അബ്രാം/അബ്രാഹാം

അബ്രാം (Abram)

പേരിനർത്ഥം – ഉന്നതപിതാവ് 

അബ്രാഹാമിന്റെ ആദ്യനാമം: (ഉല്പ, 11:26-17:5; 1ദിന, 1:27; നെഹെ, 9:7). 

അബ്രാഹാം (Abraham)

പേരിനർത്ഥം – ബഹുജാതികൾക്കു പിതാവ്

യെഹൂദരും മുഹമ്മദീയരും ക്രിസ്ത്യാനികളും ആദരപൂർവ്വം സ്മരിക്കുന്ന നാമമാണ് അബ്രാഹാം. എബ്രായരുടെ പിതാവെന്ന നിലയിലും വിശ്വാസികളുടെ പിതാവെന്ന നിലയിലും അബ്രാഹാം തിരുവെഴുത്തുകൾ മുഴുവൻ നിറഞ്ഞുനിൽക്കുന്നു. അബ്രാഹാമിന് ദൈവം വാഗ്ദത്തം ചെയ്ത സന്തതികളിൽ യിസ്രായേല്യർ ഭൗമികസന്തതിയും ക്രിസ്ത്യാനികൾ ആത്മികസന്തതിയുമാണ്. ഉല്പത്തി 12 മുതലുള്ള ചരിത്രം അബ്രാഹാമിന്റെയും സന്തതിയുടേതുമത്രേ. വാഗ്ദത്തയുഗം അബ്രാഹാമിലാണ് ആരംഭിക്കുന്നത്. അബ്രാഹാമിന്റെ ജീവചരിത്രം ഉല്പത്തി 11:26-25:10-ൽ ഉണ്ട്. അതിന്റെ സംക്ഷിപ്തരൂപം പ്രവൃത്തി 7:2-8-ലും. 

അബ്രാഹാമിന്റെ സ്വദേശം കല്ദയരുടെ പട്ടണമായ ഊരാണ്. അബ്രാഹാമിന്റെ അപ്പനായ തേരഹ് കല്ദയ പട്ടണമായ ഊരിൽനിന്നും അബ്രാം, അബ്രാമിന്റെ ഭാര്യയായ സാറായി, ഹാരാന്റെ മകനായ ലോത്ത് എന്നിവരോടൊപ്പം പുറപ്പെട്ട് ഹാരാനിൽ വന്നു താമസിച്ചു. അവിടെ വന്നു താമസിച്ചതിനു കാരണം അപ്പൊസ്തലപ്രവൃത്തികളിൽ ഇങ്ങനെ കാണുന്നു. “സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നെ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു . അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.” (പ്രവൃ, 7:2,3). ഹാരാനിൽവച്ചു തേരഹ് മരിച്ചു. അബ്രാഹാമിനു വീണ്ടും യഹോവ പ്രത്യക്ഷനായി. സ്വന്ത ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും ഉപേക്ഷിച്ച് താൻ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പുറപ്പെടുവാൻ യഹോവ അബ്രാഹാമിനു കല്പന നല്കി: (ഉല്പ, 12:1). യഹോവ കല്പിച്ചതുപോലെ പിതൃഭവനത്തെയും ചാർച്ചക്കാരെയും ഉപേക്ഷിച്ചു ലോത്തിനോടൊപ്പം അബ്രാഹാം കനാനിലേക്കു യാത്രയായി. എവിടേക്കു പോകുന്നു എന്നറിയാതെയാണ് അബ്രാഹാം യാത്രതിരിച്ചത്. യാത്ര ചെയ്ത അബ്രാഹാം കനാനിലെത്തി . ശെഖേമിൽ വച്ച് യഹോവ വീണ്ടും പ്രത്യക്ഷനായി. അബ്രാഹാമിന്റെ സന്തതിക്ക് കനാൻദേശം കൊടുക്കുമെന്നു രണ്ടാമതും വാഗ്ദത്തം ചെയ്തു. തനിക്ക് പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാഹാം ഒരു യാഗപീഠം പണിതു അവനെ ആരാധിച്ചു. അബ്രാഹാം അവിടെനിന്നും പുറപ്പെട്ട് ബേഥേലിനും ഹായിക്കും മദ്ധ്യേ കൂടാരമടിച്ചു. അവിടെയും അബ്രാഹാം യാഗപീഠം പണിത് യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാഹാം പിന്നെയും തെക്കോട്ടു യാത്ര ചെയ്തു. 

