അനന്യാസ്

അനന്യാസ് (Ananias) [സഫീരയുടെ ഭർത്താവ്]

പേരിനർത്ഥം – യഹോവ കൃപാലുവാണ്

യെരൂശലേം സഭയിലെ ഒരംഗം. അനന്യാസ് ഭാര്യയായ സഫീരയോടുകൂടെ നിലം വിറ്റുകിട്ടിയ തുകയിൽ കുറെ മാറ്റിവച്ചു; ബാക്കി അപ്പൊസ്തലന്മാരുടെ കാല്ക്കൽ മുഴുവൻ എന്ന വ്യാജേനവെച്ചു. പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കുകകൊണ്ട് അനന്യാസിനും തുടർന്നു സഫീരയ്ക്കും മരണം സംഭവിച്ചു. അവരെ ഉടൻ തന്നെ അടക്കം ചെയ്തതു: (പ്രവൃ, 5:1-6). സഭയുടെ ആദ്യനാളുകളിൽ യെഹൂദാമതത്തിൽ നിന്നും ക്രിസ്ത്യാനികളായി തീർന്നവർക്കു വളരെ കഷ്ടം അനുഭവിക്കേണ്ടി വന്നിരുന്നു. അവർക്കു സമൂഹത്തിലുണ്ടായിരുന്ന സ്ഥാനമാനങ്ങളും കുടുംബസമ്പത്തും എല്ലാം നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥന്മാർക്കും തൊഴിലാളികൾക്കും തങ്ങളുടെ ജോലി നഷ്ടപ്പെട്ടു. ഇങ്ങനെ യെഹൂദാ കിസ്ത്യാനികൾ അധികവും അഗതികളായിത്തീർന്നു. സമ്പന്നരായ ക്രിസ്ത്യാനികളുടെ ഔദാര്യദാനത്താൽ മാത്രം ആയിരുന്നു അവർ കഴിയേണ്ടിയിരുന്നത്. ആദിമ ക്രിസ്ത്യാനികൾ അവരെ സഹായിക്കാൻ വേണ്ടി ഒരു നിധി സ്വരൂപിച്ചു. എല്ലാവരും തങ്ങൾക്കുള്ളവയെല്ലാം നല്കേണ്ടിയിരുന്നില്ല. “ അതുവിലംമുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? എന്നു അനന്യാസിനോടു പത്രൊസ് ചോദിച്ചതിൽ നിന്നു അതു വ്യക്തമാണ്. മനസ്സുള്ളവർ മാത്രം ഔദാര്യദാനം നല്കിയാൽ മതിയായിരുന്നു. ഈ പൊതുനിധി അപ്പൊസ്തലന്മാരാണ് ദരിദ്രർക്കു വിതരണം ചെയ്തത്. തനിക്കുള്ളതൊന്നും സ്വന്തമായി കരുതാത്തവർ (പ്രവൃ, 4:32) തങ്ങൾക്കുള്ള നിലങ്ങളും വീടുകളും വിറ്റ് വില അപ്പൊസ്തലന്മാരുടെ കാൽക്കൽവെച്ചു. ബർന്നബാസ് എന്ന അപരനാമമുള്ള യോസേഫ് എന്ന ലേവ്യൻ നിലം വിറ്റ് പണം അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു. ഇതെല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി. പ്രശംസ മോഹിച്ച അനന്യാസ് ഭാര്യയോടുകൂടെ ഒരുനിലം വിറ്റു പണത്തിൽ ഒരംശം അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു. അനന്യാസിന്റെ വ്യാജം പരിശുദ്ധാത്മാവ് വെളിപ്പെടുത്തി. മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതെന്നു പത്രൊസ് പറഞ്ഞു . ഈ വാക്കുകേട്ടപ്പോൾ തന്നെ അനന്യാസ് വീണു മരിച്ചു. ഈ ശിക്ഷ കഠിനമായിരുന്നു. (ശാരീരിക) മരണത്തിനുള്ള പാപം എന്നു പറയുന്നതു ഇതു തന്നെയാണ്:  (1യോഹ, 5:16). പെന്തെക്കൊസ്തിൽ ഒരു പുതുയുഗം ഉത്ഘാടനം ചെയ്യപ്പെട്ടു. ആ യുഗത്തിന്റെ തുടക്കത്തിൽ ദൈവകൃപയോടു മൽസരിച്ചവരെ എല്ലാവർക്കും മാതൃകയാക്കി പരസ്യമായി ശിക്ഷിച്ചു. ന്യായപ്രമാണത്തിന്റെ തുടക്കത്തിലും ഇതുപോലെ കഠിനശിക്ഷ നല്കിയതായി കാണാം. യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കൊണ്ടുവന്ന നാദാബു, അബീഹു എന്നിവരെ യഹോവയുടെ സന്നിധിയിൽ നിന്നും പുറപ്പെട്ട അഗ്നി ദഹിപ്പിച്ചു കളഞ്ഞു: (ലേവ്യ, 10:1-10).

