വിശുദ്ധദൈവം അശുദ്ധമനുഷ്യൻ
അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധിയുടെ വ്യാപ്തിയെ വരച്ചുകാട്ടുന്ന ലേവ്യപുസ്തകത്തിൽ ദൈവം തന്റെ ജനത്തോട്: “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം” (ലേവ്യ, 11:45) എന്ന് ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു. തന്റെ വിശുദ്ധിയുടെ അഗാധത ദൃശ്യമായി മനസ്സിലാക്കുവാൻ, തന്റെ സന്നിധിയിലുള്ള ആരാധന എത്രമാത്രം വിശുദ്ധി നിറഞ്ഞതായിരിക്കണമെന്ന് ദൈവം അവർക്കു വിശദമാക്കിക്കൊടുക്കുകയും അതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അവരുടെ കണ്മുമ്പിൽ വച്ചുതന്നെ അശുദ്ധിയോടെ ധൂപകലശവുമായി തന്റെ സന്നിധിയിലേക്കു വന്ന അഹരോന്റെ പുത്രന്മാരായ നാദാബിനെയും അബീഹുവിനെയും ദഹിപ്പിച്ചുകളഞ്ഞ സർവ്വശക്തനായ ദൈവം, തന്റെ ജനമായിത്തീരുന്നതിന് സമ്പൂർണ്ണമായ വിശുദ്ധി ആവശ്യമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. തങ്ങൾ അശുദ്ധരാകാതിരിക്കുവാൻ ബാഹ്യമായ പല കാര്യങ്ങളിലും ശുഷ്കാന്തി കാണിച്ചിരുന്നുവെങ്കിലും യിസ്രായേൽ മക്കൾ പലപ്പോഴും അന്യദൈവങ്ങളെ ആരാധിച്ചിരുന്നു. തങ്ങളുടെ ഹൃദയങ്ങളിൽ അന്യദൈവങ്ങൾക്കു സ്ഥാനം നൽകി ആന്തരിക വിശുദ്ധി നഷ്ടപ്പെടുത്തിയ അവർ ബാഹ്യമായി നടത്തിയിരുന്ന വിശുദ്ധിയുടെ പ്രദർശനം ദൈവത്തിനു വെറുപ്പായിരുന്നു. അതുകൊണ്ടാണ് പത്രൊസ്: “നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.” (1പത്രൊ, 1:15) എന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധ നിവാസമാകേണ്ടതിനാണ് നമ്മെ ഓരോരുത്തരേയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. (എഫെ, 2:19-22). (വേദഭാഗം: ലേവ്യർ 10:1-11:45).
One thought on “വിശുദ്ധദൈവം അശുദ്ധമനുഷ്യൻ”