പാർസി, പാർസ്യ (Persia)
ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു രാജ്യമാണ് പാർസി അഥവാ പേർഷ്യ. മേദ്യരുടെ തെക്കുകിഴക്കും പേർഷ്യൻ ഉൾക്കടലിന്റെ വടക്കുമായി കിടക്കുന്നു. ഈ ദേശത്തിന്റെ മറ്റൊരു പേരാണ് ഇറാൻ; ആര്യന്മാരുടെ ദേശം എന്നർത്ഥം. 1935-ൽ ഇറാൻ എന്നപേര് ഔദ്യോഗിക നാമമായി അംഗീകരിക്കപ്പെട്ടു. ക്രിസ്തുവിനു 2000 വർഷം മുമ്പു മദ്ധ്യേഷ്യയിൽ നിന്നു വന്ന ആര്യന്മാരിൽ ഒരു വിഭാഗമാണ് ഇവിടത്തെ ആദിമനിവാസികൾ. രണ്ടു സംഘങ്ങൾ വന്നതിൽ ഒരു കൂട്ടർ മേദ്യർ എന്നും അപരർ പാർസികൾ എന്നും അറിയപ്പെട്ടു. മേദ്യർ വടക്കുപടിഞ്ഞാറു ഭാഗത്തും പാർസികൾ തെക്കുഭാഗത്തും പാർപ്പുറപ്പിച്ചു. കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു അവരുടെ പ്രധാന തൊഴിൽ. പാർസി രാജ്യസ്ഥാപനത്തിനു മുമ്പ് സുമേര്യൻ സംസ്കാരവും ബാബിലോണിയൻ സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. ഹഗ്മത്താനയായിരുന്നു മേദ്യരുടെ തലസ്ഥാനം. മേദ്യനായ സ്യാക്സാരെസ് നബോപൊലാസറുമായി കൂട്ടുചേർന്നു ബി.സി. 612-ൽ നീനെവേയെ നശിപ്പിച്ചു. ക്രമേണ പാർസികൾ തെക്കോട്ടു വ്യാപിച്ചു അൻഷാനിൽ കുടിയുറപ്പിച്ചു. അവരുടെ നിവാസദേശത്തെ പർസാമാഷ് എന്നു വിളിച്ചു. തങ്ങളുടെ പൗരാണിക ജന്മനാടായ പർസുവായുടെ സ്മരണയ്ക്കായിട്ടാണ് പാർസികൾ ദേശത്തിനു ഈ പേരു നല്കിയത്. ബി.സി. 700-നടുപ്പിച്ച് അവരുടെ നേതാവ് അക്കേമെനെസ് ആയിരുന്നു. പാർസികളുടെ അനന്തര രാജാക്കന്മാർ അക്കമേന്യർ എന്ന പേരിലറിയപ്പെട്ടു. ബി.സി. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തിയസ്പെസ് എന്ന രാജാവ് രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. പാർസികളുടെ ദേശം അൻഷാനു കിഴക്കും പേർഷ്യൻ ഗൾഫിനു വടക്കും വ്യാപിച്ചു. ഈ ദേശമാണു പാർസാ അഥവാ പേർഷ്യ എന്നറിയപ്പെട്ടത്.
മഹാനായ കോരെശ് അഥവാ കോരെശ് രണ്ടാമൻ (ബി.സി. 559-530): കാമ്പിസസ് ഒന്നാമന്റെ പുത്രനാണ് കോരെശ് രണ്ടാമൻ. വിശാലമായ പേർഷ്യാസാമ്രാജ്യം സ്ഥാപിച്ച ഇദ്ദേഹം ബി.സി. 559-ൽ അൻഷാനിലെ ചക്രവർത്തിയായി. മേദ്യനായ അസ്ത്യാഗിസിനെ തോല്പിച്ചു എക്ബത്താന പിടിച്ചടക്കി. അനന്തരം കോരെശിന്റെ അധികാരം വർദ്ധിക്കുകയും മേദ്യയും ഏലാമും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു ഒതുക്കപ്പെടുകയും ചെയ്തു. ‘പാർസ്യരുടെയും മേദ്യരുടെയും’ എന്നും (എസ്ഥേ, 1:19), മേദ്യരും പാർസികളും എന്നും (ദാനീ, 5:28) തിരുവെഴുത്തുകളിൽ പറയപ്പെട്ടിട്ടുണ്ട്. ലുദിയയിലെ ക്രീസസിനെ (ബി.സി. 546) കീഴടക്കിയ കോരെശ് ബി.സി. 539-ൽ ബാബിലോണിയ പിടിച്ചടക്കി. തുടർന്നു രണ്ടു നൂറ്റാണ്ടോളം യെഹൂദ്യ പാർസ്യ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിത്തീർന്നു. കോരെശ് യെഹൂദ്യ പ്രവാസികളോടു കരുണ കാണിക്കയും സ്വന്തദേശത്തു ദൈവാലയം പണിയുന്നതിനു അനുവാദം നല്കുകയും ചെയ്തു. (2ദിന, 36:22,23; എസ്രാ, 1:2,3). കോരെശ് വിശാലമനസ്ക്കനായിരുന്നു. കീഴടക്കിയ പ്രദേശങ്ങളിലെ പ്രജകളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി അവരുടെ മതവിശ്വാസത്തെ ആദരിക്കുന്ന ഒരു നയമാണ് കോരെശ് പൊതുവെ സ്വീകരിച്ചിരുന്നത്. പാർസ്യയിലെ പാസർഗദെ ആയിരുന്നു തലസ്ഥാനം. ബി.സി. 529-ൽ ഒരു യുദ്ധത്തിൽ വച്ച് കോരെശ് വധിക്കപ്പെട്ടു. തലസ്ഥാന നഗരിയിലെ ഒരു കല്ലറയിൽ കോരെശിനെ അടക്കി. ആ കല്ലറ ഇന്നും ശേഷിക്കുന്നുണ്ട്. പുത്രനായ കാമ്പിസസ് രണ്ടാമൻ കോരെശിനു പകരം രാജാവായി.
കാമ്പിസസ് രണ്ടാമൻ ll (ബി.സി. 529-522): ഇദ്ദേഹം ഈജിപ്റ്റ് ആക്രമിച്ചു. ഈജിപ്റ്റിലെ വിജയങ്ങൾക്കു ശേഷം അയാൾ ആത്മഹത്യ ചെയ്തു. തുടർന്നുണ്ടായ ആഭ്യന്തര യുദ്ധത്തിൽ പാർസി സാമ്രാജ്യം തകർന്നു. ഗൗതമ (522-521) അധികാരം പിടിച്ചെടുത്തു. അർമീനിയ, മേദ്യ, ബാബിലോണിയ തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്രമാവാൻ ശ്രമിച്ചു.
ദാര്യാവേശ് ഒന്നാമൻ l (ബി.സി. 521-486): കോരെശ് ചക്രവർത്തി സ്ഥാപിച്ച പാർസി സാമ്രാജ്യത്തെ ഉറപ്പിച്ചത് ദാര്യാവേശ് ആണ് ബി.സി. 521-ൽ ഹിസ്റ്റാസ്പസിന്റെ പുത്രനായ ദാര്യാവേശ് അധികാരം പിടിച്ചെടുത്തു. ആറുവർഷത്തെ കഠിനപരിശ്രമം കൊണ്ടു എല്ലാ ലഹളകളും അടിച്ചമർത്തി. ബി.സി. 515-ാം വർഷത്തോടു കൂടി കോരെശും കാമ്പിസസും കീഴടക്കിയിരുന്ന എല്ലാ പ്രദേശങ്ങളും ദാര്യാവേശിനു അധീനമായി. ബി.സി. 512-ൽ അദ്ദേഹം ഭാരതത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗം ആക്രമിച്ചു. പാർസിസാമ്രാജ്യം കാക്കസസ് മുതൽ ഉത്തരഗ്രീസിന്റെ അതിരുകൾ വരെയും ഹിന്ദുസ്ഥാൻ മുതൽ കൂശ് (എത്യോപ്യാ) വരെയും വ്യാപിച്ചു. (എസ്ഥേ, 1:1). ദാര്യാവേശിന്റെ അവസാനകാലത്തോടു കൂടി പാർസിഗ്രീക്കു യുദ്ധങ്ങൾ ആരംഭിച്ചു. ബി.സി. 491-ൽ മാരത്തോണിൽ വച്ചു പാർസികൾ പരാജയപ്പെട്ടു. തുടർന്നു ബി.സി. 480-ൽ സലാമിസിൽ വച്ചും പാർസികൾ പരാജയപ്പെട്ടു. പാർസികളുടെ വിശാലമായ സാമ്രാജ്യത്തിൽ ഒരു ചെറിയ പ്രവിശ്യയായിരുന്നു യെഹൂദ.
