മോശെ

മോശെ (Moses)

പേരിനർത്ഥം – വലിച്ചെടുക്കപ്പെട്ടു

യിസ്രായേൽ മക്കളെ മിസ്രയീമിലെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു ഒരു സ്വതന്ത്രജനതയായി കനാനിൽ പ്രവേശിക്കുവാൻ അവരെ സജ്ജരാക്കിയ ദേശീയ നായകനാണ് മോശെ. യിസ്രായേൽ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലഘട്ടത്തിലായിരുന്നു മോശെയുടെ ജനനം. യാക്കോബിന്റെ കാലത്തു മിസ്രയീമിൽ എത്തിച്ചേർന്ന എഴുപതു പേർ സന്താനസമ്പന്നരായി വർദ്ധിച്ചു ദേശം നിറഞ്ഞു. ഇവരുടെ വളർച്ച മിസ്രയീമിലെ രാജാവിനു ഭയകാരണമായിത്തീർന്നു. യുദ്ധം വരുന്നപക്ഷം ഇവർ ശത്രുക്കളോടു ചേർന്നു മിസ്രയീമിനു ദോഷം ചെയ്യുമെന്നു കരുതി അവരെ കഠിന വേലകളാൽ പീഡിപ്പിച്ചു നശിപ്പിക്കുവാൻ ഫറവോൻ ശ്രമിച്ചു. ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ കൊല്ലേണ്ടതിനു ശിപ്രാ, പൂവ്വാ എന്ന രണ്ടു എബ്രായ സൂതികർമ്മിണികളെ രാജാവു നിയോഗിച്ചു. അതു നിഷ്ഫലമെന്നു മനസ്സിലാക്കിയ ഫറവോൻ ജനിക്കുന്ന ആൺകുട്ടികളെയെല്ലാം നദിയിൽ ഇട്ടുകളയണമെന്നു കല്പന പുറപ്പെടുവിച്ചു. ഈ കല്പന നിലവിലിരുന്ന കാലത്താണ് മോശെയുടെ ജനനം.

മോഷെഹ് (വലിച്ചെടുക്കപ്പെട്ടു) എന്നതാണ് പേരിന്റെ എബ്രായരൂപം. തുത്ത്മൊസ്, അഹ്മൊസ് എന്നീ പേരുകളുടെ ഉത്തരപദമായ മ്സിൽ നിന്നാണു മോശെ വന്നതെന്നു കരുതപ്പെടുന്നു. അതിനു കുഞ്ഞ് അഥവാ ജാതൻ എന്നർത്ഥം. (പുറ, 2:10). ലേവിഗോത്രത്തിൽ അമ്രാമിന്റെയും ഭാര്യ യോഖേബെദിന്റെയും പുത്രനാണു മോശെ. മൂത്ത സഹോദരനായ അഹരോനു മൂന്നുവയസ്സ് പ്രായക്കൂടുതലുണ്ട്. (പുറ, 6:16-20). മോശെയുടെ ജ്യേഷ്ഠ സഹോദരിയാണ് മിര്യാം. മോശെയുടെ ജീവിതകാലത്തെ നാല്പതു വർഷം വീതമുള്ള മൂന്നു ഘട്ടങ്ങളായി പിരിച്ചിട്ടുണ്ട്: 1. മിസ്രയീമിൽ ഫറവോന്റെ കൊട്ടാരത്തിൽ. 2. മിദ്യാനിൽ. 3. മരുഭൂമിയിൽ.

1. മിസ്രയീമിൽ: ജനന സ്ഥലം ഹെലിയോപൊലിസ് (സൂര്യനഗരം) ആണെന്നു ചരിത്രകാരനായ മാനെതൊ പറയുന്നു. മോശെയുടെ ജനനത്തെക്കുറിച്ചു മിസ്രയീമ്യ വിദ്വാന്മാർ ഫറവോനെ മുന്നറിയിച്ചുവെന്നും മോശെയുടെ പിതാവിനു സ്വപ്നത്തിലൂടെ അരുളപ്പാടു ലഭിച്ചുവെന്നും ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. മോശയെ മൂന്നുമാസം മാതാവു ഒളിച്ചു സൂക്ഷിച്ചു. ഒളിച്ചു വയ്ക്കുവാൻ ഒട്ടും നിവൃത്തിയില്ലാതായപ്പോൾ പൈതലിനെ ഞാങ്ങണപ്പെട്ടകത്തിൽ കിടത്തി ഞാങ്ങണയുടെ ഇടയിൽ വച്ചു. കുഞ്ഞിനു എന്തു സംഭവിക്കുമെന്നറിയാൻ സഹോദരി (മിര്യാം) ദൂരെ കാത്തു നിന്നു. ഫറവോന്റെ പുത്രി (ഹത്ഷെപ്സുത് രാജ്ഞി ആയിരിക്കണം) നദിയിൽ കുളിക്കുവാൻ വന്നു. ദാസി മുഖേന പെട്ടകം തന്റെ അടുക്കൽ വരുത്തി. പെട്ടകം തുറന്നപ്പോൾ പൈതൽ കരഞ്ഞു. കുഞ്ഞിനെ സ്വന്തംമകനായി വളർത്തുവാൻ അവൾ തീരുമാനിച്ചു. അടുത്തുണ്ടായിരുന്ന സഹോദരി കുഞ്ഞിനു മുലകൊടുത്തു വളർത്തുവാൻ മാതാവിനെ തന്നെ കൊണ്ടുവന്നു ഏല്പിച്ചു. മോശെയുടെ ജീവിതത്തിലെ ആദ്യഘട്ടത്തെക്കുറിച്ചു പുറപ്പാടിൽ അധികമൊന്നും പറഞ്ഞിട്ടില്ല. എന്നാൽ ന്യായാധിപസംഘത്തിനു മുമ്പാകെ സ്തെഫാനൊസ് ചെയ്ത പ്രസംഗത്തിൽ ചില സൂചനകളുണ്ട്. “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവനു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.” (പ്രവൃ, 7:22,23).

നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ സഹോദരന്മാരെ ചെന്നുകണ്ടു. അപ്പോൾ ഒരു എബ്രായനെ മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. മോശെ ചെന്നു മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ കുഴിച്ചിട്ടു. ഈ സംഭവം ആരും കണ്ടില്ലെന്നു മോശെ കരുതി. പിറ്റെദിവസം രണ്ട് എബ്രായ പുരുഷന്മാരെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ അവരിൽ ഒരുവൻ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. ഈ സംഭവത്തെക്കുറിച്ചു കേട്ട ഫറവോൻ മോശയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഒളിച്ചോടി മിദ്യാൻ ദേശത്തു ചെന്നു പാർത്തു. (പുറ, 2:11-15).

2. മിദ്യാനിൽ: മിദ്യാനിൽ മോശെ ഒരു കിണററിന്നരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതനായ യിത്രോയുടെ ഏഴുപുത്രിമാർ ആടുകളെ കുടിപ്പിക്കുവാൻ വന്നു. ഇടയന്മാർ അവരെ ഓടിച്ചു. എന്നാൽ മോശെയുടെ സഹായത്തോടു കൂടെ അവർ ആടുകളെ വെള്ളം കുടിപ്പിച്ചു പതിവിലും നേരത്തെ അവർ വീട്ടിലെത്തി. ഒരു മിസ്രയീമ്യൻ തങ്ങളെ സഹായിച്ചുവെന്നു അവർ പിതാവിനോടു പറഞ്ഞു. അവർ ക്ഷണിച്ചതനുസരിച്ചു മോശെ യിത്രോയോടൊപ്പം (യിത്രോയ്ക്കു രെയൂവേൽ എന്നും പേരുണ്ട്. ഈ പേരിന്റെ ഗ്രീക്കു രൂപമാണു റെഗൂവേൽ) പാർത്തു. പുരോഹിതൻ തന്റെ പുത്രിയായ സിപ്പോറയെ മോശയ്ക്കു ഭാര്യയായി നല്കി. അമ്മായപ്പന്റെ ആടുകളെ മോശെ മേയിച്ചു. (പുറ, 2;16-3:1).

മോശയെ ദൈവം വിളിച്ചതു ദൈവത്തിന്റെ പർവ്വതമായ ഹോരേബിൽ വച്ചാണ്. ദൈവത്തിന്റെ പർവ്വതം എന്ന വിശേഷണം സെപ്റ്റജിന്റിൽ ഇല്ല. യഹോവയുടെ ദൂതൻ മുൾപ്പടർപ്പിന്റെ നടുവിൽ നിന്ന് അഗ്നിജ്വാലയിൽ പ്രത്യക്ഷനായി. പെട്ടെന്നു എരിഞ്ഞുതീരേണ്ട മുൾപ്പടർപ്പു തീയുടെ ആധിക്യത്തിൽ വെന്തുപോകാതിരിക്കുന്നതു കണ്ടു മോശെ അത്ഭുതപ്പെട്ടു. ദൈവം മുൾപ്പടർപ്പിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു യിസ്രായേൽ ജനത്തെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കുവാനുള്ള നിയോഗം നല്കി. ഈ നിയോഗം ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടി രണ്ട് അടയാളങ്ങൾ നല്കി. മോശെയുടെ കയ്യിലിരുന്ന വടി നിലത്തിട്ടപ്പോൾ അതു സർപ്പമായി. അതിനെ പിടിച്ചെടുത്തപ്പോൾ വീണ്ടും വടിയായി. മോശെയുടെ കൈ കുഷ്ഠബാധിതമാക്കുകയും തുടർന്നു കുഷ്ഠ മുക്തമാക്കുകയും ചെയ്തു. ഈ അടയാളങ്ങൾ ജനം വിശ്വസിച്ചില്ലെങ്കിൽ മറ്റൊരടയാളം കുടി യഹോവ വാഗ്ദാനം ചെയ്തു: നൈൽ നദിയിലെ വെള്ളം കോരി നിലത്തൊഴിക്കുമ്പോൾ അതു രക്തമായിത്തീരും. തന്റെ എല്ലാ ബലഹീനതകളിലും ആവശ്യമായ ദൈവിക സഹായം വാഗ്ദാനം ചെയ്യപ്പെട്ടു. ഒടുവിൽ സഹായത്തിനായി യഹോവ അഹരോനെ നല്കി. മോശെ അമ്മായപ്പന്റെ വീട്ടിലേക്കു മടങ്ങിവന്നു, മിസ്രയീമിൽ തന്റെ സഹോദരന്മാരുടെ അടുക്കലേക്കു പോകുവാൻ അനുവാദം വാങ്ങി. മോശെ ഭാര്യയും പുത്രന്മാരുമായി മിസ്രയീം ദേശത്തേക്കു യാത്രയായി. വഴിയിൽ വച്ച് യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു. ആ സമയം സിപ്പോറ കല്ത്തികൊണ്ടു മകനെ പരിച്ഛേദനം കഴിച്ചു. അപ്പോൾ യഹോവ അവനെ വിട്ടൊഴിഞ്ഞു. ഈ സംഭവത്തിന്റെ ഫലമായി ഭാര്യയെയും മക്കളെയും മോശെ യിത്രോയുടെ അടുക്കൽ അയച്ചു. രെഫീദീമിൽ വച്ചാണ് മോശെ വീണ്ടും അവരോടു ചേർന്നത്. (പുറ, 18:2-6). ദൈവത്തിന്റെ പർവ്വതത്തിൽ വച്ച് അഹരോൻ മോശെയെ എതിരേററു ചുംബിച്ചു. യഹോവയുടെ അരുളപ്പാടുകളും അടയാളങ്ങളും മോശെ അഹരോനെ അറിയിച്ചു.

