അന്ത്രെയാസ് (Andrew)
പേരിനർത്ഥം — പുരുഷത്വമുള്ളവൻ
യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാൾ. ഗലീലയിലെ ബേത്ത്സയിദക്കാരനായ (യോഹ, 1:44) അന്ത്രെയാസ് യോഹന്നാന്റെ പുത്രനും ശിമോൻ പത്രോസിന്റെ സഹോദരനുമാണ്. (യോഹ, 21:15). മത്തായി സുവിശേഷത്തിലെയും ലൂക്കൊസ് സുവിശേഷത്തിലെയും ശിഷ്യന്മാരുടെ പട്ടികയിൽ രണ്ടാമതും (മത്താ, 10:2, ലൂക്കൊ, 6:14), മർക്കൊസ് സുവിശേഷത്തിലെയും (3:18), അപ്പൊസ്തല പ്രവൃത്തികളിലെയും (1:13 ) പട്ടികയിൽ നാലാമതുമാണ് അന്ത്രെയാസിന്റെ പേർ ചേർത്തിട്ടുള്ളത്. അന്ത്രെയാസിനെക്കുറിച്ചു യോഹന്നാന്റെ സുവിശേഷത്തിലാണ് കൂടുതൽ വിവരങ്ങൾ കാണുന്നത്. അന്ത്രെയാസ് സ്നാപകയോഹന്നാന്റെ ശിഷ്യനായിരുന്നു. ‘ഇതാ ദൈവത്തിന്റെ കുഞ്ഞാടു’ എന്നു യേശുവിനെക്കുറിച്ചു യോഹന്നാൻ സ്നാപകൻ പറഞ്ഞതുകേട്ടു അന്ത്രെയാസ് മറ്റൊരു ശിഷ്യനോടുകൂടി യേശുവിനെ അനുഗമിച്ചു. (യോഹ, 1:36-40). യേശുവിനെ മശീഹയായി മനസ്സിലാക്കുകയും സ്വന്തം സഹോദരനായ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്തു. (യോഹ, 1:42). സ്നാപകൻ തടവിലായശേഷം സഹോദരന്മാർ ഇരുവരും മടങ്ങിപ്പോയി ഗലീലക്കടലിൽ മീൻപിടിത്തത്തിൽ ഏർപ്പെട്ടു. യേശു ഗലീലക്കടലിലെ അത്ഭുതകരമായ മീൾപിടുത്തത്തിനു ശേഷം അവരെ വിളിക്കുകയും അവൻ യേശുവിനെ അനുഗമിക്കുകയും ചെയ്തു. (മത്താ, 4:18-20, മർക്കൊ, 1:14-18, ലൂക്കോ, 5:1-11). പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനായി അന്ത്രെയാസ് തിരഞ്ഞെടുക്കപ്പെട്ടു, (മത്താ,10:2, മർക്കൊ, 3:18, ലൂക്കൊ, 6:14, അപ്പൊ, 1:13).
ഗലീല കടല്ക്കരെവെച്ചു യേശു 5000 പുരുഷന്മാർ ഉൾക്കൊള്ളുന്ന പുരുഷാരത്തെ അഞ്ചപ്പവും രണ്ടുമീനും കൊണ്ടു അത്ഭുതകരമായി പോഷിപ്പിച്ചു. ഈ അപ്പവും മീനും കൈവശമുണ്ടായിരുന്ന ബാലനെ ക്രിസ്തുവിന്റെ ശ്രദ്ധയിൽ പെടുത്തിയതു അന്ത്രെയാസാണ്. (യോഹ, 6:6-9). യെരൂശലേമിൽ പെസഹാപ്പെരുനാളിനു വന്ന ചില യവനന്മാർ യേശുവിനെ കാണുവാൻ ആഗഹിച്ചപ്പോൾ അന്ത്രെയാസും ഫിലിപ്പൊസും കൂടി അവരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. (യോഹ, 12:20-22). അന്ത്രെയാസ്, പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നിവർ ഒലിവുമലയിൽ വച്ചു ദൈവാലയത്തിന്റെ നാശത്തെക്കുറിച്ചു ചോദിച്ചു. (മർക്കൊ, 13:3). അതിനെ തുടർന്നു യുഗാന്ത്യ സംഭവങ്ങളെക്കുറിച്ചു യേശു ദീർഘമായി പ്രതിപാദിച്ചു. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം മാളികമുറിയിൽ കാത്തിരുന്നവരിൽ അന്ത്രെയാസും ഉണ്ടോയിരുന്നു. (അപ്പൊ, 1:13).
തിരുവെഴുത്തുകളിൽ നിന്നും അന്ത്രെയാസിനെക്കുറിച്ചു നമുക്കു ലഭിക്കുന്ന വിവരങ്ങൾ ഇത്രമാത്രമാണ്. അന്ത്രെയാസിന്റെ അനന്തര പ്രവർത്തനങ്ങളെയും, രക്തസാക്ഷി മരണത്തെയും കുറിച്ചു അനേകം പാരമ്പര്യങ്ങളുണ്ട്. സിറിയ, അഖായ, ചിറ്റാസ്യ, ത്രേസ് എന്നിവിടങ്ങളിൽ അദ്ദേഹം പ്രസംഗിച്ചുവെന്നു രേഖകളുണ്ട്. കോൺസ്റ്റാന്റിനോപ്പിളിൽ ഒരു സഭ സ്ഥാപിച്ചുവെന്നും ആദ്യബിഷപ്പായി സ്താക്കുവിനെ അവരോധിച്ചുവെന്നും കരുതപ്പെടുന്നു. (റോമ, 16:9). അഖായപട്ടണത്തിലെ പെട്രയിലെത്തിയ അദ്ദേഹം സുവിശേഷം നിരന്തരം പ്രസംഗിച്ചു. ക്ഷുഭിതനായ പ്രൊകോൺസൽ ജാതീയദേവന്മാർക്കു ബലിയർപ്പിക്കുവാൻ
അന്ത്രെയാസിനോടാവശ്യപ്പെട്ടു. നിഷേധിച്ച അപ്പൊസ്തലനെ ചമ്മട്ടികൊണ്ടടിച്ചു ക്രൂശിക്കുവാൻ ഉത്തരവിട്ടു. രണ്ടുദിവസം ക്രൂശിൽ കിടന്നു ദൈവത്തിനു സ്തോത്രം ചെയ്യുകയും കാണികളെ സുവിശേഷം കൈക്കൊള്ളുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഒരു നവംബർ 30-നു അദ്ദേഹം മരിച്ചതായി പറയപ്പെടുന്നു. അപ്പൊസ്തലനെ ക്രൂശിച്ച കുരിശ് ഗുണനചിഹ്നത്തിന്റെ ആകൃ തിയിലുള്ളതാണ്. അതിനെ വിശുദ്ധ അന്ത്രെയാസിന്റെ കുരിശ് (X) എന്നു വിളിക്കുന്നു.