ഫിലിപ്പി (Philippi)
മക്കെദോന്യയിലെ ഒരു പട്ടണം. ഈജിയൻ സമുദ്രത്തിന്റെ വടക്കെ അറ്റത്തുള്ള ജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ പിതാവായ ഫിലിപ്പ് രണ്ടാമൻ ബി.സി. 356-ൽ പട്ടണം പണിതു സ്വന്തം പേരു നല്കി. പട്ടണത്തിന്റെ ആദ്യപേര് ക്രീനിഡെസ് (Krenides) എന്നായിരുന്നു. അതിനു ചെറിയ ഉറവകളുടെ സ്ഥാനം എന്നർത്ഥം. ഇവിടെ വലിയ സ്വർണ്ണഖനികൾ ഉണ്ട്. ബി.സി. 168-ൽ റോമാക്കാർ ഈ പട്ടണം പിടിച്ചെടുത്തു. അവർ മക്കെദോന്യയെ നാലു ജില്ലകളായി വിഭജിച്ചപ്പോൾ ഒന്നാമത്തേതിൽ ഫിലിപ്പി ഉൾപ്പെട്ടു. ബി.സി. 42-ൽ ഒക്ടേവിയനും ആന്റണിയും ചേർന്നു ജൂലിയസ് കൈസറിന്റെ ഘാതകരായ ബ്രൂട്ടസിനെയും കാഷ്യസിനെയും പരാജയപ്പെടുത്തിയതു ഫിലിപ്പി സമതലത്തിൽ വച്ചായിരുന്നു. ആക്ടിയം യുദ്ധത്തിൽ (ബി.സി. 31) ഒക്ടേവിയൻ (ഔഗുസ്തൊസ് കൈസർ) ആന്റണിയെ തോല്പിച്ചു. ഈ വിജയത്തിന്റെ സ്മാരകമായി ഔഗുസ്തൊസ് കൈസർ ഫിലിപ്പിയെ റോമൻ കോളനി ആക്കി. ബി.സി. 27-ൽ റോമൻ സെനറ്റ് ഒക്ടേവിയനെ അഗസ്റ്റസ് സീസർ ആക്കിയതോടു കൂടി അദ്ദേഹം ഫിലിപ്പിയെ കൊളോണിയാ ഔഗുസ്താ യൂലിയ ഫിലിപ്പെൻസിസ് (Colonia Augusta Julia Philippensis) ആക്കി. റോമൻ കോളനി ആയതോടു കൂടി പട്ടണത്തിനു നികുതിയിളവും മറ്റു ആനുകൂല്യങ്ങളും ലഭിച്ചു. ലൂക്കൊസ് അഭിമാനത്തോടുകൂടിയാണ് ഫിലിപ്പിയെക്കുറിച്ചു പറയുന്നത്. “ഇതു മക്കെ ദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു.” (പ്രവൃ, 16:12). പൗലൊസിൽ നിന്നു സുവിശേഷം കേൾക്കുന്ന ആദ്യത്തെ യൂറോപ്യൻ പട്ടണമാണു ഫിലിപ്പി. പ്രത്യേക ദൈവനിയോഗം അനുസരിച്ചാണ് പൗലൊസും ശീലാസും ത്രോവാസിൽ നിന്നു ഫിലിപ്പിയിലെത്തിയത്. (പ്രവൃ, 16:6-12).