ദൈവഭക്തന്മാരുടെ മഹാപാപങ്ങൾ
യുദ്ധങ്ങളിൽ രാജാക്കന്മാർ തങ്ങളുടെ സൈന്യങ്ങളെ നയിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു അമ്മോന്യർക്കെതിരെ ദാവീദ് രാജാവ് സൈന്യാധിപനായ യോവാബിന്റെ നേതൃത്വത്തിൽ തന്റെ സൈന്യത്തെ അയച്ചത്. തന്റെ പടയാളികളോടൊപ്പം യുദ്ധക്കളത്തിൽ ആയിരിക്കേണ്ട ദാവീദ് യെരൂശലേമിൽ തന്റെ രാജധാനിയുടെ മാളികയിൽ ഒരു സന്ധ്യയ്ക്ക് ഉലാത്തിക്കൊണ്ടിരുന്നപ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ട് അവളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. തനിക്കും തന്റെ രാജ്യത്തിനും വേണ്ടി യുദ്ധക്കളത്തിൽ ആയിരിക്കുന്ന ഊരിയാവിന്റെ ഭാര്യയാണ് അവളെന്നറിഞ്ഞിട്ടും ദാവീദ് അവളെ തന്റെ അരമനയിൽ വരുത്തി അവളുമായി പാപം ചെയ്തു. (2ശമൂ, 11:1-4). അവൾ ഗർഭംധരിച്ചു എന്നറിഞ്ഞ ദാവീദ് ഊരീയാവിനെ യുദ്ധക്കളത്തിൽനിന്നു വിളിപ്പിച്ച് അവനു വിലയേറിയ സമ്മാനങ്ങൾ നൽകിയശേഷം അവനോടു വീട്ടിലേക്കു പോകുവാൻ കല്പിച്ചു. എന്നാൽ ദൈവത്തിന്റെ പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുകയും സൈന്യം വെളിമ്പ്രദേശത്തു പാളയമടിച്ചു പാർക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്റെ ഭാര്യയോടുകൂടെ ശയിക്കുവാൻ തന്റെ വീട്ടിലേക്കു പോകുകയില്ലെന്ന് ഊരീയാവ് ശഠിച്ചപ്പോൾ ദാവീദിന്റെ തന്ത്രം പാളിപ്പോയി. അടുത്ത ദിവസം ഊരീയാവിനെ മദ്യത്താൽ ലഹരിപിടിപ്പിച്ച് അവന്റെ ഭാര്യയുടെ അടുത്തേക്ക് അയയ്ക്കുവാനുള്ള ശ്രമവും വിഫലമായപ്പോൾ, യുദ്ധമുന്നണിയിൽ ഊരീയാവിനെ നിർത്തണമെന്നും അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ ഒറ്റപ്പെടുത്തിയശേഷം സൈന്യം പിന്മാറണമെന്നുമുള്ള കല്പന, ഊരീയാവിന്റെ കൈവശംതന്നെ ദാവീദ് യോവാബിനു കൊടുത്തയച്ചു. അങ്ങനെ സ്വരാജ്യത്തിനും സ്വജനത്തിനുംവേണ്ടി കർമ്മനിരതനായി പൊരുതിയ ഊരീയാവിനെ ദാവീദിന്റെ വഞ്ചനയുടെ വാൾ വെട്ടിക്കൊന്നു. അതിനുള്ള ദൈവത്തിന്റെ ശിക്ഷ ദാവീദിൽമാത്രം അവസാനിക്കുന്നതല്ലായിരുന്നു. ദാവീദിന്റെ ഗൃഹത്തെ, അവന്റെ തലമുറകളെ, ഒരിക്കലും വിട്ടുമാറാത്ത വാൾ അഥവാ രക്തച്ചൊരിച്ചിലാണ് ദാവീദ് തന്റെ പാപത്താൽ എന്നന്നേക്കുമായി സമ്പാദിച്ചത്. ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നാം വരാത്തുന്ന വീഴ്ച്ചയിൽ നിന്നുടലെടുക്കുന്ന പ്രവൃത്തികൾ നമ്മെ പാപത്തിലേക്കും പാപഗർത്തത്തിലേക്കും തള്ളിയിടുമെന്ന് ദാവിദിന്റെ പതനം വിരൽചൂണ്ടുന്നു. (വേദഭാഗം: 2ശമൂവേൽ 11:1-12:14).