☛ നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശുക്ക്രിസ്തു എന്ന ദൈവപുത്രൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ വചനം പറയുന്നത്: (മർക്കൊ, 15:39). ➟താൻ മനുഷ്യനാണെന്ന് യേശു പറയുന്നതുൾപ്പെടെ, ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുമുണ്ട്: (യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ഏകദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ചത്. അല്ലെങ്കിൽ, നമുക്കുവേണ്ടി അറുക്കപ്പെട്ടത്: ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝കുഞ്ഞാട്, പെസഹക്കുഞ്ഞാടു❞ എന്നിങ്ങനെ പദവികളും (Titles) നമ്മുടെ കർത്താവിനുണ്ട്: (യോഹ, 1:29; യോഹ, 1:36; 1കൊരി, 5:7)
➦ എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന മനുഷ്യനെയല്ല; ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. ❝ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.❞ (വെളി, 5:6). അടുത്തവാക്യം: ❝ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.❞ (വെളി, 13:8).
➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് ക്രിസ്തുവും കുഞ്ഞാടും തമ്മിലുള്ള ചില വ്യത്യാസങ്ങൾ കാണിക്കാം:
❶ വെളിപ്പാടു 5:5-ൽ മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോടു: ❝കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു❞ എന്നു പറയുന്നുണ്ട്. ➟ഈ വേഭാഗത്തെ ദാവീദിൻ്റെ വേര് എന്ന പ്രയോഗം യേശുവിനെ സൂചിപ്പിക്കുന്നതാണ്: (വെളി, 22:16). ➟എന്നാൽ അടുത്തവാക്യത്തിൽ: സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് നില്ക്കുന്നതായാണ് കാണുന്നത്. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, കുഞ്ഞാടിനെപ്പോലെ യേശു നില്ക്കുന്നു എന്നേ പറയുമായിരുന്നുള്ളു. ➟അല്ലെങ്കിൽ എൻ്റെ കർത്താവ്, ദൈവുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു എന്നിങ്ങനെ അവൻ്റെ സവിശേഷ പദവികളിൽ ഏതെങ്കിലും ഒന്ന് പറയുമായിരുന്നു. ➟യോഹന്നാന് യേശുവിനെ കണ്ടിട്ട് മനസ്സിലായില്ല എന്ന് പറയാൻ പറ്റുമോ?
❷ ❝കുഞ്ഞാടു❞ എന്നത് ദൈവപുത്രനായ ക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (Nature) അല്ല; ❝പദവി❞ (Title) ആണ്. ➟എന്നാൽ ❝കുഞ്ഞാടു❞ എന്നത് യോഹന്നാൻ സ്വർഗ്ഗത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതായി കണ്ടവൻ്റെ ❝പദവി❞ (Title) അല്ല; ❝പ്രകൃതി❞ (Nature) ആണ്.
➦ യേശുവിൻ്റെ ❝പ്രകൃതി❞ (സ്വരൂപം) വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝യേശു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്.❞ (യോഹ, 8:40). ➟യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ ❝പ്രകൃതിയും❞ (സ്വരൂപം) വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാട് (മൃഗം) ആണ്. ➟യേശുക്രിസ്തു മനുഷ്യനും സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാട് ഒരു മൃഗവുമാണ്. ➟മറിയ തൻ്റെ മൂത്തമകനായി പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുകളുമുള്ള ഒരു കുഞ്ഞാടിനെയല്ല; ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). ➟ഒരുത്തൻ്റെ പ്രകൃതിയും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. ➟പിന്നെങ്ങനെ ക്രിസ്തു യഥാർത്ഥത്തിൽ കുഞ്ഞാടാണെന്ന് പറയാൻ കഴിയും?
❸ യേശുവെന്ന മനുഷ്യനെക്കുറിച്ച് ❝നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു❞ എന്നാണ് പൗലൊസ് പറയുന്നത്: (1കൊരി, 5:7). ➟❝അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു❞ (റോമ, 6:10), ➟❝നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു❞ (എഫെ, 5:2), ➟❝എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തു❞ (1തിമൊ, 2:6), ➟❝അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തു❞ (എബ്രാ, 7:27), ➟❝യേശുക്രിസ്തു ഒരിക്കലായി ശരീരയാഗം കഴിച്ചു❞ (എബ്രാ, 10:10) എന്നിങ്ങനെയാണ് കാണുന്നത്. ➟എന്നാൽ യോഹന്നാൻ കുഞ്ഞാടിനെ കാണുന്നത് അറുക്കപ്പെട്ടതായല്ല; ❝അറുക്കപ്പെട്ടതുപോലെ❞ (as it had been slain) ആണ് കാണുന്നത്. ➟യേശു അറുക്കപ്പെട്ടു; കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുകയാണ്. ➟പിന്നെങ്ങനെ കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആണെന്ന് പറയാൻ കഴിയും? പിന്നീട് സ്വർഗ്ഗത്തിലെ പാട്ടിലും പ്രയോഗത്തിലും, ❝അറുക്കപ്പെട്ട കുഞ്ഞാടു❞ എന്ന് കാണാം: (വെളി, 5:9; വെളി, 5:12; വെളി, 13:8). ➟ യോഹന്നാൻ്റെ കാഴ്ചയിൽ അറുക്കപ്പെട്ടതു പോലെയും; പാട്ടിലും പ്രയോഗത്തിലും അറുക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
❹ വെളിപ്പാട് 13:8-ൽ ❝കൂഞ്ഞാടു❞ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟യേശുവാകട്ടെ, കാലസമ്പൂർണ്ണതയിലാണ് സ്ത്രിയിൽനിന്ന് ജനിച്ചത്: (ഗലാ, 4:4). അല്ലെങ്കിൽ, അന്ത്യകാലത്ത് വെളിപ്പെട്ടവനാണ്: (1പത്രൊ, 1:20). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). ➟യേശുവിൻ്റെ ഉത്ഭവവും (ആവ, 18:15; 18:18) ജനനവും (യെശ, 7:14) അഭിഷേകവും (യെശ, 61:1) ശുശ്രൂഷയും (യെശ, 42:1-3) കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണവും (യെശ, 53:10-12) അടക്കവും (യെശ, 53:9) ഉത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്.
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟എ.എം 3793 (എ.ഡി. 33) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46) ദൈവാത്മാവിനാൽ ദൈവത്തിന്ന് തന്നെത്തന്നെ നിഷ്കളങ്കനായി അർപ്പിക്കുന്നത്; അഥവാ, അറുക്കപ്പെടുന്നത്: (എബ്രാ, 9:14). ➟പിന്നെങ്ങനെ ലോകസ്ഥാപനത്തിന് മുമ്പേ യേശു അറുക്കപ്പെട്ടു എന്ന് പറയാൻ കഴിയും?