3. മരുഭൂമിയിൽ: ഒടുവിലത്തെ 40 വർഷത്തെ മോശെയുടെ ചരിത്രം യിസ്രായേൽ ജനത്തിന്റെ ചരിത്രമാണ്. ദൈവകല്പന അനുസരിച്ചു മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന്: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിനു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. (പുറ, 5:1). ഫറവോൻ ഉടൻ ദൈവകല്പന നിഷേധിച്ചു. “ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല.” തുടർന്നു ഫറവോൻ യിസ്രായേൽ മക്കളുടെ വേല കഠിനമാക്കി. ഫറവോന്റെ എതിർപ്പും പീഡനവും വർദ്ധിച്ചപ്പോൾ പത്തു ബാധകൾ മിസ്രയീമിന്മേൽ വരുത്തി. അവ: 1. നൈൽ നദിയിലെ ജലം രക്തമായി (7:20); 2. രാജ്യം മുഴുവൻ തവള നിറഞ്ഞു (8:2); 3. നിലത്തിലെ പൊടി പേനായി മാറി (8:16); 4. ദേശത്തു നായീച്ച നിറഞ്ഞു (8:21); 5. അതികഠിനമായ വ്യാധികൊണ്ടു മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6); 6. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10); 7. കല്മഴയും തീയും ഉണ്ടായി മനുഷ്യരും മൃഗങ്ങളും നശിച്ചു (9:24); 8. വെട്ടുക്കിളി ബാധ (10:14); 9. മൂന്നുദിവസത്തെ കൂരിരുട്ടു (10:22); 10. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29).

ആദ്യത്തെ ഒമ്പതു ബാധകളിലും ഫറവോന്റെ ഹൃദയം കഠിനമായതേയുള്ളു. ഒടുവിലത്തെ ബാധയിൽ കൊട്ടാരം മുതൽ കാരാഗൃഹം വരെയുള്ള എല്ലാവരുടെയും ആദ്യജാതന്മാരും മൃഗങ്ങളുടെ കടിഞ്ഞൂലുകളും സംഹരിക്കപ്പെട്ടു. പുറപ്പാടിന്റെ തലെരാതി ആദ്യമായി പെസഹ ആചരിച്ചു. യിസ്രായേല്യരിലെ ഓരോ കുടുംബവും യഹോവയുടെ കല്പനയനുസരിച്ചു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത കുഞ്ഞാടിന്റെ രക്തം കട്ടിളക്കാലിന്മേലും കുറുമ്പടിമേലും തളിച്ചു. സംഹാരദൂതൻ രക്തമുദ്രിതമായ യിസ്രായേല്യ ഭവനങ്ങളെ കടന്നുപോയി. അനന്തരം യിസ്രായേലിലെ ആദ്യജാതന്മാർ യഹോവയ്ക്ക് വിശുദ്ധീകരിക്കപ്പെട്ടു. രാത്രിയിൽ തന്നെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു മൃഗസമ്പത്തുമായി പുറപ്പെടുവാൻ അനുവാദം നല്കി. മിസ്രയീമ്യരിൽ നിന്നു ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി കൊള്ളയോടുകൂടി യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നും പുറപ്പെട്ടു. (11:1-12:36).

ഏകദേശം ആറുലക്ഷം പുരുഷന്മാരോടൊപ്പം കുട്ടികളും സ്ത്രീകളുമായി അവർ റമസേസിൽ നിന്നും സുക്കോത്തിലേക്കു യാത്രതിരിച്ചു. അവരുടെ പാത കൃത്യമായി നിർണ്ണയിക്കുക പ്രയാസമാണ്. പോകാനനുവദിച്ചതു അബദ്ധമായി എന്നു കരുതി ഫറവോനും സൈന്യവും യിസ്രായേലിനെ പിന്തുടർന്നു. മോശെ വടി നീട്ടി, ചെങ്കടലിലെ വെള്ളം രണ്ടായി വിഭാഗിച്ചു. ഉണങ്ങിയ നിലത്തു കൂടി യിസ്രായേൽ ജനം ചെങ്കടൽ കടന്നു. ഫറവോനും സൈന്യവും ചെങ്കടലിൽ മുങ്ങി. (14:21-31. വഴി കാണിക്കേണ്ടതിനു പകൽ മേഘസ്തംഭത്തിലും വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. (13:21,22). ചെങ്കടലിൽ നിന്നും മാറാ വഴിയായിരുന്നു യിസ്രായേൽ ജനത്തിന്റെ യാത്ര. മാറായിലെ കൈപ്പുവെള്ളം അവർക്കു മധുരമാക്കിക്കൊടുത്തു. (15:23). എലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു. (15:27). സീൻ മരുഭൂമിയിൽ വച്ച് ഭക്ഷണത്തിനുവേണ്ടി ജനം മോശെക്കെതിരെ പിറുപിറുത്തു. യഹോവ അവർക്കു ഭക്ഷിക്കുവാൻ കാടപ്പക്ഷിയും മന്നയും നല്കി. മരുഭൂമിപ്രയാണകാലം മുഴുവൻ അവർ മന്നാ ഭക്ഷിച്ചു. കനാൻ ദേശത്തു അവർ എത്തിയശേഷമാണു മന്നാ നിന്നുപോയത്. (16 അ). രെഫീദീമിൽ വച്ചു മോശെ പാറയെ അടിച്ചു ജനത്തിനു വെള്ളം സമൃദ്ധിയായി കൊടുത്തു. (17:1-7). അമാലേക്യരോടുള്ള യുദ്ധത്തിൽ അഹരോനും ഹൂരും മോശെയുടെ കൈകളെ ഉയർത്തിപ്പിടിച്ചു. യോശുവ സൈന്യത്തെ നയിക്കുകയും യിസ്രായേല്യർ വിജയിക്കുകയും ചെയ്തു. (17:8-16). മോശെയുടെ അമ്മായപ്പനായ യിത്രോ മോശെയുടെ ഭാര്യയെയും മക്കളെയും കൊണ്ടുവന്നു. യിത്രോയുടെ ഉപദേശമനുസരിച്ചു തന്നെ സഹായിക്കുന്നതിനുവേണ്ടി 70 മൂപ്പന്മാരെ മോശെ നിയമിച്ചു.

