ഹീരാം

ഹീരാം (Hiram)

പേരിനർത്ഥം – കുലീനൻ

ദാവീദിന്റെയും ശലോമോന്റെയും വാഴ്ചക്കാലത്ത് ഹീരാമായിരുന്നു സോരിലെ രാജാവ്. ദാവീദിന്റെ സ്നേഹിതൻ എന്നാണ് ഹീരാമിനെ പറഞ്ഞിട്ടുള്ളത്. ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു, ദാവീദിനു അരമന പണിതു. (2ശമൂ, 5:11). ശലോമോൻ രാജാവായപ്പോൾ ഹീരാം ഭൃത്യന്മാരെ അയച്ചു. (1രാജാ, 5:1). ശലോമോന്റെ ആവശ്യപ്രകാരം ദൈവാലയപ്പണിക്കു മരങ്ങളും മറ്റും അവൻ കൊടുത്തു. ശലോമോൻ ഹീരാമിനു ആഹാരം എത്തിച്ചുകൊടുത്തിരുന്നു. (1രാജാ, 5:11). ദൈവാലയവും കൊട്ടാരവും പണിയുന്നതിനാവശ്യമായ ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തതുകൊണ്ട് ശലോമോൻ രാജാവ് ഹീരാമിനു ഗലീലദേശത്തു ഇരുപതുപട്ടണം കൊടുത്തു. (1രാജാ, 9:11). ഈ പട്ടണങ്ങളെ കാണേണ്ടതിനു ഹീരാം ഗലീലയിലേക്കു വന്നു. അവ അവനു ഇഷ്ടപ്പെടാത്തതുകൊണ്ട് അവയ്ക്കു കാബൂൽ എന്നു പേരിട്ടു. (1രാജാ, 9:13).

ശലോമോനും ഹീരാമും കൂടി ഒരു കപ്പൽ വ്യൂഹം സജ്ജമാക്കി. ആ കപ്പലുകൾ എസ്യോൻ-ഗേബെരിൽ നിന്നും തെക്കോട്ടുള്ള ഓഫീരിൽ ചെന്നു പൊന്നു കൊണ്ടുവന്നു. (1രാജാ, 9:28). അവർ തർശീശുകപ്പലുകളും നിർമ്മിച്ചു . തർശീശ് കപ്പലുകൾ, പൊന്നു, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. (1രാജാ, 10:22). ഹീരാമിന്റെ മരണത്തെക്കുറിച്ചു വ്യക്തമായ രേഖയില്ല. ഹീരാമിന്റെ പുത്രി ശലോമോന്റെ അന്തഃപുരത്തിലെ എഴുന്നൂറു കുലീന പത്നിമാരിലൊന്നായിരുന്നു. (1രാജാ, 11:1, 3).

ഹീരാം: ദൈവാലയപ്പണിക്കു സഹായിക്കുവാൻ വേണ്ടി ശലോമോൻ സോരിൽ നിന്നും വരുത്തിയ ആൾ. (1രാജാ, 7:13,14, 40-45; 2ദിന, 2:13,14; 4:11-16). അവന്റെ അമ്മ ദാന്യ സ്ത്രീയായിരുന്നു. അവളെ ആദ്യം വിവാഹം കഴിച്ചതു നഫ്ത്താലി ഗോത്രജനായിരുന്നു. പിന്നീടു സോരിലെ ഒരുവൻ അവളെ വിവാഹം കഴിച്ചു. താമ്രംകൊണ്ടു സകലവിധപണിയും ചെയ്യാനുള്ള ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനുണ്ടായിരുന്നു. (1രാജാ, 7:14). ഹുരാം, ഹുരാം ആബി എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *