നെബുഖദ്നേസർ (Nebuchadnezzar)
പേരിനർത്ഥം – നെബോ അതിർ സംരക്ഷിക്കട്ടെ
പേരിന്റെ ശരിയായ രൂപം എബ്രായയിൽ നെബൂഖദ്രേസർ. കല്ദായ വംശത്തിൽ നബോപൊലാസറിന്റെ പുത്രൻ; ബി.സി. 605 മുതൽ 562 വരെ ബാബേൽ രാജാവ്. അശ്ശൂരിന്റെ ശക്തി ക്ഷയിച്ചപ്പോൾ ദാക്ഷിണാത്യരായ കല്ദയർ ഒരിക്കൽകൂടി ബാബിലോൺ നഗരത്തിന്റെ അധികാരം പിടിച്ചെടുക്കുവാൻ ശ്രമം നടത്തി. അശ്ശൂരിൽ അശ്ശൂർ ബനിപ്പാളിന്റെ വാഴ്ച അവസാനിച്ചപ്പോൾ ബി.സി. 625-ൽ നബോപൊലാസർ സിംഹാസനം കരസ്ഥമാക്കി. തുടർന്നു അശ്ശൂർ ബനിപ്പാളിന്റെ പിൻഗാമികളും നബോപൊലാസറും തമ്മിൽ രൂക്ഷമായ സംഘട്ടനങ്ങൾ നടന്നു.
നെബൂഖദ്നേസർ യുദ്ധരംഗത്ത് പ്രസിദ്ധനായി. സ്യാക്സാരസിന്റെ പുത്രിയെ നെബൂഖദ്നേസർ വിവാഹം ചെയ്തു. നീനെവേ തകർന്നപ്പോൾ ദക്ഷിണ അശ്ശൂരും വിശാലമായ പശ്ചിമ പ്രവിശ്യകളും നബോപൊലാസർ പിടിച്ചെടുത്തു. അശ്ശൂരിന്റെ ദൗർബ്ബല്യത്തെ മുതലെടുക്കുവാൻ ഈജിപ്റ്റ് ഒരുമ്പെട്ടു. പലസ്തീനും സുറിയയും ഈജിപ്ററിന് അധീനമായിരുന്നു. സുറിയാ നഗരങ്ങളിലെ ദേശാധിപതിമാർ ഈജിപ്റ്റിലെ രാജാക്കന്മാരെ നാഥൻ എന്നും ദേവൻ എന്നും വിളിച്ചു വിധേയപ്പെട്ടിരുന്നു. മിസ്രയീമിലെ നെഖോ രണ്ടാമൻ സുറിയയും പലസ്തീനും ആക്രമിക്കാൻ തുടങ്ങി. ബി.സി. 608-ൽ ഈജിപ്റ്റിൽ നിന്നും തിരിച്ച നെഖോയും സൈന്യവും മെഗിദ്ദോയിൽ എത്തി. യെഹൂദാരാജാവായ യോശീയാവു നെഖോയോടു ഏററുമുട്ടി കൊല്ലപ്പെട്ടു. നെഖോ രാജ്യത്തിന്റെ മുഴുവൻ അധിപനായി. തുടർന്നു യൂഫ്രട്ടീസ് തടത്തിലേക്കു തിരിഞ്ഞ നെഖോ കർക്കെമീശിൽ എത്തി. കർക്കെമീശിൽ താവളമടിച്ചിരുന്ന മിസ്രയീമ്യ സൈന്യത്തിനെതിരെ നെബൂഖദ്നേസർ സൈന്യത്തെ നയിച്ചു. ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിട്ടുളള മഹായുദ്ധങ്ങളിൽ ഒന്നായിരുന്നു കർക്കെമീശ് യുദ്ധം. ദയനീയമായി പരാജയപ്പെട്ട നെഖോ പിന്തിരിഞ്ഞ് ഈജിപ്റ്റിലേക്കു ഓടി. മിസ്രയീം നദിവരെ നെബൂഖദ്നേസർ നെഖോയെ പിന്തുടർന്നു. ഈ നിർണ്ണായക ഘട്ടത്തിൽ ബി.സി. 604-ൽ പിതാവു മരിച്ചു. ഉടൻതന്നെ ഭരണം ഏറ്റെടുക്കാൻ നെബൂഖദ്നേസറിനു സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. പിതാവു മരിക്കാതിരുന്നെങ്കിൽ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിച്ചു കീഴടക്കുമായിരുന്നു. ആദ്യവർഷങ്ങളിൽ തന്റെ ഭരണം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളിൽ നെബൂഖദ്നേസർ വ്യാപൃതനായി. പരാജയപ്പെട്ടു എങ്കിലും പലസ്തീനിലും സിറിയയിലുമുളള തങ്ങളുടെ മോഹം ഈജിപ്റ്റിന് നഷ്ടപ്പെട്ടില്ല. ഫറവോനായ ഹൊഫ്രാ പലസ്തീനിൽ കലാപമുണ്ടാക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