മിസ്രയീമിൽ നിന്നും പുറപ്പെട്ടശേഷം മൂന്നാംമാസം അവർ സീനായി മരുഭൂമിയിൽ എത്തി ഒരു വർഷത്തോളം അവിടെ കഴിഞ്ഞു. സീനായിയിൽ വച്ചു യഹോവ മോശെയെ വിളിക്കുകയും ദൈവത്തിന്റെ അരുളപ്പാടുകൾ കേൾക്കുന്നതിനു ജനത്തെ സജ്ജമാകുവാൻ ആവശ്യപ്പെടുകയും ചെയ്തു. മൂന്നാം ദിവസം സീനായി പർവ്വതത്തിന്റെ താഴ്വാരത്തിൽ ജനം കൂടിനിന്നു. ജനത്തിന്റെ പ്രതിനിധി എന്ന നിലയിൽ മോശെ ന്യായപ്രമാണം ദൈവത്തിൽ നിന്നും ഏറ്റുവാങ്ങി. വീണ്ടെടുക്കപ്പെട്ട ജനവുമായി ദൈവം ചെയ്ത ഉടമ്പടിയാണ് ന്യായപ്രമാണം. യഹോവയുടെ കല്പനകളെല്ലാം മോശെ ജനത്തെ അറിയിച്ചു. ദൈവം കല്പിച്ചതുപോലെ ഞങ്ങൾ ചെയ്യും എന്നു ജനം സത്യം ചെയ്തു. (24:3). പത്തുകല്പനകൾ ഇതിലുൾപ്പെട്ടിരുന്നു. മോശെ 40 ദിവസം പർവ്വതത്തിൽ ആയിരുന്നു. (24:18). ഈ കാലത്തു തിരുനിവാസത്തിന്റെ നിർമ്മാണവും ആരാധനയും (25-31 അ) സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ, ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകൾ എന്നിവ മോശയ്ക്കു ലഭിച്ചു. (31:18). അതേസമയം താഴ്വരയിൽ വിശ്വാസത്യാഗം ഉച്ചാവസ്ഥയിൽ എത്തിക്കഴിഞ്ഞു. അഹരോൻ നിർമ്മിച്ച സ്വർണ്ണകാളക്കുട്ടിയെ ജനം ആരാധിച്ചു. കോപാവേശത്തിൽ മോശെ കയ്യിലിരുന്ന കല്പലകകളെ എറിഞ്ഞുടച്ചു. മോശെയുടെ ആഹ്വാനമനുസരിച്ചു ലേവ്യർ പുറത്തു വന്നു വിഗ്രഹാരാധികളെ കൊന്നു. അന്നു ഏകദേശം മൂവായിരം പേർ കൊല്ലപ്പെട്ടു. (32:1-29). വീണ്ടും ജനത്തിന്റെ പാപത്തിനു പ്രായശ്ചിത്തം വരുത്തുവാൻ മദ്ധ്യസ്ഥൻ എന്ന നിലയിൽ മോശെ ദൈവത്തോടപേക്ഷിച്ചു. (32:30-33:16). യഹോവയുടെ തേജസ്സ് മോശയ്ക്കു വെളിപ്പെട്ടു. മോശെ തയ്യാറാക്കിക്കൊണ്ടുവന്ന കല്പലകകളിൽ വീണ്ടും കല്പനകൾ എഴുതി, യിസ്രായേലിനോടു വീണ്ടും ഉടമ്പടി ചെയ്തു. (34:10-27). നാല്പതു ദിവസം പർവ്വതത്തിൽ കഴിഞ്ഞശേഷം മൂടുപടം കൊണ്ടു മുഖംമൂടി മോശെ ജനത്തിന്റെ അടുക്കൽ വന്നു. (34:28-35).

തുടർന്നു സമാഗമനകൂടാരവും ഉപകരണങ്ങളും നിർമ്മിച്ചു. (35-40 അ). സമാഗമനകൂടാരത്തിൽ വച്ച് യഹോവ മോശെയോടു സംസാരിക്കുകയും യാഗങ്ങൾ വഴിപാടുകൾ എന്നിവയെ കുറിച്ചുള്ള നിയമങ്ങൾ നല്കുകയും ചെയ്തു. (ലേവ്യ, 1-7 അ). അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അഭിഷേകം ചെയ്തു. (ലേല്വ്യ, 8,9 അ). അഹരോന്റെ പുത്രന്മാരായ നാദാബും അബീഹുവും അന്യാഗ്നി കത്തിച്ചു. ഉടനെ യഹോവയുടെ സന്നിധിയിൽ നിന്നും തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചു കളഞ്ഞു. (10:1-11). ശുദ്ധീകരണ നിയമങ്ങൾ, ഉത്സവങ്ങളെക്കുറിച്ചുള്ള പ്രമാണങ്ങൾ തുടങ്ങിയവ നല്കി. (11:1-27:34).

യുദ്ധത്തിനു പ്രാപ്തിയുള്ളവരുടെ എണ്ണം എടുക്കുന്നതിനു മോശെ നേതൃത്വം നല്കി. യിസ്രായേൽ പാളയത്തിന്റെ ക്രമീകരണവും സംവിധാനവും ചിട്ടപ്പെടുത്തി. സമാഗമന കൂടാരത്തിന്റെ സ്ഥാനം യിസ്രായേൽ പാളയത്തിന്റെ നടുവിലായിരുന്നു. ഈജിപ്റ്റിലെ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നും വിടുവിക്കപ്പെട്ടതു കൊണ്ടു ആദ്യജാതന്മാർ യഹോവയ്ക്കുള്ളതായിരുന്നു. ആദ്യജാതന്മാർക്കു പകരം ലേവ്യരെ തിരഞ്ഞെടുത്തു. പ്രാകാരത്തിനു ചുറ്റും ലേവ്യർക്കു സ്ഥാനം നല്കി. സമാഗമന കൂടാരത്തിന്റെ പ്രവേശനത്തിനു മുമ്പിൽ കിഴക്കെ അറ്റത്തായിരുന്നു മോശെയുടെയും അഹരോന്റെയും സ്ഥാനം. പന്ത്രണ്ടു ഗോത്രങ്ങളെ മൂന്നുവീതം നാലു പാളയങ്ങളായി തിരിച്ചു. ഗോത്രങ്ങളുടെ നേതൃസ്ഥാനം യെഹൂദയ്ക്കായിരുന്നു.

