അമസ്യാവ് (Amaziah)
പേരിനർത്ഥം — യഹോവ ബലപ്പെടുത്തുന്നു
യെഹൂദയിലെ ഒമ്പതാമത്തെ രാജാവ്. കാലം ബി.സി. 796-767. യെഹോവാശ് അഥവാ യോവാശ് രാജാവിന്റെ മരണശേഷം ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ രാജാവായി. ഇരുപത്തൊൻപതു വർഷം രാജ്യഭാരം ചെയ്തു. (2രാജാ, 14:1,2; 2ദിന, 25:1). രോഗിയായിരുന്ന പിതാവിനോടൊപ്പം യുവരാജാവായി ഭരണം നടത്തിവന്നു. ‘അവർ അവനെ (യോവാശിനെ) വിട്ടുപോയശേഷം മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു യെഹോയാ ദാപുരോഹിതന്റെ പുത്രന്മാരുടെ രക്തം നിമിത്തം അവന്റെ സ്വന്തഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ല താനും.” (2ദിന, 24:25).
രാജാവായശേഷം അമസ്യാവ് ആദ്യം ചെയ്തതു തന്റെ പിതാവിന്റെ ഘാതകരെ കൊല്ലുകയായിരുന്നു. എന്നാൽ അവരുടെ മക്കളെ വെറുതെ വിട്ടു. ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിനു താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്ന ന്യായപ്ര മാണകല്പ്പന (ആവ, 24:16) അനുസരിച്ചായിരുന്നു കൊലപാതകികളുടെ മക്കളെ വെറുതെ വിട്ടത്. (2രാജാ, 14:5,6). തന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷത്തിൽ അമസ്യാവ് ഏദോമിനെ വീണ്ടെടുക്കുവാൻ സൈന്യസന്നാഹം നടിത്തി. മൂന്നു ലക്ഷം യോദ്ധാക്കളുള്ള സൈന്യത്തെ ശേഖരിച്ചു. യിസ്രായേലിൽ നിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി. യെഹൂദന്മാരുടെ ചരിത്രത്തിൽ കൂലിപ്പടയെക്കുറിച്ച് നാം ആദ്യം കാണുന്നത് ഇവിടെയാണു. (2ദിന, 25:5,6). പ്രവാചകന്റെ നിർദ്ദേശമനുസരിച്ച് കൂലിക്കെടുത്ത യിസ്രായേല്യരെ രാജാവ് പിരിച്ചുവിട്ടു. തന്മൂലം നൂറു താലന്ത് വെള്ളി അവനു നഷ്ടമായി. കോപത്തോടുകൂടെ മടങ്ങിപ്പോയ അവർ ശമര്യ മുതൽ ബേത്ത്-ഹോരോൻ വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു. (2ദിന, 25:13).
അമസ്യാവ് ഏദോമ്യരെ തോല്പിച്ച് സേലാ പിടിച്ചെടുത്തു. അതിനു യൊക്തയേൽ എന്നു പേർ വിളിച്ചു. ഈ യുദ്ധത്തിൽ പതിനായിരം പേരെ കൊല്ലുകയും പതിനായിരം പേരെ ജീവനോടെ പിടിച്ച് പാറമുകളിൽ നിന്നു തള്ളിയിട്ടു നശിപ്പിക്കുകയും ചെയ്തു. (2രാജാ, 14:7; 2ദിന, 25:12). ഏദോമ്യരെ കൊള്ളയടിച്ച് ഏദോമ്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അമസ്യാവ് അവയുടെ മുമ്പിൽ വണങ്ങുകയും അവയ്ക്ക് ധൂപം കാട്ടുകയും ചെയ്തു. തന്മൂലം യഹോവ ഒരു പ്രവാചകനെ രാജാവിന്റെ അടുക്കലയച്ചു രാജാവിന്റെ മരണം മുന്നറിയിച്ചു. (2ദിന, 25:14-16). അനന്തരം അമസ്യാവ് യിസ്രായേൽ രാജാവായ യെഹോവാശിനെ യുദ്ധത്തിന് വെല്ലുവിളിച്ചു. യെഹോവാശ് അമസ്യാവിനെ ദേവദാരുവിന്റെ അടുക്കൽ ആവശ്യം ഉന്നയിക്കുന്ന മുൾച്ചെടിയോടാണ് ഉപമിച്ചത്. ഏദോമ്യരെ ജയിച്ച ഗർവ്വവും വച്ച് വീട്ടിൽ അടങ്ങിപ്പാർത്തുകൊള്ളാൻ യിസ്രായേൽ രാജാവ് ഉപദേശിച്ചു. എന്നാൽ അമസ്യാവിന്റെ നിർബന്ധം ഹേതുവായി യെഹൂദയ്ക്കുള്ള ബേത്ത്-ശെമെശിൽ വച്ചു തമ്മിൽ നേരിട്ടു. യെഹൂദാ തോറ്റു; രാജാവായ അമസ്യാവിനെ ബേത്ത്-ശമെശിൽ വെച്ചു പിടിച്ചു യെരുശലേമിൽ കൊണ്ടുവന്നു. യെരുശലേമിന്റെ മതിൽ നാനൂറു മുഴം ഇടിച്ചുകളഞ്ഞു. അതിനുശേഷം യോവാശ് കൊള്ളവസ്തുക്കളുമായി ജാമ്യക്കാരെയും പിടിച്ചു ശമര്യയിലേക്കു മടങ്ങി. പതിനഞ്ചു വർഷത്തിനുശേഷം ഒരു ഗുഢാലോചനയുടെ ഫലമായി അമസ്യാവ് ലാഖീശിലേക്കു ഓടിപ്പോയി. എന്നാൽ അവർ അവനെ പിൻതുടർന്നു കൊന്നു കളഞ്ഞു. അവന്റെ ശരീരം യെരുശലേമിൽ കൊണ്ടുവന്നു പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു. (2ദിന, 25:27,28). അവൻ്റെശഷം പതിനാറ് വയസ്സ് പ്രായമള്ള ആസര്യാവ് അവനു പകരം രാജാവായി. (2രാജാ, 14:21).