സിദെക്കീയാവ് രാജാവിനെ നെബുഖദ്നേസർ ആക്രമിച്ചു. ഒന്നര വർഷത്തെ നിരോധനത്തിനുശേഷം ബി.സി. 587-ൽ യെരൂശലേം വീണു. അനേകംപേരെ ബദ്ധരാക്കി നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയി. യെഹൂദയെ കല്ദായപ്രവിശ്യയാക്കി മാറ്റി. ഏദോം, മോവാബ്, സോർ, സീദോൻ എന്നീ ദേശങ്ങളെ നെബൂഖദ്നേസർ ദണ്ഡിപ്പിച്ചു. ബി.സി. 585 മുതൽ 572 വരെ പതിമൂന്നുവർഷം സോരിനെ നിരോധിച്ചിട്ടും പിടിക്കുവാൻ കഴിഞ്ഞില്ല. നാവികപ്പടയുടെ അഭാവമായിരുന്നു നെബൂഖദ്നേസറിന്റെ പരാജയത്തിനു കാരണം. അസ്വാൻ വരെയുളള ഈജിപ്റ്റിൽ നെബൂഖദ്നേസർ പടയോട്ടം നടത്തി. ഹൊഫ്രായുടെ പിൻഗാമിയുടെ കാലത്ത് ഈജിപ്റ്റ് ബാബിലോണിന് കീഴടങ്ങിയിരുന്നു. തന്റെ വാഴ്ചയുടെ 37-ാം വർഷം നെബൂഖദ്നേസർ ഈജിപ്റ്റിലേക്കു വീണ്ടും സൈന്യത്തെ അയച്ചതായി കാണുന്നു. കേദാരിലെ അറബികളോട് യുദ്ധം ചെയ്തു അവരെ തോല്പിച്ചു. (യിരെ, 49:28-33). ഈ യുദ്ധത്തെക്കുറിച്ച് ബാഹ്യരേഖകളൊന്നും ഇല്ല. താൻ കീഴടക്കിയ വിശാലമായ സാമ്രാജ്യത്തെ ബലം പ്രയോഗിച്ചു നിലനിർത്താനാണ് നെബൂഖദ്നേസർ ശ്രമിച്ചത്.
ബാബേലിന്റെ മഹത്വമായിരുന്നു നെബൂഖദ്നേസറിന്റെ ലക്ഷ്യം. ബാബിലോണിലെ ബേൽ മർദ്ദൂക് ക്ഷേത്രവും ബോർസിപ്പയിലെ നെബോ ക്ഷേത്രവും സുന്ദരമാക്കി. ബാബിലോൺ ഉൾപ്പെടെ പലനഗരങ്ങളെയും ബലപ്പെടുത്തുകയും മോടിപിടിപ്പിക്കുകയും ചെയ്തു. 43 വർഷത്തെ ദീർഘവും സംഭവബഹുലവുമായ ഭരണത്തിനു ശേഷം നെബൂഖദ്നേസർ മരിച്ചു. പുത്രനായി എവിൽ-മെരോദാക് രാജാവായി. ദാനീയേൽ പ്രവചനത്തിലെ ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിൽ നെബൂഖദ്നേസറുടെ ഭരണവും പ്രശസ്തിയും വർണ്ണിക്കപ്പെടുന്നു. “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപ മഹത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ” എന്നു നെബൂഖദ്നേസർ അഹങ്കരിച്ചു. (ദാനീ, 4:30). തൽഫലമായി ദൈവികശിക്ഷ അവന്റെമേൽ വരികയും രാജത്വം അവനെ വിട്ടുമാറുകയും ചെയ്തു. ഏഴുവർഷം അവൻ കാട്ടുമൃഗങ്ങളോടുകൂടി കഴിഞ്ഞു. ഒടുവിൽ നെബൂഖദ്നേസർ സ്വർഗ്ഗത്തേക്കു കണ്ണു ഉയർത്തി അത്യുന്നതനായ ദൈവത്തെ വാഴ്ത്തി. തുടർന്നു തന്റെ മഹത്വം നെബൂഖദ്നേസറിനു മടക്കിക്കിട്ടി. (ദാനീ, 4:36).