ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു
പൊതുപ്രവർത്തനധാരയിലേക്കു കടന്നുവരുവാൻ അനുവാദമോ അംഗീകാരമോ ലഭിക്കാതെ, ഗാർഹിക ചുമതലകളുമായി സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സർവ്വശക്തനായ ദൈവം ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരായെ യിസ്രായേൽമക്കളെ ന്യായപാലനം ചെയ്യുവാനായി അവരോധിച്ചത്. (ന്യായാ, 4:4). അവൾ മിര്യാമിനുശേഷം തിരുവചനത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പ്രവാചിക കൂടിയാണ്. തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച യിസ്രായേൽ മക്കളെ ദൈവം കനാന്യരാജാവായ യാബീനു വിറ്റുകളഞ്ഞു (ന്യായാ, 4:2). അവൻ അവരെ 20 വർഷം കഠിനമായി പീഡിപ്പിച്ചപ്പോൾ യിസായേൽ മക്കൾ വീണ്ടും ദൈവത്തോടു നിലവിളിച്ചു. എന്നാൽ സൈന്യാധിപനായ സീസെരായുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 900 ഇരുമ്പു രഥങ്ങളോടുകൂടിയ യാബീന്റെ സൈന്യത്തെ നേരിടുവാൻ യിസ്രായേൽ മക്കൾക്കു കഴിവില്ലായിരുന്നു. നിസ്സഹായരായ തന്റെ ജനത്തിന്റെ നിലവിളി കേട്ട ദൈവം, സീസെരായെയും അവന്റെ ഇരുമ്പുരഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിനരികെവച്ച് യിസ്രായേൽ മക്കൾക്ക് എല്പിച്ചുകൊടുക്കുമെന്ന് ദെബോരായ്ക്ക് അരുളപ്പാടു നൽകി. അതിനുവേണ്ടി അബീനോവാമിന്റെ മകനായ ബാരാക്ക് 10,000 പേരെ കൂട്ടിക്കൊണ്ട് കീശോൻ തോട്ടിനരികെ പോകണമെന്നും ദെബോരാ ബാരാക്കിനോട് ആവശ്യപ്പെട്ടു. പക്ഷേ, ദെബോരായില്ലാതെ യുദ്ധമുന്നണിയിലേക്കു പോകുവാൻ ബാരാക്കിന് ധൈര്യമില്ലായിരുന്നു. സീസെരായുടെ സൈന്യത്തെ ഭയപ്പെടാതെ സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ വാക്കിൽ വിശ്വസിച്ചുകൊണ്ട് അവൾ 10,000 പേരുമായി ബാരാക്കിനോടൊപ്പം പുറപ്പെട്ടു. ദൈവം യാബീന്റെ സൈന്യത്തെ താറുമാറാക്കി. സൈന്യാധിപനായ സീസരായെ യായേൽ എന്ന സ്ത്രീ ഒരു കുറ്റികൊണ്ടു കൊന്നു. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് ദെബോരായുടെ പിന്നിൽ അണിനിരന്ന യിസ്രായേൽമക്കൾ യാബീനെ കീഴടക്കി. തന്നിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ത്രീകളെയും തന്റെ ദൗത്യത്തിനായി ദൈവം ഉപയോഗിക്കുമെന്ന് യിസ്രായേലിന്റെ ചരിത്രത്തിലെ ഏക ന്യായാധിപയായിരുന്ന ദെബോരായുടെ ജീവിതം ദൃഢമായി സാക്ഷിക്കുന്നു.