തോടുകൾ/നദികൾ (brook, river, stream)
‘നഹൽ, നാഹാർ, യെഓർ, പെലെഗ്, അഫീകീം’ എന്നീ എബ്രായ പദങ്ങളെയാണു നദി, ആറു എന്നിങ്ങനെ പരിഭാഷ ചെയ്തിട്ടുള്ളത്. വേനല്ക്കാലത്തു വരണ്ട മണൽത്തിട്ടയായി കിടക്കുന്നതും മഴക്കാലത്തു കരകവിഞ്ഞൊഴുകുന്നതുമായ പ്രവാഹമാണു ‘നഹൽ.’ യോർദ്ദാൻ നദിയുടെ ഒരു പ്രധാന പോഷകനദിയായ യബ്ബോക്ക് (ആവ, 2:37) ഉദാഹരണമാണ്. നഹലിനെ ഏറിയകൂറും തോടെന്നാണ് തർജ്ജമ ചെയ്തിട്ടുള്ളത്. ഉദാ: കവിഞ്ഞൊഴുകന്ന തോടുപോലെ ജാതികളുടെ മഹത്വം നീട്ടിക്കൊടുക്കും. (യെശ, 66:12). വരണ്ടുകിടക്കുന്ന നദി പെട്ടെന്നു പ്രക്ഷുബ്ദമായി കരകവിഞ്ഞൊഴുകുന്നതു കൊണ്ട് അത് ജാതികളുടെ മഹത്വം (യെശ, 66:12), ആക്രമണകാരിയുടെ ബലം (യിരെ, 47:2), ശത്രുവിന്റെ ശക്തി (സങ്കീ, 124:4) എന്നിവയുടെ പ്രതീകമായിത്തീർന്നു. യെഹെസ്കേലിന്റെ ദർശനത്തിൽ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴെ നിന്നു പുറപ്പെട്ടുവന്നതു ‘നഹൽ’ (നദി) ആയിരുന്നു. (യെഹെ, 47:5-12). എബ്രായയിൽ നദിയെക്കുറിക്കുന്ന ശരിയായ പദം ‘നാഹാർ’ ആണ്: ഉദാ: ഏദനിലെ നദികൾ (ഉല്പ, 2:10, 13,14), ഫ്രാത്ത് (യൂഫ്രട്ടീസ്: ആവ, 1:7), കൂശിലെ (എത്യോപ്യ) നദികൾ (യെശ, 18:1), ദമ്മേശെക്കിലെ നദികൾ (2രാജാ, 5:12) എന്നിവ. മോശെ അടിച്ച പാറയിലെ വെള്ളം ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി. (സങ്കീ, 105:41).
‘നഹൽ, അഫീക്, നാഹാർ, പെലെഗ്, യെവൊറീം, യെവാലീം’ എന്നീ എബ്രായ പദങ്ങളെയും, ഖൈമർറൊസ് എന്ന ഗ്രീക്കു പദത്തെയുമാണ് തോടെന്നു തർജ്ജമ ചെയ്തിട്ടുള്ളത്. ഹേമന്തകാലത്തു മാത്രം വെള്ളം ഒഴുകുന്ന തോടാണ് ഖൈമർറൊസ് (ഖൈമാ=ഹേമന്തം + റെയോ=ഒഴുകുക): (യോഹ, 18:1). പലസ്തീനിലെ തോടുകൾ അധികവും വേനല്ക്കാലത്തു വരണ്ടുകിടക്കും. മഴക്കാലത്തു മാത്രമാണ് അവയിൽ വെള്ളം ഒഴുകുന്നത്. എല്ലാ കാലത്തും ജലപ്രവാഹമുള്ള തോടാണ് കീശോൻ. (1രാജാ, 18:40). മഴ പെയ്യായ്കകൊണ്ടു കെരീത്ത് തോട് വറ്റിപ്പോയി. (1രാജാ, 17:3-7). അർണോൻ തോടു് (സംഖ്യാ, 21:13), ബെസോർ തോട് (1ശമൂ, 30:9), കാനാ തോട് (യോശു, 17:9), കെരീത്ത് തോട് (1രാജാ, 17:3), സേരെദ് തോട് (ആവ, 2:13,14), കീശോൻ തോട് (1രാജാ, 18:40), കിദ്രോൻതോട് (2ശമൂ, 15:23 ) എന്നിവ പേരുകളാൽ നിർദ്ദേശിക്കപ്പെട്ട തോടുകളാണ്. യൊക്നെയാമിനെതിരെയുളള തോട് (യോശു, 19:11), യെരൂവേൽ മരുഭൂമിക്കെതിരെയുള്ള തോട് (2ദിന, 20:16), അരാബയിലെ തോട് (ആമോ, 6:14), എന്നിവയും ശ്രദ്ധിക്കുക.
തോടുകളിലെ തടങ്ങളിൽ സസ്യങ്ങൾ വളരാറുണ്ട്. അലരിയെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ഇയ്യോ, 40:22). വറ്റിപ്പോകുന്ന തോട് ചതിയന്മാരായ സഹോദരന്മാർക്കു ഉപമാനമാണ്. (ഇയ്യോ, 6:15). ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടാണ്. (സദൃ, 18:4). നീതി വററാത്ത തോടുപോലെ കവിഞ്ഞൊഴുകണം. (ആമോ, 5:24). യഹോവ ഈജിപ്റ്റിലെ നദികളെയും തോടുകളെയും രക്തമാക്കി. (സങ്കീ, 78:44). മശീഹയുടെ വാഴ്ചയിൽ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. (യെശ, 35:6). അന്നു യെഹൂദയിലെ എല്ലാ തോടുകളും വെള്ളം ഒഴുക്കും. (യോവേ 3:18). ജാതികളുടെ മഹത്ത്വം കവിഞ്ഞൊഴുകുന്ന തോടു പോലെ വരും. (യെശ, 66:12). നീർത്തോടുകൾ. (സങ്കീ, 42:1; ഉത്ത, 5:12; വിലാ, 3:48).
പ്രധാന തോടുകളും നദികളും
1. അബാന നദി
2. അർന്നോൻ നദി
3. അഹവാ നദി
4. ഊലായി നദി
5. കാനാ തോട്
6. കിദ്രോൻ തോട്
7. കീശോൻ തോട്
8. കെബാർ നദി
10. ഗീഹോൻ നദി
11. നീലനദി
12. പർപ്പർ നദി
13. പീശോൻ നദി
14. ഫ്രാത്ത് നദി
15. ബെസോർ തോട്
16. മിസ്രയീം തോട്
17. മേരോം തടാകം
18. യാബ്ബോക് നദി
19. യോർദ്ദാൻ നദി
20. ശീഹോർ നദി
21. ശീഹോർ-ലിബ്നാത്ത്
22. സേരെദ് തോട്
23. ഹാബോർ നദി
24. ഹിദ്ദേക്കെൽ നദി