കഫർന്നഹൂം

കഫർന്നഹൂം (Capernaum)

പേരിനർത്ഥം – നഹൂമിന്റെ ഗ്രാമം

കെഫാർ നാഹും എന്ന സെമിറ്റിക് പ്രയോഗത്തിൽ നിന്നാണ് കഫർന്നഹും എന്ന പേർ വന്നത്. കർത്താവായ യേശുക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ വളരെ പ്രാധാന്യമർഹിച്ച ഒരു പട്ടണമായിരുന്നു ഇത്. ഗലീലാക്കടലിന്റെ വടക്കുപടിഞ്ഞാറെ തീരത്താണ് ഇതിന്റെ സ്ഥാനം. ബി.സി. ഒന്നാം നൂറ്റാണ്ടുമുതൽ എ.ഡി. ഏഴാം നൂറ്റാണ്ടുവരെ നിരന്തരം ആൾപാർപ്പുണ്ടായിരുന്ന പ്രദേശമാണിത്. കഫർന്നഹൂമിന്റെ സ്ഥാനനിർണ്ണയത്തിന് ആവശ്യമായ വസ്തുതകൾ സുവിശേഷങ്ങളിൽ നിന്നു തന്നെ ലഭ്യമാണ്. കഫർന്നഹൂം: 1. കടൽക്കരയിലാണ് (മത്താ, 4:13). 2. രാഷ്ട്രീയമായ അതിരിലാണ്. അതുകൊണ്ട് ഒരു ചുങ്കസ്ഥലവും (മർക്കൊ, 2:14), ഒരു പട്ടാളത്താവളവും (മത്താ, 8:5-13; ലൂക്കൊ, 7:1-10) ഉണ്ടായിരുന്നു. ഒരു ശതാധിപൻ അവിടെ താമസിച്ചിരുന്നു. (മത്താ, 8:5). 3. ഗെന്നേസരത്തിനു അരികിലാണ്. ഈ പ്രദേശം ഫലസമൃദ്ധിയുള്ളതാണ് (മർക്കൊ, 6:53; യോഹ, 6:22, 59). ഗലീലാക്കടലിന്റെ വടക്കുപടിഞ്ഞാറെ തീരത്ത് യോർദ്ദാൻ നദിക്കു ഏറ്റവും അരികിലുള്ള ഗ്രാമമാണിത്. തേൽ ഹ്യൂമിലെ (Tell Hum) നഷ്ടശിഷ്ടങ്ങൾ കഫർന്നഹൂം അവിടെയാണെന്നു ഉറപ്പുനല്കുന്നു. ജൊസീഫസിന്റെ സാക്ഷ്യവും ഇതിനവലംബമായുണ്ട്. ഇവിടത്തെ തീരദേശസമതലം വളരെ ഇടുങ്ങിയതാണ്. പ്രാചീനകാലത്ത് യോർദ്ദാനിൽ നിന്നൊരു പാത കഫർന്നഹൂം വഴി ഗെന്നേസരത്ത് സമഭൂമിയിലൂടെ ഗ്രേററ് ട്രങ്ക് റോഡിനോടു ചേർന്നിരുന്നു. ഈ റോഡ് മെസപ്പൊട്ടേമ്യയിൽ നിന്നും ദമ്മേശെക്കിൽ നിന്നും പലസ്തീനിലൂടെ മിസ്രയീമിലേക്കു കടന്നു പോയിരുന്നു. ഗെന്നേസരത്ത് സമഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന അനേകം അരുവികൾ ഗലീലക്കടലിൽ ചേരുന്നു. ഈ അരുവികളിലൂടെ ഒഴുകി എത്തുന്ന സസ്യാവശിഷ്ടങ്ങൾ മീനുകളെ ആകർഷിക്കുന്നു. തന്മൂലം കഫർന്നഹും മീൻ പിടിത്തക്കാർക്കു ഒരാശ്രയസ്ഥാനമാണ്. 

ഗെന്നേസരത്തിനു മുഴുവൻ ജലം പ്രദാനം ചെയ്ത ജലസമൃദ്ധമായ ഒരുറവിനടുത്തായിരുന്നു കഫർന്നഹൂം. ആ ഉറവയുടെ പേരു ഗ്രീക്കിൽ ഹെപ്റ്റാ പേഗോൻ (ഏഴുറവകളുടെ സ്ഥാനം) എന്നാണ്. ഏകദേശം എ.ഡി. 383-ൽ എഗേരിയായും (Egeria), എ.ഡി. 530-ൽ തിയോഡോഷ്യസും (Theodosius) ഇതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. തിയോഡോഷ്യസ് ഈ സ്ഥലത്തെക്കുറിച്ചു വ്യക്തമായ വിവരണം നല്കി. അതനുസരിച്ചു തബ്ഘയ്ക്കു (Tabgha) 3.5 കി.മീ. വടക്കാണ് കഫർന്നഹൂം. ഏഴുറവകൾ ജലസമൃദ്ധിയെ കാണിക്കുന്നു. റബ്ബിമാരുടെയും പിതാക്കന്മാരുടെയും കീഴിൽ യെഹൂദ സമൂഹങ്ങൾ കഫർന്നഹൂമിൽ വളർന്നുവന്നു. കോൺസ്റ്റൻ്റയിൻ ചക്രവർത്തിയുടെ മാനസാന്തരംവരെ ഇതു തുടർന്നു. ഏകദേശം എ.ഡി. 335-ൽ ജോസഫ് എന്ന യെഹൂദക്രിസ്ത്യാനി തങ്ങൾ പാർക്കുന്ന ഇടങ്ങളിൽ നിന്നും വിജാതീയരെ ഒഴിച്ചു നിർത്തുന്ന യെഹൂദന്മാരാണ് തിബെര്യാസിലും, സെഫോറിസിലും (Sepphoris), നസറെത്തിലും, കഫർന്നഹൂമിലും മുഴുവൻ വസിക്കുന്നതെന്നു ചക്രവർത്തിയെ അറിയിച്ചു. ഇവിടെ സഭകൾ പണികഴിപ്പിക്കുവാനുള്ള അനുവാദം ജോസഫ് ചക്രവർത്തിയിൽ നിന്നും നേടി. എ.ഡി. അഞ്ചാം നൂറ്റാണ്ടു വരെ പുറജാതി ക്രിസ്ത്യാനികൾ ഈ യെഹൂദ്യാ പ്രദേശത്ത് ഉറച്ചില്ല. 

