം എന്നിവയോടൊപ്പം പ്രഭാതയാഗവും സന്ധ്യായാഗവും. രണ്ട്; ഏഴു ചെമ്മരിയാട്ടിൻകുട്ടികൾ, ഒരു കാളക്കുട്ടി, രണ്ടു മുട്ടാട് എന്നിവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടിയ ഒരു ഹോമയാഗം. (ലേവ്യ, 23:18, സംഖ്യ, 28:26). മൂന്ന്; നീരാജനത്തിനു രണ്ടിടങ്ങഴി മാവു കൊണ്ടുള്ള രണ്ടപ്പം കൊണ്ടുവരണം. അതു നേരിയ മാവുകൊണ്ടും പുതിയധാന്യംകൊണ്ടും ഉള്ളതായിരിക്കണം. (ലേവ്യ, 23:17). നാല്; അപ്പത്തോടുകൂടെ ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കണം. മുമ്പുള്ള ഏഴു ആഴ്ചകളിൽ ശേഖരിച്ച കൊയ്തത്തിന്റെ നന്ദിസൂചകമായി ആദ്യഅപ്പം രണ്ട് ആട്ടിൻകുട്ടിയോടൊപ്പം (സമാധാനയാഗം) നീരാജനത്തോടെ യഹോവയുടെ മുമ്പിൽ അർപ്പിക്കും. “നീരാജനത്തിനായി രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം” (ലേവ്യ, 23:17) എന്നതിന് എല്ലാ ഗൃഹനാഥന്മാരും രണ്ടപ്പം കൊണ്ടുവരണമെന്നല്ല പ്രത്യുത, എല്ലാ ജനത്തിനും വേണ്ടിയാണ് ഈ രണ്ടപ്പം സമർപ്പിക്കുന്നത് എന്നാണു അർത്ഥം. ‘നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നും’ എന്നതിന്റെ അർത്ഥം സ്വന്തം ആവശ്യത്തിനു ഉണ്ടാക്കിയ അപ്പം എന്നാണ്. ഒരു ശുദ്ധ ഉദ്ദേശ്യത്തിനു പ്രത്യേകം നിർമ്മിച്ച അപ്പമായിരിക്കരുത്. ദൈവത്തിൽ നിന്നും ലഭിച്ച അനുഗ്രഹങ്ങളുടെ ആനുപാതികമായി ഓരോ വ്യക്തിയും സ്വമേധാദാനങ്ങൾ അർപ്പിക്കണം. ഇവ ഹോമയാഗമോ, പാനീയയാഗമോ, ഭോജനയാഗമോ ആകാം. (ആവ, 16:10). പുത്രനും പുത്രിയും ദാസനും ദാസിയും ലേവ്യനും പരദേശിയും അനാഥനും വിധവയുംസന്തോഷിക്കുന്ന സമയമാണ് ഈ ഉത്സവകാലം. (ആവ, 16:11). യിസ്രായേൽ ഈജിപ്റ്റിൽ അടിമയായിരുന്നത് ഓർക്കുന്നതിനും ന്യായപ്രമാണം അനുസരിക്കുന്നതിനും ഉള്ള സമയമാണിത്. (ആവ, 16:12).

ബാബേൽ പ്രവാസാനന്തരം പെന്തെകൊസ്ത് ആചരിച്ചത് ഇപ്രകാരമാണ്: മറ്റുത്സവങ്ങളെക്കാളും പെന്തെകൊസ്തിന് ദൂരസ്ഥലങ്ങളിലുള്ള യെഹൂദന്മാർ യെരുശലേമിലേക്കു വന്നിരുന്നു. (അപ്പൊ, 2:9-11). പെന്തെകൊസ്തിനു തലേനാൾ തീർത്ഥാടകർ യെരൂശലേമിൽ പ്രവേശിക്കും. വിശുദ്ധ സഭായോഗത്തിന്റെ സാമീപ്യം വൈകുന്നേരത്ത് കാഹളം ഊതി വിളംബരം ചെയ്യും. ആദ്യയാമത്തിൽ യാഗപീഠം ശുദ്ധീകരിക്കുകയും അർദ്ധരാത്രിക്കുശേഷം ആലയത്തിന്റെ കവാടങ്ങൾ തുറന്നിടുകയും ചെയ്യും. പ്രഭാത യാഗത്തിനുമുമ്പു ജനങ്ങൾ കൊണ്ടുവരുന്ന എല്ലാ ഹോമ സമാധാന യാഗങ്ങളെയും പുരോഹിതൻ പരിശോധിക്കും. യാഗങ്ങളുടെ ക്രമം താഴെപറയുന്നതാണ്: ഒന്ന്; നിരന്തരമായ പ്രഭാതയാഗം. രണ്ട്; നിർദ്ദേശിച്ചിട്ടുള്ള ഉത്സവയാഗങ്ങൾ. (സംഖ്യാ, 28:26-30). ലേവ്യരുടെ ഹല്ലേൽ പാടൽ. ഇതിൽ ജനങ്ങളും പങ്കെടുക്കും. മൂന്ന്; ആദ്യഅപ്പം: ഈ അപ്പം താഴെപ്പറയുന്ന വിധമാണ് തയ്യാറാക്കുന്നത്. മൂന്നു സേയാ പുതിയ ഗോതമ്പ് ആലയത്തിൽ കൊണ്ടുവന്നു പൊടിച്ചു പന്ത്രണ്ടു അരിപ്പയിലൂടെ കടത്തിവിടും. അവശിഷ്ടം വീണ്ടെടുത്ത് ആർക്കും കഴിക്കാം. ഓരോ അപ്പത്തിനും 12 സേയാ മാവു പ്രത്യേകം എടുക്കാൻ ശ്രദ്ധിക്കും. നേരിയ ചൂടുള്ള വെള്ളത്തിൽ പ്രത്യേകം കുഴയ്ക്കുകയും ആലയത്തിൽ വച്ചു തന്നെ പ്രത്യേകമായി ചുടുകയും ചെയ്യും. ഉത്സവത്തിനു മുമ്പുള്ള വൈകുന്നേരത്തോ അതു ശബ്ബത്താണ് എങ്കിൽ രണ്ടു വൈകുന്നേരങ്ങൾക്കു മുമ്പോ അപ്പം ഉണ്ടാക്കണം.രണ്ടു ആട്ടിൻകുട്ടിയോടൊപ്പം ഈ അപ്പം നീരാജനാർപ്പണത്തിന്റെ ഭാഗമായി മാറുന്നു. നാല്; സ്വമേധാദാനങ്ങൾ കുടുംബത്തിന്റെ ഭക്ഷണമാണ്. അതിലേക്കു ലേവ്യൻ, വിധവ, പരദേശി, അനാഥൻ, ദരിദ്രൻ എന്നിവരെ ക്ഷണിക്കുന്നു.

