യെശയ്യാപ്രവാചകൻ
പേരിനർത്ഥം — യഹോവ രക്ഷ ആകുന്നു
എബ്രായ പ്രവാചകന്മാരിൽ അഗ്രഗണ്യനാണ് യെശയ്യാവ്. ‘യെഷയാഹു’ എന്ന എബായപേരിനു ‘യഹോവ രക്ഷ ആകുന്നു’ എന്നർത്ഥം. പഴയനിയമ പ്രവാചകന്മാരുടെ പ്രഭു, പഴയനിയമത്തിലെ സുവിശേഷകൻ, പ്രവാചകന്മാർക്കിടയിലെ കഴുകൻ എന്നിങ്ങനെയുള്ള അപരനാമങ്ങളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. യെശയ്യാ പ്രവാചകന്റെ പിതാവായ ആമോസ് (ശക്തൻ) ഒരു പ്രമുഖ വ്യക്തിയായിരുന്നിരിക്കണം. അതിനാലാണ് ‘ആമോസിന്റെ മകൻ’ എന്നു ആവർത്തിച്ചു (13 പ്രാവശ്യം) പറഞ്ഞിട്ടുള്ളത്. പ്രവാചകന്റെ ഗോത്രം ഏതാണെന്നറിയില്ല. യെരൂശലേമിൽ ദൈവാലയ പരിസരത്തു പാർത്തിരുന്നു എന്നു കരുതപ്പെടുന്നു. (അ. 6). ഭാര്യയെ പ്രവാചകി എന്നു പരിചയപ്പെടുത്തുന്നു. (8:3 ). അദ്ദേഹത്തിനു ശെയാർ-യാശൂബ് (7:3) എന്നും, മഹേർ-ശാലാൽ ഹാശ്-ബസ് (8:3) എന്നും രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഈ പേരുകൾ പ്രതീകാത്മകങ്ങളാണ്.
യെഹൂദാ രാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ നാലുപേരുടെ വാഴ്ചക്കാലത്താണ് യെശയ്യാവു പ്രവചിച്ചത്. പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളിൽ കാലപരമായി ആദ്യത്തേതു ഉസ്സീയാവിന്റെ മരണവും (ബി.സി. 740) ഒടുവിലത്തേതു സൻഹേരീബിന്റെ മരണവും (ബി.സി. 681) ആണ്. (യെശ, 6:1, 37:38). പ്രവാചകന്റെ ശുശ്രൂഷയുടെ ആദ്യഘട്ടം ഉസ്സീയാവിന്റെയും (ബി.സി. 783-738), യോഥാമിന്റെയും (സഹസമ്രാട്ടായി 750-738 ബി.സി; സാമ്രട്ടായി 738-735 ) വാഴ്ചക്കാലമാണ്; രണ്ടാമത്തെ ഘട്ടം ആഹാസിന്റെ ഭരണകാലവും (735-719); മൂന്നാമത്തെ ഘട്ടം യെഹിസ്കീയാ രാജാവിന്റെ സിംഹാസനാരോഹണം മുതൽ വാഴ്ചയുടെ പതിനഞ്ചാമാണ്ടു (719-705) വരെയുമാണ്. അതിനുശേഷം യെശയ്യാവു പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നില്ല. പാരമ്പര്യം അനുസരിച്ചു മനശ്ശെയുടെ കല്പനപ്രകാരം പ്രവാചകൻ ഈർച്ചവാളിനാൽ അറുത്തു കൊല്ലപ്പെട്ടു; എബ്രായർ 11:37 ഇതിന്റെ സൂചനയായി കരുതപ്പെടുന്നു. യെശയ്യാവും മീഖയും സമകാലികരായിരുന്നു. (യെശ, 1:1; മീഖാ, 1:1(. യെശയ്യാവിന്റെ പ്രവർത്തനത്തിനു മുമ്പായിരുന്നു ആമോസിന്റെയും ഹോശേയയുടെയും പ്രവർത്തനം. (ആമോ, 1:1; ഹോശേ, 1:1). ആമോസും ഹോശേയയും പ്രവചിച്ചതു പ്രധാനമായും ഉത്തരഗോതങ്ങളോടായിരുന്നു; യെശയ്യാവും മീഖായും യെഹൂദയോടും യെരൂശലേമിനോടും.
യെരുശലേമിൽ ഉന്നതപദവി യെശയ്യാവിന് ഉണ്ടായിരുന്നിരിക്കണം. യെഹിസ്കീയാ രാജാവു ഉന്നത ഉദ്യോഗസ്ഥന്മാരെയും പുരോഹിതന്മാരുടെ മുപ്പന്മാരെയും ആയിരുന്നു ദൂതന്മാരായി യെശയ്യാവിന്റെ അടുക്കലേക്കയച്ചത്. (2രാജാ, 19:2). യെരൂശലേമിലെ പ്രവാചകഗണത്തിന്റെ പ്രമാണിയും തലവനും അദ്ദേഹമായിരുന്നിരിക്കണം. പാർസി രാജാവായ കോരെശിനെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനങ്ങൾ യെഹൂദന്മാരെ മോചിപ്പിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പേരിലുള്ള പ്രവചനം കൂടാതെ ഉസ്സീയാവിന്റെ ജീവചരിത്രവും (2ദിന, 26:22) യെഹിസ്കീയാവിന്റെ ജീവചരിത്രവും (32:32) യെശയ്യാവു എഴുതി. ഈ രണ്ടു ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയി. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യെശയ്യാവിൻ്റെ പുസ്തകം’).