നയീൻ (Nain)
പേരിനർത്ഥം — സൗന്ദര്യം
ഗലീലയിലെ ഒരു പട്ടണം. ഇവിടെ വച്ചാണ് യേശു ഒരു വിധവയുടെ ഏകമകനെ ഉയിർപ്പിച്ചുത്. (ലൂക്കൊ, 7:11-17). ഒരു നയീൻ പട്ടണത്തെക്കുറിച്ച് ജൊസീഫസ് പറയുന്നുണ്ട്. പക്ഷെ അതു യോർദ്ദാനു കിഴക്കാണ്. ഇതാകട്ടെ നസറേത്തിൽ നിന്ന് പത്ത് കി.മീറ്റർ തെക്കുമാറി ഇപ്പോൾ നെയീൻ എന്ന് അറിയപ്പെടുന്ന സ്ഥലമാണ്. രണ്ട് കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കാവുന്നതാണ്: ഒന്ന്; യേശു ശവമഞ്ചത്തിന്മേൽ തൊട്ടു. തൊടാതെ ഉയർപ്പിക്കാമായിരുന്നു. എന്നാൽ യഹൂദമതത്തിന്റെ അനുഷ്ഠാന നിയമങ്ങളുടെ മേൽ തനിക്കുള്ള അധികാരം കുഷ്ഠരോഗിയുടെ കാര്യത്തിൽ എന്നപോലെ തെളിയിക്കയാണ് ഇവിടെ. (ലൂക്കൊ, 5:13). രണ്ട്; അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. എല്ലാം വിട്ട് തന്നെ അനുഗമിക്കാനല്ല; പ്രത്യുത അമ്മയുടെ കൂടെ വസിക്കുവാനാണ് അവന്റെ നിയോഗം. കുടുംബജീവിതത്തിലെ ക്രിസ്ത്വാനുഭവത്തെയും പൊതുവിൽ അത്മായപ്രേഷിതത്വത്തെയും അനുസ്മരിപ്പിക്കുന്നു ഇത്.