ദേശത്ത് ക്ഷാമം കഠിനമായപ്പോൾ അബ്രാഹാം മിസ്രയീമിലേക്കു പോയി. സാറായുടെ സൗന്ദര്യം തന്റെ ജീവനു അപകടം വരുത്തുമെന്നു കരുതി തന്റെ സഹോദരിയെന്നു മിസ്രയീമ്യരോടു പറയണമെന്നു അബ്രാഹാം സാറയോടു പറഞ്ഞു. സാറാ അബ്രാഹാമിന്റെ അർദ്ധസഹോദരിയായിരുന്നു. സാറായുടെ സൗന്ദര്യത്തെക്കുറിച്ചു കേട്ടിട്ട് ഫറവോൻ അവളെ തന്റെ അരമനയിലേക്ക് വരുത്തി. സാറാ നിമിത്തം ഫറവോൻ അബ്രാഹാമിനു വളരെയധികം നന്മ ചെയ്തു. സാറാ നിമിത്തം യഹോവ ഫറവോനെയും കുടുംബത്തെയും വളരെയധികം ദണ്ഡിപ്പിച്ചു. ഫറവോൻ അബ്രാഹാമിനെ വിളിച്ചു ഭാര്യയെ സഹോദരി എന്നു പറഞ്ഞതിനു കുറ്റപ്പെടുത്തി. അനന്തരം അബ്രാഹാം ഭാര്യയും ലോത്തും സകലസമ്പത്തുമായി മിസയീംവിട്ടുപോയി: (ഉല്പ, 12). 

അനന്തരം അബ്രാഹാം ബേഥേലിനും ഹായിക്കും മദ്ധ്യ ആദ്യം കൂടാരമടിച്ച സ്ഥാനത്തുതന്നെ എത്തി: (ഉല്പ, 13:3,4). സമ്പത്തിന്റെ ആധിക്യം അബ്രാഹാമും ലോത്തും തമ്മിൽ വേർപിരിയുവാൻ കാരണമായി. അബ്രാഹാമിന്റെയും ലോത്തിന്റെയും ഇടയന്മാർക്കു തമ്മിൽ പിണക്കമുണ്ടായി. കലഹം ഒഴിവാക്കുവാൻ വേണ്ടി രണ്ടുവശത്തേക്കായി പിരിഞ്ഞു പോകുന്നതാണ് യുക്തമെന്നു അബ്രാഹാം നിർദ്ദേശിച്ചു. പ്രദേശം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം ലോത്തിനു നൽകി. യോർദ്ദാന്നരികെയുള്ള പ്രദേശം ലോത്ത് തിരഞ്ഞെടുത്തു; സൊദോംവരെ കൂടാരം നീക്കിയടിച്ചു. അബ്രാഹാം കനാൻദേശത്തു തന്നെ വസിച്ചു. ഈ സന്ദർഭത്തിൽ യഹോവ വീണ്ടും പ്രത്യക്ഷപ്പെട്ടു അബ്രാഹാം കാണുന്ന ഭൂമി ഒക്കെയും അവന് ശാശ്വതാവകാശമായി കൊടുക്കുമെന്നും അവന്റെ സന്തതിയെ വർദ്ധിപ്പിക്കുമെന്നും വാഗ്ദത്തം ചെയ്തു. അനന്തരം അബ്രാഹാം മമ്രേയുടെ തോപ്പിൽ വന്നു വസിച്ചു; അവിടെ യഹോവയക്ക് യാഗപീഠം പണിതു. 