അഹശ്വേരോശ് (ബി.സി. 486-465): ദാര്യാവേശ് ഒന്നാമന്റെ പുത്രനായ ക്സെർക്സസ് (Xerxes) ആണ് എസ്ഥേറിലെ അഹശ്വേരോശ്. അഹശ്വേരോശിന്റെ വാഴ്ചയിലെ ഏഴാം വർഷം വരെ (ബി.സി. 478) എസ്ഥർ രാജ്ഞിയായില്ല. ബി.സി. 480-ൽ ഗ്രീസിനോടു പരാജയം ഏറ്റുവാങ്ങി മടങ്ങിവന്നശേഷം അന്തഃപുര കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു എന്ന് ഹൈരൊഡോട്ടസ് എഴുതുന്നു.
അർത്ഥഹ്ശഷ്ടാവ് ഒന്നാമൻ (ബി.സി. 465-425): വലത്തു കയ്യിലെ വൈകല്യം നിമിത്തം longimanus എന്നറിയപ്പെട്ടു. നാല്പതു വർഷം രാജ്യം ഭരിച്ചു. രാജ്യകാര്യങ്ങൾ ബന്ധുക്കളെയും യുദ്ധകാര്യങ്ങൾ പടനായകന്മാരെയും ഏല്പിച്ചിരുന്നതുകൊണ്ടു പലസ്തീനിലെ കാര്യങ്ങൾ ഉദ്യോഗസ്ഥന്മാരെ ഏല്പിക്കുവാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചക്കാലത്ത് നെഹെമ്യാവായിരുന്നു പാനപാത്രവാഹകൻ. അദ്ദേഹത്തിന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ (ബി.സി. 458) എസ്രായ്ക്കും അനുയായികൾക്കും ധാരാളം ആനുകൂല്യങ്ങൾ നല്കി എസ്രായെ യെരൂശലേമിലേക്കയച്ചു. (എസ്രാ, 7:1-8:1). ഉദ്ദേശം 13 വർഷത്തിനുശേഷം (ബി.സി. 444) യെരുശലേമിന്റെ നിയന്ത്രണം നല്കി നെഹെമ്യാവിനെ അയച്ചു.
അർത്ഥഹ്ശഷ്ടാവ് ഒന്നാമനു ശേഷം പാർസിരാജ്യം ഭരിച്ചവർ: ദാര്യാവേശ് രണ്ടാമൻ (ബി.സി. 423-404); അർത്ഥഹ്ശഷ്ടാവ് രണ്ടാമൻ (ബി.സി. 404-359); അർത്ഥഹ്ശഷ്ടാവ് മുന്നാമൻ (ബി.സി. 359-338); അർസെസ് (ബി.സി. 338-335); ദാര്യാവേശ് മൂന്നാമൻ (ബി.സി. 335-330). പാർസി രാജ്യത്തിലെ അവസാനരാജാവായ ദാര്യാവേശ് മൂന്നാമനെ അലക്സാണ്ടർ ചക്രവർത്തി തോല്പിച്ചു കീഴടക്കി.