യെഹൂദ്യ ഉത്സവമായ പെന്തെകൊസ്ത് ക്രൈസ്തവമായി തീർന്നതിന്റെ അടിസ്ഥാനം അപ്പൊസ്തല പ്രവൃത്തികൾ 2-ലെ സംഭവങ്ങളാണ്. അതോടുകൂടി ക്രിസ്തുവിന്റെ ശരീരമായ സഭയുടെ രൂപീകരണത്തിനുവേണ്ടി പരിശുദ്ധാത്മാവു അവരോഹണം ചെയ്തതിന്റെ നിഴലായി പെന്തകൊസ്തു പെരുന്നാൾ മാറി. ആദ്യഫലക്കറ്റ ചൂണ്ടിക്കാണിക്കുന്നതു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയാണ്. അതിന്റെ അമ്പതാം ദിവസമാണ് പെന്തെകൊസ്ത്. ആദികാലത്തു പെന്തെകൊസ്തനാളിൽ സ്നാനപ്പെടുന്നവർ ശുഭവസ്ത്രം ധരിച്ചിരുന്നു. അതിനാൽ ഈ ഞായറാഴ്ചയെ ശുഭഞായർ (White Sunday) എന്നു വിളിച്ചു. പെന്തെകൊസ്തിനു രണ്ടിടങ്ങഴി മാവുകൊണ്ടുള്ള രണ്ടപ്പമാണ് നീരാജനം ചെയ്യേണ്ടത്. അവ നേരിയ മാവു കൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതുമാണ്. പെന്തെകൊതിനു പുളിമാവു ദൈവാലയത്തിൽ സ്വീകാര്യമാണു. പുളിമാവു കൊണ്ടുണ്ടാക്കിയ രണ്ടു അപ്പം സഭയുടെ ഇരു ഘടകങ്ങളായ യെഹൂദന്മാരെയും ജാതികളെയും ചൂണ്ടിക്കാണിക്കുന്നു. സഭ തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ദുഷ്ടതയും തിന്മയുമായ പുളിപ്പു സഭയിലുണ്ട്. (മത്താ, 13:33). എന്നാൽ ഈ പുളിപ്പു ചുടപ്പെട്ടതാണ്. വീണ്ടെടുക്കപ്പെട്ടവരിലുള്ള പാപം ക്രിസ്തുവിൽ വിധിക്കപ്പെട്ടു എന്ന സത്യം ഇതു വെളിവാക്കുന്നു.

ആദ്യഫലപ്പെരുനാൾ

ആദ്യഫലപ്പെരുനാൾ

പെസഹയ്ക്കുശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ച്ച (ശബ്ബത്തിന്റെ പിറ്റെന്നാൾ) ആണ് ആദ്യഫലപെരുനാൾ. അന്ന് യിസ്രായേൽ മക്കൾ കൊയ്തത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരും. പുരോഹിതൻ ഈ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യും. (ലേവ്യ, 23:9-14). കൊയ്ത്തിന്റെ സമൃദ്ധിയെ ഇതു ചൂണ്ടിക്കാണിക്കുന്നു. ആദ്യഫലപ്പെരുനാൾ പുനരുത്ഥാനത്തിനു നിഴലാണ്. “ആദ്യഫലം ക്രിസ്തു; പിന്നെ കിവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം.” (1കൊരി, 15:23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ (ക്രിസ്തുവിൽ മരിച്ചവർ അഥവാ സഭ, പഴയ നിയമ വിശുദ്ധന്മാർ, മഹാപീഡനകാല വിശുദ്ധിന്മാർ) പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് ചിന്തിയ തിരശ്ശീലയ്ക്കു മുന്നിലായിരുന്നു. പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും, ആദ്യഫലക്കറ്റ സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്തു കഴിഞ്ഞുവെന്നും യോസേഫിന്റെ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല; കതിരുകളുടെ സമുഹമാണ് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകളുൾ ഉൾപ്പെടുന്നതാണു. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു ക്രിസ്തുവിന്റെ മരണസമയത്തു അനേകം വിശുദ്ധന്മാർ ഉയിർക്കുകയും, ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. “അപ്പോൾ മന്ദിരത്തിലെ തിരിശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമികുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധ നഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.” (മത്താ, 27;51-53).

പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുനാൾ

പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുനാൾ

പെസഹയെ തുടർന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളാണ്. അത് നീസാൻ അഥവാ ആബീബ് 15 മുതൽ 21 വരെ ഏഴു ദിവസം നീണ്ടു നിൽക്കും. ഈ ഏഴു ദിവസങ്ങളിലും രാവിലെയുള്ള യാഗത്തിനുശേഷം ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരു യാഗം നടത്തണം. പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. (പുറ, 12:15-20, 13:6-8, ആവ, 16:3-8). അന്ന് ഒരു വിശുദ്ധ സഭായോഗം ഉണ്ടായിരിക്കും. ശബ്ബത്തിൽ എന്നപോലെ ഒരു വേലയും ചെയ്യാൻ പാടില്ലാത്ത ആറു ദിവസങ്ങളിലൊന്നാണ് ഇത്. ശബ്ബത്തുനാളിൽ ഭക്ഷണം പാകം ചെയ്യാൻ പാടില്ല. (പുറ, 16:5,23,29, 35:2-3). എന്നാൽ വിശുദ്ധ സഭായോഗത്തിൽ ഭക്ഷണം പാകം ചെയ്യാം. (പുറ, 12:16, ലേവ്യ, 23:7, സംഖ്യാ, 28:18). സാമാന്യവേല ഒന്നും ചെയ്തു കൂടാത്ത മറ്റു അഞ്ചു ദിവസങ്ങൾ ഇവയാണ്. ഈ ഉത്സവത്തിന്റെ ഏഴാം ദിവസം, പെന്തകൊസ്തു ദിനം, നവവത്സരദിനം, കൂടാരപ്പെരുന്നാളിന്റെ ആദ്യത്തെയും അവസാനത്തെയും ദിവസങ്ങൾ. നിരന്തരയാഗം കൂടാതെ ഈ ദിവസവും ഇതിനെ തുടർന്നുളള ആറു ദിവസവും രണ്ടു കാളക്കുട്ടികൾ, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുളള ഏഴു ആട്ടിൻകുട്ടികൾ (ഭോജന യാഗത്തോടൊപ്പം) എന്നിവയെ ഹോമയാഗമായും ഒരു കോലാടിനെ പാപയാഗമായും അർപ്പിക്കണം. (സംഖ്യാ, 28:19-23). ഈ പൊതുവായ യാഗങ്ങളെ കൂടാതെ യെരൂശലേമിൽ കർത്താവിന്റെ സന്നിധിയിൽ വരുന്ന ഓരോ വ്യക്തിയും സ്വമേധാദാനവും അർപ്പിക്കണം. (പുറ, 23:15, ആവ, 16:16). സ്വമേധാദാനം താഴെപ്പറയുന്ന വിധം ആയിരിക്കണം: ഒന്ന്; 16 ധാന്യമണിയിൽ കുറയാത്ത വിലയുള്ള ഒരു ഹോമയാഗം. രണ്ട്; 32 ധാന്യമണിയിൽ കുറയാത്ത വിലയുള്ള ഒരു ഉത്സവാർപ്പണം. മൂന്ന്; ഒരു സമാധാനയാഗം (ആവ, 27:7). ഇതിന്റെ വില അർപ്പകന്റെ ഇഷ്ടപ്രകാരം ഉള്ളതായിരിക്കാം. (ആവ, 16:16-17).

