കൊലൊസ്യ (Colossae)
ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു പട്ടണം. ലൈക്കസ് നദീതടത്തിൽ ലവൊദിക്യയ്ക്ക് 15 കി.മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. എഫെസൊസിൽ നിന്ന് യൂഫ്രട്ടീസിലേക്കുള്ള വാണിജ്യമാർഗ്ഗം ലൈക്കസ് താഴ്വരയിലൂടെ കടന്നുപോയിരുന്നു. പൗരാണികകാലം തൊട്ടുതന്നെ വളരെ പ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു ഇത്. പൗലൊസിന്റെ മുന്നാം മിഷണറിയാത്രയിൽ എഫെസൊസിൽ മൂന്നുവർഷം താമസിച്ചപ്പോഴാണ് ഇവിടെ സഭ സ്ഥാപിക്കപ്പെട്ടത്. (പ്രവൃ, 19:10). എന്നാൽ ഇവിടെ സഭ സ്ഥാപിച്ചത് പൗലൊസ് ആയിരിക്കാനിടയില്ല. (കൊലൊ, 2:1). ഒരു കൊലൊസ്യനായ എപ്പഫ്രാസ് (Epaphras) ആയിരിക്കണം സഭാസ്ഥാപകൻ. (കൊലൊ, 1:7; 4:12,13). ഇവിടെയുള്ള ശുശ്രൂഷയിൽ അർഹിപ്പൊസും (Archippus) ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. (കൊലൊ, 4:17; ഫിലേ, 2). ഫിലേമോനും ഒനേസിമൊസും ഈ സഭയിലെ അംഗങ്ങളായിരുന്നു. (കൊലൊ, 4:9; ഫിലേ, 10). കൊലൊസ്യ ലേഖനം എഴുതുമ്പോൾ പൗലൊസ് കൊലൊസ്യ സന്ദർശിച്ചിട്ടില്ലായിരുന്നു. (കൊലൊ, 2:1). പൗലൊസ് റോമിൽ ആദ്യം ബദ്ധനായിരുന്നപ്പോൾ കൊലൊസ്യ സഭയിലെ മതപരമായ വീക്ഷണങ്ങളും ആചാരങ്ങളും എപ്പഫ്രാസ് പൗലൊസിനെ വ്യക്തമായി അറിയിച്ചു. അതിൻ്റെ അടിസ്ഥാനത്തിലാണ് സഭയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പൗലൊസ് ഈ ലേഖനം എഴുതിയത്. യെഹൂദ്യരും, യവനരും, ഫ്രുഗ്യരും ചേർന്ന ഒരു സമ്മിശ്രമായിരുന്നു പട്ടണത്തിലെ ജനം. സഭയിലും ഇതു പ്രതിഫലിച്ചു. തന്മൂലമുണ്ടായ ഇടത്തുടിനെയാണ് പൗലൊസ് കുറ്റപ്പെടുത്തുന്നത്.
എ.ഡി. 60-ൽ ഉണ്ടായ ഒരു ഭൂകമ്പം കൊലൊസ്യയുടെ സമീപപ്രദേശങ്ങളെ നിർമ്മൂലമാക്കി. അതിനെക്കുറിച്ച് ലേഖനത്തിൽ യാതൊരു സൂചനയും ഇല്ലാത്ത സ്ഥിതിക്ക് ഈ വാർത്ത റോമിലെത്തുന്നതിനുമുമ്പ് ലേഖനം എഴുതിക്കഴിഞ്ഞു എന്നു കരുതണം. എന്നാൽ ഈ നിഗമനം ശരിയാകണമെന്നില്ല. അനന്തരകാലത്ത് ലവോദിക്യ ഒരു വലിയ പട്ടണമായി തീർന്നതോടുകൂടി കൊലൊസ്യയുടെ പ്രാധാന്യം നശിച്ചു. എ.ഡി. 7,8 നൂറ്റാണ്ടുകളിൽ സാരസന്മാരുടെ (മുസ്ലീം) കൊള്ളയ്ക്കു പട്ടണം ഇരയായി. ആളുകൾ കാട്മസ് മലയുടെ ചരിവിലെ ഖോനേ കോട്ടയിലേക്കു മാറിപ്പാർത്തു. 12-ാം നൂറ്റാണ്ടിൽ തുർക്കികൾ പട്ടണം നശിപ്പിച്ചു.