പാർത്ഥ്യ (Parthia)
പാർത്ഥ്യരുടെ പ്രാചീന ചരിത്രത്തെക്കുറിച്ചു നമുക്കുള്ള അറിവു തുച്ഛമാണ്. കാസ്പിയൻ കടലിനു തെക്കും പ്രാചീന പേർഷ്യക്കു വടക്കു പടിഞ്ഞാറുമായി ക്കിടക്കുന്ന ഒരു ചെറിയ രാജ്യമായിരുന്നു പാർത്ഥ്യ. ഇതിന്റെ വലിപ്പം 190×480 കി.മീറ്റർ ആയിരുന്നു. അലക്സാണ്ടർ പാർത്ഥ്യരെ ആക്രമിച്ചു കീഴടക്കി. അതിനുശേഷം അവർ സെലൂക്യ ഭരണത്തിൻ കീഴിൽ അമർന്നു. വളരെവേഗം അവർ റോമിന്റെ പ്രതിയോഗികളായി വളർന്നു. ബി.സി. 53-ൽ റോമിലെ ക്രാസ്സസിനെ അവർ പരാജയപ്പെടുത്തി വധിച്ചു. ബി.സി. 40-ൽ അവർ യെരൂശലേം പിടിച്ചു. പ്രാബല്യകാലത്ത് പാർത്ഥ്യസാമ്രാജ്യം യൂഫ്രട്ടീസ് നദി മുതൽ സിന്ധുനദി വരെ വ്യാപിച്ചിരുന്നു. അവരുടെ പടയാളികൾ അശ്വാരൂഢരും അമ്പും വില്ലും പ്രയോഗിക്കുന്നതിൽ അതിസമർത്ഥരും ആയിരുന്നു. അവർ റോമാക്കാർക്കുപോലും പേടിസ്വപ്നമായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ റോമും പാർത്ഥ്യയും സമാധാനപരമായ സഹവർത്തിത്വത്തിൽ കഴിഞ്ഞു. പെന്തകൊസ്തു നാളിൽ യെരൂശലേമിൽ കൂടിയിരുന്നവരിൽ പാർത്ഥരും ഉണ്ടായിരുന്നു. (പ്രവൃ, 2:9). പാർത്ഥ്യ സാമ്രാജ്യത്തിന്റെ കിഴക്കു പാർത്തിരുന്നവർ യെഹൂദന്മാരും മതപരിവർത്തനം ചെയ്യപ്പെട്ടവരും ആയിരിക്കണം. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് ധാരാളം യെഹൂദന്മാർ ഉണ്ടായിരുന്നു.