യവക്കറ്റ കൊയ്യുന്നത് നീസാൻമാസം 16-നാണ്. ശബ്ബത്തിന്റെ പിറ്റെന്നാൾ ആണ് കൊയ്ത്തിലെ ആദ്യത്തെ കറ്റ (യവം) യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. (ലേവ്യ, 23:10-14). ചില പ്രത്യേക കാരണങ്ങളാൽ കെദോന് എതിരെ സുരക്ഷിതമായ ഭസ്മതാഴ്വരയിൽ (Ashes valley) വളരുന്ന യവം തിരഞ്ഞെടുക്കുക പതിവായിരുന്നു. കൃത്രിമ ജലസേചനവും വളവും കൂടാതെ പലസ്തീനിൽ വളരുന്ന യവം സ്വീകാര്യമാണ്. നിസാൻ 14-ാം തീയതി സന്നദ്രിം സംഘത്തിലെ പ്രതിനിധികൾ ആദ്യഫലം കൊയ്യേണ്ട സ്ഥലം അടയാളപ്പെടുത്തും. അവ നില്ക്കുമ്പോൾ തന്നെ കറ്റയായി ബന്ധിച്ചു വേർപെടുത്തും. ആദ്യഫലം കൊയ്യേണ്ടസമയം വരുമ്പോൾ (അതായത് നീസാൻ 15-ന്റെ വൈകുന്നേരം ആ ദിവസം ശബ്ബത്ത് ആയിരുന്നാൽപ്പോലും) സൂര്യൻ ഇറങ്ങുമ്പോൾ മൂന്നുപേർ, ഓരോരുത്തനും കുട്ടയും അരിവാളും കൊണ്ടു കൊയ്യാൻ തുടങ്ങും. അടുത്തു നില്ക്കുന്നവരോടു താഴെപ്പറയുന്ന ചോദ്യങ്ങൾ മുന്നു പ്രാവശ്യം വീതം ചോദിക്കും. ‘സൂര്യൻ ഇറങ്ങിപ്പോയോ?’ ‘ഈ അരിവാൾ കൊണ്ട്?’ ‘ഈ കുട്ടയിലേക്ക്?’ ‘ഈ ശബ്ബത്തിൽ?’ ഒടുവിലായി ‘ഞാൻ കൊയ്യട്ടോ?’ ഓരോ സമയവും വിധായകമായി ഉത്തരം കിട്ടുമ്പോൾ ഒരു ഏഫയ്ക്കു തുല്യമായ യവം അവർ കൊയ്തെടുക്കും. ഈ കതിരുകൾ ആലയത്തിന്റെ പ്രാകാരത്തിലേക്കു കൊണ്ടുവരും. ചൂരൽ കൊണ്ടോ മറ്റോ കറ്റ തല്ലും. അതിനാൽ ധാന്യം ചതയുകയില്ല. അതിനുശേഷം ധാന്യത്തെ സുഷിരങ്ങളുളള പാത്രത്തിലിട്ട് ‘പൊരിക്കും.’ ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ധാന്യത്തിലും തീ തട്ടും. അവസാനമായി കാറ്റിൽ തുറന്നു വയ്ക്കും, അതിനുശേഷം അതിനെ ആവശ്യമായ രീതിയിൽ പൊടിച്ചു അരിച്ചെടുക്കും. ഈ രീതിയിൽ നിർദ്ദേശിച്ചിട്ടുള്ള മാവു ശേഖരിക്കുകയും നീസാൻ 16-നു ആലയത്തിൽ അർപ്പിക്കുകയും ചെയ്യും. ഒരു ഓമറിൽ കൂടുതലുള്ളത് വീണ്ടെടുത്തു ഏതാവശ്യത്തിനും ഉപയോഗിക്കാം. ഒരു ഓമർ മാവ് ഒരു കുറ്റി എണ്ണയുമായി കലർത്തി അതിന്മീതെ ഒരു കൈ നിറയെ കുന്തുരുക്കം ഇട്ടു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യുകയും അതിൽനിന്നും ഒരു കൈനിറയെ എടുത്തു യാഗപീം ത്തിൽവച്ചു് ദഹിപ്പിക്കുകയും ചെയ്യും. (ലേവ്യ, 2:15-16). ഇതാണ് നീരാജനക്കറ്റയുടെ അർപ്പണം.

നീസാൻ 17 മുതൽ 20 വരെ ഈ ദിവസങ്ങൾ അർദ്ധവിശുദ്ധദിവസം ആണ്. പൊതു താൽപര്യമുളള അത്യാവശ്യകാര്യങ്ങൾ ചെയ്യാം. സ്വകാര്യനഷ്ടം വരാതെ സൂക്ഷിക്കുവാനും അനുവാദമുണ്ട്. സ്വകാര്യ ആവശ്യത്തിനോ പൊതു ആവശ്യത്തിനോ ഉള്ള ഒരു പുതിയ ജോലിയും ഈ ദിവസങ്ങളിൽ ആരംഭിക്കുവാൻ അനുവാദമില്ല. എന്നാൽ വരണ്ട സ്ഥലത്ത് ജലസേചനം നടത്തുക, കിണറുകൾ കുഴിക്കുക, നീർപ്പാത്തികൾ, ജലാശയങ്ങൾ, റോഡുകൾ, ചന്തകൾ എന്നിവ നന്നാക്കുക, ശവകുടീരങ്ങൾ വെള്ളപൂശുക എന്നിവ ചെയ്യാമായിരുന്നു. പഴങ്ങൾ, വസ്ത്രങ്ങൾ ഗാർഹിക ഉപകരണങ്ങൾ എന്നിവ വില്ക്കുന്നവർക്കു അത്യാവശ്യമായവ സ്വകാര്യമായി വില്ക്കാം. ആലയത്തിൽ ഉത്സവകാലത്തിനു നിർദ്ദേശിച്ചിട്ടുള്ള അധികയാഗങ്ങൾ നടത്തണം. ‘വലിയ ഹല്ലേലിനു’ പകരം ‘ചെറിയ ഹല്ലേൽ’ ആണു പാടുന്നത്. പെസഹയുടെ അവസാനദിവസമായ 21-ന് വിശുദ്ധ സഭായോഗം കൂടുന്നു. ആദ്യത്തെ ദിവസത്തിൽ എന്ന പോലെ എല്ലാ അനുഷ്ഠാനങ്ങളും ഈ ദിവസം ഉണ്ടോയിരിക്കും. എന്നാൽ ഇത് പെസഹാഭോജനത്തോടൊപ്പം അല്ല തുടങ്ങുന്നത്.