ദൈവികമായ നടത്തിപ്പും സമർത്ഥമായ സംവിധാനവും യിസ്രായേൽ പാളയത്തിലും യാത്രയിലും പ്രകടമായിരുന്നു. പകലും രാത്രിയും മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും ദൈവം തന്റെ ജനത്തെ മരുഭൂമിയിലൂടെ നടത്തി. ദൈവസാന്നിദ്ധ്യത്തിന്റെ അടയാളമാണ് മേഘസ്തംഭം. മിസ്രയീമ്യർ യിസ്രായേല്യരോടൊപ്പം എത്താതവണ്ണം അവരെ തടയുന്ന സന്ദർഭത്തിലാണു മേഘസ്തംഭം ആദ്യം പ്രത്യക്ഷപ്പെട്ടത്. (പുറ, 13:21-23; 14:19,20). യിസ്രായേൽ പാളയമിറങ്ങുമ്പോൾ മേഘം സമാഗമനകൂടാരത്തിന്റെ മുകളിൽ നില്ക്കും. തലവന്മാരെ കൂട്ടിച്ചേർക്കുന്നതിനും ജനങ്ങൾക്കു അടയാളം നല്ക്കുന്നതിനും വെള്ളിക്കാഹളങ്ങൾ നിർമ്മിച്ചു.

രണ്ടാംവർഷം രണ്ടാംമാസം ഇരുപതാം തീയതി മേഘം സമാഗമന കൂടാരത്തിൽ നിന്ന് ഉയർന്നപ്പോൾ ജനം സീനായിയിൽ നിന്നു യാത്ര പുറപ്പെട്ടു. (സംഖ്യാ, 10:11 മു). തബേരായിൽ വച്ച് ജനം പിറുപിറുത്തു. യഹോവയുടെ കോപം ജ്വലിച്ചു അവരുടെ ഇടയിൽ തീ കത്തി. മോശെ പ്രാർത്ഥിച്ചപ്പോൾ തീ അണഞ്ഞു. (സംഖ്യാ, 11:1-3). ജനത്തിന്റെ ന്യായപാലനം മോശയ്ക്കു ഭാരമായി തോന്നിയതിനാൽ 70 മൂപ്പന്മാരെ നിയമിക്കുകയും മോശെയുടെ മേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെമേൽ പകരുകയും ചെയ്തു. (സംഖ്യാ, 11 : 16,17). മിര്യാമും അഹരോനും മോശെക്കു വിരോധമായി സംസാരിച്ചു. ശിക്ഷിക്കപ്പെട്ട മിര്യാം കുഷ്ഠരോഗിണി ആയിത്തീർന്നു. മോശെ പ്രാർത്ഥിച്ചപ്പോൾ അവൾ ശുദ്ധയായി. (സംഖ്യാ, 12).

പാരാൻ മരുഭൂമിയിലെ കാദേശിൽ നിന്നും ഗോത്രപ്രതിനിധികളായ പ്രഭുക്കന്മാരെ കനാൻദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചു. അവരിൽ പത്തുപേരും ദേശം നല്ലതാണെങ്കിലും കൈവശമാക്കുവാൻ പ്രയാസമാണെന്നു പറഞ്ഞു ജനത്തെ നിരുത്സാഹപ്പെടുത്തി. എന്നാൽ യോശുവയും കാലേബും ദേശത്തെക്കുറിച്ചു ശുഭവാർത്ത നല്കുകയും തങ്ങൾക്കു ദേശം കൈവശമാക്കുവാൻ കഴിയുമെന്നു ഉറപ്പായി പറയുകയും ചെയ്തു. മത്സരികളായ ജനത്തെ ദൈവം നശിപ്പിക്കുവാനൊരുങ്ങി. മോശെയുടെ അപേക്ഷയനുസരിച്ചു യഹോവ തന്റെ നിശ്ചയത്തിൽ നിന്നും പിന്മാറി. എന്നാൽ പുറപ്പാടിന്റെ കാലത്തു 20 വയസ്സു കഴിഞ്ഞ ആരും കനാൻദേശത്തു പ്രവേശിക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്തു. അവർ എല്ലാം മരുഭൂമിയിൽ മരിക്കും; എന്നാൽ യോശുവയും കാലേബും കനാൻ ദേശത്തു പ്രവേശിക്കും. (13, 14 അ) കോരഹ്, ദാഥാൻ , അബീരാം എന്നിവർ മോശെക്കും അഹരോനും വിരോധമായി മത്സരിച്ചു. ഭൂമി വായ് പിളർന്നു അവരെ വിഴുങ്ങി. (16 അ). തുടർന്നുണ്ടായ ന്യായവിധിയിൽ 14,700 പേർ മരിച്ചു. അഹരോന്റെയും ലേവിഗോത്രത്തിന്റെയും പ്രാമുഖ്യം വ്യക്തമാക്കുന്ന അടയാളം നല്കി. 12 ഗോത്രങ്ങളെ പ്രതിനിധാനം ചെയ്ത 12 വടികളിൽ ലേവി ഗൃഹത്തിനുള്ള അഹരോന്റെ വടി മാത്രം തളിർത്തു പൂത്ത് ബദാം ഫലം കായ്ച്ചിരുന്നു. (സംഖ്യാ, 17). ഇങ്ങനെ അഹരോന്റെ പൗരോഹിത്യം ഭദ്രമായി.

