ദൈവത്തോടുള്ള നിർവ്യാജസ്നേഹം
ദൈവത്തിനുവേണ്ടി വൻകാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ട് ദൈവത്തിന്റെ അനുവാദത്തിനുവേണ്ടി നിരന്തരമായി പ്രാർത്ഥിക്കുന്ന അനേകം സഹോദരങ്ങളുണ്ട്. ദൈവത്തിൽനിന്ന് അനുവാദം ലഭിക്കാതെ വരുമ്പോൾ ദൈവത്തിനുവേണ്ടി വിഭാവനം ചെയ്ത തങ്ങളുടെ പരിപാടികൾ ദൈവത്തിനു ഹിതകരമല്ലാത്തതുകൊണ്ട്, അതിനുവേണ്ടി തുടർന്നു പ്രാർത്ഥിക്കുവാനും അതിനെക്കുറിച്ചു ചിന്തിക്കുവാനും കൂട്ടാക്കാതെ ബഹുഭൂരിപക്ഷവും അത് ഉപേക്ഷിച്ചുകളയുന്നു. അത്യുന്നതനായ ദൈവം എന്തു കാരണംകൊണ്ടാണ് അനുവാദം നൽകാതിരുന്നതെന്നോ, എങ്ങനെയുള്ള സമീപനംകൊണ്ട് അനുവാദം നേടിയെടുക്കാമെന്നോ അവർ ചിന്തിക്കാറില്ല. ദാവീദ് തന്റെ ദൈവത്തിനു വേണ്ടി ഒരു ആലയം പണിയണമെന്ന് അത്യധികമായി ആഗ്രഹിച്ചു. പക്ഷേ, ദൈവം “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവും രക്തം ചൊരിയിച്ചവനും ആകുന്നു” (1ദിന, 28:3) എന്നു കല്പിച്ചു. എന്നാൽ മേച്ചിൽപ്പുറത്തുനിന്ന് തന്നെ കോരിയെടുത്ത് തനിക്ക് യിസ്രായേലിന്റെ ചെങ്കോൽ നൽകിയ അത്യുന്നതനായ ദൈവത്തിനുവേണ്ടി ആലയം പണിയുവാനുള്ള ആഗ്രഹം ദാവീദിന് ഉപേക്ഷിക്കുവാൻ കഴിയുമായിരുന്നില്ല. തന്നോടുള്ള ദാവീദിന്റെ നിർവ്യാജമായ സ്നേഹത്താൽ തനിക്കുവേണ്ടി ഒരു ആലയം പണിയണമെന്നുള്ള അവന്റെ നിർബ്ബന്ധത്തെ ദൈവത്തിനു തള്ളിക്കളയുവാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് “നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും” (1ദിന, 28:6) എന്നുള്ള വാഗ്ദത്തം ദൈവം നല്കിയത്. അങ്ങനെ ഒരു വാഗ്ദത്തം ലഭിച്ചതുകൊണ്ട് തന്റെ മകനായ ശലോമോൻ ദൈവാലയം പണിതുകൊളളും എന്ന ധാരണയിൽ നിഷ്ക്രിയനാകാതെ, പിന്നെയും തന്റെ ദൈവത്തിനു വേണ്ടിയള്ള ആലയത്തെക്കുറിച്ചും അതിന്റെ നിർമ്മാണത്തെക്കുറിച്ചും പ്രാർത്ഥനാ തീക്ഷ്ണതയോടെ ചിന്തിച്ചതുകൊണ്ടാണ്, മോശയ്ക്കുശേഷം മറ്റാർക്കും ലഭിക്കാത്ത ആ മഹാഭാഗ്യം ദാവീദിനു കൈവന്നത്. ദൈവം തന്റെ കൈകൊണ്ട് എഴുതിയ തൻ്റെ ആലയത്തിന്റെ മാതൃക ദൈവത്തിൽനിന്നു ഗ്രഹിക്കുവാൻ ദാവിദിനു കഴിഞ്ഞു. (ദിന, 28:19). ദൈവാലയനിർമ്മാണത്തിനുള്ള അനുവാദം നിഷേധിച്ചപ്പോൾ ദാവീദ് തന്റെ ആഗ്രഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചിരുന്നുവെങ്കിൽ അത്യുന്നതനായ ദൈവത്തിന്റെ കൈകൊണ്ടു എഴുതപ്പെട്ട യെരുശലേം ദൈവാലയത്തിന്റെ മാതൃക ഒരിക്കലും ദാവീദിനു കാണുവാൻ കഴിയുമായിരുന്നില്ല. നാം ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ലക്ഷ്യങ്ങൾ വയ്ക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തെയും വിശ്വാസത്തെയും വിശ്വസ്തതയെയും തീക്ഷ്ണതയെയും പരിശോധിക്കുവാൻ ദൈവം പ്രാഥമികഘട്ടങ്ങളിൽ മൗനമായിരുന്നേക്കാം. അനുവാദം നിഷേധിച്ചേക്കാം. എന്നാൽ സർവ്വശക്തനായ ദൈവത്തോടുള്ള നിർവ്യാജമായ സ്നേഹത്തിൽനിന്ന് ഉരുത്തിരിയുന്ന നിർബ്ബന്ധപൂർവ്വമായ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുവാൻ അവൻ നമ്മൾ അനുവദിക്കുക മാത്രമല്ല, അനുഗ്രഹിക്കുകയും ചെയ്യുമെന്ന് ദാവീദിന്റെ അനുഭവം വിളംബരം ചെയ്യുന്നു.