ത്രോവാസ് (Troas)
ഏഷ്യാമൈനറിന്റെ വടക്കു പടിഞ്ഞാറെ മൂലയിലെ ഒരു പ്രധാന തുറമുഖം. ഹെല്ലെസ്പോണ്ടിനു (Hellespont) 32 കി.മീറ്റർ തെക്കാണ് സ്ഥാനം. പ്രാചീന ട്രോയിക്കു ചുറ്റുമുള്ള പ്രദേശമാണ് ത്രോവാസ്. ബി.സി. നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയുടെ അനന്തരഗാമിയായ ആൻറിഗോണസ് ഈ പട്ടണം സ്ഥാപിച്ച് ആൻറി ഗോണിയ ത്രോവാസ് എന്നു പേരിട്ടു. ലിസിമാക്കസ് പട്ടണത്തെ മോടിപിടിപ്പിച്ചു. ബി.സി. 133-ൽ ത്രോവാസ് റോമിന്റെ അധീനത്തിലായി. അലക്സാണ്ടർ ചക്രവർത്തിയുടെ ബഹുമാനാർത്ഥം അലക്സാണ്ഡ്രിയാ ത്രോവാസ് എന്നു പേരിട്ടു.
മൂന്നു പ്രാവശ്യമെങ്കിലും പൗലൊസ് ത്രോവാസ് സന്ദർശിച്ചിട്ടുണ്ട്. രണ്ടാം മിഷണറിയാത്രയിൽ ഫ്രുഗ്യയിലും ഗലാത്യയിലും കൂടെ സഞ്ചരിച്ചു മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ പൗലൊസും കൂട്ടാളികളും ശ്രമിച്ചു. എന്നാൽ ബിഥുന്യയ്ക്കു പോകരുതെന്നു യേശുവിന്റെ ആത്മാവ് വിലക്കുകയാൽ അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. (പ്രവൃ, 16:7,8). അവിടെവച്ച് പൗലൊസ് രാത്രിയിൽ ഒരു മക്കദോന്യൻ അരികെ നിന്നു: നീ മക്കെദോന്യയ്ക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു അപേക്ഷിക്കുന്ന ദർശനം കണ്ടു. (പ്രവൃ, 16:9). ഉടൻ തന്നെ അവർ മക്കദോന്യയ്ക്കു പുറപ്പെട്ടു. മൂന്നാം മിഷണറിയാത്രയിൽ എഫെസൊസ് വിട്ട് ശേഷം പൗലൊസ് ത്രോവാസിൽ വന്നു സുവിശേഷം അറിയിച്ചു. (പ്രവൃ, 20:1; 2കൊരി, 2:12,13). എന്നാൽ തീത്തോസിനെ കാണാഞ്ഞിട്ടു മനസ്സിൽ സ്വസ്ഥത ഇല്ലായ്ക്കുകയാൽ പൗലൊസ് അവിടെനിന്നും മക്കദോന്യയക്കു പോയി. മക്കെദോന്യയും ഗ്രീസും സന്ദർശിച്ച ശേഷം പൗലൊസ് വീണ്ടും ത്രോവാസിൽ വന്നു ഏഴുദിവസം താമസിച്ചു. പൗലൊസ് പുറപ്പെടുവാൻ ഒരുങ്ങിയതിന്റെ തലെനാൾ പാതിരവരെ പ്രസംഗം നീട്ടി. യൂത്തിക്കൊസ് എന്ന യുവാവ് ഗാഢനിദ്രപിടിച്ചു മൂന്നാം തട്ടിൽനിന്നു താഴെ വീണു മരിച്ചു. അപ്പൊസ്തലൻ അവനെ ഉയിർപ്പിച്ചു. (പ്രവൃ, 20:6-12). വർഷങ്ങൾക്കുശേഷം പൗലൊസ് പുതപ്പും, പുസ്തകങ്ങളും ചർമ്മലിഖിതങ്ങളും ത്രോവാസിൽ കർപ്പൊസിന്റെ വീട്ടിൽ വെച്ചേച്ചു പോയി. (2തിമൊ, 4:13).