ഫ്രുഗ്യ (Phrygia)
ദക്ഷിണപശ്ചിമ ഏഷ്യാമൈനറിലെ ഒരു ഉൾനാടൻ പ്രവിശ്യയായിരുന്നു ഫ്രുഗ്യ. ഈ പ്രദേശത്തിന്റെ അതിരുകൾ നിരന്തരം മാറ്റത്തിനു വിധേയമായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ ഗലാത്യ, ആസ്യ എന്നീ റോമൻ പ്രവിശ്യകളിൽ ഉൾപ്പെട്ടിരുന്ന ഉൾപ്രദേശമായിരുന്നു ഫ്രുഗ്യ, കൃഷിയും ആടുവളർത്തലുമാണ് പ്രധാന തൊഴിൽ. ബി.സി. രണ്ടാം സഹസാബ്ദം അവസാനത്തിൽ ഫ്രുഗ്യർ ഗ്രീസിൽ നിന്ന് തെക്കോട്ടു വ്യാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ടൗറസ് പർവ്വതനിരകളുടെ വടക്കുള്ള ഏഷ്യാ മൈനറിന്റെ മദ്ധ്യഭാഗവും പടിഞ്ഞാറുഭാഗവും അവർ കൈവശമാക്കി. പുരാതന നഷ്ടശിഷ്ടങ്ങളിൽ നിന്നും അവരുടെ തലസ്ഥാനം ഗോർഡിയോനും (Gordion) പ്രധാന രാജാവ് മിഡാസും ആയിരുന്നുവെന്നു തെളിഞ്ഞു. പെർഗാമമിലെ അട്ടാലസ് രാജാക്കന്മാരുടെ കാലത്ത് അവർ ഗ്രീക്കു സ്വാധീനത്തിനു വിധേയരായി. ബി.സി. 116-ൽ ഫ്രുഗ്യയുടെ സിംഹഭാഗവും റോം ആസ്യാ പ്രവിശ്യയോടു ചേർത്തു. ഫ്രുഗ്യയുടെ കിഴക്കെ അറ്റം ബി.സി. 25-ൽ ഗലാത്യയോടു ചേർത്തു. പെന്തെകൊസ്തു നാളിൽ ഫ്രുഗ്യർ യെരുശലേമിൽ എത്തിയിരുന്നു. (പ്രവൃ, 2:10). ഫ്രുഗ്യയെ വിശാലാർത്ഥത്തിൽ ഗണിക്കുകയാണെങ്കിൽ പൗലൊസും ബർന്നബാസും ഒന്നാം മിഷണറിയാത്രയിൽ തന്നെ ഇവിടെ ക്രിസ്തുമതം പ്രചരിപ്പിച്ചു. (പ്രവൃ, 13:13; 14:24). “ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു അവരെ വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു” എന്നിങ്ങനെ പൗലൊസും ശീലാസും രണ്ടാം മിഷണറി യാത്രയിൽ ഫ്രുഗ്യയിൽ എത്തിയതിനെ വിവരിക്കുന്നു. (പ്രവൃ, 16:6). മുന്നാം മിഷണറി യാത്രയിൽ എഫെസൊസിലും കൊരിന്തിലും പോകുമ്പോൾ പൗലൊസ് ഫ്രുഗ്യ സന്ദർശിച്ചു. (പ്രവൃ, 18:23). വളരെയേറെ ക്രിസ്തീയ പ്രവർത്തനങ്ങൾ നടന്നുവെങ്കിലും ഈ പരാമർശത്തോടെ ഫ്രുഗ്യ തിരുവെഴുത്തുകളിൽ നിന്നു മറയുന്നു.