അനന്യാസ് (ദമസ്കൊസ്)

ദമസ്കൊസിലെ ദൈവഭക്തനായ ഒരു പുരുഷൻ. ശൗലിന്റെ മാനസാന്തരസമയത്ത് അനന്യാസിനു ദർശനമുണ്ടായി. അതനുസരിച്ച് നേർവ്വീഥി എന്ന തെരുവിൽ യുദയുടെ വീട്ടിൽ വന്നു ശൗലിന്റെ മേൽ കൈവച്ചു പ്രാർത്ഥിച്ചു. ഉടനെ അവന്റെ കണ്ണിൽ നിന്നും ചെതുമ്പൽ പോലെ വീണു. ശൗൽ (പൌലൊസ്) കാഴ്ച പ്രാപിച്ചു, പരിശുദ്ധാത്മപൂർണ്ണനായി സ്നാനം ഏറ്റു. ദമസ്കൊസിലെ യെഹൂദന്മാരുടെ ഇടയിൽ അനന്യാസിനു നല്ല സാക്ഷ്യം ഉണ്ടായിരുന്നു: (പ്രവൃ, 9:10-20; 22;12-16). അനന്തരകാലത്തു അനന്യാസ് ദമസ്കൊസിലെ ബിഷപ്പായി തീർന്നുവെന്നും രക്തസാക്ഷിയായി മരിച്ചുവെന്നും പാരമ്പര്യം പറയുന്നു. 

അനന്യാസ് (മഹാപുരോഹിതൻ)

യെരൂശലേമിൽ പൗലൊസിനെ വിസ്തരിച്ച മഹാപുരോഹിതൻ: (പ്രവൃ,  23:2). അഗ്രിപ്പാവ് രണ്ടാമനാണ് അനന്യാസിനെ മഹാപുരോഹിതനാക്കിയത്. എ.ഡി. 48 മുതൽ 58 വരെ മഹാപുരോഹിതനായി തുടർന്നു. ദൈവത്തിന്റെ മുമ്പാകെ നല്ല മനസ്സാക്ഷിയോടുകൂടെ താൻ നടന്നിരിക്കുന്നുവെന്നു പൗലൊസ് പറഞ്ഞപ്പോൾ അവന്റെ വായ്ക്കടിക്കുവാൻ മഹാപുരോഹിതൻ കല്പിച്ചു. മഹാപുരോഹിതനെ ‘വെള്ള തേച്ച ചുവരേ’ എന്നു വിളിച്ചു, ദൈവം നിന്നെ അടിക്കുമെന്നു പൗലൊസ് പറഞ്ഞു. മഹാപുരോഹിതനോടു അനാദരവോടെ സംസാരിച്ചതിനു പൗലൊസ് ക്ഷമചോദിച്ചു. പൗലൊസിനെതിരെ ഗൂഢാലോചന നടന്നതിനാൽ പൗലൊസിനെ കൗദ്യോസ് ലുസിയാസ് ദേശാധിപതിയായ ഫെലിക്സിന്റെ അടുക്കലേക്കയച്ചു. അനന്യാസ് തെർത്തുല്ലൊസ് എന്ന വ്യവഹാരജ്ഞനോടു കൂടി ദേശാധിപതിയുടെ മുമ്പാകെ പൗലൊസിനെതിരെ അന്യായം ബോധിപ്പിക്കുവാൻ എത്തി. യെരൂശലേമിൽ വച്ച് ഒരു വിപ്ലവത്തിൽ അനന്യാസിനെ യെഹൂദന്മാർ കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *