ഹിദ്ദേക്കൽ നദി (river Hiddekel)
പേരിനർത്ഥം – നീരോട്ടം, നീർച്ചാട്ടം
പശ്ചിമേഷ്യയിലെ ഒരു പ്രധാന നദിയാണു ടൈഗ്രീസ്. എബ്രായയിൽ ഹിദ്ദെക്കൽ, ഗ്രീക്കിൽ ടിഗ്രിസ്, പൗരാണിക പേർഷ്യനിൽ തിഗ്ര, സുമേര്യൻ ഭാഷയിൽ ഇദിഗ്ന. തുർക്കിയിലെ അനട്ടോളിയൻ പ്രദേശത്തിന്റെ കിഴക്കുഭാഗത്തുള്ള പർവ്വതത്തിൽ നിന്നാണു നദി ഉത്ഭവിക്കുന്നത്. അവിടെ നിന്നും തെക്കുകിഴക്കോട്ടൊഴുകി ഇറാഖിൽ വച്ചു യൂഫ്രട്ടീസ് നദിയുമായി ചേരുന്നു. സംഗമസ്ഥലം മുതൽ നദിയെ ‘ഷത്ത് അൽ അറബ്’ എന്നു വിളിക്കുന്നു. നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. ഇതിന്റെ ദൈർഘ്യം 1900 കി.മീറ്റർ ആണ്. ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദി നാലു ശാഖയായി പിരിഞ്ഞതിൽ മൂന്നാമത്തേതാണ് ഹിദ്ദേക്കെൽ. അശ്ശൂരിനു കിഴക്കോട്ടാണ് ഇതൊഴുകുന്നത്. (ഉല്പ, 2:14). ഹിദ്ദെക്കെൽ എന്ന മഹാനദീതീരത്തുവച്ചു ദാനീയേൽ പ്രവാചകനു ദർശനം ലഭിച്ചു. (ദാനീ, 10:4). നീനെവേ പട്ടണം സ്ഥിതിചെയ്തിരുന്നതു ടൈഗ്രീസിന്റെ തീരത്താണ്. മെസൊപ്പൊട്ടേമിയയിലെ രണ്ടു പ്രധാന നദികളാണ് ഫ്രാത്തും (യൂഫ്രട്ടീസ്) ഹിദ്ദേക്കെലും (ടൈഗ്രീസ്).