പത്മൊസ് (Patmos)
ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം അപ്പൊസ്തലനായ യോഹന്നാൻ നാടുകടത്തപ്പെട്ട ദ്വീപ്. (വെളി, 1:9). ഈജിയൻ കടലിന്റെ ഒരു ഭാഗമായ ഇകാറിയൻ (Icarian) കടലിൽ ഏഷ്യാമൈനറിനു 55 കി.മീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. വെളിപ്പാട് 2,3 അദ്ധ്യായങ്ങളിൽ പറയുന്ന ഏഴുസഭകൾക്കും പത്മൊസിൽ നിന്നുള്ള അകലം 240 കി.മീറ്ററിനു താഴെയാണ്. ഈ ദ്വീപിനു ഏകദേശം 12 കി.മീറ്റർ നീളവും 9 കി.മീറ്റർ വീതിയുമുണ്ട്. ക്രമരഹിതമായ തീരപ്രദേശമുള്ള പത്മൊസ് നിർജ്ജനവും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. ഒറ്റപ്പെട്ട ദ്വീപാകയാൽ മറ്റു ഈജിയൻ (Aegean) ദ്വീപുകളെപ്പോലെ പത്മൊസും തടവുപുള്ളികളെ നാടുകടത്താൻ പറ്റിയ ദ്വീപായിരുന്നു. രാഷ്ട്രീയ കുറ്റവാളികളെ ഈജിയൻ ദ്വീപസമൂഹത്തിലേക്ക് നാടുകടത്തിയിരുന്നതായി പ്ളിനിയും ടാസിറ്റസും രേഖപ്പെടുത്തിയിരിക്കുന്നു. മന്ത്രവാദം, പ്രവചനം, ജോത്സ്യം എന്നീ കുറ്റങ്ങൾക്കും നാടുകടത്തലായിരുന്നു ശിക്ഷ. ഡോമീഷ്യൻ ചക്രവർത്തി തന്റെ വാഴ്ചയുടെ പതിന്നാലാം വർഷം (എ.ഡി. 95-ൽ) അപ്പൊസ്തലനായ യോഹന്നാനെ പത്മാസിലേക്ക് നാടുകടത്തി. യോഹന്നാന് വെളിപ്പാട് ഉണ്ടായത് ഇവിടെ വച്ചാണ് (വെളി, 1:9). വെളിപാടിന്റെ ഗുഹ (cave of the apocalypse) എന്ന് ഒന്ന് ഈ ദ്വീപിൽ ദർശനീയമാണ്. ക്രിസ്തോദുലോസ് എന്നയാൾ 1088-ൽ ഇവിടെ ഒരു ആശ്രമം സ്ഥാപിച്ചു. 1912 വരെ തുർക്കികളുടെ കയ്യിലായിരുന്ന പത്മാസ് ഇപ്പോൾ ഗ്രീസിന്റെ വകയാണ്.