യഹോവയെ പ്രകീർത്തിക്കുവിൻ
അനുദിന ജീവിതത്തിൽ നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും കൊച്ചുകൊച്ചു നേട്ടങ്ങൾപോലും പ്രകീർത്തിക്കുന്നവരും പുകഴ്ത്തുന്നവരുമാണ് നാം. നമ്മുടെ സംഭാഷണങ്ങളിൽ നമുക്കിഷ്ടപ്പെട്ട പാട്ടുകളും പ്രസംഗങ്ങളും,, അതുപോലെ പൊതുജന ശ്രദ്ധയാകർഷിക്കുന്ന പലതിന്റെയും അപദാനങ്ങൾ കടന്നുവരാറുണ്ട്. എന്നാൽ ദൈവത്തിൽ വിശ്വസിക്കുകയും ദൈവജനമെന്ന് അഭിമാനിക്കുകയും ചെയ്യുന്ന നമുക്ക് നമ്മെ കരംപിടിച്ചു വഴിനടത്തുന്ന ദൈവത്തെ എത്രമാത്രം പ്രകീർത്തിക്കുവാൻ കഴിയുന്നുണ്ടെന്നു പരിശോധിക്കണ്ടിയിരിക്കുന്നു. അനുദിനം ദൈവത്തെ സ്തുതിക്കുന്നതിലും പൂകഴ്ത്തുന്നതിലും ദൈവത്തിന്റെ മഹിമകൾ വർണ്ണിക്കുന്നതിലും ദാവീദിനെപ്പോലെ ഉത്സുകനായ മറ്റൊരാളെ തിരുവചനത്തിൽ കാണുവാൻ കഴിയുന്നില്ല. യിസ്രായേലിന്റെ സിംഹാസനത്തിൽ ആരൂഢനായിരിക്കുമ്പോഴും, താൻ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു ഇടയചെച്ചെറുക്കൻ ആയിരുന്നുവെന്നും, തനിക്ക് ആ സിംഹാസനം നൽകിയത് സർവ്വശക്തനായ ഹോവയാണെന്നും അവൻ മറന്നില്ല. മായാത്തതും മങ്ങാത്തതുമായ ആ പൂർവ്വകാല സ്മരണ ദാവീദിന് ഉണ്ടായിരുന്നതുകൊണ്ടാണ് അവൻ മതിവരാതെ ദൈവത്തെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്തത്. പിൽക്കാലത്ത് തന്റെ സിംഹാസനം നഷ്ടപ്പെട്ട് യെഹൂദാമരുഭൂമിയിൽ ഉഴലുമ്പോഴും ദൈവത്തെ പ്രകീർത്തിക്കുകയും ദൈവത്തിന്റെ മഹത്ത്വത്തെ വർണ്ണിക്കുകയും ചെയ്യുന്ന ദാവീദ് ദൈവജനത്തിന്റെ മഹത്തായ മാത്യകയാകണം. തന്റെ വാഴ്ച്ചയുടെ ആരംഭത്തിൽ പഞ്ഞിനൂലുകൊണ്ടുള്ള അങ്കിമാത്രം ധരിച്ച് താൻ യിസ്രായേലിന്റെ രാജാവാണെന്നുള്ളതു മറന്ന് യഹോവയുടെ പെട്ടകത്തിനു മുമ്പിൽ പൂർണ്ണശക്തിയോടെ “കുതിച്ച് നൃത്തം ചെയ്ത ദാവീദിൽ ദൈവികസ്തുതി അതിന്റെ അത്യച്ചകോടിയിൽ പ്രകടമായിരുന്നു.” (2ശമൂ, 6:14, 16). അവസാനത്തെ അഞ്ചു സങ്കീർത്തനങ്ങൾ (146-150) ‘യഹോവയെ സ്തുതിക്കുവിൻ’ എന്ന ആഹ്വാനത്തോടെ ആരംഭിക്കുമ്പോൾ ദൈവത്തെ സ്തുതിക്കണ്ടതിന്റെ ആവശ്യകത കൂടുതൽ വ്യക്തമാകുന്നു. സൂര്യചന്ദ്രന്മാരോടും നക്ഷത്രങ്ങളാടും ഈ പ്രപഞ്ചം മുഴുവനോടും യഹോവയെ സ്തുതിക്കുവാൻ ആജ്ഞാപിക്കുന്ന സംങ്കീർത്തനക്കാരൻ, വാദ്യഘോഷങ്ങളോടും നൃത്തത്തോടും കൂടെ യഹോവയെ പ്രകീർത്തിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുന്നു. ( സങ്കീ, 148:3-149:3). മാത്രമല്ല, “ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഉണ്ടായിരിക്കും” (സങ്കീ, 34:1) എന്ന് ദാവീദ് വിളംബരം ചെയ്യുന്നുമുണ്ട്. ദൈവത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഓരോരുത്തർക്കും ദാവീദിനെപ്പോലെ അത്യുന്നതനായ ദൈവത്തെ പുകഴ്ത്തുവാനും സ്തുതിക്കുവാനും കഴിയണം.