പെസഹപ്പെരുനാൾ

പെസഹപ്പെരുനാൾ

യിസ്രായേല്യരുടെ മൂന്നു വാർഷികോത്സവങ്ങളിൽ എറ്റവും പ്രധാനപ്പെട്ടതാണ് പെസഹ. ചരിത്രപരമായും മതപരമായും അതിനു പ്രാധാന്യമുണ്ട്. പെസഹാപെരുനാളെന്നും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളെന്നും ഇതിനെ അഭിന്നമായി വിളിക്കുന്നു. എന്നാൽ ഇവരണ്ടും രണ്ടാണ്. പെസഹായാഗത്തെയും ആ യാഗത്തെത്തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനെയും വിവേചിക്കുന്നതിന് രണ്ടാമത്തേതിനെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ എന്നു വിളിക്കുന്നു. (ലേവ്യ, 23:5). നീസാൻ മാസം (മാർച്ച്/ഏപിൽ) 14-ാം തീയതി വൈകുന്നേരമാണ് പെസഹ ആചരിക്കുന്നത്. അതിനെ തുടർന്നുള്ള എഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളാണ്. (ലേവ്യ, 23:5-6). നീസാൻ മാസം 15-ാം തീയതിയെ പെസഹയുടെ പിറ്റെന്നാൾ എന്നു പറയുന്നു. (സംഖ്യാ, 33:3, യോശു, 5:11). ഉത്സവത്തെ മുഴുവനും അതായതു പെസഹ സന്ധ്യയെയും ഉൾപ്പെടുത്തി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ എന്നു പറയുന്നു. (പുറ, 23:15, ലേവ്യ, 23:6, എസാ, 6:22, ലൂക്കൊ, 22:1,7, അപ്പൊ, 12:3, 20:6). എന്നാൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിന് യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. (2ദിന, 30:15, 35:1,11, മർക്കൊ, 14 :1). ന്യായപ്രമാണ കല്പനയനുസരിച്ചു് ശാരീരിക ദൗർബ്ബല്യം ഇല്ലാത്തവരും കാർമ്മികമായി ശുദ്ധിയുള്ളവരും ആയി എല്ലാ പുരുഷന്മാരും സംബന്ധിക്കേണ്ട മൂന്നു മഹോത്സവങ്ങളിൽ ഒന്നാണിത് (പുറ, 23:17, ആവ, 16:16). മറ്റു രണ്ടുത്സവങ്ങൾ വാരോത്സവം അഥവാ പെന്തെക്കൊസ്ത്, കൂടാരപ്പെരുനാൾ എന്നിവയാണ്.

പെസഹാസ്ഥാപനം: മിസ്രയീമിനെ പീഡിപ്പിച്ച പത്താമത്തെ ബാധയിൽ (കടിഞ്ഞുൽ സംഹാരം) നിന്നും യിസ്രായേല്യർ സംരക്ഷിക്കപ്പെട്ടതിന്റെയും മിസ്രയീമ്യദാസ്യത്തിൽ നിന്നു വിടുവിക്കപ്പെട്ടതിന്റെയും സ്മരണയായിട്ടാണ് പെസഹാ ആചരിക്കുന്നത്. (പുറ, 12:1-28). ഈ വിടുതലിനു ശേഷം യിസ്രായേൽ മക്കളെ യഹോവ തന്റെ ജനമായി സികരിച്ചു. അവരുടെ ഈജിപ്റ്റിൽ നിന്നുള്ള ബാഹ്യമായ വേർപാടിനെ തുടർന്നു ജാതീയ പ്രകൃതിയിൽ നിന്നുള്ള എല്ലാ ആന്തരികമായ വേർപാടിനും ദൈവികപ്രതിഷ്ഠ ആവശ്യമിയിരുന്നു. പെസഹയിലൂടെ ഈ പ്രതിഷ്ഠ അവർക്കു ലഭിച്ചു. കൃപയുടെ പുതിയ ജീവിതത്തിലേക്കും ദൈവവുമായുള്ള കട്ടായ്മയിലേക്കും ഉള്ള യിസ്രായേൽ ജനനത്തിൻ്റെ അടിസ്ഥാനമിട്ട ഉത്സവമാണ് പെസഹ. (ഹോശേ, 2:15, പുറ, 6:6-7).

