ഹെരോദാ അഗ്രിപ്പാ (Herod Agrippa I)
മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ. ഹെരോദാവ് എന്നും ഹെരോദാ രാജാവ് എന്നും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 12:1,6,7,11,19-21. ഹെരോദാ അന്തിപ്പാസ് വിവാഹം ചെയ്ത ഹെരോദ്യാ ഇയാളുടെ സഹോദരിയായിരുന്നു. അന്തിപ്പാസിന്റെ മേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചത് ഇയാളാണ്. അഗ്രിപ്പാ ഒന്നാമൻ ബാല്യവും യൗവനവും റോമിൽ കഴിച്ചുകൂട്ടി. ഋണബാദ്ധ്യത നിമിത്തം എ.ഡി. 23-ൽ റോം വിടേണ്ടിവന്നു. സഹോദരിയുടെ ശ്രമം മൂലം അന്തിപ്പാസിന്റെ രാജധാനിയിൽ കഴിഞ്ഞു. അന്തിപ്പാസിനോടു കലഹിച്ച് അഗ്രിപ്പാ റോമിലേക്കു മടങ്ങി. നിയന്ത്രണമില്ലാത്ത സംഭാഷണം നിമിത്തം ആറുമാസം കാരാഗൃഹവാസം അനുഭവിച്ചു. തിബെര്യാസ് കൈസറിനുശേഷം ചക്രവർത്തിയായ കാളിഗുള (ഗായാസ്)യാണ് അഗ്രിപ്പാവിനെ ജയിൽ വിമുക്തനാക്കിയത്. ജയിൽ മുക്തനായ അഗ്രിപ്പാവിനെ പലസ്തീന്റെ വടക്കു കിഴക്കുള്ള പ്രദേശങ്ങളുടെ രാജാവായി അവരോധിച്ചു. എ.ഡി 39-ൽ ഹെരോദാ അന്തിപ്പാസിന്റെ നാടും ഇയാൾക്കു ലഭിച്ചു. എ.ഡി. 41-ൽ ചക്രവർത്തിയായ ക്ലൗദ്യോസ് യെഹൂദ്യ, ശമര്യപ്രദേശങ്ങളും അഗിപ്പാവിനു വിട്ടുകൊടുത്തു. മഹാനായ ഹെരോദാവിനു ശേഷം രാജത്വം ലഭിച്ചു പലസ്തീൻ മുഴുവൻ വാണ ഹെരോദാവു ഇയാൾ മാത്രമാണ്. മറിയാമ്നെ വഴിക്കു ഹശ്മോന്യ പുരോഹിത കുടുംബവുമായി ഇയാൾക്കു ബന്ധമുണ്ടായിരുന്നു. തന്മൂലം അഗ്രിപ്പാവിന്റെ രാജത്വം യെഹൂദന്മാർ അംഗീകരിച്ചു. യെഹൂദന്മാരുടെ പ്രീതി നേടുവാൻ വേണ്ടി അപ്പൊസ്തലനായ യാക്കോബിനെ കൊല്ലിക്കുകയും പത്രൊസിനെ തടവിലടയ്ക്കുകയും ചെയ്തു. (പ്രവൃ, 12:1-3). എ.ഡി. 44-ൽ തന്റെ 54-മത്തെ വയസ്സിൽ അഗ്രിപ്പാ ഒന്നാമൻ ശീഘ്രമരണത്തിനു വിധേയനായി. (പ്രവൃ, 12:20-23). ഇയാളുടെ പുത്രനാണ് അഗ്രിപ്പാ II, പുത്രിമാർ ബർന്നീക്കയും (പ്രവൃ, 25:13), ദ്രുസില്ലയും (അപ്പൊ, 24:24).