മുസ്യ (Mysia)
ഏഷ്യാമൈനറിന്റെ വടക്കുപടിഞ്ഞാറെ ആറ്റത്തു കിടക്കുന്ന ജില്ല. ഈജിയൻ കടൽ, ഹെല്ലെസ്പോണ്ട്, പ്രൊപൊണ്ടിസ്, ബിഥുന്യ, ഫ്രൂഗ്യ, ലുദിയ എന്നിവ മുസ്യയ്ക്കു ചുറ്റുമായി കിടക്കുന്നു. അതിനു അഞ്ചു പ്രാദേശങ്ങളുണ്ട്: 1. മുസ്യാമൈനർ – ഉത്തരതീരം. 2. മുസ്യാമേജർ – ഇതിലെ പ്രധാന പട്ടണമാണ് പെർഗാമം. 3. ത്രോവാസ് – വടക്കു പടിഞ്ഞാറെ മൂലയിൽ ഇഡാ പർവ്വതത്തിനും സമുദ്രത്തിനും ഇടയിൽ കിടക്കുന്നു. ട്രോയിയുടെ അധീനതയിൽ ഇരുന്നു എന്നു സൂചിപ്പിക്കുകയാണ് ത്രോവാസ് എന്ന പേര്. പേർഷ്യയുമായി അലക്സാണ്ടർ ആദ്യമായി യുദ്ധം ചെയ്തതു ഇവിടെ വച്ചാണ്. 4. അയോലിയ (Aeolis). 5. ട്യൂത്രാനിയ (Teuthrania). മുസ്യയിലെ ആദിവാസികൾ ത്രേസ്യരോടു ബന്ധമുളള മുസി (Mysi) വർഗ്ഗക്കാരാണ്. ബി.സി. 280 മുതൽ മുസിയ പെർഗ്ഗാമം രാജ്യത്തിന്റെ ഭാഗമായിരുന്നു. ബി.സി. 133-ൽ മുസ്യ റോമിന്റെ അധീനത്തിലായി. തുടർന്നു ആസ്യ പ്രവിശ്യയുടെ ഭാഗമായി തീർന്നു. രണ്ടാം മിഷണറി യാത്രയിൽ പൗലൊസ് മുസ്യയിലൂടെ കടന്നുപോയി. (പ്രവൃ, 16:14). എന്നാൽ അപ്പൊസ്തലൻ ഇവിടെ പ്രവർത്തനം ഒന്നും നടത്തിയില്ല.