പെസഹാചരണം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിനു തൊട്ടുമുമ്പു പെസഹ ആദ്യമായി സ്ഥാപിച്ചപ്പോൾ താഴെ പറയുന്ന രീതിയിലാണു പെസഹ ആഘോഷിച്ചത്. എല്ലാ കുടുംബത്തലവന്മാരും ഒരു വയസു പ്രായമുള്ള ഊനമില്ലാത്ത ആൺ ചെമ്മരിയാടോ, കോലാടോ നീസാൻ മാസം 10-ാം തീയതി തിരഞ്ഞെടുക്കണം. (പുറ, 12:3). നീസാൻ മാസം 14-ാം തീയതി സന്ധ്യാസമയത്ത് അതിനെ അറുക്കും. (പുറ, 12:6). കറാത്യ യെഹൂദന്മാരുടെ അഭിപ്രായത്തിൽ സൂര്യാസ്തമയത്തിനും പൂർണ്ണമായ ഇരുട്ടിനും ഇടയ്ക്കാണ് കുഞ്ഞാടിനെ അറുക്കേണ്ടതുണ്ട്. എന്നാൽ പരീശന്മാർക്കും റബ്ബിമാർക്കും അസ്തമയത്തിന് സൂര്യൻ ഇറങ്ങിപ്പോകുന്ന സമയമാണ് സന്ധ്യ (വൈകുന്നേരം 3-നും 6-നും മദ്ധ്യേ). അറുത്ത മൃഗത്തിന്റെ രക്തത്തിൽ ഈസോപ്പു മുക്കി വാതിലിന്റെ കട്ടിളക്കാൽ രണ്ടിന്മേലും കുറുമ്പടി മേലും പുരട്ടും. പെസഹ ആചരിക്കുന്ന ഭവനത്തിലാണ് ഇത് ചെയ്യുന്നത്. അതിനുശേഷം ഒരസ്ഥിപോലും ഒടിക്കാതെ ആടിന്റെ മാംസം ചുട്ടുതിന്നും. പരിച്ഛേദനം ഏറ്റ അടിമകളും പരദേശികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ എല്ലാവരും ആടിന്റെ മാംസം തിന്നും. പെസഹ ആചരിക്കുന്ന കുടുംബം ചെറുതാണെങ്കിൽ അയൽക്കാരും കൂടെ മാംസം തിന്നുന്നതിൽ പങ്കുചേരും. പെസഹയുടെ അതേ രാത്രിതന്നെ പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതിനെ തിന്നും. അന്നു വൈകുന്നേരം പെസഹ കഴിക്കുന്നവർ അര കെട്ടിയും കാലിനു ചെരിപ്പിട്ടും കയ്യിൽ വടിപിടിച്ചും കൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെട്ടു പോകാൻ ഒരുങ്ങിയ നിലയിലാണ് പെസഹ കഴിക്കുന്നത്. ഭക്ഷിക്കാതെ ശേഷിക്കുന്ന മാംസം പിറ്റേ ദിവസം രാവിലെ ചുട്ടുകളയും. വീടിനുപുറത്തു അതു കൊണ്ടുപോകാൻ പാടില്ല. (പുറ, 12:1-13, 21-23, 28, 43-51). സ്ഥിരമായ പെസഹയിൽനിന്നു വ്യത്യസ്തമായ ഇതിനെ ‘ഈജിപ്ഷ്യൻ’ പെസഹ എന്നു വിളിക്കുന്നു. പാപയാഗത്തിന്റെ സൂചന ഉൾക്കൊള്ളുന്ന പെസഹ കുഞ്ഞാടു ഒരു യാഗമായിരുന്നു. പങ്കാളികൾക്കു പകരം കുഞ്ഞാടു കഷ്ടം സഹിച്ചു. സ്ഥിരമായ ഒരു പ്രത്യേക വിശുദ്ധമന്ദിരം ഇല്ലാത്തതുകൊണ്ടു എല്ലാ വീടുകളും മന്ദിരങ്ങളും യാഗപീഠങ്ങളുമായി മാറി. കട്ടിളക്കാലിന്മേലും കുറുമ്പടി മേലും പുരട്ടുന്ന രക്തം ആ ഗൃഹം അനുകമ്പാർഹം എന്നു ചൂണ്ടിക്കാണിക്കുന്നു. പാപം ക്ഷമിക്കുന്നതിലൂടെ സിദ്ധമായ ദയയെയും നിരപ്പിനെയും തുടർന്നു ഭക്ഷണം കഴിക്കും. അങ്ങനെ യാഗം ഒരു കൂദാശയായും യാഗ മാംസം കൃപാമാദ്ധ്യമമായും മാറും. പുളിപ്പില്ലാത്ത അപ്പം ആത്മീയ വിശുദ്ധിയുടെ പ്രതീകമാണ്. യിസ്രായേല്യർ മിസ്രയീമിൽ അനുഭവിച്ച തിക്താനുഭവങ്ങളുടെ അടയാളമാണ് കൈപ്പുചീര.

യാഗങ്ങൾ: ഭോജനയാഗത്തോടും പാനീയയാഗത്തോടും ഒപ്പം പതിവായി രാവിലെയും വൈകുന്നേരവും നടത്തുന്ന യാഗങ്ങൾ. രണ്ടു കാളക്കിടാങ്ങൾ, ഒരു ആട്ടുകൊറ്റൻ, ഒരു വയസു പ്രായമുള്ള ഏഴു ആട്ടിൻകുട്ടി എന്നിവ അവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടി അർപ്പിക്കുന്നു. ഇവ രാവിലെയുള്ള യാഗത്തിനുശേഷം നടത്തുന്നതാണ്. (സംഖ്യാ, 28:19-24).

സഭായോഗം: ഉത്സവത്തിന്റെ ഒന്നാം ദിവസവും ഏഴാം ദിവസവും വിശുദ്ധസഭായോഗം കൂടണം. ആഹാരം പാകം ചെയ്യുന്നതു ഒഴികെ മറ്റെല്ലാ ജോലിയിൽ നിന്നും വിശ്രമിക്കണം. ഇടയ്ക്കുള്ള ദിവസങ്ങളിൽ എല്ലാ ജോലിയും ചെയ്യാം. എന്നാൽ ഇതിനിടയിൽ ശബ്ബത്തു വന്നാൽ ശബ്ബത്തു വളരെ നിഷ്ഠയായി ആചരിക്കണം. ശബ്ബത്തു അർപ്പണത്തിനു ശേഷമേ ഉത്സവാർപ്പണം നടത്തുകയുള്ളൂ. ഉത്സവത്തിന്റെ രണ്ടാം ദിവസം (നീസാൻ-16) പുതിയ കൊയ്ത്തിന്റെ ആദ്യത്തെ യവക്കറ്റ പ്രതീകാത്മകമായി നീരാജനം ചെയ്ത ദൈവസന്നിധിയിൽ അർപ്പിക്കണം. യാഗപീഠത്തിൽ ദഹിപ്പിക്കാൻ പാടില്ല. ഇതോടൊപ്പം ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അതിന്റെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടെ ഹോമയാഗമായി അർപ്പിക്കണം. ഈ അർപ്പണത്തിനു മുമ്പു പുതിയ വിളവിന്റെ അപ്പമോ മലരോ തിന്നാൻ പാടില്ല. (ലേവ്യ, 23:9-14). ദൈവസന്നിധിയിൽ വരുന്നവർ ഹോമയാഗവും വിശുദ്ധയാഗവുമായ കാളയെയും ആടിനെയും സ്വമേധയാ കൊണ്ടുവരികയും യാഗഭോജനം കഴിക്കുകയും വേണം. (പുറ, 23:15, ആവ, 16:2). വിശുദ്ധ സഭായോഗത്തോടും വിശ്മമത്തോടും കൂടെ 2-ാം തീയതി ഉത്സവം അവസാനിക്കും.

ചരിത്രം: യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നും പുറപ്പെട്ടു വന്നതിന്റെ തലേദിവസം വൈകുന്നേരം പെസഹ ആചരിച്ചു. (പുറ, 12:28). തുടർന്നു പുറപ്പാടിനു രണ്ടുവർഷത്തിനു ശേഷവും പെസഹ ആചരിച്ചു. (സംഖ്യാ, 9:1-5). അനന്തരം കനാനിൽ പ്രവേശിച്ചതുവരെ പെസഹ ആചരിച്ചില്ല. (യോശു, 5:10). ബാബിലോന്യ പ്രവാസത്തിനും വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനത്തിനും മദ്ധ്യ മുന്നു പ്രാവശ്യം മാത്രം പെസഹ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1. ശലോമോൻ – (2ദിന, 8:12-13). 2. യെഹിസ്കീയാവ് – ദേശീയാരാധന പുനഃസ്ഥാപിച്ചപ്പോൾ. (2ദിന, 30:15). 3. യോശീയാവ് – (2രാജാ, 23:21, 2ദിന, 35:1-19) എന്നിവരുടെ കാലങ്ങളിൽ. എന്നാൽ ഈ കാലങ്ങളിൽ മാത്രമേ പെസഹ ആഘോഷിച്ചുള്ളു എന്നു അനുമാനിക്കുവാൻ നിവൃത്തിയില്ല. പില്ക്കാലത്തു കൃത്യനിഷ്ഠയോടും സാർവ്വത്രികമായും പെസഹ ആഘോഷിച്ചു.

പെസഹ പ്രവാസാനന്തരം: ബാബിലോന്യ പ്രവാസത്തിൽ നിന്നും മടങ്ങിവന്നശേഷം പെസഹ കൃത്യമായും ചിട്ടയായും ആചരിച്ചു തുടങ്ങി. പെസഹയുടെ നിയമം, രീതി, അനുഷ്ഠാനം എന്നിവ കൃത്യമായി രേഖപ്പെടുത്തി. ഇവയെല്ലാം യേശുക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും കാലത്തുള്ളതുപോലെ ആയിരുന്നു. അതിനാൽ പുതിയനിയമം മനസ്സിലാക്കുന്നതിനു അവയെക്കുറിച്ചുള്ള അറിവ് സഹായമാണ്.

മഹാശബ്ബത്ത്: നീസാൻ മാസം 10-ാം തീയതി: പെസഹയ്ക്ക് തൊട്ടുമുമ്പുള്ള ശബ്ബത്താണ് മഹാശബ്ബത്ത്. പാരമ്പര്യം അനുസരിച്ച് നീസാൻ മാസം 10-ാം തീയതി പെസഹ കുഞ്ഞാടിനെ തിരഞ്ഞെടുക്കണം. അതു ശബ്ബത്തിലാണ്. അതു കൊണ്ടാണ് ഈ ദിവസത്തെ മഹാശബ്ബത്തു എന്നു വിളിക്കുന്നത്. പില്ക്കാല നിയമം അനുസരിച്ച് കുഞ്ഞാടിനെ നാലുദിവസം മുമ്പ് വേർതിരിക്കേണ്ടതില്ല. എന്നാൽ ജനത്തോട് കടമകളെക്കുറിച്ചു അവരെ ഉപദേശിക്കുന്നതിനു ശബ്ബത്ത് പ്രയോജനപ്പെടുത്തി. പൊതുവായ അനുഷ്ഠാനങ്ങൾ കൂടാതെ ഈജിപ്റ്റിൽ നിന്നുള്ള വിടുതലിനെ ഒാർത്തുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തും. ദൈവത്തിനു യിസ്രായേല്യരോടുള്ള പ്രത്യേക സ്നേഹവും പെസഹ ആചരിക്കേണ്ട അവരുടെ കടമയും ശബ്ബത്തിൽ ജനങ്ങളോടു വിവരിക്കും. അന്നത്തെ പാഠഭാഗമായി മലാഖി 3:1-4:6 വായിക്കുകയും ഉത്സവത്തെ സംബന്ധിക്കുന്ന നിയമങ്ങളെയും ഗാർഹിക കടമകളെയും വിശദമാക്കി പ്രസംഗിക്കുകയും ചെയ്യും. (യോഹന്നാൻ 19:31-ൽ പറയുന്ന ശബ്ബത്ത് ഇതായിരിക്കണം.

നീസാൻ 13-ാം തീയതി: 13-ാം തീയതി വൈകുന്നേരം മുതൽ 14-ാം തീയതി വൈകുന്നേരം വരെ പെസഹയുടെ ‘ഒരുക്കനാൾ’ ആണ്. (യോഹ,19:14). ഗൃഹനാഥൻ മെഴുകുതിരിയുടെ വെളിച്ചത്തിൽ പുളിപ്പു മുഴുവൻ അന്വേഷിച്ചു ശേഖരിക്കും. അന്വേഷണത്തിന്റെ പ്രാരംഭമായി ഈ ആശീർവാദം പറയും. “അവിടുത്തെ കല്പനകളാൽ ഞങ്ങളെ വിശുദ്ധീകരിക്കുകയും പുളിപ്പു മാറ്റാൻ കല്പിക്കുകയും ചെയ്ത സർവ്വ പ്രപഞ്ചത്തിന്റെയും രാജാവേ, ഞങ്ങളുടെ ദൈവമായ കർത്താവേ അവിടുന്നു വാഴ്ത്ത പ്പെടട്ടെ.” അന്വേഷണത്തിനുശേഷം ഇങ്ങനെ പറയും; “എനിക്കു കണ്ടെത്താൻ കഴിയാതെ എന്റെ കൈവശമുളള പുളിപ്പു ശൂന്യമാണെന്നു കണ്ടാലും; അതു ഭൂമിയിലെ പൊടിയായി കണക്കാക്കപ്പെടും.”

നീസാൻ 14-ാം തീയതി: നീസാൻ പതിനാലാം തീയതി വൈകുന്നേരം വരെയുള്ള ദിവസം ‘പെസഹയുടെ ഒരുക്കനാൾ’ അഥവാ ‘പെസഹയുടെ ഒന്നാം ദിവസം’ ആണ്. (ലേവ്യ, 23:5-7). തുന്നൽക്കാർ, ക്ഷുരകർ, അലക്കുകാർ എന്നിവർ ഒഴികെയുള്ള എല്ലാ കരകൗശലവിദഗ്ദ്ധരും പലിസ്തീനിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നിലവിലുളള കീഴ്വഴക്കം അനുസരിച്ച് രാവിലെ മുതലോ ഉച്ചമുതലോ വേല നിർത്തും. ഉച്ചയ്ക്ക് ശേഷം പുളിപ്പുളളതൊന്നും ഭക്ഷിക്കുവാൻ പാടില്ല. പുളിപ്പുളളവ ശേഷിക്കുന്നു എങ്കിൽ അവ ചുട്ടുകളയേണ്ടതാണ്. ലേവ്യനിയമപ്രകാരം ശുദ്ധരും ശാരീരിക ദൗർബ്ബല്യം ഇല്ലാത്തവരും ആയി എല്ലാ യിസായേൽമക്കളും 14-ാം തീയതി പ്രാപ്തിയുള്ളതു പോലെ വഴിപാടുമായി കർത്താവിന്റെ സന്നിധിയിൽ ചെല്ലണം. (പുറ, 23:15, ആവ, 16:16-17). നിയമപരമായി വിശുദ്ധമന്ദിരത്തിലേക്കു വരുവാൻ സ്ത്രീകൾ ബാദ്ധ്യസ്ഥരല്ല. എന്നാൽ അവരെ അതിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടില്ല. (1ശമൂ,1:7, ലൂക്കൊ, 2:41-42).