കാനാവിലെ കല്യാണത്തിൽ ആദ്യത്തെ അടയാളം പ്രവർത്തിച്ചശേഷം യേശു അമ്മയും സഹോദരന്മാരും ശിഷ്യന്മാരുമൊപ്പം കഫർന്നഹുറൂമിലേക്കു പോയി. ചില നാളുകൾ അവിടെ താമസിച്ചതിനുശേഷം പെസഹ ആചരിക്കുന്നതിന് യേശു യെരൂശലേമിലേക്കു പോയി. (യോഹ, 2:12,13). വീണ്ടും യേശുക്രിസ്തു ഗലീലയിലെ കാനാവിൽ വന്നു. അവിടെ കഫർന്നഹൂമിലെ രാജഭത്യൻ്റെ മകനെ സൌഖ്യമാക്കി. (യോഹ, 4:46-54). ഈ വാർത്ത എല്ലായിടവും പരന്നു. തന്മൂലം യേശു കാനാവിൽനിന്നും സ്വദേശമായ നസറെത്തിലേക്കു പോയപ്പോൾ “കഫർന്നഹുമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിൻ്റെ പിതൃനഗരത്തിലും ചെയ്ക എന്നു നിങ്ങൾ എന്നോടു പറയും നിശ്ചയം” എന്നു യേശു അവരോടു പറഞ്ഞു. (ലൂക്കൊ, 4:23). തന്നെ കൊല്ലാൻ ശ്രമിക്കുക നിമിത്തം യേശു നസറെത്ത് വിട്ടു, യെശയ്യാപ്രവചനം നിറവേറുമാറ് (9:1,2) സെബുലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടൽക്കരയിലുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു. (മത്താ, 4:13-16; ലൂക്കൊ, 4:28-31). 

കഫർന്നഹൂമിനു വടക്കുകിഴക്കു ഭാഗത്തുള്ള ഗലീലക്കടലിൽ മീൻപിടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പത്രൊസിനെയും അന്ത്രയാസിനെയും സെബെദി മക്കളെയും യേശു കണ്ടതും തന്നെ അനുഗമിപ്പാൻ വിളിച്ചതും. തുടർന്നു യേശു ഇവിടെയുള്ള പള്ളിയിൽ പ്രസംഗിക്കുകയും രോഗികളെ സൌഖ്യമാക്കുകയും ചെയ്തു വന്നു. മീൻപിടിത്തക്കാരായ പത്രൊസും അന്ത്രയാസും കഫർന്നഹൂമിൽ ഉള്ളവരായിരുന്നു. (മർക്കൊ, 1:29). കഫർന്നഹൂമിലെ ചുങ്കസ്ഥലത്ത് ഇരിക്കുമ്പോഴാണ് യേശു മത്തായിയെ വിളിച്ചത്. മത്തായി തൻ്റെ വീട്ടിൽ യേശുവിനൊരു വിരുന്നു നല്കി. (മത്താ, 9:9). കഫർന്നഹൂം കർത്താവിന്റെ സ്വന്തം പട്ടണം തന്നെയായി മാറി. യേശു കഫർന്നഹൂമിൽ വന്നപ്പോഴാണ് അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായത്. (മർക്കൊ, 2:1). കുഞ്ഞുങ്ങളെക്കുറിച്ച് യേശു പറഞ്ഞതു കഫർന്നഹൂമിൽ വെച്ചായിരുന്നു. (മർക്കൊ, 9:33; മത്താ, 18:1). യോഹന്നാൻ 6-ലെ പ്രസിദ്ധമായ പ്രഭാഷണം യേശു നല്കിയത് ഇവിടെയുള്ള പള്ളിയിലായിരുന്നു. അവിശ്വാസത്തിനു യേശു കുറ്റപ്പെടുത്തിയ പട്ടണങ്ങളിലൊന്നായിരുന്നു കഫർന്നഹൂം. “നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു?” (മത്താ, 11:23). ഈ പ്രവചനം നിറവേറുകയും പ്രസ്തുതസ്ഥലം ശൂന്യമായി കിടക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *