ആസ്യ (Asia)
പേരിനർത്ഥം – ഉദയസൂര്യൻ
തിരുവെഴുത്തുകളിൽ ഏഷ്യാ ഭൂഖണ്ഡത്തെയോ ഏഷ്യാമൈനറിനെയോ അല്ല, പ്രത്യുത, ഏഷ്യാമൈനറിൽ റോമൻ പ്രവിശ്യയായ പടിഞ്ഞാറെ ഭാഗത്തെ മാത്രമാണ് ആസ്യ (ഏഷ്യ) എന്ന പേരു സൂചിപ്പിക്കുന്നത്. ആസ്യയിൽ അനേകം ഗ്രീക്കു നഗരരാഷങ്ങൾ ഉൾക്കൊണ്ടിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഇവ പെർഗാമം രാജാക്കന്മാരുടെ നിയന്ത്രണത്തിലായി. ബി.സി. 133-ൽ പെർഗാമം രാജാവായിരുന്ന അറ്റാലസ് മൂന്നാമൻ മരിച്ചപ്പോൾ രാജ്യം റോമിനു കൊടുത്തു. തുടർന്നു ഏഷ്യാമൈനറിന്റെ പശ്ചിമതീരം മുഴുവനും ചുറ്റുമുള്ള ദ്വീപുകളും അനട്ടോളിയൻ പീഠഭൂമിവരെ വ്യാപിച്ചുകിടന്ന ഉൾപ്രദേശവും ചേർത്ത് ഒരു പ്രവിശ്യയാക്കി. ഗ്രീസിലെ അനേകം സമ്പന്ന സംസ്ഥാനങ്ങൾ റോമിന്റെ ചൂഷണത്തിനു വിധേയമായി. പുതിയ നിയമകാലത്ത് അവ അതിജീവിക്കുകയും യവനസംസ്കാരത്തിന്റെ കേന്ദ്രമായിത്തീരുകയും ചെയ്തു. ആരംഭകാലത്ത് മുസ്യയിലെ പെർഗ്ഗാമമിലായിരുന്നു തലസ്ഥാനം. അഗസ്റ്റസ് സീസറിന്റെ കാലത്ത് അത് എഫെസൊസിലേക്കു മാറ്റി. ബി.സി. 27-ൽ പ്രവിശ്യ ദേശാധിപതിയുടെ കീഴിലായി. (പ്രവൃ, 19:38).
ആസ്യ കമ്പിളി വ്യവസായത്തിനും തുണിചായം പിടിപ്പിക്കുന്നതിനും പ്രസിദ്ധിയാർജ്ജിച്ചിരുന്നു. പെന്തെക്കൊസ്തു നാളിൽ ആസ്യയിൽ നിന്നുള്ളവർ യെരൂശലേമിൽ എത്തിയിരുന്നു. (പ്രവൃ, 2:9). ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് പൗലൊസിനെ വിലക്കിയതായി പ്രവൃ 16:16-ൽ ഉണ്ട്. തന്മൂലം തന്റെ രണ്ടാം മിഷണറിയാത്രയിൽ ഫ്യൂഗ്യയിലും ഗലാത്യയിലും കൂടി സഞ്ചരിച്ച് മുസ്യയിലെത്തി ബിഥുന്യയ്ക്കു പോകാൻ ശ്രമിച്ചു. പ്രവിശ്യയുടെ ഭരണകേന്ദ്രത്തിലായിരുന്നു സഭകൾ ആദ്യം സ്ഥാപിക്കപ്പെട്ടത്. മൂന്നു പട്ടണങ്ങളിലും (പെർഗാമം, സ്മുർന്ന, എഫെസൊസ്) തുടർന്നു സർദ്ദീസിലും ലവൊദിക്യയിലും സഭകളുണ്ടായി. വെളിപ്പാട് പുസ്തകത്തിൽ ആസ്യയിലെ ഏഴു സഭകൾക്കുള്ള ദൂതുണ്ട്. ഈ ഏഴുസഭകളും (എഫെസൊസ്, സ്മൂർന്നാ, പെർഗ്ഗമൊസ്, തുയഥര, സർദ്ദിസ്, ഫിലദൽഫ്യ, ലവൊദിക്യ: വെളി, 1:11) ആസ്യയിലാണ്. പൗലൊസിന്റെ മിഷണറി പ്രവർത്തനത്തിന്റെ പ്രധാനകേന്ദ്രം ആസ്യ ആയിരുന്നു. ഏഷ്യാമൈനറിലെ അധികം സ്ഥലങ്ങളും ബൈബിൾ വിവരണത്തിൽ വരുന്നുണ്ട്. ബിഥുന്യാ, പൊന്തൊസ് (മുമ്പ്: പാഫ്ലഗോണിയ), മുസ്യ, കാറിയ, ലുക്യ, പാഫുല്യ, പിസിദ്യ, ഫ്രൂഗ്യ, ലൂക്കവോന്യ, ഗലാത്യ, കപ്പദൊക്യ, കിലിക്കിയ തുടങ്ങിയവ.