അദോനീ-സേദെക്ക് (Adoni-zedek)
പേരിനർത്ഥം – നീതിയുടെ കർത്താവ്
യെരുശലേമിലെ അമോര്യരാജാവ്. ഈ പേരിന്റെ അർത്ഥം മല്ക്കീസേദെക്കിന്റെ (നീതിയുടെ രാജാവ്, ശാലേം രാജാവ്) പേരിനോട് താരതമ്യം അർഹിക്കുന്നതാണ്: (ഉല്പ, 14:18). “എന്റെ കർത്താവ് സേദെക്ക്” എന്ന അർത്ഥം നൽകുന്നതിനു പര്യാപ്തമായി സേദെക്ക് എന്ന ഒരു ദേവൻ ഉണ്ടായിരുന്നതായി തെളിവില്ല. യെരീഹോവും ഹായിയും യിസ്രായേൽ പിടിച്ചടക്കിയതും ഗിബെയോന്യർ യിസ്രായേലിനോടു സഖ്യം ചെയ്തു അവരോടു കൂടെയായതും യെരുശലേം രാജാവായ അദോനീ-സേദെക്ക് കേട്ടു. അദോനീ-സേദെക്ക് ഹെബ്രോൻ രാജാവായ ഹോഹാമിനെയും, യർമ്മൂത്ത് രാജാവായ പിരാമിനെയും, ലാഖീശ് രാജാവായ യാഹീയയെയും, എഗ്ലോൻ രാജാവായ ദൈബീരിനെയും ശത്രുക്കൾക്കെതിരെ തന്നോടു സഖ്യം ചെയ്യുന്നതിനു പ്രേരിപ്പിച്ചു. അവർ ഗിബെയോന്യരോടു യുദ്ധം ചെയ്തു. ഗിബെയോന്യർ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ ആളയച്ചു. യോശുവയും സൈന്യവും ഗില്ഗാലിൽ നിന്നു പുറപ്പെട്ടു പെട്ടെന്നു അവരെ എതിർത്തു. യഹോവ അവരുടെ മേൽ കൽമഴ വർഷിപ്പിച്ചു. വാളിനാൽ കൊല്ലപ്പെട്ടവരെക്കാൾ അധികമായിരുന്നു കൽമഴയാൽ മരിച്ചവർ. യിസ്രായേല്യർ പ്രതികാരം ചെയ്തു തീരുന്നതുവരെ സുര്യനും ചന്ദ്രനും നിശ്ചലമായി നിന്നു. രാജാക്കന്മാർ എല്ലാവരും ഓടി മക്കേദയിലെ ഗുഹയിൽ ഒളിച്ചു. യോശുവ ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു, അവിടെ കാവൽ നിർത്തി. യിസ്രായേൽജനം ഒക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ മടങ്ങിവന്നശേഷം ഗുഹയുടെ ദ്വാരം തുറന്നു രാജാക്കന്മാരെ പുറത്തുകൊണ്ടുവന്നു. യിസായേൽ പടജ്ജനത്തിന്റെ അധിപതിമാർ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വെച്ചു. വിജയോത്സവത്തിന്റെ അടയാളമായിരുന്നു അത്. അതിന്റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്നു അഞ്ചു മരത്തിന്മേൽ തൂക്കി. അവർ സന്ധ്യവരെ തൂങ്ങിക്കിടന്നു. സന്ധ്യയ്ക്കു ശവം മരത്തിന്മേൽ നിന്നിറക്കി, അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ട് ഗുഹാദ്വാരത്തിങ്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചു: (യോശു, 10:1-27).