സമഭൂമിയിലെ അഞ്ചുപട്ടണങ്ങൾ എലാംരാജാവായ കെദൊർലായോമെറിനു കീഴടങ്ങിയിരുന്നു. പതിമൂന്നാം വർഷം അവർ കെദൊർലായോമെറിനോടു മത്സരിച്ചു. മറ്റു മൂന്നു രാജാക്കന്മാരുമായി കൂട്ടുചേർന്ന് അദ്ദേഹം അവരെ ആക്രമിച്ചു. ഈ നാലുരാജാക്കന്മാർ സൊദോം, ഗൊമോരാ പ്രദേശങ്ങൾ കീഴടക്കി, ലോത്തിനെയും കുടുംബത്തെയും ബന്ധനസ്ഥരാക്കി അവരുടെ സമ്പത്തു കൊള്ളയടിച്ചു: (ഉല്പ, 14:1-12). ഇതറിഞ്ഞ അബ്രാഹാം തന്റെ വീട്ടിൽ ഉണ്ടായിരുന്ന അഭ്യാസികളായ 318 യോദ്ധാക്കളെ കൂട്ടിക്കൊണ്ട് ചെന്നു അവരെ തോല്പിച്ചു; ലോത്തിനെയും സകലസമ്പത്തിനെയും മോചിപ്പിച്ചു. ഈ യുദ്ധം കഴിഞ്ഞ് മടങ്ങിവരുമ്പോൾ മല്ക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്ന് അബ്രാഹാമിനെ അനുഗ്രഹിച്ചു. ശാലേം രാജാവായ മല്ക്കീസേദെക്ക് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. അബ്രാഹാം അവന് സകലത്തിലും ദശാംശം കൊടുത്തു: (ഉല്പ, 14:20). യുദ്ധം ജയിച്ച അബ്രാഹാം കവർച്ചയിൽനിന്നും ഒന്നുംതന്നെ സ്വീകരിച്ചില്ല. ഈ സമയത്ത് യഹോവ പ്രത്യക്ഷപ്പെട്ട് “ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതി ഫലവും ആകുന്നു” എന്നു വ്യക്തമാക്കി. (ഉല്പ, 15:2). തുടർന്ന് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയുള്ള ഒരു സന്തതിയുടെ വാഗ്ദാനം നൽകി: (ഉല്പ, 15:5). 

അബ്രാഹാം കനാനിൽ വാസം തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞു. ഇതുവരെയും തനിക്ക് ഒരു പുത്രൻ ജനിച്ചില്ല. എഴുപത്തഞ്ചു വയസ്സായ സാറാ ഒരുകുഞ്ഞിനെ പ്രസവിക്കുക സംഭവ്യമല്ല. അതിനാൽ സാറായുടെ നിർദ്ദേശമനുസരിച്ച് മിസയീമ്യദാസിയായ ഹാഗാരിനെ അബ്രാഹാം സ്വീകരിക്കുകയും അവൾ യിശ്മായേലിനെ പ്രസവിക്കുകയും ചെയ്തു: (ഉല്പ, 16:1-16). അബ്രാഹാമിന് തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ വീണ്ടും പ്രത്യക്ഷനായി “ഞാൻ സർവ്വശക്തിയുള്ള ദൈവ” എന്നു സ്വയം വെളിപ്പെടുത്തി: (ഉല്പ, 17:1). അബ്രാം എന്ന പേരിനെ മാറ്റി ബഹുജാതികൾക്ക് പിതാവ് എന്നർത്ഥമുള്ള അബ്രാഹാം എന്ന പേർ നല്കി. സാറായിയുടെ പേർ സാറാ എന്നുമാറ്റി. തൊണ്ണൂറു വയസ്സായ സാറ യിസ്ഹാക്കിനെ പ്രസവിക്കുമെന്നും അവൻ വാഗ്ദത്ത സന്തതിയായിരിക്കുമെന്നും ഉറപ്പു നൽകി. അബ്രാഹാം യിശ്മായേലിനു വേണ്ടി അപേക്ഷിച്ചു. യിശ്മായേലിനെ അനുഗ്രഹിക്കുമെന്നും, എന്നാൽ വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനോട് തന്റെ ഉടമ്പടി ഉറപ്പിക്കുമെന്നും യഹോവ അരുളിച്ചെയ്തു. അന്ന് അബ്രാഹാമും പുത്രനായ യിശ്മായേലും തന്റെ വീട്ടിലുള്ള പുരുഷപ്രജ ഒക്കെയും പരിച്ഛേദനം ഏറ്റു. മമ്രേയുടെ തോപ്പിൽ വെച്ചു യഹോവ വീണ്ടും പ്രത്യക്ഷനായി. മൂന്നു പുരുഷന്മാർ കൂടാരവാതില്ക്കൽ ഇരുന്ന അബ്രാഹാമിന്റെ നേരെ നിന്നു. അബ്രാഹാം അവരെ സ്വീകരിച്ച് സൽക്കരിച്ചു. ഈ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും (ഉല്പ, 18:17:20,22,33), മറ്റു രണ്ടു ദൂതന്മാരും ആയിരുന്നു. ഒരാണ്ടു കഴിയുമ്പോൾ സാറായ്ക്ക് ഒരു മകൻ ജനിക്കുമെന്ന് ഉറപ്പുനൽകുകയും സാറായുടെ അവിശ്വാസത്തെ ശാസിക്കുകയും ചെയ്തു. ആ രണ്ടു ദൂതന്മാർ തങ്ങളുടെ യാത്ര തുടർന്നു. അബ്രാഹാം യഹോവയുടെ സന്നിധിയിൽ നിന്നു: (ഉല്പ, 18:22). സൊദോം ഗൊമോരയുടെ നാശത്തെക്കുറിച്ച് അബ്രാഹാമിനെ അറിയിച്ചു. അബ്രാഹാം ആ പട്ടണങ്ങൾക്കുവേണ്ടി വാദിച്ചു. പിറ്റേദിവസം രാവിലെ അബ്രാഹാം എഴുന്നേറ്റു, സൊദോമിനും ഗൊമോരയ്ക്കും നേരെ നോക്കി. “ദേശത്തിലെ പുക തീച്ചുളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു:” (ഉല്പ, 19:27-29). 

അബ്രാഹാം തെക്കോട്ടു യാത്ര ചെയത് കാദേശിനും സൂരിനും മദ്ധ്യേ പാർത്തു. ഗെരാരിൽ പരദേശിയായിരിക്കുമ്പോൾ ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറായെ കൂട്ടിക്കൊണ്ടുപോയി. രാത്രി ദൈവം സ്വപ്നത്തിൽ അബീമേലെക്കിനോട് ഇടപെടുകയും പിറ്റേദിവസം രാവിലെ അവൻ സാറയെ മടക്കി അയയ്ക്കുകയും ചെയ്തു. അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ച് സാറായെ തന്റെ പെങ്ങളെന്നു വ്യാജം പറഞ്ഞതിനു കുറ്റപ്പെടുത്തി. അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും ദാസിമാരെയും സൗഖ്യമാക്കി; അവർ പ്രസവിച്ചു. അബ്രാഹാമിനു നൂറും സാറായ്ക്ക് തൊണ്ണൂറും വയസ്സായപ്പോൾ വാഗ്ദത്തസന്തതിയായ യിസ്ഹാക്ക് ജനിച്ചു: (ഉല്പ, 21:3). യിശ്മായേൽ പരിഹാസിയായിരുന്നു. സാറായുടെ നിർബ്ബന്ധപ്രകാരം ഹാഗരിനെയും യിശ്മായേലിനെയും അബ്രാഹാം മനസ്സില്ലാമനസ്സോടെ പുറത്താക്കി. 

അബ്രാഹാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. യിസ്ഹാക്കിന് അപ്പോൾ ഇരുപത്തഞ്ചു വയസ്സ് പ്രായമായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. മോരിയാ മലയിൽ കൊണ്ടുപോയി (ഈ മലയിലാണ് പില്ക്കാലത്തു ദൈവാലയം പണിതത്) യാഗം കഴിക്കുവാനായിരുന്നു കല്പന. അബ്രാഹാം മടിച്ചില്ല. പിറ്റേദിവസം പ്രഭാതത്തിൽ തന്നെ രണ്ടുബാല്യക്കാരോടൊപ്പം യാത്രയായി. മൂന്നാമത്തെ ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്നു് ആ സ്ഥലം കണ്ടു. ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞ് ബാല്യക്കാരെ അവിടെ വിട്ടിട്ട് അബ്രാഹാം മകനുമായി നടന്നു. ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന യിസ്ഹാക്കിന്റെ ചോദ്യത്തിനു് ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം പറഞ്ഞു. നിർദ്ദിഷ്ട സ്ഥാനത്തെത്തി അബ്രാഹാം യാഗപീഠം പണി  തു യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ കിടത്തി. മകനെ അറുക്കേണ്ടതിന് കത്തി എടുത്തപ്പോൾ യഹോവയുടെ ദൂതൻ തടഞ്ഞു. കുറ്റിക്കാട്ടിൽ കെട്ടുപിണഞ്ഞു കിടന്ന ആട്ടുകൊറ്റനെ പിടിച്ച് യിസ്ഹാക്കിനു പകരം യാഗം കഴിച്ചു. അനന്തരം അബ്രാഹാം മടങ്ങിവന്ന് ബേർ-ശേബയിൽ പാർത്തു: (ഉല്പ, 22:1-19). 

നൂറ്റിയിരുപത്തേഴ് വയസ്സായപ്പോൾ സാറാ ഹെബ്രോനിൽവെച്ചു മരിച്ചു. അബ്രാഹാം എഫ്രോന്റെ കൈയിൽനിന്നും മക്പേല നിലം വാങ്ങി അതിലെ ഗുഹയിൽ സാറായെ അടക്കി: (ഉല്പ, 23). സ്വന്തം കുടുംബത്തിൽ നിന്നുതന്നെ യിസ്ഹാക്കിനു ഒരു ഭാര്യയെ എടുക്കുവാൻ അബ്രാഹാം ഏല്യേസറിനെ ഹാരാനിലേക്കയച്ചു. അയാൾ പോയി നാഹോരിന്റെ മകനായ ബെമൂവേലിന്റെ മകൾ റിബെക്കയെ യിസ്ഹാക്കിനു ഭാര്യയായി കൂട്ടിക്കൊണ്ടുവന്നു. അല്പകാലം കഴിഞ്ഞ് അബ്രാഹാം കെതൂറയെ ഭാര്യയായി സ്വീകരിച്ചു, കെതൂറയിൽ അബ്രാഹാമിനു ആറു പുത്രന്മാർ ജനിച്ചു. അബ്രാഹാമിന്റെ സമ്പത്തുമുഴുവൻ യിസ്ഹാക്കിനു നല്കി. വെപ്പാട്ടികളുടെ മക്കൾക്ക് ദാനങ്ങൾ കൊടുത്തു കിഴക്കു ദേശത്തേക്കയച്ചു. നൂറ്റിയെഴുപത്തഞ്ചു വയസ്സുള്ളവനായി അബ്രാഹാം മരിച്ചു. യിസ്ഹാക്കും യിശ്മായേലും കൂടി മക്പേലാഗുഹയിൽ അബ്രാഹാമിനെ അടക്കം ചെയ്തു: (ഉല്പ, 25:9). 

അബ്രാഹാമിന്റെ സ്വഭാവം: അബ്രാഹാമിന്റെ സ്വഭാവത്തിൽ പല സവിശേഷതകളുണ്ട്. ബഹുദൈവ വിശ്വാസികളുടെ മദ്ധ്യേനിന്ന് അബ്രാഹാമിനെ വിളിച്ചതു ഒരു പ്രധാന സംഭവമാണ്. അബ്രാഹാമിന്റെ വിശ്വാസം നിസ്തുല്യമാണ്. സർവ്വശക്തനായും (ഉല്പ, 17:1), നിത്യനായും (21:33), അത്യുന്നതനായും (14:22), സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായും (14:22; 24;3), ജാതികളെ വിധിക്കുന്നവനായും (15:14), സർവ്വഭൂമിയുടെയും ന്യായാധിപതിയായും (18:25) അബ്രാഹാം ദൈവത്തെ മനസ്സിലാക്കി. തെറ്റിപ്പോയ യിശ്മായേലിനു വേണ്ടിയും (17:20), ലോത്തിനുവേണ്ടിയും (18:27-33) അബ്രാഹാം ദൈവത്തോടു പക്ഷവാദം ചെയ്തു. അബ്രാഹാം ദൈവത്തോടു കൂട്ടായ്മ പുലർത്തി. വിവിധ നിലകളിൽ ദൈവം അബ്രാഹാമിനു പ്രത്യേക വെളിപ്പാടുകൾ നൽകി: (ഉല്പ, 15:1; 18:1; 22:11,15). അബ്രാഹാം പാർത്ത സ്ഥലങ്ങളിലെല്ലാം യാഗപീഠം നിർമ്മിച്ച് യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചു: (ഉല്പ, 12:8; 13:4,18). അബ്രാഹാമിന്റെ അനുസരണവും അനുപമമാണ്. ദൈവത്തിന്റെ വിളി അനുസരിക്കുവാൻ അബ്രാഹാം സദാ ജാഗരൂകനായിരുന്നു. വിശ്വാസത്താൽ കൽദയരുടെ ഊരിൽനിന്നു പുറപ്പെട്ടു: (ഉല്പ,11:31; 15:7; പ്രവൃ, 7:2-4). വാഗ്ദത്തനാടായ കനാനിൽ നൂറുവർഷം വസിച്ചു: (13:12; 15:18). അബ്രാഹാമിന്റെ വിശ്വാസത്തിനു നേരിട്ട ഏറ്റവും വലിയ പരീക്ഷണമാണ് യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. എന്നാൽ “മരിച്ചവരുടെ ഇടയിൽനിന്നും ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്ന എണ്ണുകയും അവരുടെ ഇടയിൽ നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.” (എബ്രാ, 11:19).

അബ്രാഹാമിന്റെ ജീവിതത്തിൽ ചില ദൗർബല്യങ്ങൾ ഉണ്ടായിട്ടുണ്ട്. മിസ്രയീമിലെ ഫറവോനെയും, ഗെരാർ രാജാവായ അബീമേലെക്കിനെയും സ്വന്തം ഭാര്യയെ സഹോദരിയെന്നു പറഞ്ഞ് കബളിപ്പിച്ചതാണ് അവയിൽ പ്രധാനം. ഇത് തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു: (ഉല്പ, 12:11-13; 20:2-11). സാറാ അബ്രാഹാമിന്റെ അർദ്ധസഹോദരിയാണ്. “വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ലതാനും; അവൾ എനിക്കു ഭാര്യയായി.” (ഉല്പ, 20:12). ഹോമയാഗത്തിനു ഒരു ആട്ടിൻകുട്ടിയെ ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം യിസ്ഹാക്കിനോടു പറഞ്ഞതു വ്യാജമാണ്. എന്നാൽ ഞാനും മകനും ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞതു അബ്രാഹാമിന്റെ വിശ്വാസത്തിന്റെ പരമായ ഉദാഹരണ്മാണ്. യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം അനുവദിക്കുകയില്ലെന്നു അബ്രാഹാം വിശ്വസിച്ചിരിക്കണം. 

അബ്രാഹാമും ഉടമ്പടിയും: അബ്രാഹാമിനോട് ദൈവം ചെയ്ത ഉടമ്പടിയെ നിയമം എന്നാണ് പറയുന്നത്. ദൈവത്തിന്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8, യാക്കോ, 2:23) ദൈവത്തിൽ അചഞ്ചലമായ വിശ്വാസം അർപ്പിച്ചവനുമായ അബ്രാഹാമിനോട് ദൈവം ചെയ്ത വാഗ്ദത്തനിയമം നിരുപാധികവും നിത്യവും ആണ്. (ഉല്പ, 17:7,13,19). ഈ ഉടമ്പടി അബ്രാഹാമിലുടെ സന്തതിക്കും അവകാശപ്പെട്ടതാണ്. യിസ്രായേലിനോട് ദൈവം പില്ക്കാലത്തു ചെയ്ത ഉടമ്പടികൾക്കടിസ്ഥാനവും അബ്രാഹാമ്യ നിയമമത്രേ. അതിൽ ഏഴു വാഗ്ദത്തങ്ങളുണ്ട്. 1. ഞാൻ നിന്നെ മഹാജാതിയാക്കും: (ഉല്പ, 12:2; 13:16). എബ്രായരുടെ എല്ലാം പിതാവ് അബ്രാഹാമാണ്. എബായൻ എന്നു ആദ്യം വിളിക്കപ്പെട്ടതും അബ്രാഹാമാണ്: (ഉല്പ, 14:13). ഭൂമിയിലെ പൊടിപോലെ ഒരു ഭൗമിക സന്തതിയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഒരു ആത്മീയസന്തതിയും അബ്രാഹാമിനു ലഭിച്ച വാഗ്ദത്തത്തിലുണ്ട്: (ഉല്പ, 13:6; യോഹ, 8:37,39). അപ്പൊസ്തലനായ പൗലൊസ് ഇതു വ്യക്തമാക്കുന്നുണ്ട്: “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനു തന്നെ.” (റോമ, 4:16). 2. ഞാൻ നിന്നെ അനുഗ്രഹിക്കും: (ഉല്പ, 12:2; 15:6,18; യോഹ, 8:56). 3. ഞാൻ നിന്റെ പേർ വലുതാക്കും: (ഉല്പ, 12:2). യെഹൂദന്മാരും മുഹമ്മദീയരും ക്രിസ്ത്യാനികളും ഒരുപോലെ ബഹുമാനിക്കുന്ന പൂർവ്വപിതാവാണ് അബ്രാഹാം. മാത്രവുമല്ല, പഴയനിയമ പുരുഷന്മാരിൽ മോശെ കഴിഞ്ഞാൽ അബ്രാഹാമാണ് പുതിയനിയമത്തിൽ ഏറ്റവും അധികം സ്മരിക്കപ്പെടുന്നത്. 4. നീ ഒരു അനുഗഹമായിരിക്കും: (ഉല്പ, 12:2). വിശ്വാസവിഷയത്തിൽ അബ്രാഹാം ഒരു മാതൃകയും അനുഗ്രഹവുമായി മാറി. (റോമ, 4:16-25). 5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും: (ഉല്പ, 12:3). യെഹൂദന്മാരുടെ ചിതറലിൽ ഇതു നിറവേറി. അവരെ പീഡിപ്പിച്ച ജനം പീഡിപ്പിക്കപ്പെടുകയും അവരെ സംരക്ഷിച്ചവർ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. 6. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും: (ഉല്പ, 12:3). 7. നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:3). ഇത് മശീഹയെക്കുറിച്ചുള്ള പ്രവചനമാണ്: “എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തുതന്നെ.” (ഗലാ . 3:16).

Leave a Reply

Your email address will not be published. Required fields are marked *