❺ യേശു ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ➟അതിനാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; യോഹ, 14:9). ➟പിന്നെങ്ങനെ പിതാവിൽനിന്ന് വിഭിന്നനായ ഒരു കുഞ്ഞാടായി യേശുവിനെ കാണും? [കാണുക: ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ മേല്പറഞ്ഞ കാര്യങ്ങളെല്ലാം പരിഗണിച്ചാൽ, യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യഥാർത്ഥത്തിൽ ക്രിസ്തുവിനെയല്ല; ലോകസ്ഥാപനത്തിന്നു മുമ്പെ അല്ലെങ്കിൽ, ലോകസ്ഥാപനംമുതൽ ദൈവം ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ചിരുന്ന രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ് കുഞ്ഞാടായി കണ്ടത്. (എഫെ, 1:4; കൊലൊ, 1:15; ഉല്പ, 3:15 – എബ്രാ, 2:14-15). അതായത്, ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ് ക്രിസ്തുയേശു എന്ന മനുഷ്യനും കുഞ്ഞാടും: (1തിമൊ, 2:6; 1തിമൊ, 3:15-16 → വെളി, 5:6),
➦ വെളിപ്പാട് പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ അതിൻ്റെ തെളിവുണ്ട്: 22:3.❝യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 22:4.അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 22:5.ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟22-3-ൻ്റെ രണ്ടാംഭാഗം: ❝ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും.❞ സിംഹാസനം ഒന്നേയുള്ളു (വെളി, 4:2); അതിനാൽ ഏകദൈവവത്തിൻ്റെ തന്നെ വെളിപ്പാടാണ് കുഞ്ഞാടെന്ന് മനസ്സിലാക്കാം. ➟22-3-ൻ്റെ അവസാനഭാഗം: ❝അവന്റെ ദാസന്മാർ അവനെ ആരാധിക്കും.❞ അവരുടെ ദാസന്മാരെന്നല്ല; ❝അവൻ്റെ❞ (ഏകവചനം) ദാസന്മാർ ❝അവനെ❞ (പിന്നെയും ഏകവചനം) ആരാധിക്കും. ➟22:4-ൻ്റെ ആദ്യഭാഗം: ❝അവർ അവന്റെ മുഖംകാണും.❞ അവർ അവരുടെയല്ല; അവൻ്റെ (ഏകവചനം) മുഖങ്ങളല്ല; മുഖമാണ് (ഏകവചനം) കാണുന്നത്. ➟22:4-ൻ്റെ അവസാനഭാഗം: ❝അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.❞ അവരുടെയല്ല; അവൻ്റെ (ഏകവചനം) നാമങ്ങളല്ല; നാമമാണ് (ഏകവചനം) അവരുടെ നെറ്റിയിൽ ഇരിക്കുന്നത്. ➟ദൈവവും കുഞ്ഞാടും വിഭിന്നരായ വ്യക്തികളോ, ദൈവങ്ങളോ ആണെങ്കിൽ ❝അവൻ്റെ, മുഖം, നാമം❞ എന്നിങ്ങനെ ഏകവചനം പറയാതെ, ❝അവരുടെ, മുഖങ്ങൾ, നാമങ്ങൾ❞ എന്നിങ്ങനെ ബഹുവചനം പറയുമായിരുന്നു.
➦ മേല്പറഞ്ഞ രണ്ട് വാക്യങ്ങളുടെ തെളിവാണ് അടുത്ത വാക്യം: 22:5.❝ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟ മുകളിലെ രണ്ട് വാക്യത്തിൽ ദൈവവും കുഞ്ഞാടുമെന്ന് പറഞ്ഞതാണ്; ഇപ്പോൾ കുഞ്ഞാടില്ല, ദൈവമായ കർത്താവ് മാത്രമേയുള്ളു. ➟ഇതിൻ്റെ മുമ്പിലത്തെ അദ്ധ്യായത്തിൽ ഇങ്ങനെയാണ്: ❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.❞ (വെളി, 21:22-23). ➟അവിടെ ദൈവതേജസ്സ് പ്രകാശിപ്പിച്ചു, കുഞ്ഞാട് വിളക്കാകുന്നു എന്നു പറഞ്ഞശേഷം, ➟22:5 വന്നപ്പോൾ കുഞ്ഞാടില്ല; ദൈവമായ കർത്താവാണ് സകലത്തെയും പ്രകാശിപ്പിക്കുന്നത്. ➟ഇതിൻ്റെ പഴയനിയമ ഉദ്ധരണിയും കാണുക: ❝ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.❞ (യെശ, 60:19-20). ➟അതായത്, ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ പ്രത്യക്ഷതകളുടെ ദൗത്യമെല്ലാം പൂർത്തിയായി കഴിഞ്ഞാൽ, ആ പ്രത്യക്ഷശരീരങ്ങൾ പിന്നെയുണ്ടാകില്ല; ഏകദൈവമായ യഹോവ അഥവാ, യേശുക്രിസ്തു മാത്രമാണുണ്ടാകുക. ➟(യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു: യോഹ, 5:43; യോഹ, 17:11; യോഹ, 1712 → വെളി, 22:6-7; വെളി, 22:16; വെളി, 22:20). ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9; പുറ, 15:18 → വെളി, 19:6). [കാണുക: യേശുക്രിസ്തു എന്ന നാമം]
☛ കുഞ്ഞാട് ആരാധന സ്വീകരിച്ചോ?
➦ ❝അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ (വെളി, 5:12-14). ➟ഈ വേദഭാഗത്ത്, കുഞ്ഞാട് ആരാധന സ്വീകരിച്ചതായി പലരും കരുതുന്നു. ➟അവിടെപ്പറയുന്ന പദങ്ങൾ താഴെച്ചേർക്കുന്നു:
☛ വെളിപ്പാടു 5:12:
➦ ❝ശക്തി❞ (dynamis – power), ❝ധനം❞ (ploutos – riches), ❝ജ്ഞാനം❞ (sophia – wisdom), ❝ബലം❞ (ischys – strength), ❝ബഹുമാനം❞ (timē – honour), ❝മഹത്വം❞ (doxa – glory), ❝സ്തോത്രം❞ (eulogia – blessing).
☛ വെളിപ്പാടു 5:13:
➦❝സ്തോത്രം❞ (eulogia – Blessing), ❝ബഹുമാനം❞ (timē – honour), ❝മഹത്വം❞ (doxa – glory), ❝ബലം❞ (kratos – power). ➟ഈ പദങ്ങളൊന്നും യഥാർത്ഥത്തിൽ ആരാധനയെക്കുറിക്കുന്ന പദങ്ങളല്ല.
➦ ❝സ്തോത്രം❞ (blessing) എന്ന പദം ആരാധനയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ❝യൂലോഗീയ❞ (eulogia – Blessing) എന്ന പദത്തിന് ❝ആരാധന❞ (Worship) എന്നല്ല; അനുഗ്രഹം, ആശിർവാദം, പ്രശംസ, നല്ലവാക്ക്, സ്തുതിച്ചുപറയുക എന്നൊക്കയാണ് അർത്ഥം. ➟16 പ്രാവശ്യം ആ പദമുണ്ട്. ഒരിടത്തുപോലും ❝ആരാധന❞ എന്ന അർത്ഥത്തിൽ കാണാൻ കഴിയില്ല.
☛ വെളിപ്പാട് 5:14:
❝നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ ഈ വേദഭാഗത്ത്, ❝നമസ്കാരം❞ (worship) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝പ്രോസ്കുനേഓ❞ (προσκυνέω – proskyneō) എന്ന പദം ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ➟അതുകൊണ്ട് കുഞ്ഞാടിനെ ആരാധിച്ചു എന്നർത്ഥമില്ല. ➟സത്യവേപുസ്തകത്തിൻ്റെ പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ➟മൂലഭാഷയിലെ വാക്യംചേർക്കുന്നു: ❝καὶ τὰ τέσσαρα ζῷα ἔλεγον, Ἀμήν, καὶ οἱ εἴκοσιτέσσαρες πρεσβύτεροι ἔπεσαν καὶ προσεκύνησαν ζῶντι εἰς τοὺς αἰωνας τῶν αἰώνων – kaí tá téssara zóa élegon, Amín, kaí oi eíkositéssares presvýteroi épesan kaí prosekýnisan zónti eis toús aionas tón aiónon – And the four beasts said, Amen. And the four and twenty elders fell down and worshipped him that liveth for ever and ever.❞ (Stephanus Textus Receptus 1550 → Scrivener’s Textus Receptus 1894) ➟മലയാളം ബൈബിള് BCS പരിഭാഷ ഇപ്രകാരമാണ്: ❝അപ്പോൾ നാല് ജീവികളും, “ആമേൻ!” എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.❞ [കാണുക: ബെഞ്ചമിൻ ബെയ്ലി 1843]. ➟വാക്യം ശ്രദ്ധിക്കുക: ❝കുഞ്ഞാടിനെയല്ല; എന്നെന്നേക്കും ഇരിക്കുന്നവൻ അഥവാ, ജീവിച്ചിരിക്കുന്ന (Him who lives forever and ever) പിതാവിനെയാണ് നമസ്കരിച്ചത്. ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ കുഞ്ഞാടല്ല; പിതാവാണ്: (വെളി, 4:9-10; വെളി, 10:7; വെളി, 15:7).