ജനം കാദേശിൽ പാർത്തു. അവിടെവച്ചു മിര്യാം മരിച്ചു. ജലം ലഭിക്കാത്തതുകൊണ്ടു ജനം കലഹിച്ചു. യഹോവ അഹരോനും മോശയ്ക്കും പ്രത്യക്ഷനായി. ജനം കാൺകെ പാറയോടു കല്പിക്കുവാൻ യഹോവ മോശെയോടു അരുളിച്ചെയ്തു. പാറയോടു കല്പിക്കേണ്ടതിനു പകരം മോശെ രണ്ടുപ്രാവശ്യം വടികൊണ്ടടിച്ചു. ജനത്തിനും കന്നുകാലികൾക്കും വേണ്ടുവോളം വെള്ളം ലഭിച്ചു. ദൈവകല്പന ലംഘിച്ചു പാറയെ അടിച്ചതു കൊണ്ടു കനാൻ ദേശത്തു പ്രവേശിക്കുവാനുള്ള അനുവാദം മോശെക്കു നഷ്ടപ്പെട്ടു. ഏദോം ദേശത്തു പ്രധാന പാതയിലൂടെ കടന്നുപോകുവാൻ ഏദോം രാജാവ് യിസ്രായേൽ മക്കൾക്കു അനുവാദം നല്കിയില്ല. കാദേശിൽ നിന്നു പുറപ്പെട്ട ജനം ഹോർ പർവ്വതത്തിലെത്തി. അവിടെവച്ച് അഹരോൻ മരിച്ചു. അവിടെനിന്നും ചെങ്കടൽ വഴിയായി പുറപ്പെട്ട ജനം മനസ്സു ക്ഷീണിച്ചു ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു. തത്ഫലമായി അഗ്നിസർപ്പങ്ങൾ വന്നു യിസ്രായേല്യരെ കടിച്ചു അനേകം പേർ മരിച്ചു. യഹോവയുടെ കല്പനയനുസരിച്ച് മോശെ ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിൽ തൂക്കി. കടിയേറ്റവരിൽ താമസർപ്പത്തെ നോക്കിയവർ ആരും മരിച്ചില്ല. ഈ സംഭവം ക്രൂശുമരണത്തിനു നിഴലായി ക്രിസ്തു തന്നെ വ്യക്തമാക്കി. (യോഹ, 3:14-16).

അർണോൻ താഴ്വരയിലെത്തിയപ്പോൾ അമോര്യ രാജാക്കന്മാരായ സീഹോനും ഓഗും യുദ്ധത്തിനൊരുങ്ങി. യിസ്രായേൽ അവരെ തോല്പിച്ചു. യോർദ്ദാനു കിഴക്കുള്ള അവരുടെ പ്രദേശങ്ങൾ പില്ക്കാലത്തു രൂബേനും ഗാദിനും മനശ്ശെയുടെ പാതിഗോത്രത്തിനും നല്കി. അമോര്യരുടെ ഭീഷണി മാറിയപ്പോൾ യിസ്രായേല്യർ താൽക്കാലികമായി മോവാബ് സമഭൂമിയിൽ പാർത്തു. മോവാബ് രാജാവായ ബാലാക്ക് യിസായേലിനെ നശിപ്പിക്കുവാൻ വേണ്ടി മെസപ്പൊത്താമ്യയിൽ നിന്നു ബിലെയാമിനെ കൊണ്ടുവന്നു. ദൈവത്തിന്റെ അരുളപ്പാടു മാത്രമേ സംസാരിക്കാവൂ എന്നു ബിലെയാമിനു കല്പന ലഭിച്ചിരുന്നു. സംസാരിച്ചപ്പോഴെല്ലാം ബിലെയാം യിസ്രായേൽജനത്തെ ശപിക്കുന്നതിനുപകരം അനുഗ്രഹിച്ചു. യിസായേൽ ജനത്തെ വിഗ്രഹാരാധനയിലേക്കും ദുർന്നടപ്പിലേക്കും വശീകരിക്കുവാനുള്ള ഉപദേശം മോവാബ്യർക്കും മിദ്യാന്യർക്കും നല്കിയ ശേഷമാണു ബിലെയാം പോയത്. ബിലെയാമിന്റെ ഉപദേശമനുസരിച്ചു ദുർന്നടപ്പിലേക്കു വശീകരിക്കപ്പെട്ട യിസ്രായേല്യർ ആയിരക്കണക്കിനു മരിച്ചു. കുറ്റക്കാരായ തലവന്മാരെ വധിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ ബിലെയാം മരിച്ചു. (സംഖ്യാ, 31:16).

രണ്ടാമത്തെ ജനസംഖ്യയെടുപ്പിനുള്ള ക്രമീകരണങ്ങൾ മോശെ ചെയ്തു. അതിന്റെ മേൽനോട്ടം മഹാപുരോഹിതനായ എലെയാസാരിയായിരുന്നു. ഒന്നാമത്തേതിനെക്കാൾ കുറവായിരുന്നു യുദ്ധ പ്രാപ്തരുടെ എണ്ണം. (26:1-65). മോശെയുടെ അനന്തരഗാമിയായി യോശുവയെ നിയമിച്ചു. അവകാശത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ, വഴിപാടിനെ സംബന്ധിക്കുന്ന പ്രബോധനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ചില വിശദീകരണങ്ങൾ എന്നിവ നല്കി. (സംഖ്യാ, 27-30 അ). രൂബേൻ, ഗാദ്, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു അവരുടെ പ്രത്യേക അപേക്ഷയനുസരിച്ചു യോർദ്ദാന്റെ കിഴക്കുഭാഗം അവകാശമായി കൊടുത്തു. യോർദ്ദാന്നക്കരെയുള്ള പ്രദേശം ആക്രമിച്ചു കീഴടക്കുന്നതിനു മറ്റു ഗോത്രങ്ങളെ സഹായിക്കാമെന്നു അവരിൽനിന്നും ഉറപ്പുവാങ്ങി. വിഗ്രഹാരാധികളായ തദ്ദേശ വാസികളെ ബഹിഷ്ക്കരിക്കണമെന്നു കർശനമായി കല്പിച്ചു. ദേശം വിഭാഗിച്ചു നല്കുന്നതിനു പന്ത്രണ്ടു ഗോത്രപഭുക്കന്മാരെ നിയമിച്ചു. 48 പട്ടണങ്ങളും അവയ്ക്കു ചുറ്റുമുള്ള മേച്ചിൽ പുറങ്ങളും ലേവ്യർക്കു നല്കി. യാദൃച്ഛികമായ രക്തപാതകം നിമിത്തം ഒളിച്ചോടുന്നവനു സുരക്ഷയ്ക്കായി 48 ലേവ്യ പട്ടണങ്ങളിൽ നിന്നു ആറെണ്ണം സങ്കേതനഗരങ്ങളായി വേർതിരിച്ചു. (സംഖ്യാ, 34:35).

