സാറാ (Sarah)
പേരിനർത്ഥം — പ്രഭ്വി
അബ്രാഹാമിന്റെ പ്രധാനഭാര്യയും അർദ്ധസഹോദരിയും. (ഉല്പ, 20:12). കല്ദായരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനോടൊപ്പം വാഗ്ദത്തനാടായ കനാനിലേക്കു പുറപ്പെട്ടു. ക്ഷാമം നിമിത്തം അവർ മിസയിമിലേക്കു പോയി. സാറയുടെ സൗന്ദര്യം തനിക്കു അപകടകരമാവുമെന്നു കരുതി സാറയെ സഹോദരി എന്നു അബ്രാഹാം പറഞ്ഞു. സാറയുടെ സൗന്ദര്യത്താൽ ആകൃഷ്ടനായ ഫറവോൻ സാറയെ അന്ത:പുരത്തിലേക്കു കൊണ്ടുപോയി എങ്കിലും യഹോവ പീഡിപ്പിക്കുകയാൽ ഇരുവരെയും വിട്ടയച്ചു. (ഉല്പ, 12:10-20). പിന്നീടു് ഗെരാർ രാജാവായ അബീമേലെക്കും സാറയെ കൊട്ടാരത്തിൽ കൊണ്ടുപോയെങ്കിലും മടക്കി അയച്ചു. ഗെരാർ രാജാവു അബ്രാഹാമിനു ധാരാളം സമ്പത്തു നല്കി. (ഉല്പ, 20:2-14). വന്ധ്യത സാറയെ നിന്ദാപാത്രമാക്കി. അവൾ തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. ഹാഗാർ ഗർഭിണിയായപ്പോൾ താൻ നിന്ദിത എന്നു തോന്നി സാറാ ഹാഗാറിനെ പീഡിപ്പിച്ചു. ഹാഗാർ അവിടെ നിന്നു ഓടിപ്പോയെങ്കിലും മടങ്ങി വന്നു യിശ്മായേലിനെ പ്രസവിച്ചു. തൊണ്ണൂറു വയസ്സുള്ളപ്പോൾ സാറായിയുടെ പേർ സാറാ എന്നു മാറ്റി. ഒരു വർഷത്തിനുള്ളിൽ മകൻ ജനിക്കുമെന്നുള്ള ദൈവികവാഗ്ദാന പ്രകാരം വാഗ്ദത്തസന്തതിയായ യിസഹാക്ക് ജനിച്ചു. (ഉല്പ, 17:16, 18:9-15, 21:1-3). യിസ്ഹാക്കിന്റെ ജനനത്തോടുകൂടി സാറയുടെ നിന്ദ മാറി. സാറായുടെ ആഗ്രഹപ്രകാരം അബാഹാം ഹാഗാറിനെയും പുത്രനെയും പുറത്താക്കി. (ഉല്പ, 21:10-12). സാറാ മരിക്കുമ്പോൾ അവൾക്കു 127 വയസ്സായിരുന്നു. കിര്യത്-അർബ്ബയിൽ വച്ചു മരിച്ച സാറയെ അബ്രാഹാം വിലയ്ക്കു വാങ്ങിയ മക്പേലാ ഗുഹയിൽ അടക്കം ചെയ്തു. (ഉല, 23:1). യിസ്രായേൽ ജനത്തിന്റെ മാതാവായി യെശയ്യാപ്രവാചകൻ (51:2) സാറായെ പറഞ്ഞിട്ടുണ്ടു്. അബ്രാഹാമിന്റെയും സാറായുടെയും വിശ്വാസം നീതിയായി കണക്കിട്ടു. (റോമ, 4:19). വാഗ്ദത്തമക്കളുടെ മാതാവാണു് സാറാ. (റോമ, 9:9). വിശ്വാസവീരന്മാരുടെ പട്ടികയിൽ സാറയുടെ പേരുണ്ട്. (എബ്രാ, 11:11). ഭർത്താവിനോടുള്ള പെരുമാറ്റത്തിലും സാറാ മാതൃകയാണ്. (1പത്രൊ, 3:6).
ആകെ സൂചനകൾ (4) — റോമ, 4:19, 9:9, എബ്രാ, 11:11, 1പത്രൊ, 3:6.