ദൈവത്തിന്റെ മുന്തിരിത്തോട്ടം
യിസ്രായേൽ മക്കളുടെ ജീവിതധാരയിൽ മുന്തിരിച്ചെടിക്ക് വളരെയധികം സ്ഥാനമുണ്ടായിരുന്നു. മുന്തിരിച്ചെടി അവരുടെ കാർഷിക വിളകളിലെ ഒരു പ്രധാന ഇനമായിരുന്നതുകൊണ്ട് മുന്തിരിക്കുഷിക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും അവർക്കു നന്നായി അറിയാമായിരുന്നു. താൻ തിരഞ്ഞെടുത്തു വളർത്തിയ ജനത്തിനും, മുന്തിരിത്തോട്ടത്തിനു നൽകൂന്നതുപോലുള്ള കരുതലും ശുശ്രൂഷയും താൻ നൽകിയെന്നും ഫലവത്തായ ഒരു കുന്നിന്മേലാണ് താൻ മുന്തിരിത്തോട്ടം നട്ടുവളർത്തിയതെന്നും സർവ്വശക്തനായ ദൈവം അരുളിചെയ്യുന്നു. (യെശ, 5:1). വന്യമ്യഗങ്ങൾ അതിനെ നശിപ്പിക്കാതിരിക്കുവാൻ തന്റെ മുന്തിരിത്തോട്ടത്തിനു ചുറ്റും വേലികെട്ടി, മുന്തിരിവള്ളിയുടെ വളർച്ചയ്ക്കു തടസ്സം സൃഷ്ടിക്കുന്ന കല്ലുകൾ നീക്കിക്കളഞ്ഞ് നിലം ഒരുക്കിയശേഷം, ദൈവം അതിൽ നല്ല ഇനം മുന്തിരിവള്ളി നട്ടു. കവർച്ചക്കാരിൽനിന്ന് തന്റെ തോട്ടത്തെ കാത്തുരക്ഷിക്കുന്നതിന് അവരുടെ ആഗമനം നിരീക്ഷിക്കുവാൻ തോട്ടത്തിന്റെ നടുവിൽ ഒരു ഗോപുരം പണിതു. തന്റെ മുന്തിരിവള്ളി ഫലം പുറപ്പെടുവിക്കും എന്നുള്ള ശുഭപ്രതീക്ഷയിൽ തന്റെ മുന്തിരിത്തോട്ടത്തിൽ ദൈവം ഒരു മുന്തിരിച്ചക്കും സ്ഥാപിച്ചു. നല്ല മുന്തിരിങ്ങ കായ്ക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും കായ്ച്ചത് കാട്ടുമുന്തിരിങ്ങ ആയിരുന്നു. ദൈവം കുപ്പയിൽ നിന്നെടുക്കുകയും മറ്റുള്ളവർക്കു നൽകാത്ത അനുഗ്രഹങ്ങൾ നൽകുകയും, ആ അനുഗ്രഹത്തിന്റെ തോട്ടത്തിൽ വേരുറയ്ക്കുകയും ചെയ്തശേഷം തങ്ങളെ നട്ടുവളർത്തിയ ദൈവത്തെ അനകർ മറന്നുപോകാറുണ്ട്. ആ നല്ല സാഹചര്യത്തിൽ നിൽക്കുമ്പോൾ ദൈവത്തെ സ്നേഹിക്കുവാനോ അനുസരിക്കുവാനോ ദൈവസ്വഭാവത്തിൽ ജീവിക്കുവാനോ അനേകർക്കു കഴിയാറില്ല. മുന്തിരിവള്ളിയെപ്പോലെ ദൈവം നട്ടു നനച്ച് ശുശ്രൂഷിച്ചതിനാലാണ് ദേവദാരുവിനെപ്പോലെ ഉയരത്തിൽ വളർന്നു നിൽക്കുന്നതെന്ന് (സങ്കീ, 80:10) അവർ ഓർക്കുന്നില്ല. ആ ഉയരത്തിൽ എത്തിനിൽക്കുമ്പോൾ ആർക്കും തങ്ങളെ ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ലെന്ന അഹന്തയാൽ നിറയുന്ന അവർ ദൈവവിഷയത്തിൽ ഉദാസീനരാകുകയും ക്രമേണ ദൈവത്തെ സമ്പൂർണ്ണമായി മറന്നുകളയുകയും ചെയ്യുന്നു. കാട്ടുമുന്തിരിങ്ങ കായ്ച്ച മുന്തിരിത്തോട്ടത്തെ വന്യമൃഗങ്ങൾ ചവിട്ടിമെതിച്ച്, തിന്നുമുടിച്ച് ശൂന്യമാക്കുവാൻ തക്കവണം അതിന്റെ വേലി പൊളിച്ചുകളയുകയും മതിൽ ഇടിച്ചുകളയുകയും ചെയ്യുമെന്ന് (യെശ, 5:5) അരുളിച്ചെയ്ത ദൈവം, തന്നെ മറന്ന തന്റെ മുന്തിരിത്തോട്ടമായ യിസ്രായേലിനോട് അപ്രകാരം ചെയ്തു എന്ന യാഥാർത്ഥ്യം നാം വിസ്മരിക്കരുത്.