നാല്പതു വർഷം മോശെ യിസ്രായേൽ ജനത്തെ നയിച്ചു. യോർദ്ദാൻ നദികടന്നു വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാൻ കല്പനയും പ്രതീക്ഷിച്ചു ജനം മോവാബിൽ കഴിയുകയായിരുന്നു. കനാനിൽ പ്രവേശിക്കുവാനുള്ള അവകാശം മോശെക്കു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. (സംഖ്യം, 20:12). ദൈവത്തിന്റെ കല്പനയനുസരിച്ചു മോശെ ജനത്തെ അനുഗ്രഹിച്ചു. അനന്തരം നെബോ പർവ്വതത്തിൽ പിസ്ഗാ മുകളിൽ കയറിനിന്നു മോശെ വാഗ്ദത്തനാടു കണ്ടു. മോശെ മോവാബ് ദേശത്തുവെച്ചു മരിച്ചു. യഹോവ അവനെ മോവാബ് ദേശത്തു ബേത്ത്-പെയോരിന് എതിരെയുള്ള താഴ്വരയിലടക്കി. അവന്റെ ശവക്കുഴിയുടെ സ്ഥലം ആർക്കും അറിവില്ല. 120-ാം വയസ്സിൽ മരിക്കുന്നതുവരെയും മോശെയുടെ കണ്ണു മങ്ങുകയോ ദേഹബലം ക്ഷയിക്കുകയോ ചെയ്തില്ല. (ആവ, 34:1-8).

മോശെ എന്ന പുരുഷൻ: യിസ്രായേൽ ജനത്തിന്റെ നായകനായിരുന്ന ഈ അത്ഭുത പുരുഷനെക്കുറിച്ചു യഹോവ നല്കിയ സാക്ഷ്യം; ‘മോശെ എന്ന പുരുഷനോ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൌമ്യനായിരുന്നു’ എന്നത്രേ. (സംഖ്യാ, 12:3). ഒരു വ്യക്തിയുടെ സ്വഭാവം വെളിപ്പെടുന്നതു വ്യക്തിയുടെ വാക്കുകളിലും പ്രവൃത്തികളിലും കൂടെയാണ്. സ്വന്തജനത്തിനു മോശെ നല്കിയ അന്തിമ ഭാഷണങ്ങളിൽ മോശെയുടെ സ്വഭാവം വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. യിസ്രായേൽ ജനവുമായി ദൈവം ഉടമ്പടിചെയ്ത ഹോരേബ് മുതലുള്ള യാത്രയെ പുനരവലോകനം ചെയ്തു. അവർ പിറുപിറുത്ത സ്ഥലങ്ങളെ പ്രത്യേകം ചൂണ്ടിക്കാണിച്ചു. പിറുപിറുപ്പു നിമിത്തമാണ് മിസ്രയീമിൽ നിന്നും പുറപ്പെട്ട തലമുറയ്ക്ക് കനാൻ ദേശത്തുപ്രവേശിക്കുവാൻ കഴിയാതെ പോയത്. അമോര്യരുടെ മേലുള്ള വിജയം യോശുവയുടെ കീഴിൽ കനാനിലുള്ള ജയത്തെ ഉറപ്പാക്കി. (ആവ, 1:1-4:43). രണ്ടാം പ്രഭാഷണത്തിൽ (ആവ, 4:44-28:68) ദൈവത്തെ സ്നേഹിക്കുവാനും അനുസരിക്കുവാനും ജനത്തെ ഉദ്ബോധിപ്പിച്ചു. തുടർന്നു മോശെ ഒരു പാട്ടുപാടി. (ആവ, 32). ഒടുവിലായി തന്റെ മരണത്തിനു മുമ്പു യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു. (ആവ, 33).

മോശെ ഒരു യഥാർത്ഥ നായകനായിരുന്നു. നായകത്വത്തിനു മോശെയെ യോഗ്യനാക്കിത്തീർത്തത് ദൈവത്തിലുള്ള അചഞ്ചല വിശ്വാസവും ദൈവത്തോടുള്ള നിരന്തര സമ്പർക്കവും മിസ്രയീമിൽ തനിക്കു ലഭിച്ച പരിശീലനവും ജ്ഞാനവുമാണ്. (പ്രവൃ, 7:22, 37; എബ്രാ, 11:23-29). സ്വന്തം ജീവിതത്തിൽ പലപ്പോഴും കടുത്ത പരീക്ഷണങ്ങൾക്കു മോശെ വിധേയനായിട്ടുണ്ട് അവിശ്വസ്തരായ യിസ്രായേല്യർ ദൈവകല്പന ലംഘിക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല. ഒരു തലവനെ തിരഞ്ഞെടുത്തു മിസ്രയീമിലേക്കു മടങ്ങിപ്പോകാൻ വരെ അവർ ഒരുങ്ങി. (സംഖ്യാ, 14:4). സ്വന്തം കുടുംബാംഗങ്ങൾ പോലും മോശെക്കു വിരോധമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. (പുറ, 32:1,21; സംഖ്യാ, 12:1). പക്ഷേ അവയെല്ലാം സൗമ്യനായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. അവിശ്വസ്തരായ ജനത്തെ ദൈവം ശിക്ഷിക്കുമ്പോൾ ജനത്തിന്റെ മദ്ധ്യസ്ഥനായി മോശെ നിലകൊണ്ടു. (സംഖ്യാ, 14:5-9, 13; 16:4). ഇതിനൊക്കെയും മോശെ പ്രാപ്തനായതു വിശ്വാസത്താൽ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിന്നതുകൊണ്ടു മാത്രമാണ്. (എബ്രാ, 11:27).