➦ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. ➟ആ പരിഭാഷ മുതൽ Coverdale Bible 1535, Bishops’ Bible 1568, Geneva Bible 1587, King James Version 1611 പോലുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം പിതാവായ ദൈവത്തെ മാത്രമാണ് നമസ്കരിക്കുന്നത്. ➟പില്ക്കാലത്ത് വന്ന പരിഭാഷകൾ കുഞ്ഞാടിനുംകൂടി ആരാധന ലഭിക്കാൻ ❝എന്നെന്നേക്കും ജീവിച്ചിരിക്കുന്ന പിതാവിനെ❞ വാക്യത്തിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. [കാണുക: NKJV Footnotes]. ➟കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനാണ്; എന്നാൽ ആരാധനയ്ക്ക് യോഗ്യനാണെന്ന് വചനം പറയുന്നില്ല: (വെളി, 5:12). ആരാധനയ്ക്ക് യോഗ്യൻ സ്രഷ്ടാവ് മാത്രമാണ്: (വെളി, 4:8-11).
➦ വെളിപ്പാട് 5:12-14-ൻ്റെ ഏകദേശം സമാനമായ വേദഭാഗമാണ് വെളിപ്പാട് 7:10-12. ➟രണ്ട് വേദഭാഗങ്ങളും താരതമ്യംചെയ്ത് നോക്കിയാൽ, ❝നമസ്ക്കാരം❞ (Worship) കുഞ്ഞാടിനുള്ളതല്ലെന്ന് മനസ്സിലാക്കാം.
➦ ആരാധന സ്രഷ്ടാവായ ഏകദൈവത്തിനു് മാത്രമുള്ളതാണ്. എന്നാൽ കുഞ്ഞാട് ദൈവമാണെന്ന് വചനം പറയുന്നില്ല. കുഞ്ഞാട് ദൈവമായിരുന്നെങ്കിൽ, കുഞ്ഞാടിനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയുമായിരുന്നില്ല: (വെളി, 7:10; വെളി, 7:17; വെളി, 21:1).
☛ പിതാവായ ദൈവത്തെ ❝മാത്രം❞ (only) ആരാധിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 4:10; ലുക്കൊ, 4:8). ➟ഈ വേദഭാഗത്ത് ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിക്കുന്ന ❝ലാട്രെയൂവോ❞ (λατρεύω – latreuō) എന്ന പദവും, ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിക്കുന്ന ❝പ്രോസ്കുനേഓ❞ (προσκυνέω – proskyneō) എന്ന പദവും കാണാൻ കഴിയും. ➟❝proskyneō❞ (Worship) എന്ന പദം വെളിപ്പാടിൽ 26 പ്രാവശ്യമുണ്ട്. ഒരിക്കൽപ്പോലും കുഞ്ഞാടിന് ഉപയോഗിച്ചിട്ടില്ലെന്ന് കാണാൻ കഴിയും. ➟❝latreuō❞ എന്ന പദം രണ്ടുപ്രാവശ്യമുണ്ട്. അതും ദൈവത്തെ ആരാധിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുക്രിസ്തുവിൻ്റെ കാൽച്ചുവടുകളെ പിന്തുടാരാൻ വിളിക്കപ്പെട്ടവർ അവൻ്റെ ഉപദേശത്തോട് വെള്ളം ചേർക്കാൻ പാടുണ്ടോ? [കാണുക: ആരെയാണ് ആരാധിക്കേണ്ടത്?]