പെസഹാ കുഞ്ഞാടിന്റെ അർപ്പണം: പെസഹാ കുഞ്ഞാട് ഊനമില്ലാത്തതും എട്ടു ദിവസത്തിനും ഒരു വർഷത്തിനും ഇടയ്ക്കു പ്രായമുള്ളതും ആയിരിക്കണം. ദൈവാലയത്തിലേക്കു പോകുന്ന പത്തിൽ കുറയാത്തതും 20-ൽ കൂടാത്തതും ആയ ഒരു സംഘത്തിന് ഒരാട്ടിൻകുട്ടി വേണം. നിരന്തരമുളള സന്ധ്യായാഗത്തിൽ (പുറ, 29:38-39) യാഗമൃഗത്തെ കൊല്ലുന്നത് 8.30 മണിക്കും (2.30 p.m) അർപ്പിക്കുന്നതാ 9.30 മണിക്കും (3.30 p.m) ആണ്. എന്നാൽ നീസാൻ 14-ന് യാഗമഗത്തെ കൊല്ലുന്നത് 1.30 p.m-നും അർപ്പിക്കുന്നത് 2.30 p.m-നും ആണ്. ഇത് പതിവിൽ നിന്നും ഒരു മണിക്കൂർ മുമ്പാണ്. എന്നാൽ നീസാൻ 14 വെള്ളിയാഴ്ചയാണ് വരുന്നതെങ്കിൽ മൃഗത്തെ 12:30-ന് അറുക്കുകയും 1:30-ന് അർപ്പിക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ശബത്ത് ലംഘനം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് രണ്ടു മണിക്കൂർമുമ്പ് ചെയ്യുന്നത്.

സുഗന്ധധൂപം കത്തിക്കുന്നതിനു മുമ്പു പെസഹായാഗം അർപ്പിക്കേണ്ടതാണ്. മൂന്നു ഉത്സവവിഭാഗങ്ങളിൽ ആദ്യത്തേതിനെ പെസഹാ കുഞ്ഞാടുകളുമായി പുരോഹിതന്മാരുടെ പ്രാകാരത്തിനുള്ളിൽ പ്രവേശിപ്പിക്കും. ഓരോ വിഭാഗത്തിലും 30-ൽ കുറയാതെ ആളുകൾ ഉണ്ടാവും. ഉടൻ തന്നെ കവാടം അടയ്ക്കും. പുരോഹിതന്മാർ മൂന്നു പ്രാവശ്യം വെളളി കാഹളം ഊതുമ്പോൾ പെസഹ അറുക്കപ്പെടും. ഹോമയാഗപീഠം വരെ പ്രാകാരത്തിൽ നെടുകെ പുരോഹിതന്മാർ രണ്ടു നിരയായി നില്ക്കും. ഒരു നിരയിലുളളവർ സ്വർണ്ണപാത്രങ്ങളും മറ്റേ നിരയിലുള്ളവർ വെളളിപാത്രങ്ങളും വഹിച്ചിരിക്കും. ഓരോ യിസ്രായേല്യനും തനിക്കുവേണ്ടി കൊന്ന പെസഹാകുഞ്ഞാടിന്റെ രക്തം അവയിലെടുത്ത് അടുത്തു നില്ക്കുന്ന പുരോഹിതന്റെ കയ്യിൽ കൊടുക്കും. രക്തം നിറച്ച് പാത്രം കൈമാറി യാഗപീഠത്തിനടുത്തുളള പുരോഹിതന്റെ കയ്യിൽ എത്തും. ആ പുരോഹിതൻ യാഗപീഠത്തിന്റെ ചുവട്ടിൽ രക്തം ഒഴിക്കും. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുമ്പോൾ ലേവ്യർ പാടും. തുടർന്നു യാഗം അർപ്പിച്ച് മൃഗങ്ങളെ പ്രാകാരത്തിൽ കൊളുത്തുകളിൽ തൂക്കിയിടും. തുടർന്നു തൊലിയുരിച്ച് കുടലുകൾ നീക്കി വെടിപ്പാക്കി അകത്തുള്ള മേദസ്സ് നീക്കി ഒരു പാത്രത്തിൽ വച്ച് ഉപ്പിട്ട് ഹോമയാഗപീഠത്തിന്മേൽ അഗ്നിയിൽ വെക്കും. അതോടുകൂടി യാഗം പൂർത്തിയാകും.

പെസഹാഭോജനം: അതിഥികൾ ഭംഗിയായി ഉത്സവവസ്ത്രം ധരിച്ചു സന്തോഷത്തോടു കൂടെ പെസഹാ മേശയ്ക്ക് ചുറ്റും സ്വസ്ഥരായി ഇരിക്കും. ആ സമയം അവർ രാജാവിന്റെ മക്കളെപ്പോലെയാണ്. ഇതു പ്രകടമാക്കുന്നതിന് ഭോജനത്തിന്റെ ഒരംശമെങ്കിലും ചരിഞ്ഞിരുന്നു ഭക്ഷിക്കേ ണ്ടതാണ്. ഇടതു കൈമുട്ടു മേശയിൽ വച്ച് തല കയ്യിൽ കൊടുത്തു് ഇരിക്കണം. വലതുകൈയുടെ സ്വത്രന്തമായ ചലനത്തിന് ആവശ്യമുള്ള ഇടംവിട്ടാണ് ഓരോ അതിഥിയും ഇരിക്കേണ്ടത്. യോഹന്നാൻ ക്രിസ്തുവിന്റെ മാർവ്വിടത്തിൽ ചാരിയതും അതിനുശേഷം നെഞ്ചോടു ചാഞ്ഞതും എങ്ങനെയാണെന്നു ഇതിൽ നിന്നും വ്യക്തമാണ്. (ലൂക്കൊ, 22:14-23, യോഹ, 13:23-25). ഗൃഹനാഥൻ (നായകൻ) മാന്യസ്ഥാനം വഹിക്കും. ആദ്യപാനപാത്രത്തിനു അദ്ധ്യക്ഷൻ ആശീർവാദം പറയും. അതോടുകൂടി പെസഹ അത്താഴം ആരംഭിക്കും. പാനപാത്രം കുടിച്ചു കഴിഞ്ഞശേഷം ഒരു പാത്രം വെള്ളവും തുവർത്തും കൈമാറുകയോ അതിഥികൾ കൈകഴുകുവാൻ എഴുന്നേല്ക്കുകയോ ചെയ്യും. (യോഹ, 13:4,5,12). വീണ്ടും ആശീർവാദം പറയും. തുടർന്നു പെസഹാഭോജനം ഒരുക്കിയ മേശവയ്ക്കും. അദ്ധ്യക്ഷൻ കയ്പ്പുചീര ചാറിൽ മുക്കി ഭക്ഷിക്കുകയും മറ്റുള്ളവർക്കു കൊടുക്കുകയും ചെയ്യും. (മത്താ, 26:23, യോഹ, 13:26). ഒട്ടും താമസിയാതെ മേശപ്പുറത്തുനിന്നും പാത്രങ്ങൾ മാറ്റിയ ശേഷം രണ്ടാമത്തെ പാനപാത്രം നിറയ്ക്കും. അപ്പോൾ പുതൻ പിതാവിനോടു ഇപ്രകാരം ചോദിക്കും: “മറ്റു രാത്രികളിൽ നിന്നും ഈ രാത്രിക്കുള്ള പ്രത്യേകത എന്താണ്? മറ്റു രാത്രികളിലെല്ലാം നാം പുളിപ്പുളളതോ പുളിപ്പില്ലാത്തതോ ആയ അപ്പം ഭക്ഷിക്കുന്നു; എന്നാൽ ഈ രാത്രി പുളിപ്പില്ലാത്ത അപ്പം മാത്രം. മറ്റു രാത്രികളിലെല്ലാം നാം ഏതു ചീരയും ഭക്ഷിക്കുന്നു; എന്നാൽ ഈ രാതി കൈപ്പു ചീര മാത്രം. മറ്റു രാത്രികളിലെല്ലാം നാം ഇറച്ചി ചുട്ടോ, തിളപ്പിച്ചോ കഴിക്കുന്നു; എന്നാൽ ഇന്നു ചുട്ടതു മാത്രം. മറ്റു രാത്രികളിലെല്ലാം നാം (ചീര) ഒരു പ്രാവശ്യം മാത്രം മുക്കും; എന്നാൽ ഈ രാത്രി രണ്ടു പ്രാവശ്യം.” മറുപടിയായി അബ്രാഹാമിന്റെ പിതാവായി തേരഹ് മുതൽ ഉളള ദേശീയ ചരിത്രവും മിസയീമിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലും ന്യായപ്രമാണ ദാനവും എല്ലാം ഗൃഹനാഥൻ വ്യക്തമായി വിവരിക്കും. പെസഹാപാത്രങ്ങൾ മേശപ്പുറത്തു തിരികെ വയ്ക്കും. തുടർന്നു ക്രമമായി പെസഹാമാംസം വെച്ചിട്ടുള്ള പാത്രവും കൈപ്പുചീരയുള്ള പാത്രവും പുളിപ്പില്ലാത്ത അപ്പത്തിന്റെ പാത്രവും അദ്ധ്യക്ഷൻ എടുത്തു ഓരോന്നിന്റെയും പ്രാധാന്യം വിശദമാക്കും. ഹല്ലേലിന്റെ ആദ്യ ഭാഗം (സങ്കീ, 113-114) പാടി ഒടുവിലായി സ്തോത്രം ചെയ്യും. “ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നും വീണ്ടെടുക്കുകയും ഞങ്ങളെ വീണ്ടെടുക്കുകയും ചെയ്ത പ്രപഞ്ചരാജാവായ ഞങ്ങളുടെ ദൈവമായ യഹോവേ നീ വാഴ്ത്തപ്പെട്ടവൻ” തുടർന്നു രണ്ടാമത്തെ പാനപാത്രം കുടിക്കുകയും മുമ്പിലത്തെ പ്രാർത്ഥന ചൊല്ലി കൈകൾ കഴുകുകയും ചെയ്യും. പുളിപ്പില്ലാത്ത അപ്പത്തിലൊന്നു മുറിച്ചു സ്തോത്രം ചെയ്യും.

പുളിപ്പില്ലാത്ത അപ്പവും, കൈപ്പുചീരയും പെസഹ കുഞ്ഞാടുമാണ് പെസഹ അത്താഴത്തിൽ ഉൾക്കൊള്ളു ന്നത്. അതിനുശേഷം മറ്റൊന്നും കഴിക്കാൻ പാടില്ല. ഇതിൽ പങ്കെടുക്കുന്നവരുടെ അവസാനഭക്ഷണം തന്മൂലം ഈ മാംസം ആയിരിക്കും. ഒടുവിൽ ‘അഫികൊമെൻ’ എന്നു വിളിക്കുന്ന ഒരു കഷണം പുളിപ്പില്ലാത്ത അപ്പം കഴിച്ചു പെസഹ അത്താഴം അവസാനിപ്പിക്കും. കൈകൾ വീണ്ടും കഴുകി മൂന്നാമത്തെ പാനപാത്രം നിറച്ച് ഭോജനാനന്തരം ആശീർവാദം പറയും. നാലാമത്തെ പാനപാത്രത്തോടൊപ്പം ഹല്ലേലിന്റെ രണ്ടാംഭാഗം (സങ്കീ, 115-118) പാടും. അതിൽനിന്നും ഈ പാത്രത്തിന് ഹല്ലേൽ പാത്രം എന്ന പേർ ലഭിച്ചു.

ചെറു പെസഹ: രണ്ടാമത്തെ പെസഹ അഥവാ ചെറുപെസഹാ ലേവ്യനിയമപ്രകാരമുള്ള അശുദ്ധിയുള്ളവർക്കും പെസഹ കഴിക്കാവാൻ സാധിക്കാതെ ദൂരയാത്രയിലായിരിക്കുന്നവർക്കും ഒരു മാസം കഴിയുമ്പോൾ ‘ഇയ്യാർ 14-ാം തീയതി’ രണ്ടാമത്തെ അഥവാ ചെറുപെസഹ ആചരിക്കാം. (സംഖ്യാ, 9:9-12). ഈ രണ്ടാമത്തെ പെസഹയിൽ പുളിപ്പില്ലാത്തതും പുളിപ്പുള്ളതുമായ അപ്പം വീടുകളിൽ സൂക്ഷിക്കാം. പെസഹാഭോജനത്തിന് ഹല്ലേൽ പാടേണ്ടതില്ല. അശുദ്ധന് ഈ അത്താഴം കഴിക്കാൻ പാടില്ല.