ഒരു പ്രവാചകനും നിയമദാതാവും എന്ന നിലയിൽ മോശെയുടെ സ്ഥാനം അദ്വിതീയമാണ്. (ആവ, 18:18; പ്രവൃ, 3:22). ദൈവത്തിന്റെ സാക്ഷ്യം ഇത്ര വ്യക്തമായും സ്പഷ്ടമായും അവതരിപ്പിച്ച മറെറാരു പ്രവാചകനുമില്ല. ദൈവം മോശെക്കു നേരിൽ വെളിപ്പെട്ടു വിളിച്ചു ദൗത്യം ഏല്പിക്കുകയാണു ചെയ്തത്. (പുറ, 3:1-4:17). മിസ്രയീമിലെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുന്നതോടൊപ്പം ദൈവഹിതം ജനത്തെ അറിയിക്കേണ്ടിയും ഇരുന്നു. (പുറ, 19:3, 7). മോശെയിലൂടെ നല്കിയ നിയമങ്ങൾ യിസ്രായേൽ ജനത്തിനു മാത്രമല്ല സർവ്വജനത്തിനും പ്രയോജനപ്പെടുവാൻ ഉള്ളതാണ്. അവ ജനത്തിന്റെ നൈതികവും സാമൂഹികവും ആത്മീയവുമായ ആവശ്യങ്ങൾക്കു പര്യാപ്തമായിരുന്നു. ഉടമ്പടിബദ്ധജനം എന്ന നിലയിൽ യിസ്രായേല്യരുടെ ചെറിയ ചലനങ്ങളും പ്രവൃത്തികളും പോലും ദൈവഹിതം നിറവേറത്തക്കവണ്ണം വിശുദ്ധിയുടെ മാനദണ്ഡത്തിൽ കരുപ്പിടിപ്പിക്കേണ്ടതാണ്. ന്യായപ്രമാണത്തിലെ സിവിൽ നിയമങ്ങൾ അവിടവിടെയായി ചിതറിക്കിടക്കുന്നു. ഒരു ചെറിയ വാക്യം മുതൽ ഒരു അദ്ധ്യായത്തോളം വലിപ്പമുള്ള ഏകദേശം 150 ഖണ്ഡികകൾ അതിനുണ്ട്: (പുറ, 21-23; 40 ഖണ്ഡിക). (ലേവ്യ, 18-20; 20 ഖണ്ഡിക). (ആവ, 12-26; 90 ഖണ്ഡിക).

ഗ്രന്ഥപഞ്ചകത്തിന്റെ എഴുത്തുകാരൻ മോശെയാണ്. എന്നാൽ അതിനെക്കുറിച്ചു വിഭിന്ന വാദഗതികൾ നിലവിലുണ്ട്. ഗ്രന്ഥപഞ്ചകത്തിൽ ആവർത്തനം 31:23 വരെയും; മോശെയുടെ പാട്ടും (ആവ, 32:1-43), ഗോത്രങ്ങൾക്കു നല്കിയ അനുഗ്രഹവും (ആവ, 33:1-29) 90-ാം സങ്കീർത്തനവും മോശെയുടേതാണ്. താഴെപ്പറയുന്ന ഭാഗങ്ങൾ മോശെ എഴുതിയതായി എടുത്തു പറഞ്ഞിട്ടുണ്ട്.

1. അമാലേക്കിന്റെ ഓർമ്മ (പുറ, 17:14).

2. പത്തുകല്പനകൾ (പുറ, 24:12; 34:27).

3. യഹോവയുടെ വചനങ്ങൾ (പുറ, 24:4).

4. ന്യായപ്രമാണപുസ്തകം (യോശു, 8:31).

5. കല്പനകളും ചട്ടങ്ങളും എല്ലാം (ആവ, 30:10; പുറ, 34:27; 2രാജാ, 17:37).

6. നിയമങ്ങൾ (ആവ, 24:1; മർക്കൊ, 10:4).

7. യിസ്രായേൽ മക്കളുടെ മരുഭൂമി പ്രയാണരേഖ (സംഖ്യാ, 33:2).

8. മോശെയുടെ പാട്ട് (ആവ 31:19, 22).

പഴയനിയമത്തിൽ അനന്തരഭാഗത്ത് മോശെയുടെ പേര് അധികം ആവർത്തിക്കപ്പെടുന്നില്ല . സങ്കീർത്തനങ്ങളും പ്രവാചകന്മാരും മോശെയെ പ്രവാചക പ്രമുഖനായി പറയുന്നു. മറുരൂപമലയിൽ വച്ച് ക്രിസ്തുവിന്റെ മുമ്പിൽ മോശെയും ഏലീയാവും പ്രത്യക്ഷപ്പെട്ടു. (മത്താ, 17:2). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു എന്നു യോഹന്നാൻ എഴുതി. (യോഹ, 1:17). മോശെയുടെ മുഖത്തു പ്രകാശിച്ച ദൈവതേജസ്സിനെക്കുറിച്ചും മോശെ മൂടുപടം ധരിച്ചതിനെക്കുറിച്ചും പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കി. (2കൊരി, 3:13-18). മോശെ ദൈവഭവനത്തിൽ വിശ്വസ്തനായ ദാസനായിരുന്നു. (എബ്രാ, 3:1-19; ക്രിസ്തുവോ അധികാരിയായ പുത്രനും.

Leave a Reply

Your email address will not be published. Required fields are marked *